മൂന്നാംലോക ജനാധിപത്യങ്ങൾക്ക് സഹജമായ ദൗർബല്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വ്യാജപ്രചരണങ്ങളിലൂടെ സമ്മതിദായകരിൽ പ്രതീക്ഷയുണർത്തി വോട്ട് നേടി വിജയിക്കുകയെന്നത്. ഫാഷിസ്റ്റുകൾ വ്യാപകമായി ഈ തന്ത്രം അധികാരം പിടിച്ചെടുക്കുന്നതിനായി പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ മുസ്ലിങ്ങൾ അധികാരം പിടിച്ചെടുക്കുമെന്നുള്ള കപടഭീതിയുണർത്തി തെരഞ്ഞെടുപ്പുകളെ നേരിടുന്ന സംഘപരിവാരതന്ത്രം ഇതിന് ഉദാഹരണമാണ്. മുഗളന്മാർ നൂറ്റാണ്ടുകൾ ഇന്ത്യ ഭരിച്ചിട്ടും സംഭവിക്കാതിരുന്ന ഒരു കാര്യം ആധുനിക കാലത്ത് കോൺഗ്രസ് എന്ന മതേതര രാഷ്ട്രീയ കക്ഷിയെ സ്വാധീനിച്ച് മുസ്ലിം മതരാഷ്ട്രീയം സാധിച്ചെടുക്കും എന്ന വ്യാജവാദത്തെ വിജയകരമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നതാണല്ലോ.
ആധുനിക വിദ്യാഭ്യാസത്തിന്റെ കുറവുള്ള ഇന്ത്യൻ വോട്ടർമാരെ ഈ വിധം സ്വാധീനിക്കുക അത്ര ശ്രമകരമൊന്നുമല്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള നിരവധി മതേതര രാഷ്ട്രീയ കക്ഷികൾ വ്യാജപ്രചാരണങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ ഫാസിസ്റ്റുകളോളം മിടുക്കന്മാർ അല്ലെങ്കിലും അവർക്ക് അക്കാര്യത്തിൽ വിമുഖതയൊന്നുമില്ല. ഭരണത്തോട് ജനങ്ങളിൽ അസംതൃപ്തി വളരുമ്പോൾ രാജാവ് / ഭരണകൂടം അതിർത്തിയിൽ യുദ്ധത്തിലേർപ്പെടുന്നുവെന്ന പഴമൊഴിയിൽ പ്രതിദ്ധ്വനിക്കുന്നതും മറ്റൊന്നല്ല. എങ്കിലും ഇടത് രാഷ്ട്രീയത്തിന്റെ ഉള്ളടക്കം സൈദ്ധാന്തികമായെങ്കിലും സാംസ്‌കാരിക മൂല്യങ്ങളോട് ചേർന്ന് നിൽക്കുന്നതിനാൽ രാഷ്ട്രീയ ഇരട്ടത്താപ്പുകൾക്ക് സാദ്ധ്യത തീരെ മങ്ങിയതാണ്. അതിനാണ് ഇപ്പോൾ കോട്ടം തട്ടിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണകളിലായി ഇടതുപക്ഷത്തെയാണ് കേരളം അധികാരത്തിലെത്തിക്കുന്നത്. ഇത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് സംഭവിക്കുന്നത്. മാറിയും തിരിഞ്ഞും എന്നത് മാറി വന്നു. അഞ്ചുവർഷമായി തുടരുന്ന ഭരണത്തിന് മാറ്റമൊന്നും ഇല്ലെന്ന് സമ്മതിദായകർ വിധിയെഴുതി. മന്ത്രിമാരെല്ലാം മാറിയിട്ടും മുഖ്യമന്ത്രിക്ക് മാത്രം മാറ്റമൊന്നു സംഭവിച്ചില്ല. ഭേദപ്പെട്ട ഭരണവും യു ഡി എഫിന്റെ നേതൃത്വപരമായ ദൗർബല്യങ്ങളും ഇതിന് കാരണമായി. ഒന്നാം പിണറായി സർക്കാരിൽ ഭരണ പ്രാഗൽഭ്യവും ജനപ്രിയതയും നേടി ഭരണത്തുടർച്ചയ്ക്ക് കാരണക്കാരായവരിൽ മുന്നിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ഷൈലജ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ധനമന്ത്രി തോമസ് ഐസക് എന്നിവരായിരുന്നു. ഇവരെ ഉൾപ്പെടുത്താതിരുന്നതുകൊണ്ടോ അല്ലെങ്കിൽ പകരമെത്തിയവർ വേണ്ടവിധം ശോഭിക്കാതിരുന്നതുകൊണ്ടോ രണ്ടാം ഇടത് മന്ത്രിസഭയ്ക്ക് തുടക്കം മുതൽ പഴയ ജനപ്രീതി നിലനിർത്താനായില്ല. എങ്കിലും തട്ടും തടവുമായി വണ്ടി ഓടിക്കൊണ്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടര്‍മാരുടെ റോഡ് റിപ്പെയർ പണിപോലെ അവിടെയും ഇവിടെയുമായി ചില മുഖം മിനുക്കലുകൾ നടത്തിയെങ്കിലും അതൊന്നും ജനങ്ങൾ സ്വീകരിച്ചില്ല. 2026 പകുതിയെത്തും മുൻപേ നിയമസഭയിലേക്ക് പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകും. ഭരണകക്ഷിയിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ ജാഗരൂകരായി ആലോചനയിലായി. പക്ഷേ വെളിയിൽ വന്നത് തന്ത്രങ്ങളായിരുന്നില്ല, കുതന്ത്രങ്ങളായിരുന്നു. ഒരു നാടൻ ശൈലി ഉപയോഗിച്ച് പറഞ്ഞാൽ 'ബി ജെ പിക്ക് പഠിക്കുന്ന' ഒരിടതുപക്ഷമാണ് കഴിഞ്ഞ കുറേ മാസങ്ങളായി വെളിപ്പെടുന്നത്.

കരുതലോടെ, എന്നാൽ തികഞ്ഞ കൗശലബുദ്ധിയോടെ ജാതിയെയും മതവർഗീയതയെയും കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്ന എൽ ഡി എഫ് മുന്നണി നേതൃത്വം. ആഗോള അയ്യപ്പസംഗമം എന്നപേരിൽ അരങ്ങേറിയത് അതിന്റെ കേളികൊട്ടായിരുന്നു. തങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്ന ഒരിടതുപക്ഷത്തെ സംഘപരിവാരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാവിക്കൊടി ഇല്ലാതെതന്നെ കാവികളിക്കുന്ന ഒരിടതുപക്ഷം ആരെയെങ്കിലും തെല്ലെങ്കിലും ന്യായപ്പെടുത്തുന്നുണ്ടെങ്കിൽ അത് സംഘപരിവാരരാഷ്ട്രീയത്തെ മാത്രമാണ്. വേദിയിൽ അരങ്ങേറിക്കൊണ്ടിരുന്ന ജനപ്രിയ പൈങ്കിളി നാടകത്തിൽ അപ്രതീക്ഷിതമായി സകലരും ബഫൂൺ വേഷക്കാരായി പകർന്നിരിക്കുന്നു!
പൗരരും ഭരണകൂടവും സാമൂഹ്യനീതിയും മാത്രം വിഷയമാക്കി രാഷ്ട്രീയത്തെ വിവേചിച്ചറിയുന്ന ഒരു പ്രബലസമൂഹവും ഉൾപ്പെട്ടതാണ് കേരളത്തിലെ നായർ - ഈഴവസമൂഹമെന്നത് ഈ തന്ത്രത്തിന്റെ ഉപജ്ഞാതാക്കൾ അറിയാതെ പോവുകയാണ്.
അസാധാരണ രാഷ്ട്രീയ മെയ്‌വഴക്കമാണ് നാളിതുവരെ പോരടിച്ച് നിന്നിരുന്ന വെള്ളാപ്പള്ളി നടേശനെയും സുകുമാരൻ നായരെയും മുഖ്യമന്ത്രിക്ക് ഇരുപുറവുമായി വേദിയിലെത്തിക്കുന്ന കാര്യത്തിൽ ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ കാണിച്ചിരിക്കുന്നത്. കേരളത്തിലെ പ്രബലരായ രണ്ട് ജാതിസമൂഹങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് കേരളത്തെ ബോദ്ധ്യപ്പെടുത്താനുള്ള കൊണ്ടുപിടിച്ച പരിശ്രമമായിരുന്നു ഇതിനുപിന്നിൽ. എന്നാൽ ഈ ജാതിസമൂഹങ്ങളെ എൻ എസ് എസ്, എസ് എൻ ഡി പി എന്നീ സംഘടനകൾ വേണ്ടവിധം പ്രതിനിധാനം ചെയ്യുന്നുണ്ടോ? അതൊരു മില്യൺ ഡോളർ ചോദ്യമേയല്ല. അരിഭക്ഷണം കഴിക്കുന്ന ശരാശരി മലയാളികൾക്കൊക്കെയും ഉത്തരമറിയാവുന്ന ഒരു കുസൃതിച്ചോദ്യം മാത്രം. പൗരരും ഭരണകൂടവും സാമൂഹ്യനീതിയും മാത്രം വിഷയമാക്കി രാഷ്ട്രീയത്തെ വിവേചിച്ചറിയുന്ന ഒരു പ്രബലസമൂഹവും ഉൾപ്പെട്ടതാണ് കേരളത്തിലെ നായർ - ഈഴവസമൂഹമെന്നത് ഈ തന്ത്രത്തിന്റെ ഉപജ്ഞാതാക്കൾ അറിയാതെ പോവുകയാണ്. സംഘപരിവാരശക്തികൾ ഒളിഞ്ഞും തെളിഞ്ഞും ഇതുതന്നെയാണ് സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഫലരഹിതമായി പയറ്റിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഈ തന്ത്രത്തെ ഒപ്പം കൂട്ടുമ്പോൾ ഇടതുപക്ഷത്തിന് സംഭവിക്കുന്ന സാംസ്‌കാരിക അപചയം എന്തുകൊണ്ടാണ് കാണാതെ പോകുന്നത്? ഇതിലടങ്ങിയിരിക്കുന്ന വിഷം ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ആന്തരികതയിൽ വിപത്ക്കരമായ കാൻസറായി ഉച്ചുകുത്തുകയും ചങ്കിനെത്തന്നെ ദ്രവിപ്പിക്കാൻ തുടങ്ങുകയും ചെയ്യും.

ഏതുവിധേനയും ആരെ കൂട്ടുപിടിച്ചും പാർലിമെന്ററി അധികാരം പിടിച്ചുനിർത്തണമെന്ന ഇടതുപക്ഷത്തിന്റെ ഈ ആർത്തി അത്യന്തികമായി കേരളത്തിന്റെ ആരോഗ്യകരമായ ജനാധിപത്യ രാഷ്ട്രീയത്തെ ആപത്തിലാഴ്ത്തും. പ്രതിലോമശക്തികളെ ഗൂഢമായി ആവേശഭരിതരാക്കും. സ്വാഭാവികമായും മുസ്ലിം - ക്രൈസ്തവ വർഗ്ഗീയവാദത്തിന് ആകർഷണീയതയും ബലവും ഏറ്റും. ന്യുനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക / അനദ്ധ്യാപക നിയമനങ്ങളിൽ അവർക്കായി ഇളവുകൾ നൽകാൻ എൽ ഡി എഫ് നിർബന്ധിതമാകും. അതിന്റെ സൂചനകൾ ഇപ്പോൾത്തന്നെ കാണുന്നുണ്ട്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും അടങ്ങുന്ന ഇടതുപക്ഷ ബുദ്ധിജീവികൾ പുലർത്തുന്ന മൗനവും നിസ്സംഗതയുമാണ് ഈ സാംസ്‌കാരിക ഭീഷണിയുടെ ആഴത്തെ പെരുപ്പിക്കുന്നത്. ഈ ഏറാന്മൂളിത്തം ആത്മവിനാശത്തിലേക്കാണ് അവരെ കൊണ്ടുപോകുന്നത്. അറിഞ്ഞിട്ടും അറിയാത്തഭാവത്തിൽ അധികാരത്തെ പിന്തുണയ്ക്കാനായി മാത്രം മൗനം പാലിക്കുന്ന ഇവരോട് ഭാവിയും ചരിത്രവും പൊറുക്കില്ല. ഇവരുടെ മൗനമാണ് കേരളത്തിന്റെ സെക്കുലർ മനസ്സിനെ നിർവീര്യമാക്കുന്നത്. ഇടതുപക്ഷത്ത് സ്വയം വലതുപക്ഷവൽക്കരണത്തിന് വിധേയമാകാൻ നിന്നുകൊടുക്കുന്ന ഈ ദയനീയാവസ്ഥയെ ചെറുക്കാനായി സാംസ്‌കാരിക പ്രവർത്തകരും യുവജനങ്ങളും വിദ്യാർത്ഥികളും ഉണരുകതന്നെ വേണം.
