രാഷ്ട്രീയ
അടിയൊഴുക്കുണ്ടോ,
കാസർകോട് ജില്ലയിൽ?

നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സാധ്യതകൾ എന്തെല്ലാമാണ്?- ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ഇലക്ഷൻ പരമ്പര തുടങ്ങുന്നു.

സ്വാതന്ത്ര്യം ലഭിക്കുന്ന അവസരത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കൻ കാനറാ ജില്ലയിലെ താലൂക്കായിരുന്നു നിലവിലുള്ള കാസർഗോഡ് ജില്ലയിലെ പ്രദേശങ്ങൾ. സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ചപ്പോൾ കാസർഗോഡ് താലൂക്ക് തെക്കൻ കാനറ മേഖലയിൽ നിന്ന് വേർപെടുത്തി മലബാർ ജില്ലയുമായി ലയിപ്പിക്കുകയാണുണ്ടായത്.

1956 നവംബർ ഒന്നിന് മലബാർ ജില്ലയും തിരു-കൊച്ചിയുമായി ചേർന്ന് കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളായി കാസർഗോഡ് പ്രദേശം ഉൾപ്പെട്ട മലബാർ വിഭജിക്കപ്പെട്ടു. 1984 മെയ് 24-ന് കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകൾ ഉൾപ്പെടുത്തിയാണ്, കണ്ണൂർ ജില്ല വിഭജിച്ച് കാസർഗോഡ് ജില്ല രൂപീകരിച്ചത്.

മലയാളം, തുളു, കന്നഡ, കൊങ്കണി, മറാത്തി, ബ്യാരി, ഉറുദു എന്നീ ഭാഷകൾ ജില്ലയിലെ ജനങ്ങൾ ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ ഭാഷാവൈവിധ്യത്തിന് പേരുകേട്ട കാസർഗോഡ് ജില്ലയെ സപ്തഭാഷാഭൂമി എന്നാണ് അറിയപ്പെടുന്നത്. കുടിയേറ്റം, വ്യാപാരം, കർണാടകയുമായുള്ള അതിർത്തി എന്നിവയാൽ രൂപപ്പെട്ട ഒന്നിലധികം ഭാഷകളുടെ സഹവർത്തിത്വത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

2011 ലെ ഇന്ത്യൻ സെൻസസ് ഡാറ്റ സൂചിപ്പിക്കുന്നത്, ജില്ലയിലെ ജനസംഖ്യയുടെ 82.70%-വും മലയാളം മാതൃഭാഷയായി ഉപയോഗിക്കുന്നവരാണെന്നും കർണാടകയുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന തുളുവും കന്നടയും യഥാക്രമം 8.8%, 4.2% പേർ ഉപയോഗിക്കുന്നുവെന്നുമാണ്. 2011- ലെ സെൻസസ് പ്രകാരം 13.07 ലക്ഷമാണ് ജനസംഖ്യ. 2025 ആവുമ്പോഴേക്കും ജില്ലയിൽ 14.30 ലക്ഷമായി ഉയർന്നിട്ടുണ്ടെന്നും കണക്കാക്കിയിട്ടുണ്ട്. ജനസംഖ്യയുടെ 55.85% ഹിന്ദുക്കളും 37.24% മുസ്ലികളും 6 .70% ക്രിസ്ത്യാനികളുമാണെന്നാണ് 2011-ലെ സെൻസസ് റിപ്പോർട്ട്.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനുശേഷം 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ കാസർകോട് ജില്ലയിൽ 10,96,241 വോട്ടർമാരാണുള്ളത്.

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് കാസർഗോഡ് (പഴയ കണ്ണൂർ ജില്ല) ജില്ലയിലെ നീലേശ്വരം മണ്ഡലത്തിൽ നിന്നാണ് 1957- ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ. ഗോപാലൻ കാസർഗോഡ് പ്രദേശം ഉൾപ്പെട്ട കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് 1952- ൽ ലോക്‌സഭയിലേക്ക് വിജയിച്ചത്. ഇപ്പോൾ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കോൺഗ്രസ് (എസ്) നേതാവായ കടന്നപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി 1971- ലും 1977- ലും കാസർഗോഡ് ലോക്സഭാ സീറ്റിൽ അട്ടിമറി വിജയം നേടിയിട്ടുണ്ട്. സി പി എം നേതാവായ ഇ.കെ. നായനാരെയായിരുന്നു 1971- ൽ കടന്നപ്പള്ളി തോല്പിച്ചത്. സ്ഥിരമായി സി പി എം വിജയിച്ചുകൊണ്ടിരുന്ന കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ പിന്നീടുണ്ടായ കോൺഗ്രസിന്റെ വിജയം രാജ് മോഹൻ ഉണ്ണിത്താനിലൂടെ 2019- ലും 2024- ലുമാണ് നടന്നത്.

ജില്ലയിൽ മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ അഞ്ചു നിയമസഭ മണ്ഡലങ്ങളാണുള്ളത്‌. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനുശേഷം 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ 10,96,241 വോട്ടർമാരാണുള്ളത്.

1. മഞ്ചേശ്വരം:
ലീഗും ബി.ജെ.പിയും
തമ്മിൽ

  • മുൻ വർഷങ്ങളിലേതുപോലെ അത്ര അനുകൂല സാഹചര്യം ബി ജെ പിക്ക് മഞ്ചേശ്വരത്തില്ല.

കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്ന 1957 മുതൽ മഞ്ചേശ്വരം നിയമസഭ മണ്ഡലം നിലവിലുണ്ട്. മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ച എം. ഉമേഷ് റാവു മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാചരിത്രത്തിലെ ഏക സാമാജികനാണ്.

ആദ്യ തിരഞ്ഞെടുപ്പിൽ 61,000 -ഓളം വോട്ടർമാരുണ്ടായിരുന്നെങ്കിൽ 2021-ലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം 2.21 ലക്ഷമായി. 2008- ലെ ഡീലിമിറ്റേഷൻ പ്രക്രിയയിലൂടെ കേരളത്തിലെ മിക്ക മണ്ഡലങ്ങളിലെയും പ്രദേശങ്ങൾക്ക് മാറ്റമുണ്ടായെങ്കിലും മഞ്ചേശ്വരം മണ്ഡലത്തിലുൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് മാറ്റമുണ്ടായിട്ടില്ല.

കേരളത്തിലെ മറ്റ് മണ്ഡലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയസ്വഭാവം കാഴ്‌ചവെക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം.

കേരളത്തിലെ മറ്റ് മണ്ഡലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയസ്വഭാവം കാഴ്‌ചവെക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നത് ആദ്യകാലങ്ങളിൽ (1970- 1982) കമ്മ്യൂണിസ്റ്റു പാർട്ടി വിജയിച്ച മണ്ഡലത്തിൽ 1987- നുശേഷം, 2006- ൽ മാത്രമാണ് സി പി എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിന്റെ വിജയത്തിലൂടെ മഞ്ചേശ്വരത്ത് എൽ ഡി എഫിന് വിജയിക്കാനായത്. സമീപകാല തിരഞ്ഞെടുപ്പുകളിലെ മുഖ്യ പോരാട്ടം ബി.ജെ.പിയും മുസ്ലീം ലീഗും തമ്മിലാണെന്ന് വോട്ട് വിഹിതം പരിശോധിച്ചാൽ വ്യക്തമാകും.

കേരളത്തിലെ വടക്കേ അറ്റത്തുള്ളതും കർണാടകയുമായി അതിർത്തി പങ്കിടുന്നതുമായ മഞ്ചേശ്വരത്ത് നേരിയ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ 2011 മുതൽ വിജയിച്ചിട്ടുള്ളത്. ഏറ്റവും വലിയ വിജയസാധ്യതയുള്ള മണ്ഡലമായിട്ടാണ് മഞ്ചേശ്വരത്തെ ബി.ജെ.പി കണക്കാക്കുന്നത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മഞ്ചേശ്വരത്ത് നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മഞ്ചേശ്വരത്ത് നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുൾപ്പെട്ട എൻമകജെ, കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മീഞ്ച, പൈവളിക, വേർക്കാടി പഞ്ചായത്തുകളിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ പുത്തിഗെ പഞ്ചായത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. മണ്ഡലത്തിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ 2025- ൽ എൽ ഡി എഫിന് 41,908 വോട്ടും യു ഡി എഫിന് 67,236 വോട്ടും എൻ ഡി എ ക്ക് 47,071 വോട്ടുമാണ് ലഭിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫിന് 20,000 ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ടെന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് നൽകുന്ന സൂചന.

