ആശ്രിത സംസ്ക്കാരം, അങ്ങനെ ഒരു ലോട്ടിലേക്ക് വെട്ടിച്ചുരുക്കപ്പെടുന്ന അവസ്ഥയിലേക്ക് പരാജയപ്പെടുന്നു എന്നാണ്, പൊതുവേ, 'ഇലക്ടറേറ്റ്' നേരിടുന്ന പ്രതിസന്ധി. ഇത് ഇന്ന് പാർലമെന്ററി ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയാണ്. അല്ലെങ്കിൽ, രാഷ്ട്രീയപ്പാർട്ടികളുടെ നിക്ഷിപ്ത താൽപര്യങ്ങൾ കീഴടക്കുന്ന സമ്മതിദാനത്തെ ജൈവപരമായി പ്രതിരോധിക്കുന്ന വോട്ടർ - അയാളാണ് ജനാധിപത്യത്തിന്റെ രാഷ്ട്രീയ സാധ്യത. അതാണ് പാർലമെന്ററി ജനാധിപത്യത്തെ മെച്ചപ്പെട്ട സംവിധാനമാക്കുന്നതും.
എന്നാൽ, കേരളത്തിൽ ഇത് വളരെ മുമ്പേ വെല്ലുവിളിക്കപ്പെട്ടിരുന്നു. ജനാധിപത്യമൂല്യങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കപ്പേടേണ്ടുന്ന സന്ദർഭങ്ങൾ, അത് ഒരേസമയം ദേശീയവും അന്തർദ്ദേശീയവുമാവുമ്പോഴും, ഇവിടെ അട്ടിമറിക്കപ്പെട്ടത് ഏക പാർട്ടി രാഷ്ട്രീയത്തെ സാധൂകരിച്ചുകൊണ്ടായിരുന്നു.
ദീർഘകാലമായി നിലനിൽക്കുന്ന കമ്മ്യുണിസ്റ്റ് ഭരണകൂട സങ്കൽപ്പത്തിനുചുറ്റും, ചിലപ്പോൾ അതിനെ ഉറപ്പിയ്ക്കുന്നത്രയും, ഏകപക്ഷീയമായ ഒരു രാഷ്ട്രീയവിവരണകല തന്നെ ഇവിടെ ഇതോടൊപ്പം രൂപം കൊണ്ടിരുന്നു. ഇന്നും നിലനിൽക്കുന്നുണ്ടുതാനും. മാധ്യമങ്ങൾ, ബുദ്ധിജീവികൾ, സ്ഥാപനങ്ങൾ തുടങ്ങി അതിശക്തമായ ഒരു സാംസ്കാരിക സംവിധാനംതന്നെ ഇതിനെ പിന്തുണയ്ക്കുന്നു. സമ്മതിദാനത്തെ തന്നെ അത് സ്വാധീനിക്കുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കുപുറത്ത്, പൊതു സമൂഹത്തിൽ, വ്യക്തിയും സമൂഹവും സംവദിക്കുന്ന ജനാധിപത്യം പലപ്പോഴും ഇതിന് പാരലലായിത്തന്നെ പ്രവർത്തിക്കുന്നുമുണ്ട്. ഇതിന്റെ ഉറവയും ഊർജ്ജവും സാമൂഹികമായ കാരണങ്ങളിലുമാണ്. പാർട്ടിക്ക് പുറത്തെ ജനാധിപത്യപ്രക്രിയയെ എക്കാലവും നിസ്സാരമായി കണ്ടു എന്നാണ് സി പി എമ്മിനും അതിന്റെ നേതാക്കൾക്കും സംഭവിച്ച പിഴവ്. അത് ചരിത്രപരമായി സ്വാഭാവികവുമായിരുന്നു.
താനല്ലാതെ മറ്റാരുമില്ല എന്ന ഒരേസമയം നാർസിസ്റ്റിക്കും ഫാഷിസ്റ്റുമായ പിണറായി വിജയന്റെ ബിംബനിർമ്മിതിയെ ഈ തെരഞ്ഞെടുപ്പിലൂടെ തകർക്കുന്നത്, രാഷ്ട്രീയപാർട്ടികൾക്ക് പുറത്തെ വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രീയ ഇടപെടലിലൂടെയാണ്.
കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ കേരളത്തിലെ സി പി എമ്മിനകത്ത് സംഭവിച്ച സ്വേച്ഛാധിപത്യവൽക്കരണം കേരളീയ സമൂഹത്തിനു തന്നെ ഒരു വലിയ ബാധ്യതയാകുന്നു എന്ന് തോന്നിയത് ഒരുപക്ഷേ പിണറായി വിജയന്റെ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും കാലത്താണ്. അതിന്റെ മൂർദ്ധന്യമായിരുന്നു കഴിഞ്ഞ അഞ്ചു വർഷം: താനല്ലാതെ മറ്റാരുമില്ല എന്ന ഒരേസമയം നാർസിസ്റ്റിക്കും ഫാഷിസ്റ്റുമായ പിണറായി വിജയന്റെ ബിംബനിർമ്മിതി അങ്ങനെ ഒന്നാണ്. ഈ ബിംബനിർമ്മിതിയെ ഈ തെരഞ്ഞെടുപ്പിലൂടെ തകർക്കുന്നത്, ആ അർത്ഥത്തിൽ, രാഷ്ട്രീയപാർട്ടികൾക്ക് പുറത്തെ വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രീയ ഇടപെടലിലൂടെയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന 'ഇടത് ബോധ'ത്തെ അതിന്റെ രാഷ്ട്രീയാശ്രിതത്വത്തിൽനിന്നും വിമോചിപ്പിക്കാൻതക്ക ശേഷിയുള്ള ഒരു രാഷ്ട്രീയ ഇടപെടൽ അങ്ങനെ പുറത്ത് സംഭവിയ്ക്കുകയായിരുന്നു.

ഏത് സുഖവാസകേന്ദ്രവും ഒരിക്കൽ നമ്മളെ മുഷിപ്പിക്കുന്നു; അതുപോലെതന്നെ എല്ലാ ഗൃഹാതുരത്വങ്ങളും. നമ്മൾ പാർക്കുന്ന സ്ഥലങ്ങൾ പോലും നമ്മുടെ ഭാവനകൂടിയായതുകൊണ്ട് കൂടിയാണ് അങ്ങനെ ആവുന്നത്. അങ്ങനെയാണ് ഒരിക്കൽ നമ്മളെ പ്രചോദിപ്പിച്ച ആശയങ്ങളും.
മാർക്സിസം (സ്റ്റാലിനിസം എന്ന് വായിക്കണം) ചിലർക്ക് ഒരു സുഖവാസകേന്ദ്രമാണ്, നമ്മുടെ പ്രമുഖ മാർക്സിസ്റ്റ് പാർട്ടികളുടെ രാഷ്ട്രീയ പരിപാടികൾ പോലെ. ലോകം, ആശയങ്ങൾ, മാർക്സിസം, ഈ ദശകങ്ങളിൽ മാറിയത്, ‘അധികാര’മെന്ന സങ്കൽപ്പത്തെ ഈ കാലം പ്രായോഗികമായി മാറ്റിയത്, പരീക്ഷണങ്ങൾക്ക് വിഷയമായത്, ഇവർ തങ്ങളുടെ ആലോചനകളിലേക്ക്, ജീവിതത്തിലേക്ക് കൊണ്ടുവരില്ല, പൊതുജീവിതം തങ്ങൾ കണ്ടെത്തിയ സ്ഥലത്തെ സുഖവാസമായി തുടരുകയും ചെയ്യുന്നു.
അതുപോലെയാണ് മാർക്സിസത്തെ തങ്ങളുടെ ഗൃഹാതുരത്വമാക്കിയ നമ്മുടെ മലയാളി ബുദ്ധിജീവിയും – കവിയായാലും, നോവലിസ്റ്റ് ആയാലും, നിരൂപകനായാലും. അവർക്ക് അറിയാത്തതായി ‘മാർക്സിസ’ത്തിൽ ഒന്നുമില്ല, അതിലുണ്ടായ അന്വേഷണങ്ങൾ ഒക്കെ പിടിയുണ്ട്. എങ്കിലും ഇവരുടെയും ‘സുഖവാസം’ മുമ്പ് പറഞ്ഞ പാർട്ടി സ്ഥലത്താണ്: അധികാരത്തെ തങ്ങളുടെ എഴുത്തുജീവിതത്തിലെ /ആലോചനാലോകത്തെ placement മാത്രമായി കരുതലിൽ എടുക്കുന്നു. നമ്മുടെതുപോലെ ബഹുസ്വരമായ ഒരു ജനാധിപത്യ സമൂഹത്തിൽ ജീവിക്കുന്നതിന്റെ സങ്കീർണ്ണത നമ്മുടെ ഏതൊരു ആശയത്തെയും നിരാശ്രയമായി അവതരിപ്പിക്കുന്നത് ഇവർ കണ്ടില്ലെന്നു നടിക്കുന്നു.
പിണറായി വിജയന്റെ ഭരണത്തിനൊരു തുടർച്ചയുണ്ടാവുക എന്നാൽ അതിനർത്ഥം, കേരളം, ഹിന്ദുത്വ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രാദേശിക മാതൃകയിലേക്ക് മാറുന്നു എന്നായിരുന്നു സൂചന - അതാണ് ഈ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞത്.
എന്തുകൊണ്ട് പിണറായി വിജയന്റെ രാഷ്ട്രീയം പരാജയപ്പെടണം എന്ന് ആഗ്രഹിച്ചു എന്നതിന് പല കാരണങ്ങളുണ്ട്. പല സംഭവങ്ങളുണ്ട്. അതിൽനിന്ന് പ്രധാനപ്പെട്ട രണ്ടെണ്ണമെങ്കിലും ഇപ്പോൾ പറയാൻ പറ്റും.
ഒന്ന്, പിണറായി വിജയന്റെ ഭരണത്തിനൊരു തുടർച്ചയുണ്ടാവുക എന്നാൽ അതിനർത്ഥം, കേരളം, ഹിന്ദുത്വ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രാദേശിക മാതൃകയിലേക്ക് മാറുന്നു എന്നായിരുന്നു സൂചന - അതാണ് ഈ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞത്. ഇതിൽ പാർട്ടികൾക്കു പുറത്തെ ജനാധിപത്യത്തിന്റെ പങ്ക് നിർണ്ണായകമായിരുന്നു. ജനാധിപത്യവും മതസഹവർത്തിത്വവും തന്നെയാണ് കേരളം, ഈ "ആർ എസ് എസ്- സ്വേച്ഛാധിപത്യ- ഇന്ത്യൻ കാലത്ത്" തങ്ങളുടെ രാഷ്ട്രീയമായി ഉയർത്തിപ്പിടിക്കുന്നതും തെരഞ്ഞെടുക്കുന്നത് എന്നതും അത്രയും വ്യക്തമായിരുന്നു. ഇത് സന്തോഷകരവും ഉന്മേഷദായകവുമായ സംഗതിയാണ്. ഒരു പക്ഷേ നീണ്ടുനിൽക്കാവുന്ന രാഷ്ട്രീയ സൂചനയുമാണ്.
രണ്ടാമത്തെത്, കഴിഞ്ഞ കാൽനൂറ്റാണ്ടിലെ മാത്രം കാലം എടുത്താൽ കേരളത്തിൽ സി പി എമ്മിന്റെ 'ആധിപത്യ രാഷ്ട്രീയം' നമ്മുടെ സമൂഹത്തെത്തന്നെ എങ്ങനെ സ്വേച്ഛാധിപത്യ ഭരണത്തിന് പാകമാക്കി എന്ന് ഭീതിയോടെ കാണുന്ന ഒരു ഇലക്ടറേറ്റ് പതുക്കെയെങ്കിലും ഇവിടെ ഉണ്ടാവുകയും ഇടപെടുകയും ചെയ്യും എന്ന വിശ്വാസം ഏറെക്കുറെ പ്രബലമായിരുന്നു. അത് സംഭവിച്ചു.

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും സ്വേച്ഛാധിപതിയായ രാഷ്ട്രീയക്കാരനാണ്. ആ രാഷ്ട്രീയം ഇന്ന് ഏറെക്കുറെ ആ പാർട്ടിയെ തന്നെ അതിന്റെ അണികളിൽനിന്ന് അകറ്റിയിരിക്കുന്നു. കേരളം ഇനി നേരിടാൻ പോകുന്ന സന്ദർഭവും അതാണ്: ആ അണികൾ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയസ്വേച്ഛാധിപത്യത്തിലേക്ക് മാറുന്നു എങ്കിൽ അത് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ആവാം. അത് തടയേണ്ടത് പിണറായി വിജയന്റെ രാഷ്ട്രീയത്തെ ഉപേക്ഷിക്കാൻ രാഷ്ട്രീയമായി തയ്യാറാവേണ്ട "ഇടത് രാഷ്ട്രീയ"മാണ്, പൊതുസമൂഹവുമാണ്. അതിന് കഴിയുമെന്നു തന്നെ കരുതണം.
2026- ലെ ഈ തെരഞ്ഞെടുപ്പ്, ഒരുപക്ഷേ ഒരു രാഷ്ട്രീയത്തിന്റെ കൂടി അന്ത്യമാവുകയാണ്: ഇ എം എസ് നമ്പൂതിരിപ്പാട് മലയാളികളെ പരിശീലിപ്പിച്ച 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ'ത്തിന്റെ അന്ത്യമാണത്. സമൂഹത്തിൽ അതാത് സമയത്ത് ഏത് പ്രശ്നമാണോ വോട്ടായി മാറ്റാനാവുക, അതിനെ ബ്ലോ അപ്പ് ചെയ്യുക, പ്രയോജനപ്പെടുത്തുക, അങ്ങനെ അധികാരം കൊയ്യുക: അത് വർഗ്ഗീയ ധ്രുവീകരണമാകാം, സാമ്പത്തിക സംവരണമാകാം, സമുദായ പ്രീണനമാകാം, ഗാന്ധിയോ മഅ്ദനിയോ ആകാം, സദ്ദാമോ യുദ്ധമോ ആകാം... ഏതാണ്ടിങ്ങനെയാണ് നമ്പൂതിരിപ്പാടിന്റെ ആ കരിക്കുലം കേരളത്തിൽ പരീക്ഷിക്കപ്പെട്ടത്. അതിലെ ധാർമികതയോ അധാർമികതയോ ചർച്ച ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം, പകരം ആ പ്രശ്നത്തെ പരമാവധി ബ്ലോ അപ്പ് ചെയ്യുക, പ്രയോജനപ്പെടുത്തുക.
പാർട്ടി അണികൾ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയസ്വേച്ഛാധിപത്യത്തിലേക്ക് മാറുന്നു എങ്കിൽ അത് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ആവാം. അത് തടയേണ്ടത് പിണറായി വിജയന്റെ രാഷ്ട്രീയത്തെ ഉപേക്ഷിക്കാൻ രാഷ്ട്രീയമായി തയ്യാറാവേണ്ട "ഇടത് രാഷ്ട്രീയ"മാണ്, പൊതുസമൂഹവുമാണ്.
രാഷ്ട്രീയപാർട്ടിയുടെ ഉടമസ്ഥതയിലുള്ള “രാഷ്ട്രീയ സൈദ്ധാന്തികൻ’ രാഷ്ട്രീയത്തെ നീതിയുടെ ജീവൽപ്രശ്നമായി ചിന്തിക്കുന്നതിലും അവതരിപ്പിക്കുന്നതിലും എപ്പോഴും പരാജയപ്പെടുന്നു. കാരണം, തന്റെ സിദ്ധാന്തത്തിന്റെ ഒരു തുടർച്ചയായാണ് അയാൾ നീതിയെ മനസിലാക്കുന്നതും അവതരിപ്പിക്കുന്നതും. നീതി, ഓരോ ഘട്ടത്തിലും ഒരു സാമൂഹ്യപ്രശ്നം ആകുന്നതും സമൂഹത്തിലെ അധികാര പ്രവർത്തനത്തെ നിർവചിക്കാനുള്ള സങ്കൽപ്പം ആവുന്നതും അയാൾക്ക് പിടികിട്ടുന്നേ ഇല്ല. ആ അർത്ഥത്തിൽ, നമ്പൂതിരിപ്പാട് ആയിരുന്നു ഇതിന്റെ കഴിഞ്ഞ നൂറു വർഷത്തെ മലയാളി രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും “വിലമതിക്കപ്പെട്ട ഇര”. നമ്പൂതിരിപ്പാടിന്റെ ആ കളരിയിലെ അവസാനത്തെ രാഷ്ട്രീയക്കാരുടെ തലമുറയെയാണ് നാമിപ്പോൾ കാണുന്നത്. അതിൽ ഇടത് എന്നോ വലതെന്നോ ഭേദമില്ല. കമ്മ്യുണിസ്റ്റ് എന്നോ കോൺഗ്രസ് എന്നോ ജനസംഘമെന്നോ ഭേദമില്ല. അവരൊടുങ്ങുകയാണ്. അപ്രസക്തരാവുകയാണ്. ആ രാഷ്ട്രീയം അപ്രസക്തമാവുകയാണ്.

ബി ജെ പിയുടെ ഹിന്ദുത്വ വർഗീയത ഇന്ന് എങ്ങനെ രാഷ്ട്രീയ ജനാധിപത്യത്തിന്റെ എതിരാളിയാകുന്നുവോ, അതുപോലെയായിരുന്നു ഈ നമ്പൂതിരിപ്പാട് രാഷ്ട്രീയവും കേരളത്തിന്റെ ജനാധിപത്യത്തെ പിറകോട്ടു പിടിച്ചുവച്ചത്. അത് സ്വാഭാവികവുമായിരുന്നു. കമ്മ്യൂണിസം എല്ലാ 'സോഷ്യൽ ഇവിൾ'സും പരിഹരിക്കും എന്ന് അന്ധമായി വിശ്വസിച്ച യാഥാസ്ഥിതിക മാർക്സിസ്റ്റ് ആയിരുന്നു, നമ്പൂതിരിപ്പാട്. ആ വിശ്വാസത്തിന്റെ അസ്തമനം കേരളീയ സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കും എന്ന് കണ്ടറിയാനും ഈ തെരഞ്ഞെടുപ്പ്, ഒരു പക്ഷേ കാരണമാകും.

