ക്ഷേമപ്രവർത്തനങ്ങളിലൂന്നി LDF - UDF പ്രകടനപത്രികകൾ

ഒരേസമയം പ്രകടനപത്രികകൾ പുറത്തിറക്കി എൽ.ഡി.എഫും യു.ഡി.എഫും. ക്ഷേമപ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയാണ് പ്രകടനപത്രികകളെന്നാണ് മുന്നണികളുടെ അവകാശവാദം.

Election Desk

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ. ക്ഷേമപ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയാണ് പ്രകടനപത്രികകളെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിൻെറ തുടർച്ചയെന്ന നിലയിൽ നടപ്പാക്കാൻ പോവുന്ന പദ്ധതികളെന്ന നിലയിലാണ് 60 ഇന പരിപാടികളുമായി ഇടതുമുന്നണിയുടെ പ്രകടന പത്രിക. ഭരണമാറ്റം ലക്ഷ്യമിട്ട് ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.

എൽ.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ

  • ക്ഷേമപെൻഷനുകളെല്ലാം 3000 രൂപയായി വർധിപ്പിക്കും.

  • 60000 വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലെയ്സ്മെൻറ്.

  • 5 ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തരാക്കും.

  • നെല്ലിന്റെ തറവില 35 രൂപയായും, നാളികേരത്തിന് 45 രൂപയായും, റബ്ബറിന് 300 രൂപയായും വർദ്ധിപ്പിക്കും.

  • 50 ശതമാനം സ്ത്രീകൾക്ക് ജോലി ഉറപ്പ് നൽകും. 20 ലക്ഷം വീട്ടമ്മമാർക്കും തൊഴിൽ നൽകും.

  • ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലാക്കും.

  • തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ.

  • പശ്ചാത്തലസൗകര്യങ്ങൾ, പുതിയ ടൂറിസം ഉല്പന്നങ്ങൾ, ഡെസ്റ്റിനേഷനുകൾ, ഇടനാഴികൾ, എന്നിവ സൃഷ്ടിക്കും.

  • 2031 ആവുമ്പോഴേക്കും 5 കോടി ആഭ്യന്തര ടൂറിസ്റ്റുകളെയും 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെയും കേരളത്തിലേക്ക് ആകർഷിക്കും.

  • സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും.

  • രാജ്യത്തെ ഏറ്റവും നല്ല സ്റ്റാർട്ട് അപ്പ് ആവാസവ്യവസ്ഥ കേരളത്തിൽ സൃഷ്ടിക്കും.

  • എല്ലാവർക്കും പാർപ്പിടമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും.

യു.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ

  • ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കും.

  • ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം നടപ്പിലാക്കും.

  • സ്ത്രീകൾക്ക് തുല്യവേതനം ഉറപ്പാക്കും.

  • ജെ.ബി. കോശി കമ്മീഷൻ ശുപാർശകൾ നടപ്പാക്കും.

  • റബ്ബർ താങ്ങുവില 300 രൂപയാക്കും.

  • സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യയാത്ര.

  • കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകും.

  • എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യഇൻഷുറൻസ്.

  • മുതിർന്ന പൗരരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ഉണ്ടാക്കും.

  • അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെ.ആർ. നാരായണൻ സ്കോളർഷിപ്, ലോൺ സ്കോളർഷിപ്പ് എന്നിവ നടപ്പാക്കും.

  • ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും.

  • സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ബെഡ് അവകാശമാക്കി മാറ്റും. നിലത്ത് കിടക്കേണ്ട അവസ്ഥ ഉണ്ടാവില്ല.

Comments