ബ്രൂവറിയിലെ
പാർട്ടി കണക്ഷനുകളും
എലപ്പുള്ളിയിലെ ഗ്രാമസഭകളും;
ഒരു വോട്ടർ അനുഭവം

ഗ്രാമസഭകൾ കൃത്യമായും ജനപങ്കാളിത്തം ഉറപ്പുവരുത്തിയും വിളിച്ചുകൂട്ടുന്നതിലുള്ള ജനപ്രതിനിധികളുടെ അലംഭാവത്തിനെതിരെ ഭരണസംവിധാനങ്ങളോട് പോരാടിയ അനുഭവം എഴുതുകയാണ് പാലക്കാട് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വോട്ടറായ വൈഷ്ണവി വി. തദ്ദേശതല അധികാരവികേന്ദ്രീകരണം എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ അനുഭവം.

ദ്ദേശ സ്വയംഭരണ- നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിലാണ് കേരളം. ഒന്നിൽ നിന്ന് അടുത്ത തിരഞ്ഞെടുപ്പിലേക്ക് അതിവേഗം കുതിക്കാൻ തയ്യാറായി നിൽക്കുകയുമാണ് സംസ്ഥാനം. ജനാധിപത്യത്തിന്റെ അടിസ്ഥാന ബിന്ദുവെന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നു. ജനങ്ങളുടെ ആശയങ്ങളും ശബ്ദവും ജനാധിപത്യപരമായി പ്രതിഫലിക്കുന്ന, പ്രതിഫലിക്കേണ്ട ഇടമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 86 മുനിസിപ്പാലിറ്റികളും ആറ് കോർപ്പറേഷനുകളും കാമ്പയിന്റെ അവസാനഘട്ടത്തിലാണ്.

തിരഞ്ഞെടുപ്പ് വേളയിലെ ഈ ചൂടും ചൂരും ആവേശവും ആകാംക്ഷയും ബലവും വിശ്വാസവും പ്രവർത്തന സന്നദ്ധതയും ജനപിന്തുണ തേടുന്ന പ്രവണതയും അഞ്ചുവർഷവും അതേ തീവ്രതയോടെ ഉണ്ടാവേണ്ടതുണ്ട്. ജനവിധിയ്ക്കുശേഷം, ജനങ്ങളെയും, അവർക്ക് നൽകിയ വാഗ്ദാനങ്ങളെയും മറക്കരുതെന്ന് സാരം.

സംസ്ഥാനത്തിന്റെ ബഹുഭൂരിപക്ഷം വികസന പ്രവർത്തനങ്ങളും പദ്ധതികളും നിർവഹിക്കപ്പെടുന്നത് പ്രാദേശിക സർക്കാരുകൾ വഴിയാണ്. ജനകീയാസൂത്രണത്തിന്റെ പുതിയ വികസന സമവാക്യങ്ങളോടുകൂടി ഈ പ്രാദേശിക ത്രിതല ഘടന കരുത്താർജ്ജിക്കേണ്ടതും മുന്നോട്ടുപോകേണ്ടതുമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 73, 74 ഭരണഘടനാ ഭേദഗതികൾ ജനകീയ വികസനത്തിന്റെ, ജനകീയാസൂത്രണത്തിന്റെ, പ്രാദേശിക സർക്കാരുകളുടെ, ജനഹിത താല്പര്യങ്ങളുടെ ആകെ തുകയാണ് എന്നു പറയാം.

ആകെ വനിതാ മത്സരാർത്ഥികളിൽ 16,589 പേർ കുടുംബശ്രീ അംഗങ്ങളാണ് (42%). ഇതിൽ ഏകദേശം 12,347 പേർ (75%) അയൽക്കൂട്ട (എൻ.എച്ച്.ജി) അംഗങ്ങളാണ്. കുടുംബശ്രീയുടെയും അയൽക്കൂട്ടങ്ങളുടെയും ജനകീയ മുഖമാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.

സ്ത്രീ, യുവ പ്രാതിനിധ്യം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 75,644 പേരിൽ 39,609 പേർ വനിതകളും, 36,034 പേർ പുരുഷന്മാരുമാണ്. ഒരാൾ ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. മത്സരാർത്ഥികളുടെ 52.36 ശതമാനവും വനിതകളാണെന്നത് ശ്രദ്ധേയമാണ്.

ഗ്രാമപഞ്ചായത്തുകളിൽ 29,262 വനിതകളും (52.79%) 26,168 പുരുഷന്മാരുമാണ് മത്സരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളിൽ 3,583 വനിതകളും (50.40%) 3,525 പുരുഷന്മാരും മത്സരിക്കുന്നു. മുൻസിപ്പാലിറ്റികളിൽ 5,221 വനിതകളും (52.05%), 4,810 പുരുഷന്മാരും, കോർപ്പറേഷനുകളിൽ 941 വനിതകളും (52.27%) 859 പുരുഷന്മാരും മത്സരംഗത്തുണ്ട്.

ആകെ വനിതാ മത്സരാർത്ഥികളിൽ 16,589 പേർ കുടുംബശ്രീ അംഗങ്ങളാണ് (42%). ഇതിൽ ഏകദേശം 12,347 പേർ (75%) അയൽക്കൂട്ട (എൻ.എച്ച്.ജി) അംഗങ്ങളാണ്. കുടുംബശ്രീയുടെയും അയൽക്കൂട്ടങ്ങളുടെയും ജനകീയ മുഖമാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ത്രീകളുടെ മത്സര പങ്കാളിത്തം 48.45 ശതമാനത്തിൽ നിന്ന് 52.36 ശതമാനമായി വർദ്ധിക്കുകയും ചെയ്തു.

പഞ്ചായത്ത് രാജ് നിയമപ്രകാരം, മറ്റ് സംസ്ഥാനങ്ങളിലും വനിതാ സംവരണം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും, സ്ത്രീകളെ മുന്നിൽ നിർത്തുകയും അതേസമയം അവരുടെ പ്രവർത്തനക്ഷമത കൃത്യമായി ഉപയോഗിക്കാൻ അനുവദിക്കാത്ത, അവരെ നിയന്ത്രിക്കുന്ന പുരുഷ കേന്ദ്രീകൃത- സാമൂഹികബന്ധനം പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. ഈ യാഥാർത്ഥ്യമാണ് കേരളത്തെ അതിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത്.

ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പോത്തൻകോട് ജില്ലാ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി അമയ പ്രസാദ്.
ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പോത്തൻകോട് ജില്ലാ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി അമയ പ്രസാദ്.

മത്സരരംഗത്തെ യുവസാന്നിധ്യവും വളരെ പ്രതീക്ഷ നൽകുന്നതാണ്. മത്സരാർത്ഥികളിൽ 1.56 ശതമാനമാണ് 25 വയസ്സിൽ താഴെയുള്ളവർ. ഇനിയുള്ള വർഷങ്ങളിൽ യുവനിരയുടെ പങ്കാളിത്തം എത്രയോ മടങ്ങ് വർദ്ധിക്കേണ്ടതുണ്ട്. 25 വയസ്സിൽ താഴെയുള്ള 1183 മത്സരാർത്ഥികളിൽ 149 പേരും 21 വയസ്സുകാരാണ്. 1183 പേരിൽ, 917 വനിതകളും 266 പുരുഷന്മാരും ഉൾപ്പെടുന്നു. 21 വയസ്സ് പൂർത്തിയായ 149 പേരിൽ 130 വനിതകളും 19 പുരുഷന്മാരും ഉൾപ്പെടുന്നു. പുതിയ തലമുറയുടെ പൾസറിയുന്ന, അവരെ പ്രതിനിധീകരിക്കുന്ന, അവരുടെ ശബ്ദമുയർത്തുന്ന, ജനകീയ താൽപര്യങ്ങൾക്കായി, പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കായി നൂതനാശയങ്ങളോടെ പ്രവർത്തിക്കാൻ സന്നദ്ധരായ ഒരു യുവനേതൃത്വം ഉണ്ടായിവരേണ്ടത് നാടിന്റെ ആവശ്യമാണ്. രാഷ്ട്രീയപാർട്ടികളും സ്വതന്ത്ര ഘടനകളും ഇക്കാര്യത്തിൽ നിലവിലുള്ളതിലും അധികം താല്പര്യവും ജാഗ്രതയും കാണിക്കണം.

തദ്ദേശ സ്ഥാപനങ്ങളിൽ
എന്തെല്ലാം ചെയ്യാം?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയാസൂത്രണവും വികസന ഫണ്ടുകളുടെ വിനിയോഗവും കുറ്റമറ്റ രീതിയിൽ നടക്കേണ്ടതുണ്ട്. കൃത്യമായ പരിശോധനകളും സുതാര്യമായ പ്രവർത്തനങ്ങളും ഇടപെടലുകളും അനിവാര്യമാണെന്ന് തോന്നിയിട്ടുണ്ട്.

  • മാലിന്യശേഖരണവും തരംതിരിക്കലും നിർമ്മാർജ്ജന- പുനരുപയോഗ പദ്ധതികളും കൃത്യമായി രൂപപ്പെടുത്തണം. മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് ഹരിതകർമ്മസേനയെ കൂടാതെ സ്വയം സന്നദ്ധരായ വിദ്യാർത്ഥികളെയും യുവാക്കളെയും മറ്റുള്ളവരെയും ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ / ആക്ഷൻ ഫോഴ്സ് രൂപീകരിച്ച് പ്രായോഗിക പ്രവർത്തനങ്ങൾക്ക് ശ്രമിക്കണം. പുനരുപയോഗപദ്ധതികൾ പുതിയ തൊഴിൽ സാധ്യതകളായി മാറേണ്ടിയിരിക്കുന്നു.

  • ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, അടിസ്ഥാന സൗകര്യവികസനം, യുവജനവികസനം, സ്വയം തൊഴിൽ തുടങ്ങി ഓരോ വിഷയങ്ങളിലും പൊതുജന പങ്കാളിത്തം പ്രത്യേകിച്ച്, യുവജന പങ്കാളിത്തം ഉറപ്പാക്കി പലതരം ടാസ്ക് ഗ്രൂപ്പുകളായി തിരിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്.

  • പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അടക്കമുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള പരിശീലന സംവിധാനങ്ങൾ മറ്റൊരു പ്രധാന മേഖലയാണ്. പ്രാദേശിക വിഭവശേഷി, ഒരു പ്രദേശത്ത് ബന്ധപ്പെട്ട തൊഴിലുകൾ നേടിയവരെയും നേടാനിരിക്കുന്നവരെയും വിരമിച്ച വ്യക്തികളെയും ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ അത് രൂപപ്പെടുത്തണം. വ്യത്യസ്ത മേഖലകളിൽ കഴിവും പ്രാഗൽഭ്യമുള്ള ആളുകളാണ് ഓരോരുത്തരും. പ്രാദേശിക ചുറ്റുപാടിലെ ജനങ്ങളുടെ സ്കിൽ മാപ്പിംഗ് വഴി വിവിധ പദ്ധതികൾ, പ്രവർത്തനങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കാനും സ്കിൽ അലർട്ടുകൾ നൽകാനും സാധിക്കും.

  • പ്രാദേശിക ഗ്രന്ഥശാലകൾ, അവിടങ്ങളിലെ റിസോഴ്സുകൾ, വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം, കോർഡിനേഷൻ സംവിധാനങ്ങൾ എന്നിവ ഇനിയും ഫലപ്രദമാവേണ്ടതുണ്ട്. വാർഡുകളെ കേന്ദ്രീകരിച്ചുള്ള വായനാസംസ്കാരത്തിന് അടിത്തറയൊരുക്കണം.

  • പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക വികസന ഫണ്ടുകൾ കൂടാതെ, സി. എസ്. ആർ ഫണ്ട് സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി സ്വയംതൊഴിൽകേന്ദ്രങ്ങൾ കൂടുതലായി വികസിപ്പിക്കണം.

  • പ്രാദേശികമായ തനത് ഭാഷാപ്രയോഗങ്ങൾ, കഥകൾ, പാട്ടുകൾ, പാരമ്പര്യരീതികൾ, ഭക്ഷണ ശൈലികൾ എന്നിവയുടെ പ്രാദേശികമായ ഡിജിറ്റൽ ഡോക്യുമെന്റേഷൻ സാധ്യതകൾ പുതിയ കാലഘട്ടത്തിൽ പ്രധാനമാണ്. പ്രാദേശിക ശൈലികൾ, പ്രയോഗങ്ങൾ, അവയുടെ മാനകരൂപം എന്നിവ ശേഖരിച്ചുകൊണ്ടുള്ള ഡിജിറ്റൽ ഡിക്ഷണറി പോലുള്ള സാധ്യതകൾ രൂപപ്പെടുത്താവുന്നതാണ്. ഇതുവഴി, പ്രാദേശിക ചരിത്രങ്ങളുടെ ഡിജിറ്റൽ മ്യൂസിയം തയ്യാറാക്കാനാവും. പ്രാദേശിക വിഭവങ്ങളുടെ ഡോക്യുമെന്റേഷനും ജനകീയവൽക്കരണവും വിനോദസഞ്ചാരസാധ്യതകളും മെച്ചപ്പെടുത്താനുമാകും. പാരിസ്ഥിതിക സോണുകളുടെ മാപ്പിങ്ങും പ്രധാനമാണ്.

  • വിത്തു ലൈബ്രറിയും (സീഡ് ലൈബ്രറി) പ്ലാന്റ് പാസ്പോർട്ടും കർഷക സൗഹൃദ പദ്ധതികളും പുതിയ സാധ്യതകളുമായി ബന്ധിപ്പിച്ച് സാധ്യമാക്കേണ്ടതുണ്ട്. പലതരം കാർഷിക ഉൽപ്പന്നങ്ങൾ ലാഭകരമായി വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള ഇ -പ്ലാറ്റ്ഫോമുകൾ വേണം..

  • ഇക്കോ ടൂറിസം- ഹെറിറ്റേജ് ടൂറിസം- പ്രാദേശിക ടൂറിസം - കൾച്ചറൽ ടൂറിസം - ഫുഡ് ടൂറിസം -അഗ്രി ടൂറിസം, ഫാം ടൂറിസം എന്നിവയെ സംബന്ധിക്കുന്ന മാപ്പിംഗിനും പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകേണ്ടതുണ്ട്. അതിനായി പ്രത്യേകം ആപ്ലിക്കേഷൻ രൂപപ്പെടുത്തുകയും ഇതിന്റെ സാധ്യതകൾ ഉപയോഗിച്ച് സ്പോട്ടുകൾ തെരഞ്ഞെടുക്കാനും അതുവഴി പ്രാദേശിക സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകൾ നടത്താനും സാധിക്കണം.

  • വാർഡ്- പഞ്ചായത്ത് ഡെവലപ്മെന്റ് ഇൻഡക്സുകളും, ഹൈജീൻ ഇൻഡക്സുകളും വേസ്റ്റ് ഓഡിറ്റിങ്ങുകളും നടക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതതു സമയങ്ങളിൽ കൃത്യമായി പദ്ധതികൾ രൂപപ്പെടുത്തി ശക്തിപ്പെട്ടതും ശക്തിപ്പെടേണ്ടതുമായ വിഷയങ്ങളിൽ അനിവാര്യമായ ഇടപെടലുകൾ സാധ്യമാക്കണം.

  • സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷി, LQBTQ++ തുടങ്ങി ഓരോ വിഭാഗത്തിനും നടത്തിവരുന്ന പ്രത്യേക പദ്ധതികളും, അതിൽ വേണ്ട മാറ്റങ്ങളും, പുതിയ സാധ്യതകളും ഉപയോഗപ്പെടുത്താൻ സാധിക്കണം.

  • പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾക്ക്, നിലവിലുള്ളതിലും കൂടുതൽ ഊന്നലും പ്രവർത്തന പദ്ധതിയും വേണം. ജനങ്ങൾക്ക് ജനങ്ങളുടെ ഭാഷയിൽ തന്നെ, മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും സേവനം ലഭ്യമാക്കണം. അതത് പദ്ധതികളുടെ വിശദാംശങ്ങളും, ബഡ്ജറ്റ് വിനിയോഗവും, അതുപയോഗിച്ച് നടത്തുന്ന പദ്ധതികളും പഞ്ചായത്തുകളിൽ ജനങ്ങൾക്ക് കാണാൻ സാധിക്കുന്ന വിധത്തിൽ പ്രദർശിപ്പിക്കണം.

  • കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾക്കായി നൽകുന്ന ഫണ്ടുകളും സഹായങ്ങളും കൃത്യമായി ക്രോഡീകരിക്കുകയും, അവ നേടിയെടുക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള കർമ്മപരിപാടികൾ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സാമ്പത്തിക ചെലവ് വരാത്ത രീതിയിൽ, നിർവഹിക്കാൻ പറ്റുന്ന പദ്ധതികളും അല്ലാത്തവയും ക്രോഡീകരിക്കുകയും അവിടെ സിഎസ്ആർ അടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി സംയോജിത രീതിയിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യാനുള്ള സാധ്യതകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. ഇത്തരം കാര്യങ്ങളിൽ പരമാവധി ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാൻ സാധിക്കണം. അതിൽ ഗ്രാമസഭകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഗ്രാമസഭകളെ കുറിച്ചുള്ള കൃത്യമായ അറിയിപ്പ് ജനങ്ങൾക്ക് നൽകുകയും, ഇതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുകയും വേണ്ടതുണ്ട്.

‘എലപ്പുള്ളി മോഡൽ’; ഒരനുഭവം

ഒരു അനുഭവം പറയാം.

എൽ.ഡി.എഫ് ഭരണത്തിലായിരുന്ന പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തവണ യു.ഡി.എഫാണ് ജയിച്ചത്. യു.ഡി.എഫിനും എൽ.ഡി.എഫിനും ബി.ജെ.പിക്കും ഏതാണ്ട് തുല്യമായ നിലയിൽ സ്വാധീനവും അംഗങ്ങളുമുള്ള ഭരണസമിതി കൂടിയാണ് പഞ്ചായത്തിലുള്ളത്. അതുകൊണ്ടുതന്നെ, ചില വിഷയങ്ങളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഒരുതരം അദൃശ്യ കൂട്ടുകെട്ട് പഞ്ചായത്തിൽ നിലനിൽക്കുന്നതായി അവിടുത്തെ വോട്ടറെന്ന നിലയിൽ ചില സാഹചര്യങ്ങളിലെങ്കിലും തോന്നിയിട്ടുണ്ട്. ചർച്ചാവിഷയമായ ബ്രൂവെറിയുടെ വിഷയത്തിൽ പോലും, പരസ്പരം കടിച്ചുകീറാൻ നിൽക്കുന്നുണ്ടെങ്കിലും, വാക്കിലും പ്രവർത്തിയിലും അനുഭവത്തിലും ചില ‘കണക്ഷൻ പ്രശ്നങ്ങൾ’ തോന്നിയിട്ടുണ്ട്.

പഞ്ചായത്ത് രാജ് നിയമങ്ങളൊക്കെ പാലിക്കാനുള്ളതാണോ എന്ന വൈസ് പ്രസിഡന്റിന്റെ ചോദ്യം ഓർക്കുന്നു. അദ്ദേഹമടക്കമുള്ള ജനപ്രതിനിധികളോട് അന്നും ഇന്നുമുള്ള മറുപടി, പഞ്ചായത്ത് രാജ് ചട്ട ജനപ്രതിനിധികൾക്ക് പാലിക്കാനുള്ള നിയമപരമായ ബാധ്യതയുണ്ട് എന്നാണ്.

വിഷയത്തിലേക്കു വരാം. ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഗ്രാമസഭകൾ കൃത്യമായി വിളിച്ചുകൂട്ടുന്നതിൽ മടിയുമുള്ള കൂട്ടത്തിലാണ് എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. ഗ്രാമസഭകളിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അനിവാര്യവും അടിസ്ഥാനപരവുമായ ഇടപെടലുകൾ ആത്മാർത്ഥമായി നിർവഹിക്കപ്പെടുന്നില്ലെന്നത് പോരായ്മയാണ്. കേരളത്തിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് സർക്കാറിന്റെ തന്നെ ഉത്തരവുകൾ അടിവരയിട്ടു പറയുന്നുണ്ട്.

ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പമായ ഗ്രാമസഭകൾ കൃത്യമായും കാര്യക്ഷമമായും സുതാര്യമായും ചേരേണ്ടതും ചർച്ചകൾ നടക്കേണ്ടതും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും താൽപര്യത്തേക്കാൾ ജനങ്ങളുടെ താൽപര്യം മുൻനിർത്തിയാകണം. ജനങ്ങൾക്ക് പലപ്പോഴും കൃത്യമായ അറിയിപ്പു പോലും ലഭിക്കാറില്ല. ഗ്രാമസഭ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നവും മെമ്പറുടെ മോശം മനോഭാവവും പഞ്ചായത്തിൽ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേലുള്ള വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു.

എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ​സുതാര്യമായും ജനാധിപത്യപരമായും ഗ്രാമസഭകൾ ചേരുന്നില്ല എന്നു ചൂണ്ടിക്കാട്ടി വൈഷ്ണവി വി. പാലക്കാട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നൽകിയ പരാതിയിയ്ക്ക് ലഭിച്ച മറുപടി. പഞ്ചായത്തി​ലെ ഗ്രാമസഭാ നടത്തിപ്പിൽ പഞ്ചായത്ത് രാജ് ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്.
എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ​സുതാര്യമായും ജനാധിപത്യപരമായും ഗ്രാമസഭകൾ ചേരുന്നില്ല എന്നു ചൂണ്ടിക്കാട്ടി വൈഷ്ണവി വി. പാലക്കാട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നൽകിയ പരാതിയിയ്ക്ക് ലഭിച്ച മറുപടി. പഞ്ചായത്തി​ലെ ഗ്രാമസഭാ നടത്തിപ്പിൽ പഞ്ചായത്ത് രാജ് ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്.

കൃത്യമായ പ്രചാരണം നൽകാതെയും ജനപങ്കാളിത്തം ഉറപ്പിക്കാതെയും ക്വാറം മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഇവിടെ ഗ്രാമസഭകൾ കൂടുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നത്. അതത് സമയങ്ങളിൽ മിനിറ്റ്സ് പൂർത്തിയാക്കുന്നതിനു പകരം തോന്നുന്ന സമയത്ത് (സമയപരിധിയുണ്ട് ) പങ്കെടുക്കാത്ത ആളുകളുടെ എണ്ണവും, തീരുമാനങ്ങളും എഴുതിച്ചേർക്കുന്ന പ്രവണത ഇവിടെ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ജനപ്രതിനിധികളുമായി സംസാരിച്ചപ്പോൾ, ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ജനങ്ങൾ പങ്കെടുക്കുന്നില്ല, നിവർത്തികേടാണ് ഇങ്ങനെയൊക്കെ ചെയ്യാൻ കാരണമെന്ന മറുപടിയാണ് കിട്ടിയത്. ജനപങ്കാളിത്തം ഉറപ്പിക്കാൻ പഞ്ചായത്ത് എന്തു ചെയ്തു എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമില്ല.

പഞ്ചായത്ത് രാജ് നിയമങ്ങളൊക്കെ പാലിക്കാനുള്ളതാണോ എന്ന വൈസ് പ്രസിഡന്റിന്റെ ചോദ്യം ഓർക്കുന്നു. അദ്ദേഹമടക്കമുള്ള ജനപ്രതിനിധികളോട് അന്നും ഇന്നുമുള്ള മറുപടി, പഞ്ചായത്ത് രാജ് ചട്ട ജനപ്രതിനിധികൾക്ക് പാലിക്കാനുള്ള നിയമപരമായ ബാധ്യതയുണ്ട് എന്നാണ്. ജനങ്ങളെ കൃത്യമായി അറിയിക്കാനും ബോധവൽക്കരണം നടത്താനും പഞ്ചായത്തുകൾ തയ്യാറാവണം. സാങ്കേതിക സ്വഭാവത്തോടെയല്ലാതെ ജനങ്ങൾക്ക് ജനങ്ങളുടെ ഇടമാണെന്ന് തോന്നണം.

ഗ്രാമസഭയെക്കുറിച്ച് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്, വരേണ്ടവർ വന്നിട്ടുണ്ട് എന്നതായിരുന്നു മെമ്പറുടെ നയം. ഗ്രാമസഭയുമായി ബന്ധപ്പെട്ട പ്രശ്നം പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചപ്പോൾ അവർക്ക് നടപടിയെടുക്കാൻ സാധിക്കില്ല എന്നായിരുന്നു മറുപടി.

കൃത്യമായ പ്രചാരണം നൽകാതെയും ജനപങ്കാളിത്തം ഉറപ്പിക്കാതെയും ക്വാറം മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് എലപ്പുള്ളി പഞ്ചായത്തിൽ ഗ്രാമസഭകൾ കൂടുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നത്.

'ഗ്രാമസഭയിലെ അംഗസംഖ്യയുടെ പത്ത് ശതമാനം അംഗങ്ങൾ ഹാജരായാൽ ഗ്രാമസഭാ യോഗത്തിൻ്റെ ക്വാറം തികയുന്നതാണ്. ക്വാറം തികയാതെ മാറ്റിവെയ്ക്കുന്ന ഗ്രാമസഭ യോഗം വീണ്ടും കൂടുമ്പോൾ പ്രസ്തുത യോഗത്തിന് 50 ഗ്രാമസഭാംഗങ്ങൾ അല്ലെങ്കിൽ ഗ്രാമസഭയിലെ അംഗസംഖ്യയുടെ പത്ത് ശതമാനം- ഇതിലേതാണോ ഏറ്റവും കുറഞ്ഞത്, അത് ബന്ധപ്പെട്ട ഗ്രാമസഭയുടെ ക്വാറമായി കണക്കാക്കേണ്ടതാണ്' എന്നാണ് വ്യവസ്ഥ. ആകെ വോട്ടർമാർ 600 ആണെങ്കിൽ 60 പേരെങ്കിലും പങ്കെടുത്താലാണ് ഗ്രാമസഭകൾക്കും തീരുമാനങ്ങൾക്കും അംഗീകാരം ലഭിക്കുക. ഒരു വാർഡ് അംഗം, താൻ കൺവീനറായിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നുമാസത്തിലൊരിക്കൽ വിളിച്ചുകൂട്ടുന്നതിൽ തുടർച്ചയായി മൂന്ന് തവണ വീഴ്ച വരുത്തിയാൽ പ്രസ്തുത മെമ്പർ തൽസ്ഥാനത്ത് തുടരാൻ അയോഗ്യനായി തീരും എന്നുമാണ് വ്യവസ്ഥ (സർക്കുലർ PAN/17316/2019-J8(DP).

ഈ വിഷയത്തിൽ മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, ഓംബുഡ്സ്മാൻ, മനുഷ്യവകാശ കമ്മീഷൻ, കലക്ടർ, എം. എൽ. എ തുടങ്ങിയ സംവിധാനങ്ങളെ ബന്ധപ്പെട്ടു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് അടക്കമുള്ള വിഷയങ്ങൾ ആവശ്യപ്പെട്ട്, രണ്ട് രാഷ്ട്രീയ മുന്നണികളുടെ പ്രതിനിധികളുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട്, അവരുടെ പിന്തുണ തേടി.

മലമ്പുഴ എം.എൽ.എ എ. പ്രഭാകരനോടും പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനോടും കഴിഞ്ഞ ജനുവരി 30നാണ് സംസാരിച്ചത്. വിഷയങ്ങളെക്കുറിച്ചുള്ള ജനപ്രതിനിധികളുടെ ധാരണക്കുറവും കാഴ്ചപ്പാടില്ലായ്മയും നിരാശാജനകമായിരുന്നു. ‘ഗ്രാമസഭകൾ എന്താണ്, അതിനെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ല, എം.എൽ. എ ഓഫീസിൽ വേണമെങ്കിൽ അറിയിച്ചോളൂ’ എന്ന പാലക്കാട് എം. എൽ. എയുടെ പ്രതികരണം കൂടി കിട്ടിയപ്പോൾ ‘പൂർണ തൃപ്ത’യായി. ഗ്രാമസഭ എന്താണെന്ന് ചോദിച്ച മനുഷ്യരോട് അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമുണ്ടോ?

ഇതേതുടർന്ന്, പാലക്കാട് തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർക്ക് ഫയൽ കൈമാറുകയും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തദ്ദേശ സ്വയംഭരണവകുപ്പും കലക്ടറുമാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. തുടർച്ചയായുള്ള ഇടപെടലുകളെ തുടർന്നാണ് ഫയലുകൾ ചലിച്ചത്. രേഖകളിലെ കൂട്ടിച്ചേർക്കലുകൾ ചൂണ്ടിക്കാണിച്ചെങ്കിലും യഥാസമയം പരിശോധന നടത്തിയില്ല. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൊടുത്തു. മെമ്പർ അപമര്യാദയായി പെരുമാറിയെന്നും പഞ്ചായത്ത് രാജ് നിയമങ്ങളുടെ ലംഘനം നടന്നുവെന്നും ഇന്റേണൽ വിജിലൻസ് ഓഫീസർ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് കൊടുത്തു. ഈ ഫയലുമായി ബന്ധപ്പെട്ട് തുടർന്നും ഇടപെടലുകൾ നടന്നെങ്കിലും, വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പേരിൽ നടപടിയെടുക്കാതിരിക്കുന്ന പ്രവണതയാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കുന്നത്. ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നോ സ്വീകരിക്കുന്നതെന്നോ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽനിന്ന് ഇതുവരെ രേഖാമൂലം മറുപടി ലഭിച്ചിട്ടില്ല, അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടിയുമില്ല.

‘ഗ്രാമസഭകൾ എന്താണ്, അതിനെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ല, എം.എൽ. എ ഓഫീസിൽ വേണമെങ്കിൽ അറിയിച്ചോളൂ’ എന്നായിരുന്നു പാലക്കാട് എം. എൽ. എയുടെ പ്രതികരണം.

തിരഞ്ഞെടുപ്പ് വരികയല്ലേ, പുതിയ ഭരണസമിതി വരും, ഈ വിഷയം ഉന്നയിക്കേണ്ടതുണ്ടോ എന്ന് സൗഹാർദ്ദപൂർവ്വം ചോദിച്ച ഉദ്യോഗസ്ഥരെയും ഈ കാലയളവിൽ കണ്ടിട്ടുണ്ട്. മനുഷ്യവകാശ കമ്മീഷൻ പോലും വിഷയത്തിന്റെ ഗൗരവം കൃത്യമായി മനസ്സിലാക്കിയില്ല. സാങ്കേതികമായി ചില കാര്യങ്ങൾ ചെയ്തുവെന്ന് കാണിക്കലല്ല, മറിച്ച് പരിഹാരമാണ് വേണ്ടത്. അടുത്തദിവസം നടക്കുന്ന ഹിയറിംഗിനുള്ള കത്ത്, എന്തോ സാ​ങ്കേതിക കാരണത്തെതുടർന്ന് തലേന്നാണ് ലഭിച്ചത്. തീരെ വയ്യാത്ത സാഹചര്യത്തിലും രാത്രി തന്നെ തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് വണ്ടി കയറി രാവിലെ 10 മണിക്ക് ഹിയറിങ്ങിന് എത്തി. വിരലിലെണ്ണാവുന്നവർ അവിടെയുണ്ടായിരുന്നു. തീരെ താൽപര്യം കാണിക്കാതെ ഫയലുകൾ അതിവേഗം ക്ലോസ് ചെയ്യാനുള്ള വ്യഗ്രതയാണ് അന്ന് കണ്ടത്. (അവിടെയിരുന്ന സമയത്തെല്ലാം, ബാക്കിയുള്ളവരുടെ കാര്യത്തിലും ഇതുതന്നെ അനുഭവപ്പെട്ടു. നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെടുന്ന ഘട്ടത്തിൽ, എന്റെ വിയോജിപ്പുകൾ അറിയിച്ചുകൊണ്ട്, വൈകിക്കിട്ടുന്ന നീതി നീതിയല്ല എന്നോർമിപ്പിച്ച് ഹിയറിങ്ങിൽ നിന്ന് ഞാൻ ഇറങ്ങിപ്പോരുകയായിരുന്നു. പിന്നീട് ആ വിഷയത്തിൽ മനുഷ്യവകാശ കമ്മീഷൻ എന്തു നടപടി സ്വീകരിച്ചു എന്ന് അന്വേഷിച്ചിട്ടില്ല, അന്വേഷിക്കണമെന്ന് തോന്നിയിട്ടുമില്ല. ഒരു വിദ്യാർത്ഥി എന്ന നിലയിൽ പല പ്രയോരിറ്റികളും മാറ്റിവെച്ചുകൊണ്ടാണ് ഗ്രാമസഭകളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ഓടിനടക്കേണ്ടിവന്നത്.

പൊതുവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പരിശോധനകളും, സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള ഓഡിറ്റിഗ് അടക്കമുള്ള വിഷയങ്ങളും ചൂണ്ടിക്കാണിച്ചെങ്കിലും വേണ്ടത്ര ഗൗരവത്തോടെ അന്വേഷിച്ചിട്ടില്ല എന്നുതന്നെയാണ് അന്നും ഇന്നും അനുഭവപ്പെട്ടത്.

എലപ്പുള്ളി പഞ്ചായത്തിൽ ബ്രൂവെറിയുടെ വിഷയത്തിൽ അടി നടക്കുന്ന സമയത്ത്, പഴയ ഭരണസമിതിയുടെ കാലയളവിൽ മെമ്പർമാർ അടുത്ത ബന്ധുക്കൾക്ക് ലൈഫ് പദ്ധതി അടക്കമുള്ള കാര്യങ്ങളിൽ ഫേവറിസം കാണിച്ചു എന്ന കാര്യം പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവർ പറയുന്നതായി സോഷ്യൽ മീഡിയയിൽ കണ്ടു. ഈ മുൻഗണനാക്രമം തയ്യാറാക്കേണ്ടത് എവിടെയാണ്? അർഹരാണോ എന്ന് പരിശോധിക്കേണ്ടത് എവിടെയാണ്? ഗ്രാമസഭകളിലാണ് എന്നതാണ് ലളിതമായ ഉത്തരം. അവിടെ സ്വജനപക്ഷപാതം കാണിച്ചാൽ, ജനപങ്കാളിത്തം ഇല്ലാതിരുന്നാൽ, ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് വിലയില്ലാതിരുന്നാൽ, ഒരു വ്യവസ്ഥയുടെ തന്നെ സുതാര്യതയും ആധികാരികതയും ചോദ്യം ചെയ്യപ്പെടും.

എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ​സുതാര്യമായും ജനാധിപത്യപരമായും ഗ്രാമസഭകൾ ചേരുന്നില്ല എന്നു ചൂണ്ടിക്കാട്ടി വൈഷ്ണവി വി. പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നൽകിയ പരാതി.
എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ​സുതാര്യമായും ജനാധിപത്യപരമായും ഗ്രാമസഭകൾ ചേരുന്നില്ല എന്നു ചൂണ്ടിക്കാട്ടി വൈഷ്ണവി വി. പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നൽകിയ പരാതി.

ഭരണപക്ഷത്തിന്റെ മാത്രമല്ല പ്രതിപക്ഷത്തിരിക്കുന്നവരുടെ കൂടി ചുമതലയാണ് ഗ്രാമസഭകൾ കൃത്യമായി നടക്കുകയെന്നത്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ, ഭരണകാലയളവിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഏതുതരത്തിൽ ഇടപെട്ടു എന്നത് വളരെ പ്രധാനമാണ്. വിരലിലെണ്ണാവുന്നവർ മാത്രമാണ് ഓരോ ഗ്രാമസഭകളിലും പങ്കെടുക്കുന്നത്. പലപ്പോഴും പത്തും ഇരുപതും ഇരുപത്തിയഞ്ചും പേരൊക്കെയാണ് ഗ്രാമസഭകളിൽ കാണുന്നത്. (പഞ്ചായത്ത് തന്നെ പുറത്തുവിടുന്ന ഫോട്ടോകളിൽ ഇത് വ്യക്തമാണ്.)

ഗ്രാമസഭകളിൽ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്ത വിഷയത്തിൽ, പിന്നീട് കൂട്ടിച്ചേർക്കലുകൾ നടത്താൻ ഗ്രാമപഞ്ചായത്തിന് എന്താണ് അധികാരം? പങ്കെടുക്കാത്തവരുടെ പേരുകൾ ക്വാറം തികക്കാനായി പിന്നീട് എഴുതിച്ചേർക്കുന്നത് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിക്കുന്നതല്ലേ? സർക്കാരിന്റെ പഞ്ചായത്ത് രാജ് സംബന്ധിച്ച ഉത്തരവുകൾക്കും പാർലമെന്റ് പാസാക്കിയ നിയമത്തിനും എതിരായ നടപടിയല്ലേ നടക്കുന്നത്? പഞ്ചായത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഈ പ്രവൃത്തിയിൽ പങ്കാളികളാണ് എന്ന് അവർ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

ഗ്രാമസഭകളിൽ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്ത വിഷയത്തിൽ, പിന്നീട് കൂട്ടിച്ചേർക്കലുകൾ നടത്താൻ ഗ്രാമപഞ്ചായത്തിന് എന്താണ് അധികാരം? പങ്കെടുക്കാത്തവരുടെ പേരുകൾ ക്വാറം തികക്കാനായി പിന്നീട് എഴുതിച്ചേർക്കുന്നത് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിക്കുന്നതല്ലേ?

എലപ്പുള്ളി ഒരു ഉദാഹരണം മാത്രം. ഇവിടെ ഇനിയും ഭരണസമിതികൾ മാറിമാറിവരും. മുമ്പ് മത്സരിച്ചിരുന്നവർ തന്നെ മൂന്നു മുന്നണികളിലും മത്സരിക്കുന്നുണ്ട്. ഇനിയെങ്കിലും ഗ്രാമസഭകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇടപെടലുകൾ ഉണ്ടാവണം. സ്വന്തം നാടിനെ കുറിച്ച് നമുക്കൊത്തിരി സ്വപ്നങ്ങളുണ്ടാവില്ലേ? പുതിയ ഭരണനേതൃത്വം കൃത്യമായ ഇടപെടലുകൾ നടത്തട്ടെ എന്നാശംസിക്കുന്നു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സാധ്യമായ എല്ലാ പിന്തുണയും നൽകും.

ഇത്രയും പറയാൻ കാരണം, കൃത്യമായി ഗ്രാമസഭകൾ ചേരുകയും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയും വേണം എന്ന് വ്യക്തമാക്കാനാണ്. കുറ്റമറ്റ രീതിയിൽ, അർഹരായ മനുഷ്യർക്ക് ആനുകൂല്യങ്ങൾ ലഭിക്കണം. ജനങ്ങളുടെ വികസന സങ്കൽപ്പങ്ങൾക്ക് പ്രാധാന്യം നൽകണം. ജനാധിപത്യത്തെ യഥാർത്ഥത്തിൽ അർത്ഥപൂർണ്ണമാക്കുന്നത് ഗ്രാമസഭകളാണ്.

വിവേചനമില്ലാതെ, കൃത്യമായ കർമ്മ പരിപാടികളോടുകൂടി, കൂട്ടായ ഇടപെടലുകളാണ് വേണ്ടത്. വീട്, വൈദ്യുതി, ശുചിമുറി, സ്ട്രീറ്റ് ലൈറ്റ്, റോഡ്, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങൾ പൊതുവിഷയങ്ങളാണ്. കൃത്യമായ ടാർജറ്റോടുകൂടി ഇവ പൂർത്തീകരിക്കപ്പെടണം. അവിടെനിന്ന് രണ്ടാംഘട്ട വികസന സങ്കൽപ്പങ്ങളിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന കാഴ്ചപ്പാടുകൾ മുന്നേറണം.

Comments