ഒരു വോട്ടറുടെ
പ്രതീക്ഷ,
ആശങ്ക

‘‘ഒരു വശത്ത് ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള പ്രതീക്ഷയെ ഇല്ലാതാക്കുന്ന സംഭവങ്ങൾ, മറുവശത്ത്, ഈ ജനാധിപത്യ പ്രക്രിയയിൽ പ​ങ്കാളിയായ ഉത്തരവാദിത്വബോധമുള്ള വോട്ടറെന്ന പ്രതീക്ഷ’’- ദീപ പി.എം എഴുതുന്നു.

രു പതിറ്റാണ്ടുകാലം ഭരണത്തുടർച്ചയുണ്ടായ കേരളത്തിൽ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ്. ഇത് ഒരു സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള രാഷ്ട്രീയപ്രക്രിയ മാത്രമല്ല, ഒരു സമൂഹം അതിന്റെ രാഷ്ട്രീയവികസനത്തിന്റെ ദിശയെക്കുറിച്ച് ചിന്തിക്കുകയും നിർണയിക്കുകയും ചെയ്യുന്ന ജനാധിപത്യ പ്രക്രിയയിലെ സുപ്രധാനഘട്ടം കൂടിയാണ്.

നാടിന്റെ സമഗ്രവും സുസ്ഥിരവുമായ ക്ഷേമവും വികസനവും സാധ്യമാക്കുന്ന ഒരു ഭരണസംവിധാനം നിലവിൽ വരണമെന്നുള്ളതിനാൽ ഈ ജനാധിപത്യ പ്രക്രിയയിൽ സമൂഹത്തിന്റെ ഓരോ അടരുകളെയും പ്രതിനിധാനം ചെയ്യുന്ന കഴിവുറ്റ അംഗങ്ങളെ തന്നെ തെരഞ്ഞെടുക്കേണ്ട ബാധ്യത നമ്മൾ, ജനങ്ങളിൽ നിക്ഷിപ്തമാണ്.

എന്നാൽ, സ്ഥാനാർത്ഥിനിർണയം എന്നത് ഇന്നും വളരെ ആശങ്കയുണർത്തുന്ന പ്രക്രിയയാണ്. അപ്പക്കഷണം വീതം വയ്ക്കുമ്പോഴെന്ന പോലെ കണക്കുപറച്ചിലും പിടിച്ചുപറിയും വിലപേശലും നടത്തി സ്ഥാനമുറപ്പിക്കുന്ന കാഴ്ച ഇതിന്റെ അന്തഃസത്തയെയാണ് ഇല്ലാതാക്കുന്നത്. വീടും നാടും സ്ഥാപനങ്ങളും സ്ത്രീകൾ തുഴഞ്ഞ് മുമ്പോട്ടുനയിക്കുന്ന യാഥാർത്ഥ്യം കണ്ടില്ലെന്നുനടിച്ച് സ്ത്രീകളെ ഇനിയും ശാക്തീകരിക്കാനുണ്ടെന്നുവരുത്തി, അവരെ പരമാവധി അകറ്റി, ട്രാൻസ്ജെൻഡർ മനുഷ്യരെ കണക്കിൽ പോലും പെടുത്താതെ, ദലിതർക്കും മറ്റു പിന്നാക്ക വിഭാഗത്തിലുള്ളവർക്കും പറഞ്ഞുറപ്പിച്ചുവെച്ചത് മാത്രം കൊടുത്ത്, ഈ പ്രക്രിയ ഒരു മാറ്റവുമില്ലാതെ മുമ്പോട്ടുപോവുകയാണ്. ഇത് ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള പ്രതീക്ഷയെ, വിശ്വാസത്തെ ഇല്ലാതാക്കുന്നു എന്ന് പറയാതെ വയ്യ.

ഭരണഘടന മുമ്പോട്ടുവയ്ക്കുന്ന ഏറ്റവും മനോഹരമായ ഒരു ആശയമാണ് ഫെഡറലിസം. ഒരു രാജ്യത്ത് കേന്ദ്ര ഗവൺമെന്റും പ്രാദേശിക സംസ്ഥാന ഗവൺമെന്റും തമ്മിൽ അധികാരങ്ങൾ ഭരണഘടനാപരമായി വിഭജിച്ചു നൽകി നടപ്പിലാക്കുന്ന രീതി. ഇത് വൈവിധ്യങ്ങളെ ഉൾക്കൊണ്ട് രാജ്യത്തിന്റെ ഐക്യം നിലനിർത്താൻ സഹായിക്കുന്ന മനോഹര സങ്കല്പമാണ്.

ജനപക്ഷത്തുനിൽക്കുന്ന ഒരു സ്വതന്ത്ര ജുഡീഷ്യറിയാണ് ഭരണഘടന ഉറപ്പു തരുന്നത്. എന്നാൽ ഇന്ന് ഫെഡറലിസം, പ്രത്യേകിച്ച് സാമ്പത്തിക ഫെഡറലിസം മുമ്പെങ്ങുമില്ലാത്ത വിധം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. നീതിപൂർവ്വമല്ലാത്ത വിഭവവിതരണം ജനജീവിതത്തെ ബാധിക്കുന്നു. വലിയ പാർലമെന്ററി ഇടപെടലുകളിലൂടെ മാത്രമല്ല ഇന്ന് ഫെഡറലിസം ഇല്ലാതാവുന്നത്, അധികാരഗർവോടെ സംസ്ഥാനങ്ങളെ അവഗണിച്ച് ഒഴിവാക്കുന്നതുകൂടി ഫെഡറലിസത്തിന്റെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഭരണത്തിന്റെ എല്ലാ മര്യാദകളും ഇല്ലാതാക്കുന്ന അമിതാധികാരത്തിന്റെ പേക്കൂത്താണ് ഇന്ന് നമുക്കുമുമ്പിൽ നടനമാടുന്നത്. സ്റ്റേറ്റ് എന്ന നിലയിലുള്ള സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കി, ധനകാര്യ നിയന്ത്രണവും നികുതിസംവിധാനവും എല്ലാം ഇന്ന് കേന്ദ്ര ഏജൻസികൾ കയ്യടക്കുകയാണ്.

വികസനനയങ്ങൾ, വിഭവവിതരണം എന്നിവയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെടാതെ കേന്ദ്ര തലത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ഇത്തരം വടംവലികൾ നമ്മുടെ വികസന സങ്കൽപത്തെയാകെ അട്ടിമറിക്കുന്നുണ്ട്.

ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്ന തുകയും അവർ രേഖാമൂലം വെളിപ്പെടുത്തുന്ന തന്റെ വരുമാനവും എങ്ങനെയാണ് പൊരുത്തപ്പെടുന്നത്?
വലിയ അളവിൽ തന്നെയുള്ള ഈ അന്തരം നികത്തുന്നത് ആരാണ്?

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമായിട്ടും കേരളം ഇന്ന് പുതിയ സാമൂഹിക വെല്ലുവിളികൾ നേരിടുകയാണ്. യുവജന കുടിയേറ്റം, തൊഴിലില്ലായ്മ, നഗരവൽക്കരണത്തിന്റെ സമ്മർദ്ദം, പാരിസ്ഥിതിക ഭീഷണികൾ, കാർഷികരംഗത്തെ പ്രതിസന്ധി എന്നീ പ്രശ്നങ്ങൾ മറികടക്കേണ്ടതുണ്ട്. ഇതുകൂടാതെ ആഗോളവൽക്കരണവും സാങ്കേതിക മാറ്റങ്ങളും സാമ്പത്തിക മത്സരങ്ങളും സംസ്ഥാനത്തിന്റെ വികസന മാതൃകയെ പുനർവിചാരണ ചെയ്യാൻ നിർബന്ധിതമാക്കുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ മുന്നണികൾ അവരുടെ പ്രകടനപത്രികകളിൽ ചില പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിക്കേണ്ടതായുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കേരളത്തിലെ രാഷ്ട്രീയ സാമൂഹിക ചിന്താഗതികൾ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

എല്ലാ മേഖലയിലെയും എല്ലാ ഡാറ്റകളും ലഭ്യമാകുന്ന ഈ ഡിജിറ്റൽ ലോകത്ത് വിദ്യാസമ്പന്നരായ സമൂഹം ഒരു പരിധിവരെ എല്ലാ സാമൂഹിക പ്രക്രിയകളെയും കൃത്യമായി പഠിക്കാനും അവലോകനം ചെയ്യാനും ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പ്രാദേശികത, വരുമാനം, നിലപാടുകൾ, വിദ്യാഭ്യാസ യോഗ്യത തുടങ്ങി അവർ നടത്തുന്ന യാത്രകൾ, ചികിത്സ, കുടുംബം വരെ ഇന്ന് ജനങ്ങളാൽ ഓഡിറ്റ് ചെയ്യപ്പെടുന്നു. അവർ ആർക്കുവേണ്ടി, എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നത് ജനങ്ങൾക്ക് ഇന്ന് അറിയാൻ കഴിയും.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമായിട്ടും കേരളം ഇന്ന് പുതിയ സാമൂഹിക വെല്ലുവിളികൾ നേരിടുകയാണ്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമായിട്ടും കേരളം ഇന്ന് പുതിയ സാമൂഹിക വെല്ലുവിളികൾ നേരിടുകയാണ്.

ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്ന തുകയും അവർ രേഖാമൂലം വെളിപ്പെടുത്തുന്ന തന്റെ വരുമാനവും എങ്ങനെയാണ് പൊരുത്തപ്പെടുന്നത്?
വലിയ അളവിൽ തന്നെയുള്ള ഈ അന്തരം നികത്തുന്നത് ആരാണ്? രാഷ്ട്രീയപാർട്ടികളാണെങ്കിൽ അവരുടെ സാമ്പത്തികസ്രോതസ്സ് എന്താണ്?
ഇതെല്ലാം ജനങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത ചില വെളിപ്പെടുത്തലുകളാണ് ഇങ്ങനെയുള്ള അന്വേഷണങ്ങളിലൂടെ പുതിയ തലമുറയ്ക്ക് മുമ്പിൽ തുറന്നു കിട്ടുന്നത്.

ഒരു മുന്നണിയുടെ ഭാഗമായി ഒരു തവണ മത്സരിച്ചു തോറ്റവർ അടുത്ത തെരഞ്ഞെടുപ്പിൽ മറ്റു മുന്നണിയുടെ ഭാഗമായി വരുന്നു. നേരെ മറുകണ്ടം ചാടി പുതിയ പ്രകടനപത്രിക അവതരിപ്പിക്കുന്നു. കുറ്റാരോപിതരെ മാറ്റിനിർത്താതെ വീണ്ടും വീണ്ടും മത്സരിപ്പിച്ചു ജയിപ്പിക്കുന്നു. ഇതൊന്നും അത്രവേഗം ഉൾക്കൊള്ളാൻ കഴിയാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാമ്പത്തിക - ഭരണ മാതൃകകളെക്കുറിച്ച് നല്ല അറിവുള്ള പുതിയ തലമുറ തെരഞ്ഞെടുപ്പിനോട് വിമുഖത കാട്ടുമ്പോൾ നമുക്ക് എങ്ങനെ അവരെ കുറ്റപ്പെടുത്താൻ കഴിയും?

ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ. ഉയർന്ന വിദ്യാഭ്യാസമുള്ള യുവജനങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും വ്യവസായമേഖലയിലെ വളർച്ച പരിമിതമാണ് എന്നതാണ് ഇതിന് കാരണം.

കേരളത്തിൽ 35 ലക്ഷത്തോളം പ്രവാസികളുള്ളതായി കണക്കാക്കുന്നു. സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ പ്രവാസിവരുമാനം വലിയ പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ വികസന മാതൃക, സംരംഭകത്വം, വിപണിസൗഹൃദനയങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കൂടുതൽ തുറന്നതും വിമർശനാത്മകവുമായ പൊതുചർച്ച ഉയർന്നുവരേണ്ടതുണ്ട്.

കേരളത്തിലെ റോഡ് ശൃംഖല ഏറ്റവും മികച്ച രീതിയിൽ വികസിക്കുമ്പോഴും ഗതാഗത കുരുക്കിലാണ് ഇന്നും കേരളം. സംസ്ഥാനത്ത് 1.7 കോടിയിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന ഈ കണക്കുവെച്ച് റോഡ് വികസിച്ചതുകൊണ്ടുമാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. ബസ്, റെയിൽ, മെട്രോ, ജലഗതാഗതം എന്നിവ തമ്മിൽ ഏകോപിപ്പിക്കുന്ന മൾട്ടി- മോഡൽ ഗതാഗത സംവിധാനം വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. പൊതുഗതാഗതം സാമൂഹിക സേവനമായി കരുതി ഡിജിറ്റൽ ടിക്കറ്റിങ്, ഇലക്ട്രിക് ബസുകൾ, ഏകോപിത യാത്രാപദ്ധതികൾ എന്നിവ കൂടുതൽ വിപുലമാക്കി ജനജീവിതം സുഗമമാക്കേണ്ടതുണ്ട്.

കേരളത്തിലെ റോഡ് ശൃംഖല ഏറ്റവും മികച്ച രീതിയിൽ വികസിക്കുമ്പോഴും ഗതാഗത കുരുക്കിലാണ് ഇന്നും കേരളം. സംസ്ഥാനത്ത് 1.7 കോടിയിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കേരളത്തിലെ റോഡ് ശൃംഖല ഏറ്റവും മികച്ച രീതിയിൽ വികസിക്കുമ്പോഴും ഗതാഗത കുരുക്കിലാണ് ഇന്നും കേരളം. സംസ്ഥാനത്ത് 1.7 കോടിയിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ. ഉയർന്ന വിദ്യാഭ്യാസമുള്ള യുവജനങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും വ്യവസായമേഖലയിലെ വളർച്ച പരിമിതമാണ് എന്നതാണ് ഇതിന് കാരണം. വ്യവസായ സൗഹൃദനയങ്ങൾ, സ്റ്റാർട്ടപ്പ് ഡിജിറ്റൽ സമ്പദ് വ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉൽപാദനവും വിതരണ സംവിധാനവും ശക്തിപ്പെടുത്തുന്ന നയങ്ങൾ രൂപപ്പെടുത്തി ക്രമാതീതമായ വിലക്കയറ്റത്തെ തടയേണ്ടതുണ്ട്.

കേരളത്തിലെ കൃഷിയിടങ്ങളുടെ വിസ്തീർണ്ണം കഴിഞ്ഞ ഏതാനും ദശകങ്ങളിലായി കുറയുന്ന പ്രവണതയാണ് കാണുന്നത്. ഭൂമിയുടെ വിഘടനം, വർദ്ധിച്ച ചെലവ്, വിപണിഅനിശ്ചിതത്വം എന്നിവ കൃഷിയെ ബാധിക്കുന്നു. കൃഷിയെ കൂടുതൽ ലാഭകരമാക്കാൻ മൂല്യ വർദ്ധനവ് ഉണ്ടാകേണ്ടതുണ്ട്. കർഷകർക്ക് സ്വന്തം ബ്രാൻഡുകൾ രൂപപ്പെടുത്താനും സ്വന്തം ഫാമിൽ തന്നെ പ്രോസസിംഗ് നടത്താനും സൗകര്യം ചെയ്യണം.

കേരളത്തിലെ വിദ്യാഭ്യാസസംവിധാനം നിലവിലെ തൊഴിൽവിപണിയെ കൂടി പരിഗണിച്ച് പുതുക്കേണ്ടതുണ്ട്. പരിശീലനം, സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലകളുമായി കോ-റിലേറ്റ് ചെയ്ത് യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കേണ്ടതുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ വളരെയധികം സെൻസിറ്റീവായ കേരളത്തിന്റെ ഭൗമശാസ്ത്രഘടന ശാസ്ത്രീയമായി മനസ്സിലാക്കി വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി സമസ്ത മേഖലകളെയും സൂക്ഷ്മതയോടെ കണ്ണി ചേർത്ത്, സംതുലനാവസ്ഥയിലുള്ള ഒരു സുസ്ഥിരവികസനമായിരിക്കണം നമ്മുടെ അജണ്ട. ഇത് നടപ്പിലാക്കാൻ പുതിയ കാലത്ത് വിവേകമുള്ള, പക്വതയുള്ള, പ്രാദേശിക മിടിപ്പുകളറിയുന്ന സാരഥികളെ തന്നെ കണ്ടെത്തേണ്ടതുണ്ട്. അവിടെ എല്ലാ വിഭാഗങ്ങളും ഉൾച്ചേർന്നിരിക്കണമെന്ന നിർബന്ധബുദ്ധി നമുക്കുണ്ടായിരിക്കണം. ജനങ്ങൾക്കുവേണ്ടിയുള്ള ഈ പ്രക്രിയയിൽ ഉണർവോടെ നമുക്ക് പങ്കാളികളാകാം.

If You dont do Politics,
Politics will do you...


Summary: Deepa PM writes on the context of Kerala Assembly Elections 2026.


ദീപ പി.എം.

അധ്യാപിക, എഴുത്തുകാരി, സാംസ്​കാരിക പ്രവർത്തക. ആത്മച്ഛായ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments