ഭരണവും
ഒരു പ്രതിപക്ഷ
രാഷ്ട്രീയമാണ്

ജയിച്ചാലും തോറ്റാലും ശക്തമായ ഇടതുബദൽ ഉണ്ടായിരിക്കുകയെന്നത് ഇന്ത്യയിലിപ്പോൾ കേരളത്തിനുമാത്രം നൽകാൻ കഴിയുന്ന സന്ദേശമാണ്. കേരളത്തിൽ ഇടതുജനാധിപത്യരാഷ്ട്രീയം വീണ്ടും ഭരണത്തിൽ വരിക എന്നതിനെ ഒരു പാതകമായിക്കാണുന്ന തുടർഭരണ വിരുദ്ധ വ്യവഹാരത്തെ താൻ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നു എന്നത് വിശദീകരിക്കുകയാണ് ഡോ. ടി.ടി. ശ്രീകുമാർ.

കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ, ഇതുമായി ബന്ധപ്പെട്ട ചർച്ചയെ കേവലമായ തെരഞ്ഞെടുപ്പ് ഗണിതത്തിലേക്കോ രണ്ട് മുന്നണികൾ തമ്മിലുള്ള മത്സരത്തിന്റെ പരിവൃത്തലേക്കോ മാത്രമായി ചുരുക്കാൻ കഴിയില്ല. സമൂഹങ്ങൾ അവരുടെ കൂട്ടായ ഭാവിയുടെ ദിശയെക്കുറിച്ച് ചിന്തിക്കുന്ന നിമിഷങ്ങളാണ് തെരഞ്ഞെടുപ്പുകൾ. നവലിബറൽ മുതലാളിത്തത്തിന്റെ ആഴമേറിയ പ്രതിസന്ധികളും ഇന്ത്യയിലുടനീളം ഹിന്ദുത്വ മതഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഉയർച്ചയും ഒരേസമയം അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിൽ, കേരളത്തിനു മുന്നിലുള്ള ചോദ്യം വളരെ സങ്കീർണ്ണമാണ്: സാമൂഹികനീതി, പൊതുജനക്ഷേമം, ബഹുസ്വരത എന്നിവയിൽ ചരിത്രപരമായി അഭിമാനിക്കുന്ന ഒരു സമൂഹത്തെ ഏതുതരത്തിലുള്ള ജനാധിപത്യവും വികസനമാതൃകയും മുന്നോട്ടുനയിക്കണം എന്നതാണ് കാതലായ ചോദ്യം.

തുടർഭരണവിവാദവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11-ന് സാമൂഹികമാധ്യമ പോസ്റ്റിൽ സൂചിപ്പിച്ച ഒരു കാര്യം ഇവിടെ എടുത്തുപറയാൻ ആഗ്രഹിക്കുന്നു: “ഇടതുപക്ഷ- സിവിൽസമൂഹ രാഷ്ട്രീയം പ്രതിപക്ഷമാവുന്നത് ആഗോള നിയോലിബറൽ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നതിലൂടെയാണ്. ഭരണവും ആ അർത്ഥത്തിൽ ഒരു പ്രതിപക്ഷ പ്രവർത്തനമാണ്”.

ആഗോള ദക്ഷിണാർദ്ധത്തിലെ (Global south) ജനാധിപത്യവികസനത്തിന്റെ അനുഭവചരിത്രത്തിൽ ഒരു പ്രധാന പരീക്ഷണമായി കേരളം വളരെക്കാലമായി കണക്കാക്കപ്പെടുന്നുണ്ട്. ഭൂപരിഷ്കരണങ്ങൾ, ശക്തമായ പൊതുവിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങൾ, തദ്ദേശഭരണത്തിലൂടെയുള്ള വികേന്ദ്രീകരണം, സമത്വത്തിനായുള്ള സാമൂഹികപ്രസ്ഥാനങ്ങൾ, സംഘടിത തൊഴിലാളി മുന്നേറ്റങ്ങൾ, ദലിത്‌, സ്ത്രീ, ആദിവാസി, മത്സ്യതൊഴിലാളി സമരങ്ങൾ ഉൾപ്പടെയുള്ള നിരന്തരമായ വർഗ്ഗസമരങ്ങൾ, എന്നിവ ഭരണത്തിൽക്കൂടി ശക്തമായി പ്രതിഫലിച്ച പാരമ്പര്യം കേരളത്തിനുണ്ട്.

ഇന്ന് കേരളത്തിൽ ഒരു പ്രായോഗിക ഇടതുപക്ഷ-ജനാധിപത്യ ബദലിന്റെ അജണ്ട എന്തായിരിക്കണമെന്ന ചോദ്യം അതീവ പ്രസക്തമാവുന്നത് മാറുന്ന ലോകക്രമത്തിൽ കേരളത്തിന്റെ സ്ഥാനം മാറുന്നു എന്ന ബോധ്യത്തിൽനിന്നുകൂടി ആവേണ്ടതുണ്ട്.

എന്നാൽ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. "ലൂയി ബോണപാർട്ടിന്റെ പതിനെട്ടാം ബ്രൂമെയർ" (1852) എന്ന കൃതിയിൽ, 19-ാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവങ്ങൾ ഭൂതകാലത്തിൽ നിന്നല്ല, ഭാവിയിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളേണ്ടതെന്ന് കാൾ മാർക്സ് പറയുന്നുണ്ട്.

"19-ാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവത്തിന് അതിന്റെ കവിത ഭൂതകാലത്തിൽ നിന്ന് രചിക്കാൻ കഴിയില്ല, മറിച്ച് ഭാവിയെ മുൻനിർത്തിയേ കഴിയൂ” എന്നാണ് അദ്ദേഹം പറയുന്നത്.

മുൻകാല വിപ്ലവങ്ങളുടെ ചരിത്രപരമായ ഓർമ്മകൾ ആവശ്യമാണെങ്കിലും, പുതിയ നൂറ്റാണ്ടിലെ വിപ്ലവത്തിന് അതിന്റെ ഉള്ളടക്കം സാക്ഷാത്കരിക്കാൻ സ്വീകരിക്കേണ്ട തന്ത്രമായി "let the dead bury their dead" എന്ന ബൈബിൾ വചനമാണ് മാർക്സ് ഉദ്ധരിക്കുന്നത്.

നവലിബറൽ സാമ്പത്തിക സമ്മർദ്ദങ്ങൾ, കുടിയേറ്റം മൂലമുണ്ടാകുന്ന സാമൂഹിക പരിവർത്തനം, രാഷ്ട്രീയത്തിന്റെ ഡിജിറ്റൈസേഷൻ, ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രവികാസം എന്നിവ പുതിയ സംഘർഷങ്ങൾ സൃഷ്ടിച്ച ഒരു പുതിയ കേരളമാണ് നമുക്കു മുന്നിലുള്ളത്. അതിനാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടുതൽ ആഴത്തിലുള്ള ഒരു പ്രതിഫലനത്തിന് കാരണമാകണം.

ഇന്ന് കേരളത്തിൽ ഒരു പ്രായോഗിക ഇടതുപക്ഷ-ജനാധിപത്യ ബദലിന്റെ അജണ്ട എന്തായിരിക്കണമെന്ന ചോദ്യം അതീവ പ്രസക്തമാവുന്നത് മാറുന്ന ലോകക്രമത്തിൽ കേരളത്തിന്റെ സ്ഥാനം മാറുന്നു എന്ന ബോധ്യത്തിൽനിന്നുകൂടി ആവേണ്ടതുണ്ട്‌.

ദലിത്‌, സ്ത്രീ, ആദിവാസി, മത്സ്യതൊഴിലാളി സമരങ്ങൾ ഉൾപ്പടെയുള്ള നിരന്തരമായ വർഗ്ഗസമരങ്ങൾ, എന്നിവ ഭരണത്തിൽക്കൂടി ശക്തമായി പ്രതിഫലിച്ച പാരമ്പര്യം കേരളത്തിനുണ്ട്.
ദലിത്‌, സ്ത്രീ, ആദിവാസി, മത്സ്യതൊഴിലാളി സമരങ്ങൾ ഉൾപ്പടെയുള്ള നിരന്തരമായ വർഗ്ഗസമരങ്ങൾ, എന്നിവ ഭരണത്തിൽക്കൂടി ശക്തമായി പ്രതിഫലിച്ച പാരമ്പര്യം കേരളത്തിനുണ്ട്.

നവലിബറലിസത്തിനപ്പുറമുള്ള
വികസന ദർശനം

കേരളത്തെ സംബന്ധിച്ച് പ്രധാന വെല്ലുവിളികളിലൊന്ന് വികസനദർശനം തന്നെയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ഇന്ത്യയിലുടനീളമുള്ള സാമ്പത്തികനയം നവലിബറൽ യുക്തിയിലൂടെ രൂപപ്പെട്ടതാണ് -സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം, ക്ഷേമരാഷ്ട്രസങ്കല്പത്തിന്റെ പിൻവാങ്ങൽ എന്നിവ ശക്തമായ സാമൂഹിക- ജനാധിപത്യ പാരമ്പര്യമുള്ള സംസ്ഥാനങ്ങൾ പോലും സ്വകാര്യമൂലധനം, അടിസ്ഥാന സൗകര്യങ്ങൾ നിർണ്ണയിക്കുന്ന വളർച്ച, വിപണി അധിഷ്ഠിത പരിഷ്കാരങ്ങൾ എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യം സംജാതമാക്കി. കേരളത്തിന് ഈ സമ്മർദ്ദങ്ങളിൽനിന്ന് പൂർണ്ണമായും രക്ഷപ്പെടാൻ കഴിയില്ല. അതേസമയം, കേരളത്തിന്റെ രാഷ്ട്രീയസംസ്കാരം വ്യത്യസ്തമായ ഒരു ദിശാബോധം ആവശ്യപ്പെടുകയും ചെയ്യുന്നു. വികസനം എന്നാൽ മൂലധനത്തെ ആകർഷിക്കുകയോ ഉപഭോഗം വർദ്ധിപ്പിക്കുകയോ ചെയ്യുക എന്നത് മാത്രമല്ല അർത്ഥമാക്കുന്നത്. മാനുഷിക നൈപുണികൾ ശക്തിപ്പെടുത്തുക, പാരിസ്ഥിതിക വിഭവങ്ങൾ സംരക്ഷിക്കുക, സാമൂഹികതുല്യത ഉറപ്പാക്കുക എന്നിവയുൾപ്പെടാതെ വികസന സൂചികയെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. അതിനാൽ, ഒരു പുരോഗമന പ്രകടനപത്രിക കേരളത്തിന്റെ ചരിത്രപരമായ ശക്തികളിൽ- വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സൃഷ്ടിപരമായ (creative) വ്യവസായങ്ങൾ, ഡിജിറ്റൽ വിജ്ഞാനമേഖലകൾ എന്നിവയിൽ- ഊന്നുന്ന ഒരു വിജ്ഞാനാധിഷ്ഠിത, പരിസ്ഥിതി സുസ്ഥിര സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതേസമയം സംസ്ഥാനത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് വേർതിരിക്കുന്ന ക്ഷേമപ്രതിബദ്ധതകൾ സംരക്ഷിക്കുകയുംവേണം.

കഴിഞ്ഞ ദശകത്തിൽ, വർദ്ധിച്ചുവരുന്ന അധികാര കേന്ദ്രീകരണത്തിനെതിരെ നിലയുറപ്പിച്ചുകൊണ്ട്, ഇന്ത്യൻ ഫെഡറലിസത്തിന്റെ രാഷ്ട്രീയതത്വങ്ങളെ കേരളം ആവർത്തിച്ച് പ്രതിരോധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദ്രുതഗതിയിലുള്ള വികാസം, ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലെ അസമത്വ നിർമ്മാർജ്ജനം, സർവകലാശാലാ പാഠ്യപദ്ധതികളുടെ അമിതമായ നിയോലിബറൽ ഉള്ളടക്കത്തിന്റെ വിമർശനം എന്നിവയിൽ ഗൗരവമായ ശ്രദ്ധ ആവശ്യമാണ്. കേന്ദ്രസർക്കാരിന്റെ നവവിദ്യാഭ്യാസനയത്തിന്റെ കാർക്കശ്യങ്ങൾക്ക് വഴങ്ങേണ്ടിവരുന്ന പശ്ചാത്തലത്തിൽ ഇവയെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ വിശകലനങ്ങൾ ആവശ്യമായിവരുന്നു. പരിഷ്കാരങ്ങൾ പൊതുസർവകലാശാലകളെ ശക്തിപ്പെടുത്തുകയും ഗവേഷണത്തെയും വിവിധ വിഷയങ്ങളിലുള്ള പഠനത്തെയും പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസം പൂർണ്ണമായും വാണിജ്യസംരംഭമായി മാറാൻ അനുവദിക്കാതെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുകയും വേണമെന്നതാണ് പ്രധാനം.

ആരോഗ്യമേഖലയും സമാന വൈരുദ്ധ്യങ്ങൾ നേരിടുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ താരതമ്യേന ശക്തമായി തുടരുന്നുണ്ട്. എന്നാൽ സ്വകാര്യ ആരോഗ്യ സംരക്ഷണത്തിന്റെ വർദ്ധിച്ചുവരുന്ന ചെലവുകൾ, പ്രായമാകുന്ന ജനസംഖ്യ എന്ന അതീവ ഗുരുതരമായ സാമൂഹിക പ്രശ്നം, അത് പൊതു ആരോഗ്യമേഖലക്ക് സൃഷ്ടിക്കുന്ന സമ്മർദ്ദം എന്നിവ അവഗണിക്കാൻ കഴിയുന്നതല്ല. രോഗാതുരതയുടെ സൂചികയിൽ ഇപ്പോഴും കേരളം മുന്നിലാണ്, ഇതിനുള്ള പ്രധാന കാരണം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതാണ്. അതുകൊണ്ടുതന്നെ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തൽ, പ്രതിരോധ വൈദ്യപഠനത്തിൽ കൂടുതൽ നിക്ഷേപം, സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കൽ, പൊതു ഇൻഷുറൻസ് പരിരക്ഷ വികസിപ്പിക്കൽ എന്നിവ ഏതൊരു വികസന അജണ്ടയുടെയും ഭാഗമായിരിക്കണം.

കേന്ദ്രസർക്കാരിന്റെ നവവിദ്യാഭ്യാസനയത്തിന്റെ കാർക്കശ്യങ്ങൾക്ക് വഴങ്ങേണ്ടിവരുന്ന പശ്ചാത്തലത്തിൽ ഇവയെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ വിശകലനങ്ങൾ ആവശ്യമായിവരുന്നു.
കേന്ദ്രസർക്കാരിന്റെ നവവിദ്യാഭ്യാസനയത്തിന്റെ കാർക്കശ്യങ്ങൾക്ക് വഴങ്ങേണ്ടിവരുന്ന പശ്ചാത്തലത്തിൽ ഇവയെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ വിശകലനങ്ങൾ ആവശ്യമായിവരുന്നു.

ഫെഡറലിസത്തിനുമേലുള്ള രാഷ്ട്രീയസമ്മർദ്ദങ്ങൾ

ഇന്ത്യൻ ഫെഡറലിസത്തിന്റെ ഘടനാപരമായ പ്രതിസന്ധിയാണ് മറ്റൊരു പ്രധാന പ്രശ്നം. വർദ്ധിച്ചുവരുന്ന ധനകാര്യ കേന്ദ്രീകരണം, ഗവർണർമാരുടെ രാഷ്ട്രീയവൽക്കരണം, സംസ്ഥാന സ്വയംഭരണത്തിന്റെ മേലുള്ള ആപൽക്കരമായ കടന്നുകയറ്റങ്ങൾ എന്നിവ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ സംഘർഷങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചരിത്രപരമായി ശക്തമായ ക്ഷേമച്ചെലവുകളെ ആശ്രയിച്ചിരുന്ന കേരളത്തിന്, കടം വാങ്ങുന്നതിലുള്ള നിയന്ത്രണങ്ങളും കേന്ദ്രക്കൈമാറ്റങ്ങളുടെ വിഹിതം കുറയുന്നതും നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നത് വിസ്മരിക്കാവില്ല.

അതിനാൽ ഭാവിയിലേക്കുള്ള ഒരു രാഷ്ട്രീയ പരിപാടി വ്യക്തമായ ഫെഡറൽ ദർശനത്തിനുള്ള ഇച്ഛാശക്തി കാണിക്കുന്നതാവണം – സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, ധനകാര്യ സ്വയംഭരണം ശക്തിപ്പെടുത്തുക, സമാനമായ സമ്മർദ്ദങ്ങൾ നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി സഖ്യങ്ങൾ കെട്ടിപ്പടുക്കുക എന്നിവ പ്രധാനമാണ്. ഇന്ത്യയിലെ ജനാധിപത്യ ബഹുസ്വരത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽനിന്ന് ഫെഡറലിസത്തിനായുള്ള പോരാട്ടം വേർതിരിക്കാനാവില്ല. കഴിഞ്ഞ ദശകത്തിൽ, വർദ്ധിച്ചുവരുന്ന അധികാര കേന്ദ്രീകരണത്തിനെതിരെ നിലയുറപ്പിച്ചുകൊണ്ട്, ഇന്ത്യൻ ഫെഡറലിസത്തിന്റെ രാഷ്ട്രീയതത്വങ്ങളെ കേരളം ആവർത്തിച്ച് പ്രതിരോധിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരുകൾ ഉൾപ്പെടുന്ന കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വർദ്ധിച്ചുവരുന്ന സാന്നിദ്ധ്യമാണ് രാഷ്ട്രീയമായി ചോദ്യംചെയ്യപ്പെടേണ്ടത്

എഫ്‌ ആർ‌ ബി‌ എം ചട്ടക്കൂടിന് കീഴിലുള്ള സംസ്ഥാനത്തിന്റെ വായ്പാപരിധികളിലെ നിയന്ത്രണങ്ങൾ, ധനകാര്യ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്ന ജി എസ് ടി നഷ്ടപരിഹാരത്തിലെ കാലതാമസവും അനിശ്ചിതത്വവും, ബില്ലുകൾ തടഞ്ഞുവയ്ക്കൽ, സർവകലാശാലാഭരണത്തിലെ ഇടപെടലുകൾ തുടങ്ങി നിരവധി പോർമുഖങ്ങൾ കേന്ദ്രസർക്കാർ തുറക്കുകയുണ്ടായി. പൗരത്വഭേദഗതിനിയമം ഭരണഘടനാ മതേതരത്വത്തെയും ഫെഡറലിസത്തിന്റെ ആത്മസത്തയേയും ലംഘിക്കുന്നുവെന്ന് വാദിച്ചുകൊണ്ട് കേരളത്തിന് അഭൂതപൂർവമായ നടപടികൾ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്.

കൃഷിയുടെ കാര്യത്തിൽ, ഭരണഘടനാപരമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ, സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ കേന്ദ്രസർക്കാർ കാർഷികനിയമങ്ങൾ നടപ്പിലാക്കിയപ്പോഴും സമാനമായ സംഘർഷങ്ങൾ ഉയർന്നുവന്നു. സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വർദ്ധിച്ചുവരുന്ന ഇടപെടൽ രാഷ്ട്രീയ ഫെഡറലിസത്തെക്കുറിച്ചും കൂടുതൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

2018-ലെ വെള്ളപ്പൊക്ക സമയത്ത്, ദുരന്തനിവാരണത്തിനും വിദേശസഹായത്തിനും ഏർപ്പെടുത്തിയ പരിമിതികളെ കേരളം വിമർശിച്ചത് രാഷ്ട്രീയമായി ശരിയായിരുന്നു. അടിസ്ഥാന സൗകര്യപദ്ധതികൾക്കുള്ള അനുമതികളിലെ കാലതാമസം കേന്ദ്രത്തിന്റെ ഭരണപരമായ സ്വാധീനത്തെ കൂടുതൽ വിശദമാക്കുന്നതാണ്. അതൊരിക്കലും ചില പദ്ധതികൾക്കെതിരെ കേരളത്തിൽ ജനകീയസമരങ്ങൾ ഉണ്ടായി എന്നതിന്റെ പേരിലായിരുന്നില്ല.

ഒരുമിച്ച് നോക്കിയാൽ കാണുന്ന ചിത്രം, ഫെഡറലിസം കേന്ദ്രം കാറ്റിൽ പരത്തുകയാണ് എന്നതാണ്. വർദ്ധിച്ചുവരുന്ന കേന്ദ്രീകൃത രാഷ്ട്രീയസംവിധാനത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് ലഭ്യമായ ധനകാര്യ, ഭരണപരമായ ഇടം ചുരുങ്ങുന്നുവന്നത് കേരളത്തെപ്പോലെ ഒരു പ്രദേശത്തെ അസാമാന്യമാംവിധം കുഴക്കുന്നുണ്ട്.

കൃഷിയുടെ കാര്യത്തിൽ, ഭരണഘടനാപരമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ, സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ കേന്ദ്രസർക്കാർ കാർഷികനിയമങ്ങൾ നടപ്പിലാക്കിയപ്പോഴും സമാനമായ സംഘർഷങ്ങൾ ഉയർന്നുവന്നു.
കൃഷിയുടെ കാര്യത്തിൽ, ഭരണഘടനാപരമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ, സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ കേന്ദ്രസർക്കാർ കാർഷികനിയമങ്ങൾ നടപ്പിലാക്കിയപ്പോഴും സമാനമായ സംഘർഷങ്ങൾ ഉയർന്നുവന്നു.

കേന്ദ്ര ഏജൻസികളും രാഷ്ട്രീയ ഫെഡറലിസവും തമ്മിലുള്ള ബന്ധം അവർ നടത്തുന്ന അന്വേഷണങ്ങളുടെ രാഷ്ട്രീയപശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാവുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ ഉൾപ്പെടുന്ന കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വർദ്ധിച്ചുവരുന്ന സാന്നിദ്ധ്യമാണ് രാഷ്ട്രീയമായി ചോദ്യംചെയ്യപ്പെടേണ്ടത്. പ്രതിപക്ഷം ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളെപ്പോലെ, കേന്ദ്ര ഏജൻസികളുടെ വർദ്ധിച്ചുവരുന്ന ഇടപെടൽ ചിലപ്പോൾ സംസ്ഥാന സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും ഭരണപരമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രീയശക്തിയായി പ്രവർത്തിക്കുന്നുവെന്നത് കേരളത്തിന്റെയും അനുഭവമാണ്.

വർഗീയ ധ്രുവീകരണവും
സാമൂഹിക ഘടനയും

താരതമ്യേന ചെറിയ സംഘർഷങ്ങളോടെ വ്യത്യസ്ത മതവിഭാഗങ്ങൾ ജീവിച്ചിരുന്ന ഒരു ബഹുസ്വര സാംസ്കാരിക പാരമ്പര്യം- കുറെയൊക്കെ അത് ഡെല്യൂഷണൽ ആണെങ്കിലും- കേരളം വളരെക്കാലമായി ആഘോഷിച്ചുവരുന്നുണ്ട്. എന്നാൽ സമീപവർഷങ്ങളിൽ വർദ്ധിച്ചുവരുന്ന വർഗീയ ധ്രുവീകരണത്തിന്റെ ലക്ഷണങ്ങൾ സംസ്ഥാനത്തെ അമ്പരപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്രചാരണത്തിലൂടെയും സങ്കുചിത ഹിന്ദുത്വദേശീയ രാഷ്ട്രീയവിവരണങ്ങൾ പലപ്പോഴും കേരളത്തെ പ്രത്യയശാസ്ത്രസംഘർഷത്തിന്റെ ഒരു സ്ഥലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. മതപരമായ സങ്കുചിതത്വത്തിന്റെ വളർച്ച തടയുന്നതിന് ഭരണപരമായ നടപടികളേക്കാൾ കൂടുതൽ ആവശ്യമാണ്. മതേതര പൗരസംസ്കാരം, അന്തർ-സമൂഹ സംവാദം, ജനാധിപത്യ വിദ്യാഭ്യാസം എന്നിവയുടെ കേരളത്തിന്റെ ചരിത്രപരമായ പാരമ്പര്യങ്ങൾ പുതുക്കേണ്ടതുണ്ട്. അവയിൽ ആഴത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ദലിത് വിരുദ്ധ- ഇസ്ലാമോഫോബിക് പ്രത്യയശാസ്ത്രങ്ങളോട് കൂടുതൽ ശക്തിയായി പൊരുതേണ്ടതുണ്ട് സ്കൂളുകൾ, സർവകലാശാലകൾ, സാംസ്കാരിക സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവ സ്വത്വത്തെ ശത്രുതയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളെ ബോധപൂർവ്വം ചെറുക്കുക എന്നത് പ്രധാനമാണ്. സമുദായസമാഹരണം ഉൾപ്പെടുന്ന ഹ്രസ്വകാല തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾ കേരളത്തിന്റെ ജനാധിപത്യ ജീവിതം ആശ്രയിച്ചിരിക്കുന്ന സാമൂഹിക ഐക്യത്തെ ക്രമേണ ഇല്ലാതാക്കുമെന്ന് രാഷ്ട്രീയപാർട്ടികൾ തിരിച്ചറിയെണ്ടതുണ്ട്.

സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ജനാധിപത്യത്തെ ആഴത്തിലാക്കുകയും രാഷ്ട്രീയ കാഴ്ചപ്പാടുകളെ വൈവിധ്യവൽക്കരിക്കുകയും ചെയ്യുമെന്ന തിരിച്ചറിവ് കേരളത്തിലെ രണ്ട് പ്രധാന രാഷ്ട്രീയ മുന്നണികൾക്കും ഉണ്ടെന്നാണ് എന്റെ വിലയിരുത്തൽ.

ഇതിന് അനുപൂരകമായ ചില അടിസ്ഥാനപ്രശ്നങ്ങൾ അഭിമുഖീകരിക്കപ്പെടാതെ ബാക്കിയായിട്ടുണ്ട്. കേരളത്തിന് പുരോഗമനപരമായ വലിയ പ്രതിച്ഛായ ഉണ്ടായിരുന്നിട്ടും, രാഷ്ട്രീയ പ്രാതിനിധ്യം അസമമായി തുടരുന്നു. രണ്ട് പ്രധാന മുന്നണികളിലെയും അധികാരസ്ഥാനങ്ങളിൽ ദലിത്, ആദിവാസി സമൂഹങ്ങൾക്ക് പ്രാതിനിധ്യം കുറവാണ് എന്ന യാഥാർത്ഥ്യം അവർ തന്നെ അംഗീകരിച്ചിട്ടുണ്ട്. വാചാടോപത്തിലൂടെ മാത്രം സാമൂഹികനീതി നിലനിർത്താൻ കഴിയില്ല; അത് രാഷ്ട്രീയപങ്കാളിത്തം, നേതൃത്വപരമായ അവസരങ്ങൾ, നയമുൻഗണനകൾ എന്നിവയിൽ പ്രതിഫലിക്കണം. അതുണ്ടാവുന്നുണ്ടോ എന്ന ആത്മവിമർശനത്തിൽ ഊന്നിയാവണം പ്രകടനപത്രികകളും സ്ഥാനാർഥിലിസ്റ്റുകളും ഉണ്ടാവേണ്ടത്.

നിയമനിർമ്മാണസഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം വേണമെന്ന ആവശ്യം പൂർത്തിയാകാത്ത ഒരു ജനാധിപത്യ അജണ്ടയായി തുടരുന്നു. സ്ത്രീവിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളം പുരോഗതി കൈവരിച്ചിട്ടുണ്ട്, എന്നിട്ടും രാഷ്ട്രീയ പ്രാതിനിധ്യം ഇപ്പോഴും പിന്നിലാണ്. സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ജനാധിപത്യത്തെ ആഴത്തിലാക്കുകയും രാഷ്ട്രീയ കാഴ്ചപ്പാടുകളെ വൈവിധ്യവൽക്കരിക്കുകയും ചെയ്യുമെന്ന തിരിച്ചറിവ് കേരളത്തിലെ രണ്ട് പ്രധാന രാഷ്ട്രീയ മുന്നണികൾക്കും ഉണ്ടെന്നാണ് എന്റെ വിലയിരുത്തൽ. എന്നാൽ പ്രായോഗികമായി ഈ കാഴ്ചപ്പാട് മൂർത്തമായി ഉൾക്കൊള്ളുകയും നടപ്പിലാക്കപ്പെടുകയും വേണം.

നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം വേണമെന്ന ആവശ്യം പൂർത്തിയാകാത്ത ഒരു ജനാധിപത്യ അജണ്ടയായി തുടരുന്നു. സ്ത്രീവിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളം പുരോഗതി കൈവരിച്ചിട്ടുണ്ട്, എന്നിട്ടും രാഷ്ട്രീയ പ്രാതിനിധ്യം ഇപ്പോഴും പിന്നിലാണ്.
നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം വേണമെന്ന ആവശ്യം പൂർത്തിയാകാത്ത ഒരു ജനാധിപത്യ അജണ്ടയായി തുടരുന്നു. സ്ത്രീവിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളം പുരോഗതി കൈവരിച്ചിട്ടുണ്ട്, എന്നിട്ടും രാഷ്ട്രീയ പ്രാതിനിധ്യം ഇപ്പോഴും പിന്നിലാണ്.

"രോഹിത് ആക്ട്" (രോഹിത് വെമുല ആക്ട്) എന്നത് 2026-ൽ കർണാടക സർക്കാർ മുന്നോട്ടുവച്ച നിർദ്ദിഷ്ട വിവേചനവിരുദ്ധ നിയമമാണ്, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽനിന്നും ഒഴിവാക്കലിൽനിന്നും എസ്‌ സി, എസ് ടി, ഒ ബി സി സമുദായങ്ങളിലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ദലിത് പീഡനം അഡ്രസ്സ് ചെയ്യുന്നതിനും പരിഹരിക്കുന്നതിനും സുരക്ഷിതത്വവും തുല്യതയും ഉൾക്കൊള്ളുന്നതുമായ ഒരു കാമ്പസ് അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ആന്തരിക കമ്മിറ്റികൾ സ്ഥാപിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്ഥാപനപരമായ പ്രശ്‌നങ്ങളെ തുടർന്ന് 2016-ൽ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർഥി രോഹിത് വെമുലയുടെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. സർവകലാശാലകളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം തടയുന്നതിലൂടെ സമാനമായ സംഭവങ്ങൾ തടയുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നിയമം ബാധകമാണ്. ക്യാമ്പസ് ക്രമീകരണങ്ങൾക്കുള്ളിലെ വിവേചനം പരിഹരിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സിവിൽ നിയമമാകാൻ ഉദ്ദേശിച്ചുള്ളതാണ് നിർദ്ദിഷ്ട നിയമം. ഇതിനു സമാനമായ ഒരു നിയമം കേരളത്തിനും ആവശ്യമുണ്ട്. ഇതിനുപുറമേ സംവരണനിയമങ്ങൾ പാലിക്കപ്പെടുന്നു എന്നത് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും സൃഷ്ടിക്കപ്പെടുകയോ ശക്തിപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ,
മൊബിലിറ്റി, പൊതുഗതാഗതം

സാമ്പത്തിക വികസനം ദൈനംദിന അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തിൽ നിന്ന് വേർതിരിക്കാനാവാത്തതാണ്. പ്രത്യേകിച്ച് ആളുകളെ സുരക്ഷിതമായും, താങ്ങാനാവുംവിധവും, കാര്യക്ഷമമായും യാത്രചെയ്യാൻ അനുവദിക്കുന്ന മൊബിലിറ്റി സംവിധാനങ്ങൾ ഉണ്ടാവുക എന്നത് പ്രധാനമാണ്. കേരളത്തിന്റെ ഇടതൂർന്ന ജനവാസരീതിയും പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ വ്യാപിച്ചുകിടക്കുന്ന രേഖീയ ഭൂമിശാസ്ത്രവും വ്യതിരിക്തമായ ഗതാഗത വെല്ലുവിളികൾ സൃഷ്ടിക്കുന്നുവന്നത് മറച്ചുവയ്ക്കുന്നതിൽ അർത്ഥമില്ല. മറ്റ് പല പ്രദേശങ്ങളിൽനിന്നും വ്യത്യസ്തമായി, ഹൈവേകൾക്ക് മാത്രം ചലനം നിലനിർത്താൻ കഴിയുന്ന വലിയ ഉൾപ്രദേശങ്ങൾ കേരളത്തിലില്ല. കേവലമായ വൻകിട റോഡ് വികസനം കൊണ്ടുമാത്രം തിരക്കും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന യാത്രാകാലതാമസവും പരിഹരിക്കാൻ കഴിയില്ല. സുസ്ഥിരമായ ഒരു മൊബിലിറ്റി സ്ട്രാറ്റജി സംയോജിത പൊതുഗതാഗത ശൃംഖലകളെ ശക്തിപ്പെടുത്താൻ ആവശ്യമാണ്.

ഇന്ന് കേരളം നേരിടുന്ന ഏറ്റവും ആഴത്തിലുള്ള ചോദ്യം ഇന്ത്യയിലുടനീളമുള്ള സമൂഹത്തിന്റെ വിശാലമായ വലതുപക്ഷവൽക്കരണമായി മാറിയിരിക്കുന്നു.

സംസ്ഥാനത്തിന്റെ വടക്ക്- തെക്ക് ഇടനാഴിയിൽ റെയിൽവേശേഷി വികസിപ്പിക്കൽ, സബർബൻ റെയിൽ സേവനങ്ങൾ മെച്ചപ്പെടുത്തൽ, സ്റ്റേഷനുകൾ നവീകരിക്കൽ എന്നിവ റോഡുകളിലെ സമ്മർദ്ദം ഗണ്യമായി കുറയ്ക്കും. കൊച്ചി മെട്രോ പോലുള്ള നഗരഗതാഗതസംരംഭങ്ങൾ മൾട്ടിമോഡൽ കണക്റ്റിവിറ്റിയിൽ ഉപയോഗപ്രദമായ പാഠങ്ങൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഫീഡർ ബസുകളും ജലഗതാഗതവുമായി സംയോജിപ്പിക്കുന്നതിലെ പ്രയോജനങ്ങൾ കൂടുതലായി തിരിച്ചറിയപ്പെടണം. കേരളത്തിലെ പരമ്പരാഗത ജലപാതകൾ ഉപയോഗബദ്ധമായ അവസരങ്ങൾ കാത്തുകിടക്കുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. കൊച്ചി വാട്ടർ മെട്രോപോലുള്ള പദ്ധതികൾ തീരദേശ, കായൽ പ്രദേശങ്ങളിൽ ഉൾനാടൻ ജലഗതാഗതം എങ്ങനെ പരിസ്ഥിതി സൗഹൃദബദലായി വർത്തിക്കുമെന്ന് തെളിയിക്കുന്നതും പ്രധാനമാണ്.

ആഗോളതലത്തിലുള്ള മാതൃകകൾ, ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനമുള്ള കുരിറ്റിബ (ബ്രസീൽ), സംയോജിത സൈക്ലിംഗും പൊതുഗതാഗത ശൃംഖലകളുമുള്ള ആംസ്റ്റർഡാം പോലുള്ള നഗരങ്ങൾ, മൊബിലിറ്റി പ്ലാനിംഗ് കാര്യക്ഷമതയും സുസ്ഥിരതയും എങ്ങനെ സംയോജിപ്പിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. അവയെക്കുറിച്ച് പഠിക്കുന്നത് നന്നായിരിക്കും. ബസ് ഇടനാഴികൾ, അവസാന മൈൽ കണക്റ്റിവിറ്റി, മോട്ടോറൈസ് ചെയ്യാത്ത ഗതാഗതം എന്നിവയ്ക്ക് മുൻഗണന നൽകുന്നതിലൂടെ കേരളത്തിന് സമാനമായ തത്വങ്ങൾ സ്വീകരിക്കാൻ കഴിയും. പൊതുഗതാഗതത്തിൽ നിക്ഷേപിക്കുന്നത് തിരക്കും മലിനീകരണവും കുറയ്ക്കുക മാത്രമല്ല, തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും പ്രായമായവർക്കും തുല്യമായ പ്രവേശനം ഉറപ്പാക്കുകയും അതുവഴി സാമ്പത്തിക ഉൽപ്പാദനക്ഷമതയും സാമൂഹിക ഉൾപ്പെടുത്തലും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതും നിയോലിബറൽ വിരുദ്ധഭരണത്തിന്റെ പ്രതിബദ്ധതയാണ്.

കേവലമായ വൻകിട റോഡ് വികസനം കൊണ്ടുമാത്രം തിരക്കും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന യാത്രാകാലതാമസവും പരിഹരിക്കാൻ കഴിയില്ല. സുസ്ഥിരമായ ഒരു മൊബിലിറ്റി സ്ട്രാറ്റജി സംയോജിത പൊതുഗതാഗത ശൃംഖലകളെ ശക്തിപ്പെടുത്താൻ ആവശ്യമാണ്.
കേവലമായ വൻകിട റോഡ് വികസനം കൊണ്ടുമാത്രം തിരക്കും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന യാത്രാകാലതാമസവും പരിഹരിക്കാൻ കഴിയില്ല. സുസ്ഥിരമായ ഒരു മൊബിലിറ്റി സ്ട്രാറ്റജി സംയോജിത പൊതുഗതാഗത ശൃംഖലകളെ ശക്തിപ്പെടുത്താൻ ആവശ്യമാണ്.

വലതുപക്ഷവൽക്കരണ
വെല്ലുവിളി

ആഗോളതലത്തിൽതന്നെ ഇടതുപക്ഷ- സോഷ്യലിസ്റ്റ് രാഷ്ട്രീയം കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ്. ഇന്ത്യയിൽ മാത്രമല്ല. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലെയും യൂറോപ്പിലേയും രാജ്യങ്ങളിലും ഇടതുപക്ഷ രാഷ്ട്രീയം സ്വന്തം സ്വത്വം നേടാനുള്ള പരിശ്രമത്തിലാണ്. ഡിജിറ്റൽ മൂലധനത്തിന്റെ അത്ഭുതകരമായ വളർച്ച ലോകത്തിലെ വർഗ്ഗസമരത്തിന്റെ സാഹചര്യങ്ങളെ മാറ്റിമാറിച്ചിട്ടുണ്ട്.

മൂലധന പ്രതിസന്ധികളിൽ കൂസാതെ ലോകത്തെ അടിസ്ഥാനവർഗ്ഗങ്ങളുടെ കൂടുതൽ പ്രാന്തവൽക്കരണത്തിനുള്ള അവസരമായി സാമ്പത്തികക്കുഴപ്പങ്ങളെ കാണുന്ന സമീപനത്തോടെ മൂലധന- ഭരണകൂട അച്ചുതണ്ട് നീങ്ങുകയാണ്. തൊഴിലാളിവർഗമാവട്ടെ, കൂടുതൽ ചിതറിയും ഒറ്റപ്പെട്ടും സ്വന്തം പാർട്ടികൾതന്നെ ശോഷിക്കുന്ന അവസ്ഥയിൽ രാഷ്ട്രീയമായ അസ്തിത്വപ്രതിസന്ധി നേരിടുന്നു. അതുകൊണ്ടാണ് കേരളത്തിൽ ഇടതുജനാധിപത്യരാഷ്ട്രീയം വീണ്ടും ഭരണത്തിൽ വരിക എന്നതിനെ ഒരു പാതകമായിക്കാണുന്ന തുടർഭരണ വിരുദ്ധ വ്യവഹാരത്തെ ഞാൻ ചോദ്യംചെയ്തത്. കാരണം അത് സോഷ്യലിസത്തിന്റെ ഇപ്പോഴത്തെ ആഗോള-ദേശീയ സാഹചര്യങ്ങൾ പഴയ സ്റ്റാലിനിസ്റ്റ് വിരുദ്ധ ചട്ടക്കൂടിൽമാത്രം മനസ്സിലാക്കുന്ന വലതുപക്ഷരാഷ്ട്രീയത്തിന്റെ അജണ്ടയിലേക്ക് ചുരുങ്ങിയ ശുഷ്കവിമർശനമായിരുന്നു.

ഇടതുപക്ഷ ബദൽ സാമ്പത്തിക നയങ്ങൾ മാത്രമല്ല, ബഹുസ്വരസ്വത്വങ്ങളും കൂട്ടായ ഐക്യദാർഢ്യവും സ്ഥിരീകരിക്കുന്ന ഒരു സാംസ്കാരിക ദർശനവും ആവിഷ്കരിക്കപ്പെടെണ്ടതുണ്ട്.

ജനാധിപത്യ ചർച്ചകളുടെ മാനദണ്ഡങ്ങൾ പലപ്പോഴും നഷ്ടമാകുന്ന ഡിജിറ്റൽ ഇടങ്ങളിൽ രാഷ്ട്രീയം കൂടുതൽ വികസിക്കുന്നത് നിഷേധാത്മകമായാണ് എന്ന പ്രശ്നം നമ്മുടെ മുന്നിലുണ്ട്. ട്രോളിംഗ്, ഫേക്ക് ന്യൂസ്, സംഘടിത പ്രചാരണശൃംഖലകൾ എന്നിവയിലൂടെയാണ് ഓൺലൈൻ സംവാദങ്ങൾ പലപ്പോഴും രൂപപ്പെടുന്നത്. ഡിജിറ്റൽ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾക്ക് ജനാധിപത്യമര്യാദകൾ നഷ്ടപ്പെടുമ്പോൾ, പൊതുമണ്ഡലംതന്നെ സംവാദശൂന്യതയിലേക്ക് അധഃപതിക്കുന്നു. ജനാധിപത്യപരമായ പ്രതികരണത്തിനുള്ള സാധ്യതകൾ നിലനിർത്തുന്നതിന് മാധ്യമ സാക്ഷരത ശക്തിപ്പെടുത്തുക, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കുക, സംഘടിതമായ കപട വിവരപ്രചാരണങ്ങൾക്ക് എതിരെ നിയമങ്ങൾ കർശനമാക്കുക എന്നിവ ആവശ്യമാണ്.

ഇത് ഒറ്റപ്പെട്ട പ്രതിഭാസമല്ല. വലതുപക്ഷവൽക്കരണത്തിന്റെ ആഗോള- ദേശീയ സാഹചര്യങ്ങൾ കേരളത്തിലും സജീവമാണ്. ഇന്ന് കേരളം നേരിടുന്ന ഏറ്റവും ആഴത്തിലുള്ള ചോദ്യം ഇന്ത്യയിലുടനീളമുള്ള സമൂഹത്തിന്റെ വിശാലമായ വലതുപക്ഷവൽക്കരണമായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പ് സമാഹരണത്തിലൂടെ മാത്രമല്ല, പൊതുഭാവനയെ പുനർനിർമ്മിക്കുന്ന സാംസ്കാരിക വിവരണങ്ങളിലൂടെയും ഹിന്ദുത്വ രാഷ്ട്രീയം വിജയിച്ചതിന്റെ പ്രത്യാഘാതമാണിത്. ഈ പ്രവണതയ്‌ക്കെതിരായ കേരളത്തിന്റെ പ്രതിരോധത്തിന് തെരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രം ആശ്രയിക്കാനാവില്ല. അതിന് ജനാധിപത്യ മതേതരത്വം, സാമൂഹികനീതി, ബൗദ്ധികമായ തുറന്നമനസ്സ് എന്നിവയുടെ പുതുക്കിയ പ്രത്യയശാസ്ത്ര പദ്ധതി ആവശ്യമാണ്. ഇടതുപക്ഷ ബദൽ സാമ്പത്തിക നയങ്ങൾ മാത്രമല്ല, ബഹുസ്വരസ്വത്വങ്ങളും കൂട്ടായ ഐക്യദാർഢ്യവും സ്ഥിരീകരിക്കുന്ന ഒരു സാംസ്കാരിക ദർശനവും ആവിഷ്കരിക്കപ്പെടെണ്ടതുണ്ട്.

തൊഴിലാളിവർഗമാവട്ടെ, കൂടുതൽ ചിതറിയും ഒറ്റപ്പെട്ടും സ്വന്തം പാർട്ടികൾതന്നെ ശോഷിക്കുന്ന അവസ്ഥയിൽ രാഷ്ട്രീയമായ അസ്തിത്വപ്രതിസന്ധി നേരിടുന്നു.
തൊഴിലാളിവർഗമാവട്ടെ, കൂടുതൽ ചിതറിയും ഒറ്റപ്പെട്ടും സ്വന്തം പാർട്ടികൾതന്നെ ശോഷിക്കുന്ന അവസ്ഥയിൽ രാഷ്ട്രീയമായ അസ്തിത്വപ്രതിസന്ധി നേരിടുന്നു.

വലതുപക്ഷവൽക്കരണഭീഷണി ശക്തമാവുന്ന സാഹചര്യത്തിൽ പ്രായോഗിക ഇടതുപക്ഷ ബദലിലേക്ക് കൂടുതൽ മുന്നേറുക എന്നത് കേരളത്തെ സംബന്ധിച്ച് അനിവാര്യമാണ്. ലോക ദക്ഷിണാർദ്ധത്തിൽ, കേരളം പോലുള്ള സമൂഹങ്ങൾ ഇരട്ടവെല്ലുവിളിയെ നേരിടുന്നു: നവലിബറൽ സാമ്പത്തിക പുനർനിർമ്മാണത്തിന്റെ സമ്മർദ്ദങ്ങളും ഭൂരിപക്ഷ ദേശീയതയുടെ പ്രത്യയശാസ്ത്ര ആക്രമണവും. ഒരു പ്രായോഗിക ഇടതുപക്ഷ ബദൽ ഇവയോടുള്ള സജീവമായ പ്രതികരണരാഷ്ട്രീയമാണ്. ഇതിനർത്ഥം പുതിയ സാമ്പത്തിക സാധ്യതകൾ സങ്കൽപ്പിക്കുന്നതിനിടയിൽ ക്ഷേമസ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നാണ്; വർഗീയ ധ്രുവീകരണത്തെ അഭിമുഖീകരിക്കുന്നതിനൊപ്പം ബഹുസ്വര സാംസ്കാരിക പാരമ്പര്യങ്ങളെ സംരക്ഷിക്കുക എന്നാണ്; രാഷ്ട്രീയത്തിലും ഡിജിറ്റൽ ജീവിതത്തിലും ജനാധിപത്യ ധാർമ്മികത പുതുക്കുക എന്നാണ്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്, മുന്നണികൾ തമ്മിലുള്ള മത്സരമെന്നതിനേക്കാൾ, അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ലോകത്ത് ജനാധിപത്യം, സമത്വം, മതേതര പൗരത്വം എന്നിവ പൊതുജീവിതത്തിന്റെ മാർഗ്ഗനിർദ്ദേശതത്വങ്ങളായി തുടരുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ജനവിധിയായി മാറേണ്ടതുണ്ട്. ജയിച്ചാലും തോറ്റാലും ശക്തമായ ഇടതുബദൽ ഉണ്ടായിരിക്കുകയെന്നത് ഇന്ത്യയിലിപ്പോൾ കേരളത്തിനുമാത്രം നൽകാൻ കഴിയുന്ന സന്ദേശമാണ്. ഇന്ത്യയിലേയും പൊതുവിൽ ദക്ഷിണാർദ്ധഗോളത്തിലേയും പുരോഗമന രാഷ്ട്രീയത്തിന് അത്തരമൊരു ഇടതുബദലിന്റെ കാഴ്ചപ്പാട് അനിവാര്യമായിരിക്കുന്ന രാഷ്ട്രീയസാഹചര്യമാണ് നിലനിൽക്കുന്നത്. ഭരണത്തെ നിയോലിബറൽവിരുദ്ധ, ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയമായി ഉയർത്തുന്നത്തിലൂടെയാണ് ഇടത്—സിവിൽസമൂഹരാഷ്ട്രീയം ഒരു പ്രതിപക്ഷ പ്രവർത്തനമായി മാറുന്നത്.


Summary: Left-wing civil society politics become oppositional by opposing global neoliberal ideology, Dr TT Sreekumar writes.


ഡോ. ടി.ടി.​ ശ്രീകുമാർ

ഹൈദരാബാദ് ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റിയിൽ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സിവിൽ സമൂഹം, വികസനാനന്തര സമൂഹം, സാഹിത്യം എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments