ഒ.കെ. ജോണി

എങ്കിലും
ഇടതുപക്ഷത്തെക്കുറിച്ച്
പ്രതീക്ഷയോടെ…

‘‘എല്ലാ മതങ്ങളെയും മറയാക്കിയുള്ള വർഗ്ഗീയോന്മാദങ്ങൾ അതിവേഗം പടരുന്ന ഇക്കാലത്ത് മതേതര ജനാധിപത്യത്തിനായി നിലകൊള്ളുന്ന ഒരു ഇടതുപക്ഷത്തിന്റെ പ്രസക്തിയെക്കുറിച്ച് പ്രതീക്ഷയുള്ളവർ ആശങ്കാകുലരാണ്. ഇടതുപക്ഷം ഈവക പാളിച്ചകളിൽനിന്ന് മുക്തമാവുമെന്നു പ്രതീക്ഷിക്കുന്നവരിലൊരാളാണ് ഞാൻ’’- ട്രൂകോപ്പി ​വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് ഒ.കെ. ജോണി മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിൻ്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

ഒ.കെ. ജോണി: കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുന്നതിന് കാരണക്കാരായ അതേ മത-സാമുദായിക പിന്തിരിപ്പൻ ശക്തികൾതന്നെയാണ് ഇന്നും ഇടതുപക്ഷത്തിനും മതേതര സങ്കൽപ്പങ്ങൾക്കും ജനാധിപത്യത്തിനുതന്നെയും വെല്ലുവിളിയുയർത്തുന്നത്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള നായർ സർവ്വീസ് സൊസൈറ്റിയും ക്രിസ്ത്യൻ സഭകളും നേതൃത്വം നൽകിയ വിമോചനസമരം എന്ന പേരിലറിയപ്പെടുന്ന കുപ്രസിദ്ധമായ ജനാധിപത്യവിരുദ്ധ പ്രക്ഷോഭത്തിനുപിന്നിലെ ആശയപദ്ധതി തന്നെയാണ് അവരിപ്പോഴും തുടരുന്നത്. മാദ്ധ്യമങ്ങൾ വലിയ സംഭവമായി ആവർത്തിക്കുന്ന അവരുടെ സമദൂരസിദ്ധാന്തം എന്ന അശ്ലീലം ഏത് കാലാവസ്ഥയിലും സ്വസമുദായക്കാർക്ക് താക്കോൽസ്ഥാനം നേടാനുള്ള തട്ടിപ്പാണെന്ന് ആർക്കാണറിയാത്തത്? സംഘപരിവാരവും ബി ജെ പിയും കേന്ദ്രഭരണം കയ്യടക്കിയതോടെ സാമുദായികവും സാമ്പത്തികവുമായ താൽപ്പര്യങ്ങളോടെ കൃസംഘിവേഷമണിയാൻ ലജ്ജയില്ലാത്ത ‘കാസ’ പോലുള്ള കൃസ്ത്യൻ സംഘടനകളും ബിഷപ്പുമാരും അവരുടെ കുഞ്ഞാടുകളും ഏത് മതേതര-ജനാധിപത്യത്തെയാണ് ലക്ഷ്യമാക്കുന്നത്? ശ്രീനാരായണഗുരുവിന്റെ മറവിൽ സാമ്പത്തിക സാമ്രാജ്യവും രാഷ്ട്രീയാധികാരവും കൈവശപ്പെടുത്തിയ അഭിനവ ഗുരു സ്വന്തം മകനെ സംഘപരിവാരത്തോടൊപ്പമയച്ചതും നായർ സർവ്വീസ് സൊസൈറ്റിയുടെ സമദൂരസിദ്ധാന്തം പാലിക്കാനല്ലേ? കമ്യൂണിസ്റ്റ് വിരോധം പ്രഖ്യാപിത ലക്ഷ്യമാക്കിയ സംഘപരിവാരത്തോടൊപ്പമാണ് അതേ ലക്ഷ്യം ആഗോള നയമാക്കിയ ക്രിസ്ത്യൻ സഭയുമെന്നതിൽ അത്ഭുതവുമില്ല. എന്നാൽ, ഈ പ്രതിലോമ ശക്തികളെ പ്രീണിപ്പിച്ചുകൊണ്ട് അധികാരം നിലനിർത്താനാവുമോ എന്ന ഇടതുപക്ഷത്തിന്റെ പരീക്ഷണം ആപത്കരമായ ഒത്തുതീർപ്പാവുമോ എന്ന ചോദ്യം എന്നപ്പോലുള്ളവരെയും അലട്ടുന്നുണ്ട്. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പണ്ഡിതന്മാർ ഈ ആശങ്കയെ പുച്ഛിക്കാനിടയുണ്ടെങ്കിലും കാലഹരണപ്പെട്ടതും കേരളം വലിയൊരളവോളം പിന്തള്ളിക്കഴിഞ്ഞതുമായ അന്ധവിശ്വാസങ്ങളിലേക്കും മതോന്മാദത്തിലേക്കും വിഭാഗീയ ചിന്തകളിലേക്കുമാണ് മലയാളികളെ അത് വലിച്ചിഴയ്ക്കുകയെന്നറിയാൻ അത്രയൊന്നും പാണ്ഡിത്യമാവശ്യവുമില്ല.

