ശരണം വിളിക്കൊപ്പമല്ല
മുഷ്ടി ചുരുട്ടേണ്ടത്

‘‘കേരളീയ നവോത്ഥാനത്തിൻ്റെ സവിശേഷ മൂല്യങ്ങളെ പുതുതലമുറയായിരിക്കും സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോവുക, പ്രഭാഷണ പരമ്പരകൾ ഒന്നും നടത്താതെ തന്നെ’’- ട്രൂ കോപ്പി ​വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് ദാമോദർ പ്രസാദ് മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിൻ്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

ദാമോദർപ്രസാദ്: കമ്യൂണിസത്തോട് വലതുപക്ഷ ശക്തികൾ ചെയ്ത ഏറ്റവും വലിയ നെറികേട്, കമ്യൂണിസത്തിന്റെ രാഷ്ട്രീയ പദകോശത്തിലെ ഏറ്റവും അർത്ഥവത്തും മൂല്യവത്തുമായ ഒരു വാക്കായ ‘വിമോചന’ത്തെ അപഹരിച്ചു എന്നുള്ളതാണ്. വിമോചന സമരം -Liberation Struggle - കമ്യൂണിസ്റ്റ് സർക്കാരിനെതിരെയുള്ള ഒരു പ്രയോഗമായി മാറി. അടിമത്തത്തിൽ നിന്ന് വിമോചനം എന്നാണ് പുരോഗമന സങ്കല്പം. അടിമത്തത്തിലേക്കുള്ള 'വിമോചനം' എന്നതായി വലതുപക്ഷ പ്രയോഗം.

1957-ലെ കമ്യൂണിസ്റ്റ് സർക്കാർ നവോത്ഥാന മുന്നേറ്റങ്ങളുടെ സംപൂർത്തീകരണമായാണ് അന്ന് മനസ്സിലാക്കിയിരുന്നത്. യുവാവായിരുന്ന ഒ.വി. വിജയൻ 57- ലെ കമ്യൂണിസ്റ്റ് സർക്കാരിൻ്റെ അധികാരാഹോണത്തിൽ അനുഭവിച്ച ആവേശത്തെക്കുറിച്ച് പിൽക്കാലത്ത് ഗൃഹാതുരതയോടെ എഴുതിയിട്ടുണ്ട്.

ഇന്ന് ആലോചിക്കുമ്പോൾ, ഒട്ടേറെ പരിമിതികൾ അന്നത്തെ സർക്കാരിൽ കാണാം. പോലീസിനു​മേലുള്ള നിയന്ത്രണമില്ലായ്മയായിരുന്നു 57-ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ ഏറ്റവും വലിയ പരാജയം. ചന്ദനത്തോപ്പ് വെടിവെപ്പ് മുതൽ സർക്കാരിനെതിരെയുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ അട്ടിമറി സമരത്തിലും പോലീസാണ് കമ്യൂണിസ്റ്റ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.
ജാതി - മത- ജന്മി-നാടുവാഴിത്ത ശക്തികൾ സർക്കാരിനെ മറിച്ചിടാൻ ഒരുമിച്ചുചേർന്നു. മന്നത്ത് പത്മനാഭനും ആർ. ശങ്കറും ക്രൈസ്ത പുരോഹിതരും മുസ്ലിംകളിലെ ഒരു വിഭാഗവും ഇ.എം.എസ് സർക്കാരിനെതിരെ തിരിഞ്ഞു. പാർലമെൻ്ററി രാഷ്ട്രീയത്തിൽ പരിചയസമ്പന്നത പതുക്കെ ആർജിച്ചുതുടങ്ങിയിരുന്ന കമ്യൂണിസ്റ്റ് സർക്കാർ സുപ്രധാനമായ ജനകീയ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ജനവുമായുള്ള ബന്ധത്തിൽ ചില വിള്ളലുകളുണ്ടായിരുന്നു. അതുകൊണ്ടാണ് ജവഹർലാൽ നെഹ്റു അന്നേ സൂചിപ്പിച്ചത്, എങ്ങനെ കമ്യൂണിസ്റ്റുകാർക്ക് ഇത്ര പെട്ടെന്ന് ജനത്തെ വെറുപ്പിക്കാൻ പറ്റിയെന്ന്. ജനത്തെ വെറുപ്പിക്കുന്ന കാര്യത്തിലും ഇടതുപക്ഷത്തിന്റെ അധികാര മുഷ്ക് ഒരു പ്രധാന ഘടകമാണ്. അത് മേൽതട്ടു മുതൽ താഴെത്തട്ട് വരെ കാണാൻ പറ്റും. ഇപ്പോഴാണെങ്കിൽ സാമൂഹ്യ മാധ്യമത്തിലാണ് ഈ വെറുപ്പിക്കൽ പ്രക്രിയ കാര്യക്ഷമമായി നടക്കുന്നത്.

പാർലമെൻ്ററി  രാഷ്ട്രീയത്തിൽ പരിചയസമ്പന്നത പതുക്കെ ആർജിച്ചുതുടങ്ങിയിരുന്ന കമ്യൂണിസ്റ്റ് സർക്കാർ സുപ്രധാനമായ ജനകീയ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ജനവുമായുള്ള ബന്ധത്തിൽ ചില വിള്ളലുകളുണ്ടായിരുന്നു.
പാർലമെൻ്ററി രാഷ്ട്രീയത്തിൽ പരിചയസമ്പന്നത പതുക്കെ ആർജിച്ചുതുടങ്ങിയിരുന്ന കമ്യൂണിസ്റ്റ് സർക്കാർ സുപ്രധാനമായ ജനകീയ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ജനവുമായുള്ള ബന്ധത്തിൽ ചില വിള്ളലുകളുണ്ടായിരുന്നു.

57- ലേക്ക് തിരികെവന്നാൽ, വിമോചന സമരം എന്നറിയപ്പെടുന്ന വലതുപക്ഷ അട്ടിമറി സമരം കമ്യൂണിസ്റ്റ് പാർട്ടിയെ ആകെ പരിഭ്രാന്തമാക്കി. കർഷക തൊഴിലാളികളെയും ഇടത്തരക്കാരെയും മാത്രം മുൻനിർത്തി രാഷ്ട്രീയ അടിത്തറ വികസിപ്പിക്കുന്നത് ഒരു പരിമിതിയായി തിരിച്ചറിയപ്പെട്ടു. ജാതിമതശക്തികൾക്ക് വഴങ്ങാനുള്ള പ്രേരണ വിമോചനസമരാനന്തരം തുടങ്ങുന്നതാണ്. 1962-ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് വോട്ട് ശതമാനം കുറവൊന്നും വന്നില്ല എന്നുമാത്രമല്ല അടിത്തറ ഭദ്രമായിട്ടും ‘നമ്പൂരി ശങ്ക’ പോലെ ജനകീയ അടിത്തറയെക്കുറിച്ച് സംശയമൊഴിഞ്ഞിരുന്നില്ല. 1967- ലെ സപ്തകക്ഷി മുന്നണിയുടെ പിന്നിൽ ഈ പ്രേരണയുണ്ട്.

പിന്നീടുള്ള ചരിത്രത്തിൽ, സാമുദായിക രാഷ്ട്രീയത്തിൻ്റെ ബലതന്ത്രങ്ങൾനുസരിച്ചു നിലപാടുകൾ സ്വീകരിക്കാൻ ഇടതുപക്ഷ മുന്നണി പഠിച്ചുകഴിഞ്ഞിരുന്നു. അപ്പോഴേക്കും സി.പി.ഐ പിളർന്നിരുന്നു അതിനുശേഷം ഒരു മുന്നണിയായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. പ്രകടമായ വിധേയത്വം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ജാതി- മതശക്തികൾക്കിടയിലെ പരസ്പരപോരുകൾ വിദഗ്ധമായി ഉപയോഗിക്കാൻ പഠിച്ചു. ഒരു ഉദാഹരണം, പരമ്പരാഗത സുന്നി വിഭാഗത്തിലുണ്ടായ പിളർപ്പിൽ ഒരു വിഭാഗത്തെ സി.പി.എമ്മിനനുകൂലമാക്കാൻ കഴിഞ്ഞു.

പ്രമാണിവർഗ്ഗം അപ്പോഴും യു.ഡി.എഫിന്റെ കൂടെ തന്നെയായിരുന്നു. 90-കളുടെ അവസാനം വരെ ഇതുതന്നെയായിരുന്നു സ്ഥിതി. വി.എസ് ഒരു ഘട്ടത്തിൽ എസ്.എൻ.ഡി.പിയുമായി, പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശനുമായി അടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് നീണ്ടുനിന്നില്ല.

1987- ലെ പുരോഗമന രാഷ്ട്രീയത്തിന്റെ മറവിലെ മൃദുഹിന്ദുപ്രീണനം എൽ.ഡി.എഫിന് ഗുണം ചെയ്തു. രണ്ടായിരാമാണ്ടോടെ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സി.പി.എം വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ പുതിയ കരുനീക്കങ്ങൾ ആരംഭിച്ചു. സാമ്പത്തിക ശക്തികളുടെ പിന്തുണ സി.പി.എമ്മിനുണ്ടായിരുന്നു. ഈ സാമ്പത്തിക ശക്തികൾ ജാതി-മത- സാമുദായിക നേതൃത്വത്തിൽ പിടിയുള്ളവരായിരുന്നു. ഇത് പൂർണ്ണമായും നടപ്പായി എന്നല്ല. ഇടർച്ചയും വളർച്ചയും ചേർന്നാണ് പുരോഗമിച്ചത്. തിരുവമ്പാടി ഉപതെരഞ്ഞെടുപ്പ് നിർണായക വഴിത്തിരിവായിരുന്നു. മതകീയ- സാമുദായിക ശക്തികളുടെ പിന്തുണ ആർജിക്കാൻ ശ്രമം നടന്നു, ഈ ഉപതിരഞ്ഞെടുപ്പിൽ.

1984 ലെ എം.വി. രാഘവന്റെ ബദൽ രേഖ സി.പി.എം തള്ളിയെങ്കിലും ആ പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രാധാന്യം പിണറായി വിജയൻ തിരിച്ചറിഞ്ഞിരുന്നു. മുസ്ലിം സമൂഹമായി അടുത്തിടപഴുകാൻ പിണറായി നേതൃത്വത്തിൽ ശ്രമം നടന്നിട്ടുണ്ട്. ലീഗിനെ ഇടതുപാളയത്തിൽ കൊണ്ടുവരാനുള്ള ശ്രമം നടന്നെങ്കിലും വിഫലമായി.

ഇഴച്ചിലൂടെയും പിഴച്ചലിലൂടെയും നീങ്ങിയാണെങ്കിലും സാമുദായിക നേതൃത്വവുമായുള്ള ബാന്ധവം ഗുണകരമാണെന്നാണ് പ്രായോഗികതയിലൂന്നിയുള്ള സി.പി.എം രാഷ്ട്രീയം വിലയിരുത്തിയത്. സൈദ്ധാന്തികത ഒരു തടസ്സമാകേണ്ടതില്ല എന്നാണ് വിലയിരുത്തപ്പെട്ടത്. അതുകൊണ്ടാണ്, ശബരിമല ഒരു അപവാദമാണെന്ന നിഗമനത്തിലേക്ക് സി.പി.എം എത്തിച്ചേർന്നത്. മേൽജാതി പ്രീണനം സി.പി.എം നയപരമായി തന്നെ അംഗീകരിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണം അത്തരത്തിൽ ഒരു നീക്കമാണ്. കേരള കോൺഗ്രസ്- പിള്ള ഗ്രൂപ്പിനെ എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നതും അത്തരമൊരു നീക്കത്തിന്റെ ഭാഗമാണ്.

അധികാരത്തിൽ നിലനിൽക്കുക എന്നതാണ് പ്രധാനമായും സി.പി.എം നടത്തിയ നീക്കുപോക്കുകളുടെയെല്ലാം പിന്നിലെ പ്രേരണ. കെ. കരുണാകരന്റെ കാലത്തെ യു.ഡി.എഫിനെ അനുസ്മരിപ്പിക്കുന്നതാണ് പിണറായി വിജയന്റെ കാലത്തെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം.

1984 ലെ എം.വി. രാഘവന്റെ ബദൽ രേഖ സി.പി.എം തള്ളിയെങ്കിലും ആ പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രാധാന്യം പിണറായി വിജയൻ തിരിച്ചറിഞ്ഞിരുന്നു. മുസ്ലിം സമൂഹമായി അടുത്തിടപഴുകാൻ പിണറായി നേതൃത്വത്തിൽ ശ്രമം നടന്നിട്ടുണ്ട്.
1984 ലെ എം.വി. രാഘവന്റെ ബദൽ രേഖ സി.പി.എം തള്ളിയെങ്കിലും ആ പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രാധാന്യം പിണറായി വിജയൻ തിരിച്ചറിഞ്ഞിരുന്നു. മുസ്ലിം സമൂഹമായി അടുത്തിടപഴുകാൻ പിണറായി നേതൃത്വത്തിൽ ശ്രമം നടന്നിട്ടുണ്ട്.

അത്യന്തം ആപൽകരമാണ് പ്രതിലോമ ശക്തികളുമായുള്ള ഈ പുതിയ ബാന്ധവം. കേരളത്തിൽ ബി.ജെ.പിക്കുവേണ്ടി ആസൂത്രിതമായി ഇസ്ലാമഫോബിയ / മലപ്പുറം ഫോബിയ പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളിയുമായുള്ള കൈകോർക്കൽ ഇടതുപക്ഷ രാഷ്ട്രീയത്തിനു ഗുണകരമായിരിക്കില്ല. പക്ഷേ പിണറായി വിജയനും സി.പി.എമ്മിനും അധികാരത്തിൽ തുടരാൻ ഇത് സഹായകമാകുമെന്ന പ്രായോഗിക രാഷ്ട്രീയ നിഗമനമാണ് വെള്ളാപ്പള്ളിയുമായുള്ള സൗഹൃദത്തിൽ നിഴലിക്കുന്നത്. 2021-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡി.എസ് വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചു എന്ന അനുമാനവും ഉണ്ടെന്നു തോന്നുന്നു. കോവിഡാനന്തരകാലത്ത് മനുഷ്യർ പ്രതീക്ഷയോടെ സർക്കാരിനെ ആശ്രയമായി കണ്ടിരുന്ന സമയത്ത് ചെയ്ത സർക്കാർ അനുകൂല വോട്ടുകളാണ് സാമുദായിക പിന്തുണയോടെ കിട്ടിയെന്നതെന്നു തെറ്റായി അനുമാനിക്കുന്നത്. കഴിഞ്ഞ ലോക്സഭയിൽ ഈഴവ / തീയ്യ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചുവെന്നും എൽ.ഡി.എഫിന് ക്ഷീണമുണ്ടാക്കി എന്നുമുള്ള അനുമാനം പോയ വോട്ടുകളെ തിരിച്ചുപിടിക്കാൻ സാമുദായ നേതൃത്വവുമായി അടുക്കാനുള്ള കാരണമായി വ്യാഖ്യാനിക്കപ്പെടുന്നു. വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയത്തിന്റെ അഭാവം നിമിത്തമാണ്. രാഷ്ട്രീയവൽക്കരിക്കപ്പെട്ട വോട്ടർമാർ വലതുപക്ഷത്തേക്ക് ചായില്ല.

മറ്റൊന്ന്, ആചാരസംരക്ഷണവും പൗരോഹിത്യ പ്രീണനവും ഒരു പ്രായോഗിക രാഷ്ട്രീയ അടവായി സി.പി.എം കാണുന്നു എന്നതാണ്. തൽക്കാല ആവശ്യങ്ങൾക്കായി യാഥാർത്ഥ്യത്തിൽ നിന്ന് നടത്തുന്ന സംബന്ധങ്ങളിൽ ഉപയോഗിക്കുന്ന അടവുകൾ പാളാൻ മാത്രം ഉപകരിക്കുന്നവയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി സീറ്റിൽ യു.ഡി.എഫിനെ നേരിടാൻ സമസ്തയുടെ പിന്തുണയുള്ള ഒരു സ്ഥാനാർത്ഥിയെയാണ് എൽ.ഡിഎഫ് മത്സരിപ്പിച്ചത്, വലിയ വോട്ടിന് തോറ്റത്.

ഇത്തരം അനുഭവപാഠങ്ങൾ മുന്നിലുണ്ടെങ്കിലും അധികാരത്തിൽ അതിജീവിക്കണമെങ്കിൽ മതകീയ- ജാതി ശക്തികളുടെ പിന്തുണ വേണമെന്ന മൂഢത്വം കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെ ഇടതുപക്ഷ രാഷ്ട്രീയ ബോധ്യത്തിൽനിന്ന് എത്രമാത്രം അകലത്താക്കിയിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു.

ബഹുമത ബഹുസ്വര രാജ്യത്തിൽ വിപൽക്കരമായേക്കാവുന്ന രാഷ്ട്രീയനീക്കങ്ങളാണ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ മൂന്നാം തവണ അധികാരത്തിൽ വരണമെന്ന ഉറച്ച വിശ്വാസത്തോടെ നടത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയസ്വത്വം തന്നെ കോംപ്രമൈസ് ചെയ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തെയാണ് സംജാതമാക്കിയിരിക്കുന്നത്. ജീവത്തായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ജനത്തിന് ഈ സമുദായിക നേതൃത്വം പറയുന്ന കാര്യങ്ങളിലൊന്നും വിശ്വാസയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് പ്രായോഗികമായും ഈ പുതിയ നീക്കങ്ങൾ രാഷ്ട്രീയമായി ഉപകരിക്കാനും പോകുന്നില്ല. എങ്കിലും അത്തരം നീക്കങ്ങളിൽ നിന്ന് ഒരു ചുവടു പോലും പിന്നോട്ടെടുക്കാൻ മടിക്കുന്ന എൽ.ഡി.എഫ് കേരളത്തെ ഏതുവിധമുള്ള രാഷ്ട്രീയ പരിണിതിയിലേക്കാണ് എത്തിക്കുക എന്നത് കണ്ടുതന്നെ മനസ്സിലാക്കണം.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിൻ്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിൻ്റെയും ന്യൂനപക്ഷ വിരോധത്തിൻ്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി​ എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

മൈസൂരിലെ ദസറ ഉത്സവത്തിനു കന്നഡ എഴുത്തുകാരി ബാനു മുസ്താഖിനെ ഉദ്ഘാടകയായി ക്ഷണിച്ച കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയുടെ വിധിയിൽ, മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ (basic Structure) ഭാഗമാണെന്ന് ഉന്നത നീതിപീഠം ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലയാകുന്നു. ഉന്നതനീതിപീഠം ഇത് ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും ഇതിനെ മറികടക്കാനും ഇന്ത്യൻ ബഹുസ്വര ജീവിതത്തിന്റെ ജീവവായുവായ മതേതരത്വത്തെ ശ്വാസഹീനമാക്കാനും കഠിനമായ ശ്രമം നടക്കുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്.

മൈസൂരിലെ ദസറ ഉത്സവത്തിനു കന്നഡ എഴുത്തുകാരി ബാനു മുസ്താഖിനെ ഉദ്ഘാടകയായി ക്ഷണിച്ച കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയുടെ വിധിയിൽ, മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ  അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് ഉന്നത നീതിപീഠം ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു.
മൈസൂരിലെ ദസറ ഉത്സവത്തിനു കന്നഡ എഴുത്തുകാരി ബാനു മുസ്താഖിനെ ഉദ്ഘാടകയായി ക്ഷണിച്ച കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയുടെ വിധിയിൽ, മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് ഉന്നത നീതിപീഠം ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു.

എന്തുകൊണ്ട് ഇന്ത്യൻ മതേതരത്വം സവിശേഷപ്രധാനമാകുന്നത്? നമ്മുടെ ബഹുമത രാഷ്ട്രത്തിൽ മതവിശ്വാസങ്ങൾ ആദരിക്കപ്പെടുന്നു. ഭൂരിപക്ഷമതം ഇതര മതസ്ഥരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇടപെടുന്നതും അതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതും പ്രതിരോധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്.

പ്രായോഗികതലത്തിൽ ഇത് അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഭാരതത്തിൻറെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ ഭരണഘടന അട്ടിമറിയാണ് ബാബരി മസ്ജിദിൻ്റെ താഴികക്കുടങ്ങൾ ഹിന്ദുത്വ കർസേവകരാൽ പൊളിക്കപ്പെട്ടത്. ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമവാഴ്ചയാണ് ലംഘിക്കപ്പെട്ടത്. ഈ നിലയിൽ, മതേരത്വം എപ്പോഴും ഭദ്രമായിരുന്നില്ല എന്ന വസ്തുതയും നമ്മുടെ മുമ്പിലുണ്ട്.

മതേതരത്വത്തിനെതിരെ വലിയ വെല്ലുവിളികൾ ഉയർന്നുവരുന്നുണ്ട്. യുപി സർക്കാർ ലൗ ജിഹാദ് എന്ന മിഥ്യഖ്യാനത്തെ മുൻനിർത്തി കൊണ്ടുവന്നിട്ടുള്ള മത പരിവർത്തന നിയമം അതുപോലെ ഉത്തരാഖണ്ഡ് നടപ്പാക്കിയ ഏകീകൃത സിവിൽ കോഡ് അതുപോലെ കുംഭമേള തീർത്ഥാടന വേളയിൽ മുസ്ലിംകൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ അതിന്റെ ഉടമസ്ഥരുടെ പേര് എഴുതിവെക്കണമെന്ന നിബന്ധന തുടങ്ങി ഒട്ടനവധി ഒരു മതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള നിയമങ്ങളും സർക്കാർ ഉത്തരവുകളും മതേതരത്വത്തിൻ്റെ മരണമണി മുഴക്കുന്നതാണ്.

കേരളത്തിൽ, നമ്മുടെ ആധുനികസമൂഹ രൂപീകരണത്തിന് ഭാഗമായി മതേതരത്വം ഒരു സാമൂഹ്യപ്രയോഗമായി തന്നെ ജീവിതവ്യവസ്ഥയുടെ ഭാഗമാണ്. എങ്കിലും പരസ്പരം ഭിന്നിപ്പിക്കാനുള്ള ഒട്ടനവധി ശ്രമങ്ങൾ വർഗീയവാദികൾ നടത്തുന്നുണ്ട്. നമ്മുടെ ജീവിതം കൊണ്ട് തന്നെയാണ് അതിനെ പ്രതിരോധിക്കുന്നത്.

കേരളത്തിലെ മതേതര ജീവിതത്തിനെതിരെയുള്ള ആക്രമണങ്ങൾ പലപ്പോഴും പുറത്തുനിന്നാണ് വരാറുള്ളത്. ഏറ്റവും നല്ല ഉദാഹരണം-കേരള സ്റ്റോറി എന്ന സിനിമ. സിനിമ കേരളത്തിൽ പരാജയപ്പെട്ടു അല്ലെങ്കിൽ മലയാളികൾ തിരസ്കരിച്ചു.

പക്ഷേ ഇതേ വിദ്വേഷ ആശയം മറ്റൊരു രൂപത്തിൽ സമൂഹത്തിൽ വ്യാപിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു നടത്തുന്ന ഇസ്ലാമോഫോബിക് -മലപ്പുറം വിരുദ്ധ പ്രസ്താവനകൾ സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാതിരിക്കുന്നുണ്ടെങ്കിൽ അതിനുള്ള കാരണം വെള്ളാപ്പള്ളിയുടെ വാക്കുകൾക്ക് ഒരു വിലയും കേരളീയ സമൂഹം കൽപ്പിക്കുന്നില്ല എന്ന് മാത്രമല്ല, നടേശന്റെ അഭിപ്രായങ്ങൾ പൂർണ്ണമായും നിരാകരിക്കുകയുമാണ്.

വെള്ളാപ്പള്ളി നടേശൻ മാത്രമല്ല പാലാ ബിഷപ്പും നാർക്കോട്ടിക് ജിഹാദിനെ കുറിച്ച് നടത്തിയ പരാമർശവും ഭിന്നിപ്പിന് പ്രേരകമാകേണ്ടതായിരുന്നു. അതും നിരാകരിക്കപ്പെട്ടു. ഈരാറ്റുപേട്ടയിൽ ഒരു വൈദികനെ കാറിടിച്ച് ആക്രമിക്കാൻ ശ്രമിച്ച യുവാക്കളെ കുറിച്ചുള്ള പരാമർശത്തിൽ അവരുടെ മതത്തിൻറെ പേര് പറഞ്ഞ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഖേദകരമായിരുന്നു. തീർച്ചയായും നിയമപരമായി നടപടിയെടുക്കേണ്ട അതിക്രമമാണ് യുവാക്കൾ കാണിച്ചതെങ്കിലും മതത്തിന്റെ പേര് അവിടെ പരാമർശയോഗ്യമായിരുന്നില്ല. ഇതുപോലെ പല സംഭവങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ടായിരിക്കാം. മതമൗലികവാദികൾ ഇതര മതസ്ഥരുടെ ഉത്സവങ്ങൾ ആഘോഷിക്കാതിരിക്കാൻ ഉപദേശിക്കുന്നതും കേരള സമൂഹം ഒന്നടങ്കം തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ചുരുക്കത്തിൽ, മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളികളെ കേരളം ഒരുമിച്ചാണ് എന്നും നേരിട്ടിട്ടുള്ളത്. ഇനിയും നേരിടുന്നതും. എങ്കിലും വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കപ്പെടുന്നു. പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും നടപടികൾ പലപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്.

കേരളത്തിലെ മതേതര ജീവിതത്തിനെതിരെയുള്ള ആക്രമണങ്ങൾ പലപ്പോഴും പുറത്തുനിന്നാണ് വരാറുള്ളത്. ഏറ്റവും നല്ല ഉദാഹരണം-കേരള സ്റ്റോറി എന്ന സിനിമ.
കേരളത്തിലെ മതേതര ജീവിതത്തിനെതിരെയുള്ള ആക്രമണങ്ങൾ പലപ്പോഴും പുറത്തുനിന്നാണ് വരാറുള്ളത്. ഏറ്റവും നല്ല ഉദാഹരണം-കേരള സ്റ്റോറി എന്ന സിനിമ.

വിശ്വാസികളും വിശ്വാസികൾ അല്ലാത്തവരും ഇടതൂർന്ന് ജീവിക്കുന്ന കേരളം പോലുള്ള സമൂഹങ്ങളിൽ വർഗീയത പടരുകയാണെങ്കിൽ അത് അത്യാപൽകരമാകും. സങ്കീർണമായ ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് കേരളീയ സമൂഹത്തിലെ നന്മയുടെ സൂക്ഷ്മ തലങ്ങളെ തൊട്ടറിഞ്ഞ പല എഴുത്തുകാരും ജാഗ്രതപ്പെടുത്തിയിട്ടുണ്ട്. അക്ബർ കക്കട്ടിൽ നാദാപുരത്ത് നിലനിന്നിരുന്ന വർഗീയ വിദ്വേഷത്തെയും കലാപന്തരീക്ഷത്തെയും കുറിച്ച് എഴുതിയ നാദാപുരം കഥകളിൽ, ആത്മനിഷ്ഠ അനുഭവങ്ങളിലൂടെ ഇത്തരമൊരു ഇരുൾവശത്തെക്കുറിച്ച് മലയാളിക്ക് കാണിച്ചുതരുന്നുണ്ട്. കലാപം ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

നമ്മുടെ ആധുനിക സാമൂഹിക ജീവിതത്തിലെ പാരസ്പര്യത്തിന് മൈത്രിയുടെയും പേരാണ് മതേതരത്വം. അത് ഭരണഘടനയിലെ വാക്ക് എന്നതിനേക്കാൾ നമ്മുടെ ജീവിതത്തിൻറെ അനുഭവവേദ്യമായി യാഥാർത്ഥ്യമാണ്. നമ്മുടേത് ആ നിലയിൽ സാംസ്കാരികമായ മിക്സഡ് കൾച്ചറും മിക്സഡ് ഇക്കോണമിയുമാണ്. (Mixed culture and economy). ഇതിനെ തകർത്താൽ കേരളം പിടിക്കാം എന്ന് കരുതുന്ന ഉത്തരേന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട ഫാഷിസം കരുതുന്നു. അത്തരത്തിലുള്ള ഫാഷിസത്തിന്റെ വിഷം ചീറ്റൽ ചിലയിടങ്ങളിൽ നിന്നും കേൾക്കുന്നുണ്ട്. അതിനെ തൽനിമിഷം ചെറുക്കുക എന്നുള്ളത് നമ്മുടെ വർത്തമാനത്തിനും സത് ഭാവിക്കും നല്ലതാണ്. സർക്കാറിൻ്റെ ജാഗ്രത പരമപ്രധാനവുമാണ്. ചില വീഴ്ചകൾ പ്രകടമായിരിക്കുന്നു.

കേട്ടയുടനെ തള്ളിക്കളയേണ്ട വിദ്വേഷ പരാമർശങ്ങൾ നടത്തിയവരെ ശ്ലാഘിക്കുകയും അവരുടെ നാവിന്റെ സരസ്വതി വിലാസത്തെക്കുറിച്ച് പറയുമ്പോൾ വിദ്വേഷപ്രചാരകനായ തൊഗാഡിയയുടെ നാവ് കടമെടുത്തതിനെ കുറിച്ചുള്ള വിമർശനവും മലയാളി ഓർക്കും. അപ്പോൾ മതേതരത്വത്തെ വിസ്മരിച്ചുകൊണ്ടുള്ള വിട്ടുവീഴ്ചകൾ കേരളീയ സമൂഹത്തിനു സൃഷ്ടിക്കാവുന്ന തീരാ ആഘാതങ്ങളായിരിക്കും എന്ന് പ്രത്യേകിച്ച് പറയാൻ തന്നെ മലയാളിക്ക് മടിയുണ്ടാകില്ല.

'വര്‍ഗീയവാദികള്‍ക്ക് ഒപ്പമല്ല, വിശ്വാസികള്‍ക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാര്‍ട്ടി പറയുന്നത്. വര്‍ഗീയവാദത്തെയും വിശ്വാസത്തെയും വേര്‍തിരിക്കാന്‍ ഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിര്‍വചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻകൈയിൽ അയ്യപ്പസംഗമം നടത്തുമ്പോൾ, അതിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുമ്പോൾ, തീർച്ചയായും സി പി എമ്മിന് ന്യായീകരണം വേണം. ആ ന്യായീകരണത്തെ ബലപ്പെടുത്താൻ വേണ്ടിയാണ് വിശ്വാസത്തെയും വർഗീയവാദത്തെയും ബൈനറിയിൽ അവതരിപ്പിക്കുന്നത്. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി അധികാരം പിടിച്ചെടുക്കാനായി വൈകാരികമായി ഉപയോഗപ്പെടുത്തുന്നതാണ് വർഗീയവാദത്തിൻ്റെ ഒരു ഘടകം. ഇതേ വിശ്വാസത്തെ അപരമതവിദ്വേഷത്തിനായി ഉപയുക്തവുമാക്കുന്നു.

ശബരിമലയിലേക്ക് വരുന്ന ധാരാളം തീർത്ഥാടകരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായുള്ള വികസനം ചർച്ചചെയ്യാനാണ് അയ്യപ്പസംഗമം എന്നാണ് സർക്കാരും സി പി എമ്മും പറയുന്നത്. വിശ്വാസത്തിൽ ഭരണകൂടത്തിന് ഇടപെടേണ്ട ആവശ്യമില്ല. തീർഥാടന പ്രക്രിയ സൗകര്യപ്പെടുത്താൻ ഭരണകൂടത്തിൻ്റെ ആവശ്യമുണ്ടുതാനും. പക്ഷേ അതിനായി ഒരു അയ്യപ്പസംഗമം എന്ന പേരിൽ പ്രത്യേകമായി അയ്യപ്പ വിശ്വാസികളുടെ സംഗമം നടത്തേണ്ട ആവശ്യമില്ല. സർക്കാറിൻ്റെ ഭരണപരവും വികസനപരവുമായ ഉത്തരവാദിത്തം നിർവഹിക്കാൻ ഒരു വിശ്വാസ സംഗമത്തിൻ്റെ പ്രത്യേകമായ ആവശ്യമില്ല.

അയ്യപ്പസംഗമം എന്ന പേരിൽ കുംഭമേളയ്ക്ക് ഏതാണ്ട് സമാനമായ ഒരു വിശ്വാസം സംഗമം നടത്തുമ്പോൾ ശബരിമലയെ കുറിച്ചുള്ള കാതലായ ഒരു പ്രശ്നവും ഉന്നയിക്കപ്പെടുന്ന സന്ദർഭവുമായി മാറുന്നു. അത് സന്നിധാനത്തിൽ 16 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ സംബന്ധിച്ച സുപ്രീംകോടതി വിധിയും എൽ ഡി എഫ് സർക്കാരിന്റെ നിലപാടിനെക്കുറിച്ചും ആണ്.

ഈ കാര്യത്തിൽ വളരെ കൃത്യതയോടെ, യുവതി പ്രവേശം നടത്താനും അതുവഴി അവിടെ നിലനിന്നിരുന്നു എന്നു പറയുന്ന ആചാരത്തെ ലംഘിക്കുന്നതിനെ സംബന്ധിച്ചും സർക്കാരിനു 2018 വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കേരളത്തിലെ സാമൂഹ്യ പ്രശ്നമായി ഉയർത്തിക്കൊണ്ടുവന്നതുമാണ്. എന്നാൽ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിൻ്റെ ദയനീയ പരാജയത്തിന് കാരണം ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. സർക്കാർ യുവതീ പ്രവേശവുമായി എടുത്ത് നിലപാടിൽ നിന്ന് പിന്നോട്ടു പോയി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻകൈയിൽ അയ്യപ്പസംഗമം നടത്തുമ്പോൾ, അതിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും  പങ്കെടുക്കുമ്പോൾ, തീർച്ചയായും സി പി എമ്മിന് ന്യായീകരണം വേണം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻകൈയിൽ അയ്യപ്പസംഗമം നടത്തുമ്പോൾ, അതിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുമ്പോൾ, തീർച്ചയായും സി പി എമ്മിന് ന്യായീകരണം വേണം.

എന്നാൽ അയ്യപ്പസംഗമം നടക്കുന്ന വേളയിൽ ആർത്തവകാലത്തിലുള്ള സ്ത്രീകളുടെ പ്രവേശനത്തെക്കുറിച്ച് അഴകൊഴമ്പൻ നിലപാടാണ് ഈ സർക്കാർ ഇപ്പോൾ അവതരിപ്പിക്കുന്നത്. വ്യാജമാണ് ആ നിലപാട്. എൻ എസ് എസ് പറയുന്നത്, സർക്കാർ നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്നും അതുകൊണ്ടാണ് തങ്ങൾ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതും എന്നുമാണ്. നായർ സർവീസ് സൊസൈറ്റിയുടെ ഈ വാദത്തെ സർക്കാർ ഖണ്ഡിച്ചിട്ടില്ല. മറിച്ച്, ദേവസ്വം ബോർഡ് പ്രസിഡണ്ടും മന്ത്രിയും അത് അങ്ങനെ തന്നെയാണെന്നാണ് സൂചന തരുന്നത്.

മുഖ്യമന്ത്രി ഈ വിഷയത്തിൽ മൗനം ദീക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതിന് പകരമായി ഭഗവത്ഗീതയിൽ നിന്ന് വിശ്വാസത്തെ സംബന്ധിച്ച് ഒരു അടർത്തിയെടുത്തപ്പെട്ട ശ്ലോകമാണ് അയ്യപ്പ സംഗമത്തിൽ ഉദ്ധരിച്ചത്.

ഏതൊരു കേരളീയനും അറിയാവുന്ന പോലെ, കേരളത്തിലെ നവോത്ഥാനത്തിന്റെ ആധാര ഗ്രന്ഥമായിരുന്നില്ല ഭഗവത്ഗീത. ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഗീത വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ അങ്ങനെയൊന്നും ഉണ്ടായിട്ടേയില്ല. കേരളത്തിലെ നവോത്ഥാന ഗുരുക്കന്മാർ ആരും ഗീതയുടെ വക്താക്കളായിരുന്നില്ല. അപ്പോൾ ഗീതയിൽ നിന്നുള്ള ശ്ലോക ഉദ്ധരണി സന്ദർഭത്തിന് ചേരാത്തതാണ്. ഇത് ആരെ പ്രീതിപ്പെടുത്താനാണ് എന്നതാണ് സംശയത്തിനിടവരുത്തുന്നത്.

ഉന്നത നീതിപീഠം വീണ്ടും കേൾക്കാൻ വച്ചിരിക്കുന്ന ശബരിമല വിധിയിൽ സർക്കാർ നിലപാട് മാറ്റും എന്നും മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും സൂചന നൽകിയിട്ടുണ്ട്. ആചാരങ്ങളെയും വിശ്വാസങ്ങളെയും ഉപയോഗപ്പെടുത്തി വർഗീയത പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്നവരെ സഹായിക്കുന്ന വിധം നിലപാടിലേക്ക് മാറുന്ന സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിനു വിഘാതമാകുന്നു.

ഹിന്ദുഐക്യവേദി തങ്ങൾക്ക് കിട്ടിയ അവസരത്തിൽ പന്തളത്തുവച്ച് പന്തളം രാജവംശം എന്നു വിളിക്കുന്ന നാടുവാഴികളുടെ പിന്തുടർച്ചാവകാശികളുടെ സാന്നിധ്യത്തിൽ അയ്യപ്പസംഗമം നടത്തി. അങ്ങനെ വിശ്വാസത്തെ വീണ്ടും രാഷ്ട്രീയത്തിലേക്ക് ആനയിക്കാനുള്ള നീക്കം കേരളത്തിനു ബാധ്യതയാകാനാണ് സാധ്യത.

ശബരിമല എന്തിനാണ് സുവർണ്ണാവസരങ്ങൾക്കായി ഉപയോഗപ്പെടുത്താൻ അവസരം നൽകുന്നത് എന്നാണ് പ്രസക്തമായ ചോദ്യം. അത്തരം അവസരങ്ങൾ അപരമതവിദ്വേഷത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശബരിമല വിഷയത്തിൽ പിണറായി വിജയൻറെ നിലപാടുകളും സവിശേഷമായ ശ്രദ്ധയും അർഹിക്കുന്നു. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിൽ ‘അംബ’ എന്ന അധ്യായത്തിൽ സ്ഥിതപ്രജ്ഞത്വത്തെക്കുറിച്ച് - അതായത് നിലപാടിലെ സ്ഥിരതയെക്കുറിച്ച് - ഭീഷ്മരുടെയും ഭാർഗവരാമന്റെയും സമീപനത്തെ വേർതിരിച്ച് വ്യക്തമാക്കുന്നുണ്ട്. ആ അധ്യായത്തിന്റെ ഒടുവിൽ സൂചിപ്പിക്കുന്ന പോലെ, മുഷ്കരത കൊണ്ട് നിലപാടിലെ അസ്ഥിരത മൂടിവെക്കാൻ പറ്റില്ല എന്നും നിദർശിക്കുന്നു.

എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെച്ചേര്‍ത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയന്‍സിന് കേരളത്തില്‍ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കഥയുണ്ട്- മന്നാ ആൻഡ് ശങ്കാ. ഒരു ഭഗവത്ഗീതയും കുറെ മുലകളും എന്ന സമാഹാരത്തിലാണെന്നു തോന്നുന്നു ഈ കഥയുള്ളത്. ഏതായാലും, മന്നത്തിന്റെയും ആർ. ശങ്കറിന്റെയും കാലമുതൽ ഹിന്ദു മഹാമണ്ഡല രൂപീകരണം ഒരു പ്രായോഗിക ആശയമായി നിലവിലുണ്ടായിരുന്നു. പക്ഷേ, ഐക്യത്തിനു വിഘാതമാകുന്ന സവിശേഷമായ സാമുദായിക പ്രശ്നങ്ങൾ തന്നെയാണ് ഹിന്ദുവും മണ്ഡലത്തിന്റെ രൂപീകരണത്തിന് തടസ്സമായത്. പിന്നീട് രണ്ടായിരമാണ്ടിൽ നമ്പൂതിരി മുതൽ നായാടി വരെ എന്നനിലയിൽ ഹിന്ദു ഐക്യ പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ വെള്ളാപ്പള്ളി മുൻകൈയെടുത്തു. എൻഎസ്എസ് യോജിച്ചു. യോഗക്ഷേമ നേതൃത്വം കൂടെ പോകുന്നു. ഒടുവിൽ, അത് സാമുദായികമായ കാരണങ്ങളാൽ തന്നെ ശിഥലീകൃതമായി.

കേരളത്തെ സംബന്ധിച്ച് ഹിന്ദു ദേശീയവാദ പുനരുദ്ധാന രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഏകീകൃത ഹിന്ദു സ്വത്വം. അതിനായുള്ള പ്ലാറ്റ്ഫോമാണ് പരിവാർ നേതൃത്വം കൊടുക്കുന്ന ഹിന്ദു ഐക്യവേദി. എന്നാൽ, ഹിന്ദുദേശിയവാദത്തിന്റെ ഭാഗമായ ഹൈന്ദവ ഐക്യം സാക്ഷാത്കരിക്കാൻ പറ്റാത്തത് കേരളത്തിന്റെ നവോത്ഥാന സാംസ്കാരിക ധാരകൾ അതിനെതിരാണ് എന്ന കാരണത്തിനൊപ്പം ആധുനിക കേരള സമൂഹത്തിന്റെ സമ്മിശ്ര ജീവിതവും കേരളത്തിന്റെ സവിശേഷമായ ജനസംഖ്യാ സ്വരൂപവും സംവരണം പോലുള്ള അടിസ്ഥാനങ്ങളും മൂലമാണ്.

ജാതിവിരുദ്ധ രാഷ്ട്രീയമല്ല ഹിന്ദു ഐക്യം കൊണ്ട് എൻ.എസ്.എസും എസ്.എൻ.ഡി.പിയും യോഗക്ഷേമസഭയും ഉദ്ദേശിക്കുന്നത്. ജാതിയെ ഫ്യൂഡൽ സ്വഭാവത്തിൽ നിലനിർത്തി വിലപേശൽ രാഷ്ട്രീയത്തെ കൂടുതൽ ബൃഹത് വൽക്കരിക്കാനുള്ള നീക്കമാണ് ലക്ഷ്യം. പക്ഷേ സംഘപരിവാർ ലക്ഷ്യമിടുന്ന ഹിന്ദു ഐക്യം അതിനുമപ്പുറമാണ്. ഗുജറാത്ത്, യുപി, മധ്യപ്രദേശ് മാതൃകയിലുള്ള അധികാരലബ്ധിക്കായുള്ള ഹൈന്ദവ ദേശീയതയുടെ ഭാഗമായുള്ള ഏകീകരണമാണ് അത്.

കേരളത്തെ സംബന്ധിച്ച് ഹിന്ദു ദേശീയവാദ പുനരുദ്ധാന രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഏകീകൃത ഹിന്ദു സ്വത്വം. അതിനായുള്ള പ്ലാറ്റ്ഫോമാണ്  പരിവാർ നേതൃത്വം കൊടുക്കുന്ന ഹിന്ദു ഐക്യവേദി.
കേരളത്തെ സംബന്ധിച്ച് ഹിന്ദു ദേശീയവാദ പുനരുദ്ധാന രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഏകീകൃത ഹിന്ദു സ്വത്വം. അതിനായുള്ള പ്ലാറ്റ്ഫോമാണ് പരിവാർ നേതൃത്വം കൊടുക്കുന്ന ഹിന്ദു ഐക്യവേദി.

ആർ.എസ്.എസ് നോക്കുന്നത് ജാതിസംഘടനകൾ കൈകോർത്തുള്ള 'ഹിന്ദുമണ്ഡലം' ആത്യന്തികമായി ഹിന്ദു ദേശീയവാദത്തിന്റെ കേന്ദ്രമാക്കി മാറ്റാൻ പറ്റുമോ എന്നാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു ഒരൊറ്റ ബ്ലോക്ക് ആയി മാറാൻ വലിയ തടസ്സമുണ്ട്. മറിച്ച്, ജാതിയുടെ അടിസ്ഥാനത്തിൽ കുറച്ചു വോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും മറച്ചു കൊടുക്കാൻ പറ്റുമായിരിക്കും. വെള്ളാപ്പള്ളിയാണെങ്കിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കൂടെ ഒരുമിച്ചാണ്. രണ്ടുവള്ളത്തിലും കാലുവെച്ച്. മുസ്ലിം വിരുദ്ധതയും സി പി എം പ്രകീർത്തനവും ഒരേസമയം നടത്തി. രണ്ടുപേരുമായി കാര്യസാധ്യത്തിനായി വിലപേശുന്നുണ്ടാകാം. ചിലയിടത്ത് ബി ജെ പിയെയും മറ്റു ചിലയിടത്ത് സി പി എമ്മിനെയും സഹായിക്കാനായിരിക്കും ഉദ്ദേശ്യം. ഇവരുടെ ഗതികേട് എന്തെന്നാൽ, സാമുദായിക നേതാക്കളുടെ ആഹ്വാനം കേട്ട് ഒരു സമുദായ അംഗവും വോട്ട് ചെയ്യാൻ പോകുന്നില്ല. എങ്കിലും ചില്ലറ ചില വോട്ടുകൾ ചില മണ്ഡലങ്ങളിൽ മറിക്കാൻ പറ്റുമെന്നാണ് രാഷ്ട്രീയപാർട്ടികൾ കരുതുന്നതും അക്കാരണത്താലാണ് വിധേയത്വം കാണിക്കുന്നതും. പിന്നെ സാമുദായിക സംഘടനകൾക്ക്, അന്തരീക്ഷത്തിൽ തങ്ങൾക്ക് എന്തോ പ്രഭാവമുണ്ടെന്ന് വരുത്തിത്തീർക്കാനായി മുഖ്യധാരാ മാധ്യമങ്ങളുടെ സഹായമുണ്ട്. അവരാണെങ്കിൽ വാർത്തക്കായി ദൈനംദിന അടിസ്ഥാനത്തിൽ പരക്കം പായുകയാണ്. സാമുദായിക നേതാക്കളുടെ വാമൊഴികൾ ഇതിനായി അവർക്ക് ഉപകരിക്കുന്നു.

ഒരു കാര്യം സൂചിപ്പിക്കേണ്ടത്. നായർ സർവീസ് സൊസൈറ്റി സാമുദായിക പരിഷ്കരണത്തിനുള്ള സംഘടനയായിരുന്നു. അതിന്റെ ചരിത്രദൗത്യം നിർവഹിച്ചു. ഇപ്പോൾ പ്രത്യേകിച്ച് ദൗത്യം ഒന്നുമില്ല. നേതൃത്വത്തിന്റെ നിലനിൽപ്പിനായി സംഘടനയും നിലനിൽക്കുന്നു. ശ്രീനാരായണ ധർമ്മ പരിപാലനത്തിനും പ്രചാരണത്തിനും കേരള ചരിത്രത്തിൽ ആദ്യം ആവിർഭൂതമായ എസ്.എൻ.ഡി.പി ശ്രീനാരായണീയദർശനത്തിൻ്റെ വിശാല വീക്ഷണത്തിൽ ജാതി വിരുദ്ധസംഘടനയാണ്. പക്ഷേ അധോഗതി എന്തെന്നാൽ, അത് ജാതീയ സംഘടനയായി സങ്കോചിച്ചു. വിലപേശൽ സംഘടനകൾ എന്ന നിലയിൽ അതിനൊരു അതിജീവനമുണ്ട്. അതെങ്ങനെയെങ്കിലും അതിന്റെ വർത്തമാന നേതൃത്വം കൊണ്ടുപോയി കൊള്ളും. ഇതുവരെയില്ലാത്തവിധം കുടുംബവാഴ്ചയും കാണാനിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഹിന്ദു ദേശീയവാദത്തിൻ്റെ ഭാഗമായുള്ള ഏകീകരണം ഇപ്പോഴും അസാധ്യമാണ്. അതിനു കാരണം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക ലീനിയേജും ഘടനയുമാണ്. പ്രതീക്ഷ നൽകുന്ന കാര്യം, ജെൻ -സി, ആൽഫ തലമുറയ്ക്ക് ഈ ജാതി സംഘടനകളിൽ ജാതീയമായ വ്യാജനാട്യങ്ങളിൽ ഒരു താല്പര്യവും ഇല്ലെന്നാണ്. കേരളത്തിന്റെ നവോത്ഥാനത്തിൻ്റെ സവിശേഷ മൂല്യങ്ങളെ ഈ പുതുതലമുറയായിരിക്കും സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോവുക. പ്രഭാഷണ പരമ്പരകൾ ഒന്നും നടത്താതെ തന്നെ. കാരണം അന്തസ്ഥിതമായൊരു വിമോചനവാഞ്ചയുണ്ട്. അമ്പതു പിന്നിട്ട നിലവിലുള്ള ഭൂതതലമുറയുടെ കാപട്യവും ജാടയും അവർക്ക് ഇല്ല എന്നുള്ളത് കേരളത്തിനു പ്രതീക്ഷയ്ക്ക് വകനൽകുന്നു.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സര്‍ക്കാര്‍) സംവിധാനമായാണ് തീരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉറപ്പിച്ചെടുക്കുന്നത്. എന്നാല്‍, ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതല്‍ ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങള്‍, യഥാര്‍ഥത്തില്‍ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

ദേവസ്വത്തെ മതേതരത്വം ഉറപ്പിച്ചെടുക്കാനുള്ള സ്ഥാപനമായാണ് ഇടതുപക്ഷ സർക്കാർ കാണുന്നതെങ്കിൽ അവർ നടത്തിയ ഒരു പ്രമാദ സംഗമത്തിൽ ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ സങ്കല്പത്തിനു വിരുദ്ധമായ രാഷ്ട്രീയമുള്ള യോഗി ആദിത്യനാഥിന്റെ സന്ദേശം ഒരു യോഗ്യതാപത്രമായി അവതരിപ്പിക്കേണ്ടിയിരുന്നത് ഉചിതമായിരുന്നോ? "കേരള സ്റ്റോറി"യെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉത്തരപ്രദേശിൽ വിപണനം ചെയ്തത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു. ഹിന്ദുതീർത്ഥാടകർ പോകുന്ന വഴിയിലെ ഭക്ഷ്യ സ്ഥാപനങ്ങൾ മുസൽമാനാണ് നടത്തുന്നതെങ്കിൽ അത് എല്ലാവരും കാണുന്നവിധം സ്ഥാപക ഉടമയുടെ പേര് പരസ്യപ്പെടുത്തണമെന്ന് ഏത് സർക്കാരാണ് ഉത്തരവിറക്കിയത്?

അയ്യപ്പസംഗമം തികച്ചും തദ്ദേശീയ കാര്യമായിരുന്നെങ്കിൽ അതിനായി എന്തിനു യോഗിയിൽ നിന്ന് ആശംസ വാങ്ങണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതലും അയ്യപ്പഭക്തർ വരുന്നു എന്നതിനാൽ ആ സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളെ വിളിക്കുന്നതിൽ ഔചിത്യമുണ്ട്. അപ്പോഴും സ്റ്റേറ്റിനെ ഇതിലേക്ക് വലിച്ചെഴയ്ക്കേണ്ട ആവശ്യമില്ല.

ശബരിമലയ്ക്ക് മതേതര പാരമ്പര്യമുണ്ട്. അതൊരു അബ്രാഹ്മണ കാനനക്ഷേത്രമാണ്. അത് പുതുതായി ഉറപ്പിച്ചെടുക്കേണ്ടതല്ല. അതിനെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കുക എന്നത് പ്രാധാന്യമാണ്. അത് ഭക്തർ തന്നെ ചെയ്തുകൊള്ളും. മകരവിളക്ക് പോലുള്ള തീർത്ഥാടക അന്ധവിശ്വാസങ്ങളും ദേവസ്വം സംരക്ഷിക്കേണ്ട സ്ഥിതിയുണ്ട്. മുമ്പ്, മകരവിളക്കിന്റെ സമയത്ത് തിക്കിലും തിരക്കിലും പെട്ട് ഒരുപാട് പേർ മരിച്ചതാണ്. ദേവസ്വവും സംസ്ഥാന സർക്കാരും ഇത്തരം അനിഷ്ട സംഭവങ്ങളിൽ മുഖ്യ ഉത്തരവാദികളാണ്.

മകരവിളക്ക് പോലുള്ള  തീർത്ഥാടക അന്ധവിശ്വാസങ്ങളും ദേവസ്വം സംരക്ഷിക്കേണ്ട സ്ഥിതിയുണ്ട്. മുമ്പ്, മകരവിളക്കിന്റെ സമയത്ത് തിക്കിലും തിരക്കിലും പെട്ട് ഒരുപാട് പേർ മരിച്ചതാണ്.
മകരവിളക്ക് പോലുള്ള തീർത്ഥാടക അന്ധവിശ്വാസങ്ങളും ദേവസ്വം സംരക്ഷിക്കേണ്ട സ്ഥിതിയുണ്ട്. മുമ്പ്, മകരവിളക്കിന്റെ സമയത്ത് തിക്കിലും തിരക്കിലും പെട്ട് ഒരുപാട് പേർ മരിച്ചതാണ്.

വിശ്വാസത്തിനോടൊപ്പം അന്ധവിശ്വാസവും വലിയതോതിൽ പെരുകുന്ന ഈ കാലത്ത് ക്ഷേത്രങ്ങൾ ശതകോടി ബിസിനസ് നടക്കുന്ന തീർത്ഥാടന ടൂറിസം മേഖലയിലെ മുഖ്യ കേന്ദ്രമാണ്. പുരോഹിതന്മാർ, ശാന്തിക്കാർ, പൂജാരിമാർ, ക്ഷേത്ര ജീവനക്കാർ -എല്ലാം ഈ ശൃംഖലയുടെ ഭാഗം. എം.ടിയുടെ 'നിർമാല്യ'ത്തിലെ വെളിച്ചപ്പാടല്ല ഇന്നത്തെ ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങളും അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നവരും. ദേവസ്വം അതേസമയം ഹിന്ദു ദേവസ്വമാണ്. ചരിത്രപരമായും ദേവസ്വം - ദേവന്റെ സ്വത്ത് - നാട്ടുകാരുടെ സമ്പാദ്യം വഴി സ്വരുകൂട്ടിയത് തന്നെ. ഇന്ന് എന്തായാലും, ക്ഷേത്രത്തിൽ ജാതിഭേദമന്യേ പോകുന്നവരുടെ സമ്പാദ്യമാണ് ക്ഷേത്രത്തിന്റെ വരുമാനവും ആസ്തിയും. പൂജാരിമാർക്കും ശാന്തിക്കാർക്കും ലഭിക്കുന്ന പണവും ഇവർ നൽകുന്നതാണ്.

എ.പി. ഉദയഭാനു മുമ്പ് എഴുതിയ ഒരു കാര്യം ഓർക്കുന്നു. തൃച്ചംബരം ക്ഷേത്രത്തിൽ പ്രസാദത്തിനായി കാത്തുനിന്നപ്പോൾ അവിടുത്തെ തിരുമേനി പ്രസാദം ദൂരേക്ക് വലിച്ചെറിഞ്ഞാണ് നൽകിയത്. അന്ന് എ.പി. ഉദയഭാനു കെ.പി.സി.സി അധ്യക്ഷനാണ്. അക്കാലം ഏതായാലും അവസാനിച്ചിരിക്കുന്നു.

പറഞ്ഞുവരുന്നത്, ഒരു തൊഴിലാണ് പൂജാരിയുടേത്. അതിനാവശ്യമായ വിദ്യാഭ്യാസം എന്ന നിലയിൽ മന്ത്ര തന്ത്രങ്ങളും ആഗമ അനുഷ്ഠാനങ്ങളും പഠിച്ചാൽ ആർക്കും (ഹിന്ദു ജാതി വിഭാഗങ്ങൾക്ക്) പൂജാരിയാകാം. ജാതികുത്തക നിയമപരമായി തന്നെ റദ്ദാക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും, പൂജാരിയുടെ തൊഴിൽ മാത്രമല്ല, കഴകക്കാരൻ്റെ തൊഴിലിനു പോലും തച്ചുടയ കൈമളിന്റെ അംശാധികാര കീഴ് വഴക്കമാണ് പ്രധാനം എന്നു വരുന്നത് അപമാനകരമാണ്.

ജനാധിപത്യവൽക്കരിക്കപ്പട്ട ദേവസ്വ സംവിധാനത്തിനാണ്, പൂജാരിയുടെത് ഒരു തൊഴിലാണെന്നു വ്യക്തമാക്കിക്കൊണ്ട്, ആ തൊഴിലിനർഹരായവർ ആരാണോ, അവർക്ക് നൽകാമെന്ന് തീരുമാനിക്കാൻ കഴിയുക. അതിൽ ചില്ലറ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പൂർണ്ണമായും നടപ്പായിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷേ, നാളെ വിശ്വാസികളായ മന്ത്ര- തന്ത്രങ്ങൾ പഠിച്ച സ്ത്രീകൾക്കും പൂജാദി കർമ്മങ്ങൾ ചെയ്യാൻ പറ്റും. ക്ഷേത്രവിശ്വാസം വികസ്വരമാകുന്നതും കൂടുതൽ ആളുകളെ ആകർഷിക്കുന്നതും ഈ നിലയിലാകണം.

ഒരു കാര്യം പ്രസക്തമാണ്, ഇതു തീർത്ഥാടന വ്യവസായത്തിന്റെ കാലം. അയ്യപ്പസംഗമം വിശ്വാസത്തേക്കാൾ അടിവരയിടുന്നത് ഈ യാഥാർത്ഥ്യത്തെയാണ് - തീർത്ഥാടക വ്യവസായം. ഏതൊരു വ്യവസായത്തിന്റെ നിലനിൽപ്പ് അത് ബഹുജനങ്ങളെ ആകർഷിക്കുന്നതിലാണ്. അങ്ങനെയെങ്കിൽ തീർത്ഥാടനകേന്ദ്രത്തിലെ തൊഴിലുകളുടെ നിയമനവും പ്രവർത്തനവും ജനാധിപത്യപരമായിരിക്കണം. അതൊരു അനിവാര്യമായി യാഥാർത്ഥ്യമാണ്. ഫ്യൂഡൽ സ്മൃതികളുമായി ഒത്തുപോകുന്നത് പുരോഗമന മുഖം വെളിപ്പെടുത്തുന്ന സർക്കാരിനു ഭൂഷണമല്ല. ശരണം വിളിക്കൊപ്പമല്ല മുഷ്ടി ചുരുട്ടേണ്ടത്. പകരം, ജാതീയമായ അധീശത്വത്തിനെതിരെയാണ്.

കേരളത്തില്‍ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോള്‍ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോള്‍ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമര്‍ശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാല്‍, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികള്‍, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ അതിശക്തമായ വലതുപക്ഷവല്‍ക്കരണം അരങ്ങേറുമ്പോള്‍ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

കേരളത്തിലെ സാംസ്കാരിക പ്രതിപക്ഷം ന്യൂനാൽ ന്യൂനപക്ഷമായ ഒരു വിഭാഗമാണ്. ചരിത്രപരമായും അങ്ങനെതന്നെയാണ്. ഒറ്റപ്പെട്ട ശബ്ദങ്ങളായിരുന്നു സാംസ്കാരിക പ്രതിപക്ഷം. അധികാരത്തിനോടും കക്ഷി രാഷ്ട്രീയത്തിനോടും ചേർന്നു നിൽക്കുന്നവരാണ് സാംസ്കാരിക പദവികൾ അലങ്കരിക്കുന്ന ബഹുഭൂരിപക്ഷവും. അതുകൊണ്ടുതന്നെ വിമത ശബ്ദങ്ങൾ ഒറ്റപ്പെട്ടതാണ്. ബഹുഭൂരിപക്ഷം വരുന്ന ഇത്തരത്തിലുള്ള സാംസ്കാരിക പ്രവർത്തകരും ഫ്യൂഡൽ ബോധ്യങ്ങളോടെ പുരോഹിതവേലയാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അവർ എന്തിനാണ് നിയോഗിക്കപ്പെട്ടത്, അല്ലെങ്കിൽ അവർ എന്തു പറയാനാണ് നിയോഗിക്കപ്പെട്ടത്, ആ കർമ്മം മാത്രമേ അനുഷ്ഠിക്കാൻ അവർക്ക് നിർവാഹമുള്ളൂ. അത്തരത്തിൽ ഗതികെട്ടതാണ് ഇടതു മുഖ്യധാരാ സാംസ്കാരിക ജീവിതം. ആയതിനാൽ, അവരിൽ നിന്ന് വിമതത്വവും ജനാധിപത്യവും പുതുതായതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല; പ്രതീക്ഷിക്കേണ്ടതുമില്ല. കാലവും സമൂഹവും സാംസ്കാരിക പൗരോഹിത്യത്തിന്റെ കക്ഷിരാഷ്ട്രീയദാസ്യ സ്മൃതി -ശ്രുതികളെ അതിജീവിക്കുകതന്നെ ചെയ്യും.

Comments