ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?
ഷാജഹാൻ മാടമ്പാട്ട്: വളരെ ആപൽക്കരമായ രാഷ്ട്രീയ സാഹചര്യത്തിലാണ് നാമിന്നുള്ളത്. കേരള രാഷ്ട്രീയത്തിലെ ചരിത്രനിർണായകമായ ഒരു സാന്നിധ്യമായിരുന്നു ഇടതുപക്ഷം. ആദ്യം അവിഭകത കമ്യൂണിസ്റ്റ് പാർട്ടി, അതിനുശേഷം പിളർന്ന് രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളായി മാറിയത്. ഇതെല്ലാം കേരള ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടങ്ങളായിരുന്നു. അതിന് മുമ്പുണ്ടായിരുന്ന കേരളത്തിൻെറ നവോത്ഥാന അനുഭവങ്ങളുടെ തുടർച്ചയായി അതിനെ കാണുന്നതും തീർച്ചയായും സംഗതമാണ്. ചരിത്രപരമായി ശരിയുമാണ്.
പക്ഷേ, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എല്ലാ നിലയ്ക്കുള്ള പ്രത്യയശാസ്ത്രപരമായ സത്തയും ചോർന്നുപോയ, മറ്റേതൊരു രാഷ്ട്രീയ പാർട്ടികളെയും പോലെ മൂലധനവുമായും മത- ജാതി ശക്തികളുമായും സന്ധി ചെയ്യുക മാത്രമല്ല, അവസരത്തിനനുസരിച്ച് നിലപാടുകൾ മാറ്റുകയും മലക്കം മറിയുകയുമൊക്കെ ചെയ്യുന്ന മറ്റൊരു രാഷ്ട്രീയപാർട്ടി എന്നൊരു അവസ്ഥയിലേക്ക് സി.പി.ഐ- എം മാറിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് എൻെറ ബോധ്യം. ഈ ബോധ്യം പങ്കുവെച്ച് ഞാൻ വിശദമായി ‘ദ വയറി’ൽ ഒരു ലേഖനം എഴുതുകയുണ്ടായി.
സി.പി.ഐ- എം അധികാരത്തിൽ വരാൻ വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന മലക്കം മറച്ചിലുകളെ സൈദ്ധാന്തികമായും രാഷ്ട്രീയമായുമൊക്കെ ന്യായീകരിക്കുന്ന ധാരാളം സുഹൃത്തുക്കളുണ്ട്. അവരിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് തർക്കിക്കുകയും ചെയ്തിരുന്നു. രണ്ട് വസ്തുതകൾ ഇതിൽ ഉറപ്പിച്ച് പറയാൻ പറ്റും. ഇതിന് എന്തൊക്കെ ന്യായങ്ങൾ പടച്ചാലും, ഇത് കേരളത്തെ ഇപ്പോഴുള്ളതിനേക്കാൾ അങ്ങേയറ്റത്തെ വർഗീയ ധ്രുവീകരണത്തിലേക്കും കാലുഷ്യത്തിലേക്കും കൊണ്ടുപോവുന്ന പ്രവണതയാണ്. മാത്രവുമല്ല, കേരളത്തിലിന്ന് ശക്തിപ്പെട്ടുകഴിഞ്ഞ ഇസ്ലാമോഫോബിയയുടെ ഒരു പൊതുസംസ്കാരത്തിന് ഒരിടതുപക്ഷ നീതിവൽക്കരണം നൽകുന്ന സംഗതി കൂടിയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അത് അപകടകരമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും എനിക്കില്ല.
ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി- അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി- മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?
