ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിൻ്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?
കെ.കെ. രമ: തെരഞ്ഞെടുപ്പിലൂടെ അധികാരമേറുക എന്ന വ്യത്യസ്തമായ കമ്യൂണിസ്റ്റ് പരീക്ഷണമാണ് 1957- ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ ലോകത്തെങ്ങും അറിയപ്പെടാൻ ഇടയാക്കിയത്. പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയെ നയിച്ച ഇ എം എസ് നമ്പൂതിരിപ്പാടിന് സാർവദേശീയമായി ഇതു നൽകിയ പ്രാധാന്യം ചെറുതല്ല.
മതനിരപേക്ഷ അടിത്തറയിൽ രൂപമെടുത്ത ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ ജാതി മതശക്തികൾ സംഘടിപ്പിച്ച വിമോചന സമരത്തിന്റെ നട്ടെല്ലായത് തിരുവിതാംകൂറിലെ SNDP- NSS നേതൃത്വമായിരുന്നു. ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലുമായിരുന്നു അവരെ പ്രകോപിപ്പിച്ചത്. ജാതി- മത താൽപര്യങ്ങളെക്കാൾ സാമൂഹ്യ- സാമ്പത്തിക ഘടനകളിൽ കമ്യൂണിസ്റ്റ് സർക്കാർ വരുത്താൻ ശ്രമിച്ച പരിവർത്തനമാണ് യാഥാസ്ഥിതിക ശക്തികളെ പ്രകോപിപ്പിച്ചത്. എന്നാൽ അക്കാലത്ത് കമ്യൂണിസ്റ്റ് നേതൃത്വം ഈ ഭീഷണിയെ ഭയന്നില്ല. അവർ ജാതിമത നേതൃത്വത്തെ തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പിൻബലത്തോടെ വെല്ലുവിളിച്ചു. ഇപ്പോഴത്തെ സി പി എം- സി പി ഐ നേതൃത്വങ്ങൾക്ക് ഇല്ലാതെ പോയതും ഇത്തരമൊരു രാഷ്ട്രീയ ഇച്ഛാശക്തിയാണ്.
ഇപ്പോൾ ജാതി- മത ശക്തികളുടെ പിന്തുണയോടെ മൂന്നാംവട്ടം ഭരണത്തിലേറാൻ നടത്തുന്ന ശ്രമങ്ങൾ യാഥാസ്ഥിതിക ശക്തികൾക്ക് ഊർജ്ജം പകരുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ തകർക്കുന്ന നീക്കമാണിതെന്നതിൽ സംശയമില്ല. ഇന്ത്യൻ ഫാഷിസത്തിന്റെ നായകത്വം വഹിക്കുന്ന ഹിന്ദുത്വ ശക്തികൾ നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നീ മൂല്യങ്ങൾക്കെതിരെ നേരിട്ട് ഭീഷണി ഉയർത്തുന്നുണ്ട്. ഡോ. ബി. ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യയിലെ പുരോഗമന ചിന്താഗതിക്കാർ ഒരുമിച്ചിരുന്ന് വിശദാംശങ്ങൾ ചർച്ച ചെയ്ത് തയ്യാറാക്കിയ ഭരണഘടന മാറ്റിയെഴുതാനും അതിന്റെ അടിത്തറയെ തന്നെ തകർക്കാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. ഇതിനായി മുസ്ലിങ്ങളെ അപരവക്കരിക്കുകയാണ്. ദുഃഖകരമായ കാര്യം, സംഘപരിവാറിന്റെ ആശയങ്ങൾ പങ്കുവെക്കുന്നതിന് യാതൊരു മടിയും ഇടതുപക്ഷമെന്നു വിളിക്കുന്ന സി പി എമ്മിനില്ല എന്നതാണ്. അവർ സംഘപരിവാറിന്റെ ബി ടീം ആവാനല്ല, വല്യേട്ടനാവാനാണ് ശ്രമിക്കുന്നത്. സംഘപരിവാറിന്റെ പ്രമുഖ വക്താവ് ശ്രീ എം സി പി എമ്മിന്റെ ഉറ്റ തോഴനായി മാറിയിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിൻ്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിൻ്റെയും ന്യൂനപക്ഷ വിരോധത്തിൻ്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?
വെള്ളാപ്പള്ളി നടേശനും അമൃതാനന്ദമയിയും ഒക്കെ സി പി എം നേതൃത്വങ്ങൾക്ക് പ്രിയങ്കരരായിത്തീരുന്നതിലൂടെ സംഭവിക്കുന്നത്, കേരളത്തിലെ മതേതര മണ്ഡലം തകർക്കപ്പെടുക എന്നതാണ്. നവോത്ഥാന അടിത്തറയിൽ രൂപപ്പെട്ട കേരളീയ ജീവിതം വർഗീയവാദികളുടെയും ജാതിക്കോമരങ്ങളുടെയും ആക്രമണം നേരിടുമ്പോൾ പ്രതിരോധിക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്ന ഇടതുപക്ഷം, ആ പേരിനുപോലും അർഹമല്ലാതായിത്തീർന്നിരിക്കുന്നു.
എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെച്ചേര്‍ത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയന്‍സിന് കേരളത്തില്‍ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?
NSS- ഉം SNDP-യും ഒന്നിച്ച് എൽ ഡി എഫിനെ പിന്തുണച്ചാൽ വീണ്ടും അധികാരത്തിലേറാമെന്ന സ്വപ്നത്തിന് യാഥാർത്ഥ്യത്തിന്റെ പിൻബലമില്ല. കേരളത്തിലെ വോട്ടർമാർ തങ്ങളുടെ ജീവിതാനുഭവങ്ങളുടെ പിൻബലത്തിലാണ് ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. നിത്യ ജീവിതപ്രശ്നങ്ങളാണ്, രാഷ്ട്രീയബോധ്യമാണ്, അവരുടെ തീരുമാനത്തെ സ്വാധീനിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ വി.എം. സുധീരനെ തോൽപ്പിക്കണമെന്ന് ആലപ്പുഴയിൽ പരസ്യമായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ സുധീരൻ ജയിച്ച അനുഭവമുണ്ട്. നായർ സമുദായത്തിന് ഏറ്റവും അധികം വോട്ടുള്ള വട്ടിയൂർക്കാവിൽ എൻ എസ് എസ് നായർ സമുദായത്തിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിട്ടും പരാജയപ്പെട്ട അനുഭവമുണ്ട്. വോട്ടർമാരുടെ രാഷ്ട്രീയ ബോധ്യം നിശ്ചയിക്കുന്നത് ജാതി- മത പരിഗണനകൾക്ക് വലിയ സ്ഥാനമൊന്നുമില്ല.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സര്‍ക്കാര്‍) സംവിധാനമായാണ് തീരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉറപ്പിച്ചെടുക്കുന്നത്. എന്നാല്‍, ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതല്‍ ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങള്‍, യഥാര്‍ഥത്തില്‍ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?
ദേവസ്വം ബോർഡുകളെ രാഷ്ട്രീയ താൽപര്യത്തിനായി ദുരുപയോഗം ചെയ്തതിന്റെ മികച്ച ദൃഷ്ടാന്തമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി അത് ഉദ്ഘാടനം ചെയ്തത് മതേതര മൂല്യങ്ങളുടെ ലംഘനമാണ്. ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തിയത് പോലെയുള്ള കൃത്യമാണിത്. കേരളത്തിലെ മതേതര പാരമ്പര്യത്തെ നിരാകരിച്ച നടപടിയാണിത്.
കേരളത്തില്‍ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോള്‍ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോള്‍ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമര്‍ശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാല്‍, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികള്‍, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ അതിശക്തമായ വലതുപക്ഷവല്‍ക്കരണം അരങ്ങേറുമ്പോള്‍ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?
കേരളത്തിലെ ‘ഇടതുപക്ഷ’ സാംസ്കാരിക നായകരുടെ വിധേയത്വം ആരെയും അമ്പരപ്പിക്കുന്നതാണ്. വളരെ കുറച്ചു പേർ മാത്രമേ സർക്കാറിന്റെ മേൽനോട്ടത്തിൽ അരങ്ങേറുന്ന വലതുപക്ഷവൽക്കരണത്തെ എതിർക്കാൻ ധൈര്യം കാണിക്കുന്നുള്ളൂ. ഇടതുപക്ഷ സാംസ്കാരിക നായകന്മാർ എന്നറിയപ്പെടുന്ന ‘വിധേയരെ’ കേരളീയർ പരിഹാസത്തോടെ കാണുന്ന സ്ഥിതിയാണ് രൂപപ്പെടുന്നത്.