2,21,711 വോട്ടർമാരിൽ 1,72,774 പേർ വോട്ടു രേഖപ്പെടുത്തിയ 2021-ലെ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ എ. കെ.എം. അഷ്‌റഫ് 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പിയിലെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2024- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് 17,000 ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ടായിരുന്നു.

യു ഡി എഫും ബി ജെ പിയും തമ്മിൽ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന മഞ്ചേശ്വരത്ത് യു ഡി എഫ് സീറ്റ് നിലനിർത്താനാണ് കൂടുതൽ സാധ്യത.

നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ യു ഡി എഫും ബി ജെ പിയും തമ്മിൽ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന മഞ്ചേശ്വരത്ത് യു ഡി എഫ് സീറ്റ് നിലനിർത്താനാണ് കൂടുതൽ സാധ്യത. ബി ജെ പി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരമെങ്കിലും നിലവിലുള്ള രാഷ്ട്രീയ പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിലേതുപോലെ അത്രമാത്രം അനുകൂല സാഹചര്യം ബി ജെ പിക്ക് മഞ്ചേശ്വരത്തില്ലായെന്നതാണ് രാഷ്ട്രീയ വസ്തുത. എങ്കിലും കേന്ദ്ര സർക്കാരിന്റെ പിൻബലത്തിലും മണ്ഡലത്തിലെ ഒറ്റപ്പെട്ട ചില ചെറു പാർട്ടികളുടെ സഹായത്തോടെയും രഹസ്യ ബന്ധത്തിലൂടെയും മഞ്ചേശ്വരത്ത് വിജയിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി നടത്തിവരുന്നതിനാൽ, പാർട്ടിക്ക് അനുകൂലമായ വോട്ടുകൾ വലിയ തരത്തിൽ മാറിവന്നാൽ മത്സരം പ്രവചനാതീതമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

2.കാസർഗോഡ്:
ലീഗ് കോട്ട

  • മുസ്ലിം ലീഗ് ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള മണ്ഡലം.

സംസ്ഥാന രൂപീകരണത്തിനുശേഷം കമ്മ്യൂണിസ്റ്റു പാർട്ടി അല്ലെങ്കിൽ പാർട്ടി ഉൾപ്പെടുന്ന മുന്നണി ഒരിക്കലും വിജയിക്കാത്ത മണ്ഡലമാണ് കാസർഗോഡ്. 25 ശതമാനത്തിൽ താഴെ വോട്ടുവിഹിതം മാത്രമാണ് തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ ഇടതുമുന്നണിക്ക് ലഭിച്ചിട്ടുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2006 നു ശേഷമാകട്ടെ ഇടതുമുന്നണിക്ക് വോട്ട് ഗണ്യമായി കുറഞ്ഞുവരുന്നതായും കാണാം.

മുസ്ലിം ലീഗ് ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള കേരളത്തിലെ മണ്ഡലങ്ങളിലൊന്നായി കാസർഗോഡിനെ പരിഗണിക്കാം.