മതേതര- ജനാധിപത്യത്തെ സംബന്ധിച്ച ദേശീയ കാഴ്ച്ചപ്പാടില്ലാത്തതും തികച്ചും അവസരവാദപരവുമായ പ്രാദേശിക തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ വിജയത്തിനായി ഇടതുപക്ഷം സ്വീകരിക്കുന്ന ഈ സന്ധിയും പ്രീണനോപായങ്ങളും പുരോഗമന കേരള സമൂഹത്തെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കുമെന്ന് പറയാതെവയ്യ. ‘ഉച്ചി വെച്ചവർതന്നെ ഉദകക്രിയ ചെയ്യുക’യെന്ന ചൊല്ലിനെ അന്വർത്ഥമാക്കാനേ അതുപകരിക്കൂ. അത് സംഭവിക്കാതിരിക്കട്ടെ.

 മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള നായർ സർവ്വീസ് സൊസൈറ്റിയും ക്രിസ്ത്യൻ സഭകളും നേതൃത്വം നൽകിയ വിമോചനസമരം എന്ന പേരിലറിയപ്പെടുന്ന കുപ്രസിദ്ധമായ ജനാധിപത്യവിരുദ്ധ പ്രക്ഷോഭത്തിനുപിന്നിലെ ആശയപദ്ധതി തന്നെയാണ് അവരിപ്പോഴും തുടരുന്നത്.
മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള നായർ സർവ്വീസ് സൊസൈറ്റിയും ക്രിസ്ത്യൻ സഭകളും നേതൃത്വം നൽകിയ വിമോചനസമരം എന്ന പേരിലറിയപ്പെടുന്ന കുപ്രസിദ്ധമായ ജനാധിപത്യവിരുദ്ധ പ്രക്ഷോഭത്തിനുപിന്നിലെ ആശയപദ്ധതി തന്നെയാണ് അവരിപ്പോഴും തുടരുന്നത്.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിൻ്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിൻ്റെയും ന്യൂനപക്ഷ വിരോധത്തിൻ്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി​ എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ഇടതുപക്ഷം ന്യൂനപക്ഷ വിരോധത്തിന്റെ പ്രമോട്ടർമാരായി എന്ന നിലപാടിനോട് യോജിക്കാനാവില്ല. സ്വയം ഒരു ന്യൂനപക്ഷമാണെങ്കിലും ദേശീയതലത്തിൽ സംഘപരിവാർ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഊതിക്കത്തിക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയെ എതിർക്കുവാനും മതന്യൂനപക്ഷങ്ങൾക്കായി പാർലിമെന്റിനകത്തും പുറത്തും ശബ്ദമുയർത്താനും എക്കാലത്തും മുൻനിരയിലുണ്ടായിരുന്ന ഇന്ത്യയിലെ ഇടതുപക്ഷത്തിൽനിന്ന് കേരളത്തിലെ ഇടതുപക്ഷത്തെ വേറിട്ടുകാണാനാവില്ല. എന്നാൽ, ആഗോള അയ്യപ്പസംഗമം, അമൃതാനന്ദമയീപൂജ തുടങ്ങിയ സമീപകാല സംഭവങ്ങളെ ഇടതുപക്ഷ സർക്കാരിന്റെ ഹിന്ദുത്വപ്രീണനശ്രമങ്ങളായി വലിയൊരു വിഭാഗം ഇടതുപക്ഷാനുഭവികൾതന്നെ കാണുന്നുണ്ടെന്നതു നേരാണ്. കേരളത്തിലെ വിശ്വാസികളായ ഹിന്ദുക്കളാകെ ഭൂരിപക്ഷ വർഗ്ഗീയതയിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവരെ ഇടതുപക്ഷാനുകൂലികളാക്കാൻ ഇത്തരം സംഗതികൾ ഉപകരിക്കുമെന്നുമുള്ള തെറ്റിദ്ധാരണയാകാം ഒരു പക്ഷെ ഇടതുപക്ഷ സർക്കാരിനെ തികച്ചും പ്രതിലോമകരമായ ഈവക ചിന്തകളിലേക്കും ഔദ്യോഗികാനുഷ്ഠാനങ്ങളിലേക്കും നയിക്കുന്നത്. മതാന്ധതകളുടെയും അനാചാരങ്ങളുടെയുമെല്ലാം ദേശസാൽക്കരണത്തിലൂടെ വർഗ്ഗീയതയെ ഇല്ലാതാക്കാമെന്ന വിശ്വാസത്തിന്റെ പിന്നിലെ ലളിതയുക്തി മതവിശ്വാസം പോലെ അപായകരമായ മറ്റൊരു അന്ധവിശ്വാസമാണ്. അത് ബൂമറാങ്ങാകുമെന്നറിയുക പ്രധാനമാണ്.

ജാതി-മത-വർഗ്ഗീയ ശക്തികൾ രാഷ്ട്രീയലാക്കോടെ പ്രചരിപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ഔദ്യോഗിക തലത്തിൽ അംഗീകാരം നൽകുന്നതിലൂടെ അവയ്ക്ക് പൊതുസമ്മതി സൃഷ്ടിക്കുക മാത്രമല്ല; ഭരണഘടന നിഷ്‌കർഷിക്കുന്ന മതേതരത്വത്തെ അപഹസിക്കുകയുമാണ്. സംഘപരിവാരവും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും ചെയ്യുന്നത് ഇതുതന്നെയല്ലേ? മതാചാരങ്ങളെയും മതത്തിന്റെ മറവിൽ വളരുന്ന ആൾദൈവങ്ങളെയുമെല്ലാം കൂട്ടുപിടിച്ചുകൊണ്ടാണോ ഒരിടതുപക്ഷ സർക്കാർ ഭരണം നിലനിർത്തേണ്ടതെന്ന ചോദ്യം മാർക്‌സിസത്തെ പിന്തുടരാൻ പരിശ്രമിക്കുന്ന എന്നെപ്പോലുള്ള സാധാരണ പൗരരെ ആശങ്കാകുലരാക്കുന്നുണ്ടെന്ന വാസ്തവം ഞാനെന്തിന് മറച്ചുവെയ്ക്കണം?

'വര്‍ഗീയവാദികള്‍ക്ക് ഒപ്പമല്ല, വിശ്വാസികള്‍ക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാര്‍ട്ടി പറയുന്നത്. വര്‍ഗീയവാദത്തെയും വിശ്വാസത്തെയും വേര്‍തിരിക്കാന്‍ ഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിര്‍വചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

