ബുദ്ധിജീവികളുടെ
വലതുപക്ഷ മഹാമൗനം

‘‘സർക്കാരിനും സംഘടനയ്ക്കും വേണ്ടി മാത്രം ഒരാൾക്ക് ഫാഷിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ ബുദ്ധിജീവിയായി ജീവിക്കാനാകില്ല. അതിന് നിരന്തരമായ സമരബൗദ്ധികതയുടെ പ്രകമ്പനങ്ങൾ നിറഞ്ഞ ജീവിതമുണ്ടാകണം. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ ബുദ്ധിജീവികൾ വാസ്തവത്തിൽ വലതുപക്ഷ പാളയത്തിലെ ജീവിതത്തിന് പാകപ്പെട്ടുകഴിഞ്ഞു. അധികാരത്തോടുള്ള വിധേയത്വവും അവസരവാദപരമായ, കൗശലം നിറഞ്ഞ നിശബ്ദതയും മെയ്യ് കണ്ണായിത്തികഞ്ഞ അഭ്യാസികളാണവർ. അവരുടെ മൗനംകൂടിയാണ് അവരുടെ അന്നം’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് പ്രമോദ് പുഴങ്കര മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെന്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയ ശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെന്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തു തീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്'?

പ്രമോദ് പുഴങ്കര: വിമോചനസമരം കേവലം ഒരു സർക്കാരിനെതിരെയുള്ള പ്രതിഷേധസമരമോ അല്ലെങ്കിൽ സർക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷത്തിന്റെ അക്ഷമ നിറഞ്ഞ വെപ്രാളമോ ആയിരുന്നില്ല. അത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വർഗസമരകാലങ്ങളിലൊന്നിന്റെ വേദിയായിരുന്നു. കർഷകത്തൊഴിലാളികളുടെയും അതിന്യൂനപക്ഷമെങ്കിലും സംഘടിതരായി മാറിക്കൊണ്ടിരുന്ന വ്യവസായത്തൊഴിലാളികളുടെയും നവോത്ഥാനകാലത്തിന്റെ തുടർച്ചയെ രാഷ്ട്രീയസമരമാക്കാനും ഭൂതകാലത്തിന്റെ ജീർണ്ണഭാണ്ഡങ്ങളെ വലിച്ചെറിയാനും വെമ്പുന്ന ആധുനിക ജനാധിപത്യബോധമുള്ള മനുഷ്യരുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും മാർക്സിസ്റ്റ് പ്രത്യശാസ്ത്രത്തിന്റെയും നീതിബോധത്തിൽ ചരിത്രം സൃഷ്ടിക്കാൻ തങ്ങളെത്തന്നെ ഉളിയും കല്ലുമാക്കി മാറ്റിയ മനുഷ്യരുടെയും മഹാപ്രവാഹമായിരുന്നു ഒരു വശത്ത്.

മറുവശത്താകട്ടെ, പുതിയ രാഷ്ട്രീയമുന്നേറ്റമുണ്ടാക്കുന്ന വലിയ മാറ്റങ്ങളിൽ അന്നുവരെ അനുഭവിച്ചിരുന്ന ചൂഷണാധികാരവും സാമൂഹ്യ, രാഷ്ട്രീയാധികാരങ്ങളും ദുർബ്ബലമാക്കപ്പെടുന്ന തിരിച്ചറിവിൽ കൈകോർത്ത് ഭൂവുടമകൾ, സവർണ്ണ ജാതിക്കോമരങ്ങൾ, സാമുദായിക ശക്തികൾ, ആഗോളതലത്തിൽത്തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധത ഒരു പ്രയോഗ അജണ്ടയാക്കിയ കൃസ്ത്യൻ സഭകൾ, ഇത്തരമെല്ലാ പിന്തിരിപ്പൻ ശക്തികളുടെയും ലാവണമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയെല്ലാമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ നിർമ്മാണത്തെ അതിന്റെ ശൈശവദശയിൽത്തന്നെ ആക്രമിച്ച ജനാധിപത്യവിരുദ്ധമായ വിമോചനസമരം അങ്ങനെയാണ് അരങ്ങേറിയത്. അതിനെത്തുടർന്നാണ് തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇ. എം. എസിനെ മുഖ്യമന്ത്രിയാക്കി രൂപംകൊടുത്ത കേരളസംസ്ഥാനത്തിന്റെ ആദ്യ സർക്കാരിനെ, ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കേന്ദ്ര സർക്കാർ പിരിച്ചുവിടുന്നത്. അമേരിക്ക, ബ്രിട്ടൻ എന്നീ സാമ്രാജ്യത്വ രാജ്യങ്ങൾ സകലപിന്തുണയും നൽകി നടത്തിച്ചതുകൂടിയായിരുന്നു വിമോചനസമരമെന്ന് സംശയങ്ങൾക്കിടയില്ലാത്തവണ്ണം തെളിയുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ നിർമ്മാണത്തെ അതിന്റെ ശൈശവദശയിൽത്തന്നെ ആക്രമിച്ച ജനാധിപത്യവിരുദ്ധമായ വിമോചനസമരം അങ്ങനെയാണ് അരങ്ങേറിയത്.
സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ നിർമ്മാണത്തെ അതിന്റെ ശൈശവദശയിൽത്തന്നെ ആക്രമിച്ച ജനാധിപത്യവിരുദ്ധമായ വിമോചനസമരം അങ്ങനെയാണ് അരങ്ങേറിയത്.

വിമോചനസമരത്തിനു ശേഷം കേരള രാഷ്ട്രീയം വാസ്തവത്തിൽ അതിന്റെ വിപ്ലവരാഷ്ട്രീയപ്രവണതകളെ വളരെ വേഗത്തിൽ കയ്യൊഴിയാൻ തുടങ്ങുകയും സവർണ്ണ, ധനിക, മത, സാമുദായിക സാമൂഹ്യ-രാഷ്ട്രീയാധികാരത്തെ ആക്രമിക്കാത്ത തരത്തിലുള്ള ഒത്തുതീർപ്പുകളുടേയും വിധേയത്വത്തിന്റെയും വഴികളിലേക്ക് നീങ്ങുകയും ചെയ്തു. വിമോചനസമരത്തിലെ സഖ്യകക്ഷികൾ മാറിയും മറിഞ്ഞും കേരളത്തിലെ ഇടതു, വലതു മുന്നണികളിൽ ചേക്കേറിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം സി പി ഐ, കോൺഗ്രസുമായി ഐക്യമുന്നണി ഉണ്ടാക്കുകയും അടിയന്തരാവസ്ഥക്കാലത്തടക്കം കോൺഗ്രസുമായിച്ചേർന്ന് അധികാരം പങ്കുവെക്കുകയും ചെയ്തു. വിമോചനസമരം കഴിഞ്ഞ് ഒരു പതിറ്റാണ്ടു കഴിയുംമുമ്പേ സി പി ഐ (എം) മുസ്‌ലിം ലീഗടക്കമുള്ള വിമോചനസമരകക്ഷികളുമായി ഐക്യപ്പെട്ടിരുന്നു.

അതിനെയെല്ലാം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അവസരവാദക്കൂട്ടുകെട്ടുകൾ മാത്രമായി ചുരുക്കിക്കാണാനാകില്ല. അതിനുമപ്പുറം അത്തരം രാഷ്ട്രീയ ഐക്യനിര ഇടതുപക്ഷ രാഷ്ട്രീയകേരളത്തിനുവേണ്ടിയുള്ള സമരകാലങ്ങളെ ഉപേക്ഷിക്കുകയായിരുന്നു ചെയ്തത്. മറ്റൊരുതരത്തിൽ സവർണ്ണർ ജാതിമേധാവിത്വത്തിന്റെ രാഷ്ട്രീയ, സാമൂഹ്യാധികാരത്തെ പുതിയ സാഹചര്യത്തിൽ വലിയൊരളവോളം തുടർന്നുകൊണ്ടുപോകുന്നതിന് അത് സമ്മതിക്കുകയും ചെയ്തു. വലിയ പരിമിതികളോടെയാണെങ്കിലും നടപ്പിലാക്കിയ ഭൂപരിഷ്ക്കരണത്തോടെ സവർണ്ണ, ഭൂവുടമ വിഭാഗത്തിനുണ്ടായിരുന്ന ചോദ്യം ചെയ്യപ്പെടാത്ത സാമൂഹ്യാധികാരം ദുർബ്ബലമായിരുന്നു. എന്നാൽ അതിനെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിന്നും ഇടതുപക്ഷത്തെ പിന്നോട്ടടിപ്പിക്കുന്നതിൽ വിമോചനസമരം വിജയിച്ചു.

വിമോചനസമരാനന്തര കാലങ്ങളിൽ ഒരിക്കൽപ്പോലും മേൽപ്പറഞ്ഞ ഇടതുപക്ഷ വിരുദ്ധരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനോ അവർ പ്രതിനിധീകരിക്കുന്ന വർഗ, ജാതി മേധാവിത്തത്തോടുള്ള ബഹുമുഖ സമരത്തിനോ മുഖ്യധാരാ ഇടതുപക്ഷം തയ്യാറായിരുന്നില്ല. മുന്നണി രാഷ്ട്രീയപരീക്ഷണങ്ങളുടെ നാനാവിധ സാധ്യതകളിൽ മാത്രമാണ് ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ നിലനിൽപ്പും ഭാവിയുമെന്ന് കേരളീയരെ ബോധ്യപ്പെടുത്തകയായിരുന്നു അവർ ചെയ്തത്.

കേരളം ഉണ്ടാകുന്ന കാലത്തേതിൽനിന്നും അതിന്റെ സാമൂഹ്യ ഉച്ചനീചത്വങ്ങളെ വലിയതോതിൽ കുതറിക്കളയാൻ പിൽക്കാല കേരളീയ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും വിമോചനസമരത്തിന്റെ രാഷ്ട്രീയധാര ഒരുതരത്തിൽ വിജയം കണ്ടെന്ന് പറയാം. അത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ പരമാവധിപോയാൽ സാമൂഹ്യക്ഷേമ പരിപാടികളുടെ നല്ലനടത്തിപ്പുകാർ മാത്രമാക്കിച്ചുരുക്കി. ഒരു വിപ്ലവരാഷ്ട്രീയ പ്രസ്ഥാനത്തിനുവേണ്ട സമരഭരിതമായ സാമൂഹ്യാവാസവ്യവസ്ഥയെ അത് ചോർത്തിക്കളഞ്ഞു. മത, സാമുദായിക, ധനിക വിഭാഗങ്ങൾക്ക് കോഴവാങ്ങി അധ്യാപകനിയമനം നടത്താനും അധ്യാപകർക്കുള്ള ശമ്പളവും പെൻഷനടക്കമുള്ള ആനുകൂല്യങ്ങളും പൂർണ്ണമായും സർക്കാർ നൽകുന്നതുമായ കൊടിയ അഴിമതിയിലൂടെ വിമോചനസമരത്തിന്റെ കാരണങ്ങളിലൊന്നായ വിദ്യാഭ്യാസ നിയമത്തിന്റെ അന്തഃസത്തയെ തുടർന്നുവന്ന ഇടതുമുന്നണി സർക്കാരുകളടക്കം കുരുതികൊടുത്തു. പിന്നീടൊരിക്കൽപ്പോലും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനങ്ങൾ പി എസ് സി വഴിയാക്കാനുള്ള രാഷ്ട്രീയനീക്കത്തിന് അവർ ധൈര്യപ്പെട്ടില്ല. കാതലായ ഒരു പ്രശ്നത്തിലും തങ്ങളുടെ വിമോചനസമരകാല എതിരാളികളെ അലോസരപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടായിരുന്നു പിന്നീടങ്ങോട്ട് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം നീങ്ങിയത്.

സപ്തകക്ഷി മുന്നണിതൊട്ടിങ്ങോട്ട് (1967) മുസ്‌ലിം ലീഗടക്കമുള്ള മത, സാമുദായിക കക്ഷികളുമായുള്ള കൂട്ടുകെട്ടിന് അതാതുകാലത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലാതെ മറ്റൊരു ന്യായവും ആവശ്യമില്ലാത്ത തരത്തിലേക്ക് മുഖ്യധാരാ ഇടതുപക്ഷം പാകപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴൊക്കെയും ഹിന്ദുത്വ രാഷ്ട്രീയത്തെ കർക്കശമായി പുറത്തുനിർത്തിക്കൊണ്ടായിരുന്നു ഇടതുമുന്നണിയുടെ ഈ പരുവപ്പെടൽ. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലെത്തുമ്പോൾ ഈയൊരു രാഷ്ട്രീയശാഠ്യം ഇടതുമുന്നണി കയ്യൊഴിയുകയാണ്.

ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയുടെ രാഷ്ട്രീയാധികാരം കയ്യാളുകയും ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വ്യവഹാര മാതൃകകൾ പുത്തൻ സ്വാഭാവികതയാവുകയും ചെയ്യുന്ന കാലത്ത് അതേ വ്യവഹാര മാതൃകകളെ മുഖ്യധാരാ ഇടതുപക്ഷം സാധൂകരിക്കുകയും സ്വാഭാവികമായ രാഷ്ട്രീയപ്രയോഗങ്ങളാക്കി മാറ്റുകയും ചെയ്യുന്നത് നമ്മൾ കേരളത്തിൽ കാണുന്നു. ശ്രീകൃഷ്ണ ജയന്തിയും യോഗയും മുതൽ ശബരിമല തീർത്ഥാടനം വരെ രാഷ്ട്രീയപ്രയോഗങ്ങളാക്കി മാറ്റുന്ന സംഘപരിവാറിന്റെ അതേ മുറകൾ ഇടതുമുന്നണിയും സി പി ഐ(എം), സി പി ഐ കക്ഷികളും പയറ്റുനതാണ് നമ്മളിപ്പോൾ കാണുന്നത്. നേരത്തെ സൂചിപ്പിച്ച വിമോചനസമരത്തിന്റെ രാഷ്ട്രീയ, സാമൂഹ്യാധികാര ഘടനയെ ഊട്ടിയുറപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ആചാര സംരക്ഷണത്തിന് തങ്ങൾക്കൊപ്പം ആത്മാർത്ഥതയോടെ നിൽക്കുന്നതുകൊണ്ട് തങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്ന് പറയാൻ നായർ സർവീസ് സൊസൈറ്റിയുടെ (N S S) ജനറൽ സെക്രട്ടറിക്ക് ആത്മവിശ്വാസം നൽകുന്നത്ര ഇടതുപക്ഷം ഇടതുപക്ഷരാഷ്ട്രീയത്തെ കയ്യൊഴിഞ്ഞിരിക്കുന്നു.

ശ്രീകൃഷ്ണ ജയന്തിയും യോഗയും മുതൽ ശബരിമല തീർത്ഥാടനം വരെ രാഷ്ട്രീയപ്രയോഗങ്ങളാക്കി മാറ്റുന്ന സംഘപരിവാറിന്റെ അതേ മുറകൾ ഇടതുമുന്നണിയും സി പി ഐ(എം), സി പി ഐ കക്ഷികളും പയറ്റുനതാണ് നമ്മളിപ്പോൾ കാണുന്നത്.
ശ്രീകൃഷ്ണ ജയന്തിയും യോഗയും മുതൽ ശബരിമല തീർത്ഥാടനം വരെ രാഷ്ട്രീയപ്രയോഗങ്ങളാക്കി മാറ്റുന്ന സംഘപരിവാറിന്റെ അതേ മുറകൾ ഇടതുമുന്നണിയും സി പി ഐ(എം), സി പി ഐ കക്ഷികളും പയറ്റുനതാണ് നമ്മളിപ്പോൾ കാണുന്നത്.

ഇത് ഇടതുപക്ഷ രാഷ്ട്രീയത്തെ മാത്രമല്ല ഇല്ലാതാക്കുന്നത്, ബൂർഷ്വാ നവോത്ഥാന മൂല്യങ്ങൾക്കുകൂടി ഇടമില്ലാതാകുന്ന വിധത്തിൽ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യാധികാര മണ്ഡലത്തെ പുനഃനിർണ്ണയിക്കുകയാണ് ചെയ്യുന്നത്. ഒരുപക്ഷെ സ്വാഭാവികമായ രാഷ്ട്രീയ, സാമൂഹ്യ മരണത്തിലേക്ക് പോകേണ്ടിയിരുന്ന ഇത്തരം മത, സാമുദായിക ജീർണ്ണതയുടെ സംഘബലം മുമ്പെന്നെത്തക്കാളും രാഷ്ട്രീയ സ്വീകാര്യത നേടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇരുമുന്നണികളും ശ്രമിക്കുന്നത് സാമുദായിക സംഘങ്ങളെ പ്രീണിപ്പിക്കാനാണ്. ശബരിമലയിലെ യുവതീ പ്രവേശന വിധിയിൽ ആചാരസംരക്ഷണോത്സുകരാണ് തങ്ങളെന്ന് തെളിയിക്കാനാണ് എല്ലാ രാഷ്ട്രീയകക്ഷികളും ശ്രമിക്കുന്നത്.

മതേതര, പുരോഗമന രാഷ്ട്രീയത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും അതിന്റേതായ സംവാദ വിഷയങ്ങളോ വ്യവഹാര മണ്ഡലങ്ങളോ ഉയർത്താനോ രൂപപ്പെടുത്താനോ കഴിയാത്തവണ്ണം അതീവദുർഘടമായ തരത്തിലുള്ള ഒരു രാഷ്ട്രീയ, സാമൂഹ്യ മണ്ഡലമാണ് കേരളത്തിൽ രൂപപ്പെടുന്നത്. ഇത് എക്കാലത്തും വിജയിച്ചുനിൽക്കുമെന്നൊന്നും കരുതേണ്ടതില്ല. സാമ്പത്തിക, സാമൂഹ്യ മണ്ഡലത്തിലുണ്ടാകുന്ന അതിവേഗത്തിലുള്ള ആന്തരിക സമ്മർദ്ദങ്ങൾ അവയുടെ ശക്തിയെ ചോർത്തിക്കളയുകതന്നെ ചെയ്യും. പക്ഷെ നിർഭാഗ്യവശാൽ നിലവിലെ അവസ്ഥ പിന്തിരിപ്പൻ ഘടനയുടെ പുനഃനിർമ്മാണമാണ്. വലതുപക്ഷ ശക്തികൾ അതിനുവേണ്ടി ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് വർഗ്ഗസമരത്തിന്റെയും ജാതിവിരുദ്ധ സമരത്തിന്റെയുമൊക്കെ സമരസമൂഹം ഉരുത്തിരിയുന്നത്. എന്നാൽ അത്തരം സമരങ്ങളിൽ ചൂഷിതർക്കൊപ്പവും അടിച്ചമർത്തപ്പെട്ടവർക്കൊപ്പവും നിൽക്കുമെന്ന് പറയുന്നൊരു രാഷ്ട്രീയനിര മറുപക്ഷത്തിന്റെ അഞ്ചാംപത്തിയായി മാറുമ്പോൾ അതെത്രമാത്രം അപകടകരമായ രീതിയിൽ ഒരു ആധുനിക, ജനാധിപത്യ സമൂഹത്തിന്റെ പുരോയാനത്തെ ഒറ്റുകൊടുക്കുമെന്നതാണ് കേരളത്തിലിപ്പോൾ കാണുന്നത്.

ഇത് മത, സാമുദായിക ശക്തികളുമായുണ്ടാക്കുന്ന ഒത്തുതീർപ്പ് മാത്രമായി ഒതുങ്ങുന്നില്ല. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ വൻകിട, കോർപ്പറേറ്റ് മൂലധനവുമായുള്ള സഖ്യത്തെയാണ് രാഷ്ട്രീയാധികാരത്തിന്റെ നടത്തിപ്പിനായി രൂപപ്പെടുത്തിയിട്ടുള്ളതെങ്കിൽ അതേ മാതൃകയിൽ വൻകിട, കോർപ്പറേറ്റ് മൂലധനത്തിനോട് വിധേയ ദാസന്മാരാവുകയാണ് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ചെയ്യുന്നത്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിലും ഭരണഘടനയ്ക്കുള്ളിലും ഇത്രയൊക്കെയേ കഴിയൂ എന്ന സ്ഥിരം ന്യായത്തിന് താങ്ങിനിർത്താൻ കഴിയുന്നതല്ല ഈ കോർപ്പറേറ്റ് ദാസ്യം. കാരണം വൻകിട, കോർപ്പറേറ്റ് മൂലധനത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക യുക്തികളെക്കൂടി സാധൂകരിക്കുന്ന രാഷ്ട്രീയപ്രക്രിയയാണ് ഭരണ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. അദാനി മുതൽ ആഗോള അയ്യപ്പ സംഗമം വരെ ഭരണഘടയ്ക്കുള്ളിൽ തളച്ചിടപ്പെട്ട വിപ്ലവസ്വപനങ്ങളുടെ അനിവാര്യവിധിയിൽ സാധ്യമാകുന്നത് അങ്ങനെയാണ്. ഒരു രാഷ്ട്രീയ സാഹചര്യത്തിനെ ഒരു രാഷ്ട്രീയ യുക്തിയായി പരിണമിപ്പിക്കുമ്പോൾ അത് നിർണ്ണായകമാണ്. കേരളത്തിൽ മുഖ്യധാരാ ഇടതുപക്ഷം ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തെ തങ്ങളുടെത്തന്നെ രാഷ്ട്രീയായുക്തിയായി ഉപയോഗിക്കുകയാണ്. അതുകൊണ്ടാണ് ജനാധിപത്യ സംവാദങ്ങൾ, മാധ്യമ സ്വാതന്ത്ര്യം, നേതൃപൂജ, വാഴ്ത്തുപാട്ടുകൾ, സർവ്വശക്തനായ നേതാവ് എന്നിങ്ങനെയുള്ള എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ പ്രയോഗഭാഷ കേരളത്തിലെ ഇടതുമുന്നണിയുടെ സർക്കാരിനും അവരുടെ രാഷ്ട്രീയ സംഘടനാരൂപങ്ങൾക്കും അനായാസം പകർത്തിവെക്കാൻ സാധിക്കുന്നത്.

വലതുപക്ഷത്തിന്റെ രാഷ്ട്രീയ യുക്തിയിലേക്കാണ് ഈ നീക്കം കേരളത്തെ തള്ളിയിടുന്നത്. തൊട്ടടുത്തുള്ള തെരഞ്ഞെടുപ്പിൽ വലതുപക്ഷം നേടുന്ന വിജയത്തിന്റെ /പരാജയത്തിന്റെ തലത്തിലല്ല ഈ അപായത്തെ കാണേണ്ടത്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിന്റെ വ്യവഹാരമണ്ഡലത്തെ വലതുപക്ഷവത്ക്കരിക്കുകയെന്ന പരിപാടിയാണ് നടക്കുന്നത് എന്നതാണത്. വലതുപക്ഷത്തിന് വിമോചനസമരം പോലൊരു പരിപാടി സാധ്യമല്ലാത്ത വിധത്തിൽ വിമോചനസമരപ്പാളയത്തിലേക്ക് ഇടതുപക്ഷം കുടികിടപ്പ് മാറ്റിയിരിക്കുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യ നാഥ് എന്ന, ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയാധികാരത്തിന്റെ ക്രൗര്യമാതൃകയുടെ സന്ദേശം മനോഹരമായ സന്ദേശമെന്ന കുളിരോടെ സി പി ഐ (എം) മന്ത്രി വാസവൻ വായിക്കുമ്പോൾ സി പി ഐ (എം) പി ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വേദിയിലിരിക്കുന്നുണ്ടായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്നും മാത്രമല്ല ഉദാര ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തിൽനിന്നുകൂടി ഇറങ്ങിനടക്കുകയാണ് കേരളത്തിലെ ഭരണ ഇടതുപക്ഷം. പതിറ്റാണ്ടുകളായി ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പമുള്ള മനുഷ്യരെക്കൂടിയാണ് അവരിപ്പോൾ ആ വഴിയിലേക്ക് ആട്ടിത്തെളിക്കുന്നതെന്നതാണ് കേരളത്തെ കാത്തിരിക്കുന്ന ഏറ്റവും വലിയ അപകടം.

ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യ നാഥ് എന്ന, ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയാധികാരത്തിന്റെ ക്രൗര്യമാതൃകയുടെ സന്ദേശം മനോഹരമായ സന്ദേശമെന്ന കുളിരോടെ സി പി ഐ (എം) മന്ത്രി വാസവൻ വായിക്കുമ്പോൾ സി പി ഐ (എം) പി ബി അംഗവും മുഖ്യമന്ത്രിയുമായ  പിണറായി വിജയൻ വേദിയിലിരിക്കുന്നുണ്ടായിരുന്നു.
ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യ നാഥ് എന്ന, ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയാധികാരത്തിന്റെ ക്രൗര്യമാതൃകയുടെ സന്ദേശം മനോഹരമായ സന്ദേശമെന്ന കുളിരോടെ സി പി ഐ (എം) മന്ത്രി വാസവൻ വായിക്കുമ്പോൾ സി പി ഐ (എം) പി ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വേദിയിലിരിക്കുന്നുണ്ടായിരുന്നു.

ഒരു ജനാധിപത്യ, മതേതര രാഷ്ട്രീയ വ്യവഹാര സമരമണ്ഡലം സാധ്യമാകാത്ത വിധത്തിൽ കേരളത്തെ മാറ്റുകയാണിവർ. അതുണ്ടാക്കുന്ന ആന്തരികസംഘർഷങ്ങളിലും വൈരുധ്യങ്ങളിലുംപെട്ട് തകരുന്ന ഘടനകളിലൊന്ന് മുഖ്യധാരാ ഇടതുപക്ഷമായിരിക്കും. പരമാവധി വലതുപക്ഷവത്ക്കരിക്കുകയും ജനാധിപത്യവിരുദ്ധതയുടെ വിമതമുക്ത പ്രദേശങ്ങളുണ്ടാക്കുകയും ചെയ്തുകൊണ്ടാണ് അവർ തങ്ങളുടെ സംഘടനാസ്‌തിത്വവും തെരഞ്ഞെടുപ്പാധികാരവും ഉറപ്പാക്കാൻ ശ്രമിക്കുന്നത്. ചരിത്രനിഷേധത്തിന്റെ അധികാരാന്ധതയിൽ നിങ്ങളുടെ കയ്യിലെ ചരിത്രപാഠങ്ങൾ അനാഥമായിപ്പോയിരിക്കുന്നു എന്ന് അടഞ്ഞുപോയ ചെവികൾക്കപ്പുറം നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നു.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‌ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ഹിന്ദുത്വ രാഷ്ട്രീയം രാഷ്ട്രീയാധികാരം സാധ്യമാക്കുന്നത് തെരഞ്ഞെടുപ്പുകളിലൂടെ മാത്രമല്ല. ഏതാണ്ടൊരു നൂറ്റാണ്ടോളമായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തെ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രയോഗങ്ങളെ സ്വാഭാവികമായ രീതിയിൽ ഉൾക്കൊള്ളാൻ പാകപ്പെടുത്തിയാണ് അവർ ഇന്ത്യയുടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നത്. രാമജന്മഭൂമി-അയോദ്ധ്യ പ്രക്ഷോഭകാലം ഒറ്റപ്പെട്ട ഒരു സമരമായല്ല നടന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയാധികാരം സമരമായി അതിനെ പരിവർത്തിപ്പിക്കുമ്പോൾത്തന്നെ അതിന്റെ സാമൂഹ്യാധികാരവും പുതിയൊരു സാമൂഹ്യ, രാഷ്ട്രീയ വ്യവഹാര മണ്ഡലവും ആ സമരക്കാലത്തെ സംഘപരിവാർ ഉണ്ടാക്കിയെടുത്തുകൊണ്ടിരുന്നു. രാമായണവും മഹാഭാരതവും ദേശീയ ടെലിവിഷനായ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്ത കാലവുമായിരുന്നു അത്. ക്രിക്കറ്റിലൂടെ ഒരുതരം വിപണിസൗഹൃദ ദേശീയത ആരവങ്ങളോടെ രൂപപ്പെട്ടുകൊണ്ടിരുന്നു. മുസ്ലീങ്ങളുടെ അപരവത്ക്കരണം ഒരു സ്വാഭാവികപ്രശ്നവിഷയമായി മാറി. ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയുടെ സാധാരണജീവിതമായി മാറുകയായിരുന്നു. അതിന്റെ പ്രതീകങ്ങളും പ്രചാരകരും പൊതുസ്വീകാര്യത നേടി.

ഈയൊരു ചരിത്രപശ്ചാത്തലത്തൽനിന്നാണ് ഗുജറാത്ത് വംശഹത്യയിലേക്കും മോദി സർക്കാരിലേക്കും അയോദ്ധ്യ വിധിയിലേക്കുമെല്ലാം ഇന്ത്യ നടന്നെത്തുന്നത്. മണ്ഡലും കമണ്ഡലും തമ്മിലുള്ള യുദ്ധത്തിന്റെ ആദ്യപകുതിയിൽ സംഘപരിവാർ ഒന്നുവീണുപോയെങ്കിലും പിന്നാക്ക, ദളിത് വിഭാഗങ്ങളെക്കൂടി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയധാരയിലേക്ക് പിടികൂടിച്ചേർക്കുന്നതിൽ രണ്ടാംപകുതിയിൽ വിജയിച്ചു, സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ, സാമൂഹ്യാധികാരയാത്ര. ആ യാത്രയിലെ മുന്നണിയിലാണ് അമൃതാനന്ദമയിയും വെള്ളാപ്പള്ളി നടേശനുമൊക്കെ നിൽക്കുന്നത്. കേരളത്തിന്റെ സമകാലിക ചരിത്രത്തിലെ ഏറ്റവും വിഷലിപ്തമായ മുസ്‌ലിം വിരുദ്ധതയും ഹിന്ദുത്വ രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന നാവായി എസ് എൻ ഡി പിയുടെ ജനറൽ സെക്രട്ടറി മാറിയത് ഈ സംഘപരിവാർ പദ്ധതിയിലാണ്. മാതാ അമൃതാനന്ദമയി എന്ന മുക്കുവവിഭാഗത്തിൽപ്പെട്ട സ്ത്രീ ശതകോടികൾ കൈകാര്യം ചെയ്യുകയും സേവനവ്യാപാരം നടത്തുകയും ചെയ്യുന്ന ആത്മീയവ്യാപാരിയായി ഉയരുന്നതും കേരളത്തിലെ ആൾക്കൂട്ട ഉന്മാദ ഹിന്ദുസംഗമങ്ങളുടെ പുതിയൊരു സാമൂഹ്യസ്വഭാവത്തെ സൃഷ്ടിക്കുകയും ചെയ്യുന്നതും ഈ പദ്ധതിയുടെ ഭാഗമായാണ്. അതിലേക്കാണ് ഞങ്ങളെക്കൂടി കൂട്ടുമോ എന്ന് ചോദിച്ചുകൊണ്ട് സി പി ഐ (എം) ഓടിച്ചെല്ലുന്നത്.

മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലപ്പുറം ജില്ലയിൽ ഹിന്ദുക്കൾക്ക് സ്വതന്ത്രവായു ശ്വസിച്ച് ജീവിക്കാനാകുന്നില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശനെ ഓടിപ്പിടിച്ചാദരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന് തന്റെ ഔദ്യോഗിക വാഹനത്തിൽ ഒപ്പമിരുത്തി ഹിന്ദുത്വ വർഗീയപ്രചാരകനെ കൊണ്ടുവന്നത് സംഘപരിവാർ പദ്ധതിയെ പൊതുരാഷ്ട്രീയ പരിപാടിയാക്കി സാധൂകരണം നടത്തിക്കൊണ്ടാണ്. ഇന്ത്യ മുഴുവൻ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം, ഇന്ത്യ എന്ന ആശയത്തെത്തന്നെ അതിന്റെ അടിസ്ഥാനപ്രമാണങ്ങളായ മതേതരത്വത്തെയും ജനാധിപത്യത്തെയും ബഹുസ്വരതയെയും കടന്നാക്രമിച്ച് ഇല്ലാതാക്കുമ്പോൾ കേരളത്തിൽ ഭരണ ഇടതുപക്ഷം മുസ്‌ലിങ്ങളേയും അതിലെ ഭിന്നസംഘങ്ങളെയുമൊക്കെ സംഘപരിവാർ മാതൃകയിൽ പ്രശ്നവത്ക്കരിക്കാനുള്ള ശ്രമങ്ങളിലാഴുന്നത് നിഷ്ക്കളങ്കമല്ലെന്ന് ഇപ്പോൾ നടക്കുന്ന സംഗമങ്ങളിൽനിന്നും തെളിയുന്നുമുണ്ട്. നടേശന്‍ ആര്‍ക്കൊപ്പമാണ്, അമൃതാനന്ദമയി ആർക്കൊപ്പമാണ് എന്നാണ് തർക്കം. നടേശനോടും അമൃതാനന്ദമയിയോടും ആർക്കും തർക്കമില്ല. ഒരു കേരളം തീരുകയും മറ്റൊരു കേരളം ഉണ്ടാവുകയുമാണ്.

മാതാ അമൃതാനന്ദമയി എന്ന മുക്കുവവിഭാഗത്തിൽപ്പെട്ട സ്ത്രീ ശതകോടികൾ കൈകാര്യം ചെയ്യുകയും സേവനവ്യാപാരം നടത്തുകയും ചെയ്യുന്ന ആത്മീയവ്യാപാരിയായി ഉയരുന്നതും കേരളത്തിലെ ആൾക്കൂട്ട ഉന്മാദ ഹിന്ദുസംഗമങ്ങളുടെ പുതിയൊരു സാമൂഹ്യസ്വഭാവത്തെ സൃഷ്ടിക്കുകയും ചെയ്യുന്നതും ഈ പദ്ധതിയുടെ ഭാഗമായാണ്.
മാതാ അമൃതാനന്ദമയി എന്ന മുക്കുവവിഭാഗത്തിൽപ്പെട്ട സ്ത്രീ ശതകോടികൾ കൈകാര്യം ചെയ്യുകയും സേവനവ്യാപാരം നടത്തുകയും ചെയ്യുന്ന ആത്മീയവ്യാപാരിയായി ഉയരുന്നതും കേരളത്തിലെ ആൾക്കൂട്ട ഉന്മാദ ഹിന്ദുസംഗമങ്ങളുടെ പുതിയൊരു സാമൂഹ്യസ്വഭാവത്തെ സൃഷ്ടിക്കുകയും ചെയ്യുന്നതും ഈ പദ്ധതിയുടെ ഭാഗമായാണ്.

'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

മത, ദൈവ വിശ്വാസവും മത വർഗീയതയും തമ്മിൽ വ്യത്യാസമുണ്ടെന്നുള്ളത് മതേതരവാദികൾക്ക് അത്രയൊന്നും തർക്കമുള്ള സംഗതിയല്ല. എന്നാൽ മതവർഗീയവാദികൾ ഇതിനെ കൂട്ടിക്കെട്ടാനുള്ള നിരന്തര ശ്രമങ്ങളാണ് നടത്തുക. ഹിന്ദുവാണെങ്കിൽ, നിങ്ങൾ ഹിന്ദുവെന്നതിൽ അഭിമാനിക്കേണ്ടയാളാകുന്നു. സ്വാഭാവികമായും ഹിന്ദുത്വ രാഷ്ട്രീയം നിങ്ങളുടെ തെരഞ്ഞെടുപ്പാകുന്നു. ഹിന്ദു എന്നതിന് മുസ്‌ലിം ശത്രുവാകുന്നു. ദൈവങ്ങളുടെ ജനനവും മരണവും വരെ നിങ്ങളുടെ ജീവിതത്തിൽ കണക്കുതീർക്കേണ്ട കടങ്ങളാകുന്നു. മതസ്വത്വം രാഷ്ട്രീയമായ ജീവിതമാകുന്നു. ഇത് എല്ലാ മതങ്ങളിലുമുള്ള രാഷ്ട്രീയാധികാരം - സ്വത്വവാദ പ്രയോഗങ്ങളിൽ കാണാം. മതത്തെ സ്വകാര്യമായ വിശ്വാസജീവിതം മാത്രമാക്കി നിർത്തുകയും രാഷ്ട്രീയമണ്ഡലത്തിലെ അധികാരപ്രയോഗങ്ങളിലേക്ക് അതിനെ കടത്താതിരിക്കുകയും ചെയ്യുകയെന്ന മതേതര രാഷ്ട്രീയായുക്തിയെ മതവർഗീയവാദികൾ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് പക്ഷഭേദമില്ലാതെ എല്ലാ മതവർഗീയവാദികളും മതേതരത്വത്തിന് എതിരാകുന്നത്.

വിശ്വാസത്തെ വർഗീയതയിലേക്ക് കൂട്ടിക്കെട്ടുന്ന മതബദ്ധതയുടെ അടിത്തറയൊരുക്കുന്ന പരിപാടികളിലാണ് വർഗീയവാദികൾ നിലമൊരുക്കിക്കൊണ്ടിരിക്കുക. ഈ പാടത്താണ് ഇപ്പോൾ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷവും കൃഷിയിറക്കാൻ ശ്രമിക്കുന്നത്. മതവിശ്വാസികളോട് മാർക്‌സിസമോ കമ്യൂണിസ്റ്റ് പാർട്ടിയോ യുദ്ധം പ്രഖ്യാപിക്കുന്നില്ല. മറ്റേത് സാമൂഹ്യപ്രതിഭാസത്തെയോ പ്രവണതയെയോ വിശകലനം ചെയ്യുന്നതുപോലെ, എന്തുകൊണ്ടാണ് മതങ്ങൾ, ദൈവവിശ്വാസം എന്നിവയെല്ലാം മാർക്സിസം വിശകലനം ചെയ്യുന്നുണ്ട്. അതിന്റെ വ്യാജഅനുഭൂതികളെ തുറന്നുകാട്ടുന്നുണ്ട്. എന്നാൽ ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹ്യാധികാര ഘടനയിലെ അനീതികൾ നിലനിൽക്കുന്നിടത്തോളം മത, ദൈവ വിശ്വാസത്തെ ഇല്ലാതാക്കുക എന്നതൊന്നും നടക്കുന്ന കാര്യമല്ല. മതവിശ്വാസികൾക്കുകൂടി ചേരാവുന്ന തരത്തിൽ ഭൂമിയിലെ അനീതികൾക്കെതിരായുള്ള വിശാല സമരവും കലാപവുമാണ് കമ്മ്യൂണിസ്റ്റുകാർ നടത്തേണ്ടത്. എന്നാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അവസരവാദ നേട്ടങ്ങൾക്കുവേണ്ടി സി പി ഐ (എം) അടങ്ങുന്ന ഇടതുപക്ഷം ചെയ്യുന്നത് മതവർഗീയവാദത്തിനെ സാധ്യമാക്കുന്ന വിശ്വാസമണ്ഡലങ്ങളുമായി കൈകോർക്കുകയാണ്.

അമൃതാനന്ദമയിയും ആഗോള അയ്യപ്പ സംഗമവും യോഗി ആദിത്യനാഥും എൻ എസ് എസും ഏതുതരം വിശ്വാസികൾക്കൊപ്പമാണ് നിൽക്കുന്നത്? ശബരിമലയിലെ യുവതീപ്രവേശന വിധിക്കതിരെയുള്ള നിലപാടുമായി ഏതുതരം വിശ്വാസിക്കൊപ്പമാണ് ഇവരൊക്കെ നിൽക്കുന്നത്? എന്തുതരം വിശ്വാസത്തെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്? മതത്തെയും ദൈവവിശ്വാസത്തെയും പോറ്റിവളർത്തുകയെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അജണ്ടയല്ല. എന്നാൽ മതവിശ്വാസവും ദൈവവിശ്വാസവും ജനാധിപത്യവിരുദ്ധമായ രീതിയിൽ വേട്ടയാടപ്പെടുമ്പോൾ അതിനെതിരെ കനത്ത പ്രതിരോധമുയർത്തുക കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടമയാണ്, അത് ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിനുവേണ്ടിയുള്ള സമരമാണ്. പ്രത്യേകിച്ചും ഭൂരിപക്ഷ മതഭീകരതയുടെ രാഷ്ട്രീയം രാഷ്ട്രാധികാരം നേടിയ ഇന്ത്യയിൽ. അതേസമയം മതവിശ്വാസത്തെ ഒരു രാഷ്ട്രീയപ്രയോഗമാക്കി മാറ്റുന്നതിലൂടെ കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം ചെയ്യുന്നത് എങ്ങനെയാണോ മത, ദൈവ വിശ്വാസത്തെ വർഗീയവാദികൾ ഉപയോഗിക്കുന്നത് അതേ മതബദ്ധ സാമൂഹ്യജീവിതത്തെ സാധൂകരിക്കുകയും സാധ്യമാക്കുകയുമാണ്. ദൈവ വിശ്വാസികളും സ്ഥാപനവത്ക്കരിക്കപ്പെട്ട മതഘടനയും തമ്മിലുള്ള വ്യത്യാസത്തെ മറച്ചുവെച്ചുകൊണ്ടാണ് ഇവരീ തട്ടിപ്പ് നടത്തുന്നത്.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി - സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

എൻ എസ് എസും (NSS) എസ് എൻ ഡി പിയും (SNDP) കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ തങ്ങളുടെ സംഘബലംകൊണ്ട് സ്വാധീനിക്കാവുന്ന ശേഷിയുള്ള സംഘങ്ങളല്ല ഇപ്പോൾ. അതുകൊണ്ടുതന്നെ സി പി ഐ (എം) എത്രയൊക്കെ ആദരിച്ചാലും പ്രീണിപ്പിച്ചാലും ആ സംഘടനകളിൽ നിന്നുള്ള വോട്ടുകളുടെ എണ്ണം വെച്ചുള്ള നേട്ടം അത്ര വലിയതാകില്ല. എന്നാൽ അതിലല്ല കാര്യം. തികഞ്ഞ ജീർണ്ണമായ ഹിന്ദു ജാതി യാഥാസ്ഥിതികത്വവും , ഹിന്ദുത്വ രാഷ്ട്രീയബോധവും കൊണ്ടുനടക്കുന്ന ഇത്തരം സംഘടനകളുടെ നേതൃത്വത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുക വഴി കേരളത്തിലെ പൊതുസമൂഹത്തിൽ ശക്തമായ ഹിന്ദുത്വ വ്യവഹാര മണ്ഡലമുണ്ടാക്കിയ പൊതുബോധത്തെ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ കഴിയുമെന്നാണ് സി പി ഐ (എം) പ്രതീക്ഷിക്കുന്നത്. അത് അപായകരമായ വെല്ലുവിളിയാണ് ജനാധിപത്യ, മതേതര കേരളത്തിനു മുന്നിലുയർത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ BJP യുടെ വോട്ടുവിഹിതം ഏതാണ്ട് 20%-മാണ്. വളരെ കുറഞ്ഞൊരു വിഭാഗം ക്രിസ്ത്യാനികളുടെ വോട്ടുകൾ കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാൽ കേരളത്തിലെ ഹിന്ദുക്കളായ ആളുകളാണ് ബി ജെ പിക്ക് വോട്ടു ചെയ്തത്. കേരളത്തില്‍ 54% ഹിന്ദുക്കളാണുള്ളതെന്ന കണക്കു നോക്കിയാൽ അവരിൽ വലിയൊരു വിഭാഗവും ബി ജെ പിക്ക് വോട്ടു ചെയ്തപ്പോഴാണ് മൊത്തം വോട്ടിങ്ങിൽ 20% വോട്ട് ബി ജെ പിക്ക് ലഭിച്ചിട്ടുള്ളത്. അതായത് ഹിന്ദു ഭൂരിപക്ഷത്തിന്റെ ഹിന്ദുത്വ ബോധം നമ്മുടെ മുന്നിൽ അപകടകരമായ ഒരു യാഥാർത്ഥ്യമാണ്. ഈ ഹിന്ദുത്വ ഭൂരിപക്ഷ ബോധത്തെ തങ്ങൾക്കുകൂടി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ഇടതുമുന്നണി നടത്തുന്നത്. അതിന്റെ ആത്യന്തിക ഗുണഭോക്താക്കൾ ഹിന്ദുത്വ രാഷ്ട്രീയമായിരിക്കും.

 കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ BJP യുടെ വോട്ടുവിഹിതം ഏതാണ്ട് 20%-മാണ്. വളരെ കുറഞ്ഞൊരു വിഭാഗം ക്രിസ്ത്യാനികളുടെ വോട്ടുകൾ കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാൽ കേരളത്തിലെ ഹിന്ദുക്കളായ ആളുകളാണ് ബി ജെ പിക്ക് വോട്ടു ചെയ്തത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ BJP യുടെ വോട്ടുവിഹിതം ഏതാണ്ട് 20%-മാണ്. വളരെ കുറഞ്ഞൊരു വിഭാഗം ക്രിസ്ത്യാനികളുടെ വോട്ടുകൾ കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാൽ കേരളത്തിലെ ഹിന്ദുക്കളായ ആളുകളാണ് ബി ജെ പിക്ക് വോട്ടു ചെയ്തത്.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെസംഭവിക്കുന്നത്?

കേരളത്തിലിപ്പോൾ നടക്കുന്ന വിശ്വാസ സംരക്ഷണ പരിപാടികൾക്കൊന്നും വിശ്വാസത്തിന്റെ സാമാന്യധാരണകളുമായി ബന്ധമില്ല. അതിന്റെ ഏർപ്പാടുകൾ മുഴുവൻ വിശ്വാസത്തിന്റെ രാഷ്ട്രീയ പ്രയോഗശാലയിലാണ്. ദേവസ്വത്തിലെ മുന്നാക്ക സംവരണത്തെ അത്യാവേശത്തോടെ എല്ലാ സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ മേഖലയിലുമുള്ള മുന്നാക്ക സംവരണമാക്കി മാറ്റിക്കഴിഞ്ഞു. മുന്നാക്ക സംവരണത്തിന് ധനിക മുന്നാക്കക്കാര്‍ വരെ അര്‍ഹരാകുന്ന തരത്തിൽ ഉദാരമായ മാനദണ്ഡങ്ങളാണ് കേരളത്തിൽ പിണറായി സർക്കാർ നടപ്പാക്കിയത്. സംവരണത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ലക്ഷ്യങ്ങളെ നിരാകരിക്കുന്ന മുന്നാക്ക സംവരണമെന്ന നയത്തെ ഇപ്പോൾ സി പി ഐ തള്ളിപ്പറയുന്നുണ്ട്. ഇതോടെ മുഖ്യധാരാ ഇടതുപക്ഷം നടത്തുന്ന ഇരട്ടത്താപ്പ് ഒന്നുകൂടി വെളിച്ചത്തുവരികയാണ്.

ഒരു ജനാധിപത്യ മതേതര സർക്കാർ വിശ്വാസികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിന്റെ പരിപാടികളല്ല നമ്മളിപ്പോൾ കാണുന്നത്. അത് സ്വാഭാവികമായൊരു ഭരണനിർവഹണ പരിപാടിയാണ്. എന്നാൽ അതിനെ മതബദ്ധത ഊട്ടിയുറപ്പിക്കുന്ന, മതത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളെ സാധൂകരിക്കുന്ന, വിശ്വാസ, മതാചാര സംരക്ഷകർ എന്ന നിലയിലേക്ക് മതേതര രാഷ്ട്രീയകക്ഷികളും സർക്കാരും മാറ്റുമ്പോൾ അത് മതേതരത്വമെന്ന ഭരണഘടനാ മൂല്യത്തെയും ജനാധിപത്യസമൂഹത്തിന്റെ മതേതര സർക്കാർ എന്ന സങ്കല്പനത്തെയുമാണ് അട്ടിമറിക്കുന്നത്.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

വലതുപക്ഷവത്ക്കരണം ബുദ്ധിജീവികളേ ഒഴിവാക്കിക്കൊണ്ട് നടത്തുന്ന ഒരു ജനപ്രിയ സർക്കസ്സ് മാത്രമാണെന്ന് നാം കരുതരുത്. ബൗദ്ധിക വിമതത്വത്തോടാണ് അവർക്കെതിർപ്പ്, വിധേയ ബുദ്ധിജീവികളേ അവർക്കാവശ്യമുണ്ട്. ഏത് അധികാരഘടനയും അവരുടേതായ ബുദ്ധിജീവികളെ സൃഷ്ടിക്കും. കേരളത്തിൽ വലതുപക്ഷ ബൗദ്ധികജീവിതം അതിന്റെ രൂപപ്പെടലിലാണ്. അതേ സമയം എവിടെയാണ് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ സാംസ്ക്കാരിക, ബുദ്ധിജീവി പ്രമുഖർ എന്ന് നമ്മൾ ചോദിക്കുന്നുണ്ടാകും. അവരിവിടെത്തന്നെയുണ്ട്. നിശ്ശബ്ദതയുടെ സൗകര്യം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നത് അധികാരത്തിന്റെ മടിയിൽ ചുരുണ്ടുകൂടുമ്പോഴാണ്. യോഗി ആദിത്യനാഥിന്റെ മനോഹരസന്ദേശം വായിക്കുന്ന, അമൃതാനന്ദമയിയെ ആദരിക്കുന്ന കേരളം സർക്കാരിനോട് നിങ്ങളെന്തുതരം ഇടതുപക്ഷമാണ് എന്നവർ ചോദിക്കാത്ത അവരെന്തുതരം ഇടതുപക്ഷമായാലും ദീപസ്തംഭം മഹാശ്ചര്യമാണ് എന്ന് പാടാനുള്ള ‘വകതിരിവ്’ അവർക്കുള്ളതുകൊണ്ടാണ്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി കമ്യൂണിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സമരഭരിതമായ സാമൂഹ്യാവാസവ്യവസ്ഥയ്ക്ക് പകരം ഒരു കേവല ധാർമ്മികതയുടെ ഭക്തിപ്രഭാഷണങ്ങളായി ഇടതുപക്ഷ സാംസ്ക്കാരിക വേദികൾ മാറി. ഫാഷിസത്തെ നേരിടുന്നത് സായാഹ്നസദസ്സുകളിൽ ഇത്തരത്തിൽ വർത്തമാനം പറഞ്ഞുകൊണ്ടാണെന്നും അതിന്റെ രാഷ്ട്രീയ, സമ്പദ് വ്യവസ്ഥയെ ചോദ്യം ചെയ്യാതെയിരിക്കണമെന്നും അവർ ജനങ്ങളെ ശീലിപ്പിച്ചു. അദാനിയുടെ തുറമുഖത്തിനുവേണ്ടി സംയുക്ത പ്രസ്താവനയിറക്കുന്ന ഇടതുപക്ഷ പുരോഗമന സാഹിത്യകാരന്മാർ കേരളത്തിലുണ്ടായി.

വാസ്തവത്തിൽ അധികാരദാസ്യത്തിന്റെ അടുക്കളക്കോലായിലാണ് അവർ കിടക്കുന്നത്. എന്തെങ്കിലും തരത്തിൽ തങ്ങൾ ജീവിക്കുന്ന സമൂഹത്തിനെ രാഷ്ട്രീയമായ ബൗദ്ധികജീവിതംകൊണ്ട് ചോദ്യം ചെയ്യാനുള്ള ശേഷിയോ സന്നദ്ധതയോ അവർ പ്രകടിപ്പിക്കുന്നില്ല. അതിൽ ഭൂരിഭാഗം പേരും അതിനു ശേഷിയില്ലാത്ത വേഷംകെട്ടുകാരുമാണ്. അധികാര സൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികൾ എന്നേ അവരെ കരുതാനാകൂ. അത്തരമൊരു കൂട്ടത്തിൽനിന്നും തങ്ങളുടെ സ്വസ്ഥതയെ തകർക്കുന്ന ഇടപെടലുകളുണ്ടാവുക സാധ്യമല്ല. അതായത് ഇപ്പറയുന്ന സാംസ്ക്കാരിക പ്രതിപക്ഷം എന്നതൊന്നിന്റെ ഭാഗമല്ല അവർ. ഞങ്ങളെന്നുമീ സൗവർണ്ണാധികാരപക്ഷം എന്നാണ്. കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽനിന്നുപോയാലും അവർ ഇടതുപക്ഷകക്ഷികൾക്കൊപ്പം നിൽക്കുമായിരിക്കും. കാരണം അതിന് കേരളത്തിൽ സാമാന്യമായ സാംസ്കാരിക ആവാസവ്യവസ്ഥയുടെ സുരക്ഷിതത്വമുണ്ട്. അതുകൊണ്ടുതന്നെ സാഹിത്യമോഷണം മുതൽ രാഷ്ട്രീയഭീരുത്വം വരെ എന്തും വിധേയത്വം കൊണ്ട് സ്വീകാര്യമാകുന്നൊരു ഇടതുപൊതുബോധത്തെയും അവർ സൃഷ്ടിക്കുന്നുണ്ട്. ഫാഷിസ്റ്റ് രാഷ്ട്രീയാധികാരത്തിന്റെ കാലത്ത് നിങ്ങളെത്രത്തോളം നിശ്ശബ്ദരും സുരക്ഷിതരുമാണോ അത്രത്തോളം നിങ്ങൾ വലതുപക്ഷത്താണ്. സർക്കാരിനും സംഘടനയ്ക്കും വേണ്ടി മാത്രം ഒരാൾക്ക് ഫാഷിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ ബുദ്ധിജീവിയായി ജീവിക്കാനാകില്ല. അതിന് നിരന്തരമായ സമരബൗദ്ധികതയുടെ പ്രകമ്പനങ്ങൾ നിറഞ്ഞ ജീവിതമുണ്ടാകണം. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ ബുദ്ധിജീവികൾ വാസ്തവത്തിൽ വലതുപക്ഷ പാളയത്തിലെ ജീവിതത്തിന് പാകപ്പെട്ടുകഴിഞ്ഞു. അധികാരത്തോടുള്ള വിധേയത്വവും അവസരവാദപരമായ, കൗശലം നിറഞ്ഞ നിശബ്ദതയും മെയ്യ് കണ്ണായിത്തികഞ്ഞ അഭ്യാസികളാണവർ. അവരുടെ മൗനംകൂടിയാണ് അവരുടെ അന്നം.

Comments