നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരൻ യു.ഡി.എഫ് പിന്തുണ സ്വീകരിക്കുമോ?
‘‘ആരുടെയും പിന്തുണയ്ക്ക് പോയിട്ടില്ല. കോൺഗ്രസിൽനിന്ന് ആരും എന്നെ സമീപിച്ചിട്ടില്ല. യു.ഡി.എഫുമായി ഒരു കരാറുമില്ല. പുറത്തുനിന്ന് ആരെങ്കിലും പിന്തുണ പ്രഖ്യാപിച്ചാൽ അത്, പിന്തുണയുടെ സ്വഭാവം അനുസരിച്ച് തീരുമാനിക്കും’’ എന്ന് ജി. സുധാകരൻ പറയുന്നുണ്ടങ്കിലും, പിന്തുണ സ്വീകരിക്കാനുള്ള ‘സാധ്യത’ അടച്ചുകളയുന്നില്ല അദ്ദേഹം.
31 സ്ഥാനാർഥികളുടെ ആദ്യ പട്ടികയ്ക്ക് അംഗീകാരം നൽകി അത് പുറത്തുവിടാനൊരുങ്ങുന്ന കോൺഗ്രസ് അമ്പലപ്പുഴ ഒഴിച്ചിട്ടിരിക്കുകയാണ്. സുധാകരൻ മത്സരിച്ചാൽ പിന്തുണ നൽകാനും തീരുമാനമുണ്ട്. ഈ സാഹചര്യത്തിൽ, ജി. സുധാകരൻ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയാകാനാണ് സാധ്യത. ബി.ജെ.പി പിന്തുണ നൽകിയാൽ സ്വീകരിക്കുമോ എന്നു ചോദിച്ചപ്പോൾ, അന്നേരം അവരോട് മറുപടി പറയാം എന്നായിരുന്നു സുധാകരന്റെ മറുപടി. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നും ജയം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താൻ പാർട്ടിക്കെതിരെയല്ല മത്സരിക്കുന്നത് എന്നും പാർട്ടിക്കെതിരെ ഒന്നും പറയില്ല എന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞുവെങ്കിലും സി.പി.എമ്മിനെതിരെ, പ്രത്യേകിച്ച് പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെയാണ് സുധാകരന്റെ പോരാട്ടമെന്നത് വ്യക്തമാണ്താൻ എന്തുകൊണ്ട് സ്വതന്ത്രനായി മത്സരിക്കുന്നു എന്നതിന്, പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയുള്ള കാരണങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. അതിൽ, ജില്ലാ- സംസ്ഥാന നേതൃത്വങ്ങൾ പ്രതിക്കൂട്ടിലാണ്. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നലെ സുധാകരനെ കാണാനെത്തിയപ്പോഴും താൻ നേരിട്ട അവഗണനയെക്കുറിച്ചാണ് സൂചിപ്പിച്ചത് എന്നും റിപ്പോർട്ടുണ്ട്.
‘‘ഒരു രാഷ്ട്രീയ നേതാവിനോടും ഒരു പ്രതിപക്ഷ കക്ഷിയോടും മത്സരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ, കോൺഗ്രസുമായി ധാരണയിലെത്തിയെന്നാണ് വാർത്തകൾ. യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നു എന്ന് ദേശാഭിമാനി ഒഴിച്ച് എല്ലാ പത്രങ്ങളും എഴുതുന്നു. (കുറെ കാലമായി ദേശാഭിമാനി എന്റെ ഒരു വാർത്തയും കൊടുക്കാറില്ല. പെരുമ്പളം പാലം ഉദ്ഘാടനം പോലും ദേശാഭിമാനി അവഗണിച്ചു). പാർട്ടി നേതാക്കൾ ദൗത്യവുമായി വരുന്നു. ഒരു പാർട്ടി നേതാവും ദൗത്യവുമായി എന്റെ അടുത്ത് വന്നിട്ടില്ല. ഇന്നലെ എം.എ. ബേബിയുമായി സംസാരിച്ചത് ഇക്കാര്യമല്ല. സി.എസ്. സുജാതയുമായി രാഷ്ട്രീയം സംസാരിച്ചിരുന്നു’’- ജി. സുധാകരൻ പറഞ്ഞു.
സ്വതന്ത്രനായാണ് മത്സരിക്കുന്നത് എങ്കിലും ഫലത്തിൽ അത് പാർട്ടിക്ക് എതിരല്ലേ എന്ന് ചോദിച്ചപ്പോൾ, താൻ പാർട്ടി അംഗമല്ല എന്നും അതുകൊണ്ടുതന്നെ തന്റെ മത്സരം പാർട്ടിക്ക് എതിരല്ല എന്നുമായിരുന്നു മറുപടി: ‘‘പാർട്ടി ചിഹ്‌നത്തിൽ സ്ഥാനാർഥിയുണ്ടെങ്കിൽ മത്സരിച്ച് ജയിക്കട്ടെ. ഞാൻ മത്സരിക്കുന്നതിൽ പാർട്ടിക്ക് പേടിയെന്തിനാണ്? ഞാൻ മറ്റൊരു മണ്ഡലത്തിനും പ്രസംഗിക്കാൻ പോകില്ല. കൺവെൻഷനുഷകൾ നടത്തില്ല’’ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മെമ്പർഷിപ്പിൽനിന്ന് ഒഴിയുകയും പാർട്ടിയിൽനിന്ന് മാറിക്കൊടുക്കുകയും ചെയ്ത താൻ കാരണം പാർട്ടിക്ക് തലവേദനയുണ്ടാകില്ല എന്നും സുധാകരൻ പറഞ്ഞു.
‘‘എല്ലാതരം അഴിമതികൾക്കും വർഗീയതകൾക്കും എതിരെയാകും എന്റെ മത്സരം. ബാക്കിയുള്ള വികസനം മുന്നോട്ടുകൊണ്ടുപോകണം. സർക്കാറിനെതിരെ ഒന്നും പറയില്ല. എല്ലാ പാർട്ടികളിലുമുള്ള പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെ ഞാൻ സംസാരിക്കും’’- ജി. സുധാകരൻ പറഞ്ഞു.
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമേയുള്ളൂ എന്നും സുധാകരൻ കൂട്ടിച്ചേർക്കുന്നു.

63 വർഷം മുമ്പ്, 15-ാം വയസ്സിൽ പാർട്ടി അംഗമായ, മധുരയിൽ നടന്ന ഒമ്പതാം പാർട്ടി കോൺഗ്രസു മുതൽ ഡെലിഗേറ്റായ, 15 പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്ത് 12 എണ്ണത്തിലും കേരളത്തിനുവേണ്ടി ഓർഗനൈസേഷനൽ റിപ്പോർട്ടിംഗ് നടത്തിയ, 36 വർഷം പാർട്ടി ക്ലാസ് നടത്തിയ, പാർട്ടിയുടെ സാരാംശം ഉൾക്കൊണ്ട് ജീവിച്ച തനിക്കെതിരെ പാർട്ടി അംഗങ്ങൾ തന്നെ നടത്തുന്ന ആക്ഷേപങ്ങൾ അറിഞ്ഞിട്ടും സംസ്ഥാന നേതൃത്വം ഒരു നടപടിയും എടുത്തില്ല എന്ന അമർഷമാണ് ജി. സുധാകരൻ വാർത്താസമ്മേളനത്തിലുടനീളം പ്രകടിപ്പിച്ചത്. തന്റെ ജീവിതത്തിൽ ഒരിക്കലും സംസ്ഥാന കമ്മിറ്റിയിൽ പരാതി കൊടുത്തിട്ടില്ലെന്നും അവ പരിഹരിക്കാൻ തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘‘ബ്രാഞ്ചിന്റെ സ്ക്രൂട്ടിനി നടന്നപ്പോൾ അംഗത്വം പുതുക്കിയില്ല. ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, 18 മെമ്പർമാരിൽ ആരോ ഇക്കാര്യം പുറത്തുവിട്ടു. അതുകൊണ്ടാണ് ഇക്കാര്യം എനിക്ക് പരസ്യപ്പെടുത്തേണ്ടിവന്നത്. പാർട്ടി അംഗത്വത്തിൽനിന്ന് ഒഴിഞ്ഞു എന്നു പറഞ്ഞാൽ പാർട്ടി സംഘടനയിലില്ല എന്നാണർഥം. പാർട്ടിയുടെ ആദർശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയെ ആക്ഷേപിക്കാനില്ല, പാർട്ടി പരിപാടിയെയും ഭരണഘടനയെയും ആക്ഷേപിക്കാനില്ല. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാനുദ്ദേശിക്കുന്നില്ല’’- ജി. സുധാകരൻ പറഞ്ഞു.
‘‘പൊളിറ്റിക്കൽ ക്രിമനലുകളെ ആയുധമാക്കി എനിക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റി അംഗം എന്റെ അച്ഛന് വിളിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ചയാളാണ് അദ്ദേഹം. ചെറുകിട കൃഷിക്കാരനായിരുന്നു. രാവിലെ കൃഷിപ്പണി കഴിഞ്ഞ് എട്ടരയ്ക്ക് തിരിച്ചെത്തി സ്‌കൂളിൽ പോകും. കോൺഗ്രസിന്റെ നല്ല കാലത്ത് കോൺഗ്രസുകാരനായിരുന്നു. മരിക്കുന്ന സമയത്ത് കമ്യൂണിസ്റ്റും. ഞങ്ങൾക്കെതിരെ ഒരു ആരോപണവും ഉന്നയിക്കാൻ കഴിയില്ല. എന്നിട്ടും ഞാൻ എങ്ങനെയാണ് പാർട്ടി ശത്രുവായത്?’’.
പാർട്ടി കേഡർമാർക്ക് അച്ഛനെ വരെ വിളിക്കാം എന്ന അവസ്ഥ അമ്പലപ്പുഴയിൽ എത്തി. ‘സുധാ- കുരൻ’ എന്നു വിളിച്ച് എന്നെ അധിക്ഷേപിച്ചു. ഇവർക്കെതിരെയൊന്നും നടപടിയുണ്ടായില്ല. പാർട്ടിജീവിതം നടത്തുന്ന ഒരാളെ എന്തിനാണ് വ്യക്തിഹത്യ നടത്തുന്നത്? വ്യക്തിഹത്യ പാർട്ടിയെ നശിപ്പിക്കും. ഇത് ആസ്വദിക്കുന്നവർ പാർട്ടിയിലുണ്ട്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യും’’.
‘‘മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റുകാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണമെന്നാണ് ഞങ്ങൾ പഠിച്ചിരിക്കുന്നത്. വരുമാനത്തിൽ കവിഞ്ഞുള്ള സ്വത്ത് ആർജിച്ചുകൂടാ. അതാണോ നമ്മൾ കാണുന്നത്? എനിക്ക് അഭിമാനപൂർവം ഇതെല്ലാം പറയാൻ പറ്റും. അടിയന്തരാവസ്ഥയുടെ ഏഴാം ദിവസം എസ്.എഫ്.ഐ അഖിലേന്ത്യ പഠിപ്പുമുടക്ക് നടത്തുകയാണ്. എന്റെ എൽ.എൽ.ബി പരീക്ഷ തുടങ്ങുന്ന ദിവസമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ഞങ്ങൾ 23 പേർ ഇന്ദിരാഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ച് സെക്രട്ടറിയേറ്റു മുന്നിലേക്ക് പോയി. നോക്കിനിന്നവർ ഒരാളും ഞങ്ങനെ കൈയുയർത്തി അഭിവാദ്യം ചെയ്തതുപോലുമില്ല. പൊലീസ് ഓരോരുത്തരെയും അടിച്ച് ജിപ്പീലേക്കിട്ടു. സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നെ ഒന്നും ചെയ്തില്ല. അന്നാണ് എനിക്ക് വാച്ച് നഷ്ടമായത്. പിന്നെ ഞാൻ വാച്ച് കെട്ടിയിട്ടില്ല. 22ാം വയസ്സിലാണ് പാർട്ടി ജില്ലാ കമ്മിറ്റി അംഗമായത്. റോസാ പൂ വിരിച്ച പാതയിലൂടെയല്ല ഞാൻ വന്നത്. ഒരു പാട് മർദ്ദനങ്ങളും ഗുണ്ടായിസവും നേരിട്ടു. ലളിത ജീവിതം ഉപേക്ഷിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നൂറു ശതമാനം കൂറു പുലർത്തി, ഇനിയും പുലർത്തും. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. ഒരു വർഗീയതയുമായും യോജിപ്പില്ല. ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയത അപകടകരമാണ്. ദുരിതമനുഭവിക്കുന്നവരുടെ കൂടെയാണ് ഇന്നും നാളെയും’’.

‘‘അഭിപ്രായങ്ങൾ തുറന്നു പറയുന്നു എന്നത് പ്ലസ് പോയന്റാണ്. കമ്യൂണിസ്റ്റുകാർ സ്വാഭിപ്രായം നിർഭയം തുറന്നു പറയും എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ അവസാന ഭാഗത്ത് മാർക്‌സ് പറയുന്നുണ്ട്. പാർട്ടി രഹസ്യങ്ങളല്ല പറയുന്നത്;. അതിപ്പോൾ കുറവുമാണല്ലോ’’.
‘‘രണ്ടു തവണ മന്ത്രിയായില്ലേ, അയാൾക്ക് ഇനി എന്താണ് വേണ്ടത്’’ എന്നാണ് ഉത്തരവാദപ്പെട്ടവർ പോലും ചോദിക്കുന്നത്. ഇങ്ങനെ ഒരിക്കലൂം ചാേദിക്കരുത്. എത്ര തവണ മന്ത്രിയായി എന്നല്ല, ആ സ്ഥാനം ഉപയോഗിച്ച് നാട്ടുകാർക്ക് എന്തു ചെയ്തു എന്നാണ് ചോദിക്കേണ്ടത്. രണ്ടു തവണ മന്ത്രിയായ ഡോ. തോമസ് ഐസക്കിനോട് എന്താണ് ഇങ്ങനെ ചോദിക്കാത്തത്? ആരിഫിനോട് എന്താണ് ചോദിക്കാത്തത്?. ചോദിക്കാൻ പാടില്ല. എന്നോടും ചോദിക്കാൻ പാടില്ല. സ്ഥാനാർഥിയാകാത്തതല്ല എന്റെ പ്രശ്‌നം. ഇപ്പോൾ തന്നെ 12 പേർ മൂന്നാമത്തെ തവണയാണ് മത്സരിക്കുന്നത്’’.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാമ്പയിനിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന എളമരം കരീമിന്റെ നേതൃത്വത്തിലുള്ള കമീഷന്റെ റിപ്പോർട്ട് കള്ള റിപ്പോർട്ടാണ് എന്ന് സുധാകരൻ പറഞ്ഞു: ‘‘അമ്പലപ്പുഴയിൽ പാർട്ടി സ്വാധീനം കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായി. ചിലർ മത്സരിക്കുമ്പോൾ ജനം തിരിച്ച് വോട്ട് ചെയ്യുകയാണ്’’.
‘‘ആ റിപ്പോർട്ടിലൂടെ എന്നെ പുറത്താക്കുകയായിരുന്നു ലക്ഷ്യം. അത് നടന്നില്ല. സ്‌റ്റേറ്റ് കമ്മിറ്റി കഴിഞ്ഞ് എന്നെ താക്കീത് ചെയ്തു. ജാഗ്രത പാലിച്ചില്ല എന്നാണ് പറഞ്ഞത്. അതു കഴിഞ്ഞ് പിണറായി സഖാവ് വിളിച്ച്, വിഷമിക്കേണ്ട എന്നു പറഞ്ഞു. കോടിയേരിയും ആശ്വസിപ്പിച്ചു. നല്ല ഭൂരിപക്ഷത്തിന് ജയിച്ചിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരാതി വന്നത് എന്ന് എന്താണ് അന്വേഷിക്കാത്തത്? ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. അത് എന്താണ് അന്വേഷിക്കാത്തത്?’’.
ഇത്തരം പീഡനങ്ങളുണ്ടായിട്ടും അംഗത്വം ഒഴിഞ്ഞില്ലെന്നും എന്നാൽ, മുമ്പില്ലാത്ത രീതിയിൽ പാർട്ടി അംഗങ്ങൾ തന്നെ ആക്ഷേപിക്കാൻ തുടങ്ങിയതോടെയാണ് ഇപ്പോഴത്തെ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘‘രാജ്യസഭയിൽ ആറു വർഷം കഴിഞ്ഞയുടൻ എളമരം കരീമിനെ ലോക്സഭയിലേക്ക് സ്ഥാനാർഥിയാക്കി. കോഴിക്കോട് സെക്യൂലറായ മുസ്‌ലിംകളുള്ള മണ്ഡലമാണ്. അവിടെ ‘കരീമിക്ക’ എന്ന് പോസ്റ്റർ പതിച്ചു. എന്നിട്ടും തോറ്റു’’.
പാർട്ടിക്കെതിരെയല്ല താൻ എന്ന് ആവർത്തിക്കുമ്പോഴും സി.പി.എമ്മിനെതിരായ വലിയ പോരാട്ടത്തിനുതന്നെയാണ് ജി. സുധാകരൻ കച്ച മുറുക്കുന്നത്. അതിനെ നേരിടാൻ സി.പി.എമ്മിന് വിയർപ്പൊഴുക്കേണ്ടിവരുമെന്നുറപ്പാണ്. മുമ്പ് കെ.ആർ. ഗൗരിയെയും എം.വി. രാഘവനെയും പുറത്താക്കിയപ്പോൾ സ്വീകരിച്ച ശത്രുതാരാഷ്ട്രീയം മാറിയ കാലത്ത് ജി. സുധാകരനെതിരെ വിലപ്പോകുമോ എന്നതും കണ്ടറിയണം.
