എം. ശ്രീനാഥൻ

‘മാർഗമേതായാലും…’,
അധികാരത്തിലേക്കുള്ള
ഗീതാമാർഗം

‘‘ഫ്യൂഡൽ വിരുദ്ധതയും സെക്യുലറിസവുമൊക്കെ വ്യവഹാരത്തിനുള്ള പ്രമേയങ്ങളാണെന്നല്ലാതെ തികച്ചും ഫ്യൂഡൽ മനോഭാവം നിലനിർത്തുന്നതിലും ജാതി-മത വർഗീയത പ്രോത്സാഹിപ്പിക്കുന്നതിലും കേരളത്തിൽ ബി ജെ പി യെക്കാൾ മുന്നിലുള്ളത് ഇടതുപക്ഷമാണെന്നതാണ് സാമൂഹിക യാഥാർഥ്യം. കേരളത്തിൽ രൂപംകൊണ്ടിരിക്കുന്ന സെക്കുലർ മനോഭാവത്തെ തകർത്തെറിയാൻ ഇടതുപക്ഷത്തിന്റെ നവസമീപനങ്ങൾക്കു കഴിയില്ല. കാരണം ഈ മനോഭാവം പാർട്ടിയുടെ സംഭാവനയേ അല്ല’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് എം. ശ്രീനാഥൻ മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിൻ്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

എം. ശ്രീനാഥൻ: ഈ ചോദ്യത്തിൽ മൂന്ന് ആശയങ്ങൾ ഇഴകോർത്തു കാണുന്നു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പിറവിയും സെക്യുലർ പ്രവർത്തനാടിത്തറയും, ആദ്യ മന്ത്രിസഭയെ പുറത്താക്കിയ വിമോചനസമരം, അധികാരത്തുടർച്ചയ്ക്കായി വിമോചനസമര ശക്തികളോടുള്ള ഇടതുപക്ഷ ഒത്തുതീർപ്പ് എന്നിവയാണവ.

ഈ മൂന്നു ആശയങ്ങളെ കുട്ടിയിണക്കിയാണ് വിമോചനസമരശക്തികളോടുള്ള ഇടതുപക്ഷ ഒത്തുതീർപ്പിനെ കുറിച്ചുള്ള വീക്ഷണമെന്തെന്ന ചോദ്യമുണ്ടാകുന്നത്. കേരള ചരിത്രത്തിൽ ഇടം കണ്ട പ്രധാന സംഭവങ്ങളാണ് ആദ്യത്തെ രണ്ടെണ്ണം. മൂന്നാമത്തേത്, കാലഗണനയിൽ ഭുതമല്ല വർത്തമാനമാണ്.

ഭൂതകാല സംഭവങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് ഭാവിപ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യണമെന്ന വികസന തന്ത്രമായി ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാടിനെ ന്യായീകരിക്കാനാവർക്കാവും. അത്ര ലാഘവത്തോടെ ചരിത്രസംഭവങ്ങളെ വിസ്മരിച്ച്, അധികാരവഴി നിർണയിക്കുന്നതിൽ ഇടതുപക്ഷ അപചയത്തിന്റെ അടരുകളുണ്ടെന്നു മനസിലാക്കുന്നവർക്കിടയിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.

ആദ്യ കമ്യൂണിസ്റ്റ് ഭരണം സെക്യുലർ നയങ്ങൾ  പിന്തുടർന്നപ്പോൾ വിമോചന സമരമുണ്ടായി. ആ ശക്തികളെ കൂട്ടുമ്പോൾ ഇനിയൊരു കമ്യൂണിസ്റ്റ്  വിരുദ്ധതയ്ക്ക് സാധ്യതയില്ല എന്ന വിശ്വാസം ഈ ചങ്ങാത്തത്തിന് ആധാരമാകുന്നു.
ആദ്യ കമ്യൂണിസ്റ്റ് ഭരണം സെക്യുലർ നയങ്ങൾ പിന്തുടർന്നപ്പോൾ വിമോചന സമരമുണ്ടായി. ആ ശക്തികളെ കൂട്ടുമ്പോൾ ഇനിയൊരു കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് സാധ്യതയില്ല എന്ന വിശ്വാസം ഈ ചങ്ങാത്തത്തിന് ആധാരമാകുന്നു.

വിമോചനസമരശക്തികളോട് നീക്കുപോക്കുണ്ടാക്കുന്നത് ഇടതുപക്ഷത്തിന്റെ അടവുതന്ത്രമായി കാണുന്നവർക്കിടയിൽ ഇത്തരമൊരു ചിന്ത തന്നെ അപ്രസക്തമാണ്. കാരണം, മുൻകാല പ്രവർത്തനങ്ങളിലെ പിശകുകൾ ഉൾക്കൊണ്ട് നവകേരള സൃഷ്ടിക്കായി വികസനത്തിലൂന്നി അധികാരവഴി കണ്ടെത്തേണ്ടത് വർത്തമാന ആവശ്യമായി മനസിലാക്കുന്നതോടെ ഇടതുപക്ഷത്തിന്റെ വികസന ശാസ്ത്രീയത പുതിയ സാമൂഹികവിചാരത്തിന് വഴിതുറക്കുന്നു. ഇടതുപക്ഷ ഭരണകക്ഷിയുടെ അഭയമുദ്രയാണത്. പ്രതിപക്ഷബോധമല്ല, ഭരണബോധമാണ് ഇടതുപക്ഷസജീവത എന്ന് പുനർനിർവചിക്കുന്നതിലൂടെ, ഭരണമെന്ന ലക്ഷ്യത്തിനായി മാർഗമേതായാലും അത് സ്വീകരിച്ചു മുന്നോട്ടുപോവുക അല്ലാതെ ചരിത്രത്തിന്റെ ഭൂതത്താളുകൾ തിരയുകയല്ല അഭികാമ്യം. ഇതൊരു ചരിത്രനിഷേധമാണ് എന്ന് തോന്നുന്നവർ ചമയ്ക്കുന്ന വ്യവഹാര അപരാധങ്ങളോട് വിട പറയുകതന്നെവേണം. അധികാരം നിലനിർത്തുക എന്നത് ലക്ഷ്യമാകുമ്പോൾ മാർഗമേതായാലും ശരിയാണെന്ന് ഭഗവത്ഗീത പോലും സാക്ഷ്യപ്പെടുത്തുന്നു.

ആദ്യ കമ്യൂണിസ്റ്റ് ഭരണം സെക്യുലർ നയങ്ങൾ പിന്തുടർന്നപ്പോൾ വിമോചന സമരമുണ്ടായി. ആ ശക്തികളെ കൂട്ടുമ്പോൾ ഇനിയൊരു കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് സാധ്യതയില്ല എന്ന വിശ്വാസം ഈ ചങ്ങാത്തത്തിന് ആധാരമാകുന്നു. അന്നത്തെ സെക്യുലർ നയങ്ങളല്ല നവകേരളത്തിന് വേണ്ടത്, പകരം സമുദായവ്യവസായികളുമായുള്ള ചങ്ങാത്തനയമാണ്. ഇതൊരു തിരിച്ചറിവാണ്. നിലവിലുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുവേണം മുന്നോട്ടുപോവേണ്ടത് മറിച്ചായാൽ അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം കാട്ടിത്തന്ന അവസ്ഥയാകും. ഇത്രയൊക്കെ പുരോഗമനാത്മക ചിന്ത ഈ കൂട്ടുകെട്ടിനുള്ളിലുണ്ട്. മുൻകാല പിശകുകൾ മനസിലാക്കി അവ പരിഷ്കരിച്ചു മുന്നോട്ടുപോകുന്നതല്ലേ വികസനം. പഴമയെ ആശ്ലേഷിച്ഛ് പുതുമയ്ക്കുനേരെ കണ്ണടയ്ക്കുകയല്ല പഴമയെ വർജിച്ച് പുതുമയെ പുണരുകയാണ് വേണ്ടതെന്ന ആപ്തവാക്യം ഓർക്കുന്നത് നന്ന്.

ഇടതുപക്ഷത്തെക്കുറിച്ച് പുരാവസ്തു സമീപനം വെച്ചുപുലർത്തുന്നവർക്ക് ഈ നവസമീപനത്തോട് വിയോജിപ്പുണ്ടാകാം. തികച്ചും ചരിത്രത്തിന്റെ വർത്തമാനസാധ്യതകൾ മനസിലാക്കാനാവർക്കായില്ലെന്നുവരാം. അത് അവരുടെ ഫ്യൂഡൽ മനോഭാവമാണ്. മാറ്റത്തെ ഉൾക്കൊള്ളായ്ക ഒരു സാമൂഹ്യരോഗമാണ്. ഇങ്ങനെ എത്രയോ ന്യായീകരണങ്ങളുടെ സാധ്യതയാണ് ന്യായീകരണത്തൊഴിലാളികൾക്കിടയിൽ തുറന്നുകിടക്കുന്നത്.

കേരളത്തിന്റെ സവിശേഷ സാഹചര്യം മനസിലാക്കി ബി.ജെ.പി ക്രിസ്ത്യൻ ന്യൂനപക്ഷത്തെ കൂടെ കുട്ടൻ ശ്രമിക്കുന്നു. അവരുടെ  കുറെ വോട്ട് ബി.ജെ.പിക്കു കിട്ടിയാൽ ഇടതുപക്ഷത്തിന്  അധികാരത്തിൽ വരാൻ സൗകര്യമാകും.
കേരളത്തിന്റെ സവിശേഷ സാഹചര്യം മനസിലാക്കി ബി.ജെ.പി ക്രിസ്ത്യൻ ന്യൂനപക്ഷത്തെ കൂടെ കുട്ടൻ ശ്രമിക്കുന്നു. അവരുടെ കുറെ വോട്ട് ബി.ജെ.പിക്കു കിട്ടിയാൽ ഇടതുപക്ഷത്തിന് അധികാരത്തിൽ വരാൻ സൗകര്യമാകും.

അതെങ്ങനെ തന്നെ പറഞ്ഞുറപ്പിച്ചാലും ചില ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു. പഴയകാല സമീപനങ്ങൾ തെറ്റായിരുന്നുവെന്നാണോ ഇതിലൂടെ വെളിപ്പെടുത്തുന്നത്. അങ്ങനെയാണെങ്കിൽ ഇതൊരു തെറ്റുതിരുത്തലാണോ എന്ന് ചോദിച്ചാൽ ആ ചോദ്യം കേട്ടില്ലെന്നു നടിക്കും. ഭരണവും പാർട്ടിയും രണ്ടാണ്. പാർലമെന്ററി വ്യാമോഹവും മുൻകാലചരിത്രവും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല. പൂർവകാല നിഷേധമല്ല, മറിച്ച്, വർത്തമാനകാല പ്രയോഗികതയാണ് ഈ നവസമീപനത്തെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് സമീപകാല ഒത്തുതീർപ്പുകൾ അധികാരത്തിന് വഴിയൊരുക്കുന്നതോടെ മുൻകാല വിരുദ്ധത മായ്ക്കപ്പെടും.

ഇടതുപക്ഷം ഈ ഒരു നിലപാടുറപ്പിക്കുമ്പോൾ കേരളത്തിൽ അവർ പ്രതിനിധീകരിച്ചിരുന്നുവെന്നു പണ്ടുള്ളവർ വിശ്വസിച്ച അഥവാ വിശ്വസിപ്പിച്ച മുല്യങ്ങളിൽനിന്നും ഇടതുപക്ഷം കാലത്തിനൊത്തുവളർന്നുവെന്നു സമാധാനിക്കണം . ഇത് ഡിജിറ്റൽ യുഗമാണ്. മായ്ക്കപ്പെടുന്നതിന്റെ വർത്തമാനകാലമാണ്. പ്രിന്റ് യുഗത്തിന്റെ കാലത്തുണ്ടായ മനോഭാവങ്ങൾ പഴങ്കഥയാണ്. സ്ഥിരതയുടെ മേൽ അസ്ഥിരത ആധിപത്യം നേടിയതോടെ മാറ്റം അനിവാര്യമാണ്. സ്ഥിരതയിൽനിന്നും അസ്ഥിരതയിലേക്കുള്ള ഇടതുപക്ഷ പ്രത്യയശാസ്ത്ര പ്രയോഗത്തിൽ പഴങ്കഥകൾ പേറിനടക്കുന്നവരുടെ ചോദ്യങ്ങളും പുരാവസ്തുക്കളാണ്. പാർലമെന്ററി ഘടനയിലേക്കു വഴിമാറിയതോടെ അധികാരം നിലനിറുത്താൻ എന്തുവഴിയും സ്വീകരിക്കാം എന്ന് പണ്ടേ അടവ് നയനിർമിതിയിലുടെ തെളിയിച്ചതാണ്. നവോത്ഥാനത്തുടർച്ചയായി കേരളത്തിൽ ഇടതുപക്ഷ സാന്നിധ്യം കൊണ്ട് ഒരുകാലത്തു ശക്തിപ്രാപിച്ച സെക്കുലർ ബോധത്തിന് അപചയം വന്നത് ഇന്നത്തെ ഈ കൂട്ടുകെട്ടുകൊണ്ടല്ല .നവോത്ഥാനത്തിന്റെ ബാക്കിപത്രമായ സമുദായവ്യവസായം നിലനിറുത്തിപ്പോന്ന ജാതിമത പ്രവർത്തനങ്ങൾകൊണ്ടാണ്. നവോത്ഥാനം ജാതിയെയും മതത്തെയും സാമുദായികമായി ഉറപ്പിച്ചതിന്റെ തുടർച്ചയാണ് വിമോചനസമരത്തിന്റെ പിറവി. നവോത്ഥാനമായി ശക്തിപ്രാപിച്ചിരുന്ന ജാതി-മത വ്യവസായം എല്ലാക്കാലത്തും നമുക്കൊപ്പം തന്നെ ഉണ്ടായിരുന്നു. അവയുടെ പെരുമാറ്റത്തിലും താല്പര്യങ്ങളിലും മുൻഗണനകൾ കാണാമെന്നേയുള്ളൂ. ഒരുകാലത്തു സമുദായഐക്യവും പരിഷ്കരണവുമായിരുന്നെനെങ്കിൽ പിന്നെ അത് അവകാശസംരക്ഷണത്തെ ഏറ്റെടുത്തു . തുടർന്നിങ്ങോട്ട് അധികാരത്തിന്റെ ഇടനാഴിയിൽ ബ്രോക്കർമാരായി ശക്തിപ്രാപിച്ചു. സമദൂരം പാലിച്ചും അല്ലാതെയും ഭരണഇടനാഴികളിൽ ഇവർ സാന്നിധ്യമായിരുന്നു. അദൃശ്യമായിരുന്ന ബാന്ധവം ഇപ്പോൾ ദൃശ്യമായി എന്നതിനപ്പുറം ഇതൊരു പുതിയ പ്രതിഭാസമല്ല. പാർട്ടിക്ക് ഇക്കൂട്ടരുമായി ചങ്ങാത്തമില്ല എന്ന നിലപാടും ഭരണത്തിനിവരെ കൂട്ടുന്നതിൽ തെറ്റില്ലെന്ന നിലപാടും എല്ലാ കാലത്തും ഉണ്ടായിരുന്നു. അതുകൊണ്ട് സമുദായ ബാന്ധവ രഹസ്യം പുറത്തായതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. പാർട്ടിയുടെ ദീർഘകാല വ്യവഹാരം അപനിർമിക്കപ്പെടുന്നുവെന്നല്ലാതെ സമുദായവ്യവസായവും ഭരണവും തമ്മിലുള്ള ബന്ധത്തിന് വലിയമാറ്റമൊന്നുമുണ്ടാകില്ല. ഈ ബാന്ധവം ആപൽക്കരമാകുന്നത്, അതിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടുവെന്നതുകൊണ്ട് പ്രത്യയശാസ്ത്രവും പ്രയോഗവും തമ്മിലുള്ള വിടവിന് ന്യായീകരണം ഉണ്ടാക്കണമെന്ന വ്യവഹാരദൗത്യം പുതിയ ചുമതലയായി എന്നേയുള്ളൂ.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിൻ്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിൻ്റെയും ന്യൂനപക്ഷ വിരോധത്തിൻ്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി​ എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ഇടതുപക്ഷ ഭരണത്തിന്റെ പ്രവർത്തനങ്ങൾ വർഗീയ ധ്രുവീകരണത്തിന് കരണമാകുന്നുവെന്നത് നിഷേധിക്കാനാവില്ല. ഇതിന്റെ കാരണങ്ങൾ ചെറുതല്ല. ലക്‌ഷ്യം ഭരണത്തുടർച്ചയാകുമ്പോൾ വോട്ടുറപ്പിക്കൽ പ്രധാന അജണ്ടയായി മാറുന്നു. കേരളത്തിലെ വോട്ടിന്റെ പരമ്പരാഗത ചിത്രം പരിശോധിച്ചാൽ, ന്യൂനപക്ഷം യു.ഡി.എഫ് മുന്നണിക്ക് അനുകൂലമാണെന്ന് വ്യക്തമാണ്. ഇടതുപക്ഷത്തിന് ഭുരിപക്ഷ സമുദായങ്ങളുടെ വോട്ടാണ് അധികവും ലഭിക്കുന്നത്. അതും ഭുരിപക്ഷ സമുദായമായ ഈഴവരുടെയും ദലിതരുടെയും. തൊഴിലാളിവർഗം എന്നൊക്കെയുള്ളത് മുദ്രാവാക്യമായി നിന്നാലും വോട്ടിന്റെ വഴി സാമുദായികമാണ്. എല്ലാവിഭാഗങ്ങളിലും പാർട്ടിവിശ്വാസികൾ ഒഴിച്ചാൽ കിട്ടുന്നതെല്ലാം സാമുദായികമായി കാണേണ്ടിവരും. മുസ്ലിം സമുദായത്തെ കൂടെ നിറുത്തുന്നത് ഭരണത്തുടർച്ചയെ സഹായിക്കുമെന്നുള്ളതുകൊണ്ട് ചിലതന്ത്രങ്ങൾ പയറ്റാതിരുന്നില്ല. അതുറപ്പിക്കാനാവില്ലെന്നു വന്നതോടെ അടവുമാറ്റി.

വർഗീയവാദികൾക്കൊപ്പമല്ല വിശ്വാസികൾക്കൊപ്പമാണ് സി പി എം എന്ന് അവകാശപ്പെടുമ്പോൾ, വിശ്വാസികൾ ആര് എന്നത് പ്രശ്നമായി മാറുന്നു.
വർഗീയവാദികൾക്കൊപ്പമല്ല വിശ്വാസികൾക്കൊപ്പമാണ് സി പി എം എന്ന് അവകാശപ്പെടുമ്പോൾ, വിശ്വാസികൾ ആര് എന്നത് പ്രശ്നമായി മാറുന്നു.

കേരളത്തിന്റെ സവിശേഷ സാഹചര്യം മനസിലാക്കി ബി.ജെ.പി ക്രിസ്ത്യൻ ന്യൂനപക്ഷത്തെ കൂടെ കുട്ടൻ ശ്രമിക്കുന്നു. അവരുടെ കുറെ വോട്ട് ബി.ജെ.പിക്കു കിട്ടിയാൽ ഇടതുപക്ഷത്തിന് അധികാരത്തിൽ വരാൻ സൗകര്യമാകും. മുമ്പ് യുഡിഎഫിന് ലഭിച്ചിരുന്ന നായർ സമുദായ വോട്ട് കുറെ തങ്ങൾക്കു ലഭിക്കാനുള്ള സാധ്യത വന്നാൽ ഭരണത്തുടർച്ച ഉറപ്പിക്കാമെന്ന വിശ്വാസമാണ് സാമുദായിക ബാന്ധവം പരസ്യമാക്കാൻ കാരണം. ഈ പരസ്യമാക്കലിന്റെ പിന്നിൽ ഭുരിപക്ഷ സമുദായങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണ് എന്ന് ബി ജെ പിയെ അറിയിക്കലും കൂടി ലക്ഷ്യംവയ്ക്കുന്നുണ്ട്. ഇത്തരം സാഹചര്യം കേരളം ആർജിച്ചുവെന്നു അഹങ്കരിക്കുന്ന സെക്യുലർ മനസിനെ പ്രതിസ ന്ധിയിലേക്കു നയിക്കില്ലേ എന്ന് സംശയിക്കാവുന്നതാണ്.

യഥാർത്ഥത്തിൽ ജാതിയും മതവും എക്കാലത്തും ഉണ്ടായിരുന്നു. അവയ്ക്ക് സംഘടനാസ്വഭാവവും വോട്ടുശേഷിയും ഉണ്ടെങ്കിലും ഇടകലർന്ന ആവാസം സാമൂഹികമായി സഹജീവനസഹിഷ്ണുത സൃഷ്ടിച്ചു. ഈ ആർജിത സാമൂഹികശേഷിയെയാണ് ഇടതുപക്ഷം സെക്യുലർ എന്ന് പറഞ്ഞു വിറ്റഴിച്ചത്. ഇത് ഇടതുപക്ഷം സൃഷ്ടിച്ച സാമൂഹിക കാലാവസ്ഥയിൽ ജനമെടുത്തതല്ല. ഇടതുപക്ഷപ്രവർത്തനങ്ങൾ ആദ്യകാലത്ത് ഈ സാമൂഹികാവസ്ഥയെ അവരുടെ വേരോട്ടത്തിനു പ്രയോജനപ്പെടുത്തുകയാണുണ്ടായത്. പാർട്ടിയാണ് ഇത് സൃഷ്ടിച്ചതെന്നത് ഒരു അവകാശവാദമാണ്, യാഥാർഥ്യമല്ല. സഹജീവനം കൊണ്ട് ആർജിച്ച വരേണ്യരഹിതമായ ഒരു മനോഭാവമായിരുന്നു. അത് കാലം ചെല്ലുംതോറും സാമ്പത്തികമായ ഉന്നമനം ഓരോ വിഭാഗത്തെയും വരേണ്യതയിലേക്കു നയിച്ചതോടെ വർഗീയത പുതിയമാനം കൈകൊള്ളുകയാണുണ്ടായത്. ഇന്നത് കൂടുതൽ പ്രകടമായ വരേണ്യതയായി സമൂഹഘടനയിൽ വർഗീയ രാഷ്ട്രീയം പ്രകടമാക്കുന്നുവെന്നുമാത്രം.

വിശ്വാസവിരുദ്ധത തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്തു പാർട്ടി ഒരിക്കലും വിശ്വാസവിരുദ്ധത പ്രചരിപ്പിച്ചിട്ടില്ല. യുക്തിയാണ് കമ്യൂണിസം എന്ന് തെറ്റിദ്ധരിച്ച യുക്തിവാദികളെയൊക്കെ പാർട്ടി എന്നേ പുറത്താക്കി. വിശ്വാസികളെ മാത്രമേ പാർട്ടി ഉൾക്കൊള്ളുന്നുള്ളൂ.
വിശ്വാസവിരുദ്ധത തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്തു പാർട്ടി ഒരിക്കലും വിശ്വാസവിരുദ്ധത പ്രചരിപ്പിച്ചിട്ടില്ല. യുക്തിയാണ് കമ്യൂണിസം എന്ന് തെറ്റിദ്ധരിച്ച യുക്തിവാദികളെയൊക്കെ പാർട്ടി എന്നേ പുറത്താക്കി. വിശ്വാസികളെ മാത്രമേ പാർട്ടി ഉൾക്കൊള്ളുന്നുള്ളൂ.

ഇടതുപക്ഷം ഒരുകാലത്തും സെക്യുലറിസം സാധ്യമാക്കേണ്ടത് അവരുടെ പ്രധാന കർമമായി ഉൾക്കൊണ്ടിട്ടേയില്ല. ഫ്യൂഡൽ വിരുദ്ധതയും സെക്യുലറിസവുമൊക്കെ വ്യവഹാരത്തിനുള്ള പ്രമേയങ്ങളാണെന്നല്ലാതെ തികച്ചും ഫ്യൂഡൽ മനോഭാവം നിലനിർത്തുന്നതിലും ജാതി-മത വർഗീയത പ്രോത്സാഹിപ്പിക്കുന്നതിലും കേരളത്തിൽ ബി ജെ പിയെക്കാൾ മുന്നിലുള്ളത് ഇടതുപക്ഷമാണെന്നതാണ് സാമൂഹിക യാഥാർഥ്യം. കേരളത്തിൽ രൂപംകൊണ്ടിരിക്കുന്ന സെക്കുലർ മനോഭാവത്തെ തകർത്തെറിയാൻ ഇടതുപക്ഷത്തിന്റെ നവസമീപനങ്ങൾക്കു കഴിയില്ല. കാരണം ഈ മനോഭാവം പാർട്ടിയുടെ സംഭാവനയേ അല്ല.

'വര്‍ഗീയവാദികള്‍ക്ക് ഒപ്പമല്ല, വിശ്വാസികള്‍ക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാര്‍ട്ടി പറയുന്നത്. വര്‍ഗീയവാദത്തെയും വിശ്വാസത്തെയും വേര്‍തിരിക്കാന്‍ ഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിര്‍വചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

വർഗീയവാദികൾക്കൊപ്പമല്ല വിശ്വാസികൾക്കൊപ്പമാണ് സി പി എം എന്ന് അവകാശപ്പെടുമ്പോൾ, വിശ്വാസികൾ ആര് എന്നത് പ്രശ്നമായി മാറുന്നു. പാർട്ടി വിശ്വാസികൾ, ദൈവവിശ്വാസികൾ ജാതി-മത വിശ്വാസികൾ എന്നിങ്ങനെ വിശ്വാസികൾ ഏറെയാണ് കേരളത്തിലുള്ളത്. ഇടതുപക്ഷ വ്യവഹാരങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ, ജാതിവർഗീയതയെ യോ മതവർഗീയതയെയോ വിശ്വാസത്തെയോ സി പി എം ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല എന്നു കാണാം. അതൊരു ബി ജെ പി വിരുദ്ധമുദ്രാവാക്യമായി അവർ അവതരിപ്പിക്കുന്നുവെന്നേയുള്ളൂ. അതിൽ കഴമ്പില്ല എന്നതാണ് വാസ്തവം. സി പി എം ഒരു മതമാണ്. വിശ്വാസികളെ സൃഷ്ടിക്കുന്ന, അനുയായി വൃന്ദമുള്ള ഒരു മതം. കേരളത്തിൽ മതങ്ങളായിരുന്നവയെല്ലാം അവയുടെ പാരമ്പര്യഘടനകൾ പരിഷ്കരിച്ച് ഏകമുഖത്തിൽ നിന്നും ബഹുമുഖമായി മാറിയിട്ടുണ്ട്. സാമാന്യബോധത്തെ നിയന്ത്രിക്കുക എന്നതാണ് മതവ്യവഹാരങ്ങൾ നിർവഹിക്കുന്ന പ്രധാന ധർമം. എങ്കിൽപ്പോലും വൈവിധ്യവൽക്കരണത്തിലൂടെ മതത്തിന് പാഠഭേദങ്ങളുണ്ടാകുന്നു. നിഷേധത്തിന്റെ സർഗാത്മകതയിലൂടെ ബോധത്തെ രാഷ്ട്രീയവൽക്കരിക്കുകയും നിർണീത സാമാന്യബോധത്തെ മറികടക്കുകയും ചെയ്യുന്നതാണ് മാനവീകരണ പ്രക്രിയ. മാനവീകരണം എന്നത് തിരിച്ചറിവിന്റേതായ മനോഭാവമാണ്. കേരളത്തിലെ ഇടതുപക്ഷം മാനവീകരണത്തിനു വിധേയമായിട്ടുണ്ടോ? പ്രമുഖപാർട്ടി കൂടുതൽ ഫ്യൂഡലായ അധികാരഘടനയിലേക്ക് വളരുകയും അത് നിലനിർത്താനും ശ്രമിക്കുന്നു. എല്ലാക്കാലത്തേക്കുമായി മാറ്റം അനുവദിക്കാത്ത സ്ഥിരം വ്യവഹാരമാണ് മതമെന്ന് ഉദ്ഘോഷിക്കുമെങ്കിലും മതഗ്രന്ഥങ്ങളെല്ലാം ഭിന്നകാലങ്ങളിൽ ഭിന്നരൂപത്തിൽ വിവർത്തനങ്ങൾ സുലഭമാക്കിയിട്ടുള്ളതായികാണാം. ഇവയിലെല്ലാം വ്യത്യസ്തപാഠഭേദങ്ങൾ തെളിയുന്നുണ്ട്. എന്നാൽ കമ്യൂണിസ്റ്റ് ഗ്രന്ഥങ്ങൾക്ക് ബഹു വിവർത്തനം ഉണ്ടാകുന്നില്ല. എല്ലാം ശിലാലിഖിതമായി മാറ്റത്തിനു വിധേയമല്ലാത്തതാണെന്ന പഴയകാല മതാധിഷ്ടിതബോധം ഉൾകൊണ്ട് നിലനിൽക്കുന്നു. അപ്പോൾ കേരള സാഹചര്യത്തിൽ പ്രഖ്യാപിത മതങ്ങൾ വിമോചനത്തിന്റെ പാത കണ്ടെത്തുമ്പോൾ പാർട്ടി ഫ്യൂഡൽ വ്യവഹാരരൂപകമായി പരിവർത്തനപ്പെട്ടു വെന്നുപറയാം. ഇവിടെ വിശ്വാസികൾക്കൊപ്പമാണെന്നതിൽ സംശയമില്ല. വിശ്വാസികൾക്കൊപ്പം എന്ന പ്രസ്താവനയുടെ സാഹചര്യം മറ്റൊന്നാണ്. വിശ്വാസവിരുദ്ധത തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്തു പാർട്ടി ഒരിക്കലും വിശ്വാസവിരുദ്ധത പ്രചരിപ്പിച്ചിട്ടില്ല. യുക്തിയാണ് കമ്യൂണിസം എന്ന് തെറ്റിദ്ധരിച്ച യുക്തിവാദികളെയൊക്കെ പാർട്ടി എന്നേ പുറത്താക്കി. വിശ്വാസികളെ മാത്രമേ പാർട്ടി ഉൾക്കൊള്ളുന്നുള്ളൂ.

വർഗീയവാദികൾ എന്നതിലൂടെ ഏതെങ്കിലും ഒരു മതത്തിന്റേയോ ജാതിയുടെയോ വക്താക്കളെയാണ് ഉദ്ദേശിച്ചതെന്ന് പറയാനാവില്ല. എല്ലാ ജാതി മതസ്ഥരും പാർട്ടിവിശ്വാസികളാണ്. അവർ ജാതിമത വിശ്വാസികളുമാണ്. അവർക്കെല്ലാമൊപ്പമാണ് എന്നാണ് ഈ പ്രസ്താവനയെ മനസിലാക്കേണ്ടത്. സന്ദർഭവശാൽ അതിൽ ഹിന്ദു വിശ്വാസികൾ മാത്രമേയുള്ളൂവെന്നാണ് മനസിലാക്കിയത്. അത്രയും ചുരുക്കിക്കാണേണ്ടതില്ല. അവിശ്വാസികളായി കേരളത്തിൽ അവശേഷിക്കുന്ന യുക്തിവാദികളായ ചിലരുണ്ടാകാം. ഭൂരിപക്ഷവും വിശ്വാസികളായതുകൊണ്ട് പൊതുവായി കാണുന്നതിൽ തെറ്റില്ല. പ്രത്യേകിച്ചും വിശ്വാസങ്ങളെ പാർട്ടി അംഗീകരിക്കുന്ന സാഹചര്യത്തിൽ.

ബി ജെ പി കേരളത്തിൽ അധികാരം  പിടിച്ചെടുക്കാൻ താൽപര്യം കാണിക്കാത്തിടത്തോളം ഇടതുപക്ഷത്തിന് ഹിന്ദു വോട്ടിൽ കുറവ് വരില്ല.
ബി ജെ പി കേരളത്തിൽ അധികാരം പിടിച്ചെടുക്കാൻ താൽപര്യം കാണിക്കാത്തിടത്തോളം ഇടതുപക്ഷത്തിന് ഹിന്ദു വോട്ടിൽ കുറവ് വരില്ല.

എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെച്ചേര്‍ത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയന്‍സിന് കേരളത്തില്‍ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

ഹിന്ദുഭൂരിപക്ഷം ഒരു പുതിയ പ്രയോഗമായി കാണുമ്പോഴാണ് പ്രശ്നം. എല്ലാക്കാലത്തും ഹിന്ദുഭൂരിപക്ഷത്തിന്റെ വോട്ട് നിർണായകമായിരുന്നു, ഇടതുപക്ഷവിജയത്തിന്. സമുദായ വ്യവസായികളുടെ ബാന്ധവം പരസ്യമായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. നേരത്തെ ഈഴവർ എൽ ഡി എഫി നൊപ്പവും നായർ സമുദായം യു ഡി എഫ് അനുഭാവികളുമാണെന്ന വിശ്വാസം നിലനിന്നിരുന്നു. അതൊക്കെ മാറിയെന്നത് വാസ്തവമാണ്. ബി ജെ പി കേരളത്തിൽ അധികാരം പിടിച്ചെടുക്കാൻ താൽപര്യം കാണിക്കാത്തിടത്തോളം ഇടതുപക്ഷത്തിന് ഹിന്ദു വോട്ടിൽ കുറവ് വരില്ല. സ്വന്തമായി വരുമാനമില്ലാത്ത, കടത്തിൽ മുങ്ങിയ ഒരു സംസ്ഥാനത്തിൽ അധികാരം നേടിയെടുത്തതുകൊണ്ട് വലിയ പ്രയോജനമില്ലെന്ന തിരിച്ചറിവാണ് അവരിൽ ഈ താൽപര്യക്കുറവ് ഉണ്ടാക്കുന്നത്. സ്വന്തമായി താല്പര്യമില്ലെങ്കിലും കോൺഗ്രസ് അധികാരത്തിൽ വരാതിരിക്കുകയും വേണം. അതോടൊപ്പം ബദൽ വ്യവഹാരസൃഷ്ടാക്കളായ ഇടതുപക്ഷത്തിന്റെ സമീപനം പരിശോധിച്ചറിയേണ്ടതുമുണ്ട്. അതിന് കേരളത്തിൽ ഇടതുപക്ഷഭരണം വേണം. ഇടതുപക്ഷം അധികാരത്തിൽ തുടർന്നാലും അവരുടെ ദേശീയ താല്പര്യങ്ങളെ ബാധിക്കില്ല. ഇടതുപക്ഷത്തിന് ഒന്നും ചെയ്യാനുമാവില്ല. അവർ പ്രതിപക്ഷത്താണെങ്കിൽ ദേശീയവിരുദ്ധനയം സ്വീകരിക്കും. അത്തരം വ്യവഹാരങ്ങൾ ഒഴിവാക്കാൻ ഉപസർക്കാരായി നിലനിനിർത്തുകയാണ് വേണ്ടത്. കേരളത്തിൽ രൂഢമായിരിക്കുന്ന ഇടതുപക്ഷബോധം ക്ഷയിപ്പിക്കുന്നതിനും തുടർഭരണം സഹായിക്കും. അതോടെ യു ഡി എഫിന് വംശനാശം സംഭവിക്കുന്നതിനൊപ്പം കേരളം ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായിമാറും. ഇതൊക്കെ സാധ്യതകളാണ്. എന്തായാലും സമുദായ വ്യവസായികളുമായുള്ള ബന്ധം കൊണ്ട് എൽ ഡി എഫിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുപങ്ക് അമിതമായി വര്ധിക്കുമെന്ന ചിന്തവേണ്ട. യു ഡി എഫ് പൂർണമായും ന്യുനപക്ഷപാർട്ടിയായി മാറുമെന്ന ചിന്തയും വേണ്ട. ഇടതുപക്ഷ വിരുദ്ധവോട്ടുകൾ ഭിന്നിക്കപ്പെടുമെന്നത് ഇടതുപക്ഷത്തിന്റെ ഭരണസാധ്യത ഉറപ്പിക്കുന്നുവെന്നുമാത്രം.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സര്‍ക്കാര്‍) സംവിധാനമായാണ് തീരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉറപ്പിച്ചെടുക്കുന്നത്. എന്നാല്‍, ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതല്‍ ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങള്‍, യഥാര്‍ഥത്തില്‍ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

മതേതര പാരമ്പര്യം ഒരു ക്ലിഷേയാണ്. മതാത്മക മതേതരത്വമാണ് കേരളത്തിലുള്ളത്. അവരവരുടെ മതങ്ങളിൽ വിശ്വസിച്ചുകൊണ്ടുതന്നെ അപരമതവുമായി സഹിഷ്ണുത നിലനിറുത്തുകയെന്ന നയമാണ് കേരളത്തിൽ നിലനിൽക്കുന്നത്. സമ്പർക്കത്തിലൂടെ ചരിത്രപരമായി രൂപം കൊണ്ട അന്തർമത സഹിഷ്ണുതയാണത് .മതപരിവർത്തനത്തെ എതിർക്കുകയും ഹിന്ദുമതചേരിയിലേക്ക് ആളെകൂട്ടുകയും ചെയ്ത നവോത്ഥാനപ്രക്രിയ മതനിഷേധം മുന്നോട്ടുവെച്ചില്ല. അന്യമത സൗഹൃദം ദർശനമാക്കി, മതമേതായാലും മനുഷ്യൻ നന്നായാൽമതി എന്നുറപ്പിച്ചു. മതാത്മക മതേതരത്വം കേരളീയരുടെ ശീലമായി. ഭൂപരിഷ്കരണം തുടങ്ങിയുള്ള സാമൂഹികനീതിക്കായുള്ള ചില പ്രവർത്തനങ്ങൾ നടന്നുവെങ്കിലും എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും സാമൂഹികനീതി ഉറപ്പുവരുത്തുന്നുണ്ടെന്നു വിശ്വസിക്കാനാവില്ല. സർവകലാശാലകൾ തുടങ്ങി എത്രയോ സർക്കാർ സംവിധാനങ്ങൾ സാമൂഹികനീതി നടപ്പാക്കുന്നില്ല. ആ നിലയ്ക്ക് ദേവസ്വം ബോർഡ് സംവരണ നിഷേധം നടത്തുന്നുവെന്നത് പൊതുവിൽ നിലനിൽക്കുന്ന നടപടിയായേ കാണാനാവൂ.

 ഭരണത്തുടർച്ച നിർണായക ലക്ഷ്യമാകുമ്പോൾ സാംസ്‌കാരിക  പ്രതിപക്ഷത്തിന്റെ സാധ്യതകൾ മങ്ങുന്നു. ബുദ്ധിജീവികളും സാംസ്കാരിക നായകരും ചേർന്ന സാംസ്കാരിക പ്രതിപക്ഷം സ്വയം പണയവസ്തുവായിരിക്കുമ്പോൾ  കുരയ്ക്കാനുള്ള അധികാരം തന്നെ ഇല്ലാതാകുന്നു.
ഭരണത്തുടർച്ച നിർണായക ലക്ഷ്യമാകുമ്പോൾ സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ സാധ്യതകൾ മങ്ങുന്നു. ബുദ്ധിജീവികളും സാംസ്കാരിക നായകരും ചേർന്ന സാംസ്കാരിക പ്രതിപക്ഷം സ്വയം പണയവസ്തുവായിരിക്കുമ്പോൾ കുരയ്ക്കാനുള്ള അധികാരം തന്നെ ഇല്ലാതാകുന്നു.

മതേതരത്വത്തിന്റെ നിഷേധമാണ് വിശ്വാസസംരക്ഷണം എന്നു പറയാനാവില്ല. ഇതൊരു സാമ്പത്തിക പാക്കേജ് ആണ്. ശബരിമല ഹിന്ദുക്കളുടേത് മാത്രമല്ല, സർവമത ആരാധനായിടമാണെന്ന പ്രഖ്യാപനത്തോടെ ടൂറിസം പാക്കേജിന്റെ സാമ്പത്തികശാസ്ത്രം വ്യക്തമാണ്.

കേരളത്തില്‍ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോള്‍ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോള്‍ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമര്‍ശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാല്‍, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികള്‍, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ അതിശക്തമായ വലതുപക്ഷവല്‍ക്കരണം അരങ്ങേറുമ്പോള്‍ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

സാംസ്കാരിക പ്രതിപക്ഷം നിശ്ശബ്ദമാണെന്നതിന്റെ പൊരുൾ എന്താണെന്ന അന്വേഷണം ചെന്നെത്തുന്നത് പാർട്ടി -ഭരണ ദ്വന്ദ്വത്തിലാണ്. ഭരണവും പാർട്ടിയും ഒന്നല്ല എന്ന അവസ്ഥയിൽ സാംസ്കാരിക പ്രതിപക്ഷമായി പാർട്ടിക്ക് നിലയുറപ്പിക്കാം. എന്നാൽ ഭരണം ലക്ഷ്യമാകുമ്പോൾ ഭരണതാല്പര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ഭരണം സംരക്ഷിക്കാൻ പാർട്ടി ബാധ്യസ്ഥമാവും. ഭരണം ബാഹ്യ ഇടപെടലുകളെ മാനിക്കുന്നിടത്തോളമേ സാംസ്കാരിക പ്രതിപക്ഷത്തിനു നിലനിൽപ്പുള്ളൂ. ഭരണത്തുടർച്ച നിർണായക ലക്ഷ്യമാകുമ്പോൾ സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ സാധ്യതകൾ മങ്ങുന്നു. ബുദ്ധിജീവികളും സാംസ്കാരിക നായകരും ചേർന്ന സാംസ്കാരിക പ്രതിപക്ഷം സ്വയം പണയവസ്തുവായിരിക്കുമ്പോൾ കുരയ്ക്കാനുള്ള അധികാരം തന്നെ ഇല്ലാതാകുന്നു. ഭരണത്തിന്റെ അപ്പക്കഷ്ണങ്ങൾ സ്വീകരിക്കുന്നതിനുള്ള പ്രതിഫലമാണ് അധികാരത്തിന് അവർ നൽകുന്ന മൗനം. ഇതൊക്കെ ഉടമ്പടിയാണ്. മാറിനിൽക്കുക, അവരവരുടെ അഭിപ്രായം പറയുക എന്നിങ്ങനെ നിലപാടുള്ളവർ ആദരിക്കപ്പെടില്ല എന്ന ധാരണ സാംസ്കാരിക ഭൂമികയിൽ തിടം വെച്ചുകഴിഞ്ഞു. ഇനി നേട്ടത്തിനായുള്ള പക്ഷംചേരൽ മാത്രം. ഇടതുപക്ഷത്തിന്റെ വരിയുടയ്ക്കൽനയം സാംസ്കാരിക പ്രതിപക്ഷത്തെ മൗനത്തിലാഴ്ത്തി. പങ്ക് വേണ്ടാത്തതാർക്ക്- അതാണ് ഇന്നത്തെ ചിന്താവിഷയം.


Summary: The extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, M. Sreenathan writes.


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments