തദ്ദേശ സർക്കാർ;
എന്തു മനോഹരമായ
(നടപ്പിലാകാത്ത)
സ്വപ്നം

‘‘തദ്ദേശ സ്വയംഭരണസ്​ഥാപനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി തിരിച്ചെടുത്തുകൊണ്ടിരിക്കുന്നു. കേന്ദ്ര- സംസ്​ഥാന ഗവൺമെൻ്റുകളുടെ നിർവഹണ ഏജൻസികളായി തദ്ദേശ സ്​ഥാപനങ്ങൾ മാറുകയാണ്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജനകീയസൂത്രണത്തിന്റെ ജനകീയതലം എന്നേ നഷ്​ടപ്പെട്ടുകഴിഞ്ഞു’’- തദ്ദേശതല അധികാര വികേന്ദ്രീകരണം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് എഴുതുന്നു, ഡോ. പി.പി. ബാലൻ.

മുന്നണികളുടെ തദ്ദേശ സ്വയംഭരണ ഇലക്ഷൻ മാനിഫെസ്റ്റോകളെല്ലാം വികേന്ദ്രീകൃത വികസനത്തിൽ ഊന്നിനിൽക്കുന്നു. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പിലാക്കുക എന്നതു തന്നെയാണ് ഇവ ലക്ഷ്യമിടുന്നത്. നേരത്തെയും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മാനിഫെസ്റ്റോകൾ പ്രധാന ഇടം പിടിക്കാറുണ്ട്.

73, 74 ഭരണഘടനാ ഭേദഗതികൾക്കുശേഷം ഏഴാമത് തദ്ദേശ തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. ഇതുവരെ മുന്നോട്ടുവെച്ച പ്രകടന പത്രികകളിൽ പകുതിയെങ്കിലും നടപ്പിലാക്കിയിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കോർപ്പറേഷനുകളും യഥാർത്ഥ സ്വയംഭരണ സ്​ഥാപനങ്ങളായി എന്നേ മാറിയേനേ. എന്നാൽ അധികാരം ഇപ്പോഴും അകലെ തന്നെയാണ്. ഒരടി മുന്നോട്ടുവെക്കുമ്പോൾ രണ്ടടി പിന്നോട്ടുപോകുന്ന സമീപനമാണ് പലപ്പോഴും ബന്ധപ്പെട്ടവർ അവലംബിക്കുന്നത്.

ഭരണഘടന നൽകുന്ന പിൻബലം

ഭരണഘടനയുടെ പാർട്ട് IX പഞ്ചായത്തുകളെ പ്രാദേശിക സ്വയംഭരണസ്​ഥാപനങ്ങളായി അംഗീകരിക്കുന്നുണ്ട്. അവയെ ശക്തിപ്പെടുത്താനുതകുന്ന വിധത്തിൽ അധികാരങ്ങളും ചുമതലകളും പ്രവർത്തന സ്വാതന്ത്ര്യവും അവയ്ക്ക് നൽകണം. അധികാര കൈമാറ്റത്തിലൂടെയും ധനകാര്യ വികേന്ദ്രീകരണത്തിലൂടെയും നികുതി– നികുതിയേതര വരുമാനങ്ങൾ ലഭ്യമാക്കുന്നതിലൂടെയുമാണ് അത് സാധിക്കുക.

ഗ്രാമസഭകളും വാർഡുസഭകളുമാണ് അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്​ഥാന ശിലകൾ. എന്നാൽ അവ വെറും നോക്കുകുത്തികളായി മാറുന്ന അവസ്​ഥയാണ് ഇന്ന് ചുറ്റും കാണുന്നത്.

ഭരണഘടനയുടെ 241 B വകുപ്പിൽ പഞ്ചായത്തുകളുടെ രൂപീകരണത്തെപ്പറ്റി പറയുമ്പോൾ, അത് ഭരണഘടനയുടെ 79–ാം ആർട്ടിക്കിളിൽ വിവക്ഷിക്കുന്ന പാർലമെന്റിന്റെയും 168–ാം ആർട്ടിക്കിളിൽ പരാമർശിക്കുന്ന സംസ്​ഥാന നിയമനിർമ്മാണസഭകളുടെയും അധികാരാവകാശങ്ങൾക്കു സമാനമായിട്ടാണെന്നു കാണാം. അതുപോലെ, സംസ്​ഥാന– കേന്ദ്ര ധനകാര്യ കമീഷൻ രൂപീകരണത്തിലും ഏറെ സമാനതകളുണ്ട്. കേന്ദ്ര ധനകാര്യ കമീഷൻ കേന്ദ്രത്തിനും സംസ്​ഥാനങ്ങൾക്കുമുള്ള നികുതി വേർതിരിച്ച് നിജപ്പെടുത്തി നിർദ്ദേശങ്ങൾ ഇന്ത്യൻ യൂണിയൻ പ്രസിഡൻ്റിനു സമർപ്പിക്കുമ്പോൾ, സംസ്​ഥാന ധനകാര്യ കമ്മീഷൻ സംസ്​ഥാനങ്ങളും പഞ്ചായത്തുകളും തമ്മിലുള്ള നികുതിവിഭജനം സംബന്ധിച്ച നിർദ്ദേശങ്ങൾ ഗവർണർക്കു നൽകുന്നു.

ആർട്ടിക്കിൾ 241 K സംസ്​ഥാന തെരഞ്ഞെടുപ്പു കമീഷൻ രൂപീകരണം നിർബന്ധമാക്കുമ്പോൾ ആർട്ടിക്കിൾ 374 കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ കാര്യം പരാമർശിക്കുന്നു. ഇതിൽനിന്ന്, സംസ്​ഥാനവും പഞ്ചായത്തുകളും തമ്മിലുള്ള ബന്ധം കേന്ദ്രവും സംസ്​ഥാനവും തമ്മിലുള്ള ബന്ധത്തിന് സമാനമാണെന്നു കാണാം. ഇവിടെ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. നിയമസഭകൾ നിയമ നിർമ്മാണം നടത്തുമ്പോൾ പഞ്ചായത്തുകൾക്ക് അതിന് അധികാരമില്ല. എന്നാൽ ഷെഡ്യൂളിൽ പറഞ്ഞ അധികാരങ്ങൾ അവയുടെ പ്രവർത്തന പരിധിയിലുണ്ടെന്നത് ശ്രദ്ധേയമാണ്.

ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ രൂപീകരണമാണ് 241 D വകുപ്പ് പറയുന്നത്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഒരു സംയോജിത വികസനരേഖയായിരിക്കണം അത് എന്നുകൂടി പ്രസ്​തുത വകുപ്പ് പറയുന്നു. നഗര– ഗ്രാമ ജനപ്രതി നിധികൾ ഉൾപ്പെടുന്ന ജില്ലാ പ്ലാനിംഗ് കമ്മിറ്റിയാണ് ജില്ലയുടെ കരട് വികസന പദ്ധതി തയ്യാറാക്കേണ്ടതും ഗവൺമെൻ്റിലേക്ക് സമർപ്പിക്കേണ്ടതും. ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വരുന്നതും പ്രാദേശിക ഗവൺമെന്റിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്.

ഭരണഘടനയുടെ പാർട്ട് IX പഞ്ചായത്തുകളെ പ്രാദേശിക സ്വയംഭരണസ്​ഥാപനങ്ങളായി അംഗീകരിക്കുന്നുണ്ട്. അവയെ ശക്തിപ്പെടുത്താനുതകുന്ന വിധത്തിൽ അധികാരങ്ങളും ചുമതലകളും പ്രവർത്തന സ്വാതന്ത്ര്യവും അവയ്ക്ക് നൽകണം.
ഭരണഘടനയുടെ പാർട്ട് IX പഞ്ചായത്തുകളെ പ്രാദേശിക സ്വയംഭരണസ്​ഥാപനങ്ങളായി അംഗീകരിക്കുന്നുണ്ട്. അവയെ ശക്തിപ്പെടുത്താനുതകുന്ന വിധത്തിൽ അധികാരങ്ങളും ചുമതലകളും പ്രവർത്തന സ്വാതന്ത്ര്യവും അവയ്ക്ക് നൽകണം.

ഒരു സ്വയംഭരണ സ്​ഥാപനം എന്ന നിലയിൽ പ്രവർത്തിക്കാനുള്ള എല്ലാ പശ്ചാത്തലവും നിലനിൽക്കുന്നുണ്ടെങ്കിലും പല സംസ്​ഥാനങ്ങളിലും അവയ്ക്ക് ആ രീതിയിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലെന്നത് വാസ്​തവമാണ്. ഭരണഘടനയിൽ ആർട്ടിക്കിൾ 243 G വകുപ്പിൽ ‘May’ എന്ന പദപ്രയോഗം കാണാം. സംസ്​ഥാനങ്ങൾക്ക് നടപ്പിലാക്കാവുന്നതാണ് എന്ന പരാമർശം, പഞ്ചായത്തുകൾ സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കും വേണ്ടി പ്ലാനുകൾ തയ്യാറാക്കുമ്പോഴും XI-ാം ഷെഡ്യൂളിൽ പറഞ്ഞ കാര്യങ്ങൾ നിർവഹിക്കുമ്പോഴും സംസ്​ഥാനങ്ങളുടെ ഇഷ്​ടാനിഷ്​ടങ്ങളുമായി ബന്ധിതമാക്കിയിരിക്കുന്നു. അതുകൊണ്ട് പല സംസ്​ഥാനങ്ങളും പഞ്ചായത്തുകൾക്ക് അധികാരങ്ങളും വിഭവങ്ങളും നൽകി അവയെ ശക്തിപ്പെടുത്തുന്നതിൽ വിമുഖത കാട്ടുന്നതായി കാണാം. മാത്രമല്ല, പലപ്പോഴും പഞ്ചായത്തുകളെ നിർവ്വഹണ ഏജൻസികളായി കുറച്ചുകാണുന്ന അവസ്​ഥയുമുണ്ട്.

ഇതിന് ഒരു കാരണം, പഞ്ചായത്തുകൾക്ക് നൽകിയ അധികാരങ്ങളുമായി ബന്ധപ്പെട്ട സ്​കീമുകൾ നടപ്പാക്കുന്ന ഒരു മധ്യവർത്തിയായി പഞ്ചായത്തുകളെ ഭരണഘടനയുടെ 243 G പരാമർശിക്കുന്നതാണ്. വിരോധാഭാസമെന്നു പറയട്ടെ, ഇതിൽ തന്നെയാണ് പഞ്ചായത്തുകൾ സ്വയംഭരണസ്​ഥാപനങ്ങളായി പ്രവർത്തിക്കണമെന്നു പറയുന്നതും. 11–ാം ഷെഡ്യൂളിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും നടപ്പാക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തുകൾക്കില്ല എന്ന സൂചനയും മറ്റൊരിടത്ത് നിലനിൽക്കുന്നു.

പ്രാദേശിക ഭരണത്തിൽ ജനഹിതം മാനിച്ച് പദ്ധതികൾ തയ്യാറാക്കാൻ അധികാരമുള്ള ഗ്രാമസഭ ഇന്ന് ആനുകൂല്യം ലഭിക്കാനുള്ള വേദിയായി ചുരുങ്ങിപ്പോയിരിക്കുന്നു.

ഗ്രാമസഭകൾ ചലനാത്മകമോ?

ഗ്രാമസഭകളും വാർഡുസഭകളുമാണ് അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്​ഥാന ശിലകൾ. എന്നാൽ അവ വെറും നോക്കുകുത്തികളായി മാറുന്ന അവസ്​ഥയാണ് ഇന്ന് ചുറ്റും കാണുന്നത്. കേരളത്തിൽ നേരത്തെ ഗ്രാമസഭകളെ ശക്തിപ്പെടുത്താനുള്ള പല സംരംഭങ്ങളും നടന്നിരുന്നു. എന്നാൽ കോവിഡിനുശേഷം അത് വെറും ചടങ്ങായി മാറി.

പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും പ്രവൃത്തികളുടെ മുൻഗണന തീരുമാനിക്കുന്നതിനും ഗ്രാമസഭക്കാണ് അധികാരം. എന്നാൽ ലൈഫ് പോലുള്ള സുപ്രധാന ഭവനനിർമ്മാണ പരിപാടികളിൽ പോലും ഗുണഭോക്താക്കളെ കണ്ടെത്താനുള്ള അധികാരം ഗ്രാമസഭയിൽനിന്ന് മാറ്റപ്പെട്ടിരിക്കുന്നു. പുറമെനിന്നുള്ള ഏജൻസി തീരുമാനിച്ച കാര്യം ഗ്രാമസഭയുടെ അംഗീകാരം പിടിച്ചുവാങ്ങുന്നു എന്നുമാത്രം. സ്വന്തം നിലക്ക് ഗ്രാമസഭ ചർച്ച ചെയ്ത് പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ കണ്ടെത്തി മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്ന കാലമുണ്ടായിരുന്നു. ആ രീതി അന്യം വന്നിരിക്കുന്നു.

പ്രാദേശിക ഭരണത്തിൽ ജനഹിതം മാനിച്ച് പദ്ധതികൾ തയ്യാറാക്കാൻ അധികാരമുള്ള ഗ്രാമസഭ ഇന്ന് ആനുകൂല്യം ലഭിക്കാനുള്ള വേദിയായി ചുരുങ്ങിപ്പോയിരിക്കുന്നു. തുടച്ചയായി മൂന്ന് പ്രാവശ്യം ഗ്രാമസഭ വിളിച്ചുചേർത്തില്ലെങ്കിൽ അംഗത്വം നഷ്​ടപ്പെടുമെന്ന ഭയം കൊണ്ട് വാർഡ് അംഗം അത് പേരിനുമാത്രം വിളിച്ചുചേർക്കാൻ നിർബന്ധിതമാകുന്നു. ഗ്രാമസഭയെ അനിവാര്യ ശല്യമായി കാണുന്നവരും വിരളമല്ല. ക്രിയാത്മക ചർച്ചകളോ സംവാദങ്ങളോ ഒന്നും നടത്താൻ സാധിക്കാത്ത അവസ്​ഥയിലുമായി നമ്മുടെ ഗ്രാമസഭകൾ.

24 ലക്ഷത്തോളം ഗ്രാമസഭാ അംഗങ്ങളെ അവയുടെ അധികാരവും ചുമതലകളും എന്തെന്ന് പരിശീലിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. അങ്ങനെ ഗ്രാമസഭയിൽ ഒരു വോട്ടറെന്ന നിലയിൽ പങ്കെടുത്ത അന്നത്തെ ഒരു മന്ത്രി പറഞ്ഞ വാക്കുകൾ അന്വർത്ഥമാണ്: നമ്മുടെ ഗ്രാമസഭക്ക് ഇത്രയേറെ അധികാരമോ, ഇത് ഞാൻ ആദ്യമായി അറിയുകയാണ്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയാണ് ഗ്രാമസഭകൾ. ഇതിനെ ചലനാത്മകമാക്കുക തന്നെ വേണം.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പുതുപ്പള്ളി പഞ്ചായത്തിലെ 17–ാം വാർഡ് ഗ്രാമസഭയിൽ കൃത്യമായി പങ്കെടുക്കുമായിരുന്നു. വാർഡ് മെമ്പർ അധ്യക്ഷപദവിയിലിക്കുമ്പോൾ താഴെ മുഖ്യമന്ത്രിക്കുപ്പായമഴിച്ചുവെച്ച് ഒരു സാദാ അംഗമായി ഗ്രാമസഭയിൽ പങ്കെടുക്കുന്ന ഉമ്മൻചാണ്ടിയെ അധികമാരും അറിഞ്ഞിരുന്നില്ല. മധ്യപ്രദേശിലും ഗോവയിലും ഗ്രാമസഭയ്ക്ക് മോശം പ്രകടനം കാഴ്ചവെക്കുന്ന ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ അധികാരമുണ്ട്. ഇങ്ങനെയുള്ള അധികാരം കേരളത്തിലെ ഗ്രാമസഭകൾക്കും വാർഡുസഭകൾക്കും ലഭിക്കുന്ന കാലം വരേണ്ടിയിരിക്കുന്നു. പൗരസമൂഹത്തിന്റെ പരിച്ഛേദമായി ഗ്രാമസഭാ പങ്കാളിത്തം ഉയർന്നുവരണം.

പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും പ്രവൃത്തികളുടെ മുൻഗണന തീരുമാനിക്കുന്നതിനും ഗ്രാമസഭക്കാണ് അധികാരം. എന്നാൽ ലൈഫ് പോലുള്ള സുപ്രധാന ഭവനനിർമ്മാണ പരിപാടികളിൽ പോലും ഗുണഭോക്താക്കളെ കണ്ടെത്താനുള്ള അധികാരം ഗ്രാമസഭയിൽനിന്ന് മാറ്റപ്പെട്ടിരിക്കുന്നു.
പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും പ്രവൃത്തികളുടെ മുൻഗണന തീരുമാനിക്കുന്നതിനും ഗ്രാമസഭക്കാണ് അധികാരം. എന്നാൽ ലൈഫ് പോലുള്ള സുപ്രധാന ഭവനനിർമ്മാണ പരിപാടികളിൽ പോലും ഗുണഭോക്താക്കളെ കണ്ടെത്താനുള്ള അധികാരം ഗ്രാമസഭയിൽനിന്ന് മാറ്റപ്പെട്ടിരിക്കുന്നു.

നിർവഹണ ഏജൻസികളാകുമ്പോൾ

മൂന്നാംതല സർക്കാരുകളായിട്ടാണ് തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ സർക്കാർ അല്ലെങ്കിൽ ഗവൺമെൻ്റ് എന്ന വിശേഷണം അന്വർത്ഥമാക്കുംവിധം അവയ്ക്ക് പ്രവർത്തിക്കാനാകുന്നുണ്ടോ?. സ്വന്തം നിലയിൽ നിലവിലുള്ള അധികാരവും ഉത്തരവാദിത്വവും വെച്ചുകൊണ്ട് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവയ്ക്കു കഴിയുന്നില്ല. സംസ്​ഥാന ഗവൺമെന്റിന്റെ ആജ്ഞാനുവർത്തിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആശാ വർക്കർമാർക്ക് ഓണറേറിയം നൽകാനുള്ള പല പഞ്ചായത്തുകളുടെയും തീരുമാനം നിർവീര്യമാക്കിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പല സുപ്രധാന സ്​ഥാപനങ്ങളും- ഉദാഹരണമായി കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മൃഗസംരക്ഷണം എന്നിവ- തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ അവയെല്ലാം വിഘടിച്ചുനിൽക്കുന്ന അവസ്​ഥയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പഞ്ചായത്ത് ഏൽപ്പിക്കുന്ന ജോലി ചെയ്യേണ്ടതിനുപകരം വകുപ്പ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ നോക്കിയാൽ മതി എന്ന നിലയിൽ ഉത്തരവുകൾ വരെ പുറപ്പെടുവിക്കുന്ന അവസ്​ഥയും സംജാതമായിട്ടുണ്ട്.

ഭരണഘടനയുടെ ഷെഡ്യൂൾ XI, XII എന്നിവയിൽ പറയുന്ന വിഷയമേഖലകൾ തദ്ദേശ സ്വയംഭരണസ്​ഥാപനങ്ങളുടെ അധികാരപരിധിയിൽ വരുന്നവയാണ്. എന്നാൽ ആ അധികാരം ഒന്നൊന്നായി തിരിച്ചെടുത്തുകൊണ്ടിരിക്കുന്നു. കേന്ദ്ര- സംസ്​ഥാന ഗവൺമെൻ്റുകളുടെ നിർവഹണ ഏജൻസികളായി തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾ മാറുമ്പോൾ, അധികമൊന്നും പ്രതീക്ഷക്ക് വകനൽകാത്ത സ്​ഥിതിയിലെത്തി നിൽക്കുകയാണ്. കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന ജനകീയാസൂത്രണത്തിന്റെ ജനകീയതലം എന്നേ നഷ്​ടപ്പെട്ടുകഴിഞ്ഞു.

മൂന്നാംതല സർക്കാരുകളായിട്ടാണ് തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളെ വിഭാവനം ചെയ്തിട്ടുള്ളത്. ആശാ വർക്കർമാർക്ക് ഓണറേറിയം നൽകാനുള്ള  പല പഞ്ചായത്തുകളുടെയും  തീരുമാനം നിർവീര്യമാക്കിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
മൂന്നാംതല സർക്കാരുകളായിട്ടാണ് തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളെ വിഭാവനം ചെയ്തിട്ടുള്ളത്. ആശാ വർക്കർമാർക്ക് ഓണറേറിയം നൽകാനുള്ള പല പഞ്ചായത്തുകളുടെയും തീരുമാനം നിർവീര്യമാക്കിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

പരിമിതികൾ ഏറെയുണ്ട്. എങ്കിലും അധികാര വികേന്ദ്രീകരണം മുന്നോട്ട് നയിക്കപ്പെടുക തന്നെ വേണം. അധികാരം താഴെത്തട്ടിലേക്ക് കൈമാറുക എന്നത് ദുഷ്കരമായ പ്രവർത്തിയാണ്. ‘അധികാരം എന്നിൽ വരെ’ എന്ന ചിന്താധാരയാണല്ലോ വേരുന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രകടന പത്രികകൾ എന്തുതന്നെ പറഞ്ഞാലും അവയുടെ പ്രായോഗികതലമാണ് പരിശോധിക്കപ്പെടേണ്ടത്. അതിൽ ഏറ്റവും പ്രധാനം താഴെ നിന്നുയരേണ്ട ശബ്ദമാണ്. അത് രൂപപ്പെടണമെങ്കിൽ അധികാര വികേന്ദ്രീകരണത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്ന ജനത ആവശ്യമാണ്. അതിനായുള്ള സാമൂഹ്യബോധവും പശ്ചാത്തലവും രൂപപ്പെടുത്തുകയാണ് ജനാധിപത്യ വിശ്വാസികളുടെ മുഖ്യ കടമ.


Summary: Dr. P. P. Balan writes about various challenges and crisis encountered in the process of decentralizing power at the local level.


ഡോ. പി.പി. ബാലൻ

Kerala Institute of Local Administration (KILA) മുന്‍ ഡയറക്ടര്‍. കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിനുകീഴിലുള്ള രാഷ്ട്ര ഗ്രാമസ്വരാജ് പദ്ധതിയുടെ സീനിയര്‍ കണ്‍സല്‍റ്റന്‍ായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് ഭൂട്ടാന്‍, ശ്രീലങ്ക സര്‍ക്കാറുകളുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

Comments