കെ. രാമചന്ദ്രൻ

ഇടതുപക്ഷം
ഒത്തുതീർപ്പ് ചെയ്യാൻ
നിർബന്ധിതമാവുകയായിരുന്നു

‘‘പരിസ്ഥിതി പ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ സ്ത്രീ ദളിത് അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ എന്നിങ്ങനെ മുഖ്യധാരയിൽ പലരും ഉൾപ്പെടുത്താത്ത, എന്നാൽ സുസ്ഥിര വികസനത്തെ കുറിച്ച് ബദൽ പരിപ്രേക്ഷ്യം ഉള്ള, ഒട്ടേറെ കൂട്ടായ്മകൾ കേരളത്തിൽ നിരന്തരമായി ഒരു സാംസ്കാരിക പ്രതിപക്ഷമായി പ്രവർത്തിക്കുന്നുണ്ട്. ഈ പ്രതിപക്ഷം ഫലപ്രദമായി ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളും’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് കെ. രാമചന്ദ്രൻ മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെന്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയ ശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെന്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തു തീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്'?

കെ. രാമചന്ദ്രൻ: കേരളത്തിൽ ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ അടിസ്ഥാനപരവും സമഗ്രവുമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തായിരുന്നു. പിൽക്കാലത്ത് കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുണപരമായി വ്യത്യസ്തമാക്കിയ എല്ലാ നടപടികളുടെയും ആരംഭം കുറിച്ചു എന്നതായിരുന്നു ആ മന്ത്രിസഭയുടെ മഹത്വം. എന്നാൽ ഈ പരിഷ്കരണങ്ങളിൽ അസ്വസ്ഥരായ യാഥാസ്ഥിതിക വിഭാഗങ്ങൾ ഒറ്റക്കെട്ടായി സർക്കാറിനെതിരെ വിമോചനസമരം നയിക്കുകയും പുരോഗമനപരമായ ഒട്ടേറെ നടപടികൾക്ക് ശ്രമിച്ച ആ സർക്കാരിനെ തകിടം മറിക്കുകയും ചെയ്തു. ജാതി-മത ജന്മിത്വ കൂട്ടുകെട്ടുകൾ അവരുടെ സർവ്വശക്തിയും ഈ ലക്ഷ്യത്തിനുവേണ്ടി സമാഹരിക്കുകയും കേരളത്തിന്റെ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുകയും ചെയ്തു. പിന്നീട് നാം കാണുന്നത്, പുരോഗമന ശക്തികൾ തിരഞ്ഞെടുപ്പ് രംഗത്ത് ദുർബലമാകുന്നതും അവർക്ക് യാഥാസ്ഥിതിക ശക്തികളോട് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതുമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ഐക്യമുന്നണി നിലവിൽ വരികയും നേരത്തെ പുരോഗമനകാരികൾ ഉയർത്തിപ്പിടിച്ച ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുമ്പോഴും തെരഞ്ഞെടുപ്പുവിജയങ്ങൾക്കായി, ജാതി നശീകരണം മതേതരത്വം തുടങ്ങിയ കാഴ്ചപ്പാടുകളിൽ അഴകൊഴമ്പൻ നിലപാടുകളും വിട്ടുവീഴ്ചകളും സ്വീകരിക്കേണ്ടിവന്നു.

ആഗോളതലത്തിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തിരോധാനവും പുരോഗമന ശക്തികളെ പിറകോട്ടടിപ്പിച്ചു. 1990-കളിൽ സാമ്പത്തികരംഗത്ത് നടന്ന ഉദാരവത്കരണ - ആഗോളവത്ക്കരണ - സ്വകാര്യവത്ക്കരണ നയങ്ങൾ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ വ്യാപനം വിപുലീകരിച്ചപ്പോൾ പുരോഗമന ശക്തികളുടെ പ്രതിരോധങ്ങൾ ദുർബലമാവുകയും ആഗോളവും ദേശീയവുമായ ഇത്തരം സാമ്പത്തിക നയങ്ങൾ നടപ്പിലാക്കേണ്ട അവസ്ഥ ഫെഡറൽ സംവിധാനത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വന്നുചേരുകയും ചെയ്തു. അടിസ്ഥാനപരമായി കേരളം നേരിടുന്ന സാമ്പത്തികവും നയപരവുമായ പ്രതിസന്ധി ഈ അവസ്ഥയിൽ നിന്ന് ഉടലെടുത്തതാണ്. അതിന്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ ഉള്ള പ്രതിഫലനമാണ് സമത്വം സ്വാതന്ത്ര്യം മതേതരത്വം തുടങ്ങിയ മൂല്യങ്ങളിൽ ഉണ്ടായ ശോഷണവും മൂലധനത്തിന് താല്പര്യങ്ങളെ സേവിക്കുന്ന രീതിയിൽ വന്നുചേർന്ന മാറ്റങ്ങളും. നവോത്ഥാനമൂല്യങ്ങൾ തുടച്ചുനീക്കാൻ ശ്രമിച്ച ജാതി മത പരിഗണനകൾ സമൂഹത്തിൽ പിടിമുറുക്കിയത് ഈ പശ്ചാത്തലത്തിലാണ്. ഇടതുപക്ഷം, ഒരു പരിധി വരെ, ഒത്തുതീർപ്പ് ചെയ്യാൻ നിർബന്ധിതമാവുകയായിരുന്നു. "വോട്ടുബാങ്ക്" രാഷ്ട്രീയത്തിന്റെ അങ്കണിത സമീകരണങ്ങൾ നടത്തി വിജയം ഉറപ്പിക്കുവാൻ ഇത് ആവശ്യമായി വന്നു.

ഇടതുപക്ഷത്തിന് അധികാരം നിലനിർത്താൻ സ്വീകരിക്കേണ്ടി വന്ന വിട്ടുവീഴ്ചകളും സാമ്പത്തിക സമാഹരണം നടത്താൻ അനുവർത്തിക്കേണ്ടി വന്ന നടപടികളും കടുത്ത വലതുപക്ഷ നിലപാടുകളിലേക്കോ വലതുപക്ഷത്തിന്റെ പുരോഗമന വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്ന സമീപനത്തിലേക്കോ നയിച്ചു.
ഇടതുപക്ഷത്തിന് അധികാരം നിലനിർത്താൻ സ്വീകരിക്കേണ്ടി വന്ന വിട്ടുവീഴ്ചകളും സാമ്പത്തിക സമാഹരണം നടത്താൻ അനുവർത്തിക്കേണ്ടി വന്ന നടപടികളും കടുത്ത വലതുപക്ഷ നിലപാടുകളിലേക്കോ വലതുപക്ഷത്തിന്റെ പുരോഗമന വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്ന സമീപനത്തിലേക്കോ നയിച്ചു.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‌ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ഇടതുപക്ഷത്തിന് അധികാരം നിലനിർത്താൻ സ്വീകരിക്കേണ്ടി വന്ന വിട്ടുവീഴ്ചകളും സാമ്പത്തിക സമാഹരണം നടത്താൻ അനുവർത്തിക്കേണ്ടി വന്ന നടപടികളും കടുത്ത വലതുപക്ഷ നിലപാടുകളിലേക്കോ വലതുപക്ഷത്തിന്റെ പുരോഗമന വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്ന സമീപനത്തിലേക്കോ നയിച്ചു. ആഗോളവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും പശ്ചാത്തലത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും പെരുകി. അത് അധികാരത്തിന്റെ ഒരു സാമാന്യസ്വഭാവം തന്നെയായി മാറി. വികസനം എന്ന സങ്കൽപ്പം തന്നെ അഴിമതിയുടെ സാധ്യതകൾ വെട്ടിത്തുറക്കുന്നതിനുള്ള മാർഗ്ഗമായിത്തീർന്നു. പൊതു വിഭവങ്ങൾ കൊള്ളയടിച്ചും പാരിസ്ഥിതിക ദുരന്തങ്ങൾ വിതച്ചും വരേണ്യ ന്യൂനപക്ഷങ്ങളുടെ താല്പര്യം മാത്രം സംരക്ഷിക്കാൻ വേണ്ടിയുള്ള കോർപറേറ്റ് വികസനപദ്ധതികൾ നാട്ടിലുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്നു ഇതിന്റെ ദുരിതങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും പ്രതിരോധങ്ങളെ ദുർബലമാക്കാനുമുള്ള ഒരു തന്ത്രമായിക്കൂടിയാണ് ഭരണകൂടങ്ങൾ ജാതി, മതം, ആൾദൈവങ്ങൾ, വിശ്വാസം തുടങ്ങിയ ആശയവാദപരമായ പ്രശ്നങ്ങളിൽ വിവാദജനകമായ നിലപാടുകൾ സ്വീകരിക്കുന്നത്. ഇത് മതേതരത്വവും സഹിഷ്ണുതയും കലർന്ന മനോഭാവത്തെ ഏതോ നവോത്ഥാന പൂർവ്വ കാലത്തേക്ക് കൊണ്ടുപോകാനും മതരാഷ്ട്ര വാദികളുടെ പ്രത്യയശാസ്ത്ര നിലപാടുകളെ പരോക്ഷമായി പിന്തുണക്കാനും ഉള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നുണ്ട് എന്നത് വളരെ ജാഗ്രതയോടെ വേണം കാണുവാൻ.

'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

വിശ്വാസവും യുക്തിവാദവും തമ്മിലുള്ള സംഘർഷം ഏറെക്കാലമായി നിലവിലുള്ളതാണ്. പഴയ തലമുറയിലും പുതിയ തലമുറയിലും പെട്ട അനേകമാളുകൾ പുത്തൻ വിശ്വാസങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും കൂപ്പുകുത്തുന്ന ഒരന്തരീക്ഷം കുറേവർഷങ്ങളായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സൈദ്ധാന്തികമായ നിലപാട് എന്തുതന്നെയായാലും പ്രായോഗികരാഷ്ട്രീയത്തിന്റെ ആവശ്യകതകൾക്കനുസരിച്ചാണ് ഇടതുപക്ഷവും അതിന്റെ സമകാലികസമീപനങ്ങൾ രൂപപ്പെടുത്തുന്നത്.

ഇടതുപക്ഷത്തിന് അധികാരം നിലനിർത്താൻ സ്വീകരിക്കേണ്ടി വന്ന വിട്ടുവീഴ്ചകളും സാമ്പത്തിക സമാഹരണം നടത്താൻ അനുവർത്തിക്കേണ്ടി വന്ന നടപടികളും കടുത്ത വലതുപക്ഷ നിലപാടുകളിലേക്കോ വലതുപക്ഷത്തിന്റെ പുരോഗമന വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്ന സമീപനത്തിലേക്കോ നയിച്ചു.
ഇടതുപക്ഷത്തിന് അധികാരം നിലനിർത്താൻ സ്വീകരിക്കേണ്ടി വന്ന വിട്ടുവീഴ്ചകളും സാമ്പത്തിക സമാഹരണം നടത്താൻ അനുവർത്തിക്കേണ്ടി വന്ന നടപടികളും കടുത്ത വലതുപക്ഷ നിലപാടുകളിലേക്കോ വലതുപക്ഷത്തിന്റെ പുരോഗമന വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്ന സമീപനത്തിലേക്കോ നയിച്ചു.

സ്വയം വിശ്വാസികൾ അല്ലാത്തപ്പോഴും വിശ്വാസികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ എന്നും മുന്നിൽ നിന്നതും സമരം ചെയ്തതും ഇടതുപക്ഷം ആയിരുന്നല്ലോ. ഉദാഹരണമായി ക്ഷേത്രപ്രവേശന സമരവും മറ്റും നമ്മുടെ മനസ്സിൽ ഉണ്ടാവും. ഇന്ന് ഈ പാരമ്പര്യത്തിന് അപവാദമായ യാഥാസ്ഥിതിക സമീപനങ്ങളും ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

എൻഎസ്എസ്-എസ്എൻഡി.പി പോലുള്ള ജാതി സംഘടനകൾക്ക് അവയിലെ അംഗങ്ങളുടെ, അതായത് 'ഹിന്ദു'ക്കളുടെ, വോട്ടുകൾ ഏകീകരിക്കാനുള്ള ശക്തി ഉണ്ടെന്നു തോന്നുന്നില്ല. വെള്ളാപ്പള്ളിയും സുകുമാരൻ നായരും മറ്റും ഏതോ ഭൂതകാലത്തിലെ മാടമ്പിമാരുടെ പുതിയ അവതാരങ്ങൾ മാത്രമാണ് എന്ന് ജനത്തിനറിയാം. ക്രിസ്തീയ സഭകളെയും ഇസ്ലാമിക മൗലികവാദ സംഘടനകളെയും സമാനമായ അവസ്ഥയിൽ ജനം തിരിച്ചറിയുന്നുണ്ട്. ആഭ്യന്തര വൈരുദ്ധ്യങളിൽ ഞെരിയുന്ന ഇവയ്ക്കെല്ലാം ജനതയുടെ മേലുള്ള സ്വാധീനം വല്ലാതെ അതിശയോക്തി കലർത്തി ആണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾ കാണുന്നത്. ഇവർക്കൊന്നും ഇന്ന് സാമാന്യജനങ്ങളിൽ ഗണ്യമായ സ്വാധീനം ഇല്ലെന്ന് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ബോധ്യപ്പെടും .

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

ഹിന്ദുത്വത്തിന്റെ നടത്തിപ്പുകാർ വിശ്വാസികളല്ല; അധികാരത്തിനുവേണ്ടി വിശ്വാസം ചൂഷണം ചെയ്യുന്നവർ മാത്രമാണ്. അവരുടെ അതേ തന്ത്രങ്ങൾ ഇടതുപക്ഷം അവലംബിക്കുകയാണെങ്കിൽ അത് വിശ്വാസ്യത തകർക്കുകയും അതിനെ ക്ഷീണിപ്പിക്കുകയും മാത്രമേ ചെയ്യൂ.
ഹിന്ദുത്വത്തിന്റെ നടത്തിപ്പുകാർ വിശ്വാസികളല്ല; അധികാരത്തിനുവേണ്ടി വിശ്വാസം ചൂഷണം ചെയ്യുന്നവർ മാത്രമാണ്. അവരുടെ അതേ തന്ത്രങ്ങൾ ഇടതുപക്ഷം അവലംബിക്കുകയാണെങ്കിൽ അത് വിശ്വാസ്യത തകർക്കുകയും അതിനെ ക്ഷീണിപ്പിക്കുകയും മാത്രമേ ചെയ്യൂ.

വിശ്വാസികളെയും അവിശ്വാസികളെയും എല്ലാം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. എന്നാൽ, അതിനുവേണ്ടി മറുകണ്ടം ചാടി അയ്യപ്പ സംഗമവും മറ്റും നടത്തുന്നത് "വോട്ടുപെട്ടി" ച്ചെപ്പടിവിദ്യകൾ മാത്രമാണ്. ഇത് തിരിച്ചറിഞ്ഞ ജനം ഇത്തരം പരിപാടികളെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും നാം കണ്ടു. ഹിന്ദുത്വത്തിന്റെ നടത്തിപ്പുകാർ വിശ്വാസികളല്ല; അധികാരത്തിനുവേണ്ടി വിശ്വാസം ചൂഷണം ചെയ്യുന്നവർ മാത്രമാണ്. അവരുടെ അതേ തന്ത്രങ്ങൾ ഇടതുപക്ഷം അവലംബിക്കുകയാണെങ്കിൽ അത് വിശ്വാസ്യത തകർക്കുകയും അതിനെ ക്ഷീണിപ്പിക്കുകയും മാത്രമേ ചെയ്യൂ. ഹിന്ദുക്കൾ മുഴുവൻ ഹിന്ദുത്വ രാഷ്ട്രീയ ത്തോടൊപ്പമല്ല മതനിരപേക്ഷതയിലും സാഹോദര്യത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമീപനം കേരളത്തിലെ പൊതുജനങ്ങളിൽ പുരോഗമന പക്ഷം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പ്രചരണപരമായി എന്ത് വീഴ്ചകൾ വന്നാലും, അടിസ്ഥാനപരമായി കേരളത്തിലെ സാമൂഹിക സാംസ്കാരിക ബന്ധങ്ങൾ മതേതരത്വത്തിൽ അധിഷ്ഠിതമായിത്തന്നെ തുടരുമെന്ന് കരുതണം.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

അതിശക്തമായ വലതുപക്ഷവത്ക്കരണം നടക്കുമ്പോൾ സാംസ്കാരിക പ്രതിപക്ഷം നിശബ്ദമാവുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ സാംസ്കാരിക മേഖല സാമൂഹിക- രാഷ്ട്രീയ-സാമ്പത്തിക മേഖലയുടെ ഒരു തുടർച്ച മാത്രമാണ് എന്നതാണ് അതിനുള്ള ഉത്തരം. എങ്കിലും, പൂർണ്ണമായ വലതുപക്ഷവൽക്കരണം കേരളത്തിൽ സാധ്യമല്ല. ഇടതു കക്ഷികൾ മാത്രമല്ല ഐക്യജനാധിപത്യ മുന്നണിയിലും ഹിന്ദു മുന്നണിയിൽ പോലുമുള്ള കക്ഷികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു പുരോഗമന സമീപനം സ്വീകരിക്കാൻ കേരളത്തിൽ നിർബന്ധിതമാകുന്ന അവസ്ഥ ഉണ്ട്. കേരളം ഇതിനോടകം ആർജിച്ച സാംസ്കാരിക ബഹുസ്വരതയും സഹഭാവവുമാണ് ഈ സ്ഥിതി ഉളവാക്കിയിട്ടുള്ളത്. വിഭജിച്ചു ഭരിക്കാനുള്ള കുൽസിത ശ്രമങ്ങൾ, അതുകൊണ്ടുതന്നെ, ഇവിടെ പരാജയപ്പെടുകയേ ഉള്ളൂ. സ്വാതന്ത്ര്യ സമരത്തിന്റെയും ഭരണഘടനയുടെയും അന്തസത്തയെ തിരസ്കരിച്ചുകൊണ്ട് ആർഎസ്എസ് നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായി പ്രത്യേക നാണയവും സ്റ്റാമ്പും ഇറക്കിയതിനെയും തെരഞ്ഞെടുപ്പ് പട്ടികയുടെ സവിശേഷ തീവ്രപരിഷ്കരണത്തെയും (SIR) മറ്റും സർക്കാരിന് തള്ളി പ്പറയേണ്ടി വരുന്നത് അതുകൊണ്ടാണ്.

പരസ്യ പ്രഖ്യാപനങ്ങൾക്കപ്പുറം, കേരളീയ മനസ്സിന്റെ മൂർത്തമായ സവിശേഷതകൾ കൂടി പരിഗണിച്ചുകൊണ്ട് മാത്രമേ സർക്കാരിന് പ്രായോഗിക നടപടികൾ കൈക്കൊള്ളാൻ കഴിയൂ എന്നതാണ് വാസ്തവം. അതിനാൽ വലതുപക്ഷ വത്കരണത്തെക്കുറിച്ചുള്ള അമിതമായ ആശങ്കകൾ അസ്ഥാനത്താണ് എന്ന് ഞാൻ കരുതുന്നു. പരിസ്ഥിതി പ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ സ്ത്രീ ദളിത് അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ എന്നിങ്ങനെ മുഖ്യധാരയിൽ പലരും ഉൾപ്പെടുത്താത്ത, എന്നാൽ സുസ്ഥിര വികസനത്തെ കുറിച്ച് ബദൽ പരിപ്രേക്ഷ്യം ഉള്ള, ഒട്ടേറെ കൂട്ടായ്മകൾ കേരളത്തിൽ നിരന്തരമായി ഒരു സാംസ്കാരിക പ്രതിപക്ഷമായി പ്രവർത്തിക്കുന്നുണ്ട്. ഈ പ്രതിപക്ഷം ഫലപ്രദമായി ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളും.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, K. Ramachandran writes.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments