കേരളത്തിൽ പത്തു കൊല്ലത്തെ അവധിക്കുശേഷം സർക്കാരിനെ ബുദ്ധിജീവികൾ നിശിതമായി വിമർശിക്കുന്ന സുവർണകാലം വീണ്ടും സമാഗതമാവുകയാണ്. ഒരു ദശകം മുഴുവൻ ന്യായീകരണത്തൊഴിലാളികളായി, അല്ലെങ്കിൽ വാചാലമൗനത്തിന്റെ വാല്മീകവാസികളായി, കഴിഞ്ഞശേഷം അവർ ധീരതയും നൈതികതയും വീണ്ടെടുത്ത് പൊതുമണ്ഡലത്തിൽ സജീവമാകുന്നത് ആലോചിക്കുമ്പോൾ ഹൃദയത്തിൽ ആഹ്‌ളാദം തിരതല്ലുകയാണ്.
യു ഡി എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ മലയാളിയെ ഏറ്റവും സന്തോഷിപ്പിക്കേണ്ടത് അവരുടെ ദ്രുതസ്വത്വസംക്രമണമാണ്. ബുദ്ധിത്തൊഴിലാളിയിൽ നിന്ന് ബുദ്ധിജീവിയിലേക്കുള്ള അനായാസമായ, ഉളുപ്പ് ലവലേശം പ്രകടിപ്പിക്കാത്ത ചാക്രികസംക്രമണം.
ഈ പ്രയോഗത്തിന് കടപ്പാട് ഒരു മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനോടാണ്. 1961- ൽ എഴുതിയ 'ബുദ്ധിജീവിയുടെ പ്രതിബദ്ധത' എന്ന തലക്കെട്ടിലുള്ള പ്രസിദ്ധമായ ഉപന്യാസത്തിലാണ് പോൾ ബാരൺ ധൈഷണികരെ രണ്ടായി തിരിച്ചത് (Intellectuals and intellect workers). വിമർശകാത്മകചിന്തയോടുള്ള ആഭിമുഖ്യം, ചരിത്രവികാസങ്ങളോടുള്ള അവരുടെ സമീപനം, നിലനിൽക്കുന്ന അധികാരത്തോടുള്ള ദാസ്യം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ധൈഷണികരെ അദ്ദേഹം രണ്ടു കള്ളികളിലാക്കിയത്.
പോൾ ബാരണ് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത അത്യപൂർവ്വപ്രതിഭാസമാണ് കേരളത്തിൽ. അഞ്ചുകൊല്ലം ബുദ്ധിത്തൊഴിലാളിയും അതുകഴിഞ്ഞു അഞ്ചുകൊല്ലം ബുദ്ധിജീവിയുമായി നിരന്തരം നിറം മാറുന്ന ജനുസ്സിനെ അദ്ദേഹത്തിന് വിഭാവനം ചെയ്യാനേ ആയില്ല!
ഇപ്രാവശ്യം പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. ബുദ്ധിത്തൊഴിലാളിപർവ്വം കുറച്ചേറെ നീണ്ടുപോയി. പത്ത് കൊല്ലമാണ് പിണറായി വിജയന്റെ ഭരണം നീണ്ടുനിന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ 'ഇടതുപക്ഷ' രാഷ്ട്രീയകക്ഷിയെ ഹിന്ദുത്വവുമായി താദാത്മ്യത്തിനും സാജാത്യത്തിനും അദ്ദേഹം വിധേയമാക്കിയപ്പോൾ, വെള്ളാപ്പള്ളി നടേശന്റെ വർഗ്ഗീയവിഷവമനത്തിന് കേരളത്തിന്റെ 'മാർക്സിസ്റ്റ്' മുഖ്യമന്ത്രി 'നിർഭയം നിരന്തരം' ന്യായീകരണം ചമച്ചുകൊണ്ടിരുന്നപ്പോൾ, 'മുണ്ടുടുത്ത മോദി' എന്ന വിശേഷണത്തിന് പൂർണമായും അർഹനാക്കുന്നത്ര സ്വേച്ഛാധിപത്യരീതികളും പോലീസിനെ അടക്കം ഉപയോഗിച്ചുള്ള വൈരനിര്യാതനമുറകളും അദ്ദേഹം നടപ്പാക്കിയപ്പോൾ, ലൈംഗികാരോപിതരെ ഭരണവർഗം പ്രതിപക്ഷം എന്ന ലളിതവിഭജനത്തിന്റെ നേർയുക്തിയിൽ അദ്ദേഹം ശിക്ഷിക്കുകയോ തലോടുകയോ ചെയ്തപ്പോൾ, ബുദ്ധിത്തൊഴിലാളികൾ കട്ടയ്ക്ക് കൂടെ നിന്നു. അത്രയും തൊലിക്കട്ടിയില്ലാത്തവർ മൗനത്തിന്റെ ആഴമേറിയ കുഴിയിലാണ്ടു കിടന്നു.

നാം നിരാശരാവേണ്ട. അടുത്ത അഞ്ചു കൊല്ലം അവർ അധികാരത്തെ മുഖാമുഖം എതിർക്കും. വടിവൊത്ത, സൈദ്ധാന്തികഭംഗി ഉറന്നൊഴുകുന്ന നല്ല മലയാളത്തിൽ അവർ ഭരണവർഗ്ഗത്തെ മുൾമുനയിൽ നിർത്തും. മാർക്സ് വീണ്ടും കേരളത്തിലേക്ക് വിരുന്നെത്തും! പക്ഷേ അത് കഴിഞ്ഞു വീണ്ടും നിറം മാറാൻ 'നമുക്കതിനെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന്' പിണറായി ഊന്നിപ്പറഞ്ഞ പാർട്ടി ഇവിടെ ഉണ്ടാവുമോ എന്ന പ്രസക്തമായ ചോദ്യം ബാക്കിയാവുന്നു.
പിണറായി കമ്യൂണിസ്റ്റ് പാർട്ടിയോട് ചെയ്തത് ചരിത്രനിർണായകമായ ആന്തരിക അട്ടിമറിയായിരുന്നു. ആദർശാത്മകതയുടെ നേരിയ ലാഞ്ചന പോലുമില്ലാത്ത, മൂല്യബോധവും ആദർശനിഷ്ഠയുമുള്ള സഖാക്കളെ ഒന്നടങ്കം ഒതുക്കുകയോ 'തനിക്കാക്കി വെടക്കാക്കുകയോ' ചെയ്യുന്ന, തനിക്കും തന്റെ സ്തുതിപാഠകർക്കും മാത്രം നിലയും വിലയുമുള്ള ഒരു 'ബൂർഷ്വാ' ഘടനയിലേക്ക് പാർട്ടിയെ അദ്ദേഹം പരിവർത്തിപ്പിച്ചത് നരേന്ദ്ര മോദി ബിജെപിയിൽ ഉപയോഗിച്ച അതേ തന്ത്രങ്ങളും വെട്ടിനിരത്തലും സമർത്ഥമായി ഉപയോഗിച്ചാണ്. അതിന്റെ കൂടെയാണ് ദോഷൈകദൃഷ്ടിയുടെ കടുംപ്രയോഗം വർഗ്ഗീയതയുടെ കാര്യത്തിൽ നടപ്പാക്കിയത്.
കേരളത്തിന്റെ ജനസംഖ്യാപരമായ സവിഷേതകളേയും വളർന്നുവരുന്ന ധ്രുവീകരണങ്ങളേയും എങ്ങനെ വോട്ടും ജനപിന്തുണയുടെ സ്രോതസ്സുമാക്കി മാറ്റാമെന്ന ഗവേഷണവും ഗവേഷണഫലത്തിന്റെ പ്രയോഗവൽക്കരണവുമാണ് പിന്നീട് കണ്ടത്. കേരളചരിത്രത്തിൽ ഏറ്റവും ഗർഹണീയമായ വർഗ്ഗീയമാത്സര്യത്തിനും വിദ്വേഷപ്രചാരണത്തിനും നേതൃത്വം കൊടുത്ത ഒരു ജാതിവർഗ്ഗീയക്കോമരം കേരളനവോത്ഥാനത്തിന്റെ വീണ്ടെടുപ്പിന് സംഘടിപ്പിച്ച സർക്കാർവിലാസം സമിതിയുടെ അധ്യക്ഷനാവുന്ന പൊറാട്ടുനാടകം വലിയ ഞെട്ടലൊന്നും പ്രകടിപ്പിക്കാതെയാണ് നാം കണ്ടത്. നവോത്ഥാനം സമം വോട്ടുനഷ്ടം എന്ന ബോധ്യം വന്നപ്പോൾ ആചാര വിശ്വാസ സംരക്ഷണവണ്ടിയിലേക്ക് പതുക്കെ സ്ഥലം മാറിയപ്പോഴും കോമരം പ്രിയപ്പെട്ടവനായിത്തന്നെ തുടർന്നു. അയാളുടെ അനുചരന്മാർ പോലും അയാളെ ന്യായീകരിക്കാൻ മടിച്ചുനിന്നപ്പോൾ മാർക്സിസ്റ്റ് മുഖ്യമന്ത്രിയും അനുയായിവൃന്ദങ്ങളും വൈരുധ്യാധിഷ്‌ഠിതവിദണ്ഡവാദങ്ങളും വികടയുക്തിയുമായി കേരളത്തിന്റെ സാമാന്യബോധത്തെ പരിഹസിച്ചു.
സംഘപരിവാറും സി പി എമ്മും 27 ശതമാനം വരുന്ന മുസ്ലിംകളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ തമ്മിൽ ചെറിയ വ്യത്യാസം പോലുമില്ലാത്ത സാഹചര്യം കേരളത്തിന്റെ സെക്യുലർ സംസ്കാരത്തിന്റെ പണിതീരാനായ ശവപ്പെട്ടിയിലെ അവസാന ആണിയായി. അതിന്റെ നിറം ചുവപ്പായിരുന്നു, കാവിയല്ലായിരുന്നുവെന്നത് ചരിത്രവിപര്യയം. അതിൽ തന്റെ സ്വന്തം ആണി അടിച്ചുകയറ്റി യേശുവിനെ ഒറ്റിക്കൊടുത്ത പുരോഹിതനെ ആദരപൂർവ്വം സന്ദർശിച്ച് അദ്ദേഹത്തിന്റെ മഹാപാണ്ഡിത്യത്തിൽ അത്ഭുതം കൂറിയതും പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിപുംഗവനായിരുന്നു.

വസ്തുതാപരമായോ യുക്തിപരമായോ ആർക്കും ഖണ്ഡിക്കാനാവാത്ത ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് ലഭിക്കുന്നത് മറുപടിയല്ല, തെറിയും മുഷ്ക്കുമാണ്. ഈ മഹത്തായ പാർട്ടിയോടുള്ള നിങ്ങളുടെ ആജന്മവൈരം മൂലമാണ് നിങ്ങൾ വിമർശനങ്ങൾ ഉന്നയിക്കുന്നത്. അല്ലെങ്കിൽ, അസ്സൽ വാട്ട് എബൗട്ടറി (ആരോപണം തിരിച്ചിടൽ). മറ്റേ പാർട്ടി ഇതേ കാര്യം ചെയ്തപ്പോൾ നിങ്ങളെന്താ മിണ്ടാതിരുന്നത്?
ഇതിലേറ്റവും രസകരം നിങ്ങളെ മുതലാളിത്തത്തിന്റെ ആളാക്കുന്നതാണ്. ഭരിച്ച കാലമത്രയും മുതലാളിത്തവുമായി അടുപ്പം പുലർത്തുകയും മുതലാളിത്തവികസനത്തിന്റെ അപ്പോസ്തലരാവുകയും ചെയ്തവർ പൊടുന്നനെ നിങ്ങളെ ബൂർഷ്വാമൂരാച്ചിയാക്കുന്നു. വിമർശകർക്ക് മറുപടി പറയുമ്പോൾ മാത്രം മാർക്സിസ്റ്റ് സംജ്ഞകളും ആശയലോകവും ഉപയോഗിക്കുകയും ബാക്കി എല്ലാത്തിലും അവയെ പടിക്ക് പുറത്ത്നിർത്തുകയും ചെയ്യുന്ന ഒരു പാർട്ടിയായി സി പി എം മാറുന്നത് പെട്ടെന്നല്ല, പക്ഷേ ആ പരിണാമത്തെ ഉളുപ്പും നാണവുമില്ലാതെ പരസ്യപ്പെടുത്തുകയും അതിൽ മേനി നടിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തിച്ചതിൽ സാക്ഷാൽ പിണറായിയുടെ പങ്ക് നിസ്തുലമാണ്.
ഇതെഴുതുന്ന ആളടക്കം കേരളത്തിൽ എത്രയോ പേർ ഇടതുപക്ഷം ശക്തിയോടെ തിളക്കത്തോടെ നമ്മുടെ പൊതുമണ്ഡലത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ പാർട്ടിയുടെ നിലപാടുകളിൽ, അധികാരപ്രയോഗത്തിൽ, അടവുനയങ്ങളിൽ ഇടതുപക്ഷമെന്ന് വിളിക്കാവുന്ന എന്താണ് അവശേഷിക്കുന്നതെന്ന മൗലികമായ ചോദ്യമാണ് അവരെ വിമർശനത്തിന് പ്രേരിപ്പിക്കുന്നത്. 'ബൂർഷ്വാ പിന്തിരിപ്പൻ മൂലധന' കക്ഷികളിൽ നിന്ന് ഈ പാർട്ടിയ്ക്ക് വേറിട്ട എന്ത് നിലപാടാണുള്ളതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടാതെ വരുന്നത് വിമർശകരുടെ കുഴപ്പമല്ല.
▮
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വയനാട്ടിൽ സൃഷ്ടിച്ച മാതൃകാത്ഭുതം ഒരർത്ഥത്തിൽ കേരളത്തിൽ ഇപ്പോൾ സജീവവും സുശക്തവുമായ വർഗ്ഗീയ ധ്രുവീകരണത്തോടും അപമാനവീകരണത്തോടും ചെയ്യാവുന്ന ഏറ്റവും മനോഹരമായ പ്രതികരണമായിരുന്നു. ലീഗിനെ ഇതെഴുതുന്നയാൾ വിമർശിച്ചിട്ടുണ്ട്. അതിനേക്കാളേറെ അതിന്റെ രാഷ്ട്രീയത്തെ ദേശീയ മാധ്യമങ്ങളിലടക്കം ശ്ലാഘിച്ചിട്ടുമുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും വർഗ്ഗീയ കാലുഷ്യമില്ലാത്ത സാമുദായിക സംഘാടനത്തിന്റെയും ധനാത്മക ന്യൂനപക്ഷ ശാക്തീകരണത്തിന്റെയും ഇന്ത്യൻ മാതൃകയായി ലീഗിനെ അവതരിപ്പിച്ചിട്ടുണ്ട്.
ചൂരൽമല ദുരന്തത്തിന്റെ നിർഭാഗ്യവാന്മാരായ ഇരകൾക്ക് ലീഗ് ചെയ്തത് പക്ഷേ ഇതിലൊന്നുമുൾപ്പെടാത്ത പുതിയൊരു മാതൃകയാണ്. ലീഗ് ഒരു സീറ്റിൽ പോലും മത്സരിക്കാത്ത ജില്ലയാണ് വയനാടെന്നതും ഇവിടെ സ്മരണീയമാണ്. സമ്പൂർണമായ നെഗറ്റിവിറ്റിയെ തിളക്കമാർന്ന പോസിറ്റിവിറ്റി കൊണ്ട് മായ്ചുകളയുന്ന, ചരിത്രത്തിൽത്തന്നെ അപൂർവമായി സംഭവിക്കുന്ന ഒരു കാര്യം. ഇത് നമുക്ക് കണ്ടില്ലെന്ന് നടിക്കാം. ചെറിയ ചെറിയ അപാകങ്ങളെ പർവ്വതീകരിക്കാം. അതൊന്നും ലീഗ് ചെയ്തതിന്റെ ഉദാത്തമാനവികതയെ അല്പം പോലും നിഷ്പ്രഭമാക്കില്ല.

മുസ്ലിംകളല്ലാത്ത ആയിരക്കണക്കിന് മനുഷ്യർ - രാഷ്ട്രീയ മത ജാതി ഭേദമന്യെ- ലീഗിനെ പുകഴ്ത്തിയെഴുതിയ പോസ്റ്റുകളും കുറിപ്പുകളും കേരളത്തിന്റെ സമീപകാലചരിത്രത്തിലെ അഭൂതപൂർവ്വകമായ നാഴിക്കല്ലാണ്. നല്ല മനുഷ്യർക്ക് അങ്ങനെയേ പറയാനാവുമായിരുന്നുള്ളൂ. അതിനു നേതൃത്വം കൊടുത്ത പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇതോടെ കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും തന്റെ സ്ഥാനം അടയാളപ്പെടുത്തി. തന്റെ സാത്വികപൂർവ്വസൂരികളുടെ ജനിതകത്തുടർച്ച താൻ പ്രതിനിധീകരിക്കുന്നുവെന്നും ഒരുമയുടെയും കാരുണ്യത്തിന്റെയും സന്ദേശമാണ് ആ ജനിതകഘടനയുടെ ചേരുവകളെന്ന് താൻ തിരിച്ചറിയുന്നുവെന്നും അദ്ദേഹം മലയാളികളുടെ ദോഷൈകദൃഷ്ടിയുടെ സാമ്രാജ്യത്തിൽ നിസ്സംശയം ബോധ്യപ്പെടുത്തി.
മുസ്ലിം ലീഗിന്റെ ഉജ്വലവിജയം പല നിലയ്ക്കും രാഷ്ട്രീയപ്രസക്തിയുള്ളതാണ്. ഇന്ത്യയിലുടനീളം മുസ്ലിംകൾ രാഷ്ട്രീയത്തിൽനിന്നും അധികാരത്തിൽ നിന്നും മാറ്റിനിർത്തപ്പെടുകയും വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ നിഷ്കാസനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് ഒരു സംസ്ഥാനത്ത് മുസ്ലിം എന്ന് പേരിൽ തന്നെയുള്ള ഒരു രാഷ്ട്രീയപാർട്ടി സർക്കാരിലെ രണ്ടാം കക്ഷിയായി അധികാരം കയ്യാളുന്നത് നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിയിൽ മലയാളിയ്ക്ക് വർഗ്ഗീയതയും അഹോരാത്രം തുടരുന്ന മുസ്ലിംവിരുദ്ധതയും മടുത്ത് തുടങ്ങിയതിന്റെ ലക്ഷണമാണ്. സംഘികളും സഖാക്കളും കഴിഞ്ഞ ഏതാനും മാസങ്ങളായി മലയാളികളെ ലീഗ് ഭരണം കയ്യാളിയാൽ കേരളം കുട്ടിച്ചോറാകുമെന്ന് ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. അതിനാൽ തന്നെ ഇതിന്ത്യൻ സെക്യുലറിസത്തിന്റെ അപൂർവ്വവിജയമായി കാണേണ്ടിവരും. ലീഗിന്റെ ജയിച്ചു വരുന്ന എം എൽ എമാരിൽ ഒരു യുവതി കൂടിയുണ്ടെന്നത് അവരുടെ വിജയത്തിന് മാറ്റ് പതിന്മടങ്ങ് കൂട്ടുന്നുണ്ട്. 34 വയസ്സ് മാത്രമുള്ള ഫാത്തിമ തഹ്‌ലിയ കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖനേതാവിനെ തോൽപ്പിച്ചു നടന്നുകയറുന്നത് ചരിത്രത്തിലേക്കാണ്: ലീഗിന്റെ ചരിത്രത്തിലെ ആദ്യനിയമസഭാസാമാജിക.

ഒരു ശതമാനം പോലും ക്രൈസ്തവരില്ലാത്ത തവനൂരിൽ വി.എസ്. ജോയ് ജയിച്ചതും കൊച്ചിയിൽ മുസ്ലിം മത്സരിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമെന്നു പരിഭ്രാന്തി പരത്തിയവരെ വിഷണ്ണരാക്കി മുഹമ്മദ് ഷിയാസ് വെന്നിക്കൊടി പറപ്പിച്ചതുമൊക്കെ കാണിക്കുന്നത് മലയാളി അവരുടെ മലയാളിത്തം തികഞ്ഞ വാശിയോടെ നടപ്പാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയതെന്ന് തന്നെയാണ്.
കത്തോലിക്കാസഭയുടെ അവിഭാജ്യഘടകമായ മാണി കേരളാകോൺഗ്രസ് സംപൂജ്യരായതും കേരളത്തിലെ ഏറ്റവും ദൃശ്യതയുള്ള നായർ സമുദായനേതാവും ഈഴവനേതാവും പ്രത്യക്ഷവും പരോക്ഷവുമായി എൽ ഡി എഫിനെ പിന്തുണച്ചിട്ടും അവരിരുവരും നിരന്തരം ശകാരിച്ച, അവരുടെ നാടകങ്ങൾക്ക് പുല്ലുവില കൽപ്പിക്കാത്ത വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു ഡി എഫ് ചരിത്രവിജയം നേടിയത് ഒരു കാര്യം നിസ്സംശയം സ്ഥാപിക്കുന്നു - ഈ മലിനശക്തികളുടെ ആഹ്വാനം അനുസരിച്ചല്ല മലയാളി തന്നെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. ആ അർത്ഥത്തിൽ ശവപ്പെട്ടിയിൽ പിണറായി വിജയൻ അടിച്ച അവസാനയാണിയെയും അതിജീവിച്ച് മലയാളിയുടെ ബഹുസ്വരതയും സമഷ്ടിബോധവും സ്വയം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലമാണിത്.
▮
നിങ്ങൾ നല്ല കമ്യൂണിസ്റ്റുകാരാവുക, അതിന് കഴിയില്ലെങ്കിൽ വർഗ്ഗീയതയും അഴിമതിയും സ്വജനപക്ഷപാതിത്വവും കുടുംബാധിപത്യവും അഹങ്കാരവും ഇല്ലാത്ത നല്ല മനുഷ്യരെങ്കിലുമാവുക എന്ന സന്ദേശമാണ് പിണറായിക്കും അദ്ദേഹത്തിന്റെ അനുചരന്മാർക്കും പാർട്ടിയെ സ്നേഹിക്കുന്ന എന്നാൽ പാർട്ടിക്കെതിരിൽ അതിന്റെ ചെങ്കോട്ടകളിൽ പോലും വോട്ടു ചെയ്ത അണികൾ നൽകുന്ന സന്ദേശം. ആഴ്ചകൾക്കോ മാസങ്ങൾക്കോ മുമ്പ് പാർട്ടി വിട്ട് സ്വതന്ത്രരായി യു ഡി എഫ് പിന്തുണയോടെ മത്സരിച്ച മൂന്ന് സി പി എം നേതാക്കൾ ഇക്കുറി നിയമസഭയിലുണ്ടാവും. അവരിലൊരാൾ ജി. സുധാകരൻ. അദ്ദേഹം നല്ല കമ്യൂണിസ്റ്റുകാരനാണെന്ന കാര്യത്തിൽ കേരളത്തിലാർക്കും അഭിപ്രായാന്തരമുണ്ടാവില്ല. ജീവിതം മുഴുവൻ പാർട്ടിക്ക് നേദിച്ച ഒരു മനുഷ്യൻ. ജീവിതസായാഹ്നത്തിൽ ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹം പോയെങ്കിൽ എന്തുമാത്രം ദുരിതാനുഭവങ്ങൾ അതിന് പിന്നിലുണ്ടാവും?

ഇന്ത്യയുടെ ഭൂപടത്തിൽ ചുവപ്പിനാൽ അടയാളപ്പെടുന്ന ഒരു സംസ്ഥാനം പോലും ഇനി ബാക്കിയില്ല. സി പി എമ്മിനോടുള്ള വിരോധമല്ല പിണറായിയോടും അദ്ദേഹത്തിന്റെ രീതികളോടുമുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പുഫലത്തിന്റെ മുഖ്യസംഗതി. അത് ടി.പി. ചന്ദ്രശേഖരന്റെ ഓർമ്മദിവസം തന്നെ സംഭവിച്ചത് കാവ്യനീതി തന്നെ. ആരാണ് വാസ്തവത്തിൽ കുലംകുത്തിയെന്ന് ആരെങ്കിലും ചോദിച്ചുപോയാൽ കുറ്റം പറയാനാവില്ല! ആ കുലംകുത്തി നികൃഷ്ടജീവിയും ചെറ്റയുമാണെന്ന് ആരും പറയാതിരിക്കട്ടെ എന്നുമാത്രം ആശിക്കാം.
സ്വേച്ഛാധിപത്യവാസനയോടും മാടമ്പിത്തരത്തോടും മലയാളി ‘കടക്ക് പുറത്ത്’ എന്ന് വ്യക്തമായ സ്വരത്തിൽ പറഞ്ഞു. അതിന്റെ അർത്ഥമാനങ്ങൾ ശരിയായി മനസ്സിലാക്കുന്ന ഒരു ഭരണം കാഴ്ചവെക്കാൻ യു ഡി എഫിനാകട്ടെ എന്നാശിക്കാം ആശംസിക്കാം. നൂറിലേറെ സീറ്റ് കയ്യിലുണ്ടെന്നത് അഹന്തക്ക് വഴിവക്കാതിരിക്കട്ടെ.
ബി ജെ പിക്ക് ലഭിച്ച മൂന്ന് സീറ്റിനെക്കുറിച്ചു പരാമർശിക്കാതിരുന്നത് ബോധപൂർവ്വമാണ്. നാം കഴിഞ്ഞ ഏതാനും വർഷം കണ്ടും കേട്ടും മടുത്ത വർഗ്ഗീയതയുമായി തുലനപ്പെടുത്തുമ്പോൾ അവർക്ക് മൂന്ന് സീറ്റൊന്നുമല്ല ലഭിക്കേണ്ടത്. അത് മൂന്നിലൊതുങ്ങി എന്നതാണ് പ്രധാനം. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചരിത്രമെഴുതുന്ന ഭാവിചരിത്രകാർ പിണറായി വെള്ളാപ്പള്ളി സംബന്ധത്തിനായി ഒരു മുഴുവൻ അധ്യായം തന്നെ മാറ്റിവക്കുമെന്നത് മാത്രമാണ് ഇപ്പോഴത്തെ അവസ്ഥയിൽ കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചു നടത്താവുന്ന സുരക്ഷിതമായ പ്രവചനം. അത് ചെയ്യാത്ത ചരിത്രകാരാകട്ടെ നല്ല ചരിത്രകാരുമല്ല; അവർ ബുദ്ധിത്തൊഴിലാളികൾ മാത്രമായിരിക്കും