ഇടതുപക്ഷം വർഗ്ഗീയവാദങ്ങൾക്ക് എതിരാണെങ്കിലും മതങ്ങൾക്കെതിരല്ലെന്നത് നേരാണ്. ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഭരണഘടന പൗരർക്ക് നൽകുന്ന മതസ്വാതന്ത്ര്യത്തെ ഇടതുപക്ഷത്തിനെന്നല്ല ആർക്കും നിഷേധിക്കാനുമാവില്ല. എന്നാൽ, രാഷ്ട്രീയലാക്കോടെ മതവിശ്വാസവും മതാചാരങ്ങളുമെല്ലാം ഭൂരിപക്ഷ- ന്യൂനപക്ഷ വർഗ്ഗീയതകളുടെ ആയുധമായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇടതുപക്ഷവും അതിന്റെ സർക്കാരും മതങ്ങളുടെ മറവിൽ നടക്കുന്ന ഈ റിവൈവലിസ്റ്റ് പദ്ധതികളെ സ്വന്തം നിലയിൽ ഏറ്റെടുത്തു നടത്തേണ്ടതുണ്ടോ? തീർത്ഥാടന ടൂറിസം വികസിപ്പിക്കാനുള്ള പദ്ധതിയുടെ മുന്നോടിയായിരുന്നു ആഗോള അയ്യപ്പസംഗമം എന്നാണ് ദേവസ്വം മന്ത്രി ടിവിയിൽ പറഞ്ഞുകേട്ടത്. ശബരിമലയിലേക്കുള്ള ഭക്തജനപ്രവാഹം ഇപ്പോൾത്തന്നെ ആ പ്രദേശത്തിന് ഉൾക്കൊള്ളാനാവുന്നതിലും എത്രയോ അധികമാണെന്നിരിക്കേയാണ് അവിടേക്ക് കൂടുതൽ തീർത്ഥാടകരെ ആകർഷിക്കാൻ ദേവസ്വം മന്ത്രി പാടുപെടുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശം നടന്നുകിട്ടിയാൽ കേരളത്തിലെ ലക്ഷക്കണക്കിന് ഭക്തകളായ യുവതികളെക്കൂടി തീർത്ഥാടകരായിക്കിട്ടുമെന്ന് കിട്ടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നുണ്ടോ എന്നറിയില്ല. ടൂറിസം വികസനമാണല്ലോ ആത്യന്തിക ലക്ഷ്യം! ഭക്തിയെ കച്ചവടമാക്കുന്ന മതങ്ങളെ വിമർശിച്ചുകൊണ്ടുതന്നെ എങ്ങിനെ തീർത്ഥാടന ടൂറിസം വികസിപ്പിക്കാമെന്ന കമ്യൂണിസ്റ്റുകാരനായ ദേവസ്വം മന്ത്രിയുടെ ഈ ആലോചന മാതൃകാപരമാണെന്നു മാത്രമല്ല;തീർത്തും പുരോഗമനപരവുമാണെന്ന് സമ്മതിക്കാതെവയ്യ. ചോദ്യത്തിലെ സൈദ്ധാന്തിക നിർവ്വചനത്തിന്റെ യുക്തിയെക്കുറിച്ച് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ.

തീർത്ഥാടന ടൂറിസം വികസിപ്പിക്കാനുള്ള പദ്ധതിയുടെ മുന്നോടിയായിരുന്നു ആഗോള അയ്യപ്പസംഗമം എന്നാണ് ദേവസ്വം മന്ത്രി ടിവിയിൽ പറഞ്ഞുകേട്ടത്.
തീർത്ഥാടന ടൂറിസം വികസിപ്പിക്കാനുള്ള പദ്ധതിയുടെ മുന്നോടിയായിരുന്നു ആഗോള അയ്യപ്പസംഗമം എന്നാണ് ദേവസ്വം മന്ത്രി ടിവിയിൽ പറഞ്ഞുകേട്ടത്.

എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെച്ചേര്‍ത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയന്‍സിന് കേരളത്തില്‍ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

ഈ രണ്ട് സാമുദായിക സംഘടനകളുടെയും നേതൃത്വത്തിന് ഹിന്ദുത്വരാഷ്ട്രീയത്തിലേക്കും അവസരോചിതം ചായാൻ മടിയൊന്നുമില്ലെങ്കിലും, അവരുടെ അണികളിൽ മഹാഭൂരിപക്ഷവും ഇപ്പോഴും കത്തോലിക്കാ സംഘടനകളേക്കാൾ സെക്യുലറാണ്. കേരള സമൂഹം അപ്പാടെ ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് വഴിമാറിയെന്ന ഭീതി അസ്ഥാനത്താണ്. ദേശീയതലത്തിൽ മോദി സർക്കാരിനെതിരെ നടക്കുന്ന വലിയ പ്രക്ഷോഭങ്ങളുടെ ഭാഗമായിക്കൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷം ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ പുരോഗമനകേരളത്തെ ഒരുമിപ്പിക്കേണ്ടത്. അയ്യപ്പസംഗമം കൊണ്ടും ആൾദൈവാരാധന കൊണ്ടുമല്ല. രാജ്യത്തെ മുഴുവൻ ഞെട്ടിച്ച വോട്ട് ചോരി കാമ്പെയിൻ കേരളത്തിലെ ഇടതുപക്ഷം കണ്ടതായിപ്പോലും നടിച്ചിട്ടില്ലെന്നോർക്കുക. സംസ്ഥാനഭരണം ഊഴമിട്ട് കൈക്കലാക്കാനാവുമെങ്കിൽ സന്തുഷ്ടരാവുന്ന ഇടത്- വലത് മുന്നണികളുടെ ഈ അധികാരാർത്തിയും സ്വാർത്ഥതയുമാണ് ഭാവിയിൽ ഹിന്ദുത്വരാഷ്ട്രീയത്തിന് വഴിയൊരുക്കുക.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സര്‍ക്കാര്‍) സംവിധാനമായാണ് തീരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉറപ്പിച്ചെടുക്കുന്നത്. എന്നാല്‍, ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതല്‍ ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങള്‍, യഥാര്‍ഥത്തില്‍ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

വിശ്വാസസംരക്ഷണം വിശ്വാസികളുടെയും അതത് മതങ്ങളുടെയും മാത്രം കാര്യമാണ്. മതസ്വാതന്ത്ര്യം ഉറപ്പുനൽകുക എന്നതിൽക്കവിഞ്ഞ് ഓരോ മതത്തിന്റെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉദ്ദീപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുക എന്നത് സ്‌റ്റേറ്റിന്റെ ചുമതലയല്ലെന്ന് മാത്രമല്ല, അത് മതേതരത്വം എന്ന സങ്കൽപ്പത്തിന് വിരുദ്ധവുമാണ്. തീർത്ഥാടനടൂറിസത്തിന്റെ മറവിൽ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുവാൻ ഭരണഘടന അനുവദിക്കുമോ എന്നെനിക്കറിയില്ല. അങ്ങനെയാണെങ്കിൽ മൃഗബലി പാടില്ലെന്നതിനാൽ നിർത്തലാക്കപ്പെട്ട അതിരാത്രം പോലുള്ള യാഗങ്ങളും യജ്ഞങ്ങളുമല്ലാം പുനരാരംഭിക്കാവുന്നതേയുള്ളൂ. തീർത്ഥാടന ടൂറിസത്തിന്റെ ഒരു സാദ്ധ്യതയാണല്ലോ ഇത്തരം തിയട്രിക്കൽ പെർഫോമൻസുകളും.

കർണ്ണാടകവും മഹാരാഷ്ട്രയുംപോലുള്ള സംസ്ഥാനങ്ങൾ പോലും വർഷങ്ങൾക്കുമുമ്പേ കൊണ്ടുവന്ന അന്ധവിശ്വാസ നിരോധന നിയമം പോലൊന്ന് കേരളത്തിലുണ്ടോ? വിശ്വാസം തന്നെയല്ലേ അന്ധവിശ്വാസം? ഇനിയും തെളിയിക്കപ്പെടാത്ത പലതരം കുറ്റാരോപണങ്ങൾക്ക് വിധേയയായ ആൾദൈവത്തെ സർക്കാരിനുവേണ്ടി പൊന്നാടയണിയിച്ച് ചുംബനമർപ്പിക്കുന്ന സാംസ്‌കാരികവകുപ്പ് മന്ത്രിപോലുമുള്ള പുരോഗമന കേരളത്തിലിരുന്നുകൊണ്ട് നിങ്ങളുടെ ഈ ചോദ്യത്തിന് ഞാനെന്ത് മറുപടി പറയാനാണ്; ലജ്ജിക്കുകയല്ലാതെ!

കേരളത്തില്‍ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോള്‍ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോള്‍ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമര്‍ശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാല്‍, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികള്‍, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ അതിശക്തമായ വലതുപക്ഷവല്‍ക്കരണം അരങ്ങേറുമ്പോള്‍ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

നേരത്തേ പറഞ്ഞ കാര്യങ്ങളിൽ ഈ ചോദ്യത്തിന്റെയും ഉത്തരമുണ്ട്. ഒരു വിശാല ഇടതുപക്ഷത്തിന്റെ അഭാവം കേരളത്തിലുണ്ടെന്നത് നേരാണ്. സ്വതന്ത്രമായ ഒരു സാംസ്‌കാരിക ഇടതുപക്ഷം ഉണ്ടാവേണ്ട അടിയന്തരസന്ദർഭമാണിത്. മാദ്ധ്യമങ്ങളെ നോക്കൂ. നിഷ്പക്ഷതാ നാട്യത്തോടെ അവർ ചെയ്യുന്നത് കേരളത്തിലെ രണ്ട് മുന്നണികളെയും മാറിമാറി വ്യാജവാർത്തകൾകൊണ്ട് ആക്രമിക്കുകയാണ്. രണ്ടു കൂട്ടരും ഒരുപോലെ കൊള്ളരുതാത്തവരായതിനാൽ മൂന്നാമതൊരു സാദ്ധ്യതയെക്കുറിച്ച് ആലോചിക്കാൻ വായനക്കാരെ / പ്രേക്ഷകരെ പ്രേരിപ്പിക്കുകയാണവർ. ആ മൂന്നാമത്തെ കൂട്ടരാരെന്നും അവർ സമാന്തരമായി സ്ഥാപിക്കുന്നുണ്ട്. അത് ബിജെപിയാണ്. കാവിവൽക്കരണദശകത്തിലെ സമകാലിക മുഖ്യധാരാ മാദ്ധ്യമ അജണ്ടയാണിത്. ഇത്തരമൊരന്തരീക്ഷത്തിൽ ശരിയായ നിലപാടെടുക്കുന്നവരുടെ ശബ്ദം തമസ്‌കരിക്കപ്പെടുകയാണ്. അതുകൊണ്ടാണ് സദുദ്ദേശ്യപരമായ വിമർശനങ്ങളോടും അഭിപ്രായങ്ങളോടുംപോലും ഇടതുപക്ഷം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നു തോന്നുന്നു.
സാംസ്‌കാരിക ഇടതുപക്ഷവും ഇടതുപക്ഷ രാഷ്ട്രീയവും തമ്മിലിടയുക സ്വാഭാവികവും അനിവാര്യവുമാണ്. അവ തമ്മിലുള്ള പാരസ്പര്യംതന്നെ ആ സംഘർഷത്തിലൂടെയാണ് സംഭവിക്കേണ്ടത്. അധികാരത്തിലുള്ള ഇടതുപക്ഷത്തിന്റെ തെറ്റായ നയങ്ങളെയും നിലപാടുകളെയും വിമർശിക്കുന്നവർ ശത്രുപക്ഷത്താക്കപ്പെടുമെന്ന ഭയം ഒരുപക്ഷെ, ഇടതുപക്ഷ ചിന്തകരെയും പൊതുബുദ്ധിജീവികളെയും നിശ്ശബ്ദരാവാൻ നിർബ്ബന്ധിക്കുന്നുണ്ടാവാം. അയ്യപ്പസംഗമവും ആൾദൈവപൂജയും പോലുള്ള സംഗതികൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പൊതുസമ്മതി സൃഷ്ടിക്കലാവുമെന്നും ആത്യന്തികമായി അത് വർഗ്ഗീയരാഷ്ട്രീയത്തിന് ഇന്ധനമാവുമെന്നും തിരിച്ചറിയുന്ന സാംസ്‌കാരിക ഇടതുപക്ഷത്തിന്റെ സ്വരം കേൾക്കപ്പെടാതെ പോവുകയാണ്.
എല്ലാ മതങ്ങളെയും മറയാക്കിയുള്ള വർഗ്ഗീയോന്മാദങ്ങൾ അതിവേഗം പടരുന്ന ഇക്കാലത്ത് മതേതര ജനാധിപത്യത്തിനായി നിലകൊള്ളുന്ന ഒരു ഇടതുപക്ഷത്തിന്റെ പ്രസക്തിയെക്കുറിച്ചറിയാവുന്നവരെ അത് ആശങ്കാകുലരാക്കുന്നുണ്ട്. ഇടതുപക്ഷം ഈവക പാളിച്ചകളിൽനിന്ന് മുക്തമാവുമെന്നു പ്രതീക്ഷിക്കുന്നവരിലൊരാളാണ് ഞാൻ.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, OK Johnny writes.


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments