എൺപതുകളുടെ തുടക്കത്തിൽ, ഇ.എം.എസിന്റെ പത്രസമ്മേളനത്തിൽ കേട്ട ഒരു കാര്യം പറയാം.
ഇ.എം.എസിനോടുള്ള ഒരു ചോദ്യം ഇതായിരുന്നു: ചെങ്കൊടിയേന്തി ഇങ്ക്വിലാബ് വിളിക്കുന്ന ആയിരക്കണക്കിനാളുകൾ ഇപ്പോൾ കറുത്ത മുണ്ടുടുത്ത് 'സ്വാമിയേ ശരണമയ്യപ്പ' എന്നും വിളിച്ച് ശബരിമലയിലേക്ക് പോകുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഒരു സെക്കന്റ് പോലും വൈകാതെ ഇ.എം.എസിന്റെ മറുപടിയെത്തി:
അങ്ങനെയല്ല. തങ്ങളുടെ ജീവിതപ്രയാസങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി നൂറ്റാണ്ടുകളായി കറുത്ത മുണ്ടുടുത്ത്, വ്രതമെടുത്ത്, സ്വാമിയേ ശരണമയ്യപ്പ എന്നു വിളിച്ചുകൊണ്ടിരുന്ന ജനലക്ഷങ്ങൾ ചെങ്കൊടിയേന്തി ഇങ്ക്വിലാബ് വിളിക്കാൻ തുടങ്ങിയിരിക്കുകയല്ലേ? അങ്ങനെയല്ലേ സംഭവിച്ചത് എന്ന് ചോദ്യകർത്താവിനെ നോക്കി ഒരു ചിരിയും.
സത്യസന്ധതയും സൈദ്ധാന്തികശരിയും നിറഞ്ഞ ഇ.എം.എസിന്റെ ഈ വിശദീകരണം ആമുഖമായി എടുത്തുവേണം, ഇപ്പോൾ ഇടതുപക്ഷം വിശ്വാസത്തെയും വിശ്വാസികളെയും അഡ്രസ് ചെയ്യുന്നതിലെ കാപട്യം ചർച്ച ചെയ്യാൻ.
സ്വന്തം ക്ലാസ് റോൾ മറന്ന്, ‘റോംഗ് റോളി’ൽ കളിക്കുകയാണ് പിണറായി വിജയനും ഇടതുപക്ഷവും ഇപ്പോൾ ചെയ്യുന്നത്.
ഹിന്ദു ഭൂരിപക്ഷവർഗീയത, അതിന്റെ ആയുധങ്ങൾ ചെത്തിമിനുക്കിക്കൊണ്ടിരിക്കുന്ന സന്ദർഭമാണിത്. ഇന്ത്യയിലും ലോകമാകെയും വലതുപക്ഷമുന്നേറ്റം നടക്കുന്ന ഒരു കാലത്ത്, ഏറ്റവും അടിസ്ഥാനവർഗത്തിൽപെട്ട വിശ്വാസിസമൂഹത്തെ ഫാഷിസ്റ്റുകൾ തെറ്റായ മുദ്രാവാക്യങ്ങളിൽ അണിനിരത്താതിരിക്കണമെങ്കിൽ, എല്ലാ മതവിഭാഗങ്ങളിലും പെട്ട വിശ്വാസികളുടെ അരികിലേക്ക് പോകുകയാണ് വേണ്ടത്. അവരുടെ ഭാഷയിൽ സംസാരിക്കാൻ തയ്യാറാകണം. അവരിലേക്ക് പോകാനുള്ള പാലം ഇടതുപക്ഷമാണ് പൊളിച്ചുകളഞ്ഞത്. ഇപ്പോൾ, തെറ്റായ രീതിയിൽ അവരിലേക്ക് പാലം കെട്ടുന്നു. ഇന്നലെ ചെയ്ത തെറ്റ് ഇന്ന് അതിലും അപകടകരമായ കാപട്യമാകുന്നു.
കേരളത്തിൽ വിശ്വാസികളടക്കമുള്ള ബഹുഭൂരിപക്ഷം ജനങ്ങളും വർഗപരമായ കാരണങ്ങളാൽ തകർന്നുതരിപ്പണമായി കിടക്കുകയാണ്. അവരുടെ വർഗപരമായ പ്രശ്നങ്ങൾ അഥവാ ജീവിതപ്രയാസങ്ങൾ മറച്ചുവെക്കുക എന്നത് ഫാഷിസ്റ്റ് അജണ്ടയാണ്. ഇതേ അജണ്ട പിന്തുടർന്ന്, സ്വന്തം ക്ലാസ് റോൾ മറന്ന്, ‘റോംഗ് റോളി’ൽ കളിക്കുകയാണ് പിണറായി വിജയനും ഇടതുപക്ഷവും ഇപ്പോൾ ചെയ്യുന്നത്. വർഗപരമായ പ്രശ്നങ്ങളെ ഇടതുപക്ഷം ഇന്ന് രാഷ്ട്രീയചർച്ചയുടെ മുന്നിൽ നിർത്തുന്നില്ല.

കേരളത്തിന് വർഗാടിസ്ഥാനത്തിലുള്ള ഒരു ഡെമോഗ്രഫിയുണ്ട് (‘Class Demography’). മുമ്പ്, 80 ശതമാനം പേരും പാവപ്പെട്ടവരോ നിർധനരോ ഭൂസ്വത്തില്ലാത്തവരോ സർക്കാറിന്റെ നയപരമായതും അല്ലാത്തതുമായ നടപടികൾ കൊണ്ട് എന്തെങ്കിലും ഗുണഫലങ്ങൾ കിട്ടേണ്ടവരോ ആയിരുന്നു. ഇവരെ കൂടാതെ ചെറിയ മിഡിൽ ക്ലാസും അതിലുമെത്രയോ ചെറിയ അപ്പർ ക്ലാസുമാണ് ഈ വർഗഘടനയിലുണ്ടായിരുന്നത്. ഇപ്പോൾ കേരളീയ സമൂഹത്തിന്റെ വർഗഘടനയിൽ മാറ്റം വന്നിരിക്കുന്നു. ബംഗാളിലെ ഭദ്രലോക് എന്ന ജാതിഘടനയെക്കുറിച്ച് പറയുന്നതുപോലെ, കേരളത്തിൽ, തൊണ്ണൂറുകൾക്കുശേഷമുണ്ടായ വർഗഘടന സങ്കീർണമായി മാറിയിട്ടുണ്ട്.
ഇന്ന്, ഗവൺമെന്റ് ആശ്രയിക്കുന്നവരും ഗവൺമെന്റിനെ ആശ്രയിക്കുന്നവരുമായി കേരളം രണ്ടായി തിരിഞ്ഞിരിക്കുന്നു.
ജനസംഖ്യയിലെ 35 ശതമാനത്തിലേറെ പേർക്ക് വലിയ പ്രശ്‌നങ്ങളില്ല. അവർക്ക് സർക്കാറിൽനിന്ന് നേരിട്ട് ഒന്നും കിട്ടാനില്ല, മാത്രമല്ല, ജനാധിപത്യ സർക്കാറുകൾക്കും ഭരണാധികാരികൾക്കും ഭരണവർഗങ്ങൾക്കും അവരെക്കൊണ്ട് നിരവധി ആവശ്യങ്ങളുണ്ടുതാനും. ഇവരിൽ നല്ലൊരു വിഭാഗം ഒന്നുകിൽ വിദേശത്തുള്ളവരോ അല്ലെങ്കിൽ വിദേശത്ത് മക്കളുള്ളവരോ ആണ്. ഈ ഇന്റർനാഷനൽ അപ്പർ മിഡിൽ ക്ലാസാണ് ഇപ്പോൾ ഇടതുപക്ഷത്തിന്റെ ചങ്ങാത്തവർഗം. ഇവരാണ്, രാഷ്ട്രീയ കക്ഷികളുടെ നേതൃതലത്തിലുള്ളവർ. ഇനി, രാഷ്ട്രീയനേതൃത്വത്തിലുള്ളവർ അത്തരം വർഗങ്ങളിൽനിന്ന് വന്നവരല്ലെങ്കിൽ, അവരെ ആ വർഗത്തിലേക്ക് അവർ വലിച്ചുകയറ്റും. മതനേതാക്കളിൽ ഭൂരിപക്ഷവും ഈ വർഗത്തിൽ പെട്ടവരാണ്. ഇവർ തന്നെയാണ് മീഡിയയിലുമുള്ളത്. ഈ മൂന്ന് വിഭാഗങ്ങളും ചേർന്ന് കൂട്ടുകെട്ടുണ്ടായിരിക്കുകയാണ്: രാഷ്ട്രീയ- മത സാമുദായിക- മാധ്യമ കൂട്ടുകെട്ട്. ഇതിനെ വളർച്ചയുടെ ഒരു ഘട്ടമായി അടയാളപ്പെടുത്താവുന്നതേയുള്ളൂ, ഇതിൽ അധാർമികമായി ഒന്നുമില്ലതാനും.
കടൽത്തീരത്തും കാടിന്നരികിലും കഴിയാൻ നിർബന്ധിതരായ കർഷകരും തൊഴിലാളികളും ഭൂമിശാസ്ത്രപരമായി മാത്രമല്ല, സാമ്പത്തികമായും അക്ഷരാർഥത്തിൽ അരികുവൽക്കരിക്കപ്പെട്ടിരിക്കുകയാണ്.
എന്നാൽ, അധാർമികമായ മറ്റൊന്നുണ്ട്. ബാക്കി അറുപതു ശതമാനത്തോളം ആളുകളുടെ പ്രശ്നങ്ങൾ പരിഗണനയിലേക്കു വരുന്നില്ല. 'പാരിനെക്കുറിച്ചുദാസീനനായ്’ എന്ന് വൈലോപ്പിളളി ‘മാമ്പഴ’ത്തിൽ എഴുതിയതുപോലെ, അവരുടെ വിഷയത്തിൽ ഉദാസീനരാകുകയാണ് ഇടതുപക്ഷം. നിർമാണതൊഴിലാളികളുടെ ക്ഷേമനിധി മുടങ്ങിയതിനെക്കുറിച്ചോ സഹകരണസംഘങ്ങൾ പൊളിയുന്നതിനെക്കുറിച്ചോ നെൽകർഷകർക്ക് വില കിട്ടാത്തതിനെക്കുറിച്ചോ ഇവരോട് ആരും ചോദിക്കുന്നില്ല. സർക്കാർ ആശുപത്രിയിലും സർക്കാർ സ്‌കൂളുകളിലും മാത്രം പോകാൻ കഴിയുന്നവർ, റേഷൻ കിട്ടിയില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ പറ്റാത്തവർ, നെൽവില കിട്ടിയില്ലെങ്കിൽ പണയം വെച്ച സ്വർണം എടുക്കാൻ പറ്റാത്തവർ, ക്ഷേമനിധിയിൽനിന്ന് വിഹിതം കിട്ടാത്തവർ, റബർ വെട്ടുന്നവർ- ഇവരുടെ വിഷയങ്ങൾ ഇടതുപക്ഷത്തിന്റെ പൊളിറ്റിക്കൽ മെനു പോലുമാകുന്നില്ല. കേരളത്തിന്റെ കാർഷിക ഉൽപ്പന്നവില തകർന്നു, മിനിമം ന്യായവില സമ്പ്രദായം തകർന്നു. പട്ടികജാതി- പട്ടികവർഗ പദ്ധതികൾ വെട്ടിക്കുറച്ചു.
ഇപ്പോൾ, ഭൂമിവില കൂടി തകർന്നതോടെ കർഷകരുടെ സമ്പത്തിന്റെ മൂല്യം തന്നെ ഇല്ലാതായി. അർബൻ ഭൂമിയും ഗ്രാമീണ ഭൂമിയും തമ്മിലുള്ള അന്തരം പണ്ട് 1:50 ആയിരുന്നു എങ്കിൽ ഇപ്പോൾ 1: 200 ആയി. (പട്ടണത്തിനുപുറത്ത് ഒരു സെന്റിന് ഒരു ലക്ഷം രൂപയുണ്ടായിരുന്ന സ്ഥലങ്ങൾ ഇന്ന് 25,000 രൂപയിലേക്ക് താഴ്ന്നു). കടൽത്തീരത്തും കാടിന്നരികിലും കഴിയാൻ നിർബന്ധിതരായ കർഷകരും തൊഴിലാളികളും ഭൂമിശാസ്ത്രപരമായി മാത്രമല്ല, സാമ്പത്തികമായും അക്ഷരാർഥത്തിൽ അരികുവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. കാടിന്നരികിലുള്ള കൃഷിഭൂമികൾ ആർക്കും വേണ്ടാത്ത മുടക്കാച്ചരക്കുകളായി മാറിക്കൊണ്ടിരിക്കുന്നു. കടൽത്തീരം കൂടുതൽ കൂടുതൽ വാസയോഗ്യമല്ലാതാകുകയാണ്. ഇതൊന്നും സർക്കാറിന് ഒരു പ്രശ്നമല്ല.
60 ശതമാനത്തിലധികം ആളുകളെ സംബന്ധിച്ച് ജീവിതം വലിയ പ്രതിസന്ധിയിലാണ്. അതിനെ അഭിസംബോധന ചെയ്യാൻ ഒരു രാഷ്ട്രീയകക്ഷിക്കും ഫലപ്രദമായി കഴിയുന്നില്ല. ആകെക്കൂടി പടിഞ്ഞാറൻതീരത്ത് ലത്തീൻ കത്തോലിക്കാ സഭയും കിഴക്കൻ മലയോര മേഖലയിൽ സിറിയൻ കാത്തലിക് സഭയും, മതസംഘടനകളാണെങ്കിലും, കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യാറുണ്ട്. എൻ.എസ്.എസിനും എസ്.എൻ.ഡി.പിയ്ക്കും അവരുമായി ബന്ധപ്പെട്ട പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യുന്ന രീതി മുൻകാലങ്ങളിലുമില്ല. കെ.പി.എം.എസും ദലിത് ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന സമരസംഘടനയല്ല.
യഥാർത്ഥത്തിൽ, എൻ.എസ്.എസും എൻ.എൻ.ഡി.പിയും കെ.പി.എം.എസും വലിയ സർക്കാരിതര സംഘടനകളാണ്. അവർക്ക് അവരുടേതായ കരുത്തും സാധ്യതകളുമുണ്ട്. ഇടതുപക്ഷ നേതൃത്വവും മതേതര നേതൃത്വവും അവരെ തൊടരുത് എന്നല്ല, സാർത്ഥകമായി തൊടണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അവരുമായി സംസാരിച്ചുകൊണ്ട് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിലേക്ക് അവരെ കൂടി കൊണ്ടുവരികയാണ് വേണ്ടത്. അതിനുപകരം, അവരെ ഉപയോഗിച്ച് ഈവന്റുകൾ സൃഷ്ടിക്കുക മാത്രം ചെയ്യുകയാണ് പിണറായി വിജയൻ. അതാണ് ആഗോള അയ്യപ്പസംഗമം, അതുകൊണ്ടുതന്നെയാണ് അതിന് ആത്മാർഥതയില്ലാതാകുന്നതും കാപട്യമാകുന്നതും.

സി.എം.പിയുടെ ഒമ്പതാം പാർട്ടികോൺഗ്രസ് 2014-ൽ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ കേരളത്തിലെ സാമൂഹിക ജീവിതവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധവും വ്യക്തമാക്കുന്നുണ്ട്. ഒരു ഫാഷിസ്റ്റ് ഭരണകൂടം അധികാരത്തിൽ വന്നാൽ, അവർ എടുത്തുപയോഗിക്കാൻ സാധ്യതയുള്ള മതചിഹ്‌നങ്ങളിലെ സാംസ്‌കാരിക ഘടകങ്ങളെ ജനകീയമായി ഉയർത്തിപ്പിടിക്കണം എന്നായിരുന്നു സി.എം.പിയുടെ പ്രമേയം 2014-ൽ പറഞ്ഞത്. അപ്പോൾ, അയ്യപ്പൻ- വാവർ സൗഹൃദവും ശബരിമലയുടെ ജനകീയതയും ഉയർത്തിപ്പിടിക്കേണ്ടിയിരുന്നു.
ശബരിമല ഒരു subaltern shrine ആണെന്ന് 2014-ൽ ഞങ്ങൾ പറഞ്ഞു. 1936-ലെ ക്ഷേത്രപ്രവേശനവിളംബരം അപ്രസക്തമാക്കി നിർത്തിയ ക്ഷേത്രമാണ് ശബരിമല. വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും നടത്തിയപ്പോൾ, ഒരു പമ്പ സത്യഗ്രഹം ആവശ്യമായി വന്നില്ലല്ലോ. അതുപോലൊരു ക്ഷേത്രത്തിലേക്ക് ആർ.എസ്.എസിന് കടന്നുവരാൻ വഴിയൊരുക്കുകയായിരുന്നു 2018-ൽ സുപ്രീംകോടതി വിധിയെ കൂട്ടുപിടിച്ച് പിണറായി വിജയൻ ചെയ്തത്. ശബരിമല വിഷയത്തിൽ ഇടതുപക്ഷം ഇപ്പോഴും ഹോണസ്റ്റാണോ? സത്യസന്ധമായും അവർ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ജനകീയ ഭാവത്തെ ഉയർത്തിപ്പിടിക്കാനാഗ്രഹിക്കുന്നുണ്ടോ? കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലയ്ക്ക് subaltern shrine ആയ ശബരിമലയെ ഉയർത്തിപ്പിടിക്കുകയായിരുന്നില്ലേ വേണ്ടത്? അതിനുപകരം, ശബരിമലയെ ഇകഴ്ത്തുകയാണ് 2018-ൽ ചെയ്തത്. എന്നിട്ട് വില്ലുവണ്ടി യാത്രയും വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവുമായി 'ശബരിമല യുവതീപ്രവേശന'ത്തെ പിണറായി അശാസ്ത്രീയമായി മിക്‌സ് ചെയ്തു. അതായത്, അയ്യൻകാളി, ശ്രീനാരായണഗുരു, കെ. കേളപ്പൻ, പിന്നെ പിണറായി വിജയൻ- ഇങ്ങനെ തന്നെ കൂടി ഇവരോട് ചേർത്തുവെച്ചു. എന്നാൽ, 2018-ൽ പിണറായി ചെയ്ത തെറ്റു പോലും തലതിരിഞ്ഞ ഒരു സത്യസന്ധതയാണ്. എന്നാൽ, ഇപ്പോൾ പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം നൂറു ശതമാനം കാപട്യം നിറഞ്ഞതായിരുന്നു. 2018-ൽ, പൊളിറ്റിക്കൽ ടൂളുകൾ ഉപയോഗിച്ച് വിശ്വാസിസമൂഹത്തെ നേരിടുന്ന കാര്യത്തിൽ ഞങ്ങൾക്ക് പിശക് പറ്റി എന്ന് തുറന്നുസമ്മതിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. അത് ചെയ്തിരുന്നുവെങ്കിൽ കൃത്രിമമായ ഭക്തിസംഗമങ്ങൾ ഒഴിവാക്കാമായിരുന്നു.
ശബരിമലയിലേക്ക് ആർ.എസ്.എസിന് കടന്നുവരാൻ വഴിയൊരുക്കുകയായിരുന്നു 2018-ൽ സുപ്രീംകോടതി വിധിയെ കൂട്ടുപിടിച്ച് പിണറായി വിജയൻ ചെയ്തത്. ശബരിമല വിഷയത്തിൽ ഇടതുപക്ഷം ഇപ്പോഴും ഹോണസ്റ്റാണോ?
കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ പ്രവർത്തിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഭരണം എന്നത് അഡ്മിനിസ്‌ട്രേഷൻ മാത്രമല്ല, അത് രാഷ്ട്രീയ സംഘടനാപ്രവർത്തനത്തിന്റെ ഭരണരൂപമാണ്. പിണറായി വിജയൻ പറഞ്ഞതുകൊണ്ട് ചെയ്തു എന്നതല്ലാതെ ഏതുതരം പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമല വിഷയം ഇപ്പോൾ ഇടതുപക്ഷം കൈകാര്യം ചെയ്തത്? സി.പി.എമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിൽ ശബരിമലയെക്കുറിച്ച് ഒരു പ്രമേയം എടുത്തുകാണിക്കാമോ? ‘ഫാഷിസം കടന്നുവരുമ്പോൾ, അവരുടെ ടൂളുകളുടെ മുനയൊടിക്കാനാണ് ഞങ്ങളിത് ചെയ്യുന്നത്’ എന്ന് പറഞ്ഞ് തിരുത്തിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
കേരള രാഷ്ട്രീയത്തിൽ ഹിന്ദു ഒ.ബി.സി എന്ന പ്രബലമായ വിഭാഗമുണ്ടെന്ന് ഞാൻ ആവർത്തിക്കുകയാണ്. അധികാരം ലക്ഷ്യമാക്കുന്ന ഒരു രാഷ്ട്രീയമുന്നണിയെ സംബന്ധിച്ച് ഹിന്ദു ഒ.ബി.സിയുടെ വർഗപരമായ പ്രശ്നങ്ങൾ അഡ്രസ് ചെയ്തുകൊണ്ട് അവരെ കൂടെ നിർത്തുക എന്നത് ഏറെ പ്രധാനമാണ്. ഇടതുപക്ഷം ഇവരെ വർഗപരമായി അവഗണിക്കുകയും മതപരമായി അടുപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുമ്പോൾ ജാതിയുടെയും മതത്തിന്റെയും ഫോർക്കു കൊണ്ട് അവരെ കുത്തിയെടുക്കുകയാണ് ബി.ജെ.പി.
ഒരു സർക്കാർ എന്ന നിലയിൽ അപ്പർ ക്ലാസുമായി കണ്ണിചേരുന്നതും അവരെ മതേതരപക്ഷത്ത് അണിനിരത്തുന്നതും തെറ്റല്ല. പക്ഷെ, ഇതോടൊപ്പം താഴെത്തട്ടിലുള്ളവരുടെ പ്രശ്‌നം പരിഹരിക്കാനുള്ള മുൻകൈ ഉണ്ടാകണം. അതിനുപകരം നിശ്ശബ്ദത കൊണ്ട് അവരെ അവഗണിക്കുകയാണ്.
പട്ടികജാതി- പട്ടികവർഗ വിദ്യാർത്ഥികൾക്ക് കൊടുക്കാനുള്ള സ്‌കോളർഷിപ്പിനെക്കുറിച്ച് കഴിഞ്ഞ ദിവസം നിയമസഭയിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്, മാർച്ചു മാസമായപ്പോൾ പത്തിരുന്നുറു കോടി രൂപ കൊടുക്കാൻ ബാക്കിയുണ്ട് എന്നാണ്. യഥാർഥത്തിൽ ഈ വിദ്യാർത്ഥികൾ പഠനമുപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. ഈ വിദ്യാർത്ഥിസമൂഹമടക്കമുള്ളവർ ഇടതുപക്ഷത്തിന്റെ ലാളനയിൽ വളർന്നവരാണ് എന്നും ഓർക്കണം. അവരെ ഇടതുപക്ഷം പൂർണമായി അവഗണിക്കുമ്പോൾ, ആർ.എസ്.എസ് അവരെ സമീപിക്കുകയാണ്. പിണറായി വെള്ളാപ്പള്ളിയോടൊപ്പം നിൽക്കുമ്പോൾ ആർ.എസ്.എസ് ബി.ഡി.ജെ.എസിനെ കൂടെനിർത്തിയിരിക്കുന്നു.
പട്ടികജാതി, ഹിന്ദു ഒ.ബി.സി വിഭാഗങ്ങൾ കേരള ജനസംഖ്യയുടെ ഗണ്യമായ ശതമാനം വരുന്നവരാണ്. എസ്.എൻ.ഡി.പി, ധീവര, വിശ്വകർമ തുടങ്ങിയവർ ചേർന്നാൽ ഹിന്ദു സമൂഹത്തിന്റെ ഏതാണ്ട് 60 ശതമാനമായി. ഈ വിഭാഗങ്ങളെയാണ് ആർ.എസ്.എസ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

ഇനി സംവരേണതര വിഭാഗങ്ങളിൽ പെട്ട അൽപമെങ്കിലും ഭൂസ്വത്തുള്ള കുടുംബങ്ങളിലെ കുട്ടികൾ അത് പണയം വെച്ച് വിദേശപഠനത്തിനും ജോലിക്കും തിടുക്കം കൂട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടിരുന്ന സ്ഥിതിയും ഇന്ന് അവതാളത്തിലാണ്. ഭൂവില കുത്തനെ ഇടിഞ്ഞതുകൊണ്ട് ബാങ്കുകൾ ആവശ്യമായ പണം കൊടുക്കുന്നില്ല. വികസിത വിദേശരാജ്യങ്ങളിലാകട്ടെ, കടുത്ത കുടിയേറ്റ വിരുദ്ധ പ്രകടനങ്ങളും സർക്കാർ നടപടികളും അരങ്ങേറുന്നു. കേരളം കാണാതെ പോകുകയാണ് ഈ പ്രതിസന്ധി. ന്യൂനപക്ഷ വിഭാഗങ്ങളെയും ഈ പ്രതിസന്ധി തുറിച്ചുനോക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽപോലും പഴയ നിലയ്ക്കുള്ള തൊഴിൽ കുടിയേറ്റം വെല്ലുവിളി നേരിടുന്നുണ്ട്.
ഇത്തരം മനുഷ്യരുടെ, മതപരമായ പ്രശ്നങ്ങളിൽ അനാവശ്യമായി തല വെക്കാതെ, അവരുടെ ജീവിതപ്രയാസങ്ങൾ പരിഹരിച്ചുകൊണ്ട്, മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളെയും മുന്നാക്ക വിഭാഗങ്ങളിലെ തന്നെ പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും സെക്യുലർ ഫാബ്രിക്കിലേക്ക് അടുപ്പിക്കുക എന്നതാണ് ഇന്ന് ചെയ്യാവുന്ന കാര്യം. അതിനുപകരം ഈവന്റ് മാനേജുമെന്റുകളിലും പി.ആർ വർക്കിലും അഭിരമിക്കുന്ന ഒരിടതുപക്ഷ സർക്കാറിനെയാണ് നാം കാണുന്നത്.
