സോമശേഖരൻ

കാലഹരണപ്പെടുന്ന മോദി സ്കൂളിൽ
ജാതി മത സോഷ്യൽ എഞ്ചിനീയറിംഗിന് പഠിക്കുന്നവർ

‘‘വർഗ്ഗീയതയുടെ കളിക്കളമായ മധ്യകാലികതയുടെ മാലിന്യക്കൂമ്പാരങ്ങളുടെ ഇരുട്ടിലാണിന്ന് കേരള കമ്യൂണിസം. ഇത്തരമൊരു ലോകത്ത് സ്ഥാനമുറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ആൾദൈവങ്ങളെയും വെള്ളാപ്പള്ളിയെയുമൊക്കെയല്ലാതെ മറ്റാരെയാണതിന് കൂട്ടു കിട്ടുക?’’- ട്രൂകോപ്പി​ വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് സോമശേഖരൻ മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെന്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയ ശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെന്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തു തീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്'?

സോമശേഖരൻ: ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെക്കുറിച്ചു പറയുമ്പോഴും അതിനെ അത്രകണ്ട് ആദർശവല്കരിക്കുന്നത് കാര്യങ്ങളെ ശരിയായി മനസ്സിലാക്കാൻ സഹായിക്കില്ല എന്നു തോന്നുന്നു. ജാതിയുമായുള്ള ചില ധാരണകൾ കൂടി ആ തെരഞ്ഞെടപ്പ് വിജയത്തിന് കാരണമായിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ജാതിയും മതവുമെല്ലാം അത്രക്ക് പ്രബലമായിരുന്ന സാഹചര്യത്തിൽ അവയെയൊന്നും തീർത്തും കണ്ടില്ലെന്നു നടിച്ച് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ വിജയിക്കുക ഒരത്ഭുതം മാത്രമാകും. എന്നാൽ ദേശീയപ്രസ്ഥാനത്തിന്റെ പശ്ചാത്തലം വിസ്മൃതമായിട്ടില്ലാത്ത അന്ന് ശക്തമായിരുന്ന ദേശീയ താല്പര്യങ്ങളും കമ്യൂണിസ്റ്റ് പാർട്ടി സമരങ്ങളിലൂടെ ശക്തിപ്പെടുത്തിയ തൊഴിലാളികളും കർഷകരും ഇടത്തരക്കാരുമെല്ലാമടങ്ങുന്ന സാധാരണ ജനങ്ങളുടെ താല്പര്യങ്ങളോടുണ്ടായിരുന്ന അർപ്പണവും നിലനിന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ ഇവയെല്ലാം അപ്രധാനമായിപ്പോവുകയാണുണ്ടായത്. കാലം ചെല്ലുന്തോറും രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും പൊതുതാല്പര്യങ്ങൾക്കുമേൽ വ്യക്തിപരവും വിഭാഗീയവുമെല്ലാമായ താൽപ്പര്യങ്ങൾ കൂടുതൽ കടുതൽ മേൽക്കൈ നേടുന്നതിനനുസരിച്ച് സമൂഹത്തിലെ ജീർണ്ണമുഖങ്ങൾ നേതൃത്വത്തിലും പാർട്ടിയിലും ആധിപത്യം നേടിയെട്ടക്കുകയാണുണ്ടാവുക. സമൂഹത്തിലെ പ്രതിലോമപരവും ജീർണവുമായ താൽപ്പര്യങ്ങളാണ് ഇപ്പോഴതിൽ കേവലാധിപത്യം നേടിയിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി? എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‌ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ഇന്ത്യയിൽ ഇന്ന് ഭരണം കയ്യാളുന്ന ഹിന്ദു വർഗ്ഗീയതയുടെ പശ്ചാത്തലമാണ്, ഇടതുപക്ഷമെന്ന പേരിൽ നടത്തുന്ന ചെയ്തികളെ മുൻകാല സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മാപ്പില്ലാത്ത കുറ്റകൃത്യവും ജനവിരുദ്ധതയുമാക്കി മാറ്റുന്നത്. ജാതികളെ കൂട്ടിപ്പിടിച്ച് അപരമതവിദ്വേഷം വളർത്തി രാഷ്ട്രശരീരത്തെ പിളർത്തി ഇന്ത്യൻ ദേശീയ തയെയും അതിനാധാരമാകേണ്ട ജനങ്ങളുടെ ഐക്യത്തെയും പരമാവധി ദുർബലമാക്കുന്ന നടപടികളാണിന്ന് കേന്ദ്രം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷവും ഇന്നിതേവഴിയിലാണ്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന നാട്ടുചൊല്ലുപോലെ രാജ്യം നശിച്ചാലും കോൺഗ്രസ്സ് പരാജയപ്പെട്ടാൽ മതി എന്നതാണ് അതിന്റെ ഉള്ളിലിരിപ്പ്. രാജ്യത്തെ മുമ്പോട്ടു നയിക്കുന്നതിനെപ്പറ്റിയും നാളയെ പ്പറ്റിയും പുതിയ പ്രതീക്ഷകളൊന്നുമില്ലാത്തൊരു പാർട്ടിയെയാണിത് കാണിക്കുന്നത്. രാജ്യത്തിന്ന് പ്രചരിപ്പിക്കുന്ന അപരമത വിദ്വേഷത്തെയും വർഗ്ഗീയ ഭ്രാന്തിനെയും തടയിടാനെങ്കിലും ശ്രമിക്കുകയും കോടതികളും ഇലക്ഷൻ കമ്മീഷനുമെല്ലാം പോലെ ജനാധിപത്യത്തിന്റെ ഭരണഘടനാ സ്തംഭങ്ങളെ തകർക്കുന്നതിനെ ചെറുക്കുകയും ചെയ്യുന്നത് ഇന്ത്യയിൽ കോൺഗ്രസ്സും ഇന്ത്യാ മുന്നണിയുമാണിന്ന്. ഇതിനകത്തു തന്നെ രാജ്യവ്യാപകമായി സംസ്ഥാന നേതൃത്വങ്ങളിൽ പോലും വേണ്ടത്ര സ്വീകാര്യത നേടി പ്രബലമായിക്കഴിഞ്ഞിട്ടില്ലാത്തതും താരതമ്യേന ദുർബലവുമാണിത്. എത്ര ദുർബലമെങ്കിലും രാഷ്ട്രത്തിന്റെ ഭാവിയിലേക്ക് വഴി തുറക്കുന്ന മറ്റൊന്നും തല്കാലം ആർക്കും ചൂണ്ടിക്കാണിക്കാനുമില്ല. ഈ പ്രതീക്ഷയെ പരമാവധി ശക്തിപ്പെടുത്താൻ യത്നിക്കുകയാണ് ഇടതുപക്ഷത്താണെങ്കിൽ ചെയ്യേണ്ടത്. ഇടതുപക്ഷമാണതിന് മുൻ നടക്കേണ്ടത്. തങ്ങൾക്കു ശേഷം പ്രളയമെന്ന മട്ടിൽ പകരം വർഗ്ഗീയതയുടെ കളിക്കളമായ മധ്യകാലികതയുടെ മാലിന്യ കൂമ്പാരങ്ങളുടെ ഇരുട്ടിലാണിന്ന് കേരള കമ്യൂണിസം. ഇത്തരമൊരു ലോകത്ത് സ്ഥാനമുറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ആൾദൈവങ്ങളെയും വെള്ളാപ്പള്ളിയെയുമൊക്കെയല്ലാതെ മറ്റാരെയാണതിന് കൂട്ടു കിട്ടുക. പുതിയൊരു ഹിന്ദു വർഗിയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് വിജയത്തെ ലക്ഷ്യമാക്കിയായാലും കേരളത്തിലിടമുണ്ടാകില്ല. പകരം അണികളിലൊരു വിഭാഗത്തെ വർഗീയതക്ക് വിട്ടുകൊടുത്ത് പുതിയൊരു രൂപത്തിൽ ബംഗാളിന്റെയും ത്രിപുരയുടെയും വഴിയിലേക്കാണിത് നടന്നടുക്കുന്നത് എന്ന തോന്നലാണിന്ന് ശക്തമാകുന്നത്. ലോകമെങ്ങുമുളള ചരിത്രപാഠങ്ങൾ അത് തന്നെയാണ് പറയുന്നതും.

തങ്ങൾക്കു ശേഷം പ്രളയമെന്ന മട്ടിൽ പകരം വർഗ്ഗീയതയുടെ കളിക്കളമായ മധ്യകാലികതയുടെ മാലിന്യ കൂമ്പാരങ്ങളുടെ ഇരുട്ടിലാണിന്ന് കേരള കമ്യൂണിസം. ഇത്തരമൊരു ലോകത്ത് സ്ഥാനമുറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ആൾദൈവങ്ങളെയും വെള്ളാപ്പള്ളിയെയുമൊക്കെയല്ലാതെ മറ്റാരെയാണതിന് കൂട്ടു കിട്ടുക.
തങ്ങൾക്കു ശേഷം പ്രളയമെന്ന മട്ടിൽ പകരം വർഗ്ഗീയതയുടെ കളിക്കളമായ മധ്യകാലികതയുടെ മാലിന്യ കൂമ്പാരങ്ങളുടെ ഇരുട്ടിലാണിന്ന് കേരള കമ്യൂണിസം. ഇത്തരമൊരു ലോകത്ത് സ്ഥാനമുറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ആൾദൈവങ്ങളെയും വെള്ളാപ്പള്ളിയെയുമൊക്കെയല്ലാതെ മറ്റാരെയാണതിന് കൂട്ടു കിട്ടുക.

'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

ഏതോ കാലത്തെ ഇരുട്ടിൽ നിന്ന് തപ്പിയെടുത്തതാണീ പൊള്ളയായ വർഗീയ - വിശ്വാസ ദ്വന്ദ്വം. അപരവിശ്വാസികളെ ഭയപ്പെടുത്തുന്ന വിധം വിശ്വാസിക്കൂട്ടത്തെ സംഘമാക്കുന്നതല്ല വിശ്വാസ സംരക്ഷണം. വ്യക്തികളായുള്ള വിശ്വാസവും സംഘടിത വിശ്വാസിയും ഒന്നല്ല. ആത്മന് സംഘമോ ബോൾഷെവിസമോ ഒന്നുമുള്ളതായി തോന്നുന്നില്ല. പാപഭാരച്ചുമടു മേന്തി പതിനെട്ടാംപടി ചവിട്ടുന്നത് ഏകനായാണ്. താന്താൻ ചെയ്യുന്ന കർമ്മങ്ങൾ താന്താൻ തന്നെ അനുഭവിക്കണമെന്നാണ് ഭക്തവിശ്വാസം. ഇന്ത്യയിലെ ഭക്തി പ്രസ്ഥാനമാണെങ്കിൽ അത് വിധ്വംസകമായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര വേരുകളുള്ളതും ഇതിലാണ്. വിശ്വാസാചാരങ്ങളെ അതേപടി സംരക്ഷിക്കുകയല്ല പകരം ജാതി മത സങ്കുചിതത്വങ്ങൾക്ക് പുറത്ത് കൂടുതൽ വിശാലമായ മനുഷ്യ ബന്ധങ്ങളിലേക്ക് ഉയർത്തിയെടുക്കാനുള്ള ശ്രമമാണത് നടത്തിക്കൊണ്ടുവന്നത്. ഒന്നാകുന്ന രാമനും റഹീമുമായും ഈശ്വരനും അള്ളായും അവന്റെ പര്യായമാകുന്നിടത്തേക്കുമെല്ലാമാണത് വളർന്നത്. എഴുത്തച്ഛന് രാമനും ജാനകിയും ബ്രഹ്മത്തിന്റെ തന്നെ രൂപങ്ങൾ മാത്രമാണ്. ആർ എസ് എസും മാർക്സിസ്റ്റ് പാർട്ടിയുമെല്ലാം വിശ്വാസികളെ പിടിച്ചെടുത്ത് കമ്മിറ്റികളാക്കി സംഘടിപ്പിച്ചാണ്, റാക്കും കാളയിറച്ചിയും ഉണക്ക മീനുമെല്ലാം കഴിക്കുകയും നിവേദ്യമാക്കി സ്വീകരിക്കുകയുമൊക്കെ ചെയ്യുന്ന കുട്ടിച്ചാത്തനെയും മുത്തപ്പനെയുമെല്ലാം സംഘി ബ്രാഹ്മണനാക്കിയത്. അപരമതവിശ്വാസികൾക്ക് പ്രവേശന വിലക്കുള്ള മതവിദ്വേഷികളാക്കിയത്. ഇതൊന്നുമല്ല വിശ്വാസികളോടൊപ്പം നിൽക്കൽ. ആധുനിക കാലത്ത് ഓരോ വിശ്വാസിക്കും അപരന് ദോഷമായി വരാത്ത വിധം ഭരണഘടനാനുസൃതമായ വിശ്വാസസ്വാതന്ത്ര്യം ഉറപ്പാക്കലാണ്.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

സോവിയറ്റ് ബ്ലോക്കിന്റെ പതനത്തോടെ ശീതയുദ്ധത്തിനു പകരം തങ്ങൾ തന്നെ നേരത്തെ വളർത്തിയെടുത്ത തീവ്രവാദത്തെ മുൻനിർത്തി ഇസ്ലാമോഫോബിയ വളർത്തിയാണ് അമേരിക്കയും പാശ്ചാത്യ ബ്ലോക്കും സ്വന്തം ആധിപത്യം തുടരുകയും ആയുധങ്ങൾക്ക് വിപണി കണ്ടെത്തുകയും ചെയ്തുപോന്നത്. ഇന്നതും ഒരു പുതിയ പതനത്തിലെത്തുകയാണ്. ലോക ശാക്തിക ബന്ധങ്ങളും രാഷ്ട്രീയ സമവാക്യങ്ങളുമെല്ലാം മാറുകയാണ്. രാഷ്ട്രീയത്തിന്റെ വഴികളും. ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ പ്രകടമാണ്. ഇതൊന്നും ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ നേരവും കഴിവുമില്ലാത്ത വൃദ്ധരാഷ്ട്രീയം കുഴിയിലേക്ക് തന്നെയാണ് കാലുനീട്ടുന്നത്. കക്ഷത്തിലുണ്ടായിരുന്ന പാരമ്പര്യ വോട്ടുകൾ പോവുകയും പകരം ഉത്തരത്തിലുള്ള ജാതി മത വോട്ടുകൾ കിട്ടാതിരിക്കുകയുമാകും ഫലം. ജാതി മത സോഷ്യൽ എഞ്ചിനീയറിംഗിന് പഠിക്കാൻ ഇവർ ചേരുന്ന മോദി സ്ക്കൂൾ തന്നെ ഇന്ത്യയിൽ കാലാഹരണപ്പെടുന്നു എന്നാണിന്ന് രാഷ്ട്രീയം സൂക്ഷ്മമായി ശ്രദ്ധിച്ചാൽ മനസ്സിലാവുക.

ഏതോ കാലത്തെ ഇരുട്ടിൽ നിന്ന് തപ്പിയെടുത്തതാണീ പൊള്ളയായ വർഗീയ - വിശ്വാസ ദ്വന്ദ്വം. അപരവിശ്വാസികളെ ഭയപ്പെടുത്തുന്ന വിധം വിശ്വാസിക്കൂട്ടത്തെ സംഘമാക്കുന്നതല്ല വിശ്വാസ സംരക്ഷണം. വ്യക്തികളായുള്ള വിശ്വാസവും സംഘടിത വിശ്വാസിയും ഒന്നല്ല.
ഏതോ കാലത്തെ ഇരുട്ടിൽ നിന്ന് തപ്പിയെടുത്തതാണീ പൊള്ളയായ വർഗീയ - വിശ്വാസ ദ്വന്ദ്വം. അപരവിശ്വാസികളെ ഭയപ്പെടുത്തുന്ന വിധം വിശ്വാസിക്കൂട്ടത്തെ സംഘമാക്കുന്നതല്ല വിശ്വാസ സംരക്ഷണം. വ്യക്തികളായുള്ള വിശ്വാസവും സംഘടിത വിശ്വാസിയും ഒന്നല്ല.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെസംഭവിക്കുന്നത്?

ഹിന്ദു ഒരു മതമാണെങ്കിൽ അതിന്റെ സംഘടനയും ആശയ സംഹിതയും ചാതുർവർണ്ണ്യാധിഷ്ഠിതമായേ പറ്റൂ. സംവരണത്തിലും സാമൂഹ്യസ്ഥാനങ്ങളിലുമടക്കം ഏതാണ്ടെല്ലാ കാര്യങ്ങളിലും വിരുദ്ധതാല്പര്യങ്ങളുള്ള ജാതി സംഘടനകളെ വെച്ചുള്ള രാഷ്ട്രീയ സർക്കസ്സാണ് സോഷ്യൽ എഞ്ചിനീയറിംഗ്. ഹിന്ദുവിന്റെ മതകെട്ടുപാടുകൾ പാലിക്കണമെങ്കിൽ അതിന് അവസാന വിശകലനത്തിൽ സവർണ്ണ മേൽക്കോയ്മ അംഗീകരിച്ചേ പറ്റു. മറ്റെല്ലാമിന്ന് സംഘചാലകൻമാരുടെ വാചകമടികൾ മാത്രം. സാമ്പത്തിക സംവരണം നടപ്പാക്കിയുള്ള സവർണ്ണ സേവ തന്നെയാകും ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. മതേതരത്വമായാലും ശാന്തിപ്പണിയുടെയും സ്ത്രീ പ്രവേശനത്തിന്റെയുമൊക്കെ കോടതി വിധികളായാലും അതവിടെ പുല്ലു തിന്നാതെ കിടന്നാൽ മതി. പാരമ്പര്യ സംരക്ഷണം തന്നെയാണ് മുഖ്യം. ഇല്ലാത്ത പക്ഷം തങ്ങൾ പരിവാരക്കെട്ടുപാടുകളിൽ നിന്നുതന്നെ പുറത്തുപോകേണ്ടി വരില്ലേ?

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

അക്കദമിക് സമൂഹമാണിന്ന് അതിന്റെ വിശാല അർത്ഥത്തിൽ കേരളത്തിലെ മുഖ്യധാരാ ബൗദ്ധിക മണ്ഡലത്തെ നിയന്ത്രിക്കുന്നത്. സാമുഹ്യ ഒഴുക്കുകൾ പ്രകടമല്ലാതിരുന്ന സന്ദർഭങ്ങളിലെല്ലാം നേരത്തെയുമതങ്ങനെയായിരുന്നു. ദേശീയപ്രസ്ഥാനവും സാമൂഹ്യ പ്രസ്ഥാനങ്ങളുമെല്ലാമാണ് കുറച്ചുദശകങ്ങൾക്ക് മുമ്പുവരെയെങ്കിലും തിരിച്ച് അക്കാദമിക്ക് ചിന്തകളെ പൊതുവിൽ വഴി നയിച്ചു പോന്നത്. പകരം സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചും കോലകങ്ങളിൽ ചേവകരായിട്ടുമൊക്കെ ആടുന്ന കുഞ്ചിരാമന്മാരാണിന്ന് അരങ്ങുഭരിക്കുന്നത്. ഒട്ടും ജനാധിപത്യ പരമല്ലാത്തതും ലോകനിലവാരത്തിൽ പോലും തീർത്തും നിലവാരം കെട്ടുപോയതുമായ ഒരു പരാന്ന ഭോജിയായാണിന്ന് കേരളത്തിലെ അക്കാദമിക് ലോകം നിൽക്കുന്നത്. സേവയും കസേര പിടുത്തവും അതിനാവശ്യമായ പരനിന്ദയും പരദൂഷണവുമെല്ലാമാണ് അതിനകത്തെ പ്രധാന അഭ്യസനം. മറിച്ച് ആവശ്യത്തിന് പ്രൊഫഷണൽ പോലുമല്ലാത്ത ജേർണലിസ്റ്റ് പാണ്ഡിത്യമാണിന്നിവിടെ ബൗദ്ധിക ചിന്തയുടെ മുഖമുദ്ര. തൽക്കാലത്തേക്കെങ്കിലും ഇതൊരു വിഷമവൃത്തമായി തന്നെ നിൽക്കും എന്നാണ് തോന്നുന്നത്. ഇതിനെല്ലാം പുറത്തു പുതിയൊന്ന് രൂപപ്പെടുന്നുണ്ടാകണം എന്നാണ് പലരും മനസ്സിൽ സൂക്ഷിക്കുന്ന ഈ ചോദ്യവും സൂചിപ്പിക്കുന്നത്. നിഷേധമായ തിരിച്ചറിവുകളാണ് സമൂഹത്തിൽ പുതിയ വഴികൾ തുറക്കുക.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, MM Somasekharan writes.


സോമശേഖരൻ

മാർക്​സിസ്​റ്റ്​ സൈദ്ധാന്തികനും എഴുത്തുകാരനും. എഴുപതുകളുടെ ഒടുവിൽ സി.പി.ഐ.എം. എൽ സംസ്ഥാന സെക്രട്ടറി. അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതി. പൊലീസുകാർ കൊന്ന പി.രാജനോടൊപ്പം കക്കയം ക്യാമ്പിലും മാലൂർ കുന്നിലും കൊടിയ പീഡനം ഏറ്റുവാങ്ങി. എഴുത്തച്​ഛൻ പഠനം, സ്​റ്റാലിനും സ്​റ്റാലിനിസവും, മാർക്​സിലേക്കുള്ള വഴി എന്നിവ പ്രധാന പുസ്​തകങ്ങൾ

Comments