സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യമായി തുടർഭരണം സാധ്യമാക്കിയ ഇടതുപക്ഷ സർക്കാർ മൂന്നാം ഭരണാധികാരത്തിനു വേണ്ടിയുള്ള ശ്രമത്തിലാണ്. പത്ത് വർഷത്തെ ഭരണമികവ് വിവിധ മേഖലകളിലെ മനുഷ്യർക്ക് എപ്രകാരം പ്രയോജനപ്പെട്ടു എന്ന വസ്തുതാപരമായ കണക്കുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇതിനിടയിലും പരിഗണിക്കപ്പെടാതെ പോയ വസ്തുതകളെ കണ്ടെത്തുകയാണ് യു.ഡി.എഫ്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള വിമർശനങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പ് തന്നെ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. അതിനൊപ്പം ഇടതുപക്ഷത്ത് നിൽക്കുന്ന സ്ഥാനമോഹികളെ കണ്ടെത്തി തങ്ങളുടെ പക്ഷത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതൊക്കെ തെരഞ്ഞെടുപ്പിൽ സാധാരണ കാഴ്ചയാണ്.
അതിനപ്പുറം, തെരഞ്ഞെടുപ്പിൻ്റെ തുടക്കത്തിൽ യു.ഡി.എഫ് സ്വീകരിച്ച പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ സി.കെ. ജാനുവിനെ മുന്നണിയിൽ ഉൾപ്പെടുത്തിയതും കേരളത്തിലെ ദലിത് രാഷ്ട്രീയത്തെയും ധൈഷണിക പരിസരത്തെയും നിരന്തരം സംവാദത്തിലേക്ക് കൊണ്ടുവരുന്ന സണ്ണി എം കപിക്കാടിനെ വൈക്കത്ത് മത്സരിപ്പിക്കാനുള്ള തീരുമാനവുമായിരുന്നു.
കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിൽ പലതിലും പിന്നാക്ക സമുദായങ്ങളുടെ വോട്ടുകൾ ചിതറി കിടക്കുന്നുണ്ട്. അതൊരു നിർണായകവോട്ട് ബാങ്കായി മാറാത്തതിൻ്റെ കാരണം, ദലിത്-ആദിവാസി രാഷ്ട്രീയത്തെ ഒരു മുന്നണി സംവിധാനത്തിലേക്ക് രൂപപ്പെടുത്താൻ ഇക്കാലമത്രയുമായിട്ടും ആ മേഖലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ്.
2002-ലെ മുത്തങ്ങ ഭൂസമരത്തിന് ശേഷം, ജാനുവും എം. ഗീതാനന്ദനും നേതൃത്വം നൽകിയ ഭൂമിക്ക് വേണ്ടിയുള്ള രാഷ്ട്രീയസമരങ്ങളെ നിരന്തരം ബഹിഷ്കരിക്കുകയായിരുന്നു കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ. ഇത് ലിബറൽ ജനാധിപത്യ വ്യവഹാരങ്ങളിൽ പുറന്തള്ളപ്പെട്ട മനുഷ്യരുടെ ഇടമില്ലായ്മ തുറന്നുകാട്ടുന്നതായിരുന്നു. ജനാധിപത്യ പൗരാവകാശങ്ങൾ ഭരണഘടനാപരമായി നിലനിൽക്കുമ്പോഴും ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ആദിവാസി/ ദലിത്/പിന്നാക്ക വിഭാഗങ്ങൾ മുഖ്യധാരാ വികസന പരിസരങ്ങളിൽ നിന്ന് നിരന്തരം പുറന്തള്ളപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. പുറന്തള്ളുക എന്നതാണ് ജാതിയുടെ പൊതുസ്വഭാവം എന്ന് അംബേദ്കർ നിരീക്ഷിക്കുന്നുണ്ട്.

എന്നാൽ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളം നേടിയെടുത്ത മാതൃകാപരമായ ജീവിതസാഹചര്യവും സാംസ്കാരിക പുരോഗതിയും രാഷ്ട്രീയ ഔന്നത്യവും പിന്നാക്ക വിഭാഗങ്ങൾക്ക് എത്രമാത്രം പ്രയോജനപ്പെട്ടു എന്നത് ഇപ്പോഴും പ്രധാനമായ ചോദ്യമാണ്. ഭരണത്തിന്റെ രണ്ടാം ഘട്ടത്തിൽ കേരളത്തെ അതിദരിദ്ര സംസ്ഥാനമായി സർക്കാർ പ്രഖ്യാപിച്ചപ്പോഴും കോളനികളിലും കുടിലുകളിലും ലക്ഷം വീടുകളിലും ജീവിക്കുന്ന ആയിരക്കണക്കിന് ദലിത്/ആദിവാസി മനുഷ്യർ കേരളത്തിലുണ്ട്. അവർക്ക് വേണ്ടി ജനാധിപത്യാധികാര സ്ഥാനങ്ങളിൽ ശബ്ദിക്കാൻ ആരുണ്ട് എന്നതാണ് എപ്പോഴത്തെയും പ്രധാന ചോദ്യം.
പലപ്പോഴും അധികാരത്തിൽ വരുന്ന സർക്കാരിൽ ദലിത് വിഭാഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് മന്ത്രിമാർ ഉണ്ടാകാറുണ്ട്. എന്നാൽ ആ മന്ത്രിമാർ വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടിയുടെ നയപരിപാടികൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കാറുള്ളത്. കാരണം, അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമായവരാണ് അത്തരം നേതൃത്വങ്ങൾ. അവിടെ തങ്ങളുടെ സ്വത്വപരമായ രാഷ്ട്രീയത്തെ ഉപാധിയില്ലാതെ അവതരിപ്പിക്കാൻ മന്ത്രിമാർക്ക് കഴിയാറില്ല. ഈയൊരു സാഹചര്യത്തിലാണ് സി.കെ ജാനുവും സണ്ണി എം കപിക്കാടും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെടും എന്ന ആഹ്വാനം കേരളം അതീവശ്രദ്ധയോടെ നിരീക്ഷിച്ചത്.
കോൺഗ്രസാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. അത് അടിത്തട്ട് മനുഷ്യരുടെ പ്രാതിനിധ്യത്തെ ഉറപ്പിക്കാൻ വേണ്ടി തന്നെയായിരിക്കണം. കാരണം, സി.കെ. ജാനുവിന്റെയും സണ്ണി എം കപിക്കാടിന്റെയും രാഷ്ട്രീയം കേരളത്തിലെ ഏത് രാഷ്ട്രീയ മനുഷ്യർക്കും ബോധ്യമുള്ളതാണ്. എന്നിട്ടും എന്തുകൊണ്ട് അവസാന നാളുകളിൽ ഈ രണ്ടു സ്ഥാനാർത്ഥികളും പുറന്തള്ളപ്പെട്ടു എന്നത് ഗൗരവത്തിൽ ചിന്തിക്കേണ്ടുന്ന കാര്യമാണ്. അതൊരു തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രാതിനിധ്യവിഷയം മാത്രമല്ല. അതിനപ്പുറം, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന സവർണ്ണ രാഷ്ട്രീയത്തിന്റെ അധീശത്വത്തെയാണ് പ്രഖ്യാപിക്കുന്നത്. അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
എത്രതന്നെ പരിഷ്കരണ ജനാധിപത്യത്തെക്കുറിച്ചു പറഞ്ഞാലും കോൺഗ്രസിൽ ഇപ്പോഴും നിലനിൽക്കുന്ന സവർണ്ണഘടനയെ ഒരു നവോത്ഥാന മൂല്യങ്ങൾക്കും തിരുത്താൻ കഴിയില്ല. അത് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തിയിരിക്കുകയാണ്.
പുറംന്തള്ളലിന്റെ രാഷ്ട്രീയം
ഇന്ത്യയിൽ ദളിത് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയ ഡോ. ബി. ആർ. അംബേദ്കർ തന്നെ 1952- ലെ ആദ്യ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്. ബോംബെ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നും ലോകം കണ്ട ആ ജീനിയസിനെ പരാജപ്പെടുത്തിയതാകട്ടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നാരായണൻ സദോബ കജ്റോളായിരുന്നു. അത് രാഷ്ട്രീയത്തിലെ ജയപരാജയമായി ഗണിക്കാമെങ്കിലും അംബേദ്കറിനെ പോലെയുള്ള ഒരു മഹാ വ്യക്തിത്വത്തെ ജയിപ്പിക്കണമെന്ന് കോൺഗ്രസിന് തോന്നിയില്ല. അതിന്റെ കാരണം, അംബേദ്കറിന്റെ സാമുദായിക പ്രാതിനിധ്യവും കോൺഗ്രസിലെ സവർണ്ണ ബോധവുമാണ്. നമ്മുടെ ജനാധിപത്യസ്വാതന്ത്ര്യം എട്ട് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും സവർണ്ണരാഷ്ട്രീയബോധത്തിൽ നിന്ന് കോൺഗ്രസിന് പുറത്തു കടക്കാൻ കഴിയുന്നില്ല. അതാണ് സി.കെ ജാനുവിനും സണ്ണി എം കപിക്കാടിനും സ്ഥാനാർത്ഥിത്വം നിഷേധിക്കുക വഴി കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നത്.

1934-ൽ പുറത്തിറങ്ങിയ ഇ. മാധവന്റെ "സ്വതന്ത്ര സമുദായം" എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്; "കോൺഗ്രസുകാരും ഹിന്ദു നേതാക്കളും ഇപ്പോൾ അധ:കൃതോദ്ധാരണത്തിലും മതപരിഷ്കരണത്തിനും ഒരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് അവരുടെ വേലയെ സഹായിച്ച് ജാതിജന്യമായ അസ്വാതന്ത്ര്യങ്ങൾ ഒഴിവാക്കുകയാണ് നാം ഇന്ന് ചെയ്യേണ്ടത്." മുഖ്യധാരാ രാഷ്ട്രീയത്തോടുള്ള ഐക്യപ്പെടൽ ഈയൊരു സന്ദേശത്തെക്കൂടി ശരിവെക്കുന്നുണ്ട്. എന്നാൽ എത്രതന്നെ പരിഷ്കരണ ജനാധിപത്യത്തെക്കുറിച്ചു പറഞ്ഞാലും കോൺഗ്രസിൽ ഇപ്പോഴും നിലനിൽക്കുന്ന സവർണ്ണഘടനയെ ഒരു നവോത്ഥാന മൂല്യങ്ങൾക്കും തിരുത്താൻ കഴിയില്ല. അത് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തിയിരിക്കുകയാണ്.
ദലിത് പ്രാതിനിധ്യത്തെ ഉൾക്കൊള്ളുക എന്നത് അവരുടെ ചരിത്രത്തെ ഉൾക്കൊള്ളുക എന്നതാണ്. അതൊരിക്കലും കോൺഗ്രസിലെ സവർണ്ണ നേതൃത്വത്തിനോ അതിന്റെ വോട്ടുബാങ്കായ സാമുദായിക നേതൃത്വത്തിനോ അംഗീകരിക്കാൻ കഴിയില്ല.
വൈക്കത്ത് സ്ഥാനാർത്ഥിയായി സണ്ണി എം കപിക്കാടിനെ പ്രഖ്യാപിക്കുകയായിരുന്നെങ്കിൽ അത് രാഷ്ട്രീയ തീരുമാനത്തേക്കാൾ കേരള സമൂഹത്തിൽ ഒളിഞ്ഞു നിൽക്കുന്ന ജാതിബോധത്തോടുള്ള തുറന്ന ഏറ്റുമുട്ടൽ കൂടിയാകുമായിരുന്നു. വൈക്കത്തിന് അത്തരം ഒരു രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഈ സാഹചര്യത്തിലാണ് സണ്ണി എം കപികാടിൻ്റെ സ്ഥാനാർഥിത്വനിഷേധം രാഷ്ട്രീയ സംവാദമായി ഉയർത്തിക്കൊണ്ടു വരേണ്ടത്. കാരണം, കേരളീയസമൂഹത്തിൽ ദലിത് പ്രത്യയശാസ്ത്രത്തിന് അടുത്തകാലത്തായി ഉണ്ടായിട്ടുള്ള ശ്രദ്ധയും അത് ഉയർത്തി വിടുന്ന സംവാദവും ഒരു വിഭാഗം പുരോഗമന ജനാധിപത്യ വിശ്വാസികളിൽ ഉണ്ടാക്കിയിട്ടുള്ള അസ്വസ്ഥത ചെറുതല്ല. പുറത്തെ പുരോഗമനത്തിനപ്പുറം അകത്തെ ജാതിബോധത്തെ രാഷ്ട്രീയഭേദമന്യേ ഇത് അലോസരപ്പെടുത്തുന്നുണ്ട്. ഡോ. ടി.എസ് ശ്യാം കുമാറും സണ്ണി എം കപിക്കാടും തുടങ്ങിയ ദലിത്പക്ഷ ധൈഷണികർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഒരേസമയം ഹിന്ദുത്വ ഭരണകൂട രാഷ്ട്രീയത്തിനും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ജാതിമേധാവിത്വത്തിനും എതിരാണ്. ഇത് സണ്ണി എം കപിക്കാട് തന്റെ "ജനതയും ജനാധിപത്യവും" എന്ന പുസ്തകത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

"ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ നിന്നും ഭിന്നമായി കേരളത്തിലെ നവോത്ഥാനത്തിന്റെ പ്രത്യേകത അത് അയിത്ത - അടിമ ജാതികളിൽ നിന്നാംരംഭിച്ചു എന്നതായിരുന്നു. അതുകൊണ്ട് നവോത്ഥാനാശയങ്ങളിൽ പ്രധാനമായിരുന്നത്, ജാതി, അയിത്തം, അടിമത്തം എന്നിവയായിരുന്നു. ഇവയ്ക്കെതിരായ തുറന്ന യുദ്ധമായിരുന്നു കേരളീയ നവോത്ഥാനത്തിന്റെ മുഖമുദ്ര. ഈ മുന്നേറ്റത്തിന്റെ നായകരെ ഒന്നടങ്കം ചരിത്രത്തിൽ നിന്നും നിഷ്കാസനം ചെയ്തുകൊണ്ടാണ് പ്രബല ചരിത്രകാരർ (ഇടതും വലതുമായ) ആധുനിക കേരളത്തെ ഭാവന ചെയ്തത്." പേജ് 187) ഈ നിരീക്ഷണത്തെ ശരിവെക്കുന്നുണ്ട് കോൺഗ്രസ് ആവശ്യപ്പെടുകയും പിന്നീട് നിരസിക്കുകയും ചെയ്ത ദലിത് സ്ഥാനാർത്ഥി പ്രാതിനിധ്യം. ദലിത് പ്രാതിനിധ്യത്തെ ഉൾക്കൊള്ളുക എന്നത് അവരുടെ ചരിത്രത്തെ ഉൾക്കൊള്ളുക എന്നതാണ്. അതൊരിക്കലും കോൺഗ്രസിലെ സവർണ്ണ നേതൃത്വത്തിനോ അതിന്റെ വോട്ടുബാങ്കായ സാമുദായിക നേതൃത്വത്തിനോ അംഗീകരിക്കാൻ കഴിയില്ല.
നിയമസഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസിനെ നയിക്കുന്ന സവർണ്ണനേതൃത്വം ജാതികേന്ദ്രീകൃതമായി പ്രവർത്തിക്കുന്നതാണ്. ഇതിൽ ഹിന്ദുത്വത്തിൻ്റെ ഇടപെടൽ ശക്തമാണ്. അവരാകട്ടെ തുറന്നു പ്രഖ്യാപിക്കാത്ത ആർഎസ്എസ്സാണ്.
സി.കെ. ജാനുവിന്റെ സ്ഥാനാർത്ഥി നിഷേധകാരണവും ഇതുതന്നെയാണ്. അവർ മുന്നോട്ടുവെക്കുന്ന ആദിവാസി രാഷ്ട്രീയത്തെ സവർണ്ണ കോൺഗ്രസ് നേതൃത്വത്തിന് അംഗീകരിക്കാൻ കഴിയില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസിനെ നയിക്കുന്ന സവർണ്ണനേതൃത്വം ജാതികേന്ദ്രീകൃതമായി പ്രവർത്തിക്കുന്നതാണ്. ഇതിൽ ഹിന്ദുത്വത്തിൻ്റെ ഇടപെടൽ ശക്തമാണ്. അവരാകട്ടെ തുറന്നു പ്രഖ്യാപിക്കാത്ത ആർഎസ്എസ്സാണ്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഹിന്ദുത്വവാദികളെ തിരിച്ചറിയുക പ്രയാസമാണ്. വെള്ള ഖദറിൽ ഒളിപ്പിച്ച കാക്കിവോട്ട് കോൺഗ്രസിൻ്റെ വിജയസാധ്യതയെ ബാധിക്കും എന്നവർ ഭയക്കുന്നു. അതൊരു രാഷ്ട്രീയ നിലപാട് മാത്രമല്ല, വംശീയ ഇടപെടൽ കൂടിയാണ്. അവിടെ ആദിവാസി സമൂഹത്തോടുള്ള സമീപനം ഇതിനുമുമ്പും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ മാറിയ ഒരു കോൺഗ്രസ്സാണ് 2026-ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നൊരു ജനാധിപത്യപരിസരത്തെ കൃത്രിമമായി രൂപപ്പെടുത്തി. അതുവഴി അടിത്തട്ടു മനുഷ്യരുടെ വോട്ടുകളെ തങ്ങളുടെ വിജയത്തിന് ഉപയോഗിക്കാമെന്ന് അവർ കരുതി. അതിനപ്പുറം ഒരു രാഷ്ട്രീയസത്യസന്ധതയും അടിത്തട്ട് മനുഷ്യരുടെ സാമൂഹ്യ ജീവിതത്തോടൊ അവർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോടോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇല്ല. അത് തെളിയിച്ചിരിക്കുകയാണ് ഇത്തരം പുറംതള്ളലുകൾ.
