10 മന്ത്രിമാരെയും
കടപുഴക്കിയത്
കന്നി എം.എൽ.എമാർ

മന്ത്രിമാരിൽ 13 പേരും ‘ചരിത്രത്തോൽവി’യടഞ്ഞ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ, പത്ത് മന്ത്രിമാരെയും തോൽപ്പിച്ചത് ആദ്യമായി നിയമസഭയിലേക്ക് എത്തുന്ന ‘കന്നി എം.എൽ.എ’മാർ. ഇവരിൽ പലരും മത്സരരംഗത്തുതന്നെ പുതുമുഖങ്ങളുമാണ്.

Election Desk

എൽ.ഡി.എഫ് മന്ത്രിസഭയിൽനിന്ന് മത്സരിച്ച 19 മന്ത്രിമാരിൽ 13 പേരും ‘ചരിത്രത്തോൽവി’യടഞ്ഞ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ, പത്ത് മന്ത്രിമാരെയും തോൽപ്പിച്ചത് ആദ്യമായി നിയമസഭയിലേക്ക് എത്തുന്ന ‘കന്നി എം.എൽ.എ’മാർ. ഇവരിൽ പലരും മത്സരരംഗത്തുതന്നെ പുതുമുഖങ്ങളുമാണ്. പയറ്റിത്തെളിഞ്ഞ നേതാക്കൾ കൂടിയായ മന്ത്രിമാരെ ഇവർ വീഴ്ത്തിയത് മികച്ച ഭൂരിപക്ഷത്തിനുമാണ്.

മത്സരരംഗത്ത് പുതുമുഖമല്ലെങ്കിലും, നേമത്ത് മന്ത്രി വി. ശിവൻകുട്ടിയെ തോൽപ്പിച്ച് എം.എൽ.എയാകുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ​ആദ്യമായാണ് നിയമസഭയിലേക്ക് എത്തുന്നത്.

മന്ത്രിമാരെ തോൽപ്പിച്ച പത്തിൽ എട്ടു പേരും കോൺഗ്രസുകാരാണ്. ഒരാൾ മുസ്‍ലിം ലീഗും ഒരാൾ ബി.ജെ.പിയുമാണ്.

അബിൻ വർക്കി / വീണ ജോർജ്ജ്- ആറന്മുള്ള

ആറന്മുള്ളയിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ 18985 വോട്ടിനാണ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി തോൽപ്പിച്ചത്.
ആറന്മുള്ളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 19,000 വോട്ട് നേടിയാണ് 2021-ൽ വീണ ജോർജ്ജ് ജയിച്ചത്.
മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണ ജോര്‍ജ്ജ് ആദ്യമായി മത്സരിച്ച 2016-ൽ സിറ്റിങ് എംഎല്‍എ കെ ശിവദാസന്‍ നായരെ 7,646 വോട്ടിനാണ് തോൽപ്പിച്ചത്. ബി ജെ പിയുടെ എം.ടി രമേശ് 37,906 വോട്ട് നേടിയിരുന്നു. ഇത്തവണ കുമ്മനം രാജശഖരന് 34,983 വോട്ടാണ് കിട്ടിയത്.‎

 അബിൻ വർക്കി
അബിൻ വർക്കി

ജ്യോതികുമാർ ചാമക്കാല /
കെ.ബി. ഗണേഷ്കുമാർ- പത്തനാപുരം

ഗതാഗതമന്ത്രിയും ​കേരള കോൺസ്ര്- ബി നേതാവുമായ കെ.ബി. ഗണേഷ്കുമാറിനെ കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാല അട്ടിമറിച്ചത് 8310 വോട്ടിനാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ് ജ്യോതികുമാർ.
2001 മുതൽ ഗണേഷ്കുമാർ ജയിച്ചുവരുന്ന മണ്ഡലമാണ് പത്തനാപുരം. 2021-ൽ ജ്യോതികുമാറിനെ 14,336 വോട്ടിനാണ് ഗണേഷ്കുമാർ തോൽപ്പിച്ചത്.

ജ്യോതികുമാർ ചാമക്കാല
ജ്യോതികുമാർ ചാമക്കാല

നാട്ടകം സുരേഷ് / വി.എൻ. വാസൻ - ഏറ്റുമാനൂർ

മന്ത്രി വി.എൻ. വാസവനെ ഡി.സി.സി പ്രസിഡന്റ് കൂടിയായ നാട്ടകം സുരേഷ് തോൽപ്പിച്ചത് 19,752 വോട്ടിനാണ്. 2021-ൽ 14,000-ലേറെ വോട്ടിനാണ് വാസവൻ ഇവിടെ ജയിച്ചത്. ദീർഘകാലമായി കേരള കോൺഗ്രസ്- ജോസഫ് വിഭാഗം മത്സരിച്ചിരുന്ന സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു.

നാട്ടകം സുരേഷ്
നാട്ടകം സുരേഷ്

റോയ് കെ. പൗലോസ് / റോഷി അഗസ്റ്റിൻ- ഇടുക്കി

മന്ത്രി റോഷി അഗസ്റ്റിനെ കെ.പി.സി.സി വൈസ് പ്രസിഡന്റു കൂടിയായ റോയ് കെ. പൗലോസ് തോൽപ്പിച്ചത് 23,822 വോട്ടിനാണ്.
2001 മുതൽ തുടർച്ചയായി റോഷി ജയിക്കുന്ന മണ്ഡലമാണ് ഇടുക്കി. 2021-ൽ ഫ്രാൻസിസ് ജോർജ്ജിനെ 5573 വോട്ടിനാണ് റോഷി അഗസ്റ്റിൻ തോൽപ്പിച്ചത്.
1987-നുശേഷം ആദ്യമായാണ് കൈപ്പത്തി ചിഹ്നത്തിൽ ഇടുക്കി മണ്ഡലത്തിൽ ഒരു സ്ഥാനാർഥി ജയിക്കുന്നത്. 38 വർഷമായി കേരള കോൺഗ്രസ് വിഭാഗങ്ങളായിരുന്നു മത്സരം. ഇത്തവണ സീറ്റ് ജോസഫ് ഗ്രൂപ്പിൽനിന്ന് കോൺഗ്രസ് ഏറ്റെടുത്തു.

റോയ് കെ. പൗലോസ്
റോയ് കെ. പൗലോസ്

വിദ്യ ബാലകൃഷ്ണൻ / എ.കെ. ശശീന്ദ്രൻ- എലത്തൂർ

നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ വിദ്യ ബാലകൃഷ്ണൻ 12,162 വോട്ടിനാണ് ​മന്ത്രി എ.കെ. ശശീന്ദ്രനെ തോൽപ്പിച്ചത്.
2021-ൽ 38,502 എന്ന കോഴി​ക്കോട് ജില്ലയി​ലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ശശീന്ദ്രന്റെ ജയം. 2011-ൽ മണ്ഡലം നിലവിൽവന്നതുമുതൽ ശശീന്ദ്രൻ കുത്തകയാക്കിവെച്ചിരുന്ന മണ്ഡലമാണ് എലത്തൂർ.

വിദ്യ ബാലകൃഷ്ണൻ
വിദ്യ ബാലകൃഷ്ണൻ

ഉഷ വിജയൻ / ഒ.ആർ. കേളു- മാനന്തവാടി

മന്ത്രി ഒ.ആർ. കേളുവിനെ ഉഷ വിജയൻ തോൽപ്പിച്ചത് 10,543 വോട്ടിനാണ്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഉഷ.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയിച്ചുവരുന്ന കേളു, 2021-ൽ 9282 വോട്ടിനാണ് മുൻമന്ത്രി പി.കെ. ജയലക്ഷ്മിയെ തോൽപ്പിച്ചത്.

ഉഷ വിജയൻ
ഉഷ വിജയൻ

ടി.ഒ.​ മോഹനൻ / കടന്നപ്പള്ളി രാമചന്ദ്രൻ- കണ്ണൂർ

നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന ടി.ഒ. മോഹനൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ 18,551 വോട്ടിനാണ് തോൽപ്പിച്ചത്. കണ്ണൂർ കോർപറേഷൻ മുൻ മേയറാണ് മോഹനൻ.
2016, 2021 തെരഞ്ഞെടുപ്പുകളിൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു- 1196, 1745- കടന്നപ്പള്ളിയുടെ ജയം.

ടി.ഒ.​ മോഹനൻ
ടി.ഒ.​ മോഹനൻ

എം.എം. നസീർ / ജെ. ചിഞ്ചുറാണി- ചടയമംഗലം

കെ.പി.സി.സി ജനറൽ സെക്രട്ടറിയായ എം.എം. നസീർ 7486 വോട്ടിനാണ് മന്ത്രി ജെ. ചിഞ്ചുറാണിയെ തോൽപ്പിച്ചത്. 2021-ൽ ചിഞ്ചുറാണി നസീറിനെ 13,009 വോട്ടിനാണ് ചിഞ്ചുറാണി തോൽപ്പിച്ചത്.

എം.എം. നസീർ
എം.എം. നസീർ

വി.ഇ. അബ്ദുൽ ഗഫൂർ / പി. രാജീവ്- കളമശ്ശേരി

മുസ്‍ലിംലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായ വി.ഇ. അബ്ദുൽ ഗഫൂർ 16,312 വോട്ടിനാണ് വ്യവസായമന്ത്രി പി. രാജീവിനെ തോൽപ്പിച്ചത്. 2021-ൽ ഇരുവരും തമ്മിൽ മത്സരിച്ചപ്പോൾ രാജീവിന് 15,336 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

വി.ഇ. അബ്ദുൽ ഗഫൂർ
വി.ഇ. അബ്ദുൽ ഗഫൂർ

രാജീവ് ചന്ദ്രശേഖരൻ / വി. ശിവൻകുട്ടി- നേമം

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ മന്ത്രി വി. ശിവൻകുട്ടിയെ​ തോൽപ്പിച്ചത് 4978 വോട്ടിനാണ്. 2021-ൽ 3949 വോട്ടിനാണ് ശിവൻകുട്ടി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ തോൽപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ 36,524 വോട്ടാണ് നേടിയത്. ഇത്തവണ മൂന്നാം സ്ഥാനത്തായ കോൺഗ്രസിലെ കെ.എസ്. ശബരീനാഥിന് 29,730 വോട്ടാണ് കിട്ടിയത്.

രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, ബേപ്പൂരിൽ മുഹമ്മദ് റിയാസ്, ചേർത്തലയിൽ പി. പ്രസാദ്, ചെങ്ങന്നൂരിൽ സജി ചെറിയാൻ, ഒല്ലൂരിൽ കെ. രാജൻ എന്നിവരാണ് ജയിച്ച മന്ത്രിമാർ.

കൊട്ടാരക്കരയിൽ കോൺഗ്രസിലെ ഐഷ പോറ്റിയോട് 1012 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ബാലഗോപാൽ കടന്നുകൂടിയത്. ബേപ്പൂരിൽ മുഹമ്മദ് റിയാസിന്റെ ഭൂരിപക്ഷം 7487.

Comments