ഗൾഫ് പ്രതിസന്ധി:
എത്ര പ്രവാസികൾ
വോട്ട് ചെയ്യാൻ
ഇത്തവണ
നാട്ടി​ലെത്തും?

2026- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതാണ്ട് 2,23,558 പ്രവാസി വോട്ടർമാരാണുള്ളത്. ഇവരിൽ ഏതാണ്ട് 66.29% കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ്. ഇവരിൽ എത്രപേർക്ക് ഇത്തവണ വോട്ടുചെയ്യാൻ കേരളത്തിലെത്താനാകും? ഇത്തവണ ഉണ്ടാകാനിടിയുള്ള പ്രവാസി മലയാളികളുടെ കുറഞ്ഞ പങ്കാളിത്തം വിശകലനം ചെയ്യുന്നു, ഫർസീന പി.എസ്.

പ്രാചീന കച്ചവടകാലം മുതലേ കേരളവും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്. ഭൂമിശാസ്ത്രപരമായ സാമീപ്യവും മൺസൂൺ പോലുള്ള മറ്റു പാരിസ്ഥിതിക ഘടകങ്ങളും പടിഞ്ഞാറൻ ഏഷ്യയിലെ അറബ് രാജ്യങ്ങളുമായുള്ള കേരളത്തിന്റെ ബന്ധത്തിൽ നിർണായകമായിരുന്നു. പാശ്ചാത്യ ലോകത്തേക്കുള്ള കേരളത്തിന്റെ വഴിയും വാതിലുമായി പ്രവർത്തിച്ചത് ഒരു പരിധിവരെ അറബ് രാഷ്ട്രങ്ങളുമായുള്ള ഈ ബന്ധമാണ് എന്നു പറയാം.

ഇന്ത്യൻ മഹാസമുദ്രത്തിലൂടെ അറബ് രാഷ്ട്രങ്ങളുമായി നടത്തിയ വ്യാപാര- വാണിജ്യ ഇടപാടുകളിലൂടെയാണ് അന്താരാഷ്ട്ര ഭൂപടത്തിൽ കേരളം എന്ന പ്രദേശം ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത്. പൗരാണിക കാല രേഖകളിൽ മുതൽ യമനിൽ നിന്നും ഒമാനിൽ നിന്നും ഈജിപ്തിൽ നിന്നും ഉൾപ്പെടെയുള്ള വ്യാപാരികൾ മലബാറിലെ തുറമുഖങ്ങളിൽവന്ന് സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതിന് തെളിവുണ്ട്. ഇതിന്റെ തുടർച്ച പിന്നീടുവന്ന നൂറ്റാണ്ടുകളിലും വളരെ വ്യക്തമായി കേരളവും അറേബ്യയും തമ്മിലുള്ള ബന്ധത്തിൽ കണ്ടെടുക്കാവുന്നതാണ്.

 കേരളത്തിന്റെ തിരഞ്ഞെടുപ്പിൽ ഭാഗമാകേണ്ട വലിയൊരു വിഭാഗം മനുഷ്യർ ഇന്ന് യുദ്ധം മൂലം മറ്റൊരു ഭൂപ്രദേശത്ത് കുടുങ്ങിപ്പോയ അവസ്ഥയിലാണുള്ളത്. ഇവർക്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള സാധ്യതകൾ മങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിന്റെ തിരഞ്ഞെടുപ്പിൽ ഭാഗമാകേണ്ട വലിയൊരു വിഭാഗം മനുഷ്യർ ഇന്ന് യുദ്ധം മൂലം മറ്റൊരു ഭൂപ്രദേശത്ത് കുടുങ്ങിപ്പോയ അവസ്ഥയിലാണുള്ളത്. ഇവർക്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള സാധ്യതകൾ മങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

രണ്ടാം ലോകമഹായുദ്ധാനന്തരം അറേബ്യയിലെ എണ്ണയുടെ വേർതിരിക്കലിലുണ്ടായ വൻ കുതിച്ചുചാട്ടം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അറേബ്യൻ ഭൂപ്രദേശത്തെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കുടിയേറ്റ പ്രദേശമാക്കി മാറ്റി. 1970- കൾ മുതൽ ആരംഭിക്കുന്ന ഈ പ്രവാസത്തിന്റെ ചരിത്രം കേരളം എന്ന പ്രദേശത്തിന്റെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ ചരിത്രങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. ഇന്ന് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ താങ്ങിനിർത്തുന്ന ഒരു പ്രധാനപ്പെട്ട വരുമാനസ്രോതസ്സായി പ്രവാസി മലയാളികളും അവരുടെ സാമ്പത്തിക സംഭാവനകളും നിലനിൽക്കുന്നു.

മധ്യപൂർവേഷ്യയിലെ പല രാജ്യങ്ങളിലുമായി കേരളത്തിന്റെ ചെറുപതിപ്പുകൾ ഇന്ന് കാണാൻ സാധിക്കും. അറബ് ലോകത്ത് നടക്കുന്ന ഓരോ ചെറിയ ചലനവും മലയാളിയുടെ നിത്യജീവിതത്തെ അത്രമേൽ സ്വാധീനിക്കുന്നവയായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം പരിശോധിക്കുമ്പോൾ ഏറ്റവും കുറവ് വിലയിരുത്തപ്പെട്ടിട്ടുള്ള ഒന്നാണ് പ്രവാസി സമൂഹത്തിന്റെ രാഷ്ട്രീയസ്വാധീനവുമായി ബന്ധപ്പെട്ട മനസ്സിലാക്കലുകൾ. എന്നാൽ മാറിയ  സാഹചര്യത്തിൽ പ്രവാസി സമൂഹത്തിന്റെ രാഷ്ട്രീയ സ്വാധീനങ്ങളെ കുറിച്ചുള്ള ധാരണകൾ രൂപപ്പെടേണ്ടത് അനിവാര്യതയാണ്. ഈ ഒരു സന്ദർഭത്തിലാണ് നോർക്കയും ലോകകേരളസഭയും പോലുള്ള സർക്കാർ സംവിധാനങ്ങൾ കൂടുതൽ പ്രസക്തമാകുന്നത്.

നിലവിൽ 20- 35 ലക്ഷത്തിനിടയിൽ മലയാളികൾ വിവിധ അറബ് രാഷ്ട്രങ്ങളിൽ ജീവിക്കുന്നു എന്നാണ് കണക്ക്. യു എ ഇ (38.6%), സൗദി അറേബ്യ (16.9%), ഒമാൻ (6.4%), ഖത്തർ (9.1%), കുവൈറ്റ് (5.8%), ബഹ്റൈൻ (3.7%) തുടങ്ങിയ രാജ്യങ്ങളുടെ ജനസംഖ്യയിൽ കാര്യമായ സ്ഥാനം ഇന്ന് മലയാളികൾക്കുണ്ട്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ പടിഞ്ഞാറൻ ഏഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ വിലയിരുത്താൻ ശ്രമിക്കാം. കേരളത്തിന്റെ തിരഞ്ഞെടുപ്പിൽ ഭാഗമാകേണ്ട വലിയൊരു വിഭാഗം മനുഷ്യർ ഇന്ന് യുദ്ധം മൂലം മറ്റൊരു ഭൂപ്രദേശത്ത് കുടുങ്ങിപ്പോയ അവസ്ഥയിലാണുള്ളത്. ഇവർക്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള സാധ്യതകൾ മങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേരളത്തിന്റെ തിരഞ്ഞെടുപ്പുകളെ എല്ലാകാലത്തും സ്വാധീനിച്ചിട്ടുള്ള വിദേശ മലയാളി സമൂഹത്തിന്റെ, പ്രത്യേകിച്ച് അറബ് ലോകത്ത് ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന മലയാളികളുടെ ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള സാധ്യതയെ ഈ ലേഖനം വിശകലനം ചെയ്യുന്നു. യുദ്ധം സൃഷ്ടിക്കുന്ന വെല്ലുവിളികളിൽ ഒന്നായി നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിക്കാനിടയുള്ള പ്രവാസി മലയാളികളുടെ കുറഞ്ഞ പങ്കാളിത്തത്തെയും സ്വാധീനത്തെയും വിലയിരുത്താവുന്നതാണ്.

നിയമസഭാ തെരഞ്ഞെടുപ്പും
ഗള്‍ഫ്‌ മലയാളികളും

കേരള രൂപീകരണത്തിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിദേശ മലയാളികൾ, പ്രത്യേകിച്ച് ഗൾഫ് മലയാളികൾ, നിർണായക സ്വാധീനമായി പ്രവർത്തിച്ചിട്ടുണ്ട്. മലബാറിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെ വലിയ തോതിൽ സ്വാധീനിക്കുന്നതിൽ ഗൾഫ് മലയാളികൾക്ക് പങ്കുണ്ട്. കേരളത്തില്‍ ആകെയുള്ള പ്രവാസി വോട്ടർമാരിൽ സിംഹഭാഗവും മലബാറിൽ നിന്നുള്ളവരാണ്.

കേരളത്തില്‍ ആകെയുള്ള പ്രവാസി വോട്ടർമാരിൽ സിംഹഭാഗവും മലബാറിൽ നിന്നുള്ളവരാണ്.
കേരളത്തില്‍ ആകെയുള്ള പ്രവാസി വോട്ടർമാരിൽ സിംഹഭാഗവും മലബാറിൽ നിന്നുള്ളവരാണ്.

2026- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് 2,23,558 പ്രവാസി വോട്ടർമാരാണുള്ളത്. ഇവരിൽ ഏതാണ്ട് 66.29% കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ്. 2026- ലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള കേരളത്തിലെ മണ്ഡലം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയാണ്. ഇലക്ഷൻ കമ്മീഷന്റെ രേഖകൾ പ്രകാരം 16,002 പ്രവാസി വോട്ടർമാരാണ് കുറ്റ്യാടി മണ്ഡലത്തിലുള്ളത്.
പിന്നീട് വരുന്ന മണ്ഡലങ്ങൾ നാദാപുരം (12,424), തിരൂർ (8601), കല്യാശ്ശേരി ( 8097) തുടങ്ങിയവയാണ്.

ഏറ്റവും കുറവ് പ്രവാസി വോട്ടർമാരുള്ള മണ്ഡലങ്ങളിൽ പലതും തെക്കൻ കേരളത്തിലാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര (13), കാട്ടാക്കട (35), പാറശ്ശാല (39), ഇടുക്കി (39) തുടങ്ങിയവ.

2026- ലെ കണക്കുകളിൽ ആകെ 1,90,090 പുരുഷന്മാരും 33,458 സ്ത്രീകളും, 10 ട്രാൻസ്ജെൻഡർ വ്യക്തികളും പ്രവാസി വോട്ടർമാരായി ഉണ്ട്.

വടക്കൻ കേരളത്തിലെ രാഷ്ട്രീയസ്ഥിതി പരിശോധിക്കുമ്പോൾ മലബാറിന്റെ വിവിധ പ്രദേശങ്ങളിലായി പ്രവാസി വോട്ടർമാർക്കുള്ള സ്വാധീനം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. ഈ മണ്ഡലങ്ങളിൽ പലതിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേരിയ ഭൂരിപക്ഷത്തിനാണ് വിജയികൾ തീരുമാനിക്കപ്പെട്ടത്.

ഉദാഹരണത്തിന് 2021-ൽ കുറ്റ്യാടിയിൽ എൽ.ഡി.എഫിലെ കെ പി കുഞ്ഞഹമ്മദ് കുട്ടിയുടെ ഭൂരിപക്ഷം 333 വോട്ടാണ്. ഈ മണ്ഡലത്തിലെ പ്രവാസി വോട്ടർമാരുടെ എണ്ണം കേരളത്തിലെ തന്നെ ഏറ്റവും കൂടുതലുമാണ്. 2021-ല്‍ നാദാപുരത്ത് എൽ.ഡി.എഫ് ഭൂരിപക്ഷം 4035 വോട്ടും കണ്ണൂർ മണ്ഡലത്തിൽ 1745 വോട്ടുമായിരുന്നു. ഭൂരിപക്ഷം വളരെ കുറവുള്ള ഈ മണ്ഡലങ്ങളിൽ പ്രവാസി വോട്ടർമാരുടെ എണ്ണം നിർണായകമാണ്.

2021-ൽ കോവിഡ് മൂലം വലിയൊരു ഭാഗം പ്രവാസി വോട്ടർമാർക്കും വോട്ട് ചെയ്യാനായില്ല. മുസ്ലിം ലീഗ് വലിയ തോതിൽ പ്രവാസി വോട്ടർമാരുടെ സാധ്യതകളെ തിരഞ്ഞെടുപ്പ് വിജയത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളവരാണ്. 2016- ലെയും 2021-ലെയും തിരഞ്ഞെടുപ്പുകളിൽ ലീഗ് മത്സരിച്ച പല മണ്ഡലങ്ങളിലും പ്രവാസി വോട്ടർമാർ ചെയ്ത വോട്ട് വിജയത്തിൽ നിർണായകമായിരുന്നു.

2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് നാട്ടിലെത്താൻ പ്രത്യേകം ചാർട്ടർ ചെയ്ത 'വോട്ട് ഫ്ലൈറ്റുകൾ' തന്നെ ലീഗിന്റെതായി ഉണ്ടായിരുന്നു.
2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് നാട്ടിലെത്താൻ പ്രത്യേകം ചാർട്ടർ ചെയ്ത 'വോട്ട് ഫ്ലൈറ്റുകൾ' തന്നെ ലീഗിന്റെതായി ഉണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിലും പ്രവാസികളെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങൾ പരിഗണിക്കുന്ന കാഴ്ചയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കണ്ടു. കുറ്റ്യാടിയിൽ ലീഗ് സ്ഥാനാർത്ഥിയായി 2016- ലും 2021-ലും മത്സരിച്ചത് ദീർഘകാലം പ്രവാസി വ്യവസായിയായിരുന്ന പാറക്കൽ അബ്ദുല്ലയാണ്. 2016-ൽ അദ്ദേഹം വിജയിച്ചു.
2021-ല്‍  കൂത്തുപറമ്പിൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ച പൊറ്റക്കണ്ടി അബ്ദുള്ള, 2021-ൽ പേരാമ്പ്രയിൽ യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ച സി എച്ച് ഇബ്രാഹിംകുട്ടി, 2021-ൽ കൊണ്ടോട്ടിയിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച കെ പി സുലൈമാൻ ഹാജി തുടങ്ങിയവർ പ്രവാസികളായിരുന്നു.

ഈ തിരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും മുൻ പ്രവാസികൾ മത്സര രംഗത്തുണ്ട്. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള വീണ്ടും മത്സരിക്കുന്നു. താനൂരില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് പ്രവാസി വ്യവസായിയായ ടി. മുഹമ്മദ് സമീറാണ്. 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ പ്രവാസി മലയാളി വോട്ടർമാരെ പ്രത്യേകമായി അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പുകളില്‍ വർദ്ധിച്ചുവരുന്ന പ്രവാസി പങ്കാളിത്തത്തിന്റെ മറ്റൊരു കാഴ്ചയായിരുന്നു.

തെരഞ്ഞെടുപ്പു പങ്കാളിത്തത്തിന്റെയും വോട്ട് ചെയ്യുന്നതിന്റെയും കാര്യത്തിൽ മാത്രമല്ല പ്രവാസി മലയാളികൾ നിർണായകമാകുന്നത്. തെരഞ്ഞെടുപ്പുകളിൽ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ വലിയൊരു സ്രോതസ്സായി പ്രവാസി മലയാളികൾ എല്ലാ കാലത്തും നിലനിന്നിട്ടുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന സാംസ്ക്കാരിക സംഘടനകൾ അറബ് ലോകത്തുണ്ട്. ഇത്തരം സംഘടനകൾ പ്രവാസി മലയാളികളുടെ ക്ഷേമത്തെയും കൂട്ടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അതത് രാഷ്ട്രീയ ആശയങ്ങളെ സാമ്പത്തികമായും ആശയപരമായും വളർത്താൻ അതിന്റെ സംവിധാനങ്ങളെ കൃത്യമായി ഉപയോഗിക്കുന്നു. ഇതിലെ ഏറ്റവും വലിയ സംവിധാനങ്ങളിൽ ഒന്ന് മുസ്ലിം ലീഗുമായി ചേർന്ന് പ്രവർത്തിക്കുന്ന കേരള മുസ്ലിം കൾച്ചറൽ സെൻറർ (KMCC) ആണ്. വിവിധ ഗൾഫ് രാജ്യങ്ങളിൽ കെ എം സി സിക്ക് വിപുലമായ സംഘടനാ സംവിധാനങ്ങളുണ്ട്. മുസ്ലിംലീഗിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും തിരഞ്ഞെടുപ്പ് ഫണ്ടിനെയും ഉൾപ്പെടെ പിന്തുണയ്ക്കുന്ന സംവിധാനമായി കെ എം സി സി നിലനിൽക്കുന്നു.

തെരഞ്ഞെടുപ്പു പങ്കാളിത്തത്തിന്റെയും വോട്ട് ചെയ്യുന്നതിന്റെയും കാര്യത്തിൽ മാത്രമല്ല പ്രവാസി മലയാളികൾ നിർണായകമാകുന്നത്. തെരഞ്ഞെടുപ്പുകളിൽ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ വലിയൊരു സ്രോതസ്സായി പ്രവാസി മലയാളികൾ എല്ലാ കാലത്തും നിലനിന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പു പങ്കാളിത്തത്തിന്റെയും വോട്ട് ചെയ്യുന്നതിന്റെയും കാര്യത്തിൽ മാത്രമല്ല പ്രവാസി മലയാളികൾ നിർണായകമാകുന്നത്. തെരഞ്ഞെടുപ്പുകളിൽ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ വലിയൊരു സ്രോതസ്സായി പ്രവാസി മലയാളികൾ എല്ലാ കാലത്തും നിലനിന്നിട്ടുണ്ട്.

കോൺഗ്രസ് പിന്തുണയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ആർട്ട് സൊസൈറ്റി (ഇൻകാസ്, INCAS), ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC), ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ (PMF)  തുടങ്ങിയവയെല്ലാം പ്രവാസി മലയാളികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സംഘടനകളാണ്. ഇത്തരം സംഘടനകളെല്ലാം തങ്ങളുടെ മാതൃരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങളിലും പ്രവാസി മലയാളികൾ കൃത്യമായി ഇടപെടുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയും പ്രചരണം ശക്തമാക്കുന്ന പുതിയ കാലഘട്ടത്തിൽ ഇത്തരം സംഘടനകൾ ഓൺലൈൻ വഴിയുള്ള പ്രചരണ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. 

പശ്ചിമേഷ്യന്‍ സംഘര്‍ഷം:
ആശങ്കകളുടെ പ്രവാസലോകം

ഇറാനെതിരായ ഇസ്രായേൽ- യു.എസ് യുദ്ധം ഏറ്റവും ബാധിച്ചത് ഗൾഫ് രാജ്യങ്ങളെയാണ്. സംഘർഷമേഖലയിലെ എല്ലാ രാജ്യങ്ങളിലും യുദ്ധത്തിന്റെ പ്രതിഫലനമുണ്ടായി. മധ്യപൂർവ പ്രദേശത്താകമാനം സംഘർഷമുണ്ടായി. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ ബേസുകളെ ലക്ഷ്യമാക്കി ഇറാൻ തുടര്‍ച്ചയായി ആക്രമണം നടത്തി. അമേരിക്കൻ സംവിധാനങ്ങളെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളിലെ അനുദിന ജീവിതത്തെ സ്ഥായിയായി ബാധിച്ചു. പശ്ചിമേഷ്യന്‍ വ്യോമഗതാഗതം ഏതാണ്ട് പൂർണമായും സ്തംഭിച്ചു.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ മാത്രം ഏതാണ്ട് 35,793 പ്രവാസി വോട്ടർമാർ വോട്ട് ചെയ്തു എന്നാണ് കണക്ക്. ഇതിലെ വലിയ വിഭാഗം വടകര നിയോജകമണ്ഡലത്തിലുള്ളവരാണ്. വടകരയിൽ യു ഡി എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതിൽ ഈ പ്രവാസി വോട്ടർമാർ വഹിച്ച പങ്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ മാത്രം ഏതാണ്ട് 35,793 പ്രവാസി വോട്ടർമാർ വോട്ട് ചെയ്തു എന്നാണ് കണക്ക്. ഇതിലെ വലിയ വിഭാഗം വടകര നിയോജകമണ്ഡലത്തിലുള്ളവരാണ്. വടകരയിൽ യു ഡി എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതിൽ ഈ പ്രവാസി വോട്ടർമാർ വഹിച്ച പങ്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.

യുദ്ധത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 52,000- ഓളം വിമാനങ്ങൾ റദ്ദ് ചെയ്തു. ഇത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ പകുതിയോളം വരും. വിവിധ അറബ് രാജ്യങ്ങളിൽ നിന്നായി ഒരൊറ്റ ദിവസം ഏതാണ്ട് 24,000- ഓളം വിമാനങ്ങളാണ് റദ്ദ് ചെയ്തത്. 2026 മാർച്ച് ഒന്നു മുതൽ അഞ്ചു വരെ ദുബായിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ക്യാൻസൽ ചെയ്തു. എല്ലാ അറബ് രാജ്യങ്ങളിലും മലയാളി സമൂഹം വലിയ പ്രതിസന്ധിയിലും ആശങ്കയിലുമാണ്. ജോലിയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പല വെല്ലുവിളികളും മലയാളികൾ ഉൾപ്പെടുന്ന മനുഷ്യർ ഗൾഫ് രാജ്യങ്ങളിൽ നേരിട്ടുകൊണ്ടിരിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയൊരു ആശങ്കയും ഇതിന്റെ ഭാഗമായി ഉടലെടുത്തിട്ടുണ്ട്. വ്യോമഗതാഗത നിയന്ത്രണം ഗൾഫ് മലയാളികൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള സാധ്യതകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പതിനായിരത്തോളം പ്രവാസി വോട്ടർമാർ കേരളത്തിലെത്തിയതായി കെ എം സി സിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ഇത്തരത്തിൽ പ്രവാസി വോട്ടർമാരുടെ ഒഴുക്കുണ്ടായിട്ടുണ്ട്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ മാത്രം ഏതാണ്ട് 35,793 പ്രവാസി വോട്ടർമാർ വോട്ട് ചെയ്തു എന്നാണ് കണക്ക്. ഇതിലെ വലിയ വിഭാഗം വടകര നിയോജകമണ്ഡലത്തിലുള്ളവരാണ്. വടകരയിൽ യു ഡി എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതിൽ ഈ പ്രവാസി വോട്ടർമാർ വഹിച്ച പങ്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയൊരു ഭാഗം പ്രവാസി വോട്ടർമാർക്കും പങ്കെടുക്കാൻ അവസരം ലഭിക്കില്ല എന്ന ഭീതി രാഷ്ട്രീയ- സാംസ്കാരിക സംഘടനകൾ പങ്കുവയ്ക്കുന്നുണ്ട്. വ്യോമഗതാഗത നിയന്ത്രണങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടും, വർദ്ധിച്ച വിമാനനിരക്കുകളും കേരളത്തിലേക്ക് വരുന്നവരുടെ എണ്ണത്തെ വലിയ രീതിയിൽ സ്വാധീനിക്കാനിടയുണ്ട്. മലബാറിലെ പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് വിജയികൾ തീരുമാനിക്കപ്പെടുന്നത് എന്നിരിക്കെ നഷ്ടമാകുന്ന പ്രവാസിവോട്ടുകൾ തീർച്ചയായും നിർണായകമാകും.

ഈ ആശങ്ക തന്നെയാണ് കെ എം സി സിയും പി എം എഫും ഉൾപ്പെടെയുള്ള സംഘടനകളും പ്രകടിപ്പിക്കുന്നത്. മുസ്ലിംലീഗിനെ സംബന്ധിച്ച് നഷ്ടപ്പെടുന്ന പ്രവാസി വോട്ടുകളിൽ വലിയൊരു ശതമാനവും അവരുടെ വോട്ടുകൾ തന്നെയാണ്. മുസ്ലിം ലീഗിന് കൃത്യമായ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് എന്നും ഓർക്കേണ്ടതുണ്ട്.

2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് നാട്ടിലെത്താൻ പ്രത്യേകം ചാർട്ടർ ചെയ്ത 'വോട്ട് ഫ്ലൈറ്റുകൾ' തന്നെ ലീഗിന്റെതായി ഉണ്ടായിരുന്നു. ഇത്തരമൊരു സാധ്യതയെ പശ്ചിമേഷ്യയിലെ സംഘർഷം തടസ്സപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തണമെന്ന് ആഗ്രഹിച്ചിരുന്ന പല മലയാളികൾക്കും തീരുമാനം പുനഃപരിശോധിക്കേണ്ട സ്ഥിതിയാണ്.

വോട്ടെടുപ്പിൽനിന്ന് പ്രവാസികൾ മാറ്റിനിർത്തപ്പെടുന്നതിലൂടെ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തെ സ്വാധീനിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രാതിനിധ്യം തന്നെയാണ് ഇല്ലാതാക്കപ്പെടുന്നത്.

 മലബാറിലെ പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് വിജയികൾ തീരുമാനിക്കപ്പെടുന്നത് എന്നിരിക്കെ നഷ്ടമാകുന്ന പ്രവാസിവോട്ടുകൾ തീർച്ചയായും നിർണായകമാകും.
മലബാറിലെ പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് വിജയികൾ തീരുമാനിക്കപ്പെടുന്നത് എന്നിരിക്കെ നഷ്ടമാകുന്ന പ്രവാസിവോട്ടുകൾ തീർച്ചയായും നിർണായകമാകും.

ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി പല രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കാനിടയുണ്ട്. ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പിന്തുണ വലിയ രീതിയിൽ കുറഞ്ഞുപോകാനുള്ള ഒരു കാരണമായി ഒരുപക്ഷേ ഈ യുദ്ധവും അതിന്റെ ഭാഗമായ സാമ്പത്തിക ഞെരുക്കവും മാറിയേക്കാം. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും വോട്ടർമാർക്ക് തിരഞ്ഞെടുപ്പിൽ പങ്കാളികളാകാൻ അവസരം ലഭിക്കുമെന്നുമുള്ള പ്രതീക്ഷ വിവിധ പ്രവാസി സംഘടനകള്‍  പ്രകടിപ്പിക്കുന്നുണ്ട്.

മൂന്ന് മുന്നണികളും ഏറെ പ്രാധാന്യത്തോടെ കാണുന്ന ചരിത്രപരമായ തെരഞ്ഞെടുപ്പാണിത്. ഭരണത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന എൽ ഡി എഫും, തിരിച്ചുവരവിന് തീവ്രമായി ശ്രമിക്കുന്ന യു ഡി എഫും, ചില മണ്ഡലങ്ങളില്‍ ത്രികോണ മത്സരം കാഴ്ചവയ്ക്കുന്ന എൻ ഡി എയും ഈ തെരഞ്ഞെടുപ്പിനെ നിർണായകമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ മേഖലകളിലും നിന്ന് പ്രവാസി വോട്ടർമാരെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും രാഷ്ട്രീയപാർട്ടികളും തങ്ങളാലാവും വിധം ഇടപെടലുകൾ നടത്തുന്നു. തങ്ങളുടെ സ്വാധീന മേഖലകളിൽ ഉറപ്പായ വോട്ടുകൾ ഒരു കാരണവശാലും നഷ്ടപ്പെടരുത് എന്ന ബോധ്യം എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുണ്ട്.

പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ഇടപെടലുകളെ കുറിച്ചുള്ള ചർച്ചകൾ ഏറെ വ്യാപകമാണ്. സാംസ്കാരിക- സാമൂഹ്യ- സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സമൂഹം അതേ തീവ്രതയോടെ രാഷ്ട്രീയ ഇടപെടലുകളെയും നോക്കിക്കാണുന്നു എന്നത് ശ്രദ്ധേയമാണ്. ചരിത്രപരമായി തന്നെ രാഷ്ട്രീയചലനങ്ങളെയും പ്രത്യയശാസ്ത്ര വ്യതിയാനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇഴകീറി പരിശോധിക്കുകയും ചെയ്യുന്ന ഒരു പ്രവാസി സമൂഹം എല്ലാ കാലത്തും കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയിലെ ഒരു മുതൽക്കൂട്ടാണ്. പ്രവാസികളുടെ വോട്ടവകാശം ഉറപ്പുവരുത്തേണ്ടത് കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ നിര്‍ണായകമാണ്. അത്തരമൊരു ഇടപെടലിന് സാധ്യമായ സാഹചര്യമൊരുക്കേണ്ടത് ഈ സാഹചര്യത്തിൽ കേരളീയ രാഷ്ട്രീയ സമൂഹത്തിന്റെ അടിയന്തര ഉത്തരവാദിത്വം കൂടിയായി മാറിയിരിക്കുന്നു.

റഫറന്‍സുകള്‍

Kerala SIR update https://english.mathrubhumi.com/news/kerala/kerala-overseas-voters-eci-roll-2-23-lakh-new-list-final-wklldavu(Kerala SIR Update, 2026)

IndiaVotes. (2024). IndiaVotes PC: Vadakara 2024. IndiaVotes. https://www.indiavotes.com/lok-sabha-details/2024/kerala/vadakara/10648/28/www.indiavotes.com/lok-sabha-details/2024/kerala/vadakara/10648/28/18

Johny, A. K. (2026, March 25). 2.2 million in Gulf, war may dent Kerala voter turnout. The Economic Times. https://economictimes.indiatimes.com/news/elections/assembly-elections/kerala/2-2-million-in-gulf-war-may-dent-kerala-voter-turnout/articleshow/129786394.cms

Kerala SIR update: 2.23 lakh overseas voters in final electoral roll. (2026, February 21). @mathrubhumi. https://english.mathrubhumi.com/news/kerala/kerala-overseas-voters-eci-roll-2-23-lakh-new-list-final-wklldavu

Livekerala. (2025, May 23). A Glimpse into Kerala’s Trade Links with the Middle East. Live Kerala. https://livekerala.com/blog/a-glimpse-into-keralas-trade-links-with-the-middle-east/

M Babu, F. (2021). Early Arab trade with India: With special reference to Kerala. International Journal of History, 3(2), 01–04. https://doi.org/10.22271/27069109.2021.v3.i2a.91

Mathrubhumi. (2026, March 25). How 2.2 million Gulf migrants may dent Kerala Assembly Election 2026 turnout. @mathrubhumi. https://english.mathrubhumi.com/news/kerala/kerala-assembly-election-2026-gulf-migrants-impact-pcnoaqkh

Nair, P. (2026, March 27). West Asia tensions cast shadow on NRI turnout in Kerala polls. The New Indian Express. https://www.newindianexpress.com/elections/2026/Mar/27/west-asia-tensions-cast-shadow-on-nri-turnout-in-kerala-polls

ONmanorama. (2024). Lok Sabha Election 2024: Expat voters from the Gulf arrive in chartered flights to cast votes. Lok Sabha Election 2024: Expat Voters from the Gulf Arrive in Chartered Flights to Cast Votes. https://www.onmanorama.com/travel/travel-news/2024/04/22/lok-sabha-election-2024-expat-voters-gulf-chartered-flights-to-cast-votes.html

The Times of India. (2021, March 20). Kerala assembly polls 2021: Now, expats make a mark as candidates. The Times of India. https://timesofindia.indiatimes.com/city/kozhikode/now-expats-make-a-mark-as-candidates/articleshow/81594401.cms

Thirumalai, N. (2026). Kerala Elections: Which Party Stands To Lose The Most As US-Iran War Grounds “Vote Flights”? News18. https://www.news18.com/cities/kochi/kerala-elections-which-party-stands-to-lose-the-most-as-us-iran-war-grounds-vote-flights-ws-l-9995661.html


Summary: kerala assembly elections 2026 west asia war crisis creates doubts about overseas voter participation - farzeena ps writes


ഫര്‍സീന പി. എസ്.

തൃശൂർ ശ്രീകേരളവർമ കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ റിസർച്ച് സ്കോളർ.

Comments