ഡോ. ടി. എസ്. ശ്യാംകുമാർ

മഹാഭാരത പ്രഭാഷണങ്ങളുടെ
തുടർച്ചയിലാണ് അയ്യപ്പസംഗമം നടന്നത്

‘‘അടിസ്ഥാനപരമായി ബ്രാഹ്മണ്യത്തെ പുൽകുന്ന സാംസ്‌കാരിക പ്രവർത്തകരാണ് നമുക്കുള്ളത്. അവർക്ക് ഒരിക്കലും സാംസ്‌കാരിക ഇടതുപക്ഷമായി നിലനിൽക്കാനാകില്ല’’- ട്രൂകോപ്പി ​വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ഡോ. ടി.എസ്. ശ്യാംകുമാർ സംസാരിക്കുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

ഡോ. ടി.എസ്. ശ്യാംകുമാർ: വിമോചനസമരം കമ്യൂണിസ്റ്റ് സർക്കാറിനെതിരായ അട്ടിമറിയാണ് എന്നത് പുറത്തുനിന്നുള്ള കാഴ്ചപ്പാടാണ്. വാസ്തവത്തിൽ, കേരളത്തിലെ അവർണർക്കെതിരായ സവർണപ്രത്യയശാസ്ത്ര വക്താക്കളുടെയും സവർണരുടെയും യുദ്ധത്തിന്റെ പേരാണ് വിമോചന സമരം. 'പാളേൽ കഞ്ഞി കുടിപ്പിക്കും', 'ചാത്തൻ പൂട്ടാൻ പോകട്ടെ', 'ഗൗരിച്ചോത്തി' തുടങ്ങി വിമോചനസമരക്കാലത്തെ മുദ്രാവാക്യങ്ങൾ കമ്യൂണിസ്റ്റ് സർക്കാറിനെതിരെയുള്ളതാണ് എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അടിസ്ഥാനപരമായി അവർണ ജനതതി അധികാരത്തിലെത്തുന്നതിനെതിരായ യുദ്ധകാഹളമായി വേണം കാണാൻ. അവർണ ജനതതിയെ അധികാരസ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള സവർണ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെ ഉന്മൂലന മുദ്രാവാക്യങ്ങളായിരുന്നു അവ. അതുകൊണ്ടുതന്നെ വിമോചന സമരം ഒരു പ്രതിവിപ്ലവമാണ്, യഥാർഥത്തിൽ.

ഇതേ രീതിയിൽ, പുതിയ കാലത്ത് ദലിതരെയും ആദിവാസികളെയും ഉന്മൂലനം ചെയ്യുന്ന രീതിയിൽ, മറ്റു ചില വിഷയങ്ങൾ കൊണ്ടുവന്ന്, അവരുടെ അടിസ്ഥാന പ്രശ്നങ്ങളെ മറികടക്കാമെന്ന വിചാരം ഭരണകൂട ശക്തികൾ പങ്കുവെക്കുകയാണ്. അതിനെ നമ്മൾ കാണാതെ പോകരുത്.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി- അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ- ഇതുവഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ഡോ. സുനിൽ പി. ഇളയിടത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാഭാരത പ്രഭാഷണങ്ങളുടെ തുടർച്ചയിലാണ് അയ്യപ്പസംഗമം നടന്നത് എന്നതാണ് നമ്മൾ പരിഗണിക്കേണ്ട പ്രധാന വിഷയം. കൃഷ്ണൻ Subversive potential ഉള്ള ദൈവമാണെന്നും രാമൻ 'ജഗദാനന്ദകാരക'നാണെന്നും പറയുന്ന ഇടതുപക്ഷ ബുദ്ധിജീവികൾ സൃഷ്ടിച്ചെടുത്ത പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലാണ് അയ്യപ്പസംഗമം കെട്ടിപ്പൊക്കിയത് എന്നത് കാണാതെ പോകരുത്. കൃഷ്ണനെയും രാമനെയും മതേതരമായി കെട്ടഴിച്ചുവിടാനുള്ള ശ്രമത്തിന്റെ മുകളിലാണ് ഇപ്പോൾ അയ്യപ്പസംഗമം വരുന്നത് എന്നത് അടിസ്ഥാനപരമായ പ്രശ്‌നമാണ്. അയ്യപ്പസംഗമം ചർച്ചയുടെ കേന്ദ്രത്തിലേക്കുവരുമ്പോൾ ദലിതർക്കും പിന്നാക്കക്കാർക്കും കിട്ടേണ്ട അവകാശങ്ങളെക്കുറിച്ചും നിഷേധിക്കപ്പെടുന്ന അധികാരസ്ഥാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നില്ല.

158 കോടി രൂപയോളമാണ് ദലിത് വിഭാഗത്തിന് സ്‌കോളർഷിപ്പായും ഇ- ഗ്രാന്റായും കിട്ടാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. മറ്റൊന്ന്, ദലിതർ നേരിടുന്ന ഉദ്യോഗ പ്രാതിനിധ്യത്തിലുള്ള അഭാവമാണ്. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനത്തിൽ പറയുന്നത്, ദലിത് ജനതയ്ക്ക് ഭീകരമായ രീതിയിലുള്ള പ്രാതിനിധ്യ അഭാവം അധികാരസ്ഥാനങ്ങളിലുണ്ട് എന്നാണ്. ബിന്ദു എന്ന ദലിത്‌ സ്ത്രീയ്ക്ക് പൊലീസ് സ്‌റ്റേഷനിൽ നേരിടേണ്ടിവന്ന ഹിംസാത്മകമായ അപമാനം അവരുടെ മാത്രം പ്രശ്‌നമല്ല. പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ ചെല്ലുന്ന ദലിതരോടുള്ള പൊലീസിന്റെ മനോഭാവം എന്താണ്? ഈ സംവിധാനങ്ങൾ ജനാധിപത്യപരമായിട്ടില്ല. ജനമൈത്രി എന്നത് പേരിൽ മാത്രമേയുള്ളൂ. പ്രവൃത്തിയിൽ മൈത്രി ഇല്ല.

ഡോ. സുനിൽ പി. ഇളയിടത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാഭാരത പ്രഭാഷണങ്ങളുടെ തുടർച്ചയിലാണ് അയ്യപ്പസംഗമം നടന്നത് എന്നതാണ് നമ്മൾ പരിഗണിക്കേണ്ട പ്രധാന വിഷയം.
ഡോ. സുനിൽ പി. ഇളയിടത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാഭാരത പ്രഭാഷണങ്ങളുടെ തുടർച്ചയിലാണ് അയ്യപ്പസംഗമം നടന്നത് എന്നതാണ് നമ്മൾ പരിഗണിക്കേണ്ട പ്രധാന വിഷയം.

അതുപോലെ തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലെ കോളേജുകളും സ്‌കൂളുകളും അടക്കമുള്ള എയ്ഡഡ് സ്ഥാപനങ്ങളിൽ പട്ടികജാതി- പട്ടികവർഗക്കാരുടെ പ്രാതിനിധ്യം എത്രയാണ്? ശൂന്യാൽ ശൂന്യതരം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സർവകലാശാലകളിൽ നിരന്തരം സംവരണ അട്ടിമറി നടക്കുന്നു. ആദിവാസികൾ ഇപ്പോഴും ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നു. ഇത്തരം കാര്യങ്ങളൊന്നും ചർച്ച ചെയ്യാതെ അയ്യപ്പസംഗമം കേന്ദ്രത്തിലേക്കുവരികയും അയ്യപ്പസംഗമമാണ് പ്രധാനം എന്നു വരികയും ചെയ്യുന്നത് ആർക്കാണ് ഗുണപ്രദമാകുക?

വേണമെങ്കിൽ, ശബരിമല വികസനത്തിന് മാസ്റ്റർ പ്ലാൻ വേണമെന്ന് കരുതാം. എങ്കിൽപോലും ഇതുപോലെ സംഗമം നടത്തി അത് നടപ്പിലാക്കേണ്ട കാര്യമില്ല. സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു, ചർച്ച ചെയ്യുന്നു, അംഗീകരിക്കുന്നു എന്ന രീതിയിലും ഇത് ചെയ്യാം. എന്നാൽ, ഇതിനെ മറ്റൊരു രീതിയിൽ രാഷ്ട്രീയവൽക്കരിക്കുകയാണ്​ ​ചെയ്തത്. ബുൾഡോസർ രാജിന്റെയും വംശീയ ഉന്മൂലനത്തിന്റെയും വക്താവായ യോഗി ആദിത്യനാഥിനെപ്പോലൊരാളുടെ കത്ത് കേരളത്തിൽ അഭിമാനപൂർവം വായിക്കപ്പെടുന്നു എന്നത് ദുഃസ്സൂചനയാണ്. അത് മുസ്‌ലിംകൾക്കും ദലിതർക്കും എതിരായ ദുഃസ്സൂചനയാണ്. ഇതെല്ലാം വളരെ നിഷ്‌കളങ്കമായി പരിഗണിക്കാനാകില്ല. ജനാധിപത്യത്തിന്റെ നേർക്കുള്ള വെല്ലുവിളിയായിട്ടുവേണം പരിഗണിക്കാൻ.

'വർഗീയവാദികൾക്കൊപ്പമല്ല, വിശ്വാസികൾക്കൊപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ അധികാരത്തിലുള്ള ഇടതുപക്ഷം ഇപ്പോൾ പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

ഒട്ടും യുക്തിഭദ്രമല്ല. ഇന്ത്യൻ സാഹചര്യത്തിൽ, കേരളീയ സാഹചര്യത്തിലും, ഏതു വിശ്വാസിയുടെ, ഏത് വിശ്വാസത്തിന്റെ കൂടെയാണ് അവർ? ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്നു പറയുന്നത് ബ്രാഹ്മണിക്കൽ വിശ്വാസവും യുക്തിയുമാണ്. അതുകൊണ്ട്, വിശ്വാസികൾക്കൊപ്പം എന്നാൽ, ബ്രാഹ്മണിക പൗരോഹിത്യത്തിന്റെ വിശ്വാസത്തിനൊപ്പമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാത്ത ഒരു വിശ്വാസത്തെ ഇടതുപക്ഷമോ വലതുപക്ഷമോ സംരക്ഷിച്ചതിന്റെ എന്തു ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്?

ശബരിമലയിൽ സ്ത്രീകളെ കയറ്റില്ല എന്നു പറഞ്ഞ് കേരളം മുഴുവൻ ഹിന്ദുത്വവാദികൾ സമരം ചെയ്തപ്പോൾ, ബ്രാഹ്മണ പൗരോഹിത്യത്തെയാണ് അവർ സംരക്ഷിക്കാൻ ശ്രമിച്ചത്. ശബരിമലയിൽ മലയരയർ ഉന്നയിക്കുന്ന അവകാശവാദത്തിന്റെ നേർക്ക് കണ്ണടയ്ക്കുന്നതിന്റെ അർഥമെന്താണ്? ബ്രാഹ്മണപൗരോഹിത്യത്തെ സംരക്ഷിക്കുന്നുവെന്നല്ലേ? ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി ഒരു ഈഴവനെ അംഗീകരിക്കില്ല എന്ന് പറയുന്നതിന്റെ അർഥമെന്താണ്? ബ്രാഹ്മണപൗരോഹിത്യം സംരക്ഷിക്കപ്പെടേണ്ടതാണ് എന്നല്ലേ?

ബുൾഡോസർ രാജിന്റെയും വംശീയ ഉന്മൂലനത്തിന്റെയും വക്താവായ യോഗി ആദിത്യനാഥിനെപ്പോലൊരാളുടെ കത്ത് കേരളത്തിൽ അഭിമാനപൂർവം വായിക്കപ്പെടുന്നു എന്നത് ദുഃസ്സൂചനയാണ്.
ബുൾഡോസർ രാജിന്റെയും വംശീയ ഉന്മൂലനത്തിന്റെയും വക്താവായ യോഗി ആദിത്യനാഥിനെപ്പോലൊരാളുടെ കത്ത് കേരളത്തിൽ അഭിമാനപൂർവം വായിക്കപ്പെടുന്നു എന്നത് ദുഃസ്സൂചനയാണ്.

അടൂർ ഗോപാലകൃഷ്ണൻ ദലിതർക്കെതിരായി പ്രസംഗിച്ചു. എം.എൻ. കാരശ്ശേരിയും സക്കറിയയും ഉൾപ്പെടെയുള്ളവർ ഇതിനോട് യോജിച്ച് പ്രസ്താവനയിറക്കി. അടിസ്ഥാനപരമായി ബ്രാഹ്മണ്യത്തെയും സവർണതയെയും സംരക്ഷിക്കുകയാണ് വിശ്വാസത്തെ സംരക്ഷിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത് എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. അല്ലാതെ, ദലിതരുടെയും ആദിവാസികളുടെയും ബഹുജനങ്ങളുടെയും വിശ്വാസങ്ങളെ സംരക്ഷിക്കുക എന്നതല്ല. ദലിതരുടെയും ആദിവാസികളുടെയും വിശ്വാസങ്ങളെ സംരക്ഷിക്കണമെങ്കിൽ, പൊന്നമ്പലമേട്ടിൽ വിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശത്തെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ടേ? എന്തുകൊണ്ടാണ് അവരുടെ വിശ്വാസത്തിനൊപ്പം ഈ പറയുന്നവരൊന്നും ഇല്ലാത്തത്?

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നാമജപഘോഷയാത്ര മുതൽ പരിശോധിച്ചാലറിയാം, ഒരുപാടു പേരടങ്ങുന്ന ഒരു കൂട്ടം പുരോഗമന നിലപാടുകൾക്കെതിരെ രംഗത്തുവന്നു. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയമുണ്ടായി. സവർണ മുന്നാക്കക്കരുടെ വോട്ട് ബി.ജെ.പിക്കാണ് എന്നാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനം പറയുന്നത്. അപ്പോൾ, ഈ വിഭാഗത്തിന്റെ വോട്ട് ഇടതുപക്ഷത്തിന് കിട്ടും എന്ന് എങ്ങനെ അർഥമാക്കും? അടിസ്ഥാന വിഭാഗത്തിന്റെ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കുന്നുണ്ടെന്നും പരിഷത്ത് പഠനം പറയുന്നു. അതുപോലെ, ഡോ. ടി.എം. തോമസ് ഐസക്ക് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ വിശകലനങ്ങളിലും ഇതുതന്നെയാണ് കാണിക്കുന്നത്. മറ്റൊന്ന് സംഭവിക്കുന്നത് കാണാതെ പോകരുത്. ഭീകരമായ രീതിയിൽ ഹിന്ദുത്വവൽക്കരണം നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. അതിനാനുപാതികമായി സമുദായങ്ങൾക്കുള്ളിലും അത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അത് എങ്ങനെ ഇലക്ഷനിൽ പ്രതിഫലിക്കും എന്നത് പരിശോധിക്കേണ്ട കാര്യമാണ്.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

മലയാള ബ്രാഹ്മണർ പ്രത്യേക ക്ലാസാണ് എന്നാണ്, ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് കോടതിയ്ക്ക് കത്ത് കൊടുത്തത്. തിരുവിതാംകൂർ ദേവസ്വംബോർഡ് മതേതരമാണെങ്കിൽ എന്തുകൊണ്ടാണ്, അതിനുകീഴിലുള്ള കോളേജുകളിലും സ്‌കൂളുകളിലും ഹിന്ദുക്കൾ എന്ന് നിരന്തരം സ്ഥാനപ്പെടുത്തുന്ന ദലിതരുടെയും ആദിവാസികളുടെയും പ്രാതിനിധ്യാവകാശം അംഗീകരിച്ചുകൊടുക്കാത്തത്? തിരുവിതാംകൂർ ദേവസ്വംബോർഡ് അടിസ്ഥാനപരമായി സവർണ ബ്രാഹ്മണ സ്ഥാപനമാണ്. അത് എല്ലാവർക്കും പ്രവേശിക്കാവുന്ന ഇടമല്ല അത് എന്നത്, ആ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ജാതിയും മതവും നോക്കിയാൽ മനസ്സിലാകും.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നാമജപഘോഷയാത്ര മുതൽ പരിശോധിച്ചാലറിയാം, ഒരുപാടു പേരടങ്ങുന്ന ഒരു കൂട്ടം പുരോഗമന നിലപാടുകൾക്കെതിരെ രംഗത്തുവന്നു. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയമുണ്ടായി.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നാമജപഘോഷയാത്ര മുതൽ പരിശോധിച്ചാലറിയാം, ഒരുപാടു പേരടങ്ങുന്ന ഒരു കൂട്ടം പുരോഗമന നിലപാടുകൾക്കെതിരെ രംഗത്തുവന്നു. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയമുണ്ടായി.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

അടിസ്ഥാനപരമായി ബ്രാഹ്മണ്യത്തെ പുൽകുന്ന സാംസ്‌കാരിക പ്രവർത്തകരാണ് നമുക്കുള്ളത്. അവർക്ക് ഒരിക്കലും സാംസ്‌കാരിക ഇടതുപക്ഷമായി നിലനിൽക്കാനാകില്ല. കേരളത്തിൽ അടിത്തട്ടു ജനവിഭാഗങ്ങളിൽനിന്ന് ഉയർന്നുവന്ന ബുദ്ധിജീവികളാണ് യഥാർഥത്തിൽ ഭരണകൂടത്തിന്റെ ഹിംസാത്മകമായ പ്രത്യയശാസ്ത്രത്തിനെതിരെ ഇപ്പോൾ നിലകൊള്ളുന്നത്. ഇന്ത്യയിലാകമാനം അങ്ങനെയാണ് സംഭവിക്കുന്നത്. കേരളത്തിന്റെ നവോത്ഥാനചരിത്രം പരിശോധിച്ചാലറിയാം, ഹിംസാത്മകമായ ബ്രാഹ്മണ്യ പൗരോഹിത്യ വർണവ്യവസ്ഥക്കെതിരെ മുന്നോട്ടുവന്നത് പൊയ്കയിൽ അപ്പച്ചനും അയ്യൻകാളിയും നാരായണഗുരുവും പാമ്പാടി ജോൺ ജോസഫും ഉൾപ്പെട്ട അടിത്തട്ട് സമൂഹത്തിൽനിന്നുള്ള മനുഷ്യരാണ്. ഒരിക്കലും സവർണ ബുദ്ധിജീവി വിഭാഗത്തിൽനിന്ന് അല്ല നവോത്ഥാനത്തിന്റെ ഉണർവുണ്ടായത്. ഈ തുടർച്ചയാണ് ഇപ്പോഴും കാണേണ്ടത്. വർത്തമാനകാല കേരളീയ സമൂഹത്തിലും ഹിംസാത്മകമായ ഹിന്ദുത്വവൽക്കരണത്തിനെതിരെയുള്ളത് കീഴാള ബുദ്ധിജീവികളും കീഴാള സാംസ്‌കാരിക പ്രവർത്തകരുമാണ്. ഡോ. ബി.ആർ. അംബേദ്കർ പറയുന്ന ഒരു കാര്യമുണ്ട്, ഒരിക്കലും സവർണ വിഭാഗത്തിൽനിന്ന് ഒരു ബുദ്ധിജീവിയെ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, സാമൂഹികമായ വിമോചനം പ്രതീക്ഷിക്കുന്നത് അടിത്തട്ടു സമൂഹമാണ്, അതുകൊണ്ട് ബുദ്ധിജീവികളുണ്ടാകുക അവിടെനിന്നാണ് എന്ന് അംബേദ്കർ സുചിന്തിതമായി നിരീക്ഷിക്കുന്നുണ്ട്. കാരണം വിമോചനം ആവശ്യം അടിത്തട്ടുസമൂഹത്തിനാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ സവർണ ബുദ്ധിജീവികളുടെയോ സാംസ്‌കാരിക പ്രവർത്തകരുടെയോ ഒരുതരം പ്രതിരോധവും ഇക്കാര്യത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, Dr TS Syam Kumar writes.


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments