രാഷ്ട്രീയ ചിന്തയെ അതിലംഘിക്കുന്ന
രാഷ്ട്രീയ നടനങ്ങൾ

ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താൻ ഇടതുപക്ഷം നടത്തുന്ന അത്യന്തം ആപൽക്കരമായ ഒത്തുതീർപ്പുകളെയും അത് കേരളത്തിന്റെ സെക്യുലർ അടിത്തറയ്ക്കുണ്ടാക്കുന്ന ആഘാതങ്ങളെയും കുറിച്ച് ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് പി.എൻ. ഗോപീകൃഷ്ണൻ മറുപടി എഴുതുന്നു.

രാഷ്ട്രീയ കക്ഷികളെ, അതിന്റെ പരിപാടികളിലേയ്ക്ക് നയിക്കുന്ന രാഷ്ട്രീയ ചിന്തയുടെ പരിണാമം നാം പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണമായി, 1967- ലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ പരിശോധിക്കാം. ഡോ. രാം മനോഹർ ലോഹ്യയാണ് അത് എഴുതിയത്. ‘സപ്ത ക്രാന്തി’ എന്ന പേരിൽ പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ട, ഇന്ത്യൻ സമൂഹത്തിലും, ലോക സമൂഹത്തിലും നടപ്പാകേണ്ട ഏഴ് വിപ്ലവങ്ങളെക്കുറിച്ചാണ് അത് പറയുന്നത്. അതിൽ ജാതിവിവേചനവും ലിംഗവിവേചനവും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കാനുള്ള പരിപാടികൾ മുന്നോട്ടു വെയ്ക്കുന്നുണ്ട്. വംശീയതയുടേയും തൊലിനിറത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ പരോക്ഷമായി പിടിമുറുക്കിയ വൈദേശികാധിപത്യത്തെ പറ്റി പറയുന്നുണ്ട്. ആണവായുധങ്ങൾ ഉൾപ്പെടെ എല്ലാത്തരം ആയുധങ്ങളേയും ലോകത്തുനിന്ന് ഇല്ലാതാക്കുന്ന രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതിശയമെന്നു പറയട്ടെ, ഇന്നലെയാണ് എഴുതിയത് എന്ന മട്ടിൽ അനുഭവപ്പെടുന്ന തരത്തിൽ , സ്വകാര്യതയിലേയ്ക്കുള്ള ആൾക്കൂട്ട കടന്നാക്രമണത്തെ കുറ്റകൃത്യമായി കാണുന്നുണ്ട്.

ഒരുപക്ഷേ, അന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഏർപ്പെട്ടിരുന്ന ഫാഷിസ്റ്റേതര ജനാധിപത്യ കക്ഷികളെല്ലാം തന്നെ ഇന്ത്യൻ സമൂഹത്തെ സമൂലമായി മാറ്റി മറിക്കാനുള്ള പരിപാടികൾ അവരവരുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷെ, സമീപകാലത്തെ തെരഞ്ഞെടുപ്പു മാനിഫെസ്‌റ്റോകൾ പരിശോധിച്ചാൽ അവയെല്ലാം റോഡ്, പാലം, ഐ ടി പാർക്കുകൾ, വൻകിട കോർപ്പറേറ്റുകളുടെ ഹബ്ബുകൾ ഒക്കെ പണിയാനുള്ള ഒരിടമായി ദേശത്തെ അവതരിപ്പിക്കുകയും ഇത് നിർവ്വഹിക്കുന്ന ഏജൻസിയായി രാഷ്ട്രീയ പാർട്ടികളെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഇക്കാലം കൊണ്ടുവന്നിട്ടുള്ള അതി പ്രധാനമായ മാറ്റം. അതായത് ഭരണഘടന മുന്നോട്ടു വെച്ച പ്രധാനപ്പെട്ട മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം എന്നീ മൂല്യങ്ങളുടെ നടപ്പിലാക്കലിൽ തങ്ങളെന്ത് ചെയ്യാൻ പോകുന്നു എന്ന് പറയേണ്ടത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനിവാര്യതയായി ആരും കരുതാതെയായി. പകരം തങ്ങളുടെ ദേശത്തെ കാലാനുസൃതമായി ഭൗതികമായി അണിയിച്ചൊരുക്കുന്നതിലൂടെ ,സാമ്പത്തിക ചംക്രമണത്തിൻ്റെ ഒരു നിസ്സാരമായ ഞരമ്പ് കടന്നുപോകും, അതാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യം എന്നവർ കരുതുന്നു.

ഡോ. രാം മനോഹർ ലോഹ്യ
ഡോ. രാം മനോഹർ ലോഹ്യ

ഈ മാറ്റം ഏറ്റവും കൂടുതൽ സഹായിക്കുന്നത് ഫാഷിസ്റ്റ് രാഷ്ട്രീയത്തേയാണ് എന്ന് ഇന്ത്യാ ചരിത്രം തെളിവു തരുന്നുണ്ട്. അല്ലെങ്കിൽ രാഷ്ട്രീയ ചിന്തയ്ക്കുപകരം രാഷ്ട്രീയ നടനത്തെ (Political Performance) മുന്നോട്ടുവെച്ച് വിജയം കൊയ്യാം എന്ന് വ്യാപകമായി മുന്നോട്ടു വെച്ചത് ഇന്ത്യൻ ഫാഷിസ്റ്റുകളാണ്. 2002- ൽ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ ഗുജറാത്തിൽ അരങ്ങേറിയ ശേഷം, നരേന്ദ്ര മോദി വീണ്ടും ജയിച്ചു വന്നതോടെയാണ്, ഒരുപക്ഷെ ഈ മാറ്റം സംഭവിക്കുന്നത്. അന്ന് മോദി ജയിച്ചത് വികസനത്തിലൂന്നിയുള്ള ഗുജറാത്ത് മോഡൽ മുന്നോട്ടു വെച്ചതുകൊണ്ടാണ് എന്നതാണ് പൊതുവായ വിശ്വാസം. അതോടെ ‘വികാസ് പുരുഷ്’ എന്ന സങ്കല്പനത്തിൻ്റെ കാവലാളുകളായി തങ്ങളെ മാറ്റിയെടുക്കാൻ ഓരോ രാഷ്ട്രീയ പാർട്ടിയും ബോധപൂർവ്വമോ അബോധ പൂർവ്വമോ ആയ പരിശ്രമം തുടങ്ങിവെയ്ക്കുന്നുണ്ട്. ഫാഷിസം ഇന്ത്യൻ ജനാധിപത്യത്തെ മുഴുവനായി സ്വാധീനിക്കുന്ന കഥ അവിടെ നിന്ന് തുടങ്ങുന്നു. അതോടൊപ്പം തന്നെ ഫാഷിസ്റ്റ് പാർട്ടിയുടെ സോഷ്യൽ എഞ്ചിനീയറിംഗിൽ എല്ലാ കക്ഷികളും വ്യാപകമായി വിശ്വസിക്കാനും ആശ്രയിക്കാനും തുടങ്ങുന്നുമുണ്ട്.

ഈ പൊതു പരിപ്രേക്ഷ്യത്തിൽ നിന്നു കൊണ്ടു വേണം, ഇടതുപക്ഷത്തെ മുൻനിർത്തിയുള്ള ചോദ്യാവലിയെ നേരിടാൻ എന്ന് ഞാൻ വിചാരിക്കുന്നു. അതായത് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ, പ്രത്യേകിച്ച് ഫാഷിസ്റ്റേതര നിലപാട് കൈക്കൊള്ളുന്ന പാർട്ടികളെ, ഒരർത്ഥത്തിൽ നിയന്ത്രിക്കുന്നത് അവരുടെ ഭൂതകാലമോ ഭൂതകാലത്തിൽ അവർ വളർത്തിയെടുത്ത രാഷ്ട്രീയ ചിന്തയോ അല്ല. മറിച്ച് വിജയിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയം പ്രദാനം ചെയ്യുന്ന മാതൃകകൾ തന്നെയാണ്. അതേ സമയം അവർ മറന്നുപോകുന്നത്, ഇന്ത്യൻ ഫാഷിസത്തെ സംബന്ധിച്ച് അത് സ്വാഭാവികമായ എത്തിപ്പെടലായിരിക്കുമ്പോൾ, തങ്ങളെ സംബന്ധിച്ച് അത് അസ്വഭാവികവും അങ്ങേയറ്റം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണെന്ന വസ്തുതയാണ്.

കേരളത്തിൻ്റെ ജനാധിപത്യ ചരിത്രം ആരംഭിക്കുന്നത് , തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയല്ല. നാരായണഗുരുവും അയ്യങ്കാളിയും പ്രവർത്തിച്ചത് ,തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ടല്ല. കേരളത്തിലെ ആദ്യകാല സംഘടനാ രൂപങ്ങൾ, ശ്രീനാരായണ ധർമ്മ പരിപാലന യോഗവും സാധുജന പരിപാലന സംഘവും രൂപം കൊള്ളുന്നതും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ അധികാരക്കസേരയിൽ ഏറാനോ അല്ല.
കേരളത്തിൻ്റെ ജനാധിപത്യ ചരിത്രം ആരംഭിക്കുന്നത് , തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയല്ല. നാരായണഗുരുവും അയ്യങ്കാളിയും പ്രവർത്തിച്ചത് ,തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ടല്ല. കേരളത്തിലെ ആദ്യകാല സംഘടനാ രൂപങ്ങൾ, ശ്രീനാരായണ ധർമ്മ പരിപാലന യോഗവും സാധുജന പരിപാലന സംഘവും രൂപം കൊള്ളുന്നതും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ അധികാരക്കസേരയിൽ ഏറാനോ അല്ല.

കേരളത്തിൻ്റെ ജനാധിപത്യ ചരിത്രം ആരംഭിക്കുന്നത് , തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയല്ല. നാരായണഗുരുവും അയ്യങ്കാളിയും പ്രവർത്തിച്ചത് ,തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ടല്ല. കേരളത്തിലെ ആദ്യകാല സംഘടനാ രൂപങ്ങൾ, ശ്രീനാരായണ ധർമ്മ പരിപാലന യോഗവും സാധുജന പരിപാലന സംഘവും രൂപം കൊള്ളുന്നതും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ അധികാരക്കസേരയിൽ ഏറാനോ അല്ല. രാഷ്ട്രീയാധികാരത്തിനായല്ല, സാമൂഹ്യാധികാരത്തിനായാണ് നവോത്ഥാനത്തിൻ്റെ സൃഷ്ടികൾ എന്ന് വിശേഷിപ്പിക്കാവുന്ന എല്ലാ സാമൂ ഹ്യോപാധികളും പ്രവർത്തിച്ചത്. അതിൻ്റെ ഫലമായി സമത്വത്തിലൂന്നുന്ന ഒരു സാമൂഹ്യശക്തി കേരളസമൂഹത്തിൽ, കേരളം എന്ന ഭൗതിക യാഥാർത്ഥ്യം രൂപം കൊള്ളുന്നതിന് മുമ്പേ രൂപം കൊണ്ടിരുന്നു. നമ്മളിന്ന് സ്മരിക്കുന്ന ഭൂരിഭാഗം സമരങ്ങളും, നമ്മളെ നാമാക്കിയ സമരങ്ങൾ, എല്ലാം അക്കാലത്ത് നടന്നതാണ്. മാർക്സിസം പോലെയുള്ള സമതയിലും അതിന് വേണ്ടിയുള്ള സമരത്തിലും വിശ്വസിക്കുന്ന ഒന്നിനെ പാടേ ഉൾക്കൊള്ളാനുള്ള ശേഷി കേരള സമൂഹം കൈവരിക്കുന്നത് അങ്ങനെയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന് ഒരു അധിക ഊർജ്ജം കേരളത്തിൽ കിട്ടുന്നത് അങ്ങനെയാണ്. ജാതിയിൽ താഴ്ന്നവരും വർഗ്ഗപരമായി താഴേയ്ക്കിടയിലുള്ളവരും സ്വാഭാവികമായും ഇടതുപക്ഷത്തിൻ്റെ കുടക്കീഴിലോ , കൊടിക്കീഴിലോ സംഗമിച്ചു.

ഇന്ന് ഇടതുപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു കാര്യം, അന്നു മുതൽ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടിയായി ഇടതുപക്ഷ പാർട്ടികൾ മാറി എന്നതാണ്. അത് എങ്ങനെ എന്ന് തിരിഞ്ഞുനോക്കുമ്പോൾ, നവോത്ഥാനത്തിൻ്റെ സാമൂഹ്യജനാധിപത്യ പ്രക്രിയയെ, രാഷ്ട്രീയ ജനാധിപത്യവുമായി കൂട്ടിയോജിപ്പിക്കാൻ സവിശേഷമായി കഴിഞ്ഞതുകൊണ്ടാണെന്ന് കാണാൻ പ്രയാസമില്ല. സവർണ്ണതയ്ക്ക് പുറത്തു കിടക്കുന്ന ഈഴവ, ദലിത് സമുദായങ്ങൾ, നവോത്ഥാനത്തിൽ അവരാർജ്ജിച്ച സാമൂഹ്യ ചലനാത്മകതയുടെ തുടർച്ചയെ കണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ദർശനത്തിലാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടികളായി കമ്യൂണിസ്റ്റ് പാർട്ടികൾ മാറിയത് ഏതെങ്കിലും സാമുദായിക പ്രീണനം നടത്തിയല്ല എന്നർത്ഥം.

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടികളായി ഇരിക്കേ തന്നെ വർഗ്ഗീയതയ്ക്കെതിരെ പോരാടാനുള്ള അവരുടെ ആസ്തി എന്നത്, അതിനുള്ളിൽ അടങ്ങിയിരിക്കുന്ന ഹിന്ദുക്കളും അല്ലാത്തതുമായ മനുഷ്യരുടെ മതേതര ബോധ്യങ്ങളാണ്. അതിനെ മുന്നോട്ടു കൊണ്ടു പോകുക എന്ന ദൗത്യമാണ് അവർ ബോധപൂർവ്വം ഏറ്റെടുക്കേണ്ടത്.
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടികളായി ഇരിക്കേ തന്നെ വർഗ്ഗീയതയ്ക്കെതിരെ പോരാടാനുള്ള അവരുടെ ആസ്തി എന്നത്, അതിനുള്ളിൽ അടങ്ങിയിരിക്കുന്ന ഹിന്ദുക്കളും അല്ലാത്തതുമായ മനുഷ്യരുടെ മതേതര ബോധ്യങ്ങളാണ്. അതിനെ മുന്നോട്ടു കൊണ്ടു പോകുക എന്ന ദൗത്യമാണ് അവർ ബോധപൂർവ്വം ഏറ്റെടുക്കേണ്ടത്.

ഇക്കാര്യമാണ് ഇന്ന് ഇടതുപക്ഷപാർട്ടികൾ പ്രത്യേകിച്ചും ഓർക്കേണ്ടത്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടികളായി ഇരിക്കേ തന്നെ വർഗ്ഗീയതയ്ക്കെതിരെ പോരാടാനുള്ള അവരുടെ ആസ്തി എന്നത്, അതിനുള്ളിൽ അടങ്ങിയിരിക്കുന്ന ഹിന്ദുക്കളും അല്ലാത്തതുമായ മനുഷ്യരുടെ മതേതര ബോധ്യങ്ങളാണ്. അതിനെ മുന്നോട്ടു കൊണ്ടു പോകുക എന്ന ദൗത്യമാണ് അവർ ബോധപൂർവ്വം ഏറ്റെടുക്കേണ്ടത്. അതുപോലെത്തന്നെ കേരളത്തിലെ കോൺഗ്രസ് മുന്നണിയുടെ മുന്നിലുള്ള വെല്ലുവിളി, കാലങ്ങളിലൂടെ അവരാർജ്ജിച്ച സോഷ്യൽ എഞ്ചിനീയറിംഗിൽ വിള്ളൽ വീഴ്ത്താൻ വർഗ്ഗീയ ശക്തികളെ അനുവദിക്കാതിരിക്കുക എന്നും.

കാണെക്കാണെ, ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ വിശകലനം സാമുദായികതയുമായി ബന്ധപ്പെട്ട ഒന്നു മാത്രമായി മാറ്റി എന്നതും ഇന്ത്യൻ ഫാഷിസ്റ്റുകളുടെ വിജയമാണ്. ഒരു ഇന്ത്യൻ ബഹുസ്വര സമൂഹത്തെ മുന്നിൽ കണ്ട് തെരഞ്ഞെടുപ്പുകളെ നേരിടാൻ ഒരു പാർട്ടിക്കും കഴിയാതെയായി. അതോടെ സാമുദായിക ശക്തികൾക്ക് ഇല്ലാത്ത പ്രാധാന്യം കൈവന്നു. ഇത് ആത്യന്തികമായി വർണ്ണവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു. എല്ലാവരാലും അംഗീകരിക്കപ്പെടുന്ന, എല്ലാവരോടും വിലപേശുന്ന ശക്തിയായി അവരെ, എല്ലാ രാഷ്ട്രീയ പാർട്ടികളും അവരോധിച്ചിരിക്കുന്നു. അവരാകട്ടെ, അവരുടെ നവോത്ഥാന കാലം മറന്ന്, സമുദായത്തെ കച്ചവടത്തിന് വെയ്ക്കുന്ന മൊത്തവ്യാപാരി വേഷം കെട്ടിയിരിക്കുന്നു. ഇതാകട്ടെ ആത്യന്തികമായി രാഷ്ട്രീയത്തെ ഹിന്ദുവല്ക്കരിക്കുന്ന ഇടത്ത് എത്തിച്ചിരിക്കുന്നു.

ഇന്ത്യൻ ഹിന്ദു മദ്ധ്യവർഗ്ഗ മണ്ഡലത്തിൽ തങ്ങളുടെ ബ്രാഹ്മണിക രാഷ്ട്രീയം മറച്ചുവെച്ച് ഒരു ഹിന്ദു വംശീയ രാഷ്ട്രീയത്തിൻ്റെ അന്തരീക്ഷം ഉണ്ടാക്കാൻ അവർക്ക് ഇതുവഴി കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമായ സംഗതിയാണ്. കേരളത്തിലും ഇതിന് വേരാഴ്ത്താൻ കഴിഞ്ഞു എന്നതും വസ്തുതയാണ്.
ഇന്ത്യൻ ഹിന്ദു മദ്ധ്യവർഗ്ഗ മണ്ഡലത്തിൽ തങ്ങളുടെ ബ്രാഹ്മണിക രാഷ്ട്രീയം മറച്ചുവെച്ച് ഒരു ഹിന്ദു വംശീയ രാഷ്ട്രീയത്തിൻ്റെ അന്തരീക്ഷം ഉണ്ടാക്കാൻ അവർക്ക് ഇതുവഴി കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമായ സംഗതിയാണ്. കേരളത്തിലും ഇതിന് വേരാഴ്ത്താൻ കഴിഞ്ഞു എന്നതും വസ്തുതയാണ്.

‘‘രാഷ്ട്രീയത്തെ ഹിന്ദുവല്ക്കരിക്കുക, ഹിന്ദുക്കളെ സൈനികവല്ക്കക്കരിക്കുക’’ എന്ന രണ്ട് ഇതളുകളുള്ള പദ്ധതിയായാണ് ഹിന്ദുത്വ ഫാഷിസത്തിൻ്റെ അധികാരാരോഹണത്തിന് വി.ഡി. സവർക്കർ നിർദ്ദേശിച്ചത്. ഇത് രണ്ടും ഇന്ത്യൻ ഫാഷിസ്റ്റുകൾ ഇടതടവില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ കഴിയും. രാഷ്ട്രീയത്തിൻ്റെ ഹിന്ദുവല്ക്കരണത്തിൻ്റെ ഭാഗമായി മുസ്ലീങ്ങളേയും മറ്റ് ന്യൂനപക്ഷങ്ങളേയും അവർ നിരന്തരം അപരവല്ക്കക്കരിച്ചു കൊണ്ടിരിക്കുന്നു. ബാബ്റി മസ്ജിദ് തകർത്തും ഗുജറാത്തിൽ വംശഹത്യ നടത്തിയും പൗരത്വനിയമം ഭേദഗതി ചെയ്തും 370-ാം വകുപ്പ് എടുത്തു കളഞ്ഞും ബുൾഡോസർ രാജ് നടപ്പാക്കിയും അവർ രാഷ്ട്രീയത്തെ അനുസ്യൂതമായി ഹിന്ദുവല്ക്കരിച്ചു കൊണ്ടിരിക്കുന്നു. സംസ്കാരത്തിൻ്റെ ഹിന്ദുവല്ക്കരണത്തിനായി ഉത്സവങ്ങളും ആരാധനാലയങ്ങളും അവർ നിരന്തരം ഉപയോഗിക്കുന്നു. ശാഖകൾ മുതൽ അഗ്നിവീർ വരെയുള്ള പദ്ധതികളിലൂടെ ഹിന്ദു മണ്ഡലത്തെ സൈനികവത്ക്കരിക്കാനുള്ള അവരുടെ നീക്കം തുടർച്ചയായി നടക്കുന്നു. ഇന്ത്യൻ ഹിന്ദു മദ്ധ്യവർഗ്ഗ മണ്ഡലത്തിൽ തങ്ങളുടെ ബ്രാഹ്മണിക രാഷ്ട്രീയം മറച്ചുവെച്ച് ഒരു ഹിന്ദു വംശീയ രാഷ്ട്രീയത്തിൻ്റെ അന്തരീക്ഷം ഉണ്ടാക്കാൻ അവർക്ക് ഇതുവഴി കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമായ സംഗതിയാണ്. കേരളത്തിലും ഇതിന് വേരാഴ്ത്താൻ കഴിഞ്ഞു എന്നതും വസ്തുതയാണ്. ശൂദ്രരായ നായർ ജാതിയിൽ പെട്ടവരേയും പഞ്ചമരായ ഈഴവ, ദലിത് ജാതിയിൽപ്പെട്ടവരേയും കൊണ്ട് തങ്ങളുടെ ബ്രാഹ്മണരാഷ്ട്രീയം വിളിച്ചു പറയിക്കാനുള്ള പദ്ധതിയിൽ അവർ മുന്നേറിയിട്ടുണ്ട്. അതിനെ നേരിടുക എന്നത് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ ദൗത്യമാണ് എന്നതിലും സംശയമില്ല. പക്ഷേ, എങ്ങനെ എന്ന ചോദ്യത്തെ കൂടി രാഷ്ട്രീയമായി നേരിട്ടില്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി തീരും.

ന്യൂനപക്ഷങ്ങളുടെ വലിയ സാന്നിദ്ധ്യമാണ് ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെ കേരളത്തിൽ തടുത്തു നില്ക്കുന്നത്. 2014- ൽ മോദി അധികാരത്തിൽ കയറിയ അന്നു മുതൽ രാഷ്ട്രീയമായി ഏറ്റവും ജാഗരൂകരായ ഒരു കൂട്ടം ന്യൂനപക്ഷങ്ങളാണ്. ഭീതിയിലും ആപത്ക്കരമായ സാഹചര്യങ്ങളിലൂടെയും ഓരോ നിമിഷവും കടന്നുപോകേണ്ടിവരുന്നത് അവരെ സവിശേഷമായി രാഷ്ട്രീയവല്ക്കരിച്ചിരിക്കുന്നു. ആ രാഷ്ട്രീയ വല്ക്കരണം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയാത്ത വിധം സങ്കീർണ്ണമാണ്. മുസ്ലീം വെറുപ്പ് എന്ന ഇന്ത്യൻ ഫാഷിസത്തിൻ്റെ കേന്ദ്രപ്രമേയം ഏറ്റുവാങ്ങേണ്ടിവന്ന സമൂഹം എന്ന നിലയിൽ അവരുടെ രാഷ്ട്രീയ ബോധത്തെ ഇന്നലത്തെ പോലെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല. അവർ തെരഞ്ഞെടുപ്പുകളെ ഉപയോഗിക്കുന്നത്, കേരളത്തിൽ പതിവുള്ളതരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ മുന്നണിയോടോ അന്ധമായ കുറ് പുലർത്തിയല്ല. മറിച്ച്, ഇന്ത്യൻ ഫാഷിസത്തിനെതിരെയാണ് തങ്ങളുടെ വോട്ട് പ്രവർത്തിക്കേണ്ടത് എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് എന്ന് 2014- നുശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ അവർ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് കാണാം. അതേ സമയം കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ ഇന്ത്യൻ ഫാഷിസം ഉണ്ടാക്കിയ അങ്കലാപ്പ് കുറേക്കൂടി സങ്കീർണ്ണമായ തലത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് കാണാം. അതിൽ ഒരു ചെറിയ വിഭാഗത്തിൻ്റെയെങ്കിലും വോട്ടുകൾ കരസ്ഥമാക്കാൻ ഇന്ത്യൻ ഫാഷിസത്തിന് കഴിഞ്ഞു എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ ഇന്ത്യൻ ഫാഷിസം ഉണ്ടാക്കിയ അങ്കലാപ്പ് കുറേക്കൂടി സങ്കീർണ്ണമായ തലത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് കാണാം. അതിൽ ഒരു ചെറിയ വിഭാഗത്തിൻ്റെയെങ്കിലും വോട്ടുകൾ കരസ്ഥമാക്കാൻ ഇന്ത്യൻ ഫാഷിസത്തിന് കഴിഞ്ഞു എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.
കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ ഇന്ത്യൻ ഫാഷിസം ഉണ്ടാക്കിയ അങ്കലാപ്പ് കുറേക്കൂടി സങ്കീർണ്ണമായ തലത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് കാണാം. അതിൽ ഒരു ചെറിയ വിഭാഗത്തിൻ്റെയെങ്കിലും വോട്ടുകൾ കരസ്ഥമാക്കാൻ ഇന്ത്യൻ ഫാഷിസത്തിന് കഴിഞ്ഞു എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.

അതിനാൽ കേരളത്തിൽ ആൻ്റി ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് ആഴവും വളർച്ചയും നൽകണമെങ്കിൽ, മതേതര കക്ഷികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി മനസ്സിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും ആയ അവകാശങ്ങൾ ഭൂരിപക്ഷത്തിൻ്റെ ഹിതമനുസരിച്ചല്ല, മറിച്ച് ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്കനുസൃതമായാണ് നിർണ്ണയിക്കപ്പെടുക എന്നത് മതേതര രാഷ്ട്രീയത്തിൻ്റെ ആണിക്കല്ലായിരിക്കണം. രണ്ടാമത്, രാഷ്ട്രീയത്തെ ഹൈന്ദവവത്ക്കരിക്കുകയല്ല വേണ്ടത്, മതേതരവല്ക്കരിക്കുകയാണ് എന്ന ബോധത്തെ തൃണമൂല തലത്തിൽ എത്തിക്കാൻ കഴിയണം. സഹവർത്തിത്വത്തിൻ്റേയും സഹകരണത്തിൻ്റേയും സ്നേഹത്തിൻ്റേയും രാഷ്ട്രീയത്തെയാണ് അതിലൂടെ പ്രവർത്തന സജ്ജമാകുക.

ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കുക എന്നതിനർത്ഥം വിവിധ വിശ്വാസരീതികളെ അംഗീകരിക്കുക എന്നത് കൂടിയാണ്. ഹിന്ദു വിശ്വാസത്തെ, അന്യവിശ്വാസവുമായി കൊമ്പുകോർക്കുന്ന ഒന്നാക്കി മാറ്റിക്കൊണ്ടാണ്, വിശ്വാസത്തിൻ്റെ ഫാഷിസവൽക്കരണം ഇന്ത്യൻ ഫാഷിസ്റ്റുകൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

എന്റെ ജന്മനാടായ കൊടുങ്ങല്ലൂരിൽ, ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള വഴികളിലൂടെ എത്രയോ മനുഷ്യർ ജാതി, മത വ്യത്യാസമില്ലാതെ നടന്നുപോകുമായിരുന്നു. കൊടുങ്ങല്ലൂർ താലപ്പൊലിയുടെ ആൾക്കൂട്ടമെന്നത് കൊടുങ്ങല്ലൂരിലെ ബഹുസ്വര സമൂഹത്തിൻ്റെ പരിഛേദമായിരുന്നു. Photo: Shahin Olakara / flickr
എന്റെ ജന്മനാടായ കൊടുങ്ങല്ലൂരിൽ, ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള വഴികളിലൂടെ എത്രയോ മനുഷ്യർ ജാതി, മത വ്യത്യാസമില്ലാതെ നടന്നുപോകുമായിരുന്നു. കൊടുങ്ങല്ലൂർ താലപ്പൊലിയുടെ ആൾക്കൂട്ടമെന്നത് കൊടുങ്ങല്ലൂരിലെ ബഹുസ്വര സമൂഹത്തിൻ്റെ പരിഛേദമായിരുന്നു. Photo: Shahin Olakara / flickr

എന്റെ ജന്മനാടായ കൊടുങ്ങല്ലൂരിൽ, ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള വഴികളിലൂടെ എത്രയോ മനുഷ്യർ ജാതി, മത വ്യത്യാസമില്ലാതെ നടന്നുപോകുമായിരുന്നു. കൊടുങ്ങല്ലൂർ താലപ്പൊലിയുടെ ആൾക്കൂട്ടമെന്നത് കൊടുങ്ങല്ലൂരിലെ ബഹുസ്വര സമൂഹത്തിൻ്റെ പരിഛേദമായിരുന്നു. അവിടെ ഉത്സവപ്പറമ്പിൽ ജനകീയ പ്രസിദ്ധീകരണ കേന്ദ്രം, ചിന്ത പബ്ലിഷേർസ് തുടങ്ങിയവയുടെ സ്റ്റാളുകളിൽ മാർക്സിൻ്റേയും എംഗൽസിൻ്റേയും മാർക്സിസ്റ്റ് ആചാര്യന്മാരുടേയും മാത്രമല്ല, എ.ടി. കോവൂരിൻ്റേയും ഇടമറുകിന്റേയും യുക്തിവാദ പുസ്തകങ്ങളും ശബരിമലയിലെ മകരവിളക്ക് മനുഷ്യനിർമ്മിതമാണെന്ന് പറയുന്ന ലഘുലേഖകളും വിതരണം ചെയ്തിരുന്നതിൽ ഒരു അസ്വഭാവികതയും ഭക്തർ ദർശിച്ചിരുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ കാൽ ശതകം പിന്നിടുമ്പോൾ ക്ഷേത്ര വളപ്പിലേയ്ക്ക് അഹിന്ദുക്കൾക്ക് പ്രവേശനമില്ലാതായി. ക്ഷേത്രത്തിന് ചുറ്റുമുള്ള കടകളിൽ ക്രിസ്തുമസ് നക്ഷത്രം വില്ക്കുന്നത് തടയപ്പെട്ടു. താലപ്പൊലി, ന്യൂനപക്ഷങ്ങളിൽ കുറച്ചു പേർക്കെങ്കിലും പങ്കെടുക്കാൻ കഴിയാത്ത ഒന്നായി. ഇങ്ങനെ അന്യമതങ്ങളോട് കർക്കശമാക്കിക്കൊണ്ടുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതോടെ അത് വർഗ്ഗീയവത്ക്കരണമായി അതിവേഗം പരിണമിക്കുന്നു. ഇതാണ് പുതിയ കാര്യം. വിശ്വാസത്തിൻ്റെ സഹിഷ്ണുത എന്നത് കേരളത്തിൽ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമല്ല. അതിൻ്റെ പ്രാഥമികതലം അതിശക്തമായി ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്.

അതിനാൽ, രാഷ്ട്രീയ ചിന്തയെ, രാഷ്ട്രീയ നടനത്തിനപ്പുറം സ്ഥാപിക്കുക എന്നതാണ് മതേതര രാഷ്ട്രീയത്തിന്റെ യഥാർത്ഥ കടമ. നമ്മുടെ ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഗാന്ധി, അംബേദ്ക്കർ, ലോഹ്യ, നെഹ്റു, എം.എൻ. റോയ് ചിന്തകൾ, ജാതിയുടെ രാഷ്ട്രീയം, സ്ത്രീപ്രശ്നങ്ങൾ, ന്യൂനപക്ഷ- ഭൂരിപക്ഷ ബന്ധങ്ങൾ, ബദൽ വികസനമാർഗ്ഗങ്ങൾ, കോർപ്പറേറ്റ് വിരുദ്ധത തുടങ്ങിയ മണ്ഡലങ്ങളിലെ ആശയസംവാദത്തെ പരിപോഷിക്കുന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുക എന്നതാണ് വർഗ്ഗീയ രാഷ്ട്രീയത്തെ ആഴത്തിലും പരപ്പിലും ചെറുക്കാൻ ഇടതുപക്ഷത്തിന് മുന്നിലുള്ള രാഷ്ട്രീയ രാജപാത. ആത്യന്തികമായി രാഷ്ട്രീയത്തെ ഹൈന്ദവവല്ക്കരിക്കുന്ന ഒരു പ്രവൃത്തിയും രാഷ്ട്രീയ നടനത്തിൻ്റെ ഭാഗമായിപ്പോലും ഇടതുപക്ഷത്തിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ആപൽക്കരമാണ്. ഒരു പക്ഷേ, ഇത്തരം വിഷയങ്ങൾ വരുമ്പോൾ ഇടതുപക്ഷത്തിൻ്റെ പ്രഖ്യാപിത അണികളിൽ നിന്നുതന്നെയുണ്ടാകുന്ന കനത്ത നിശ്ശബ്ദത, വീണ്ടുവിചാരങ്ങൾക്ക് പ്രേരിപ്പിക്കുന്നതാണ്.

ഈ ചർച്ചയുടെ കേന്ദ്രം ഇടതുപക്ഷ രാഷ്ട്രീയമാണെങ്കിലും എല്ലാ മതേതര കക്ഷികൾക്കും ഏറിയും കുറഞ്ഞും ഇത് ബാധകമാണ്. കേരളത്തിൽ ഹിന്ദുത്വ ഫാഷിസത്തെ യഥാർത്ഥത്തിൽ തടഞ്ഞുനിർത്താനുള്ള രാഷ്ട്രീയ പരിഹാരം എന്നത്, തെരഞ്ഞെടുപ്പുകളിൽ ചില മണ്ഡലങ്ങളിലെങ്കിലും യു ഡി എഫ് - എൽ ഡി എഫ് ധാരണ സാധ്യമാക്കുക എന്നതാണ്. പരസ്പരം പോരടിക്കുമ്പോഴും ജനാധിപത്യത്തിൻ്റെ അടിത്തറ തന്നെ കാർന്നു തിന്നുന്ന ഭീകരതയ്ക്കെതിരെ മിനിമം ധാരണയോടെ നിലയുറപ്പിക്കുന്നത് രാഷ്ട്രീയ വിവേകമാണ്. മത്സരത്തിൻ്റെ നിയമങ്ങൾ മാറ്റിയെഴുതുന്നത് കൂടിയാണല്ലോ രാഷ്ട്രീയ വിവേകം. പ്രത്യേകിച്ച് വോട്ട് ചോരി പോലുള്ള രാഷ്ട്രീയ വിഷയങ്ങളാൽ, ജനാധിപത്യത്തെക്കുറിച്ചുള്ള ആഴമുള്ള വിചിന്തനങ്ങൾക്ക് ഗുണാത്മകമായി പൊതുമണ്ഡലം നിലകൊള്ളുമ്പോൾ.


Summary: CPIM's role in Kerala secular politics P.N.Gopikrishnan writes on the context of Global Ayyappa Sangamam and Hindutva politics.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments