പത്തനംതിട്ട ജില്ലയിലെ
ജയവും തോൽവിയും
ആര് തീരുമാനിക്കും?

പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങൾ 2026-ൽ നൽകുന്ന സൂചനകൾ എന്തെല്ലാമാണ്? ഡോ. കുട്ടികൃഷ്ണൻ എ.പി എഴുതുന്ന ഇലക്ഷൻ പരമ്പര തുടരുന്നു.

കേരളത്തിലെ 13-ാമത്തെ റവന്യു ജില്ലയായി 1982 നവംബർ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ ഭാഗമായിരുന്ന പത്തനംതിട്ട, കുന്നത്തൂർ താലൂക്കുകൾ, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളുടെ ചില ഭാഗങ്ങളും നോർത്ത് പമ്പ വാലി പ്രദേശങ്ങളും സംയോജിപ്പിച്ചാണ് ജില്ല രൂപീകരിച്ചത്. ജില്ലാ വിസ്തൃതിയുടെ ഏകദേശം പകുതി വനപ്രദേശമുള്ള പത്തനംതിട്ട ജില്ലയിലാണ് രാജ്യത്തെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായ ശബരിമല.

54 ഗ്രാമപഞ്ചായത്തുകളും നാല് നഗരസഭകളുമുള്ള ജില്ലയിൽ 2011- ലെ സെൻസസ് പ്രകാരം 11.97 ലക്ഷം ജനങ്ങളാണുള്ളത്. 57 ശതമാനത്തോളം ഹിന്ദുക്കളും 38 ശതമാനം ക്രിസ്ത്യാനികളും 5 ശതമാനത്തോളം മുസ്ലിംകളുമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർപട്ടിക പരിഷ്കാര പ്രക്രിയയിലൂടെ 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 9,74,802 വോട്ടർമാരാണ് ജില്ലയിലുള്ളത്.

തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ (പട്ടികജാതി സംവരണം) എന്നീ അഞ്ചു മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2006- ലെ തിരഞ്ഞെടുപ്പ് വരെ ജില്ലയിലുണ്ടായിരുന്ന കല്ലൂപ്പാറ, പന്തളം, പത്തനംതിട്ട മണ്ഡലങ്ങൾ 2008-ലെ മണ്ഡല പുനഃക്രമീകരണത്തിലൂടെ റദ്ദാക്കിയും മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിച്ചുമാണ് അഞ്ചു മണ്ഡലങ്ങൾ 2011 മുതൽ പ്രാബല്യത്തിൽ വന്നത്.

റദ്ദാക്കിയ മണ്ഡലങ്ങളിൽ 1957- ൽ നിലവിൽ വന്ന കല്ലൂപ്പാറ മണ്ഡലം യു.ഡി.എഫിനും 1965- ൽ നിലവിൽ വന്ന പന്തളം എൽ.ഡി.എഫിനും 1957 മുതൽ പ്രാബല്യത്തിലുള്ള പത്തനംതിട്ട സ്വതന്ത്രനായി രാഷ്ട്രീയരംഗത്ത് വന്ന കെ. കെ. നായർക്കും സ്വാധീനമുള്ള മണ്ഡലങ്ങളായിരുന്നു. കെ. കെ. നായരുടെ രാഷ്ട്രീയ സമ്മർദ്ദം ശക്തമായ അവസരത്തിലാണ് പത്തനംതിട്ട ജില്ല 1982- ൽ രൂപീകരിക്കാൻ തീരുമാനമുണ്ടായത്.

ഏതെങ്കിലും മുന്നണിയെ സ്ഥിരമായി വിജയിപ്പിക്കാതെ ഇരു മുന്നണികളെയും മാറിമറി സ്വീകരിക്കുന്ന രാഷ്ട്രീയസ്വഭാവമാണ് പത്തനംതിട്ട ജില്ലയിലെ മിക്ക മണ്ഡലങ്ങളും കഴിഞ്ഞ കാലങ്ങളിൽ പ്രകടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ജില്ലയിലെ ഒരു മണ്ഡലവും ഏതെങ്കിലും മുന്നണിയുടെ കുത്തകയായി കണക്കാക്കാനാവില്ല.

1.തിരുവല്ല:
നിർണായകം,
സമുദായവോട്ട്

  • നാലു മുതൽ അഞ്ചു ശതമാനത്തിലേറെ വോട്ട് ഇടതുമുന്നണിക്ക് എതിരായാലും ഐക്യമുന്നണിക്ക് അനുകൂലമായാലും മാത്രമാണ്, യു.ഡി.എഫിന് 2026- ൽ തിരുവല്ലയിൽ വിജയം പ്രതീക്ഷിക്കാൻ സാധിക്കൂ.

തിരുവല്ല നിയമസഭ മണ്ഡലം 1957 മുതൽ നിലവിലുണ്ട്. നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റു പാർട്ടിയും കോൺഗ്രസും കേരള കോൺഗ്രസും ജനതാ പാർട്ടിയും മാറി മാറി വിജയിച്ച മണ്ഡലമാണിത്. തിരുവല്ലയുടെ രാഷ്ട്രീയത്തിൽ ക്രിസ്ത്യൻ മതത്തിലെ മാർത്തോമാ, ഓർത്തഡോക്‌സ് സഭകളുടെയും നായർ സമുദായത്തിന്റെയും വോട്ട് നിർണായകമാണ്. അതിനാൽ വിവിധ സമുദായ സംഘടനകളുടെ നിലപാടുകൾ ഓരോ തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാറുണ്ട്. ഈ പശ്ചാത്തലത്തിൽ സമുദായ ശക്തികളുടെ സ്വാധീനം നിർണായക ഘടകമായി മാറുന്ന കേരളത്തിലെ മണ്ഡലങ്ങളിലൊന്നായി തിരുവല്ലയെ പരിഗണിക്കാം.

1957- ലെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ജി. പത്മനാഭൻ തമ്പിയും രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം എൽ എയെ പരാജയപ്പെടുത്തി കോൺഗ്രസിലെ പി. ചാക്കോയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1967, 1970, 1977 വർഷങ്ങളിൽ വിജയിച്ചത് കേരള കോൺഗ്രസിലെ ഇ. ജോൺ ജേക്കബാണ്. 1977- ലെ കെ. കരുണാകരൻ മന്ത്രിസഭയിലും എ.കെ. ആൻ്റണി മന്ത്രിസഭയിലും ഭക്ഷ്യവകുപ്പ് മന്ത്രിയായത് ഇ. ജോൺ ജേക്കബായിരുന്നു. 1978 സെപ്റ്റംബർ 26- ന് മന്ത്രിയായിരിക്കെയാണ് അദ്ദേഹം മരിച്ചത്. അതിനെത്തുടർന്ന് 1979- ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെ പി.സി. തോമസ് പൈനിമ്മൂട്ടിലാണ് വിജയിച്ചത്. 1980, 1982 വർഷങ്ങളിലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1979- ലെ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജോൺ ജേക്കബ് വള്ളക്കാലിന്റെ തോൽവിയാണ് കെ. എം. മാണിയും പി. ജെ. ജോസഫും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നതിനും കേരള കോൺഗ്രസിനെ രണ്ടു വിഭാഗങ്ങളാകുന്നതിലേക്കും നയിച്ചത്. അതിനുശേഷം നടന്ന 1980- ലെ തിരഞ്ഞെടുപ്പിൽ മാണിവിഭാഗം എൽ ഡി എഫിലും ജോസഫ് വിഭാഗം യു ഡി എഫിലും ഘടകക്ഷികളായി. എന്നാൽ 1982- ലെ തിരെഞ്ഞെടുപ്പിൽ രണ്ടു വിഭാഗവും വീണ്ടും ഐക്യമുന്നണിയിലെത്തി.

1991 മുതൽ 2003 വരെ തിരുവല്ലയെ പ്രതിനിധീകരിച്ചത് കേരള കോൺഗ്രസിലെ മാമ്മൻ മത്തായിയായിരുന്നു. 2003 സെപ്റ്റംബർ 23 ന് മാമ്മൻ മത്തായി മരിച്ചതിനെതുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പങ്കാളി എലിസബത്ത് മത്തായി കേരള കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചെങ്കിലും പിന്നീടുള്ള ഒരു തിരഞ്ഞെടുപ്പിലും അവർ മത്സരരംഗത്തുണ്ടായില്ല. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം തിരുവല്ലയിൽ വിജയിച്ചത് ജനതാദൾ (എസ്) നേതാവ് മാത്യു ടി. തോമസാണ്.

2021- ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 1,39,544 വോട്ടിൽ എൽ ഡി എഫിലെ ജനത ദൾ (എസ്) സ്ഥാനാർത്ഥി മാത്യു ടി. തോമസ് 44.56 ശതമാനം വോട്ട് നേടി. യു ഡി എഫിലെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി കുഞ്ഞു കോശി പോളിനെ 11,421 വോട്ടിനാണ് തോൽപ്പിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തിരുവല്ലയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തിരുവല്ലയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കവിയൂർ, കുന്നംതാനം, നെടുമ്പുറം, പുറമറ്റം ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിക്കും തിരുവല്ല നഗരസഭ, ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, കടപ്ര, നിരണം, പെരിങ്ങര ഗ്രാമ പഞ്ചായത്തുകളിൽ ഐക്യ മുന്നണിക്കും ഭൂരിപക്ഷം ലഭിച്ചു. കുട്ടൂർ ഗ്രാമപഞ്ചായത്തിൽ ബി ജെ പിയാണ് ഭൂരിപക്ഷം നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് പ്രകാരം യു.ഡി.എഫിന് 9000- ലേറെ വോട്ട് ഇടതുമുന്നണിയെക്കാൾ കൂടുതലായി ലഭിച്ചിട്ടുണ്ട്.

ഇടതുമുന്നണിക്ക് 2011 മുതൽ 41- 50 ശതമാനം വരെ വോട്ടു ലഭിക്കുമ്പോൾ യു.ഡി.എഫിന് ലഭിക്കുന്നത് 35.7- 41.5 ശതമാനം വരെയാണ്. ബി ജെ പിക്കാവട്ടെ 2016, 2021 തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 21, 16 ശതമാനം വീതം വോട്ടുണ്ടായിരുന്നു. അതായത്, മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയതോതിൽ വോട്ട് വർധിച്ചു.

നാല് മുതൽ അഞ്ചു ശതമാനത്തിലേറെ വോട്ട് ഇടതുമുന്നണിക്ക് എതിരായാലും ഐക്യമുന്നണിക്ക് അനുകൂലമായാലും മാത്രമാണ്, യു.ഡി.എഫിന് 2026- ൽ തിരുവല്ലയിൽ വിജയം പ്രതീക്ഷിക്കാൻ സാധിക്കൂ. 20 വർഷത്തെ വോട്ട് കണക്കും സർക്കാർ ക്ഷേമ പദ്ധതികളും അടിസ്ഥാനവികസന പ്രവർത്തനങ്ങളും നിലവിലെ ജനപ്രതിനിധിക്ക് മണ്ഡലത്തിൽ ലഭിച്ച സ്വീകാര്യതയും കണക്കിലെടുത്താൽ, ഇത്തരത്തിലുള്ള മാറ്റം സംഭവിക്കാൻ സാധ്യത കുറവാണ്. അതിനാൽ, ഇത്തവണയും തിരുവല്ല ഇടതുമുന്നണിക്ക് അനുകൂലമാകാനാണ് ഏറെ സാധ്യത.

2. റാന്നി:
ഒപ്പത്തിനൊപ്പം

  • ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം നേരിയതായതിനാൽ ഇടതുമുന്നണിയും ഐക്യമുന്നണിയും ഒരേപോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് റാന്നി.

1957 മുതൽ പ്രാബല്യത്തിലുള്ള കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടുന്ന റാന്നിയിൽ ആദ്യകാലത്ത് കോൺഗ്രസിനും ഐക്യമുന്നണിക്കുമായിരുന്നു ആധിപത്യം. ക്രിസ്ത്യൻ വിഭാഗങ്ങൾ (പ്രത്യേകിച്ച് ഓർത്തഡോക്‌സ്, യാക്കോബായ സഭകൾ), നായർ സമുദായം, ഈഴവ സമുദായം, മറ്റ് മലയോര കർഷക വിഭാഗങ്ങൾ എന്നിവരുടെ നിലപാടുകൾ നിർണായകമാകാറുണ്ട്. 1996 മുതൽ സി പി എമ്മിലെ രാജു അബ്രഹാം തുടർച്ചയായി വിജയിച്ചതോടെയാണ് റാന്നി ഇടതുമുന്നണിക്ക് അനുകൂലമായത്.

2006 വരെയുള്ള രാജു അബ്രഹാമിന്റെ തുടർച്ചയായ വിജയത്തിനുള്ള കാരണങ്ങളിലൊന്ന് വ്യക്തിപരമായി അദ്ദേഹത്തിനുള്ള സ്വാധീനവും സമുദായ ബന്ധങ്ങളുമാണെന്നത് ബൂത്ത് തലത്തിലുള്ള വോട്ട് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. 2021- ൽ കേരള കോൺഗ്രസ് മാണി വിഭാഗം എൽ ഡി എഫ് ഘടകക്ഷിയായതോടെയാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി എൽ ഡി എഫിനുവേണ്ടി രംഗത്തിറങ്ങിയത്. 2021- ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 1,27,777 വോട്ടിൽ എൽ ഡി എഫിലെ പ്രമോദ് നാരായൺ 41 .22% വോട്ട് നേടി കോൺഗ്രസിലെ റിങ്കു ചെറിയാനെ 1285 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ റാന്നിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ റാന്നിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് (എം) ഘടകകക്ഷിയായി വന്നിട്ടും 2021- ൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കൾ കുറഞ്ഞുവെന്നതും 2016, 2021 വർഷങ്ങളിൽ മുൻ തിരഞ്ഞെടുപ്പുകളിലെ ജനവിധിയിൽ നിന്ന് വ്യത്യസ്തമായി ബി ജെ പിയുടെ വോട്ടു വിഹിതം 15-21 ശതമാനമായി വർധിച്ചതും ഈ കാലയളവിലുണ്ടായ ശ്രദ്ധേയ മാറ്റമാണ്.

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരുനാട്, റാന്നി, ചെറുകോൽ ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിയും കോട്ടാങ്ങൽ, വെച്ചുച്ചിറ, നാരാണംമൂഴി, റാന്നി- പഴവങ്ങാടി, റാന്നി -അങ്ങാടി, കൊറ്റനാട്, ഏഴുമറ്റൂർ, വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫും ഭൂരിപക്ഷം നേടി. അയിരൂർ ഗ്രാമപഞ്ചായത്തിൽ ബി ജെ പിയാണ് ഭൂരിപക്ഷം നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട് പ്രകാരം യു.ഡി.എഫിന് 17,000- ലേറെ വോട്ട് കൂടുതലുണ്ട്.

ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം നേരിയതായതിനാൽ ഇടതുമുന്നണിയും ഐക്യമുന്നണിയും ഒരേപോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് റാന്നി. ജനപ്രതിനിധിക്ക് മണ്ഡലത്തിൽ എത്രമാത്രം സ്വാധീനം ചെലുത്താൻ അഞ്ചു വർഷത്തിനുള്ളിൽ കഴിഞ്ഞിട്ടുണ്ടെന്നതിനെ ആശ്രയിച്ചാണ് റാന്നിയിലെ 2026- ലെ വിജയ- പരാജയങ്ങൾ നിശ്ചയിക്കുക.

3.ആറന്മുള:
വിജയം ആവർത്തിക്കുമോ
എൽ.ഡി.എഫ്?

  • ബി ജെ പിയ്ക്ക് കൂടുതൽ വോട്ട് നേടാനാകുകയും യു ഡി എഫിന് മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കാൻ കഴിയുകയും ചെയ്താൽ ഇടതുമുന്നണിയ്ക്ക് വിജയം ആവർത്തിക്കുന്നതിൽ വിയർപ്പൊഴുക്കേണ്ടിവരും.

1957- ൽ രൂപീകരിക്കപ്പെട്ട ആറന്മുളയിൽ മത- സാമുദായിക- ശക്തികൾക്ക് നിർണായക സ്വാധീനമുണ്ട്. ഓർത്തഡോക്സ് ക്രിസ്ത്യാനികളും നായർ സമുദായവും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ ജനവിധിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്ന് പഴയ വോട്ട് കണക്കുകൾ വ്യക്തമാക്കുന്നു.

മിക്ക തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായിരുന്നു മേൽക്കൈ. ആകെ നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എട്ടെണ്ണത്തിലും ജയം കോൺഗ്രസിനായിരുന്നു. 1977- ൽ വിജയിച്ച കോൺഗ്രസിലെ എം.കെ. ഹേമചന്ദ്രൻ 1977- ൽ ധനകാര്യമന്ത്രിയായിരുന്നു. 1996, 2006, 2016, 2021 തിരഞ്ഞെടുപ്പുകളിൽ സി പി എം സ്ഥാനാർത്ഥികൾ വിജയിച്ചപ്പോഴാണ് മണ്ഡലം ഇടതുപക്ഷത്തിന് അനുകൂലമായത്.

1996- ൽ കവി കടമ്മനിട്ട രാമകൃഷ്ണൻ എൽ.ഡി.എഫ് സ്വതന്ത്രനായി സി എം പിയിലെ എം.വി. രാഘവനെ തോൽപ്പിച്ചു. 2016-ലും 2021- ലും സി പി എമ്മിന്റെ വീണ ജോർജ് കോൺഗ്രസിലെ കെ. ശിവദാസൻ നായരെയാണ് യഥാക്രമം 7600, 19,003 വോട്ടുകളുടെ വ്യത്യാസത്തിൽ തോൽപ്പിച്ചത്.

2016 മുതൽ ബി ജെ പിയുടെ വോട്ടു വിഹിതം മുൻ കാല തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി 20 ശതമാനത്തോളമായി ഉയർന്നത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ആറന്മുള്ളയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ആറന്മുള്ളയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കുളനടയിൽ മാത്രമാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. നാരങ്ങാനം, ഓമല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ ബി ജെ പിക്കും അധികാരം ലഭിച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ ഐക്യമുന്നണിയാണ് അധികാരത്തിലെത്തിയത്. പ്രസ്തുത തിരഞ്ഞെടുപ്പിലെ വോട്ടു കണക്കു പ്രകാരം മണ്ഡലത്തിൽ യു.ഡി.എഫിന് പതിനായിരത്തോളം വോട്ടിന്റെ മേൽക്കൈയുണ്ട്.

2008- ലെ മണ്ഡല പുനർനിർണയത്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ (2011- ൽ) യു.ഡി.എഫ് നല്ല ഭൂരിപക്ഷയോടെ വിജയിച്ചെങ്കിലും 2016- ൽ വീണ ജോർജിനെ രംഗത്തിറക്കി ഇടതുമുന്നണി ആറന്മുള പിടിച്ചെടുക്കകയായിരുന്നു. 2021- ലാകട്ടെ ഇടതുമുന്നണി ഭൂരിപക്ഷം വർധിപ്പിക്കുകയും ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം 11 ശതമാനത്തിലേറെയായി ഉയർത്തുകയും ചെയ്തു. 2026- ലും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ, ബി ജെ പിയ്ക്ക് കൂടുതൽ വോട്ട് നേടാനാകുകയും യു ഡി എഫിന് മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കാൻ കഴിയുകയും ചെയ്താൽ ഇടതുമുന്നണിയ്ക്ക് വിജയം ആവർത്തിക്കുന്നതിൽ വിയർപ്പൊഴുക്കേണ്ടിവരും.

4. കോന്നി:
ബി.ജെ.പി
ഫാക്ടർ

  • ഏതു മുന്നണിയിൽ നിന്നാണ് ബി ജെ പിക്കായി വോട്ട് കൂടുതലായി ചോരുന്നു എന്നതിനെ ആസ്പദമാക്കിയായിരിക്കും കോന്നിയിൽ ജയ- പരാജയം തീരുമാനിക്കപ്പെടുക.

1962- ലെ മണ്ഡല പുനർനിർണയത്തിനുശേഷം രൂപീകരിച്ച കോന്നിയിൽ ഇരു മുന്നണികളും വിജയിച്ചിട്ടുണ്ടെങ്കിലും ദീർഘകാലം കോൺഗ്രസിലെ അടൂർ പ്രകാശായിരുന്നു എം.എൽ.എ. 1991- ലെ എം എൽ എയായിരുന്ന സി പി എമ്മിലെ പത്മകുമാറിനെ 1996- ൽ കേവലം 800 വോട്ടിന് പരാജയപ്പെടുത്തിയ അടൂർ പ്രകാശ് പിന്നീട് അഞ്ച് തവണയും മണ്ഡലത്തിൽ നല്ല ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഐക്യമുന്നണി മന്ത്രിസഭയിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യു വകുപ്പുകളിൽ മന്ത്രിയായിരുന്ന അടൂർ പ്രകാശിന് കോന്നിയിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് 23 വർഷം തുടർച്ചയായി കോന്നിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ വെളിപ്പെടുന്നത്.

2019- ൽ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് അടൂർ പ്രകാശ് നിയമസഭാംഗത്വം രാജിവെച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സി പി എമ്മിലെ കെ. യു. ജിനീഷ് കുമാർ വിജയിച്ചത്. 2021-ൽ ആകെ പോൾ ചെയ്ത 1,49,722 വോട്ടിൽ ജിനീഷ് കുമാർ 41.62 ശതമാനം വോട്ടിനാണ് കോൺഗ്രസിലെ റോബിൻ പീറ്ററിനെ 8508 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കോന്നിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കോന്നിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മലയാലപ്പുഴ, സീതത്തോട്, കലഞ്ഞൂർ, ചിറ്റാർ ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് അധികാരം ലഭിച്ചപ്പോൾ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ ഐക്യ മുന്നണിക്കാണ് ഭരണം ലഭിച്ചത്. പ്രസ്തുത തിരഞ്ഞെടുപ്പിലെ വോട്ട് കണക്കു പ്രകാരം യു.ഡി.എഫിന് നാലായിരത്തോളം വോട്ടിന്റെ മുൻതൂക്കമാണുള്ളത്.

2016- വരെ 50 ശതമാനത്തിനടുത്ത് വോട്ടു ലഭിച്ചു കൊണ്ടിരുന്ന യു.ഡി.എഫിന് 2019 ലെ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. 2021- ൽ ഇടതുമുന്നണിയുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനത്തോളം വോട്ടു വിഹിതം കുറയുകയും ചെയ്തു. അതോടൊപ്പം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ 20 ശതമാനത്തിലേറെ വോട്ട് നേടിയ ബി ജെ പി ശക്തമായ മത്സരം കാഴ്‌ചവെച്ച്, ത്രികോണ മത്സരപ്രതീതി സൃഷ്ടിച്ചിരിക്കുക്കയുമാണ്. ഈ പശ്ചാത്തലത്തിൽ എൻ.ഡി.എ നേടുന്ന വോട്ടിനെ ആശ്രയിച്ചും ഏതു മുന്നണിയിൽ നിന്നാണ് ബി ജെ പിക്കായി വോട്ട് കൂടുതലായി ചോരുന്നു എന്നതിനെ ആസ്പദമാക്കിയുമായിരിക്കും ജയ- പരാജയങ്ങൾ തീരുമാനിക്കപ്പെടുക.

5.അടൂർ:
പ്രതീക്ഷ
ഒരുപോലെ

  • അടൂരിൽ ജനവിധി നിശ്ചയിക്കുക സ്ഥാനാർത്ഥികളുടെ സ്വാധീനവും ബി ജെ പി നേടുന്ന വോട്ടും ആയിരിക്കും.

1962- ലെ മണ്ഡല പുനർനിർണയത്തിനുശേഷം രൂപീകരിച്ച അടൂരിൽ 1967- ലാണ് ആദ്യ ജനപ്രതിനിധിയുണ്ടാവുന്നത്. 2011 മുതൽ പട്ടിക ജാതി സംവരണമാണ്.

കോൺഗ്രസും കമ്മ്യൂണിസ്റ്റു പാർട്ടികളും മാറി മാറി വിജയിച്ചിട്ടുണ്ടെങ്കിലും 1991 മുതൽ 2006 വരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ജനപ്രതിനിധി. ട്രേഡ് യൂണിയൻ നേതാവ് പി. രാമലിംഗം, ജനയുഗം പത്രാധിപരായിരുന്ന തെങ്ങമം ബാലകൃഷ്‌ണൻ എന്നിവർ അടൂരിൽ വിജയിച്ച കമ്മ്യൂണിസ്റ്റു പാർട്ടി നേതാക്കളായിരുന്നു. അടൂരിൽ സി പി എം വിജയിച്ചത് 1980, 1987 തിരഞ്ഞെടുപ്പുകളിലാണ്. സി പി എം കൊല്ലം ജില്ലാ സിക്രട്ടറിയായിരുന്ന സി. പി. കരുണാകരൻ പിള്ളയും (1980) പത്തനംതിട്ട ജില്ല സിക്രട്ടറിയായിരുന്ന ആർ. ഉണ്ണികൃഷ്ണപിള്ളയുമാണ് (1987) തിരഞ്ഞെടുക്കപ്പെട്ട സി പി എം നേതാക്കൾ. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അടൂരിൽ നിന്ന് രണ്ടുതവണ ജനപ്രതിനിധിയായിരുന്നു.

2008- ലെ പുനർനിർണയത്തിനുശേഷം തദ്ദേശ സ്ഥാപനങ്ങളിൽ മാറ്റമുണ്ടാകുകയും തുടർന്നുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലും (2011, 2016, 2021) ഇടതു മുന്നണി ജയിക്കുകയും ചെയ്തു.

2021-ൽ ആകെ പോൾ ചെയ്ത 1,55,441 വോട്ടിൽ സി പി ഐയുടെ ചിറ്റയം ഗോപകുമാർ 42 .83 ശതമാനം വോട്ട് നേടി കോൺഗ്രസിലെ എം. ജി. കണ്ണനെ 2919 വോട്ട് വ്യത്യാസത്തിൽ പരാജയപ്പെടുത്തി.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അടൂരിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അടൂരിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അടൂർ നഗരസഭ, ഏനാത്ത്, ഏനാദിമംഗലം, ഏഴംകുളം, കൊടുമൺ, തുമ്പമൺ എന്നിവിടങ്ങളിൽ യു.ഡി.എഫും കടമ്പനാട്, പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലും പന്തളം നഗരസഭയിലും ഇടതുമുന്നണിയുമാണ് അധികാരത്തിലെത്തിയത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ബി ജെ പിക്കാണ് ഭരണം ലഭിച്ചത്. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം ഇടതുമുന്നണിയേക്കാൾ ആയിരത്തിനടുത്ത് വോട്ടിന്റെ മുൻതൂക്കമാണ്‌ യു.ഡി.എഫിനുള്ളത്.

അടൂരിലെ ഇടതുമുന്നണിയുടെ വിജയം 2011- ലും 2021-ലും നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും 2016- ൽ വിജയിച്ചത് 26,000 ലേറെ വോട്ടിനാണ്. ഇരു മുന്നണികളും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന അടൂരിൽ ജനവിധി നിശ്ചയിക്കുക സ്ഥാനാർത്ഥികളുടെ സ്വാധീനവും ബി ജെ പി നേടുന്ന വോട്ടും ആയിരിക്കും.

2026-ലെ
സാധ്യതകൾ

മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതവും ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും വോട്ടർമാരുടെ പ്രതികരണങ്ങളും വിലയിരുത്തിയാൽ, ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ 2026- ൽ ചില സൂചനകൾ താഴെ പട്ടികയിൽ കൊടുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രകടിപ്പിച്ച രാഷ്ട്രീയ സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും മുന്നണിക്ക് അനുകൂലമായോ പ്രതികൂലമായോ വലിയ തരത്തിൽ വോട്ട് ചാഞ്ചാടിയാൽ താഴെ സൂചിപ്പിച്ച പ്രകാരമായിരിക്കും വിജയസാധ്യത.

പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ, മുൻ വോട്ടിങ് പാറ്റേൺ അനുസരിച്ചുള്ള സൂചനകൾ.
പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ, മുൻ വോട്ടിങ് പാറ്റേൺ അനുസരിച്ചുള്ള സൂചനകൾ.

Comments