കെ. സുധാകരൻ, ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, പി.കെ. ശ്യാമള.

വലതുപക്ഷ കേരളമേ,
ഒരു ഇലക്ഷൻകാല
ലാൽസലാം…

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തി​ലെ നിർണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലം എന്തുകൊണ്ടാണ് ഇത്ര അരാഷ്ട്രീയമായ തർക്കവിതർക്കങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്? ഐഡിയോളജിക്കൽ പ്രതിബദ്ധതകൾ നേർത്തുനേർത്തില്ലാതാകുന്ന രാഷ്ട്രീയ സമവായത്തിന്റെ അപകടങ്ങളെക്കുറിച്ച് എഴുതുന്നു, കെ. കണ്ണൻ.

‘‘പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്, ഈ പാർട്ടിയിൽനിന്ന് ഞാൻ എങ്ങോട്ടുപോകാനാണ്?’’ എന്ന നിസ്സഹായമായ തിരിച്ചറിവിലേക്ക് എത്തുന്നതിനുമുമ്പുള്ള മണിക്കൂറുകളിൽ കെ. സുധാകരൻ ഏറ്റവും ഓർത്തിരിക്കാനിടയുള്ള ഒരു മുഖം കെ. കരുണാകരന്റേതായിരിക്കും.

ഒരു പകലും രാ​ത്രിയും ദൽഹിയിലെ ഗോദാവരി എന്ന തന്റെ ഫ്ലാറ്റിൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ, കേരളത്തിൽനിന്നുള്ള മീഡിയ, സുധാകരനെ മുൻനിർത്തി, കേട്ടാൽ നേരോ നുണയോ എന്ന വിഭ്രാന്തിയുണ്ടാക്കുന്ന കഥകൾ മെനയുകയായിരുന്നു:

‘സുധാകരൻ കോൺഗ്രസ് വിടുന്നു’, ‘സുധാകരൻ ഗുഡ് ബൈ പറഞ്ഞു’, ‘സുധാകരൻ സ്വതന്ത്രനായി മത്സരിക്കും’, സുധാകരൻ 25 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തും’, ‘സുധാകരനെ ബി.ജെ.പി ബന്ധപ്പെട്ടു’ എന്നീ ന്യൂസ് കാർഡുകൾ, വർഷങ്ങളായി, ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ് ബീറ്റ് ലഭിക്കുന്ന റിപ്പോർട്ടർമാരെ സംബന്ധിച്ച് എളുപ്പം ഉണ്ടാക്കാൻ കഴിയുന്നതായിരുന്നു. നേതാക്കളുടെ പടമൊന്ന് മാറ്റിവെച്ചാൽ മതി, മാറ്ററിൽ മാറ്റമില്ലാത്ത പാർട്ടി ടെംപ്ലേറ്റ്.

20 വർഷം മുമ്പൊരു സമാനസന്ദർഭത്തിലെ കെ. കരുണാകരന്റെ വിദൂരച്ഛായയുണ്ടായിരുന്നു, ഇന്നലെ, ദൽഹിയിൽനിന്ന് കേരളത്തിലേക്ക് മടങ്ങിയ കെ. സുധാകരന്.

ഇന്നുച്ചയ്ക്ക് കെ. സുധാകരന്റെ വീട്ടിലെത്തിയ കണ്ണൂരി​ലെ കോൺഗ്രസ് സ്ഥാനാർഥി ടി.ഒ. മോഹനനെ, സുധാകരൻ ഷാളണിയിച്ച് കെട്ടിപ്പിടിച്ചപ്പോൾ, ഇന്നലെ പൊട്ടിത്തെറിയുടെ വക്കിലെത്തിയ മീഡിയ ഇന്ന് ‘മഞ്ഞുരുക്ക’ത്തിലായി.

2005 മെയ് ഒന്നിന് തൃശൂരിൽ നടന്ന ഒരു സമ്മേളനത്തിൽവെച്ച്, കോൺഗ്രസിൽനിന്ന് രാജിവെച്ച കെ. കരുണാകരൻ തന്റെ പുതിയ പാർട്ടിയുടെ പേര് മൂന്നുവട്ടം ആവർത്തിക്കുന്നു: ‘നാഷനൽ കോൺഗ്രസ്- ഇന്ദിര’. പിന്നീട് ഡി.ഐ.സി എന്ന് പേരുമാറ്റിയ ഈ പാർട്ടിയുമായി കരുണാകരൻ കേരള രാഷ്ട്രീയത്തിൽ നടത്തിയ ‘ഇടപെടലുകൾ’ പിൽക്കാലചരിത്രം. കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാസംവിധാനത്തിനേറ്റ ഏറ്റവും മാരകമായ മുറിവായിരുന്നു കരുണാകരന്റെ പാർട്ടി. കോൺഗ്രസിലെ നേതാക്കളും അവരുടെ സ്വന്തം ഗ്രൂപ്പുകളും തമ്മിലുള്ള ​ലജ്ജാകരമായ അധികാരത്തർക്കങ്ങൾക്കൊടുവിലാണ്, കരുണാകരൻ കോൺഗ്രസിനെ ഉ​പേക്ഷിച്ചത്. ഐ.എസ്.ആർ.ഒ ചാരക്കേസിനെതുടർന്ന് 1995-ൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായതുമുതൽ തുടങ്ങുന്നു, കരുണാകരന്റെ ‘വിമത’ജീവിതം.

1996-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിവെച്ച തൃശൂരിൽ കെ. കരുണാകര​നെ സി.പി.ഐയിലെ വി.വി. രാഘവൻ തോൽപ്പിച്ചത് 1480 വോട്ടിനാണ്. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ, 1991-ൽ, പി.സി. ചാക്കോ കെ.പി. രാജേന്ദ്രനെതിരെ 29,231 വോട്ടിന്റെ ഭൂരിപക്ഷം​ നേടിയ അതേ തൃശൂരിലായിരുന്നു കരുണാകരന്റെ തോൽവി. ‘എന്നെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തി’ എന്ന കോൺഗ്രസിലെ കാലാതീതമായ സത്യവാക്യം കരുണാകരൻ രചിച്ചത് ആ തോൽവിദിനത്തിന്റെ സായാഹ്നത്തിലാണ്. ഈ തോൽവികൾക്കൊടുവിലാണ് കരുണാകരൻ രണ്ടും കൽപ്പിച്ച് കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയുണ്ടാക്കിയത്. അത്,​ പക്ഷേ, കരുണാകരന്റെ രാഷ്ട്രീയജീവിതത്തിലെ അമ്പേ തോറ്റുപോയ പരീക്ഷണമായിരുന്നു. വൈയക്തികമായ ശത്രുതയും അധികാരാർത്തിയും മാത്രം നിറഞ്ഞ ആ പരീക്ഷണം കുറച്ചുനാൾ സി.പി.എമ്മിന്റെ അടവുനയത്തിലൂടെ പിടിച്ചുനിന്നെങ്കിലും, മൂന്നു വർഷത്തിനുള്ളൽ കരുണാകരന് കോൺഗ്രസിലേക്ക് മ​ടങ്ങേണ്ടിവന്നു. പിന്നീട് രണ്ടു വർഷം കൂടിയേ, അദ്ദേഹം ജീവിച്ചിരുന്നുള്ളൂ.

കേരളത്തിൽനിന്നുള്ള മീഡിയ സുധാകരനെ മുൻനിർത്തി, കേട്ടാൽ നേരോ നുണയോ എന്ന വിഭ്രാന്തിയുണ്ടാക്കുന്ന കഥകൾ മെനയുകയായിരുന്നു, ഒരു പകൽ മുഴുവൻ.
കേരളത്തിൽനിന്നുള്ള മീഡിയ സുധാകരനെ മുൻനിർത്തി, കേട്ടാൽ നേരോ നുണയോ എന്ന വിഭ്രാന്തിയുണ്ടാക്കുന്ന കഥകൾ മെനയുകയായിരുന്നു, ഒരു പകൽ മുഴുവൻ.

കേരളത്തിൽ കോൺഗ്രസിന്റെ ഇലക്ഷൻ കാലങ്ങൾ ജനാധിപത്യവിരുദ്ധമായ തർക്കങ്ങളുടേതു കൂടിയാണ്. വ്യക്തിതാൽപര്യങ്ങൾക്കായി മാനദണ്ഡങ്ങൾ അട്ടിമറിക്കുക, പരമാവധി സ്വജനപക്ഷപാതം നടത്തുക, സ്ഥാനാർഥിപട്ടികയിലുണ്ടാകേണ്ട പ്രാതിനിധ്യങ്ങളെ അട്ടിമറിക്കുക തുടങ്ങിയ അഭ്യാസങ്ങളിൽ അവസാന പേരായിരിക്കില്ല കെ. സുധാകരന്റേത്.

ഇത്തവണയാകട്ടെ, ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുർ ഖാർഗേയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഇലക്ഷൻ കമ്മിറ്റി, എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ച്, പാർട്ടിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക തയാറാക്കിക്കഴിഞ്ഞിട്ടും, ‘കണ്ണൂരിനുവേണ്ടി താൻ ചിന്തിയ’ ചോരയുടെയും നീരിന്റെയും ലിറ്റർ കണക്ക് പറഞ്ഞ്, ടോയ്ലെറ്റിൽ പോകുന്നതുപോലും ബ്രേക്കിങ് ന്യൂസായി റിപ്പോർട്ടു ചെയ്യുന്ന മാധ്യമങ്ങളിലൂടെ പരമാവധി സമ്മർദ്ദമുണ്ടാക്കി കണ്ണൂർ എന്ന നിയമസഭാസീറ്റിന് സുധാകരൻ കളിച്ച കളി കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ നിരന്തരം ആവർത്തിക്കുന്നതുതന്നെയാണ്.

താരതമ്യേന മികച്ച സംഘടനാപ്രവർത്തനം നടത്തുന്ന യുവാവ് എന്ന, ശരിക്കും പരിഗണിക്കപ്പെടേണ്ട ഫാക്ടർ അല്ല അബിൻ വർക്കിയെ ആറന്മുള്ളയിലെത്തിച്ചത്. അദ്ദേഹത്തിന്റെ സഭയ്ക്കാണ് ഈ സ്ഥാനാർഥിത്വത്തിന്റെ ഓണർഷിപ്പ്.

ഗ്രൂപ്പുതർക്കങ്ങൾ സംഘടനാജനാധിപത്യത്തിന്റെ മഹത്തായ പ്രകടനങ്ങളാണ് എന്നാണ് കോൺഗ്രസ് നേതാക്കൾ എന്നും വിശദീകരിക്കുക, ഇത്തവണയും അതുണ്ടായി. എന്നാൽ, സ്ഥാനാർഥിപട്ടികയിൽ ആരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനാണ് ഈ ഗ്രൂപ്പുതർക്കങ്ങൾ? സീറ്റ് മോഹിച്ച് ഒപ്പം നിൽക്കുന്നവരുടെ പ്രാതിനിധ്യം. തങ്ങളുടെ ഗുണകാംക്ഷികളായ ജാതിയുടെയും മതത്തിന്റെയും സമുദായസംഘടനകളുടെയുമെല്ലാം പ്രാതിനിധ്യം.

ഉദാഹരണത്തിന്, ആറന്മുള്ളയിലെ കോൺഗ്രസ് സ്ഥാനാർഥി അബിൻ വർക്കിയെ എടുക്കുക. 2016-ൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ആറന്മുള്ളയിൽ വീണാ ജോർജ്ജിന്റെ സ്ഥാനാർഥിത്വം സി.പി.എം പരീക്ഷണമായിരുന്നില്ല, ഓർത്തഡോക്സ് സഭയുടെ പരീക്ഷണമായിരുന്നു എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ‘സഭാ സ്ഥാനാർഥി’ എന്ന മട്ടിൽ കോൺഗ്രസിൽനിന്നടക്കം അവർക്കെതിരെ ആക്ഷേപങ്ങളുണ്ടായി. എന്നാൽ, ഇത്തവണ അവരെ നേരിടാൻ കോൺഗ്രസ് അബിൻ വർക്കിയിലെത്തിയത് ഇതേ ഓർത്തഡോക്സ് സഭയിലൂടെയാണ്. ‘മുന്നണിയേതാതാലും സഭ ഒന്ന്’. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അബിൻ വർക്കി ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഓർത്തഡോക്സ് സഭ പരസ്യമായി രംഗത്തുവന്നിരുന്നു. ആ ഭീഷണിയാണ് യഥാർഥത്തിൽ, ആറന്മുള്ളയി​ലെ പ്രാദേശിക പാർട്ടി നേതൃത്വത്തെ പോലും മറികടന്ന് അബിൻ വർക്കിയുടെ സ്ഥാനാർഥിത്വത്തിലേക്ക് എത്തിയത്. താരതമ്യേന മികച്ച സംഘടനാപ്രവർത്തനം നടത്തുന്ന യുവാവ് എന്ന, ശരിക്കും പരിഗണിക്കപ്പെടേണ്ട ഫാക്ടർ അല്ല അബിൻ വർക്കിയെ ആറന്മുള്ളയിലെത്തിച്ചത്. അദ്ദേഹം ഇടപഴകുന്ന രാഷ്ട്രീയസമൂഹത്തിനല്ല, അദ്ദേഹത്തിന്റെ സഭയ്ക്കാണ് ഈ സ്ഥാനാർഥിത്വത്തിന്റെ ഓണർഷിപ്പ്.

2016-ൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ആറന്മുള്ളയിൽ വീണാ ജോർജ്ജിന്റെ സ്ഥാനാർഥിത്വം സി.പി.എം പരീക്ഷണമായിരുന്നില്ല, ഓർത്തഡോക്സ് സഭയുടെ പരീക്ഷണമായിരുന്നു എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ അവരെ നേരിടാൻ കോൺഗ്രസ് അബിൻ വർക്കിയിലെത്തിയതും ഇതേ ഓർത്തഡോക്സ് സഭയിലൂടെയാണ്.
2016-ൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ആറന്മുള്ളയിൽ വീണാ ജോർജ്ജിന്റെ സ്ഥാനാർഥിത്വം സി.പി.എം പരീക്ഷണമായിരുന്നില്ല, ഓർത്തഡോക്സ് സഭയുടെ പരീക്ഷണമായിരുന്നു എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ അവരെ നേരിടാൻ കോൺഗ്രസ് അബിൻ വർക്കിയിലെത്തിയതും ഇതേ ഓർത്തഡോക്സ് സഭയിലൂടെയാണ്.

കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയത്തിൽ ഇത്തവണ ചർച്ചയായ മറ്റൊരു വിഷയം, സി.കെ. ജാനുവിന്റെ പ്രാതിനിധ്യമാണ്. അവരുടെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി യു.ഡി.എഫിലേക്കുവന്നത്, ഗോത്ര സമൂഹത്തിന്റെ അധികാരപങ്കാളിത്തം എന്ന നിലപാടോടെയാണ്. മുത്തങ്ങ സമരത്തെ വംശീയമായി അടിച്ചമർത്തിയ ഒരു ഭരണകൂടത്തിന്റെ പാർട്ടിയുമായി എങ്ങനെയാണ് സി.കെ. ജാനുവിന് പ്രാതിനിധ്യരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനാകുക എന്ന ചോദ്യവും ഇതോടൊപ്പം ഉയർന്നിരുന്നു. എന്നാൽ, വിയോജിപ്പുകളുള്ളപ്പോഴും ഒരു മുന്നണിയുടെ ഭാഗമായിനിന്ന് അവകാശങ്ങൾ ഉന്നയിക്കുക എന്ന ജനാധിപത്യപരമായ പോംവഴി മാത്രമാണ് ഇന്നത്തെ സാഹചര്യത്തിൽ തങ്ങൾക്കുമുന്നിലുള്ളൂ എന്ന തിരിച്ചറിവായിരിക്കാം, അവരെ യു.ഡി.എഫിലെത്തിച്ചത്. അത്തരമൊരു രാഷ്ട്രീയവിനിമയം എൽ.ഡി.എഫുമായി സാധ്യമല്ല എന്നും അനുഭവത്തിൽനിന്ന് അവർ മനസ്സിലാക്കിയിരിക്കണം.

എന്നാൽ, ജാനുവിന് സ്ഥാനാർഥിത്വം നിഷേധിച്ചതിലൂടെ അവർ ഉന്നയിച്ച ഗോത്രസമൂഹത്തിന്റെ പ്രാതിനിധ്യാവകാശം എന്ന വിഷയം കൈയൊഴിയുകയാണ് കോൺഗ്രസ് ചെയ്തത്. ദേശീയതലത്തിൽ, ബി.ജെ.പി പയറ്റുന്ന ‘ഇൻക്ലൂസീവ് പൊളിറ്റിക്സ്’ എന്ന വ്യാജതന്ത്രത്തിനെതിരെ, ഇതാ പ്രാതിനിധ്യത്തിന്റെ യഥാർഥ മുന്നണി എന്നവകാശപ്പെട്ട്, ‘ഇൻക്ലൂസീവ് അലയൻസ്’ എന്ന് പേരുമിട്ട് ഒരു മുന്നണിയുണ്ടാക്കിയ അതേ കോൺഗ്രസാണ്, കേരളത്തിൽ ഏറ്റവും മികച്ച ഒരവസരം പാഴാക്കിയത്.

മുത്തങ്ങ സമരത്തെ വംശീയമായി അടിച്ചമർത്തിയ ഒരു ഭരണകൂടത്തിന്റെ പാർട്ടിയുമായി എങ്ങനെയാണ് സി.കെ. ജാനുവിന് പ്രാതിനിധ്യരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനാകുക എന്ന ചോദ്യവും ഉയർന്നിരുന്നു

വയനാട്ടിലെ ഗോത്രസംവരണമണ്ഡലങ്ങളായ മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ എങ്ങനെയാണ് ഗോത്രവിഭാഗങ്ങളുടെ യഥാർഥ പ്രാതിനിധ്യം സി.പി.എമ്മും കോൺഗ്രസും അട്ടിമറിക്കുന്നത് എന്ന വിഷയം ഓരോ തെരഞ്ഞെടുപ്പിലും നിരന്തരം ഉയരാറുണ്ട്. രണ്ടിടത്തും യഥാർഥത്തിൽ പ്രാതിനിധ്യം ലഭിക്കേണ്ട പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ വിഭാഗങ്ങൾ ഇരു മുന്നണികളുടെയും സ്ഥാനാർഥിപ്പട്ടിയിൽ ഉണ്ടാകാറില്ല.

സണ്ണി എം. കപിക്കാടിന്റെ റദ്ദാക്കപ്പെട്ട സ്ഥാനാർഥിത്വവും കോൺഗ്രസ് എന്ന സംഘടനയുടെ വ്യാജ പ്രാതിനിധ്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ്. വി.ഡി. സതീശൻ മുൻകൈയെടുത്ത് നടത്തിയ നീക്കമായിരുന്നു തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടത് എന്ന്, സണ്ണി കപിക്കാടിന്റെ വിശദീകരണത്തിൽ വ്യക്തമാണ്. വൈക്കത്ത് മത്സരിച്ചാൽ ജയം ഉറപ്പായ ഒരു സ്ഥാനാർഥി എന്ന നിലയ്ക്കായിരിക്കുകയില്ല, സണ്ണി കപിക്കാട് ചർച്ചയിലേക്കുവന്നത്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ പ്രസക്തമായ പരീക്ഷണം എന്ന നിലയ്ക്കായിരിക്കാം സതീശൻ ഇതിനെ പരിഗണിച്ചിരിക്കുക (കേരളത്തിൽ കോൺഗ്രസാണ് യഥാർഥ ഇടതുപക്ഷം എന്ന് നിരന്തരം ആവർത്തിക്കുന്ന സതീശനിൽ, ചിലപ്പോൾ ആ അബോധ ഇടതുപക്ഷം പ്രവർത്തിച്ചതാകാം എന്നും നമുക്ക് വെറുതെ ആശിക്കാം). എന്നാൽ, ഈ സ്ഥാനാർഥിത്വം ഒരു ഘട്ടത്തിലും സംഘടനാതലത്തിൽ ചർച്ചയാക്കാൻ കോൺഗ്രസിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്? അജയ് തറയിലിനെപ്പോലുള്ള നേതാക്കൾക്ക് ഭൂരിപക്ഷമുള്ള സംഘടനയായതുകൊണ്ടുമാത്രം എന്നാണ് ഉത്തരം. അധികാരരാഷ്ട്രീയത്തിൽ, വിവേചനത്തിനിരയാകുന്ന സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യത്തെക്കുറിച്ചുള്ള ഒരു പാർട്ടിയുടെ മൊത്തം ബോധ്യമാണ് അജയ് തറയിലിന്റെ വിദ്വേഷം നിറഞ്ഞ ആ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിക്കപ്പെട്ടത്.

സി.കെ. ജാനുവിന്റെയും സണ്ണി എം. കപിക്കാടിന്റെയും റദ്ദാക്കപ്പെട്ട സ്ഥാനാർഥിത്വവും കോൺഗ്രസ് എന്ന സംഘടനയുടെ വ്യാജ പ്രാതിനിധ്യങ്ങളുടെ ഉദാഹരണമാണ്.
സി.കെ. ജാനുവിന്റെയും സണ്ണി എം. കപിക്കാടിന്റെയും റദ്ദാക്കപ്പെട്ട സ്ഥാനാർഥിത്വവും കോൺഗ്രസ് എന്ന സംഘടനയുടെ വ്യാജ പ്രാതിനിധ്യങ്ങളുടെ ഉദാഹരണമാണ്.

ഇവിടെ എവിടെയാണ്, കേരളത്തിലെ പലതരം മനുഷ്യരുടെ പേരിൽ ഉറപ്പാക്കേണ്ട പ്രാതിനിധ്യം പാലിക്കപ്പെടുന്നത്? കൂടുതൽ രക്തം ചിന്താൻ കെൽപ്പുള്ള സമ്മർദ്ദസംഘങ്ങളുടെ പ്രകടനപത്രികയല്ലാതെ, മറ്റെന്താണ് കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക? എന്നിട്ടും ജനത്തിന് ഈ സ്ഥാനാർഥിപ്പട്ടികയെ തെരഞ്ഞെടുക്കേണ്ടിവരുന്നു എങ്കിൽ, അത്, ജനാധിപത്യത്തിന്റെ ഗതികേടായി മാത്രം കാണേണ്ടിവരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നടന്ന തദ്ദേശ തെ​രഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ജയം ഏറെ നിർണാകയമായിരുന്നു. ഒരുപക്ഷെ, പ്രാദേശിക രാഷ്ട്രീയത്തോടൊപ്പം സംസ്ഥാന രാഷ്ട്രീയം കൂടി വിലയിരുത്തപ്പെട്ട റിസൾട്ടായിരുന്നു അത്. പത്തു വർഷം തുടർച്ചയായി ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാറിനെതിരായ രാഷ്ട്രീയനയപ്രഖ്യാപനമെന്ന നിലയ്ക്കാണ് അത് പ്രധാനമാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രസക്തമല്ല എങ്കിലും, ആ വോട്ടിംഗിലെ രാഷ്ട്രീയസൂചന പ്രതിപക്ഷം എന്ന നിലയ്ക്ക് യു.ഡി.എഫിനും കോൺ​ഗ്രസിനും ഏറെ പ്രധാനമാകേണ്ടതായിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ജയം ഉറപ്പായി എന്ന നിലയ്ക്കുള്ള പൊള്ളയായ ആത്മവിശ്വാസമല്ലാതെ, ആ റിസൾട്ടിലടങ്ങിയ ഭരണകൂട നയങ്ങളോടുള്ള വിമർശനത്തെ ഏറ്റെടുക്കാനുള്ള ​പാകത കോൺഗ്രസ് നേതൃത്വം ഇതുവരെ കാണിച്ചിട്ടില്ല. വോട്ടിങ് തന്നെ പ്രതിപക്ഷപ്രവർത്തനമായി മാറുന്ന സന്ദർഭത്തിൽ, പ്രതിപക്ഷമാകണം ഒരു സംവിധാനം എന്ന നിലയ്ക്ക് അതിനെ പ്രതിനിധീകരിക്കേണ്ടത്. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സന്ദർഭമാണ് കോൺഗ്രസ് തുടക്കത്തിലേ പാഴാക്കിയത്.

സി.പി.എം വിട്ടുപോകുന്നവർ വർഗവഞ്ചകരും സി.പി.എമ്മിലേക്കുവരുന്നവർ ക്രിസ്റ്റൽ ക്ലിയർ സഖാക്കളുമാകുന്ന വിചിത്രരാഷ്ട്രീയം പാർട്ടി തന്നെ വിശദീകരിക്കട്ടെ എന്നാശിക്കാം.

‘വർഗവഞ്ചകരു’ടേതായിരുന്ന പാർട്ടി

വലതുപക്ഷ പ്രവണത വലിയതോതിൽ എൽ.ഡി.എഫിനെയും ആവേശിച്ചിട്ടുണ്ട്. ഇവിടെ, തർക്കങ്ങൾക്ക് വ്യാജമായ പ്രത്യയശാസ്ത്രഭാരമുണ്ടെന്നുമാത്രം. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന നാട്ടികയിലെ സി.പി.ഐയുടെ സിറ്റിങ് എം.എൽ.എയായിരുന്ന സി.സി. മുകുന്ദൻ മുതൽ അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള ‘സ്വതന്ത്ര’ സ്ഥാനാർഥി ജി. സുധാകരൻ വരെയുള്ള ഈ മുൻ ഇടതുപക്ഷം, കേരളത്തിലെ ഇലക്ടറൽ ഇടതുപക്ഷത്തെ പുതിയ രീതിയിൽ നിർവചിക്കുന്നുണ്ട്.

മൂന്ന് പതിറ്റാണ്ടുകാലം സി.പി.എമ്മുമായി ബന്ധമുണ്ടായിരുന്നു, ഐഷാ പോറ്റിക്ക്. കൊട്ടാരക്കരയിൽനിന്ന് മൂന്നുതവണ എം.എൽ.എ. 2006-ൽ കൊട്ടാരക്കരയിൽ അവർ തോൽപ്പിച്ചത്, ആർ. ബാലകൃഷ്ണപ്പിള്ളയെയാണ്. അതേ കൊട്ടാരക്കരയിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായ അവർ കഴിഞ്ഞ ദിവസം വോട്ട് ചോദിച്ചു തുടങ്ങിയത് ‘അരിവാൾ…’ എന്നു പറഞ്ഞാണ്. പെട്ടെന്ന് ‘സോറി, കൈപ്പത്തി’ എന്ന് തിരുത്തുകയും ചെയ്തു. ഐഷ പോറ്റി ബി.ജെ.പിയിലേക്ക് വരാൻ സന്നദ്ധയായിരുന്നുവെന്നും അവർ പാർട്ടി ഷാൾ സ്വീകരിച്ചിരുന്നുവെന്നും പ്രാദേശിക ബി.ജെ.പി നേതാക്കൾ പറഞ്ഞിരുന്നു.

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുജ ചന്ദ്രബാബു മുസ്‍ലിം ലീഗിലാണ് ചേർന്നത്. മൂന്നുതവണ അവർ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.

കെ.ടി.ഡി.സി ചെയർമാനായിരുന്ന പാലക്കാട്ടെ സി.പി.എം നേതാവ് പി.കെ. ശശി, പാർട്ടി വിടുന്നതിന്റെ തലേന്നുവരെ തീർത്തും അഭിമതനായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ചശേഷവും ഒരു പരിക്കുമില്ലാതെ അദ്ദേഹത്തിന് പാർട്ടിയിൽ തുടരാനായി. എന്നാൽ, പാർട്ടിവിട്ടയുടൻ ശശി ‘വിഭാഗീയതയുടെ നേതാവാ’യി. ‘സ്ത്രീകൾക്ക് ഇനി പാർട്ടി​ഓഫീസിൽ വരാം’ എന്നാണ് മണ്ണാർക്കാട് ഏരിയ സെക്രട്ടറി പറഞ്ഞത്.

മൂന്ന് പതിറ്റാണ്ടുകാലം സി.പി.എമ്മുമായി ബന്ധമുണ്ടായിരുന്നു, ഐഷാ പോറ്റിക്ക്. കൊട്ടാരക്കരയിൽനിന്ന് മൂന്നുതവണ എം.എൽ.എ. 2006-ൽ കൊട്ടാരക്കരയിൽ അവർ തോൽപ്പിച്ചത്, ആർ. ബാലകൃഷ്ണപ്പിള്ളയെയാണ്.
മൂന്ന് പതിറ്റാണ്ടുകാലം സി.പി.എമ്മുമായി ബന്ധമുണ്ടായിരുന്നു, ഐഷാ പോറ്റിക്ക്. കൊട്ടാരക്കരയിൽനിന്ന് മൂന്നുതവണ എം.എൽ.എ. 2006-ൽ കൊട്ടാരക്കരയിൽ അവർ തോൽപ്പിച്ചത്, ആർ. ബാലകൃഷ്ണപ്പിള്ളയെയാണ്.

ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്കാണ് പോയത്. ‘കാലങ്ങളായി പ്രവർത്തിച്ച പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു’ എന്നാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചപ്പോൾ രാജേന്ദ്രൻ പറഞ്ഞത്.

മുസ്‍ലിംലീഗിന്റെ സ്ഥാനാർഥിപട്ടികയിൽ പേരില്ലാത്തതിൽ പ്രതിഷേധിച്ച് അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്ബുക്ക് പോസ്റ്റിട്ടയുടൻ സി.പി.എം അദ്ദേഹത്തിന് പച്ചക്കൊടി കാട്ടി. ‘‘ഇപ്പോൾ ലീഗിൽ രൂപപ്പെട്ട രാഷ്ട്രീയാന്തരീക്ഷത്തോട് പോസിറ്റീവായി പ്രതികരിക്കുകയാണ് ഞങ്ങളൊക്കെ ചെയ്യുക’ എന്ന് സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ നയം വ്യക്തമാക്കി.

കോൺഗ്രസ് ഡിജിറ്റൽ മീഡിയ വീങ് കൺവീനറായിരുന്ന ഡോ. പി. സരിൻ പാർട്ടിവിട്ടുവന്നയുടനെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയാക്കിയത്. ‘ക്രിസ്റ്റൽ ക്ലിയർ സഖാവ്’ എന്നാണ് സരിനെ സി.പി.എം നേതാവ് എ.കെ. ബാലൻ വിശേഷിപ്പിച്ചത് (ഈ വിശേഷണം, അന്ന് ബി.ജെ.പിയോട് ഇടഞ്ഞുനിന്നിരുന്ന സന്ദീപ് വാര്യരെക്കുറിച്ചായിരുന്നുവെന്നും ഒരു ശ്രുതിയുണ്ട്).

അതുവരെ പാർട്ടിയിലുണ്ടായിരുന്ന സഖാക്കൾ ഒരു പകലിനൊടുവിൽ ‘കുലംകുത്തി’കളാകുന്ന രഹസ്യം പാർട്ടിക്കല്ലാതെ മറ്റാർക്കാണ് വിശദീകരിക്കാനാകുക?

‘‘63 വർഷം മുമ്പ്, 15-ാം വയസ്സിൽ പാർട്ടി അംഗമായ, മധുരയിൽ നടന്ന ഒമ്പതാം പാർട്ടി കോൺഗ്രസു മുതൽ ഡെലിഗേറ്റായ, 15 പാർട്ടി കോൺഗ്രസുകളിൽ പ​ങ്കെടുത്ത് 12 എണ്ണത്തിലും കേരളത്തിനുവേണ്ടി ഓർഗനൈസേഷനൽ റിപ്പോർട്ടിംഗ് നടത്തിയ, 36 വർഷം പാർട്ടി ക്ലാസ് നടത്തിയ, പാർട്ടിയുടെ സാരാംശം ഉൾക്കൊണ്ട് ജീവിച്ച…’’ എന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റാണ് ജി. സുധാകരൻ. പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരിക്കാൻ അദ്ദേഹം കാരണമായി പറഞ്ഞത്, ‘‘പൊളിറ്റിക്കൽ ക്രിമനലുകളെ ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നു’’ എന്നാണ്. അല്ലാതെ, പാർട്ടിക്കെതിരെ കാര്യമായ പ്രത്യയശാസ്ത്രവിമർശനമൊന്നും അദ്ദേഹത്തിനില്ല. ചില പാർട്ടിനേതാക്കളുടെ സമീപനങ്ങളോടുള്ള ക്ഷോഭം മാത്രമേ ഉള്ളൂ എന്നാണ് മനസ്സിലാക്കേണ്ടത്. അത് രാഷ്ട്രീയമായി കൈകാര്യം ചെയ്യാൻ സി.പി.എമ്മിന് എന്തുകൊണ്ടാണ് കഴിയാതെ പോയത്? 24 മണിക്കൂറിനുള്ളിൽ, ഒരു നേതാവ് ‘വർഗവഞ്ചക’നായി മാറുന്ന മാജിക് എന്താണ്?
ജി. സുധാകരനോടും ഇതേ ചോദ്യങ്ങൾ തിരിച്ചുചോദിക്കാം: ആറു പതിറ്റാണ്ടിന്റെ ഐഡിയോളജിക്കൽ ആയുസ്സുള്ള ഒരു മനുഷ്യൻ എന്തുകൊണ്ടാണ്, പാർട്ടിയിലെ ഇത്തരം അരാഷ്ട്രീയ ബാധ്യതകളെ ​തീർത്തും വികാരപരമായി സമീപിക്കുന്നത്? സ്വന്തം സഹോദരന്റെ യഥാർഥ കൊലപാതകികളെ ‘പുതിയ സാഹചര്യ’ത്തിൽ നേർ​പ്പിക്കേണ്ടിവരുന്നത്? വീണ്ടുമൊരുതവണ കൂടി മത്സരിക്കുകയും ജയിക്കുകയും മന്ത്രിയാകുകയും ചെയ്യുക എന്നതാണ് ജി. സുധാകരന്റെ വിമതത്വത്തിന്റെ അടിസ്ഥാനം എന്ന വിമർശനം അദ്ദേഹത്തിനുതന്നെ നിഷേധിക്കാനായിട്ടുമില്ല.

ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്കാണ് പോയത്. ‘കാലങ്ങളായി പ്രവർത്തിച്ച പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു’ എന്നാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചപ്പോൾ രാജേന്ദ്രൻ പറഞ്ഞത്.
ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്കാണ് പോയത്. ‘കാലങ്ങളായി പ്രവർത്തിച്ച പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു’ എന്നാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചപ്പോൾ രാജേന്ദ്രൻ പറഞ്ഞത്.

കണ്ണൂരിലെ പാർട്ടി കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും ഇത്തവണ സി.പി.എമ്മിന് സാമ്പ്രദായിക വിശകലനരീതി കൊണ്ടുമാത്രം ‘കൈകാര്യം’ ചെയ്യാനാകാത്ത പ്രതിസന്ധിയുണ്ട്. സി.പി.എം സ്ഥാനാർഥി പി.കെ. ശ്യാമളക്കെതിരെ മത്സരിക്കുന്നത് 65 വർഷമായി പാർട്ടി അംഗമായിരുന്ന ടി.കെ. ഗോവിന്ദനാണ്. കണ്ണൂരിലെ പാർട്ടിയിലെ അനീതി തന്നെയാണ് ഗോവിന്ദനെയും പാർട്ടിക്കാരനല്ലാതാക്കിയത്. കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റിയോഗത്തിൽ അംഗങ്ങൾ ഒന്നടങ്കം എതിർത്ത ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിനെതിരായ വിമർശനങ്ങളുടെ കുന്തമുന കൂടിയാണ്, ടി.കെ. ഗോവിന്ദൻ. വൃന്ദ കാരാട്ടിനെയും സുശീല ഗോപാലനെയും മുന്നിൽവെച്ച്, പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ വിശദീകരിക്കേണ്ടിവരുന്നു എന്നത്, സി.പി.എം ചെന്നുപെട്ട വിശകലന പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. പി.കെ. ശ്യാമളയുടെ നാലു പതിറ്റാണ്ടിന്റെ പാർട്ടിപൊതുജീവിതത്തെ തന്നെ സംശയനിഴലിലാക്കുംവിധം, അവരുടെ സ്ഥാനാർഥിത്വം പ്രശ്നവൽക്കരിക്കപ്പെട്ടത്, അവരുടെ പാർട്ടിയുടെ വ്യക്തികേന്ദ്രികൃതവും സ്വജനപക്ഷപാതത്തിൽ ഊന്നുന്നതുമായ വലതുപക്ഷവ്യതിയാനങ്ങളാണ്. ആ വ്യതിയാനത്തിനുള്ള കാരണങ്ങൾ തീർച്ചയായും ​​പ്രകാശ് കാരാട്ടിലും എ.കെ. ജിയിലും ഇല്ല; അത് തെരയേണ്ടത്, സാക്ഷാൽ പിണറായി വിജയനിൽ തന്നെയാണ്. പിണറായി വിജയൻ നേതൃത്വം നൽകുന്നതുകൊണ്ടുമാത്രം ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കേണ്ട ഇത്തരം വ്യതിയാനങ്ങൾ ഇത്തവണ സി.പി.എമ്മിലുണ്ട്.

കോൺഗ്രസിലെ സംഘടനാതർക്കങ്ങളിലൂടെ സ്ഥാപനവൽക്കരിക്കപ്പെട്ടത്, വ്യക്തികളുടെയും നേതൃത്വത്തിന്റെയും സ്വേച്ഛാധിപത്യമാണ്. തലമുറമാറ്റം സംഭവിച്ചിട്ടും, ജനിതകത്തകരാറെന്ന നിലയ്ക്ക്, അതിന്റെ നേർപ്പിച്ച സ്വാധീനങ്ങൾ ഇപ്പോഴും തുടരുന്നു. അതുകൊണ്ടാണ് ഇപ്പോഴും കോൺഗ്രസിന്റെ ഇലക്ഷൻ പൊളിറ്റിക്സ് വീതംവെക്കലായി മാറുന്നത്.

പാർട്ടിയിൽനിന്ന് പുറത്തുവന്ന തളിപ്പറമ്പിലെയും പയ്യന്നൂരിലെയും അമ്പലപ്പുഴയിലെയും ഒറ്റപ്പാലത്തെയും ‘സ്വതന്ത്ര’ സ്ഥാനാർഥികൾക്കും നാട്ടികയിലെ ബി.ജെ.പി സ്ഥാനാർഥിക്കും ഉപാധിരഹിതമായി കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പിന്തുണ സ്വീകരിക്കാനാകുന്നിടത്തോളം പ്രത്യയശാസ്ത്രമരണം സംഭവിച്ചത്, ഈ നേതാക്കൾക്കാണോ, അവരെ രൂപ​പ്പെടുത്തിയ പാർട്ടികൾക്കാണോ? അതുവരെ വിരുദ്ധപക്ഷത്തുണ്ടായിരുന്ന പാർട്ടിയിൽനിന്ന് പുറത്തുവന്നയുടൻ, നിരുപാധികം, സ്വന്തം പ്രതിനിധിയായി ഇലക്ഷനിൽ അവതരിപ്പിക്കാൻ കഴിയുംവിധം ഐഡിയോളജിക്കൽ ശോഷണമാണോ ഐഡിയോളജിക്കൽ സാമ്യതയാണോ ഈ പാർട്ടികൾക്കിടയിൽ സംഭവിച്ചിരിക്കുക എന്നത് കൗതുകകരമായ ഒരന്വേഷണവിഷയമാണ്. അതുവരെ പാർട്ടിയിലുണ്ടായിരുന്ന സഖാക്കൾ ഒരു പകലിനൊടുവിൽ ‘കുലംകുത്തി’കളാകുന്ന രഹസ്യം പാർട്ടിക്കല്ലാതെ മറ്റാർക്കാണ് വിശദീകരിക്കാനാകുക? സി.പി.എം വിട്ടുപോകുന്നവർ വർഗവഞ്ചകരും സി.പി.എമ്മിലേക്കുവരുന്നവർ ക്രിസ്റ്റൽ ക്ലിയർ സഖാക്കളുമാകുന്ന വിചിത്രരാഷ്ട്രീയം പാർട്ടി തന്നെ വിശദീകരിക്കട്ടെ എന്നാശിക്കാം.

സി.പി.എം സ്ഥാനാർഥി പി.കെ. ശ്യാമളക്കെതിരെ മത്സരിക്കുന്നത് 65 വർഷമായി പാർട്ടി അംഗമായിരുന്ന ടി.കെ. ഗോവിന്ദനാണ്. കണ്ണൂരിലെ പാർട്ടിയിലെ അനീതി തന്നെയാണ് ഗോവിന്ദനെയും പാർട്ടിക്കാരനല്ലാതാക്കിയത്.
സി.പി.എം സ്ഥാനാർഥി പി.കെ. ശ്യാമളക്കെതിരെ മത്സരിക്കുന്നത് 65 വർഷമായി പാർട്ടി അംഗമായിരുന്ന ടി.കെ. ഗോവിന്ദനാണ്. കണ്ണൂരിലെ പാർട്ടിയിലെ അനീതി തന്നെയാണ് ഗോവിന്ദനെയും പാർട്ടിക്കാരനല്ലാതാക്കിയത്.

ബി.ജെ.പിയുടെ
കാവിമണ്ണും
പുണ്യഭൂമിയും

ബി.ജെ.പിയുമുണ്ട്, വലതുപക്ഷകേരളത്തിലെ ഈ ത്രികോണമത്സരത്തിൽ. ബിഗ് ബോസ് താരം വരെയുള്ള സ്ഥാനാർഥിപ്പട്ടികയിൽ എം.ടി. രമേശ് അടക്കമുള്ള നേതാക്കളിൽ പലരുമില്ല. ആദ്യ പട്ടികയിൽ പേരില്ലാത്തതിനാൽ ഇടഞ്ഞ് മാറിനിന്ന കുമ്മനം രാജശേഖരനും ബി. ഗോപാലകൃഷ്ണനും സീറ്റ് ഒപ്പിച്ചു കൊടുത്ത് തടിതപ്പി, പാർട്ടി. കൊടുങ്ങല്ലൂരിൽ ജയം ഉറപ്പിച്ച് ചുവരെഴുത്ത് തുടങ്ങിയിരുന്നു ബി. ഗോപാലകൃഷ്ണൻ. ഗുരുവായൂരിൽ ഇടം കിട്ടിയപ്പോൾ അദ്ദേഹം ഇങ്ങനെയൊരു പോസ്റ്റിട്ടു: ‘‘ആഗ്രഹിച്ചത് കൊടുങ്ങല്ലൂരിന്റെ കാവിമണ്ണിൽ, നിയോഗം ഗുരുവായൂരിന്റെ പുണ്യഭൂമിയിലേക്ക്’’. തങ്ങളുടെ എ ക്ലാസ് മണ്ഡലമായി ബി.ജെ.പി പരിഗണിക്കുന്ന കൊടുങ്ങല്ലൂരിൽ, സ്വന്തം അണികളെ തന്നെ ഞെട്ടിച്ച പ്രഖ്യാപനമാണ് നടത്തിയത്: എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി 20-യുടെ ഡോ. വർഗീസ് ജോർജ്ജാണ് സ്ഥാനാർഥി. ഉമ്മൻചാണ്ടിയുടെ മരുമകൻ എന്നതാണ് സ്ഥാനാർഥിത്വത്തിന്റെ മറ്റൊരു ആകർഷണം. ഈഴവ വിഭാഗത്തിന് ഭൂരിപക്ഷമുള്ള കൊടുങ്ങല്ലൂർ ഒരു ​ക്രൈസ്തവ സ്ഥാനാർഥിക്ക് കൊടുത്തത് പ്രാദേശിക ആർ.എസ്.എസിനും അത്ര രുചിച്ചിട്ടില്ല. താൻ രാഷ്ട്രീയം കണ്ടു പഠിച്ചത് ഉമ്മൻചാണ്ടിയിൽനിന്നാണ് എന്നു പറഞ്ഞ് കാമ്പയിൻ തുടങ്ങിയ എൻ.ഡി.എ സ്ഥാനാർഥിയുടെ ആ വിചിത്രരാഷ്ട്രീയം ഇനിയും കൊടുങ്ങല്ലൂരുകാർക്ക് പിടികിട്ടിയിട്ടില്ല. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പദ്മജ ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയായി വരുന്നതിലാണ് എം.ടി. രമേശിന്റെ രോഷം. ബി.ജെ.പിക്ക് സ്വാധീനമുള്ള ചെങ്ങന്നൂരിലും കാഞ്ഞിരപ്പള്ളിയിലുമെല്ലാം തർക്കം രൂക്ഷമാണ്.

മുന്നണികളി​ലെ
‘ഐക്യ- ജനാധിപത്യ’
സംവിധാനങ്ങൾ

മുന്നണി രാഷ്ട്രീയമാണ്, കക്ഷിരാഷ്ട്രീയത്തെയും തെ​ര​ഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും വൈയക്തികമായ വിലപേശലുകളാക്കി മാറ്റിയത് എന്ന് സാമാന്യമായി പറയാമെങ്കിലും അതിനുമുമ്പേ ഈയൊരു തകർച്ച തുടങ്ങുന്നുണ്ട്. അതിന് തുടക്കമിട്ടതും കോൺഗ്രസാണ്.

‘തർക്കങ്ങളില്ലാതെ’ ഒരൊറ്റ ദിവസം കൊണ്ട് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ കഴിയുന്ന ഒരു പാർട്ടിസംവിധാനത്തിന് പ്രാതിനിധ്യപരമായ ജനാധിപത്യം എത്രത്തോളം അവകാശപ്പെടാൻ കഴിയുമെന്ന ചോദ്യം ബാക്കിയാകുന്നു.

വിമോചന സമരത്തിനുശേഷം 1960-ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- ​പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സഖ്യത്തിനായിരുന്നു ഭൂരിപക്ഷം. 63 സീറ്റ് ലഭിച്ച കോൺഗ്രസ് 20 സീറ്റ് മാത്രമുണ്ടായിരുന്ന പി.എസ്.പിയുടെ പട്ടം താണുപിള്ളയെയാണ് മുഖ്യമന്ത്രിയാക്കിയത്. പട്ടവും ഉപമുഖ്യമന്ത്രി ആർ. ശങ്കറും തമ്മിലുള്ള തർക്കം മൂർച്ഛിച്ചപ്പോൾ പട്ടത്തെ പഞ്ചാബ് ഗവർണറായി നാടുകടത്തിയാണ്, കേന്ദ്രം പ്രശ്നം പരിഹരിച്ചത്. അങ്ങ​നെ ആർ. ശങ്കർ കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി. പിന്നിടുള്ള തർക്കം ശങ്കറും ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയും തമ്മിലായിരുന്നു. 1964 സപ്തംബർ പത്തിന് അവിശ്വാസപ്രമേയത്തെ തുടർന്ന് ആർ. ശങ്കർ മന്ത്രിസഭ സ്ഥാനമൊഴിഞ്ഞതിനുപുറകേ, കെ.എം. ജോർജ്ജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിക്കപ്പെട്ടിരുന്നു.

ഇന്നത്തെ രൂപത്തിൽ, എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരണം കൈയാളുന്നതരത്തിലേക്ക് തെരഞ്ഞെടുപ്പുരാഷ്ട്രീയം മാറുന്നത് എൺപതുകളോടെയാണ്. 1987 മുതൽ 2016 വരെ ഇരുമുന്നണി സർക്കാറുകളുടെ ഭരണത്തുടർച്ചയില്ലാത്ത കാലമായിരുന്നു. 2016-ലാണ് അതിന് മാറ്റം വന്നത്. മുന്നണിരാഷ്ട്രീയവും പല മുന്നണി ഭരണകൂടങ്ങളും വിരുദ്ധതാൽപര്യങ്ങളുടെ കൂടി കൂട്ടുകെട്ടായിരുന്നു. മുസ്‍ലിം ലീഗ്, കേരള കോൺഗ്രസുകൾ, മറ്റു ചെറിയ പാർട്ടികൾ, ഗ്രൂപ്പുകൾ എന്നിവ കൂടാതെ ജാതി- മത- സാമുദായിക ശക്തികളും സമ്മർദ്ദഗ്രൂപ്പുകളായി മാറിയ കാലംകൂടിയാണിത്. വിമോചനസമരകാലത്ത് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വർഗീയ- സാമുദായിക ശക്തികളുടെ സ്വാധീനം തുടർന്നും കോൺഗ്രസിൽ അവശേഷിച്ചിരുന്നു. അത്, പാർട്ടിയുടെ ഇലക്ഷൻ അജണ്ടകളെ തന്നെ പ്രതിലോമകരമായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. കോൺഗ്രസിന്റെ അധികാരരാഷ്ട്രീയത്തെ ഇത്തരത്തിൽ മലിനമാക്കിയതിൽ കെ. കരുണാകരന്റെ പങ്ക് പ്രധാനമാണ്. കരുണാകരൻ- ആന്റണി ഗ്രൂപ്പ് തർക്കമായി അത് പാർട്ടിയുടെ ആഭ്യന്തരകാര്യമെന്ന നിലയ്ക്ക്- ആഭ്യന്തര ജനാധിപത്യമെന്ന നിലയ്ക്കുപോലും- വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും, ആ സംഘടനാതർക്കങ്ങളിലൂടെ സ്ഥാപനവൽക്കരിക്കപ്പെട്ടത്, വ്യക്തികളുടെയും നേതൃത്വത്തിന്റെയും സ്വേച്ഛാധിപത്യമാണ്. തലമുറമാറ്റം സംഭവിച്ചിട്ടും, ജനിതകത്തകരാറെന്ന നിലയ്ക്ക്, അതിന്റെ നേർപ്പിച്ച സ്വാധീനങ്ങൾ ഇപ്പോഴും തുടരുന്നു. അതുകൊണ്ടാണ് ഇപ്പോഴും കോൺഗ്രസിന്റെ ഇലക്ഷൻ പൊളിറ്റിക്സ് വീതംവെക്കലായി മാറുന്നത്. കൃത്യമായ രാഷ്ട്രീയ പ്രാതിനിധ്യമുള്ള സ്ഥാനാർഥിപ്പട്ടികയുണ്ടാക്കാൻ പാർട്ടിക്ക് കഴിയാതെ വരുന്നത്, ഇന്നും അത്തരം സ്വാധീനങ്ങളിൽനിന്ന് മുക്തമാകാൻ കഴിയാത്തതുകൊണ്ടാണ്.

കുമ്മനം രാജശേഖരൻ, ബി. ഗോപാലകൃഷ്ണൻ. ആദ്യ പട്ടികയിൽ പേരില്ലാത്തതിനാൽ ഇടഞ്ഞ കുമ്മനം രാജശേഖരനും ബി. ഗോപാലകൃഷ്ണനും സീറ്റ് ഒപ്പിച്ചുകൊടുത്ത് തടിതപ്പി, ബി.ജെ.പി. കൊടുങ്ങല്ലൂരിൽ ജയം ഉറപ്പിച്ച് ചുവരെഴുത്ത് തുടങ്ങിയിരുന്നു ബി. ഗോപാലകൃഷ്ണൻ.
കുമ്മനം രാജശേഖരൻ, ബി. ഗോപാലകൃഷ്ണൻ. ആദ്യ പട്ടികയിൽ പേരില്ലാത്തതിനാൽ ഇടഞ്ഞ കുമ്മനം രാജശേഖരനും ബി. ഗോപാലകൃഷ്ണനും സീറ്റ് ഒപ്പിച്ചുകൊടുത്ത് തടിതപ്പി, ബി.ജെ.പി. കൊടുങ്ങല്ലൂരിൽ ജയം ഉറപ്പിച്ച് ചുവരെഴുത്ത് തുടങ്ങിയിരുന്നു ബി. ഗോപാലകൃഷ്ണൻ.

മുന്നണികളുടെ നിലനിൽപ്പിന് അധികാരവുമായി നേരിട്ട് ബന്ധമുള്ളതിനാൽ, എൽ.ഡി.എഫും ഇത്തരം ബാഹ്യസ്വാധീനങ്ങളിൽനിന്ന് മുക്തമായിരുന്നില്ല. ‘ഇടതുപക്ഷമുന്നണി’യിലെ പല പാർട്ടികളും വലതുപക്ഷ ഒത്തുതീർപ്പുകളുടെ ഘടകകക്ഷികൾ കൂടിയായിരുന്നു. മുന്നണി രാഷ്ട്രീയത്തിലും ഇടതുപക്ഷ സർക്കാറുകളുടെ കാലത്ത് സി.പി.എം എന്ന പാർട്ടിസംവിധാനത്തിന്, സർക്കാർ സംവിധാനത്തിൽനിന്ന് വേറിട്ട നിലനിൽപ്പുണ്ടായിരുന്നതുകൊണ്ടുതന്നെ, പലതരം ബാഹ്യസ്വാധീനങ്ങളെ പ്രതിരോധിക്കാൻ കഴിയുമായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാറുകളുടെ കാലത്ത്, പാർട്ടിയും ഭരണകൂടവും ഒന്നായി മാറിയ അപകടകരമായ സ്ഥിതിയുണ്ടായി. സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾ അപ്രതിരോധ്യരായി മാറി. പാർട്ടിയിലും മുന്നണിയിലും ചർച്ച പോലും ചെയ്യാതെ നയപരമായ തീരുമാനങ്ങളെടുക്കാൻ ഭരണകൂടത്തിനാകുംവിധം ഈ കേന്ദ്രീകരണം രൂക്ഷമായി. ​‘തർക്കങ്ങളില്ലാതെ’ ഒരൊറ്റ ദിവസം കൊണ്ട് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ കഴിയുന്ന ഒരു പാർട്ടിസംവിധാനത്തിന് പ്രാതിനിധ്യപരമായ ജനാധിപത്യം എത്രത്തോളം അവകാശപ്പെടാൻ കഴിയുമെന്ന ചോദ്യം ബാക്കിയാകുന്നു.

പാർട്ടികൾ
സ്വയം ‘LOCKED’

2026-ലെ നിയമസഭാ ​തെരഞ്ഞെടുപ്പിനെ നിർണായകമാക്കുന്ന പല ഘടകങ്ങളുമുണ്ട്. ‘എൽ.ഡി.എഫ് സർക്കാറിന്റെ ഭരണത്തുടർച്ച’ എന്ന ഒരൊറ്റ അജണ്ടയിലല്ല ഈ ഇലക്ഷൻ കെട്ടിനിൽക്കേണ്ടത്, യു.ഡി.എഫ് അടക്കം ഈയൊരു എൽ.ഡി.എഫ് കാമ്പയിനിൽ വീണുപോയിട്ടുണ്ടെങ്കിലും. 1957 മുതലുള്ള സംസ്ഥാന സർക്കാറുകൾ കല്ലിട്ട് കെട്ടിപ്പൊക്കിയെടുത്ത ഒരു കേരളമുണ്ട്. ഏറെ പ്രതിബന്ധങ്ങളും പരിമിതികളും നിറഞ്ഞ ഒരു ഫെഡറൽ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട്, മൗലികമായ നിരവധി സംഭാവനകൾ നൽകാൻ നമ്മുടെ രാഷ്ട്രീയ- ഭരണകൂട സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും അവയിലേറെയും ഇടതുപക്ഷത്തുനിന്നാണ് എന്നത് അവിതർക്കിതവുമാണ്. അതുകൊണ്ടുതന്നെ, 1957-ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ തുടർച്ചയായി മാറുക എന്ന പരീക്ഷണമായിരുന്നു പിന്നീടുള്ള സർക്കാറുകളുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി.

‘ഒന്നര വർഷം കൊണ്ട് മണ്ഡലത്തിൽ 13 വീടുകൾ വെച്ചുകൊടുത്ത സിറ്റിങ് എം.എൽ.എ’യെക്കുറിച്ച് അഭിമാനിക്കുന്ന ഒരു തുടർച്ചയെ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു.

ആ ഇടതുപക്ഷത്തുടർച്ചയ്ക്ക്, ഇടതുപക്ഷ കേരളത്തിന് വലിയ വെല്ലുവിളി നേരിടുന്ന ഒരു രാഷ്ട്രീയ സന്ദർഭത്തിലാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ്. ഫെഡറൽ അവകാശങ്ങളെയാകെ സ്വേച്ഛാധിപത്യപരമായി റദ്ദാക്കിക്കൊണ്ടിരിക്കുന്ന ഒരു യൂണിയൻ സർക്കാറിനുകീഴിൽ, കേരളത്തിന് എത്രത്തോളം ഒരു രാഷ്ട്രീയ ബദലാകാൻ കഴിയും എന്ന ചോദ്യമുണ്ട്. അത്തരമൊരു ബദൽ കൈകാര്യം ചെയ്യാനുള്ള ശേഷി നമുക്കുമുന്നിലുള്ള ഏതെല്ലാം രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കുണ്ട് എന്ന ചർച്ചയ്ക്ക് തുടക്കമിടേണ്ട ഒരു സന്ദർഭത്തിൽ, അതിന് നേതൃത്വം നൽകേണ്ട രാഷ്ട്രീയ പാർട്ടികളെല്ലാം സ്വയം ‘LOCKED’ ആണ്. ചോദ്യങ്ങളിലേക്ക് ജനങ്ങളെ എത്തിക്കാതിരിക്കാനുള്ള സുരക്ഷിതമായ ഒരു ലോക്ക് കൂടിയാണത്. കെ. സുധാകരൻ ദൽഹിയിൽ തന്റെ ഫ്ലാറ്റിൽ അടച്ചിരുന്ന ഒരു പകലും രാത്രിയും, കേരളത്തെ വ്യാജമായ ഒരു ‘പൊട്ടിത്തെറി’യുടെ വക്കിലെത്തിച്ചതിനു പുറകിൽ പ്രവർത്തിച്ചത് ഒരു കനഗോലു സൂത്രമായിരിക്കാം എന്ന് നമ്മെ​ക്കൊണ്ട് തോന്നിപ്പിക്കുന്ന അത്ര സ്ഥലജലവിഭ്രാന്തി നിറഞ്ഞതായിരിക്കുന്നു, ഈ ഇലക്ഷൻ തുടക്കം. ഇടതുപക്ഷത്തുമുണ്ടോ ഒരു കനഗോലു എന്ന് നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്നു. ഇത്തരം ഗംഭീരമായ തുടക്കങ്ങൾ പലയിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു.

‘ഒന്നര വർഷം കൊണ്ട് മണ്ഡലത്തിൽ 13 വീടുകൾ വെച്ചുകൊടുത്ത സിറ്റിങ് എം.എൽ.എ’യെക്കുറിച്ച് അഭിമാനിക്കുന്ന ഒരു തുടർച്ചയെ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു. പാർട്ടി ചിഹ്നത്തിൽ സ്വന്തമായി ഒരു സ്ഥാനാർഥിയെ സി.പി.എമ്മിനും കിട്ടിയില്ല. ‘സണ്ണി ​ജോസഫിനെ തോൽപ്പിക്കാൻ കഴിയുന്ന ഒരേയൊരു എൽ.ഡി.എഫ് സ്ഥാനാർഥി’യായാണ് ഇത്തവണ കെ.കെ. ശൈലജയുടെ നി‘യോഗം’.

തൃശൂർ മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയമത്സരം നടത്താൻ കഴിയുമായിരുന്ന വി.എസ്. സുനിൽകുമാറിനെ കാമ്പയിനിലേക്ക് പിടിച്ചുകെട്ടിയിരിക്കുന്നു, പാർട്ടി. ഒപ്പം, വടക്കൻ പറവൂരിൽ പ്രതിപക്ഷനേതാവിനെ തോൽപ്പിക്കാനുള്ള നി‘യോഗം’, പാർട്ടിയിലെ മികച്ച എം.എൽ.എമാരിൽ ഒരാളായ ഇ.ടി. ടൈസനെ ഏൽപ്പിച്ചിരിക്കുന്നു.

താനൂരിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം സ്വതന്ത്രനായ മന്ത്രി വി. അബ്ദുറഹ്മാൻ വീട്ടിൽ അടച്ചുപൂട്ടിയിരുന്നു, മൂന്നാലു ദിവസം, ഒടുവിൽ ഇഷ്ടമണ്ഡലമായ തിരൂർ വിട്ടുകൊടുത്തപ്പോൾ ഉഷാറാകുന്നു.

കെ.കെ. ശൈലജ, സണ്ണി ജോസഫ്. സണ്ണി ​ജോസഫിനെ തോൽപ്പിക്കാൻ കഴിയുന്ന ‘ഒരേയൊരു എൽ.ഡി.എഫ് സ്ഥാനാർഥി’യായാണ് ഇത്തവണ കെ.കെ. ശൈലജയുടെ നി‘യോഗം’.
കെ.കെ. ശൈലജ, സണ്ണി ജോസഫ്. സണ്ണി ​ജോസഫിനെ തോൽപ്പിക്കാൻ കഴിയുന്ന ‘ഒരേയൊരു എൽ.ഡി.എഫ് സ്ഥാനാർഥി’യായാണ് ഇത്തവണ കെ.കെ. ശൈലജയുടെ നി‘യോഗം’.

ഇന്നുച്ചയ്ക്ക് കെ. സുധാകരന്റെ വീട്ടിലെത്തിയ കണ്ണൂരി​ലെ കോൺഗ്രസ് സ്ഥാനാർഥി ടി.ഒ. മോഹനനെ, സുധാകരൻ ഷാളണിയിച്ച് കെട്ടിപ്പിടിച്ചപ്പോൾ, ഇന്നലെ പൊട്ടിത്തെറിയുടെ വക്കിലെത്തിയ മീഡിയ ഇന്ന് ‘മഞ്ഞുരുക്ക’ത്തിലായി. ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഹെഡിംഗ് പോലെ, കേരളം പൊടുന്നനെ ‘പൊട്ടലും ചീറ്റലുമില്ലാതെ’ പരമശാന്തമായി.

വലതുപക്ഷ കേരളമേ,
ഒരു ഇലക്ഷൻകാല ലാൽസലാം…

Comments