അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പലതരം വീണ്ടുവിചാരങ്ങൾക്കു കാരണമായിട്ടുണ്ട്.
രാഷ്ട്രീയ വ്യവസ്ഥയിൽ വലിയൊരു മാറ്റത്തിന്റെ സൂചനകൾ ഇത് നൽകുന്നുണ്ട്. കാലങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ വിശ്വാസങ്ങൾ ദുർബലമാകുകയും, പുതിയ ശക്തികൾ ഉയർന്നുവരികയും ചെയ്യുന്നു. കൂടാതെ, പഴയ പ്രത്യയശാസ്ത്ര അടിത്തറകൾ- പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റേത് - ഗൗരവകരമായ പുനർചിന്ത ആവശ്യപ്പെടുന്ന രീതിയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഈ ഫലങ്ങൾ വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങളിൽ, തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ വ്യാപ്തി കൊണ്ടും അതിന്റെ വലിയ പ്രാധാന്യം കൊണ്ടും കേരളം വേറിട്ടുനിൽക്കുന്നു.
പതിറ്റാണ്ടുകളായി ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അവസാനത്തെ പ്രധാന കോട്ടയായിരുന്നു കേരളം. ആ കോട്ട ഇപ്പോൾ അവിശ്വസനീയമായ രീതിയിൽ ഉലഞ്ഞിരിക്കുകയാണ്. പത്തു വർഷത്തെ ഭരണത്തിനുശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിട്ട ഈ പരാജയം മൊത്തത്തിൽ ഇന്ത്യയിലെ ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രധാന വഴിത്തിരിവാണ്.
ചരിത്രപരമായി കേരളം കൃത്യമായ ഇടവേളകളിൽ ഭരണമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. എങ്കിലും, 2026-ലെ ഈ വിധിക്ക് മറ്റൊരു ഗൗരവമേറിയ പ്രാധാന്യമുണ്ട്.
140 അംഗ നിയമസഭയിൽ 102 സീറ്റ് നേടി കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി (UDF) ഉജ്ജ്വല ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു; അതേസമയം LDF കേവലം 35 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും ഒരു ചെറിയ ശക്തിയാണെങ്കിലും, BJP നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (NDA) 3 സീറ്റ് നേടി. ഒരുകാലത്ത് അസംഭവ്യമെന്ന് കരുതിയിരുന്ന ഫലമാണിത്.
ഈ തെരഞ്ഞെടുപ്പ് മാറ്റം പെട്ടെന്നുണ്ടായതല്ല, മറിച്ച് കാലക്രമേണ രൂപപ്പെട്ടുവന്നതാണ്. കേരളത്തിലെ ഭൂരിഭാഗം സീറ്റുകളും UDF നേടിയ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ ഇത്തരമൊരു മാറ്റത്തിന്റെ സൂചന നൽകിയിരുന്നു.
2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഈ പ്രവണതയെ കൂടുതൽ ഉറപ്പിച്ചു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിധി ആ മാറ്റത്തിന് പൂർണ്ണത നൽകി എന്നു മാത്രം.
തെരഞ്ഞെടുപ്പ് ഫലത്തെ വെറുമൊരു ഭരണവിരുദ്ധ വികാരം (anti- incumbency) മാത്രമായി കാണുന്നത് സ്വാഭാവികം. LDF ഒന്നും ചെയ്തില്ല എന്നതുകൊണ്ടല്ല വോട്ടർമാർ അവരെ തിരസ്കരിച്ചത്. നേരെമറിച്ച്, എൽ.ഡി.എഫിന്റെ മുൻ ഭരണകാലയളവുകൾ പല നേട്ടങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടവയായിരുന്നു-പ്രളയകാലത്തെയും മഹാമാരിയുടെ സമയത്തെയും ഫലപ്രദമായ ദുരന്തനിവാരണം, ക്ഷേമപദ്ധതികളുടെ വ്യാപനം, ഭരണപരമായ തുടർച്ച എന്നിവ അതിൽ ചിലതാണ്.
എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഭരണത്തുടർച്ചയെ മാത്രം എപ്പോഴും അംഗീകരിക്കാറില്ല. കാലം കഴിയുന്തോറും മികച്ച ഭരണനേട്ടങ്ങൾ പോലും സ്വാഭാവികമായ ഒന്നായി മാറുകയും, സർക്കാരിന്റെ സേവനങ്ങളേക്കാൾ വേഗത്തിൽ ജനങ്ങളുടെ പ്രതീക്ഷകൾ ഉയരുകയും ചെയ്യുന്നു.
വോട്ടർമാർ എൽ.ഡി.എഫിനെ വിലയിരുത്താൻ തുടങ്ങിയത് അവരുടെ മുൻഗാമികളുമായി താരതമ്യം ചെയ്തുകൊണ്ടല്ല; മറിച്ച് എൽ.ഡി.എഫ് നൽകിയ വാഗ്ദാനങ്ങളും ഭാവിയെക്കുറിച്ച് അവർക്കുണ്ടായിരുന്ന കാഴ്ചപ്പാടുകളും എത്രത്തോളം പ്രാവർത്തികമായി എന്ന് നോക്കിയാണ്. ഇവിടെയാണ് (ജനങ്ങളുടെ പ്രതീക്ഷകളും സർക്കാരിന്റെ പ്രവർത്തനങ്ങളും തമ്മിലുള്ള) അകലം വർദ്ധിച്ചത്.

രാഷ്ട്രീയത്തിലെ ഇടപെടൽശൈലിക്ക് വലിയ പ്രാധാന്യമുണ്ട്. ഒരുകാലത്ത് മെച്ചപ്പെട്ടിരുന്നെന്നു തോന്നിച്ചിരുന്ന നേതൃശൈലി പിന്നീട് കടുപ്പമേറിയതായും ജനവികാരങ്ങളോട് പ്രതികരിക്കാത്തതായും അനുഭവപ്പെടാൻ തുടങ്ങി.
അമിതമായ കേന്ദ്രീകരണം പ്രാദേശിക തലത്തിലുള്ള ഇടപെടലുകളെ ദുർബലപ്പെടുത്തി. ഉൾപ്പാർട്ടി വിയോജിപ്പുകൾ ചർച്ച ചെയ്യുന്നതിനുപകരം അവ അടിച്ചമർത്തപ്പെടുകയാണുണ്ടായത്.
ജനങ്ങളെ അണിനിരത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന പാർട്ടി കേഡർമാർ പഴയതുപോലെ ആവേശഭരിതരല്ലെന്ന് അനുഭവപ്പെട്ടു.
രാഷ്ട്രീയമായ പക്വതയും സംവേദനക്ഷമതയും ആവശ്യമായിരുന്ന സന്ദർഭങ്ങളിൽ, (നേതൃത്വവും ജനങ്ങളും തമ്മിലുള്ള) ഈ അകലം കൂടുതൽ പ്രകടമായി.
മതന്യൂനപക്ഷവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്ത രീതി- പ്രത്യേകിച്ച് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെയും വിശാലമായ സ്വത്വപരമായ ആശങ്കകളുടെയും പശ്ചാത്തലത്തിൽ- സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ക്രിസ്ത്യൻ, മുസ്ലിം വോട്ടർമാരുടെ ഇടയിൽ അസ്വസ്ഥതയുണ്ടാക്കി.
പെട്ടെന്നുണ്ടായ മാറ്റങ്ങൾ എന്നതിലുപരി, പുതിയ ആശങ്കകളും കാഴ്ചപ്പാടുകളും സ്വാധീനിച്ചതുവഴി ക്രമേണ രൂപപ്പെട്ടുവന്ന രാഷ്ട്രീയ പുനർക്രമീകരണങ്ങളായിരുന്നു ഇവ.
അതുപോലെ, വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ള നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനകളിൽ നിന്ന് വ്യക്തമായ അകലം പാലിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടത്, പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകളെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കി.
വോട്ടർമാരിൽ വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങളുള്ള ഒരു സംസ്ഥാനത്ത്, (വിവാദങ്ങളിലുള്ള) അത്തരം മൗനം പലപ്പോഴും സമ്മതമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിന്റെ ഫലമായി, ഒരുകാലത്ത് എൽ.ഡി.എഫിന്റെ ഉറച്ച പിന്തുണക്കാരായിരുന്ന വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ പാർട്ടിയോടുള്ള വിശ്വാസം ക്രമേണ നഷ്ടപ്പെട്ടു.

ചില സമരങ്ങളോട് (ഉദാഹരണത്തിന് ആശ വർക്കർ സമരം) ഭരണകൂടം സ്വീകരിച്ച സമീപനം അവരുടെ വിവേചനശൂന്യതയും അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തിയത്. സമാനമായ രീതിയിൽ വിവിധ വിഷയങ്ങളിൽ ഇടതുപക്ഷ സർക്കാരിനെതിരെ അക്കാലത്ത് ആരോപണങ്ങൾ ഉയർന്നിരുന്നു.
കേരളത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലമാണ് മറ്റൊരു നിർണ്ണായക ഘടകം. വിദ്യാഭ്യാസമുള്ള ഒരു പുതിയ മധ്യവർഗത്തിന്റെ ഉദയം നിലവിലുണ്ടായിരുന്ന രാഷ്ട്രീയ കണക്കുകൂട്ടലുകളെ മാറ്റിമറിച്ചിരിക്കുന്നു. ഈ വിഭാഗം സർക്കാരിന്റെ ക്ഷേമപദ്ധതികളെ കുറഞ്ഞ അളവിൽ മാത്രം ആശ്രയിക്കുന്നവരും പകരം തൊഴിൽ, സംരംഭകത്വം, ആഗോളതലത്തിലുള്ള തൊഴിൽ സാധ്യതകൾ (global mobility) തുടങ്ങിയ അവസരങ്ങളെക്കുറിച്ച് കൂടുതൽ ഉൽക്കണ്ഠാകുലരുമാണ്. ഈ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ (അവ നിറവേറ്റാൻ) കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രയാസപ്പെടുകയായിരുന്നു.
വർദ്ധിച്ചുവരുന്ന യുവജന തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ കാലതാമസം എന്നിവ സംസ്ഥാനം ഒരു സ്തംഭനാവസ്ഥയിലാണെന്ന തോന്നൽ സൃഷ്ടിച്ചു. ഒരുകാലത്ത് രാഷ്ട്രീയ കരുത്തായിരുന്ന ക്ഷേമപദ്ധതികൾ, കൂടുതൽ ഗൗരവമേറിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അപര്യാപ്തമാണെന്ന് തോന്നിത്തുടങ്ങി.
രാജ്യാന്തര പ്രത്യാഘാതങ്ങൾ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കി. പശ്ചിമേഷ്യയിൽ (ഗൾഫ് മേഖലയിൽ) തുടരുന്ന യുദ്ധം കേരളത്തിലെ വലിയൊരു വിഭാഗം പ്രവാസികളെ ബാധിക്കുകയും, അത് വിദേശത്തുനിന്നുള്ള പണമയക്കലിലും തൊഴിലവസരങ്ങളിലും അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തു. ഇത് സംബന്ധിച്ചു വലിയ ചർച്ചകൾ പോലും ഉണ്ടായില്ല. പല കുടുംബങ്ങളെയും സംബന്ധിച്ച്, തങ്ങളുടെ ഭാവി സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളായി പ്രധാന ചർച്ചാവിഷയം. അടുക്കളവരെയെത്തിയ യുദ്ധം തിരഞ്ഞെടുപ്പിൽ തീർത്തും അവഗണിക്കപ്പെടുകയായിരുന്നു.

ഈ സാഹചര്യത്തിൽ, യു.ഡി.എഫിന്റെ പ്രചാരണം-അവസരങ്ങൾ, തൊഴിൽ, പങ്കാളിത്തം എന്നിവയിൽ ഊന്നിയുള്ളതായിരുന്നു- അവരുടെ വാഗ്ദാനങ്ങൾ പൂർണ്ണമായി വിശദീകരിക്കപ്പെട്ടില്ലെങ്കിൽ പോലും, അത് ജനങ്ങളുടെ പുതിയ ആഗ്രഹങ്ങളോട് കൂടുതൽ ചേർന്നുനിൽക്കുന്നതായി കാണപ്പെട്ടു.
കേരളത്തിൽ ഒരു നിർണ്ണായക ശക്തിയായി മാറുന്നതിൽ നിന്ന് ബി.ജെ.പി ഇന്നും ഏറെ അകലെയാണെങ്കിലും, തെരഞ്ഞെടുപ്പിലെ അവരുടെ മൂന്നിടത്തെ വിജയം പ്രതീകാത്മകമായ പ്രാധാന്യം അർഹിക്കുന്നു. മൂന്ന് സീറ്റുകൾ നേടുകയും മറ്റു മണ്ഡലങ്ങളിൽ വോട്ട് വിഹിതം ഉറപ്പിക്കുകയും ചെയ്തതിലൂടെ, തങ്ങളുടെ വളർച്ചയ്ക്ക് കേരളം ഇനി പൂർണ്ണമായും വഴങ്ങാത്ത ഇടമല്ലെന്ന് അവർ തെളിയിച്ചിരിക്കുകയാണ്.
ഇതൊരു ഘടനാപരമായ മാറ്റമായി ഇതുവരെ മാറിയിട്ടില്ല. മതേതരത്വത്തിന്റെയും സാമൂഹിക ബഹുസ്വരതയുടെയും ശക്തമായ പാരമ്പര്യങ്ങളുള്ള കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം ഇന്നും വ്യതിരിക്തമായി തുടരുന്നു. എന്നാൽ ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരം രൂപപ്പെടുന്നത് ഒരു ക്രമാനുഗത മാറ്റത്തെ സൂചിപ്പിക്കുന്നു. ബി.ജെ.പിയുടെ ചെറിയൊരു സാന്നിധ്യം പോലും വോട്ടുകളുടെ പുനർവിതരണത്തിലൂടെയും സഖ്യങ്ങളുടെ പുനർനിർമ്മാണത്തിലൂടെയും തെരഞ്ഞെടുപ്പ് സമവാക്യങ്ങളെ മാറ്റിമറിക്കാൻ പ്രാപ്തമാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം മറ്റു സംസ്ഥാനങ്ങളിലെ വിശാലമായ പ്രവണതകൾക്കൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. പശ്ചിമ ബംഗാളിൽ, ആധിപത്യം ഉറപ്പിച്ചിരുന്ന രാഷ്ട്രീയ ശക്തികളുടെ തകർച്ച തുടരുകയാണ്; ബിജെപി ഗണ്യമായ നേട്ടങ്ങൾ കൈവരിക്കുകയും സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി മാറ്റിമറിക്കുകയും ചെയ്യുന്നു. ഇടതുപക്ഷ സ്വാധീനത്തിന്റെ ഇടങ്ങൾ
ഉൾപ്പെടെയുള്ള പഴയ കൂട്ടായ്മകളുടെ ദുർബലപ്പെടൽ, വോട്ടർമാരുടെ പെരുമാറ്റരീതിയിലുണ്ടായ വലിയൊരു മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികൾ ഇപ്പോഴും ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, പുതിയ കക്ഷികളുടെ ഉദയവും വോട്ടർമാരുടെ മാറിയ നിലപാടുകളും കാലങ്ങളായുള്ള രാഷ്ട്രീയ ധ്രുവീകരണങ്ങൾ പോലും സമ്മർദ്ദത്തിലാണെന്ന് സൂചിപ്പിക്കുന്നു.
അസമിൽ ബിജെപിയുടെ കരുത്താർജ്ജിക്കൽ, അസ്തിത്വത്തിലൂന്നിയുള്ള രാഷ്ട്രീയ പ്രവർത്തനവും (identity- based mobilisation) തുടർച്ചയായ സംഘടനാപ്രവർത്തനവും ഫലപ്രദമായി സംയോജിപ്പിച്ചതിന്റെ സൂചനയാണ്.

ഈ സംസ്ഥാനങ്ങളിലുടനീളം ഒരു പൊതുവായ വസ്തുത ദൃശ്യമാകുന്നു: വോട്ടർമാർ ഇപ്പോൾ ചരിത്രപരമായ കൂറുകളാൽ (historical loyalties) അമിതമായി ബന്ധിക്കപ്പെട്ടവരല്ല; മറിച്ച് അടിയന്തര സാഹചര്യങ്ങളോടും, നേതൃത്വത്തിന്റെ ശൈലിയോടും, വിശ്വാസ്യതയോടും കൂടുതൽ പ്രതികരിക്കുന്നവരുമാണ്.
ഈ തെരഞ്ഞെടുപ്പുകളുടെ ഏറ്റവും പ്രധാനപ്പെട്ട സൂചന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷം തുടർച്ചയായി പാർശ്വവൽക്കരിക്കപ്പെടുന്നു എന്നതാണ്.
തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ, ഫെഡറലിസം, മതേതരത്വം എന്നിവയുമായി ബന്ധപ്പെട്ട ദേശീയ സംവാദങ്ങൾക്ക് രൂപം നൽകിയിരുന്ന പ്രബലമായ ഒരു ശക്തിയായിരുന്ന ഇടതുപക്ഷം, ഇന്ന് വളരെ ചുരുങ്ങിയ സ്വാധീന മേഖലകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു.
ഈ ദുർബലപ്പെടൽ, ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് മൗലികമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ഈ തകർച്ചയെ ബിജെപിയുടെ വളർച്ചയോ പ്രാദേശിക പാർട്ടികളുടെ അതിജീവനശേഷിയോ പോലുള്ള ബാഹ്യഘടകങ്ങൾ കൊണ്ടുമാത്രം വിശദീകരിക്കാനാവില്ല. ഇത് ആഭ്യന്തരമായ വെല്ലുവിളികളെയും പ്രതിഫലിപ്പിക്കുന്നുണ്ട്.
ഉദാഹരണത്തിന്, തങ്ങളുടെ തെരഞ്ഞെടുപ്പ് സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ പലപ്പോഴും ഇടതുപക്ഷം തങ്ങളുടെ അടിസ്ഥാന നിലപാടുകളിൽ അവ്യക്തത വരുത്തുകയും, അത് അവരുടെ സവിശേഷതയെ ദുർബലപ്പെടുത്തുകയും ചെയ്തു. കേന്ദ്രീകൃതമായ തീരുമാനമെടുക്കൽ രീതികൾ പാർട്ടിക്കുള്ളിലെ സംവാദങ്ങളെയും പുതുചിന്തകളെയും പരിമിതപ്പെടുത്തി.
പുതിയ സാമൂഹിക-സാമ്പത്തിക യാഥാർത്ഥ്യങ്ങളെ, പ്രത്യേകിച്ച് മാറിക്കൊണ്ടിരിക്കുന്ന മധ്യവർഗത്തിന്റെ ആഗ്രഹങ്ങളെ അഭിസംബോധന ചെയ്യാൻ ഇടതുപക്ഷം പ്രയാസപ്പെട്ടു. അവരുടെ സന്ദേശങ്ങൾ പലപ്പോഴും പഴയ രീതികളിൽ തന്നെ ഉറച്ചുനിന്നു, ഇത് യുവ വോട്ടർമാരെ സ്വാധീനിക്കുന്നതിൽ പരാജയപ്പെടുന്നതിന് കാരണമായി.
എല്ലാ വിഷയങ്ങളിലും തങ്ങളാണ് അന്തിമ തീരുമാനമെടുക്കേണ്ടവർ എന്നു കരുതുന്ന നേതാക്കൾ, തങ്ങൾ ആരെയാണോ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നത് ആ ജനങ്ങളിൽ നിന്ന് തന്നെ ഒറ്റപ്പെട്ടുപോകാനുള്ള സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പുകൾ എന്നത് വെറും നയങ്ങളുടെ മൂല്യനിർണ്ണയം മാത്രമല്ല; മറിച്ച് അവ ഭരണാധികാരികളുടെ മനോഭാവം, പ്രതികരണശേഷി, വിശ്വാസ്യത എന്നിവയ്ക്കുമേലുള്ള വിധിതീർപ്പുകൾ കൂടിയാണ്. ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്ക് കേവലം കക്ഷിരാഷ്ട്രീയത്തിന് അപ്പുറമുള്ള പ്രത്യാഘാതങ്ങളുണ്ട്. അത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു. അസമത്വം, തൊഴിലാളി അവകാശങ്ങൾ, ഭരണകൂടത്തിന്റെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, ഒരു വിമർശനാത്മക ശബ്ദമായി, ചരിത്രപരമായി ഇടതുപക്ഷം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഈ ദുർബലപ്പെടൽ പ്രസ്തുത മേഖലകളിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നു.
മറ്റ് രാഷ്ട്രീയ പാർട്ടികൾ ഈ വിഷയങ്ങളിൽ ചിലത് ഏറ്റെടുത്തേക്കാമെങ്കിലും, ശക്തമായ ഒരു പ്രത്യയശാസ്ത്ര ബദലിന്റെ (ideological counterweight) അഭാവം വ്യത്യസ്ത കാഴ്ചപ്പാടുകൾക്കുള്ള ഇടം പരിമിതപ്പെടുത്തിയേക്കാം.
അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലെ അസ്ഥിരത പുതിയ അവസരങ്ങൾക്കും വഴിതുറക്കുന്നുണ്ട്. പുതിയ സഖ്യങ്ങളും പുതിയ നേതൃത്വങ്ങളും പുതിയ ആശയങ്ങളും ഇതിലൂടെ ഉയർന്നുവരാം. എന്നാൽ ഈ നവീകരണത്തിന്റെ ഭാഗമാകാൻ ഇടതുപക്ഷത്തിന് കഴിയുമോ എന്നത് അപ്രിയ സത്യങ്ങളെ അഭിമുഖീകരിക്കാനുള്ള അവരുടെ മനസ്സിനെ ആശ്രയിച്ചിരിക്കും.
2026-ലെ തെരഞ്ഞെടുപ്പുകൾ കേവലം ജയപരാജയങ്ങളുടെ പ്രശ്നങ്ങൾക്ക് അപ്പുറമാണ്. വോട്ടർമാർ കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെടുന്നവരും, തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തുന്നവരും, ഭരണാധികാരികളുടെ അലംഭാവത്തോട് ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവരുമാണെന്ന് ഈ വിധികൾ വ്യക്തമായി തെളിയിച്ചു.
കേരളത്തിന്റെ ജനവിധി ആരോഗ്യകരമായ ഒരു ജനാധിപത്യ ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്; ഇവിടെ ജനങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ കൂട്ടായ്മകൾ നിരന്തരം നവീകരിക്കപ്പെടുന്നു. തങ്ങളുടെ അവസാനത്തെ കോട്ടയിൽ ഇടതുപക്ഷത്തിനുണ്ടായ ഈ തകർച്ച ഒഴിവാക്കാൻ കഴിയാത്തതോ അല്ലെങ്കിൽ തിരിച്ചുപിടിക്കാൻ സാധിക്കാത്തതോ ആയ ഒന്നല്ല. എന്നാൽ ഈ പ്രവണതയെ മാറ്റിമറിക്കാൻ ആത്മപരിശോധനയും വിനയവും നവീകരണവും സമൂഹവുമായുള്ള ആത്മാർത്ഥമായ പുനർബന്ധവും ആവശ്യമാണ്.
(Early version appeared in ‘Eurasia Review’)
