ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?
ജെ. ദേവിക: കേരളത്തിൻ്റെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പാക്കാനിരുന്ന മതേതരത്വം എന്ന ധാരണയെ ഒന്നു പുനഃപരിശോധിക്കാൻ സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. അന്ന് ക്രിസ്ത്യൻ വിദ്യാലയങ്ങൾ നിയന്ത്രിക്കപ്പെടും എന്നു വന്നപ്പോൾ കേരളത്തിലെ നിരീശ്വരവാദികൾ നയിച്ച സർക്കാരിനെ പരസ്യമായി അഭിനന്ദിക്കാൻ ഇന്നത്തെ ഹിന്ദുത്വവാദികളുടെ മുൻഗാമികൾ തയ്യാറായിവന്നത് എന്തു കൊണ്ടായിരിക്കും എന്ന് ആലോചിച്ചുനോക്കേണ്ട സമയമാണ് ഇന്ന്. അതിനു ശേഷവും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ മുസ്ലിംലീഗിനോട് ഇടതുപക്ഷം പാലിച്ച നിലപാടുകളും പഠനാർഹമാണ്. പൊതുവെ മതത്തെ, മതകീയതയെ, ന്യൂനപക്ഷങ്ങളുടെ മേൽ പ്രക്ഷേപിക്കാനുള്ള പ്രവണത, കേരള ഇടതുപക്ഷത്ത് ഒട്ടും കുറവല്ലായിരുന്നു എന്ന് ഈ അന്വേഷണങ്ങൾ വെളിവാക്കാൻ സാധ്യതയുണ്ട്. ഇന്ന്, ഹിന്ദുത്വത്തിൻ്റെ ഹിംസാത്മകതയുടെ, ഇന്ന് ഇന്ത്യയിലാകെ മുസ്ലിം - ക്രിസ്തീയ ന്യൂനപക്ഷങ്ങളെ നിരന്തരം ഇടിച്ചുതാഴ്ത്താനുള്ള മടിയില്ലായ്മയുടെ ഇരുട്ടിൽ, ഈ പ്രവണത നാം കുറേക്കൂടി വ്യക്തമായി കാണുന്നു എന്നുമാത്രം.
ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി- അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ- ഇതുവഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?
ചോദ്യത്തിൽ സൂചിപ്പിക്കുന്നതുപോലെ, ഇവിടെ ആധുനികതയിൽ ഉണ്ടായി വന്ന മത - ഇതര സെക്യുലറിസം, യാഥാർത്ഥ്യത്തെക്കാൾ അധികം ഒരു കൊട്ടിഘോഷണമാണ്. മലയാളി സമൂഹത്തിൽ മതപരമായ സംഘർഷങ്ങൾ താരതമ്യേന കുറവാണെങ്കിൽ, അതിന് മറ്റ് മൂർത്തമായ ചരിത്രകാരണങ്ങളുണ്ട്. അതിനെ സ്വന്തം നേട്ടമായി ചിത്രീകരിക്കാൻ കേരള മാതൃകാ വ്യവഹാരത്തിൻ്റെ കുത്തകക്കാർ എന്നും ശ്രമിച്ചിട്ടുണ്ട്. ഇന്നാകട്ടെ മൂന്നാം തവണ ഭരണം ഇല്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷം ദുർബലമാകും എന്ന ഭീതി ശരിയാകാൻ ഇടയുണ്ട്. കാരണം, മൂല്യതലത്തിലോ, പ്രത്യയശാസ്ത്രതലത്തിലോ, കമ്യൂണിസ്റ്റ് എന്ന് ഇന്നും സ്വയം വിളിക്കുന്ന പാർട്ടികളിൽ പ്രവർത്തിക്കുന്നവരെ പരസ്പരം ബന്ധിപ്പിക്കുന്നില്ല. അധികാരം, അതിൻ്റെ സാധ്യതകൾ ഒന്ന് മാത്രമാണ് അവരെ ഒരുമിപ്പിക്കുന്നത്. അപ്പോൾ ആശാ പ്രവർത്തകരെ അവഗണിക്കും, പക്ഷെ സുകുമാരൻ നായരുടെ തോളിൽ കൈ ഇടാൻ മത്സരിക്കും.

1950- കളിൽ മലയാളി ഹിന്ദുക്കൾ മുന്തിനിന്ന, അവരിലെ സവർണരുടെ സാംസ്കാരിക സാന്നിധ്യം ഹേഗമണിക്ക് ആയിരുന്ന വിശാല ഇടതുപക്ഷം ജാതിപ്രയോഗകേന്ദ്രിതവും യാഥാസ്ഥിതികവും ആയ പഴയ ഹിന്ദു മതത്തിൽ ചില പ്രധാനപ്പെട്ട തിരുത്തുകൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. അതിൻ്റെയും ശരിയായ ക്രെഡിറ്റ് മലയാളത്തിലെ കവികളുടെ ആ തലമുറയ്ക്കാണെന്നത് മറ്റൊരു കാര്യം (ഉദാഹരണം: ഓണസങ്കല്പത്തിൽ കണ്ട മാറ്റം). പക്ഷെ ഇന്ന് അതത്രയും പാഴ്‌വേലയായി എന്ന് ഇടത്തിനെ ഇന്ന് നയിക്കുന്നവർ കരുതുന്നു. പകരം ഹിന്ദുത്വരൂപം പൂണ്ട ആചാര - ജാതി ഹിന്ദു യാഥാസ്ഥിതിക ശക്തികളെ അവർ പ്രണമിക്കുന്നു. മൂന്നാം വരവ് എത്രത്തോളം പ്രധാനമാണ് ഇടതുനേതാക്കൻമാർക്ക്, ആ പാർട്ടികൾക്ക് എന്ന് ഇത് തുറന്നുകാട്ടുന്നു.
'വർഗീയവാദികൾക്കൊപ്പമല്ല, വിശ്വാസികൾക്കൊപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ അധികാരത്തിലുള്ള ഇടതുപക്ഷം ഇപ്പോൾ പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?
ഈ രണ്ടു സങ്കല്പങ്ങളെ കൃത്യമായി നിർവ്വചിക്കുന്നത് ഇവർക്ക് അസൗകര്യമായിരിക്കും. ഇന്നതാണ് വിശ്വാസം, ഇന്നത്താണ് വർഗീയത എന്ന് പറഞ്ഞുവച്ചാൽ അവയെ ഭാവിയിലും മാനിക്കാനുള്ള ബാധ്യത ഇവർക്കുണ്ടാവും. പകരം, സന്ദർഭാനുസരണം ഇഷ്ടമില്ലാത്തവർ വർഗീയവാദികളും, നാം വശത്താക്കാൻ ശ്രമിക്കുന്നവർ വിശ്വാസികളും ആക്കേണ്ടത് അവരുടെ അടവുപരമായ ആവശ്യമാണ്. ഓർക്കണം; വിശ്വാസി എന്ന അംഗീകാരം കേരള ത്തിലെ പ്രബലർക്ക് മാത്രമേ കൊടുക്കൂ എന്നൊരു സംഗതി കൂടിയുണ്ട്. അതായത്, കേരളത്തിലെ ഒരു സംഘം ദലിതർ തങ്ങൾ സ്വയം തീർത്ത വിശ്വാസത്തെ നാടൻ ബുദ്ധമതം എന്ന് വിളിച്ചാൽ അതിൽ അധികാരികൾക്ക് ദലിത് തീവ്രവാദം മണക്കും.
എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?
എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയവയുടെ സ്വാധീനം അവരുടെ ചെറുപ്പക്കാർക്കിടയിൽ കുറയുന്നുണ്ടാകാം, പക്ഷെ ഇവയെല്ലാം വൃദ്ധസമുദയങ്ങളാണ്. ചെറുപ്പക്കാർ പലപ്പോഴും കേരളത്തിന് പുറത്താണ്. മാത്രമല്ല, ഇവ രണ്ടും വൻസ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന സമുദായ കോർപറേറ്റുകളാണ്. അതുകൊണ്ട് അവയുടെ സ്വാധീനം വലുതാണ്. എങ്കിലും രണ്ടാം ഭരണം ജനാധിപത്യത്തിൻ്റെ കഴുത്തുതന്നെ അറുത്ത് കളഞ്ഞേക്കും എന്ന ഭീതി നിലനിൽക്കുന്നതുകൊണ്ട് ഇതൊന്നും ഒരുപക്ഷേ തെരെഞ്ഞെടുപ്പ് വിജയത്തിന് പോരാതെ വരും എന്നാണ് എനിക്ക് തോന്നുന്നത്.
മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?
നേരത്തെ പറഞ്ഞതുപോലെ, ദേവസ്വം ബോർഡിലൂടെ ക്ഷേത്രആരാധനയെ ജനാധിപത്യ വൽക്കരിക്കുന്ന ശ്രമം സർക്കാരും കേരള ഇടതും ഉപേക്ഷിച്ചിരിക്കുന്നു. 1960- കളുടെ അവസാനം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്ത്രീപ്രവേശം യാതൊരു പ്രശ്നവും ഇല്ലാതെ അനുവദിച്ച സാഹചര്യമല്ല. മാത്രമല്ല, കേരളത്തിൽ കാര്യമായി വളർന്നുവരുന്ന ക്ഷേത്ര ആരാധനാ ടൂറിസം ക്ഷേത്രാധികാരികൾക്കും, സർക്കാരിനും, പൊതുവെ ഭക്തിയുടെ സാമ്പത്തികവശങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവർക്കും വളരെ ലാഭകരമായ വ്യവസായമാണ്. ആചാരങ്ങളും അന്ധവിശ്വാസവും സാമ്പത്തിക മൂല്യമുള്ള സാംസ്കാരിക മൂലധനമാണ്. അതൊന്നും വിട്ട് കളി ഇനിയും ഇല്ല. അയ്യപ്പസംഗമം ഒന്നാംതരം മാർക്കറ്റിംഗ് ഇവൻ്റ് ആണ്.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?
കേരളത്തിലെ ഇടത് ഇപ്പോഴാണ് സാംസ്കാരിക പ്രതിപക്ഷം ആയത്? അവർ സ്റ്റാലിനിസ്റ്റ് സൗന്ദര്യ ശാസ്ത്രത്തിൻ്റെ വക്താക്കളായിരുന്നു. അവർ എപ്പോഴും ഭൂരിപക്ഷമായി ഇരിക്കാൻ പണിപ്പെട്ടവരാണ്. സാഹിത്യമായാലും സിനിമ ആയാലും, ജനസ്വീകാരമുള്ള പൊടിപ്പുകളെ തങ്ങളുടെ വാലാട്ടികളാക്കി മാറ്റാൻ മിടുക്കരാണ്. കൂടുതൽ വിശാലസ്വഭാവമുള്ള മലയാളി ഭാവുകത്വം ഉണ്ടാക്കാൻ ശ്രമിച്ചവരെ അമേരിക്കൻ ചാരന്മാർ ആക്കിയതായിരിക്കാം അവർ നടത്തിയ പരമാവധി പ്രതിപക്ഷക്കളി. പ്രതിപക്ഷമല്ല, ഭരണപക്ഷമോഹം മറയ്ക്കാത്ത ആൾക്കൂട്ട ബലമുള്ള സാംസ്കാരിക ധാരണയായിരുന്നു അവർ.
