സച്ചിദാനന്ദൻ

കേരളത്തിൽനിന്ന്
ചില അപകട സൂചനകൾ

‘‘കമ്യൂണിസ്റ്റ് പാർട്ടികളെ ഉപയോഗിച്ച്, ദേശീയതലത്തിൽ മുഖ്യശത്രുവായ കോൺഗ്രസിനെ സംസ്ഥാനതലത്തിൽ തോൽപ്പിക്കുക എന്ന മതാധിപത്യവാദികളുടെ തന്ത്രം തിരിച്ചറിയാതെ വലതുപക്ഷത്തോട് പരോക്ഷമായെങ്കിലും ധാരണ ഉണ്ടാക്കിയാൽ, അത് എത്രയോ രക്തസാക്ഷികളുടെ ചോര കൊടുത്തു വളർത്തിയ കേരളത്തിലെ കമ്യൂണിസത്തെ വഞ്ചിക്കുന്നതിനു തുല്യമായിരിക്കും’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് സച്ചിദാനന്ദൻ മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

സച്ചിദാനന്ദൻ: ഇത് കുറച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. സെക്യുലറിസം ഇന്ത്യയിൽ എന്താണ്? യുക്തിവാദം? നിരീശ്വരവാദം? മതമില്ലായ്മ? കേവല ഭൗതികവാദം? എങ്കിൽ ഇന്ത്യ ഒരിക്കലും സെക്യുലർ ആകാൻ പോകുന്നില്ല. ഇത് ശ്രീനാരായണ ഗുരുവും ഗാന്ധിയും നെഹ്രുവും ഉൾപ്പെടെയുള്ളവർക്ക് അറിയാമായിരുന്നു. അപ്പോൾ സെക്യുലറിസത്തിന് ഇന്ത്യൻ സന്ദർഭത്തിൽ ഈ അർത്ഥങ്ങൾ കാണാം: മതമൈത്രി, വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മൈത്രി, മതങ്ങളെ നൈതികമൂല്യങ്ങളുടെ ഒരു പ്രഭവമായി കാണുന്ന സമീപനം, നിയമത്തിനു മുന്നിൽ മതവ്യത്യാസം ഇല്ലാതിരിക്കലും കോടതികളുടെ ആ രീതിയിലുള്ള പെരുമാറ്റവും.

ഇനി ലോകത്ത് എവിടെയെങ്കിലും കൊച്ചു നാടുകളിൽ ബാക്കിയുള്ള  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും തകരുകയാണെങ്കിൽ അതും മതം കൊണ്ടാവില്ല, ജനാധിപത്യത്തിന്റെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെയും അഭാവം കൊണ്ടായിരിക്കും.
ഇനി ലോകത്ത് എവിടെയെങ്കിലും കൊച്ചു നാടുകളിൽ ബാക്കിയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും തകരുകയാണെങ്കിൽ അതും മതം കൊണ്ടാവില്ല, ജനാധിപത്യത്തിന്റെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെയും അഭാവം കൊണ്ടായിരിക്കും.

മതങ്ങളെ കണ്ടില്ലെന്നു നടിച്ച് ഇന്ത്യയിൽ ഒരു പ്രസ്ഥാനവും വേരോടുകയില്ല, സ്വാതന്ത്ര്യസമരവും നടക്കില്ലായിരുന്നു. ഒരു പൊതുലക്ഷ്യത്തിന്നായി മതത്തിനുമപ്പുറം പോകാൻ നിർണ്ണായക സന്ദർഭങ്ങളിൽ നമുക്കു കഴിഞ്ഞിട്ടുണ്ട്- ഇന്ത്യാ വിഭജനം കണക്കുകൂട്ടി ഉണ്ടാക്കിയ- മതം അല്ല, വർഗീയത- വിഭജനമാണ്, സ്വതന്ത്ര ഇന്ത്യ ഹിന്ദുക്കളുടെതാകുമെന്നു ഭയം തോന്നിച്ച ഹിന്ദു മഹാസഭ, ആ ഭയം തന്റെ അധികാര പ്രാപ്തിക്കായി ചൂഷണം ചെയ്ത ജിന്നയുടെ കൌശലം, ബ്രിട്ടീഷുകാരുടെ തന്ത്രപരമായ ആസൂത്രണം. അപ്പോൾ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോലും മതങ്ങളെ ഒഴിവാക്കി മുന്നേറുക സാദ്ധ്യമല്ല. അത് യാന്ത്രികമാവും. ലെനിൻ പോലും റഷ്യയിൽ മതത്തിന്റെ നിലനിൽപ്പിനെ അംഗീകരിച്ചാണ് മുന്നേറിയത് എന്ന് ഓർക്കുക. പിന്നീട് സോവിയറ്റ് യൂണിയനെ തകർത്തത് മതം ആയിരുന്നില്ല, ആഭ്യന്തരമായ ദേശീയരാഷ്ട്രീയങ്ങൾ തന്നെ ആയിരുന്നു; ജനങ്ങളുടെ അസംതൃപ്തിയും. ഇതു തന്നെയാണ് ചൈനയുടെയും ദുരന്തകഥ. അതും തൊഴിലാളികൾക്ക് മൌലികാവകാശങ്ങൾ പോലും ഇല്ലാത്ത ഭരണകൂട മുതലാളിത്തമായി മാറിയത് മതസ്വാധീനം കൊണ്ടല്ല. ഇനി ലോകത്ത് എവിടെയെങ്കിലും കൊച്ചു നാടുകളിൽ ബാക്കിയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും തകരുകയാണെങ്കിൽ അതും മതം കൊണ്ടാവില്ല, ജനാധിപത്യത്തിന്റെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെയും അഭാവം കൊണ്ടായിരിക്കും.

അപ്പോൾ മതങ്ങളെ ഒരു വസ്തുത എന്ന നിലയിൽ കണക്കിലെടുക്കുന്നതിൽ തെറ്റില്ല. നമ്മുടെ ഭരണഘടനയും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. എന്നാൽ ജാതിസംഘടനകളെ കൂടെ നിർത്താനായി പ്രീതിപ്പെടുത്തുകയും അവയുടെ നേതാക്കളെ എല്ലാ അതിരും വിട്ടു പ്രശംസിക്കുകയും ചെയ്യുന്നതിൽ വലിയ അപകടമുണ്ട്. ഒരു രാഷ്ട്രീയകക്ഷിയോടു / കക്ഷികളോട് കൂട്ടു കൂടും പോലെ (ഉദാ: ഇന്ത്യാ സഖ്യം) അല്ല അത്. മറ്റു സമുദായങ്ങളിൽ പെട്ടവർക്കും മറ്റു മതങ്ങൾക്കും അത് തെറ്റായ സന്ദേശം നൽകും.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

മതവിദ്വേഷമോ, സമുദായവിദ്വേഷമോ അധികാരലബ്ധിക്കായി പുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തത്വവിരുദ്ധവും ആത്മഹത്യാപരവുമാണ്. ഭൂരിപക്ഷ മതവാദത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചുകൂടാ. മതാധിപത്യവാദികളുടെ തന്ത്രം അൽപ്പം ചിന്തിക്കുന്നവർക്കെല്ലാം വ്യക്തമാണ്: കമ്യൂണിസ്റ്റ് പാർട്ടികളെ ഉപയോഗിച്ച്, ദേശീയതലത്തിൽ മുഖ്യശത്രുവായ കോൺഗ്രസിനെ സംസ്ഥാനതലത്തിൽ തോൽപ്പിക്കുക, പിന്നീട് കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കുക- അത് ഇന്നത്തെ ഇന്ത്യയിൽ അനായാസമാണ്. കാരണം ദേശീയതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ മിക്കവാറും അദൃശ്യമാണ്. നിയമം ദുരുപയോഗപ്പെടുത്തിയോ അട്ടിമറി നടത്തിയോ ഒക്കെ വലതുപക്ഷത്തിനു അവയെ ഇല്ലാതാക്കാം.

മതാധിപത്യവാദികളുടെ തന്ത്രം അൽപ്പം ചിന്തിക്കുന്നവർക്കെല്ലാം വ്യക്തമാണ്: കമ്യൂണിസ്റ്റ് പാർട്ടികളെ ഉപയോഗിച്ച്, ദേശീയതലത്തിൽ മുഖ്യശത്രുവായ കോൺഗ്രസിനെ സംസ്ഥാനതലത്തിൽ തോൽപ്പിക്കുക, പിന്നീട് കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കുക- അത് ഇന്നത്തെ ഇന്ത്യയിൽ അനായാസമാണ്.
മതാധിപത്യവാദികളുടെ തന്ത്രം അൽപ്പം ചിന്തിക്കുന്നവർക്കെല്ലാം വ്യക്തമാണ്: കമ്യൂണിസ്റ്റ് പാർട്ടികളെ ഉപയോഗിച്ച്, ദേശീയതലത്തിൽ മുഖ്യശത്രുവായ കോൺഗ്രസിനെ സംസ്ഥാനതലത്തിൽ തോൽപ്പിക്കുക, പിന്നീട് കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കുക- അത് ഇന്നത്തെ ഇന്ത്യയിൽ അനായാസമാണ്.

ഈ തന്ത്രം തിരിച്ചറിയാതെ വലതുപക്ഷത്തോട് പരോക്ഷമായെങ്കിലും ധാരണ ഉണ്ടാക്കിയാൽ, അത് എത്രയോ രക്തസാക്ഷികളുടെ ചോര കൊടുത്തു വളർത്തിയ കേരളത്തിലെ കമ്യൂണിസത്തെ വഞ്ചിക്കുന്നതിനു തുല്യമായിരിക്കും. അമൃതാനന്ദമയിയുടെ രാഷ്ട്രീയം പോലും തിരിച്ചറിയാതായെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സമ്പൂർണ്ണമായ ആന്ധ്യം ബാധിച്ചു എന്നാണർത്ഥം.

'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

മുദ്രാവാക്യം ശരിയാണ്. മതവിശ്വാസികൾ എല്ലാം വർഗ്ഗീയവാദികളല്ല എന്നതും ശരി തന്നെ. പക്ഷെ ആശ്ലേഷിക്കാൻ തെരഞ്ഞെടുക്കുന്നത് എന്തിന്റെ പ്രതീകത്തെ എന്നത് പ്രധാനമാണ്. ഈ പ്രവൃത്തികൾ, ചെയ്തവരെത്തന്നെയാണ് ബാധിക്കുക.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

ദലിതുകളെയും ആദിവാസികളെയും കീഴാളവിഭാഗങ്ങളെയുമാണ് ഇടതുപക്ഷം ചേർത്തു നിർത്തേണ്ടത്, ഉന്നമനം നേടിയ സമുദായങ്ങളെ അല്ല. ആദ്യം പറഞ്ഞ വിഭാഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ അകലുകയാണ്. ഇടതുഭരണക്കാലത്തുണ്ടായ ആദിവാസി സമരങ്ങളും അവയോടു സർക്കാർ എടുത്ത സമീപനങ്ങളും മാത്രം നോക്കുക.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

ഈ തന്ത്രം തിരിച്ചറിയാതെ വലതുപക്ഷത്തോട് പരോക്ഷമായെങ്കിലും ധാരണ ഉണ്ടാക്കിയാൽ, അത്  എത്രയോ രക്തസാക്ഷികളുടെ ചോര കൊടുത്തു വളർത്തിയ കേരളത്തിലെ  കമ്യൂണിസത്തെ വഞ്ചിക്കുന്നതിനു തുല്യമായിരിക്കും.
ഈ തന്ത്രം തിരിച്ചറിയാതെ വലതുപക്ഷത്തോട് പരോക്ഷമായെങ്കിലും ധാരണ ഉണ്ടാക്കിയാൽ, അത് എത്രയോ രക്തസാക്ഷികളുടെ ചോര കൊടുത്തു വളർത്തിയ കേരളത്തിലെ കമ്യൂണിസത്തെ വഞ്ചിക്കുന്നതിനു തുല്യമായിരിക്കും.

കീഴാളവിരുദ്ധമായ പ്രവണതകൾ വർദ്ധിക്കുന്നത് കമ്യൂണിസത്തിന്റെ മരണസൂചനയാണ്.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

സാംസ്കാരിക പ്രതിപക്ഷം നിശ്ശബ്ദമല്ല, ഏതാണ് സാംസ്കാരിക പ്രതിപക്ഷം എന്നതാണ് പ്രശ്നം. “ഭരണവും സമരവും” എന്ന ഇ.എം.എസിന്റെ മുദ്രാവാക്യം ശരിയായിരുന്നു, എന്നാൽ തങ്ങളുടെ നേതൃത്വത്തിലല്ലാത്ത എല്ലാ ജനസമരങ്ങളെയും അടിച്ചമർത്തുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. ഞാൻ ഇപ്പോൾ ഓർക്കുന്നത് ഏതു സമരപ്പന്തൽ കണ്ടാലും കാരണം ചോദിച്ചറിഞ്ഞു സമരം ചെയ്യുന്നവരുടെ കൂടെയിരിക്കുന്ന എ. കെ. ജി. യെയാണ്. അത്തരക്കാർ ഇപ്പോഴും ഉണ്ടാകാം, പക്ഷെ അത്തരക്കാരെ നാം അരങ്ങിൽ കാണുന്നില്ല. വേറെ രീതികളിലാകാം പ്രതിപക്ഷ രാഷ്ട്രീയം തിരിച്ചുവരുന്നത്; സാംസ്കാരിക പ്രതിപക്ഷത്തെ സർക്കാരിന്റെ എല്ലാ പ്രവൃത്തിയും ന്യായീകരിക്കുന്ന ആളുകൾക്കിടയിൽ തിരയേണ്ടതില്ല. ആ സൗവർണ്ണ പ്രതിപക്ഷം ഒരിക്കലും മൂകരാവില്ല, നിശ്ചലരുമാവില്ല.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, K. Satchidanandan writes.


സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments