സോയ തോമസ്​

കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ
ആത്മാവിനെ ഉലയ്ക്കുന്ന അധികാരം

‘‘പാർട്ടി ഒരിക്കൽ ജനങ്ങളെ ‘മതത്തിന്റെയും ജാതിയുടെയും അടിമത്തത്തിൽ നിന്നും മോചിപ്പിക്കണം’ എന്ന് പറഞ്ഞപ്പോൾ, അതൊരു ജനകീയ ദിശാബോധമായിരുന്നു. എന്നാൽ ഇന്ന് അധികാരത്തിനായി ജാതി- മത ഐഡന്റിറ്റികളെ തന്നെ ഉപയോഗിക്കുന്നത്, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ആത്മാവിനെ ഉലയ്ക്കുന്നതാണ്’’- ട്രൂകോപ്പി​ വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് സോയ തോമസ് മറുപടി എഴുതുന്നു.

ട്രൂകോപ്പി ​വെബ്സീൻ: ജനകീയാധികാരം പാർലമെന്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയ ശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെന്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്'?

സോയ തോമസ്: കേരളത്തിലെ 1957-ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ലോക രാഷ്ട്രീയചരിത്രത്തിൽ തന്നെ ഒരു വലിയ വഴിത്തിരിവായിരുന്നു. തെരഞ്ഞെടുപ്പിലൂടെ പാർലമെന്ററി അധികാരത്തിൽ എത്തിച്ചേരുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരുന്നു അത്. ജനകീയാഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യാൻ ശ്രമിച്ച ആ ഭരണകൂടം, ഭൂസമരം, വിദ്യാഭ്യാസ പരിഷ്കാരം, ക്ഷേമനയങ്ങൾ തുടങ്ങിയ മേഖലകളിൽ ഇടപെട്ടത് കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ ചരിത്രത്തെ പുതിയൊരു ഘട്ടത്തിലേക്ക് കൊണ്ടുപോയി. ഇതിന്റെ ഏറ്റവും വലിയ സവിശേഷത മതേതര-ജനാധിപത്യ മനോഭാവം ഭരണരീതിയിലേക്ക് അതിവേഗം കൊണ്ടുവന്നതായിരുന്നു. എന്നാൽ, മതസ്ഥാപിത ശക്തികൾക്കും ജാതിപരമായ മേൽക്കോയ്മകൾക്കും ഇത് ഭീഷണിയായി തോന്നി. ‘വിമോചന സമരം’ മുഖേന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പുറത്താക്കപ്പെട്ടത്, സാമൂഹിക പരിഷ്കാരത്തിന്റെയും മാറ്റത്തിന്റെയും പേടിയിൽ നിന്നായിരുന്നു. മത-ജാതി സംഘടനകളും കോൺഗ്രസും ചേർന്ന് രൂപപ്പെടുത്തിയ പ്രതിരോധം ജനാധിപത്യത്തിന്റെ പേരിൽ നടന്നെങ്കിലും യാഥാർത്ഥ്യത്തിൽ അത് ഭരണഘടനാപരമായ സെക്കുലർ സ്വഭാവത്തിനെതിരായ ഒരു കൂട്ടുകെട്ടായിരുന്നു.

ഇതിനുശേഷം, ഇടതുപക്ഷം കാലക്രമേണ വീണ്ടും അധികാരത്തിലേക്ക് എത്തി, പക്ഷേ ആദ്യ മന്ത്രിസഭയുടെ വിപ്ലവോത്സാഹവും സാമൂഹിക ദർശനവും ക്രമേണ മാഞ്ഞു തുടങ്ങി. ഇന്നത്തെ സാഹചര്യം മറ്റൊരു വഴിത്തിരിവാണ് കാണിക്കുന്നത്. ഇപ്പോൾ ഇടതുപക്ഷ പാർട്ടി, അതേ മത-ജാതി സംഘടനകളെ തന്നെ “കൂട്ടാളികളാക്കി” അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്നു. NSS, SNDP, ചില പള്ളിശക്തികൾ, ക്ഷേത്രബോർഡുകൾ, ആചാരസംരക്ഷണ മുന്നേറ്റങ്ങൾ എന്നിവരോടുള്ള രാഷ്ട്രീയ സമവായം ഇതിന്റെ തെളിവാണ്.

NSS, SNDP, ചില പള്ളിശക്തികൾ, ക്ഷേത്രബോർഡുകൾ, ആചാരസംരക്ഷണ മുന്നേറ്റങ്ങൾ എന്നിവരോടുള്ള രാഷ്ട്രീയ സമവായം ഇതിന്റെ തെളിവാണ്.
NSS, SNDP, ചില പള്ളിശക്തികൾ, ക്ഷേത്രബോർഡുകൾ, ആചാരസംരക്ഷണ മുന്നേറ്റങ്ങൾ എന്നിവരോടുള്ള രാഷ്ട്രീയ സമവായം ഇതിന്റെ തെളിവാണ്.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‌ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ഇന്ത്യയിൽ ആർ എസ് എസും ഹിന്ദുത്വ രാഷ്ട്രീയവും ഭരണഘടനയെ തന്നെ വെല്ലുവിളിച്ച് മുന്നേറുമ്പോൾ, അത് നേരിടേണ്ടതും മതേതര ജനാധിപത്യത്തിനായി പോരാടേണ്ടതും ഇടതുപക്ഷമാണ് എന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് കേരളത്തിൽ ഇടതുപക്ഷ പാർട്ടികളുടെ ശക്തി ആർജ്ജിക്കലും മതേതര ഇടപെടലുമായിരുന്നു ബി ജെ പിയെ അധികാരത്തിലേക്ക് എത്തിക്കാതെ നിർത്തിയിരുന്നത്. എന്നാൽ paradoxical ആയി, കേരളത്തിൽ ഇടതുപക്ഷം ആർ എസ് എസിനോട് പോരാടുന്നതിനൊപ്പം തന്നെ, അതേ വർഗീയ വാദികളുടെ ഭാഷ കടമെടുക്കുന്നത് വേദനാജനകമാണ്. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ കണ്ണോടെ കാണുന്ന പ്രസ്താവനകൾ ഇടതുപക്ഷ നേതാക്കളിൽ നിന്നും കേൾക്കേണ്ടിവന്നിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ തന്ത്രമായി തോന്നാമെങ്കിലും, അത് മതേതര ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുന്നു. അവകാശ പോരാട്ടങ്ങളിൽ ഇതിന്റെ ആഘാതം കൂടുതൽ ഗുരുതരമാണ്. ഉദാഹരണത്തിന് ശബരിമല വിഷയത്തിൽ, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉറപ്പാക്കുന്നതിന് ഇടതുപക്ഷം കോടതിയെ ആശ്രയിച്ചെങ്കിലും, രാഷ്ട്രീയ തലത്തിൽ പാർട്ടി പിന്നോട്ട് പോയി. ജനങ്ങൾക്കിടയിൽ വർഗീയവാദത്തിന്റെ പേടിയിൽ നിന്നും വോട്ട് നഷ്ടപ്പെടുമെന്ന ഭയത്തിൽ പാർട്ടി ഒത്തുതീർപ്പ് (compromise) നടത്തിയപ്പോൾ, അതിന്റെ ഏറ്റവും വലിയ ഇരയായി സ്ത്രീകളുടെ അവകാശങ്ങളാണ് മാറിയത്. ഇത് ജനാധിപത്യം , മതേതരത്വം, സമത്വം തുടങ്ങിയ കമ്മ്യൂണിസ്റ്റ് - മാർക്സിസ്റ്റ് ആശയങ്ങളോടുള്ള വെല്ലുവിളിയുമാണ്.

പാർട്ടി ഒരിക്കൽ ജനങ്ങളെ "മതത്തിന്റെയും ജാതിയുടെയും അടിമത്തത്തിൽ നിന്നും മോചിപ്പിക്കണം" എന്ന് പറഞ്ഞപ്പോൾ, അത് ഒരു ജനകീയ ദിശാബോധമായിരുന്നു. എന്നാൽ ഇന്ന് അധികാരത്തിന് വേണ്ടി ജാതി-മത ഐഡന്റിറ്റികളെ തന്നെ ഉപയോഗിക്കുന്നത്, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ആത്മാവിനെ ഉലയ്ക്കുന്നതാണ്.

ശബരിമല വിഷയത്തിൽ, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉറപ്പാക്കുന്നതിന് ഇടതുപക്ഷം കോടതിയെ ആശ്രയിച്ചെങ്കിലും, രാഷ്ട്രീയ തലത്തിൽ പാർട്ടി പിന്നോട്ട് പോയി.
ശബരിമല വിഷയത്തിൽ, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉറപ്പാക്കുന്നതിന് ഇടതുപക്ഷം കോടതിയെ ആശ്രയിച്ചെങ്കിലും, രാഷ്ട്രീയ തലത്തിൽ പാർട്ടി പിന്നോട്ട് പോയി.

സി.പി.എം പറയുന്ന “വർഗീയവാദികളോടല്ല, വിശ്വാസികളോടൊപ്പമാണ്” എന്ന വാദം എനിക്ക് രാഷ്ട്രീയത്തിലെ ഒരു വാക്കുകളി (wordplay) മാത്രമായി തോന്നുന്നു. വിശ്വാസം വ്യക്തിയുടെ ആത്മീയാനുഭവമാണ്; പക്ഷേ അത് രാഷ്ട്രീയത്തിൽ കൊണ്ടുവരുമ്പോൾ, വർഗീയ ശക്തികളിൽ നിന്ന് വിശ്വാസത്തെ വേർതിരിക്കാൻ ഇടതുപക്ഷത്തിന് സാധിക്കുന്നില്ല.

എന്റെ അഭിപ്രായത്തിൽ, ഇടതുപക്ഷം ചെയ്യേണ്ടത് വിശ്വാസത്തെ അംഗീകരിക്കുകയോ സംരക്ഷിക്കുകയോ അല്ല, മറിച്ച് ഭരണഘടനാപരമായ സമത്വവും വ്യക്തിയുടെ സ്വാതന്ത്ര്യവും ഉറപ്പാക്കലുമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ, വിശ്വാസത്തെ രാഷ്ട്രീയത്തോടൊപ്പം ചേർക്കുമ്പോൾ അത് നേരിട്ട് അവരുടെ അവകാശങ്ങൾ നഷ്ടപ്പെടുത്താൻ കാരണമാകുന്നു. “സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനാവില്ല, കാരണം വിശ്വാസം” എന്ന വാദം ഇടതുപക്ഷം അംഗീകരിക്കുമ്പോൾ, അത് പാർട്ടിയുടെ തന്നെ ചരിത്രപരമായ പുരോഗമന രാഷ്ട്രീയത്തെ വഞ്ചിക്കുന്നതാണ്.

വിശ്വാസം ഒരിക്കലും അയിത്തങ്ങളും വിവേചനങ്ങളും നിലനിർത്താനുള്ള ആയുധം ആകരുത്. മറിച്ച് അത് എല്ലാവരെയും ഉൾപ്പെടുത്തുന്നതും വിമോചനത്തിലേക്കു നയിക്കുന്നതുമായിരിക്കണം. അങ്ങനെ എങ്കിൽ സ്ത്രീകളും, പാർശ്വവത്കരിക്കപ്പെട്ടവരും, ഇൻറർസെക്ഷനിൽപ്പെടുന്ന എല്ലാവരും അതിൽ ഉൾപ്പെടേണ്ടതാണ്.

അതിനാൽ, മതങ്ങളെയും അവരുടെ സംഘടനാപരമായ സ്വാധീനങ്ങളെയും പ്രീണിപ്പിക്കുന്നതിനപ്പുറം, ഭരണഘടനയുടെ ആത്മാവിനൊത്ത്, എല്ലാ അയിത്തങ്ങളും അസമത്വങ്ങളും അനീതികളും ഇല്ലാതാക്കുന്ന നയരൂപീകരണം ഇടതുപക്ഷം നടത്തേണ്ടതാണ്. അതല്ലേ കമ്മ്യൂണിസ്റ്റ് ആശയവും മൂല്യവും മുന്നോട്ട് വയ്ക്കേണ്ട യഥാർത്ഥ ദിശയും?

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

NSS, SNDP പോലുള്ള സംഘടനകളുമായി ഇടതുപക്ഷം കൂട്ടുകെട്ട് സ്ഥാപിക്കുന്നത്, എന്റെ കാഴ്ചപ്പാടിൽ ജാതിപ്രാധാന്യമുള്ള രാഷ്ട്രീയത്തെ അംഗീകരിക്കുന്നതിനു തുല്യമാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഒരിക്കൽ ജാതിയേയും മതത്തേയും ചെറുത്ത് മുന്നേറിയപ്പോൾ, ഇന്ന് അത് തന്നെയാണ് പാർട്ടി തന്ത്രത്തിന്റെ ഭാഗമായത്. ജനങ്ങൾക്കിടയിൽ 'മത-ജാതി തിരിച്ചറിയലും പ്രാക്ടീസും’ ഉണ്ട് എന്നത് വ്യക്തമാണ്. പക്ഷേ ഒരു സെക്കുലർ രാജ്യത്തിൽ പ്രത്യേകിച്ച് മത വർഗീയ വാദികളെ ചെറുക്കുന്ന കേരളത്തിൽ ജനാധിപത്യ ബോധം, വിദ്യാഭ്യാസം, തൊഴിലവസരം, ക്ഷേമം, സാമൂഹിക നീതി എന്നിവയിലാണ് കൂടുതലായി അടിയുറക്കേണ്ടത്. എന്നാൽ പാർട്ടി മത-ജാതി സംഘടനകളെ ആശ്രയിക്കുമ്പോൾ, ജനങ്ങളുടെ രാഷ്ട്രീയ അവബോധം തന്നെ കുറച്ച്, വോട്ടിന്റെ വ്യാപാരത്തിലേക്ക് ചുരുക്കപ്പെടുന്നു. ഇത്തരം കൂട്ടുകെട്ടുകൾ എല്ലായ്പ്പോഴും മാനവികതക്ക് വിരുദ്ധമായ സാമൂഹിക നിലപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതി സംഘടനകളും മത സംഘടനകളും സ്ത്രീ - അധസ്ഥിത അവകാശത്തെ മതത്തിന്റെ പേരിൽ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, പാർട്ടിയുടെ കൂട്ടുകെട്ട് അവർക്കു കൂടുതൽ ശക്തിയും ദൃശ്യതയും നൽകുകയാണ്. ഈ ആശയകുഴപ്പവും വോട്ട് തന്ത്രവും പലപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനങ്ങളുടെ കൂട്ടായ്മയിലും ശക്തിയിലും അധിഷ്ഠിതമായ പാർട്ടിയുടെ കേഡർ സംവിധാനത്തെ മുഴുവനായി ബാധിക്കുകയും സംവിധാനം ദുർബലമാകുകയും ചെയ്യും. ഇത് പ്രാദേശികമായി അമ്പലങ്ങളുമായി ചേർന്ന് RSS നടത്തുന്ന ‘വിശ്വാസ ‘ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയും, ജനാധിപത്യ രാഷ്ട്രത്തിൽ നിന്നും മത രാഷ്ട്രത്തിലേക്ക് നീങ്ങുന്ന ബി ജെ പി - സംഘപരിവാർ അജണ്ടയെ ബലപ്പെടുത്തുകയും ചെയ്യും.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെസംഭവിക്കുന്നത്?

ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമാണെങ്കിലും അതിന്റെ പ്രവർത്തനങ്ങളിൽ ഭരണഘടനാപരമായ മതേതരവും സാമൂഹ്യനീതിയുള്ള സമീപനവും കാണുന്നില്ല. മേൽശാന്തി നിയമനത്തിൽ പോലും ജാതി അടിസ്ഥാനത്തിലുള്ള നിയന്ത്രണം തുടരുന്നത്, ഭരണഘടനയിലെ സമത്വത്തിന്റെ ആത്മാവിനോട് വിരോധമാണ്. ഞാൻ കരുതുന്നത്, വിശ്വാസം സംരക്ഷിക്കണമെന്ന പാർട്ടിയുടെ നിലപാട് ശരിയായ രീതിയല്ല അത് ഒരു ‘വോട്ട് ബാങ്ക് നയം’ മാത്രമാണ്. ഇന്ത്യൻ ഭരണ ഘടന ഏതൊരാൾക്കും തന്റെ ഇഷ്ടമുള്ള മതം സ്വീകരിക്കാനും, അത് പ്രചരിപ്പിക്കാനും, അതിന്റെ അനുഷ്ഠാനങ്ങൾ പിന്തുടരാനും ഉള്ള അവകാശം നൽകുന്നു. ആ അവകാശം സംരക്ഷിക്കുന്നതിനൊപ്പം ഭരണഘടനാപരമായ മറ്റ് അവകാശങ്ങളും ഉറപ്പാക്കേണ്ടതാണ് സ്റ്റേറ്റിന്റെ ഉത്തരവാദിത്വം.

മേൽശാന്തി നിയമനത്തിൽ ജാതി അടിസ്ഥാനത്തിലുള്ള നിയന്ത്രണം തുടരുന്നത്, ഭരണഘടനയിലെ സമത്വവും സാമൂഹിക നീതിയും ലംഘിക്കുന്നതാണ്. ക്ഷേത്ര സ്ഥാപനങ്ങളിലെ തൊഴിൽ നിയമനങ്ങളിൽ പോലും ഭരണഘടനാപരമായ സംവരണാവകാശം നടപ്പിലാക്കാത്തത്, ദളിതർക്കും പിന്നാക്ക സമൂഹത്തിനും നേരെയുള്ള വഞ്ചനയായി ഞാൻ കാണുന്നു. “വിശ്വാസത്തെ സംരക്ഷിക്കണം” എന്ന പേരിൽ നടക്കുന്ന പല പരിപാടികളും യാഥാർത്ഥത്തിൽ മതത്തിന്റെ പേരിലുള്ള അനീതിയെയും പിതൃസത്തെയും തുടരാൻ സഹായിക്കുന്നതാണ്.

ഇവിടെ പ്രത്യേകം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത് - സ്ത്രീകളുടെ ക്ഷേത്രപ്രവേശനം. ഭരണഘടന സ്ത്രീകൾക്ക് തുല്യ അവകാശം നൽകുമ്പോൾ, വിശ്വാസം എന്ന പേരിൽ അത് തടയുന്നത് മതേതരത്വത്തിന്റെ വഞ്ചനയാണ്. ഇടതുപക്ഷം തന്നെ ഇത്തരം പ്രശ്നങ്ങളിൽ പിന്നോട്ടു പോകുന്നത്, അവരുടെ പുരോഗമന ചരിത്രത്തിന് തന്നെ കളങ്കമാണ്.

പുണരലിന്റെ രാഷ്ട്രീയ പ്രതീകം നാം കണ്ടതാണ്. കമ്മ്യൂണിസ്റ്റ് മന്ത്രി അമൃതാനന്ദമയിയെ സ്വീകരിച്ച ചിത്രം ശ്രദ്ധ പിടിച്ചു കയറി. ഇത് മനുഷ്യസ്നേഹത്തിന്റെയും ആദരത്തിന്റെയും പ്രതീകമോ? അതോ മതനിരപേക്ഷതയും ആശയവാദവും തമ്മിലുള്ള വിരോധാഭാസമോ? ഇത് ഒരു സിംബോളിക് ചിത്രം മാത്രം അല്ലെന്നു തോന്നുന്നു. കമ്മ്യൂണിസത്തിന്റെ ആശയപരമായ ഉറച്ച നിലപാടും പ്രായോഗിക രാഷ്ട്രീയത്തിന്റെ നിർബന്ധവും തമ്മിലുള്ള സംഘർഷം ആണ്. കേരളത്തിലെ രാഷ്ട്രീയ-മത ബന്ധത്തിന്റെ സങ്കീർണത തുറന്നു കാട്ടുന്ന ഈ സംഭവങ്ങളിൽ, ഓരോ embrace-ഉം വോട്ട്ബാങ്ക് രാഷ്ട്രീയവും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം മതത്തിലൂടെയും ഒപ്പം കൊണ്ടു പോവുകയാണ്. വിശ്വാസം സംരക്ഷിക്കുന്നത് സർക്കാരിന്റെ കടമയല്ല. സർക്കാരിന്റെ കടമ ഭരണഘടന സംരക്ഷിക്കലും, സാമൂഹ്യനീതി ഉറപ്പാക്കലുമാണ്. വിശ്വാസസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം ഒത്തു തീർപ്പുകൾ - സമൂഹത്തെ പിന്നോട്ട് കൊണ്ടുപോകും , ഇടതുപക്ഷ പ്രതിരോധങ്ങളെ ഇല്ലായ്മ ചെയ്യും.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

കേരളത്തിൽ ഒരിക്കൽ ഇടതുപക്ഷം സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ വേദി സൃഷ്ടിച്ചിരുന്നു. എഴുത്തുകാരും കലാകാരും പാർട്ടിയെയും സർക്കാരിനെയും വിമർശിച്ചിരുന്ന കാലമുണ്ട്. എന്നാൽ ഇന്ന് പാർട്ടി തന്നെ "വിശ്വാസ സംരക്ഷണ" പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുമ്പോഴും, സാംസ്‌കാരിക പ്രതിപക്ഷം മിണ്ടാതിരിക്കുകയാണ്. ഞാൻ കരുതുന്നത്, അധികാരത്തോട് ചേർന്നിരിക്കുന്ന സാംസ്‌കാരിക രംഗമാണ് ഇതിനു പിന്നിൽ. സർക്കാർ നൽകിയ - നല്കി വരുന്ന അവാർഡുകൾ, അംഗീകാരങ്ങൾ, ആദരവുകൾ, സൗകര്യങ്ങൾ എന്നിവ നഷ്ടപ്പെടുമെന്ന ഭയത്തിൽ പലരും നിശ്ശബ്ദരായിരിക്കുന്നു. എന്നാൽ മനുഷ്യരുടെ അവകാശം, സാമൂഹിക നീതി, മതേതര ജനാധിപത്യം - ഇവിടങ്ങളിൽ നടക്കുന്ന വിരുദ്ധ സമീപനങ്ങൾക്കെതിരെ പ്രതികരിക്കാതെ സാംസ്‌കാരിക രംഗം മിണ്ടാതിരിക്കുന്നത് ഗൗരവമായ സാമൂഹിക നഷ്ടമാണ്.

കേരളത്തിൽ ഒരിക്കൽ ഇടതുപക്ഷത്തോട് വിമർശനാത്മകമായി ഇടപെടാൻ കഴിഞ്ഞിരുന്ന സാംസ്‌കാരിക പ്രതിപക്ഷം മാത്രമല്ല, വിവിധ സാമൂഹ്യ വിമോചന പ്രസ്ഥാനങ്ങളും ഇന്ന് ശക്തമായി പ്രതികരിക്കാത്ത അവസ്ഥയിലാണ്. ശബരിമല വിഷയത്തിൽ ഭരണഘടനാപരമായ സ്ത്രീ അവകാശത്തിനായി ശബ്ദമുയർത്തിയെങ്കിലും, പാർട്ടിയുടെ "വിശ്വാസസംരക്ഷണ" നിലപാട് ശക്തമായപ്പോൾ, പല സ്ത്രീപ്രസ്ഥാനങ്ങളും മിണ്ടാതെയോ, വളരെ പരിമിതമായ രീതിയിലോ മാത്രം പ്രതികരിച്ചു. അധികാരത്തോടും രാഷ്ട്രീയ പാർട്ടികളോടും സംഘർഷത്തിലേക്ക് പോകാതിരിക്കാനുള്ള ഭയമാണ് ഇതിനു പിന്നിൽ എന്ന് കരുതുന്നു. തങ്ങൾ വിശ്വസിച്ച, പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടിയെ വിമർശിച്ചാൽ ഉണ്ടാവുന്ന ഭാവി പ്രതിസന്ധിയും കാരണമാണ്.

പുണരലിന്റെ രാഷ്ട്രീയ പ്രതീകം നാം കണ്ടതാണ്. കമ്മ്യൂണിസ്റ്റ് മന്ത്രി അമൃതാനന്ദമയിയെ സ്വീകരിച്ച ചിത്രം ശ്രദ്ധ പിടിച്ചു കയറി. ഇത് മനുഷ്യസ്നേഹത്തിന്റെയും ആദരത്തിന്റെയും പ്രതീകമോ? അതോ മതനിരപേക്ഷതയും ആശയവാദവും തമ്മിലുള്ള വിരോധാഭാസമോ?
പുണരലിന്റെ രാഷ്ട്രീയ പ്രതീകം നാം കണ്ടതാണ്. കമ്മ്യൂണിസ്റ്റ് മന്ത്രി അമൃതാനന്ദമയിയെ സ്വീകരിച്ച ചിത്രം ശ്രദ്ധ പിടിച്ചു കയറി. ഇത് മനുഷ്യസ്നേഹത്തിന്റെയും ആദരത്തിന്റെയും പ്രതീകമോ? അതോ മതനിരപേക്ഷതയും ആശയവാദവും തമ്മിലുള്ള വിരോധാഭാസമോ?

ദേവസ്വം ബോർഡിലെ സംവരണാവകാശ ലംഘനങ്ങളെയും ക്ഷേത്ര പ്രവേശനത്തിലെ ജാതിഅയിത്തത്തെയും തുറന്നുപറഞ്ഞു പ്രതിഷേധിച്ചില്ല. അധികാര ഇടപെടലുകളെ ആശ്രയിക്കുന്ന അവസ്ഥയിൽ, വലുതായൊരു സാമൂഹിക പ്രതിരോധം ഉണ്ടാക്കാൻ ആർക്കും ആവുന്നില്ല. ജനാധിപത്യ – മനുഷ്യാവകാശ പ്രസ്ഥാനങ്ങളും പലപ്പോഴും മൗനം തുടരുന്നു. മതേതര ഭരണഘടനയ്ക്കെതിരായ RSS-ന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ടിട്ടുണ്ടെങ്കിലും, ഇടതുപക്ഷം തന്നെ വർഗീയവാദികളുടെ ഭാഷ ഉപയോഗിക്കുമ്പോൾ അതിനെതിരെ വലിയൊരു പൊതു വിമർശനം ഉണ്ടായിട്ടില്ല. ഈ സാംസ്കാരിക - സാമൂഹ്യ വിമോചന പ്രസ്ഥാനങ്ങളുടെ മിണ്ടാതിരിപ്പ്, ഇടതുപക്ഷത്തിന്റെ അധികാരത്തിനോടുള്ള - തെരഞ്ഞെടുപ്പ് രാഷ്ട്രീയ (പാർലമെൻ്ററി) - അനുകൂല രാഷ്ട്രീയ സംസ്കാരം വളർത്തുകയും സമൂഹത്തിന്റെ ജനാധിപത്യ ബോധത്തെ തന്നെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഞാൻ കരുതുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, ദളിതർക്കുള്ള സാമൂഹിക നീതി, മതേതര ഭരണഘടനയുടെ സംരക്ഷണം - ഇവിടങ്ങളിൽ നടക്കുന്ന ഒത്തു തീർപ്പുകളെ തുറന്നുപറഞ്ഞു വെല്ലുവിളിക്കാതെ, പ്രസ്ഥാനങ്ങളും വ്യക്തികളും മിണ്ടാതിരിക്കുന്നുവെങ്കിൽ, ഭാവിയിൽ അത് വലതുപക്ഷ ശക്തികൾക്ക് മാത്രം അനുകൂലമായ സാഹചര്യം സൃഷ്ടിക്കും.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, Soya Thomas writes.


സോയ തോമസ്​

26 വർഷമായി കുടുംബശ്രീ ഉൾപ്പെടെ വിവിധ ജെന്റർ വികസന സാമൂഹ്യ ഉൾച്ചേർക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു. ഇപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉപജീവന - സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളിൽ ജന്റർ ഇഗ്രേഷൻ, കരിക്കുലം ഡവലപ്പ്മെന്റ് വിദഗ്ദയായി പ്രവർത്തിക്കുന്നു.

Comments