കൽപ്പറ്റ നാരായണൻ

‘ആ ഞങ്ങളല്ല
ഈ ഞങ്ങൾ’

‘‘പിണറായിയുടെ ഇടതുപക്ഷത്തേക്കാൾ രാഹുൽ ഗാന്ധിയുടെ ഇടതുപക്ഷമാണ് എൻ്റെ വഴി എന്നുമെങ്ങാൻ പറഞ്ഞാൽ ഇക്കൊച്ചുകേരളത്തിൽ പിന്നെ തലയുയർത്തി നടക്കാനാവുമോ? ഇടത് എന്ന മിത്ത് തകരും വരെ അതെളുപ്പമല്ല’’- ട്രൂകോപ്പി​ വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് കൽപ്പറ്റ നാരായണൻ മറുപടി എഴുതുന്നു.

ട്രൂകോപ്പി ​വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിൻ്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

കൽപ്പറ്റ നാരായണൻ: വിമോചന സമരം താഴെയിറക്കിയ ഭരണം പിന്നീടധികാരത്തിൽ വന്നപ്പോൾ തെറ്റുകൾ തിരുത്തി കൂടുതൽ ഇടതായി മാറുകയല്ല ചെയ്തത്. വിമോചന സമരത്തെത്തുടർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന മുന്നണിയുടെ കൗശലങ്ങൾ പകർത്തുകയായിരുന്നു. അധികാരം പിടിച്ചെടുത്തവരെ അനുകരിക്കാനായിരുന്നു വ്യഗ്രത. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും അധികാരത്തിലെ ത്താനുള്ള ശ്രമം പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളും കാട്ടി. അതതിൻ്റെ പരമകാഷ്ഠയിലെത്തിയിരിക്കുന്നു ഇന്ന്.

ഐഡിയോളജിയെ പൂർണ്ണമായി മറന്ന് എന്തു ചെയ്തും വോട്ട്, എന്തു ചെയ്തും അധികാരം എന്നതാക്കി നയം. അതിന് ജാത്യധിഷ്ഠിതമോ മതാധിഷ്ഠിതമോ ആൾ ദൈവാധിഷ്ഠിതമോ ഏതു വഴിയും സ്വീകാര്യം.
ഐഡിയോളജിയെ പൂർണ്ണമായി മറന്ന് എന്തു ചെയ്തും വോട്ട്, എന്തു ചെയ്തും അധികാരം എന്നതാക്കി നയം. അതിന് ജാത്യധിഷ്ഠിതമോ മതാധിഷ്ഠിതമോ ആൾ ദൈവാധിഷ്ഠിതമോ ഏതു വഴിയും സ്വീകാര്യം.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിൻ്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിൻ്റെയും ന്യൂനപക്ഷ വിരോധത്തിൻ്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി- അമൃതാനന്ദമയി​ എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി- മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ചെകുത്താനെ ചെകുത്താനാണെന്ന് പറയാനുള്ള സത്യസന്ധതയെങ്കിലും മുൻപുണ്ടായിരുന്നു. തല വഴി മുണ്ടിടാനുള്ള സങ്കോചവും. ഇന്ന് ചെകുത്താൻ മാലാഖയായി. സാംസ്കാരിക വകുപ്പ് മന്ത്രി അമൃതാനന്ദത്തോട് കാട്ടിയത് കണ്ടിട്ട് ലജ്ജിച്ച് തലതാഴ്ത്താത്ത ഒരാളെയും സങ്കൽപ്പിക്കാൻ മുൻപാണെങ്കിൽ ആവുമായിരുന്നില്ല. വോട്ടറെ സ്വാധീനിക്കാൻ ഏത് ഹീനകൃത്യവും ചെയ്യാമെന്നായി. ഐഡിയോളജിയെ പൂർണ്ണമായി മറന്ന് എന്തു ചെയ്തും വോട്ട്, എന്തു ചെയ്തും അധികാരം എന്നതാക്കി നയം. അതിന് ജാത്യധിഷ്ഠിതമോ മതാധിഷ്ഠിതമോ ആൾ ദൈവാധിഷ്ഠിതമോ ഏതു വഴിയും സ്വീകാര്യം.

'വര്‍ഗീയവാദികള്‍ക്ക് ഒപ്പമല്ല, വിശ്വാസികള്‍ക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാര്‍ട്ടി പറയുന്നത്. വര്‍ഗീയവാദത്തെയും വിശ്വാസത്തെയും വേര്‍തിരിക്കാന്‍ ഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിര്‍വചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

ഭരണഞ്ഞിലിരിക്കുന്നവർക്ക് ഭരണത്തിലേക്ക് തിരിച്ചുവരാനൊരു പ്രയാസവുമില്ലെന്ന്  തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ആനുകൂല്യങ്ങളുടെ പെരുമഴ വർഷിച്ച് മോദി ഭരണകൂടം മാതൃക കാട്ടിത്തരുന്നില്ലേ.
ഭരണഞ്ഞിലിരിക്കുന്നവർക്ക് ഭരണത്തിലേക്ക് തിരിച്ചുവരാനൊരു പ്രയാസവുമില്ലെന്ന് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ആനുകൂല്യങ്ങളുടെ പെരുമഴ വർഷിച്ച് മോദി ഭരണകൂടം മാതൃക കാട്ടിത്തരുന്നില്ലേ.

വിശ്വാസമില്ലാത്തവർക്കൊപ്പമല്ല, ആരുടെയൊപ്പമായിരുന്നോ പണ്ട് ഞങ്ങൾ, ആ ഞങ്ങളല്ല ഈ ഞങ്ങൾ എന്നസന്നിഗ്ദമായി പ്രഖ്യാപിക്കുന്ന പരിപാടികൾ തുടർച്ചയായി നടത്തുകയാണീ ഭരണകക്ഷി.

എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെച്ചേര്‍ത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയന്‍സിന് കേരളത്തില്‍ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

ആ വഴിയെ ചില തെക്കൻ ജില്ലകളിൽ ഏതാനും വോട്ടു കൂടുതൽ കിട്ടിയേക്കാം. അതൊന്നും നിർണ്ണായകമാവില്ല. പക്ഷെ, ഭരണഞ്ഞിലിരിക്കുന്നവർക്ക് ഭരണത്തിലേക്ക് തിരിച്ചുവരാനൊരു പ്രയാസവുമില്ലെന്ന് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ആനുകൂല്യങ്ങളുടെ പെരുമഴ വർഷിച്ച് മോദി ഭരണകൂടം മാതൃക കാട്ടിത്തരുന്നില്ലേ. കിറ്റായി, ക്ഷാമബത്തയായി, നടപ്പാക്കാത്ത വാഗ്ദാനങ്ങളായി, കൈക്കൂലിയുടെ നിരവധി രൂപങ്ങളായി ഇവിടെയും പെയ്യും തെരഞ്ഞെടുപ്പുവർഷം അതേ മഴ. തൽക്കാലം മാത്രമുള്ള അരാഷ്ട്രീയ മലയാളി കോരിത്തരിക്കും. ‘ഒരു താരകയെക്കണ്ടത് രാവ് മറക്കും
പാഴ്ച്ചിരി കണ്ടത് മൃതിയെ മറന്ന്
സുഖിച്ചേ പോകും’.
മൂന്നാമതും പിണറായി സംഭവിക്കും.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സര്‍ക്കാര്‍) സംവിധാനമായാണ് തീരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉറപ്പിച്ചെടുക്കുന്നത്. എന്നാല്‍, ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതല്‍ ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങള്‍, യഥാര്‍ഥത്തില്‍ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

ഇടതുപക്ഷ പ്രവർത്തനമാണ് ഇടതുപക്ഷത്തെ സൃഷ്ടിക്കുന്നതെന്നും അതിനാൽ പിണറായിയുടെ ഇടതുപക്ഷത്തേക്കാൾ രാഹുൽ ഗാന്ധിയുടെ ഇടതുപക്ഷമാണ് എൻ്റെ വഴി എന്നുമെങ്ങാൻ പറഞ്ഞാൽ ഇക്കൊച്ചുകേരളത്തിൽ പിന്നെ തലയയുയർത്തി നടക്കാനാവുമോ?
ഇടതുപക്ഷ പ്രവർത്തനമാണ് ഇടതുപക്ഷത്തെ സൃഷ്ടിക്കുന്നതെന്നും അതിനാൽ പിണറായിയുടെ ഇടതുപക്ഷത്തേക്കാൾ രാഹുൽ ഗാന്ധിയുടെ ഇടതുപക്ഷമാണ് എൻ്റെ വഴി എന്നുമെങ്ങാൻ പറഞ്ഞാൽ ഇക്കൊച്ചുകേരളത്തിൽ പിന്നെ തലയയുയർത്തി നടക്കാനാവുമോ?

പ്രി- റിനൈസൻസ് പിരീഡ് കേടുപറ്റാതെ നിലനിൽക്കുന്ന ഇടമാണ് ക്ഷേത്രം. അവിടെ തൊട്ടുകൂടായ്മയും തീണ്ടലുമുണ്ട്. ബ്രാഹ്മണാധിപത്യമുണ്ട്. അന്ധവിശ്വാസത്തിലധിഷ്ഠിതമായ അനുഷ്ഠാനങ്ങളുമുണ്ട്. റിനൈസൻസിനെ റിവൈവലിസം കൊണ്ട് തകർക്കാനെന്തൊരു സുഖം. ഹാ, അയ്യപ്പസംഗമം.

കേരളത്തില്‍ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോള്‍ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോള്‍ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമര്‍ശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാല്‍, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികള്‍, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ അതിശക്തമായ വലതുപക്ഷവല്‍ക്കരണം അരങ്ങേറുമ്പോള്‍ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

രണ്ട് കാരണങ്ങളാണ് ഇടം ചരിഞ്ഞ് നിൽക്കുന്ന ബുദ്ധിജീവികളെ പ്രലോഭിപ്പിക്കുന്നത്. ഇടതുപക്ഷം എന്ന ബ്രാൻഡ് നൈമിൻ്റെ ആകർഷണം. ഭരണകക്ഷിയെ വിമർശിച്ചാൽ ഇടത് വിരുദ്ധരായി മുദ്ര കുത്തപ്പെടുമോ? സ്റ്റാലിനെ ഇടതും ഗാന്ധിയേയും അംബേദ്ക്കറേയും വലതുമാക്കുന്ന വിദ്യയെക്കുറിക്കുറിച്ച് അവരെന്തിന് സംശയിക്കണം?ഇടതുപക്ഷ പ്രവർത്തനമാണ് ഇടതുപക്ഷത്തെ സൃഷ്ടിക്കുന്നതെന്നും അതിനാൽ പിണറായിയുടെ ഇടതുപക്ഷത്തേക്കാൾ രാഹുൽ ഗാന്ധിയുടെ ഇടതുപക്ഷമാണ് എൻ്റെ വഴി എന്നുമെങ്ങാൻ പറഞ്ഞാൽ ഇക്കൊച്ചുകേരളത്തിൽ പിന്നെ തലയയുയർത്തി നടക്കാനാവുമോ? ഇടത് എന്ന മിത്ത് തകരും വരെ അതെളുപ്പമല്ല. രണ്ടാമത്തേതാണ് കൂടുതൽ പ്രധാനം. സ്വജനപക്ഷപാതം ഭരിക്കുന്ന നാട്ടിൽ സ്വജനമാകാനുള്ള വിളി. ആർക്കത് കേൾക്കാതിരിക്കാനാവും? ആർക്കതിൽനിന്ന് മാറിനിൽക്കാനാവും.

അസ്സുഖം പരവതാനി വിരിച്ചിരിക്കയല്ലേ കേരളം മുഴുവൻ. ഇതിനൊക്കെയുള്ളതല്ലേ, ഉള്ളതാവണ്ടതല്ലേ ബുദ്ധിജീവിതം.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, Kalpatta Narayanan writes.


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments