നിയമസഭാ തെരഞ്ഞെടുപ്പുഫലം ഒരുപക്ഷേ കുറേക്കൂടി ആഴത്തിലുള്ള രാഷ്ട്രീയപ്രത്യാശയ്ക്ക് വഴിയൊരുക്കുന്നുണ്ടാകാം. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിൽ വിവിധ രാഷ്ട്രീയകക്ഷികൾ നടത്തുന്ന നയപരമായ തീരുമാനങ്ങളിൽനിന്ന് അവ സമൂഹത്തെ എങ്ങനെ വായിക്കുന്നു എന്ന് മനസ്സിലാക്കാം. പക്ഷേ സാമൂഹ്യമാറ്റത്തെ തെരഞ്ഞെടുപ്പുഫലങ്ങളിൽ നിന്നു മാത്രം വായിച്ചെടുക്കാനാവില്ലെന്നത് തീർച്ച തന്നെ. എങ്കിലും രാഷ്ട്രീയകക്ഷികളുടെ സാമൂഹ്യപ്രവണതാവായനകൾ എത്രത്തോളം ശരിയായി, തെറ്റി എന്നു വേണമെങ്കിൽ അതിലൂടെ കണ്ടെത്താനാകും.
അങ്ങനെ നോക്കിയാൽ രാഷ്ട്രീയരംഗത്ത് അനിവാര്യമെന്ന് മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ മുഴുവൻ കരുതിയ മാച്ചോ പുരുഷത്വത്തിൻെറ വില സമൂഹത്തിൽ ഇടിഞ്ഞുതുടങ്ങിയെന്ന സൂചനയുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൻെറ ചരിത്രത്തിൽ ആണത്തപ്രകടനത്തിന് എപ്പോഴും വലിയ വില കല്പിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേക ലിംഗമാനങ്ങളില്ലാത്ത ഒന്നായിപ്പോലും അത് പരിഗണിക്കപ്പെട്ടു – അധികാരത്തിൻെറ അംഗീകൃത പ്രകടനഭാഷയായി അത് അംഗീകരിക്കപ്പെട്ടു. അതിന് ബൗദ്ധികവും പ്രായോഗികവുമായ വകഭേദങ്ങളുണ്ടായിരുന്നു. പക്ഷേ ബൗദ്ധികമായാലും പ്രായോഗിക-വിപ്ലവസ്വഭാവമായാലും, ദയാദാക്ഷിണ്യരൂപത്തിലായാലും രാഷ്ട്രീയ ആണത്തപ്രകടനം ഒരുതരം ഹിംസാപ്രകടനമാണ്, എപ്പോഴും. മാത്രമല്ല, അത് പൊതുസാഹചര്യമനുസരിച്ച് മാറിയിട്ടുമുണ്ട്.
പിണറായി വിജയനെ സകലലോകരക്ഷനായി ചിത്രീകരിക്കുന്ന തെരഞ്ഞെടുപ്പ്പ്രചാരണതന്ത്രം വിജയിക്കുമെന്ന ഉറച്ച വിശ്വാസം സൈബർ ഗുണ്ടകൾ മാത്രമല്ല, സി പി എം ഗവേഷകപ്പുലികൾ വരെ എന്തുകൊണ്ടു സ്വീകരിച്ചു?
മഹാവിപത്തുകളെ മലയാളികൾ അടുത്തടുത്ത് നേരിടാൻ തുടങ്ങിയ കാലം മുതൽ കേരളത്തിൽ ഇടതുപക്ഷത്ത് മൂന്നുതരം ആണത്തപ്രകടനമാണ് നാം കണ്ടത്:
ഒന്ന്, പിണറായി വിജയൻ പ്രതിനിധീകരിച്ച പരമാധികാരപിതൃത്വഭാവം പൂണ്ട ആണത്തപ്രകടനം (അത് കെ. കെ. ശൈലജയുടെ ജനക്ഷേമമാതൃഭാവം പേറിയ സ്ത്രൈണതയെ മുക്കിക്കളയുംവിധം കൂടിയായിരുന്നു).
രണ്ട്, കേവലം സ്ത്രീവിരുദ്ധഹിംസ മാത്രമായ, അതിൻെറ പരസ്യപ്രകടനത്തെ അലങ്കാരമായിത്തന്നെ കാണുന്ന, ആണത്തഹുങ്ക് – ഗണേശ്കുമാറും പി. കെ. ശശിയും സജി ചെറിയാനും മറ്റും (പലവിധത്തിൽ പ്രകടിപ്പിച്ചത്). ഒരുസമയത്ത് വലതുപക്ഷത്ത്, മാടമ്പിസംസ്കാരവുമായി ചേർത്ത്, വായിക്കപ്പെട്ടിരുന്ന ഇത് ഇന്ന് ഇടതുപക്ഷത്ത് മാന്യസ്ഥാനമേറിയിരിക്കുന്നു. പഴയകാല പ്രായോഗിക വിപ്ലവ- ആണത്തത്തിൻെറ സ്ഥാനത്താണ് ഇതിരിക്കുന്നത്. പഴയ ഇടതുപക്ഷ ബൗദ്ധിക ആണത്തത്തിലെ ഹിംസ ഇന്ന് തികച്ചും പച്ചയായ, തീരെ പശ്ചാത്താപരഹിതമായ ഭാവം പൂണ്ടിരിക്കുന്നതും ശ്രദ്ധേയമാണ്.

ഇതിൻെറ ഉത്തമപൂരകമത്രെ ഇന്നത്തെ ഇടതുപക്ഷ സ്ത്രൈണതാപ്രകടനം. നിപ്പ- കോവിഡ് പ്രതിസന്ധികാലത്ത് ഒരു ജനക്ഷേമമാതൃത്വ-സ്ത്രൈണതയെ പ്രകടനത്തിലൂടെ ഉറപ്പിക്കാൻ കെ. കെ. ശൈലജയ്ക്കു കഴിഞ്ഞെങ്കിലും പരമാധികാരപിതൃത്വപുരുഷത്വം അതിനെ അതിവേഗം നിർവീര്യമാക്കി. അതിനുശേഷം വീണാ ജോർജിന്റെയും പാർട്ടിയോട് ഒട്ടിനിൽക്കുന്ന കുലസ്ത്രീകളുടെയും വ്യാജ ഫെമിനിസ്റ്റുകളുടെയും വരവായി. ഇവർ മിനിമം ലിബറൽ ഫെമിനിസ്റ്റ് നയങ്ങൾ ആവശ്യപ്പെടും. പക്ഷേ അവയെ സ്വന്തം അവകാശമായി തിരിച്ചറിയുന്നതിനുപകരം പിതാവിൻെറ ദയാകടാക്ഷമായി എണ്ണി ഫ്യൂഡൽ നന്ദിപ്രകടനത്തിലേർപ്പെടും. ഇത് അവരുടെ ഫെമിനിസത്തിലെ അല്പ ലിബറലിസത്തെപ്പോലും തൂത്തുകളയും.
തെരെഞ്ഞെടുപ്പിനു മുമ്പുള്ള കണക്കുകൂട്ടലിൽ എൽ ഡി എഫ് മാത്രമല്ല, മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെല്ലാം മേൽപ്പറഞ്ഞ ലിംഗസംസ്കാരങ്ങൾ ജനങ്ങൾക്ക് പൊതുവെ പരിചിതവും വലിയൊരളവുവരെ സ്വീകാര്യവുമാണെന്ന് ധരിച്ചതായിത്തോന്നിയെന്ന് കരുതാം. അല്ലെങ്കിൽ പി. കെ. ശശിയെപ്പോലെ ഒരാൾ സ്ഥാനാർത്ഥിയായതെങ്ങനെ? ഗണേശ്കുമാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ ഗോറില്ലാസമാനമായ പ്രകടനം എന്തുകൊണ്ട് ഒരു രാഷ്ട്രീയവിഷയമായില്ല? പിണറായി വിജയനെ സകലലോകരക്ഷനായി ചിത്രീകരിക്കുന്ന തെരഞ്ഞെടുപ്പ്പ്രചാരണതന്ത്രം വിജയിക്കുമെന്ന ഉറച്ച വിശ്വാസം സൈബർ ഗുണ്ടകൾ മാത്രമല്ല, സി പി എം ഗവേഷകപ്പുലികൾ വരെ എന്തുകൊണ്ടു സ്വീകരിച്ചു?

എന്തായാലും ഇപ്പറഞ്ഞ പൗരുഷ- സ്ത്രൈണതാ പ്രകടനങ്ങളെ വലിയൊരളവുവരെ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് വ്യക്തം – പരിപൂർണമായി എന്നു പറയാനാവില്ലെങ്കിലും. ഈ തോൽവി മാത്രമല്ല, മറുപക്ഷത്തെ പല വിജയങ്ങളും തരുന്ന പല സന്ദേശങ്ങളിൽ ഒന്നു മാത്രമാണത്. ഗുണാത്മകവശത്ത്, നല്ല കുട്ടി കളിക്കാൻ മെനക്കെടാത്ത, സ്വന്തം പാർട്ടികളിലെ ആണധികാരത്തെ നേരിട്ടെതിർക്കാൻ മടിക്കാത്ത പല സ്ത്രീകളും ജയിച്ചിട്ടുണ്ടുതാനും. എന്നാൽ ഇടതുപക്ഷത്ത് ഇപ്പോഴും അവയ്ക്കു പ്രിയം കുറഞ്ഞിട്ടില്ലെന്നു വ്യക്തം – വിജയഭക്തർക്കിടയിൽ.
എസ്. ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതിയ മരുമക്കത്തായകഥയിൽ, ഉദാഹരണത്തിന്, രാഷ്ട്രീയനേതാവിനെ തറവാട്ടുകാരണവരുമായി താരതമ്യം ചെയ്യുന്നു. അത്തരം സംരക്ഷകരോട് ആദരവും ഗൊറില്ലാ ആണത്തക്കാരോട് സൗജന്യവുമുള്ളവരാണ് മലയാളികൾ പൊതുവെ എന്ന്, മുഖ്യധാരാരാഷ്ട്രീയകക്ഷികൾ കരുതുന്നത് തെറ്റാണെന്ന് ഈ തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നു.