മാതാ അമൃതാനന്ദമയിയെ അവർ അങ്ങേയറ്റം ആദരിക്കുമ്പോൾ എനിക്ക് തോന്നിയ സങ്കടകരമായ ഒരു വൈരുദ്ധ്യം, ഇത് സി പി ഐ- എമ്മിൻെറ രാജ്യസഭാ മെമ്പർ കൂടിയായ പത്രപ്രവർത്തകനും എൻെറ സുഹൃത്തുമായ ജോൺ ബ്രിട്ടാസിനെ അവഹേളിക്കുന്ന ഒരു നീക്കമാണ് എന്നാണ്. കാരണം, മാതാ അമൃതാനന്ദമയി പ്രതിനിധാനം ചെയ്യുന്ന ആത്മീയ തട്ടിപ്പിനെയും അതുവഴി കേരളത്തിൽ രൂപപ്പെട്ടുവന്ന ഒരു മാഫിയാസംഘത്തെയും കുറിച്ച് ഏറ്റവും ശക്തമായി സി പി ഐ- എമ്മിൻെറ തന്നെ ചാനലായ കൈരളിയിലൂടെ സംസാരിക്കുകയും അതിനെക്കുറിച്ച് കൂലങ്കഷമായ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തത് പത്ത് കൊല്ലം മുമ്പ് ജോൺ ബ്രിട്ടാസായിരുന്നു. അന്ന് അദ്ദേഹം കൈരളിയുടെ മേധാവിയായിരുന്നു. ഇന്ന് അതേ ജോൺ ബ്രിട്ടാസ് ഒരു എം.പിയായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയിലെ സാംസ്കാരികവകുപ്പ് മന്ത്രി-വേറെയേതെങ്കിലും വകുപ്പിന്റെ മന്ത്രിയല്ല- അവിടെ പോവുകയും ആശ്ലേഷിക്കുകയും ഉമ്മ കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുകയാണ്. അതേ വേദിയിൽ ആ സമയത്ത് ഷാജൻ സ്കറിയയുടെ സാന്നിദ്ധ്യം ഞാൻ വല്ലാതെ ശ്രദ്ധിക്കുകയും ചെയ്തു. അത് കാണിക്കുന്നത് വോട്ട് കിട്ടാൻ ഇനി എന്തുവേണമെങ്കിലും ചെയ്യാമെന്ന തീരുമാനമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നാണ്.

സി പി ഐ- എം എന്ന പാർട്ടി ഘടനയിൽ ആശയപരമോ പ്രത്യയശാസ്ത്രപരമോ ആയ സംവാദങ്ങൾ നടക്കുന്നില്ല എന്നാണ്, ഇതിലൂടെ ഞാൻ മനസ്സിലാക്കുന്നത്. പിണറായിയും അദ്ദേഹത്തോട് ചുറ്റിപ്പറ്റിനിൽക്കുന്ന കുറച്ച് വ്യക്തികളും, അവരെന്ത് ചെയ്യുന്നുവോ അതാണ് പാർട്ടിനയം. ബാക്കിയുള്ളവർ അതിനോട് വിയോജിക്കുമ്പോൾ പോലും അതിനെ പരസ്യമായി ന്യായീകരിക്കാൻ നിർബന്ധിതരാണ്. ഇതാണ് ഇന്നത്തെ സാഹചര്യം.
കേരളത്തിലെ രസകരമായ ഒരു സാഹചര്യം എന്താണെന്ന് വെച്ചാൽ, വെള്ളാപ്പള്ളി നടേശൻ നടത്തുന്ന അത്രയും വർഗീയ പ്രസ്താവനകൾ നടത്തുന്ന വേറെയാരുമില്ല. ശശികലയെയോ അങ്ങനെയുള്ള കഥാപാത്രങ്ങളെയോ എടുത്താലും, അവരേക്കാൾ അപ്പുറത്താണ് വെള്ളാപ്പള്ളി. മുസ്‍ലിംകൾ അടക്കമുള്ള കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായങ്ങളെയാണ് വെള്ളാപ്പള്ളി ഏറ്റവും കൂടുതൽ വിമർശിക്കാറുള്ളത്. പിണറായി വിജയൻ തന്നെ പത്തു വർഷം മുമ്പ് ‘കേരള തൊഗാഡിയ’ എന്നാണ് വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ചത്. ഇങ്ങനെയുള്ള ഒരു മനുഷ്യനെ, രണ്ട് മാസത്തിലൊരിക്കലെങ്കിലും ഒറ്റയ്ക്കോ കൂട്ടായോ ആദരിക്കുകയും അദ്ദേഹത്തിൻെറ അപദാനങ്ങൾ വാഴ്ത്തുകയും, അദ്ദേഹം ശ്രീനാരായണ ഗുരുവിൻെറ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് നിരന്തരമായി നമ്മളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഇന്നുള്ളത് എന്നത് തീർച്ചയായും സങ്കടകരമാണ്. മറിച്ച്, ഈഴവരുടെ വോട്ട് വേണം എന്നതിലപ്പുറമുള്ള ഒരു സംവാദത്തിന് വേണ്ടി പരിഗണിക്കാൻ പറ്റുന്ന ഒരു വാദവും ഇക്കാര്യത്തിലുണ്ടായിട്ടില്ല. അദ്ദേഹത്തെ കൂടെ നിർത്തുന്നത് ബി.ജെ.പിയിലേക്ക് പോവുന്നത് തടയാനാണെന്നാണ് ചിലരുടെ അവകാശവാദം. അങ്ങനെയാണെങ്കിൽ കേരളത്തിലെ സകല വർഗീയവാദികളെയും കമ്യൂണിസ്റ്റ് പാർട്ടി കൂടെ നിർത്തുകയും, അവർ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു വർഗീയതകളിലേക്ക് പോവാതിരിക്കാൻ നയരൂപീകരണം നടത്തുകയുമല്ലേ വേണ്ടത്. എന്തിനാണ് വെള്ളാപ്പള്ളി നടേശന് മാത്രം പ്രത്യേക സ്ഥാനം അനുവദിച്ച് കൊടുക്കുന്നത്?
'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?
വീണ്ടും വെള്ളാപ്പള്ളി നടേശനെ കൊണ്ടുവരേണ്ടി വരും. വെള്ളാപ്പള്ളി എന്ത് വിശ്വാസത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം പ്രധാനമാണ്. അതുപോലെ, ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ തനിക്ക് പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ച് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിഷലിപ്ത വർഗീയവാദിയെന്ന് പറയാവുന്ന യോഗി ആദിത്യനാഥിൻെറ കത്ത് വായിക്കുന്നതിൽ ഏത് വിശ്വാസത്തോടുള്ള ബഹുമാനമാണുള്ളത്? വിശ്വാസങ്ങൾ മാനവികതയുടെയും നൈതിക മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുകയും അത്തരം കാര്യങ്ങളിൽ കൃത്യമായി നിലപാടെടുക്കുകയും ചെയ്യുന്ന ആശയപരവും പ്രത്യയശാസ്ത്രപരവുമായ ത്രാണിയും തൻേറടവുമുള്ള പാർട്ടി ആവേണ്ടതാണ് ഏത് കമ്യൂണിസ്റ്റ് പാർട്ടിയും. അതാണല്ലോ, അവർ തന്നെ നിരന്തരം അപഹസിക്കുകയോ വിമർശിക്കുകയോ ചെയ്യുന്ന ബൂർഷ്വാ രാഷ്ട്രീയപാർട്ടികളിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത്. ഇപ്പോൾ ചോദിക്കേണ്ട ഒരു ചോദ്യം, ഈ ബൂർഷ്വാ രാഷ്ട്രീയത്തിൽ നിന്ന്, (അവർ തന്നെ ഇത്രയും കാലം നമ്മളെ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ള ഒരു വാക്കാണിത്) സി പി ഐ- എമ്മിനെ വേർതിരിച്ച് നിർത്തുന്ന എന്ത് ഘടകമാണുള്ളത് എന്നാണ്.

ജനങ്ങൾക്ക് ഉപകാരപ്രദമായ നയങ്ങൾ സർക്കാർ നടപ്പിലാക്കി എന്ന് പറയുന്നതിൽ അതിന് ഉത്തരമാവുന്നില്ല. അങ്ങനെയാണെങ്കിൽ അതേവാദം കെജ്രിവാളിനും മുന്നോട്ട് വെക്കാമല്ലോ. അപ്പോൾ ഇവരെ എന്താണ് ഇന്നത്തെ സാഹചര്യത്തിൽ വ്യത്യസ്തരാക്കി നിർത്തുന്നത്?
ഒരു ഉദാഹരണം പറയാം. 1986-ൽ ശരീയത്ത് വിവാദമുണ്ടായപ്പോൾ ശക്തമായ നിലപാടെടുക്കാൻ സി പി ഐ- എമ്മിന് കഴിഞ്ഞിരുന്നു. അന്നെടുത്ത നിലപാട് ഏറെക്കുറെ നൈതികവും സ്ത്രീപക്ഷത്ത് നിൽക്കുന്നതുമാണെന്നുള്ള അഭിപ്രായമുള്ളയാളാണ് ഞാൻ. മാത്രമല്ല, അക്കാര്യത്തിൽ അന്ന് മുസ്ലിം യാഥാസ്ഥികത്വത്തിനെതിരെ ഒരു മുഖ്യധാരാ രാഷ്ട്രീയപാർട്ടി ശക്തമായ നിലപാടെടുത്തത് വളരെ മഹത്തായതും ശ്ലാഖിക്കപ്പെടേണ്ടതുമാണ്. പക്ഷേ, അങ്ങനെയുള്ള ഒരു പാർട്ടിയുടെ നിലപാട് ഇന്നെന്താണ്? സ്ത്രീകൾക്ക് ശബരിമലയിൽ പോവണോ വേണ്ടയോ എന്ന കാര്യത്തിൽ, വനിതാമതിലുണ്ടാക്കി, നവോത്ഥാന സമിതിയുണ്ടാക്കി. അതിന്റെ അധ്യക്ഷൻ സാക്ഷാൽ വെള്ളാപ്പള്ളി നടേശനായിരുന്നു എന്നുള്ളതാണ് അതിൻെറ ദുര്യോഗം. അതിൽ പ്രധാന നേതാവായി, അംഗമായി വന്ന സുഗതൻ എന്നൊരാൾ അതിന് ശേഷം ആരും പറയാൻ അറയ്ക്കുന്ന തരത്തിൽ വർഗീയ പരാമർശങ്ങൾ നടത്തുന്നത് നിരന്തരമായി നമ്മൾ കാണുകയും ചെയ്തു. ഇത്തരമൊരു രാഷ്ട്രീയം, ഇതിനെ പ്രീണനമെന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാമോ എന്നെനിക്കറിയില്ല, വളരെ ആസുരമായ രാഷ്ട്രീയതന്ത്രമാണ് എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.
വിശ്വാസവും വർഗീയതയും തമ്മിൽ തീർച്ചയായും വ്യത്യാസമുണ്ട്. എല്ലാ മതവിശ്വാസികളിലും ബഹുഭൂരിപക്ഷവും മാനവികതയുടെ പക്ഷത്ത് നിലകൊള്ളുന്നവരാണ്, വർഗീയതക്കെതിരെ നിലകൊള്ളുന്നവരാണ്. പക്ഷേ, ഇവിടെ നടക്കുന്നതെന്താണ്? വർഗീയവാദം പറയുന്ന, ഞങ്ങൾക്ക് ഗുണം ചെയ്യുന്നവരെ, ഞങ്ങൾ ആശ്ലേഷിക്കും; മറ്റുള്ളവർക്കെതിരായി നിരന്തരം ഞങ്ങൾ ആക്ഷേപവും വിമർശനവും ഉന്നയിച്ചു കൊണ്ടിരിക്കും- ഇതല്ലേ നമ്മൾ കാണുന്നത്?
എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?
ഇതിന് മറുചോദ്യത്തിൽ വേണം ഉത്തരം തുടങ്ങാൻ. എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ ജാതിസംഘടനകളുമായി ചേർന്ന് സമുദായ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ രസതന്ത്രം പരീക്ഷിക്കുന്ന പണിയാണോ ഒരു കമ്യൂണിസ്റ്റ് പാർട്ടി ചെയ്യേണ്ടത് എന്ന മൗലികമായ ചോദ്യമുണ്ട്. അത്തരം ചോദ്യങ്ങൾക്ക് ഒരർത്ഥവുമില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ തന്നെ നിരന്തരമായി ചോദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. കാരണം ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് കണ്ണാടി കാണിച്ച് കൊടുക്കുക എന്ന ഉത്തരവാദിത്വം നൈതികമായും ധാർമ്മികമായും നമ്മുടെ മുൻപിലുണ്ട്.
കേരളത്തിൽ ഇക്കാലം വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ, എസ്.എൻ.ഡി.പിയും എൻ.എസ്.എസും ആർക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നുവോ അവർക്കാണോ ഇക്കാലം വരെ വോട്ട് കിട്ടിയിരുന്നത് എന്നത് പരിശോധിക്കേണ്ട കാര്യമാണ്. എൻെറ തോന്നൽ അങ്ങനെയല്ല എന്നാണ്. അങ്ങനെ ആയിരുന്നുവെങ്കിൽ അവരിന്ന് കേരളത്തിലെ കിങ് മേക്കേഴ്സായി മാറേണ്ടവരായിരുന്നു. ചില സ്ഥലങ്ങളിൽ അവർക്ക്, ചില സ്ഥാനാർത്ഥികൾക്ക് കിട്ടേണ്ട വോട്ടിൻെറ എണ്ണം കൂട്ടാനോ കുറയ്ക്കാനോ പറ്റിയിട്ടുണ്ടാവാം എന്നല്ലാതെ കേരളത്തിലുടനീളമുള്ള നായർ, ഈഴവ സമുദായ അംഗങ്ങളെല്ലാം ഇവരുടെ തിട്ടൂരത്തിനനുസരിച്ചാണ് വോട്ട് ചെയ്യുന്നത് എന്നൊരു നിഗമനത്തിലേക്ക് എത്താനുള്ള യാതൊരു തെളിവുകളും ഞാൻ ഇതുവരെ കണ്ടിട്ടില്ല.

അതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം, ഹിന്ദു ഭൂരിപക്ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ എങ്ങനെ പെരുമാറും എന്നുള്ളതാണ്. നമ്മൾ തിരിച്ചറിയേണ്ട ഒരു കാര്യം, കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ഏകദേശം 28 ശതമാനം ആളുകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവരാണ്. ബി.ജെ.പിയുടെ വളർന്നുവരുന്ന വോട്ട് ഷെയർ ഏകദേശം 28 ശതമാനമാണ്. അതായത്, കേരളത്തിൽ ഹിന്ദുക്കൾ 85 ശതമാനം ആണെങ്കിൽ അതിൽ 15 ശതമാനം പേർ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നുണ്ടെങ്കിൽ, അത് ‘നിഷ്കാമ കർമം’ കൂടിയാണ്. കാരണം ഒരുനിലയ്ക്കും ജയിക്കില്ല എന്നറിയുമ്പോൾ തന്നെ അവർക്ക് വോട്ട് ചെയ്യുന്ന, പ്രത്യയശാസ്ത്രപരമായി സംഘപരിവാർ ആശയങ്ങളോട് പൂർണമായ പ്രതിബദ്ധതയും പ്രതിപത്തിയുമുള്ള ആളുകൾ തന്നെയാണ് ഈ വോട്ട് ചെയ്യുന്നവർ. (ഇതിനെക്കുറിച്ച് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡൽഹി സർവകലാശാലയിലെ ചരിത്ര അധ്യാപകനായ ഡോ. പി.കെ. യാസ്സർ അറഫാത്ത് എഴുതിയിരുന്നു). അത്തരമൊരു സാഹചര്യത്തിൽ ഇന്നിപ്പോൾ കേരളത്തിൽ ഹൈന്ദവ- ക്രിസ്ത്യൻ വർഗീയവാദികളുടെ ഇടയിലുണ്ടായിവന്നിട്ടുള്ള ഒരു സഖ്യത്തിൻെറയും അവർ നിരന്തരമായി സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഉത്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലീം വിരോധത്തിൻെറയൊക്കെ ഫലം എങ്ങനെയാണ് അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്നത് ഒരർത്ഥത്തിൽ പ്രവചനാതീതമാണ്. അത് ഏറെക്കുറെ ഗണ്യമായിരിക്കും, നിർണായകമായില്ലെങ്കിലും എന്നാണ് തോന്നുന്നത്. മാത്രവുമല്ല, കേരളം ആ നിലയ്ക്ക് വലിയൊരു മാറ്റത്തിൻെറ വഴിയിലാണുള്ളത് എന്നാണ് എൻെറ തോന്നൽ. കാരണം, ഇലക്ഷനിൽ ഇതുവരെ കാര്യമായി പ്രതിഫലിച്ചിട്ടില്ലെങ്കിൽ പോലും കേരളത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയ ധ്രുവീകരണത്തിൻെറ മാനവും വലിപ്പവും വളരെ ഗുരുതരമാണ്, ഗൗരവത്തോടെ കാണേണ്ടതാണ്.
സ്വയം ശ്ലാഘിക്കുകയും സ്വയം പ്രശംസിക്കുകയും ചെയ്യുന്നതുപോലെ നമ്മൾ ലക്ഷണമൊത്ത സെക്യുലർ സമൂഹമൊന്നുമല്ല. ജനസംഖ്യയുടെ പ്രത്യേകതകൾ മൂലം, മറ്റുനിലയ്ക്ക് കേരളത്തിൽ രാഷ്ട്രീയമായ ഒരു സ്പേസ് എൽ ഡി എഫും യു ഡി എഫും ഏകദേശം പാതിയും പാതിയുമായി പങ്കിട്ടെടുക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാത്രമാണ് കേരളത്തിലെ ബി.ജെ.പിയേയും സംഘപരിവാറിനേയും തെരഞ്ഞെടുപ്പ് തലത്തിൽ ഇതുവരെ മാറ്റിനിർത്താൻ കഴിഞ്ഞിട്ടുള്ളത്. ആ നിലയ്ക്ക് സെക്യുലറിസത്തിൻെറ മകുടോദാരഹണമാണ് കേരളം എന്നു പറയുന്നതിൽ ഒരർത്ഥവുമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ പറയാവുന്ന ഒരു സംസ്ഥാനം തമിഴ്നാടാണ് എന്നു തോന്നുന്നു. ന്യൂനപക്ഷങ്ങളെല്ലാം, മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരുമിച്ച് 10 ശതമാനം പോലുമില്ലാത്ത, 90 ശതമാനവും ഹിന്ദുക്കളായ അങ്ങേയറ്റം ഭക്തരായ, തമിഴ്നാട്ടിൽ കാണുന്ന അത്രയും ക്ഷേത്രങ്ങളുടെ ബാഹുല്യം ഇന്ത്യയിൽ വേറെവിടെയും കാണാൻ പറ്റില്ല. തമിഴ്നാട്ടിലെ മുക്കിലും മൂലയിലും ഒരു കോവിലുണ്ടാവും. തമിഴ്നാടാണ് ആ അർത്ഥത്തിൽ അങ്ങേയറ്റം ഹൈന്ദവമായ വിശ്വാസങ്ങൾ നിലനിർത്തുമ്പോൾ തന്നെ, ആ വിശ്വാസങ്ങളെ വർഗീയതയിലേക്ക് പരിണമിക്കുന്നതിനെ നിരന്തരമായി പ്രതിരോധിച്ച് പോന്ന ഒരേയൊരു സംസ്ഥാനം, ഒരേയൊരു ജനത. കേരളത്തെ പറ്റി അങ്ങനെ പറയാൻ പറ്റുമെന്ന് തോന്നുന്നില്ല.
മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?
ഞങ്ങളാണ് സംഘപരിവാറിനേക്കാൾ നല്ല ഹിന്ദുക്കളെന്ന് പരമാവധി ഹിന്ദുവിശ്വാസികളെ ബോധ്യപ്പെടുത്തിയെടുക്കാനുള്ള മരണവക്ത്രത്തിലുള്ള ഒരു രാഷ്ട്രീയകക്ഷിയുടെ തത്രപ്പാടായിട്ടാണ് ആഗോള അയ്യപ്പസംഗമം എനിക്ക് തോന്നുന്നത്. അതല്ലെങ്കിൽ, സി പി ഐ- എം അങ്ങനെ വിശ്വാസികളെയെല്ലാം മൈത്രിയോടെ ചേർത്തുപിടിക്കാനാണെങ്കിൽ, കേരളത്തിൽ ഒരു കേരള ഹജ്ജ് സംഗമം ഉണ്ടാവാം. അങ്ങനെ മറ്റ് പല നിലയ്ക്കുള്ള തീർത്ഥാടനങ്ങളും കേരളത്തിൽ ഉണ്ടല്ലോ. അതിനെയെല്ലാം ചുറ്റിപ്പറ്റി ഇതേപോലെ പരിപാടികൾ നടത്തേണ്ടതല്ലേ?
വിശ്വാസത്തിൻെറ കുറേക്കൂടി വിശാലമായ, പുരോഗമനപരമായ മാനങ്ങളെ ചേർത്തു പിടിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനുമാണ് കമ്യൂണിസ്റ്റ് പാർട്ടി ഈ പെടാപ്പാടൊക്കെ പെടുന്നതെങ്കിൽ, ഈയടുത്ത് കാലത്ത് പല ചിന്തകരും എഴുത്തുകാരുമൊക്കെ ചോദിച്ച ചോദ്യമുണ്ട്: എന്തുകൊണ്ടാണ് ശബരിമല മേൽശാന്തി നിയമനമടക്കം, ഗുരുവായൂരിലടക്കം എല്ലാ ജാതിക്കാരായ ഹിന്ദുക്കൾക്കും പൂജാരിമാരാകാവുന്ന നിയമം കൊണ്ടുവന്നുകൂടാ? അങ്ങനെയൊരു നിലപാട് എടുക്കുകയാണെങ്കിൽ അത് വിപ്ലവകരമായിരിക്കും. ഇത്തരമൊരു നിയമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച നടക്കുന്നുവെന്ന് വിചാരിക്കുക. യു.ഡി.എഫിൽ തന്നെ അതിഭീകരമായ പ്രതിസന്ധി അത് സൃഷ്ടിക്കും. കാരണം, അതിനോട് യോജിക്കുന്നവരും അല്ലാത്തവരുമായ പല വിഭാഗങ്ങളുണ്ടാവും. ആ നിലയ്ക്കുള്ള വിപ്ലവകരമായ, വിശ്വാസത്തിൻെറ മേഖലയിൽ മാനവികമായ പരിഷ്കാരങ്ങളോ മാറ്റങ്ങളോ കൊണ്ടുവരാനുള്ള ഒരു ശ്രമങ്ങളും നടത്തിയിട്ടില്ല. അതേസമയം അയ്യപ്പസംഗമം പോലുള്ള കെട്ടുകാഴ്ച്ചകൾ കാണേണ്ടിവരികയും ചെയ്യുന്നു.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?
കേരളത്തിലെ ഇടതുപക്ഷം, വിശാലമായ അർത്ഥത്തിൽ ഒരു സംസ്കാരിക പ്രതിപക്ഷമായിരുന്നു എന്ന പ്രസ്താവന ശരിയാണ്. പക്ഷേ, സി പി ഐ- എം എന്ന രാഷ്ട്രീയപാർട്ടി ആ അർത്ഥത്തിൽ ധൈഷണികമായി ഒരു സംസ്കാരിക പ്രതിപക്ഷത്തിൻെറ പങ്ക് വഹിച്ചിട്ടുണ്ടോയെന്നുള്ളത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. ഒറ്റനോട്ടത്തിൽ കാണാൻ പറ്റുന്ന ഉദാഹരണങ്ങൾ ചില വ്യക്തികൾ മാത്രമാണ്. കെ.ഇ.എൻ. കുഞ്ഞഹമദിനെ പോലെയുള്ള വ്യക്തികളെ ആ അർത്ഥത്തിൽ എടുത്ത് പറയാൻ പറ്റും. ഇ.എം.എസ്, ശരീയത്ത് വിഷയത്തിലും മുസ്ലിം യാഥാസ്ഥിതികത്വത്തിനെതിരെയും ധാരാളം എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്തു. പക്ഷേ അതേപോലെ, 1950 മുതൽ അദ്ദേഹത്തിൻെറ മരണം വരെയുള്ള കാലഘട്ടത്തിൽ, ഹൈന്ദവമോ ക്രൈസ്തവമോ ആയ ഏതെങ്കിലും വിവേചനങ്ങൾക്കെതിരെ, ആ സമൂഹത്തിൽ നടക്കുന്ന മാനവികതൾക്ക് നിരക്കാത്ത പ്രവണതകൾക്കെതിരെ, സവർണ മേധാവിത്വത്തിനെതിരെ അത്ര വിശദമായി എഴുതുകയോ പറയുകയോ ചെയ്തത് എൻെറ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരുപക്ഷേ, ഞാൻ പറയുന്നത് തെറ്റായിരിക്കാം എന്ന മുൻകൂർ ജാമ്യമെടുത്താണിത് പറയുന്നത്. അതേസമയത്ത് അങ്ങനെ പ്രവർത്തിച്ച വ്യക്തികൾ കേരളത്തിലുണ്ട്. കെ. ദാമോദരൻ, ഉണ്ണിരാജ, എൻ.ഇ. ബലറാം തുടങ്ങിയവർ. അവർ പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ പോലും, ഒരു മുഖ്യധാരാ സവർണബോധത്തിൻെറ മറുപക്ഷത്ത് നിന്നുകൊണ്ട് സംസ്കാരത്തെയും മതങ്ങളെയും ഐതിഹ്യങ്ങളെയും പുരാണങ്ങളെയും മതഗ്രന്ഥങ്ങളെയുമൊക്കെ കാണാനുള്ള പ്രവണത അവരിലുണ്ടായിരുന്നു. പക്ഷേ, ഒരു രാഷ്ട്രീയകക്ഷി എന്ന നിലയ്ക്ക് സി പി ഐ-എം അങ്ങനെ ഒരു നിലപാട് എടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.