മുസ്ലിം ലീഗിനും ബി ജെ പിക്കുമാണ് കാസർഗോഡ് മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ അടിവേരുകളുള്ളത്. കാസർഗോഡ് മണ്ഡലത്തിൽ ബി ജെ പിക്ക് ജയിക്കാൻ സാധിച്ചില്ലായെങ്കിലും 1982 മുതൽ രണ്ടാം സ്ഥാനത്താണ്. മുസ്ലിം ലീഗ് ഉൾപ്പെടുന്ന മുന്നണിക്ക് ബി ജെ പിക്ക് ലഭിക്കുന്ന വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ 6 മുതൽ 9 ശതമാനം വോട്ട് അധികം ലഭിക്കുന്ന മണ്ഡലമാണിത്. അതോടൊപ്പം യു ഡി എഫുമായി താരതമ്യം ചെയ്യുമ്പോൾ ഇടതുമുന്നണിക്ക് 23 മുതൽ 30 ശതമാനം വോട്ടിന്റെ കുറവാണ് 2011 മുതൽ കാസർഗോഡ് മണ്ഡലത്തിൽ ഉണ്ടായിട്ടുള്ളത്.

2,01,812 വോട്ടർമാരിൽ 1,45,452 പേർ വോട്ടു രേഖപ്പെടുത്തിയ 2021ലെ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ എൻ.എ. നെല്ലിക്കുന്ന് 12,901 ഭൂരിപക്ഷത്തിനാണ് ബി ജെ പിയിലെ കെ. ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കാസർകോട്ട് മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കാസർകോട്ട് മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

കാസർഗോഡ് മണ്ഡലത്തിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ 2025- ൽ എൽ ഡി എഫിന് 36,131, യു ഡി എഫിന് 68,737, എൻ ഡി എ ക്ക് 44102 വോട്ടുവീതമാണ് ലഭിച്ചത്. യു ഡി എഫിന് 2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 24,000 ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ട്. 2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 26,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷവും യു ഡി എഫ് നേടിയിട്ടുണ്ട്.

കഴിഞ്ഞകാല ജനവിധിയുടെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് ഉൾപ്പെടുന്ന ഐക്യമുന്നണി ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള കേരളത്തിലെ മണ്ഡലങ്ങളിലൊന്നായി കാസർഗോഡിനെ പരിഗണിക്കാം.

3.ഉദുമ:
എൽ.ഡി.എഫ്
മുൻതൂക്കം

  • നാല് ശതമാനത്തിനടുത്ത് വോട്ട് ഇടതുമുന്നണിക്ക് നഷ്ടപ്പെടുകയും അത് പൂർണമായും യു ഡി എഫിന് അനുകൂലമായാലും മാത്രമാണ് മണ്ഡലം യു ഡി എഫിന് ലഭിക്കുകയുള്ളൂ.

സംസ്ഥാനത്ത് 1967 മുതൽ 1970 വരെ 133 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങളുടെ എണ്ണം 140 ആയി വർധിച്ച 1977- ലെ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഉദുമ മണ്ഡലം രൂപീകരിച്ചത്. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ നടന്ന പ്രസ്തുത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മുഖ്യ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപം കൊണ്ട ജനതാപാർട്ടിയുടെ സ്ഥാനാർത്ഥിയായ കെ. ജി. മാരാരെ തോല്പിച്ചാണ് ഐക്യ ജനാധിപത്യ മുന്നണി പിന്തുണ നൽകിയ സ്വതന്ത്ര സ്ഥാനാർത്ഥി എൻ. കെ. ബാലകൃഷ്ണൻ ഉദുമയിൽ വിജയിച്ചിരുന്നത്‌. 1980- ലെ ആറാം നിയമസഭാ തിരഞ്ഞെടുപ്പിലും എൻ. കെ. ബാലകൃഷ്ണൻ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ. പുരുഷോത്തമനോട് തോറ്റു. 1987- ൽ കോൺഗ്രസിലെ കെ.പി. കുഞ്ഞിക്കണ്ണൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും സി പി എം സ്ഥാനാർത്ഥികളാണ് ഉദുമയിൽ വിജയിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഉദുമയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ).
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഉദുമയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ).

2011 മുതൽ ഡീലിമിറ്റേഷൻ പ്രക്രിയക്കുശേഷം ചെമ്മാട്, ദേലംപാടി, കുറ്റിക്കോൽ, ബേഡഡുക്ക, മുളിയാർ, പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ പഞ്ചായത്തുകളാണ് മണ്ഡലത്തിൽഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ. 2011 മുതൽ എൽ ഡി എഫിന് മണ്ഡലത്തിൽ വോട്ട് വിഹിതം ഗണ്യമായി വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഐക്യമുന്നണിയുമായി താരതമ്യം ചെയ്യുമ്പോൾ എട്ടു ശതമാനത്തിലേറെ അധികം വോട്ട് ഇടതുമുന്നണിക്ക് മണ്ഡലത്തിൽ ലഭിക്കാറുണ്ട്. ഇടതുമുന്നണിയുടെയും ഐക്യമുന്നണിയുടെയും വോട്ട് വിഹിതത്തിൽ വ്യത്യാസം രണ്ടു ശതമാനമായി കുറഞ്ഞത് 2016- ൽ കോൺഗ്രസിലെ കെ. സുധാകരൻ ഉദുമയിൽ മത്സരിച്ചപ്പോഴാണ്.

ഏതു പ്രതികൂല സാഹചര്യത്തിലും ഇടതുമുന്നണി ഉദുമയിൽ വോട്ടു ചോർച്ച പ്രതീക്ഷിക്കുന്നില്ല.

2,14,368 വോട്ടർമാരിൽ 1,65,863 പേർ വോട്ടു രേഖപ്പെടുത്തിയ 2021-ലെ തിരഞ്ഞെടുപ്പിൽ സി പി എമ്മിലെ സി.എച്ച്. കുഞ്ഞമ്പു 13,322 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ ബാലകൃഷ്ണൻ പെരിയയെ പരാജയപ്പെടുത്തിയത്. 2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് 12000- ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ടായിരുന്നു. 2025- ലെ തദ്ദേശ തിരെഞ്ഞെടുപ്പിൽ എൽ ഡി എഫിന് യു ഡി എഫിനേക്കാൾ ഉദുമയിൽ 3000 ലേറെ വോട്ടിന്റെ നേരിയ മുൻതൂക്കമാണുള്ളത്.

കാസർഗോഡ് ജില്ലയിൽ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ഉദുമയെ യു.ഡി.എഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ കാല വോട്ടുവിഹിതം പരിശോധിച്ചാൽ വ്യക്തമാകുന്നത്, നാല് ശതമാനത്തിനടുത്ത് വോട്ട് ഇടതുമുന്നണിക്ക് നഷ്ടപ്പെടുകയും അത് പൂർണമായും യു ഡി എഫിന് അനുകൂലമായാലും മാത്രമാണ് മണ്ഡലം യു ഡി എഫിന് ലഭിക്കുകയുള്ളൂ. മണ്ഡലത്തിലെ നിലവിലെ ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളും വികസന-ക്ഷേമ കാര്യങ്ങളുമായി ബന്ധപ്പെടുത്തി സംസ്ഥാന ഭരണത്തിനോടുള്ള ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണവും വിലയിരുത്തിയാൽ ഏതു പ്രതികൂല സാഹചര്യത്തിലും ഇടതുമുന്നണി ഇത്തരത്തിലുള്ള വോട്ടു ചോർച്ച പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഉദുമയിൽ മത്സരം കടുത്തതായിരിക്കുമെന്ന പ്രതീതി പരത്താൻ ഐക്യമുന്നണിക്ക് സാധിച്ചിട്ടുണ്ടെന്നത് ഇടതുമുന്നണിയെ സംബന്ധിച്ച് വെല്ലുവിളിയാണ്.

4.കാഞ്ഞങ്ങാട്:
എൽ.ഡി.എഫ് സാധ്യത

  • വലിയതരത്തിലുള്ള രാഷ്ട്രീയ അടിയൊഴുക്കുണ്ടായാലേ മണ്ഡലം ഇടതുമുന്നണിക്ക് എതിരാകാൻ സാധ്യതയുള്ളൂ

2008- ലെ ഡീലിമിറ്റേഷൻ നിർണയ പ്രകാരം പുതുതായി 2011 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലമാണ് കാഞ്ഞങ്ങാട്. 1957 മുതൽ 2008 വരെയുണ്ടായിരുന്ന ഹോസ് ദുർഗ് നിയമസഭാ മണ്ഡലത്തിൽപെട്ട പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് കാഞ്ഞങ്ങാട് മണ്ഡലം രൂപീകരിച്ചത്. 2011 മുതൽ നിലവിൽ വന്ന കാഞ്ഞങ്ങാട് മണ്ഡലവും പഴയ ഹോസ്ദുർഗ് മണ്ഡലം പോലെ ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ളതാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഹൊസ്ദുർഗിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഹൊസ്ദുർഗിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021- ലെ തിരെഞ്ഞെടുപ്പിൽ ആകെയുള്ള 2,18, 836 വോട്ടർമാരിൽ 1,67,278 പേരാണ് വോട്ട് ചെയ്തത്. സി-പി-ഐയിലെ ഇ. ചന്ദ്രശേഖരൻ 27, 139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ പി. വി. സുരേഷിനെ പരാജയപ്പെടുത്തിയത്. 2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 2000- ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ടായിരുന്നു. 2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളായ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി, അജാനൂർ, മടിക്കൈ, കോടോം -ബേളൂർ, കിനാനൂർ- കരിന്തളം, പനത്തടി എന്നിവയിൽ എൽ ഡി എഫിനും ബളാൽ, കള്ളാർ പഞ്ചായത്തുകളിൽ യു ഡി എഫിനുമാണ് മേൽക്കൈ. മുന്നണികൾക്ക് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽ ഡി എഫിന് 17,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

കാഞ്ഞങ്ങാട്ട് എൽ.ഡി.എഫിന് പ്രതികൂലമായ സാഹചര്യം ഇപ്പോഴില്ല.

2011 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ മുന്നണികൾക്ക് ലഭിച്ച വോട്ടു വിഹിതം പരിശോധിച്ചാൽ 9 മുതൽ 16 ശതമാനത്തോളം വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഐക്യ മുന്നണിയേക്കാൾ കൂടുതലായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയതരത്തിലുള്ള രാഷ്ട്രീയ അടിയൊഴുക്കുകൾ സംഭവിച്ചാൽ മാത്രമേ പ്രതികൂലമായ സാഹചര്യം മണ്ഡലത്തിൽ ഇടതുമുന്നണിക്കുണ്ടാകാൻ സാധ്യതയുള്ളൂ. സംസ്ഥാനത്തെ പൊതുവായ വികസന-ക്ഷേമ കാര്യങ്ങളും മണ്ഡലത്തിലെ പ്രവർത്തനങ്ങളും വിലയിരുത്തിയാൽ അത്തരം പ്രതികൂല സാഹചര്യം അവിടെയില്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. ഈ പശ്ചാത്തലത്തിൽ 2026- ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കാഞ്ഞങ്ങാട് മണ്ഡലം ഇടതുപക്ഷ ആഭിമുഖ്യം നിലനിർത്താനാണ് ഏറെ സാധ്യത.

5.തൃക്കരിപ്പൂർ:
ഇടതുസാധ്യതകൾ

  • ഇടതുമുന്നണി വിജയം ഉറപ്പാക്കിയ മണ്ഡങ്ങളിലൊന്ന്.

1957 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നീലേശ്വരം നിയമസഭ മണ്ഡലത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 1977- ൽ തൃക്കരിപ്പൂർ മണ്ഡലം രൂപീകരിച്ചത്. 1957- ലും 1960- ലും നീലേശ്വരം ദ്വയാംഗ നിയോജക മണ്ഡലമായിരുന്നു. ആദ്യ മുഖ്യമന്ത്രിയായ ഇ എം എസ് നമ്പൂതിരിപ്പാട് നീലേശ്വരം ദ്വയാംഗ മണ്ഡലത്തിലെ ജനറൽ വിഭാഗത്തിൽനിന്നാണ് 1957- ൽ തിരഞ്ഞെടുക്കപ്പെട്ടത്. 1967- നുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സി പി എം സ്ഥാനാർത്ഥികളാണ് നീലേശ്വരം / തൃക്കരിപ്പൂർ മണ്ഡലത്തിൽ വിജയിച്ചത്. കർഷക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിലൂടെ വളർന്നുവന്ന ജനത അവരുടെ നെഞ്ചിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെപ്പിടിക്കുന്നുവെന്നതിന്റെ തെളിവാണ് തുടർച്ചയായുള്ള ഇടതുപക്ഷ വിജയം.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൃക്കരിപ്പൂരിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൃക്കരിപ്പൂരിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021- ലെ തിരഞ്ഞെടുപ്പിൽ ആകെ 2,03,189 വോട്ടർമാരിൽ 1,61,327 പേരാണ് വോട്ട് ചെയ്തത്. സി പി എമ്മിലെ എം. രാജഗോപാലൻ 26, 137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കേരള കോൺഗ്രസിലെ എം.പി. ജോസഫിനെ പരാജയപ്പെടുത്തിയത്. 2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 10,448 വോട്ടിന്റെ മുൻതൂക്കമാണുണ്ടായിരുന്നത്. 2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിലുൾപ്പെട്ട നീലേശ്വരം മുൻസിപ്പാലിറ്റി, ചെറുവത്തുർ, പടന്ന, പിലിക്കോട്, കയ്യൂർ -ചീമേനി, വെസ്റ്റ് എളേരി എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ എൽ ഡി എഫിനും തൃക്കരിപ്പൂർ, വലിയപറമ്പ, ഈസ്റ്റ് എളേരി എന്നിവിടങ്ങളിൽ യു ഡി എഫിനും മേൽക്കൈ ലഭിച്ചു. പ്രസ്തുത തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 5000 ലേറെ വോട്ടാണ് യു ഡി എഫിനേക്കാൾ കൂടുതൽ ലഭിച്ചത്.

ഇടതുമുന്നണിക്ക് അനുകൂലമായ ജനവിധി ഉറപ്പായും പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃക്കരിപ്പൂർ.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശരാശരി 10 ശതമാനത്തിലേറെ വോട്ട് ഇടതുമുന്നണിക്ക് ഐക്യ മുന്നണിയേക്കാൾ കൂടുതലായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടതുമുന്നണിക്ക് അനുകൂലമായ ജനവിധി ഉറപ്പായും പ്രതീക്ഷിക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിലൊന്നാണ് തൃക്കരിപ്പൂർ. എങ്കിലും ജാഗ്രതയോടെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തിയാൽ മാത്രമേ വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം ഇടതുമുന്നണിക്കു നേടിയെടുക്കാൻ കഴിയുകയുള്ളൂ. ഐക്യമുന്നണിക്കാകട്ടെ തൃക്കരിപ്പൂർ മണ്ഡലത്തിൽ വിജയ പ്രതീക്ഷ നൽകുന്ന അനുകൂല ഘടകങ്ങൾ പരിമിതമാണുതാനും.

2026-ലെ
സാധ്യതകൾ

മുൻ തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് ലഭിച്ച വോട്ടുവിഹിതവും അതാതു മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവർത്തനങ്ങളും അവയോടുള്ള വോട്ടർമാരുടെ പ്രതികരണങ്ങളും വിലയിരുത്തിയാൽ കാസർകോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകളുടെ ചില സൂചനകൾ ലഭിക്കും. എന്നാൽ, സ്ഥാനാർഥി നിർണയം പൂർത്തിയായി കാമ്പയിൻ ചൂടുപിടിക്കുകയും വോട്ടിംഗിനെ സ്വാധീനിക്കാനിടയുള്ള വിഷയങ്ങൾ ഉയർന്നുവരികയും ചെയ്യുമ്പോൾ ഈ സാധ്യതകൾ മാറിമറിയാനുമിടയുണ്ട്. (2021- ൽ വിജയിച്ച മുന്നണിക്ക് പ്രതികൂലമായി 2026-ൽ വലിയതരത്തിൽ വോട്ട് മാറിയാൽ സംഭവിക്കാൻ സാധ്യതയുള്ള ജനവിധിയും സൂചിപ്പിച്ചിട്ടുണ്ട്).

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Comments