പൊള്ളയായ ഉള്ളടക്കവും രാഷ്ട്രീയമായ അന്തസ്സാരശൂന്യതയുമടങ്ങിയ ഉപഭോഗസംസ്കാരത്തിന്റെ പരസ്യപ്പലകവാചകം പോലെയാണ് LDF ടാഗ് ലൈൻ:
‘മറ്റാരുണ്ട്, എൽ ഡി എഫ് അല്ലാതെ’.
കെ. രാഘവൻ സംഗീതം നൽകി, പി. ഭാസ്കരന്റെ നാട്ടുശൈലിയിലെ വരികളായ ‘നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ’ എന്ന മട്ട്. സമീപകാലത്ത് യുട്യൂബിൽ സിതാര കൃഷ്ണകുമാറാണ് ഈ പഴയ പാട്ടിന് പുതുശ്വാസം നൽകിയത്. ഈ മനോഹരമായ മലയാളഗാനത്തെ ഈ പരസ്യവാചകം അനുസ്മരിപ്പിക്കുമെങ്കിലും, രാഷ്ട്രീയാർത്ഥം വിപരീതമായി തീരുകയാണ്: ജനാധിപത്യപ്പുഴയിൽ LDF അല്ലാതെ ആരുണ്ട് ചിറ കെട്ടാൻ.
ജനാധിപത്യം ചിറകെട്ടി തടയേണ്ടതല്ല. ചിറകെട്ടികിടക്കുന്ന വെള്ളം മലിനപ്പെടാൻ സാധ്യത ഏറെയാണ്. ജനാധിപത്യം ഒഴുക്കാണ് അഭികാമ്യമായി കാണുന്നത്.

പരസ്യവാചകം തന്നെ ഉള്ളടക്കശൂന്യമാകുന്നത്, അതിനൊരു ചരിത്രപരമായ അർഥം ഉല്പാദിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ്. സ്വയം അർഥം സൃഷ്ടിക്കാൻ കഴിയാത്ത ശൂന്യശബ്ദങ്ങളാണ് ഈ പരസ്യവാചകത്തിൽ.
രാഷ്ട്രീയ വാക്യങ്ങൾ എങ്ങനെയുള്ളതാകണം? അതിനൊരു മാതൃകയുണ്ടോ? രാഷ്ട്രീയ വാക്യങ്ങളുടെ ചരിത്രത്തിൽ നിസ്തുലസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്കുള്ളത്. "അധ്വാനിക്കുന്നവരേ, നിങ്ങൾക്ക് നഷ്ടപ്പെടാനൊന്നുമില്ല, കാൽച്ചങ്ങലകളല്ലാതെ, നേടാനോ, ഒരു പുതുലോകം"-
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഈ അന്തിമവാചകം ലോകത്തെ ഏറ്റവും മികച്ച പരസ്യവാചക എഴുത്തുകാർക്കുപോലും എഴുതാനാവില്ല എന്നു പറഞ്ഞത് മേതിലോ ടി. പി. രാജീവനോ? ഏതായാലും, ഉംബെർട്ടോ ഇക്കോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഭാഷശൈലിയെക്കുറിച്ചു നീരീക്ഷിച്ചതിങ്ങനെയാണ്:
"ഏതാനും അറുപത് പേജുകൾ കൊണ്ട് ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്. എല്ലാത്തിനുമുപരി, ഡാന്റേയുടെ മുഴുവൻ രചനകളും ഇറ്റാലിയൻ നഗര-സംസ്ഥാനങ്ങളിൽ ഒരു വിശുദ്ധ റോമൻ സാമ്രാജ്യം പുനഃസ്ഥാപിക്കാൻ പര്യാപ്തമായിരുന്നില്ല. എന്നാൽ, രണ്ട് നൂറ്റാണ്ടുകളുടെ ചരിത്രത്തിൽ തീർച്ചയായും വലിയ സ്വാധീനം ചെലുത്തിയ 1848- ലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ അനുസ്മരിക്കുമ്പോൾ, ഒരാൾ (...) അതിന്റെ അസാധാരണമായ വാചകവൈദഗ്ധ്യവും അതിന്റെ വാദങ്ങളുടെ ഘടനയും വീണ്ടും വായിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു".
അന്തിമവാചകം മാത്രമല്ല, 'ഒരു ഭൂതം യൂറോപ്പിനെ പിടികൂടിയിരിക്കുന്നു.." എന്ന വാചകം വിസ്ഫോടകരമായ തുടക്കമാണ്. മാനിഫെസ്റ്റോയ്ക്കു മുമ്പേ ഇങ്ങനെയുള്ള വാചകസ്‌ഫോടനങ്ങൾ മാർക്സ് പരിക്ഷീച്ചിരുന്നു. ഫോയർബാഹ് തീസിസ് മാർക്സ് അവസാനിപ്പിച്ചത് അതുവരെയുണ്ടായ തത്വചിന്തയുടെ ചരിത്രത്തിൽ നിന്ന് തന്റെ തത്വശാസ്ത്രത്തെ സ്വയം വിച്ഛേദിപ്പിച്ചുകൊണ്ടാണ്: ‘‘തത്വചിന്ത ലോകത്തെ വ്യഖ്യാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്, എന്നാൽ പ്രശ്നം ലോകത്തെ മാറ്റിമറിക്കുക എന്നതാണ്’.

ലോകത്തിലെ ഒരു പരസ്യവാചകമെഴുത്തുകാരനും മാർക്സിനെ വെല്ലാൻ ഇതുവരെ സാധിച്ചിട്ടില്ല.
പക്ഷെ രാഷ്ട്രീയ തത്വചിന്തയുടെ ചരിത്രത്തിൽ മാത്രമല്ല, മതാത്മകവും മതേതരവുമായ ആത്മീയതയുടെ ചരിത്രത്തിലും നമ്മുടെ ലോകാവബോധത്തെ മാറ്റിമറിക്കുന്ന വാചകങ്ങളും ആപ്തവാക്യങ്ങളും കാണാം. ‘മനുഷ്യർ സ്വതന്ത്രയായി ജനിക്കുന്നു എങ്കിലും അയാൾ എവിടെയും ചങ്ങലയിലാണ്’ - പരിഷ്കൃത മനുഷ്യന്റെ അടിമസംസ്കാരത്തെ തുറന്നുകാണിക്കുന്ന റൂസ്സോയുടെ വാചകങ്ങൾ ഇന്നിന്റെ യാഥാർഥ്യത്തിലും മാനവികമായ സ്വാഭിമാനം വീണ്ടെടുക്കാൻ ഒരു മോട്ടിവേഷണൽ നിമന്ത്രണമാണ്.
‘ഒരു ജാതി ഒരു മതം ഒരു ദൈവം’- ആധുനിക കേരളത്തിന്റെ ഉത്ഥാനത്തിന് നങ്കൂരമായിത്തീർന്ന ഗുരുവിന്റെ ആത്മീയവാക്യമാണ്. ഈ വാക്യങ്ങൾ മനുഷ്യരുടെ നാളതുവരെയുള്ള ലോകത്തെ മാറ്റിമറിക്കുക മാത്രമല്ല, പുതിയൊരു ലോകവും അനാവരണം ചെയ്തു.
എന്തുകൊണ്ടാണ് വാക്യം ശൂന്യശബ്ദമാകുന്നത്? രാഷ്ട്രീയ ഉള്ളടക്കത്തിന്റെ അഭാവത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. കോർപറേറ്റ്- പബ്ലിക്ക് റിലേഷൻസും ഇവന്റ് മാനേജമെന്റും രാഷ്ട്രീയത്തെ നിർണയിക്കുമ്പോഴാണ് രാഷ്ട്രീയം അന്തസ്സാരശൂന്യമാകുന്നത്.
ചിഹ്നശാസ്‌ത്രപരമായി സമ്പുഷ്ടമായ വാചകവും വാചകഘടനയുമാണ് ഇത്തരം സാരവാക്യങ്ങളുടേത്. അതുവരെ അനുഭവേദ്യമല്ലാതിരുന്ന ലോകത്തെയാണ് അവ അനാച്ഛാദനം ചെയ്യുന്നത്. Unveil ചെയ്യുകയാണ്. അത് കണ്ടെത്തലുമാണ്. മനുഷ്യരുടെ അനുഭവവിസ്തൃതി വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് വാക്യം ശൂന്യശബ്ദമാകുന്നത്? രാഷ്ട്രീയ ഉള്ളടക്കത്തിന്റെ അഭാവത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. കോർപറേറ്റ്- പബ്ലിക്ക് റിലേഷൻസും ഇവന്റ് മാനേജമെന്റും രാഷ്ട്രീയത്തെ നിർണയിക്കുമ്പോഴാണ് രാഷ്ട്രീയം അന്തസ്സാരശൂന്യമാകുന്നത്. രാഷ്ട്രീയം ഇടതുപക്ഷത്തിന്, പ്രത്യേകിച്ച്, സാമൂഹ്യപ്രയോഗങ്ങളുടെ (PRAXIS) ഒരു പ്രക്രിയയാണ്. എന്നാൽ ഇവന്റ് മാനേജ്‌മെന്റുകാർക്ക് രാഷ്ട്രീയം ഒരു ഇവന്റ്റ് മാത്രമാണ്. പൊതുതെരഞ്ഞെടുപ്പ് ഒരു ഇവന്റ് മാത്രമാകുന്നു. EVENTISM- മാണ് രാഷ്ട്രീയത്തിൽ നിന്ന് സാമൂഹ്യമായ ഉള്ളടക്കത്തെ ബാഷ്പീകരിക്കുന്നത്.

പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയം സംവദിക്കാനും ഭാവിയിലേക്കുള്ള സാമൂഹ്യനീതിയുക്തമായ മാറ്റങ്ങൾ അവതരിപ്പിക്കാനുമുള്ള ഒരു അവസരമാണ്. തെരഞ്ഞെടുപ്പ് An end in itself അല്ല. അധികാരാവരോധത്തിനായുള്ള ഇവന്റ് എന്ന നിലയിലാണ് ഇവന്റ് മാനേജ്‌മെന്റുകാർ പൊതുതെരഞ്ഞെടുപ്പിനെ കാണുന്നത്. സ്വർണ്ണക്കടയുടെയോ ഐസ്ക്രീമിന്റെയോ പരസ്യവാചകമല്ല രാഷ്ട്രീയ പാർട്ടിക്ക് വേണ്ടത്. ഒരു ഉപഭോഗവസ്തുവിനെ തെരഞ്ഞെടുക്കുന്നതുപോലെയല്ല സമ്മതിദായകർ രാഷ്ട്രീയപാർട്ടിയെ പ്രതിനിധാന ജനാധിപത്യത്തിൽ തെരഞ്ഞെടുക്കുന്നത്.
പരസ്യവാചകം ഘടിപ്പിച്ച രാഷ്ട്രീയ പ്രചാരണപരസ്യങ്ങൾ പ്രൊപ്പഗാണ്ടയാണ്. എൽ ഡി എഫ് മുന്നണി അവതരിപ്പിച്ച പരസ്യങ്ങളിൽ ഫ്രാങ്കെൻസ്റ്റെയ്ൻ സത്വം വികസിത കേരളത്തെ പ്രതിനിധീകരിക്കുന്നു. ഫ്രാങ്കെൻസ്റ്റെയ്ൻ- മനുഷ്യനും യന്ത്രവും ചേർന്ന, 19-ാം നൂറ്റാണ്ട് മുതലാളിത്തത്തിന്റെ ആക്രമണകാരിയായ സത്വ സങ്കല്പമാണ്. മനുഷ്യനും പ്രകൃതിക്കും മേൽ ആധിപത്യം സ്ഥാപിക്കുന്ന യന്ത്രദിനോസറാണ്. അധിനിവേശം (invasion), വിനാശം (devastation), അപഹരിക്കൽ (dispossession) എന്ന നവലിബറൽ വികസനസങ്കല്പത്തെ മൂർത്തമാക്കുന്നു ഈ യന്ത്രമനുഷ്യൻ.
ഭരണവർഗത്തിന്റെ ഫാന്റസിയാണ് അതിമാനുഷമായ വികസനയന്ത്രം. എല്ലാ എതിർപ്പുകളെയും ചെറുത്തുനില്പുകളെയും ചവിട്ടിമെതിച്ച് മുന്നേറുക. അത്തരത്തിൽ മനുഷ്യനും പ്രകൃതിക്കും മേൽ അധീശത്വം സ്ഥാപിക്കുന്ന യന്ത്രമാനവൻ ഭരണവർഗത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഉദാത്ത വസ്തുവാകുന്നു (sublime object of ideology). അധികാരിവർഗം പ്രൊപ്പഗാണ്ട ഉപയോഗിക്കുന്നത്, ബഹുജനങ്ങൾക്ക് ഭരണവർഗപ്രത്യയശാസ്ത്രത്തെക്കുറിച്ച് വിദ്യാഭ്യാസം (schooling) നൽകാനാണ്. ഭരണവർഗ പ്രത്യശാസ്ത്രത്തിലേക്ക് പിടിച്ചെടുക്കപ്പെട്ട ബഹുജനങ്ങളുടെ മനസ്സിനെ യാന്ത്രികവികസനസങ്കല്പത്താൽ പ്രക്ഷാളനം ചെയ്യുന്നത്തോടെ ഏതൊരു വികസനപ്രവർത്തനവും ദുഷ്ക്കരമല്ലാതെയാകുന്നു. വിമർശനങ്ങളെയും ചോദ്യങ്ങളേയും പ്രതിരോധത്തെയും അമാനുഷികമായ ശക്തിയോടെ അമർച്ചചെയ്യുന്ന ഫ്രാങ്കൻസ്റ്റൈൻ വികസന അവതാരമാണ്, വലതുപക്ഷവൽക്കരിക്കപ്പെട്ട വികസന സംസ്കാരത്തിന്റെ സൂചകം.
