റിഹാൻ റാഷിദ്

സൂക്ഷിച്ചിരിക്കുക,
പൊളിറ്റിക്കൽ ഹിന്ദുവിനെ…

‘‘ഹിന്ദുത്വ അജണ്ടകൾക്കെതിരെ അതേ നാണയത്തിലാണ് തിരിച്ചടിക്കാൻ ശ്രമിക്കുന്നതെങ്കിൽ കേരളത്തിന്റെ ഇലക്ട്രൽ പൊളിറ്റ്ക്സിൽ വലിയ ആഘാതം സൃഷ്ടിക്കും. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ന്യൂനപക്ഷങ്ങളെ മറ്റൊരു ചേരിയിലേക്ക് എത്തിക്കും’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് റിഹാൻ റാഷിദ് മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

റിഹാൻ റാഷിദ്: ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ സകല പ്രയത്നങ്ങളും നടത്തിയ ശക്തികളെക്കൂടി അതിജീവിച്ചാണ് കേരളം ഒരു സെക്യുലർ സ്റ്റേറ്റായി നിലകൊളളുന്നത്. പക്ഷേ അക്കാലത്തുനിന്ന് കാതങ്ങൾ മാറിയപ്പോൾ പുതിയ രീതികൾ സ്വീകരിച്ച് മതകീയ ശക്തികൾ വീണ്ടും കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാൻ ആരംഭിച്ചു. പലകാലങ്ങളിലായി അത് തുടരുന്നു.

അതേസമയം, ഇടതുപക്ഷ നേതാക്കന്മാരുടെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിച്ചതും നമ്മൾ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന്, വി.എസിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന എന്ന നിലയിൽ അവതരിപ്പിച്ച വാർത്ത. അദ്ദേഹത്തിന്റെ മരണത്തിനുശേഷം അഭിമുഖം നടത്തിയ പത്രപ്രവർത്തകൻതന്നെ അത് തിരുത്തുകയുമുണ്ടായി.
പറഞ്ഞുവന്നത് കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ ഇത്തരം വാർത്തകൾ നിരന്തരമായി അച്ചുനിരത്തിയ മാധ്യമപ്രവർത്തനത്തെക്കൂടി മുൻനിർത്തിയല്ലാതെ ഈ ചർച്ച സാധ്യമാവില്ല എന്നാണ്.

അതേസമയം, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ഒത്തുതീർപ്പുകൾ നടക്കുന്നുമുണ്ട്. മത-ജാതി സംഘടനകളുടെ ഉമ്മറത്തുചെന്ന് അവരെ വെളളപൂശൂന്നതിൽ ശരിയില്ലായ്മയുണ്ട്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷവും മേൽസൂചിപ്പിച്ചവയ്ക്ക് വഴങ്ങുന്നുവെന്ന് ഈയടുത്ത നാളുകളിലെ സംഭവികാസങ്ങൾ തെളിയിക്കുന്നു. അത്തരം നിലപാട് മാറ്റങ്ങൾ ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ലെന്നുതന്നെയാണ് വ്യക്തിപരമായ അഭിപ്രായം.

വി.എസിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന എന്ന നിലയിൽ അവതരിപ്പിച്ച വാർത്ത. അദ്ദേഹത്തിന്റെ മരണത്തിനുശേഷം  അഭിമുഖം നടത്തിയ പത്രപ്രവർത്തകൻതന്നെ  അത് തിരുത്തുകയുമുണ്ടായി.
വി.എസിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന എന്ന നിലയിൽ അവതരിപ്പിച്ച വാർത്ത. അദ്ദേഹത്തിന്റെ മരണത്തിനുശേഷം അഭിമുഖം നടത്തിയ പത്രപ്രവർത്തകൻതന്നെ അത് തിരുത്തുകയുമുണ്ടായി.

എല്ലാ വിഭാഗക്കാരെയും ഉൾക്കൊണ്ട്, അവരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമ്പോഴും മത- ജാതി അടിസ്ഥാനത്തിൽ പ്രീണനം നടത്തുമ്പോൾ അത് ആപത്കരമായൊരു കീഴ് വഴക്കമാണ് സൃഷ്ടിക്കുക. അധികാര കേന്ദ്രങ്ങൾ ഒരു വിഭാഗത്തിന്റേതായി മാറുമ്പോൾ ന്യൂനപക്ഷങ്ങളെ അത് ആഴത്തിൽ മുറിവേൽപ്പിക്കും. അത് വലിയ അരക്ഷിതാവസ്ഥയുണ്ടാക്കുന്നതിനൊപ്പം മൗദൂദിസ്റ്റുകളും എൻ.ഡി.എഫ് പോലുള്ള സംഘടനകളും അതിനെ മുതലെടുക്കുകയും ചെയ്യും. അതെല്ലാം കേരളത്തിന്റെ സെക്യുലർ മനഃസ്ഥിതിയെ ആഴത്തിൽ മുറിവേൽപ്പിക്കാനെ ഉപകരിക്കുകയുള്ളൂ. ഇത്തരം പ്രീണനങ്ങൾക്ക് പകരം കഴിഞ്ഞ പത്തുവർഷക്കാലത്തെ വികസന-ജനോപകാരപ്രവർത്തനങ്ങളെ മുൻനിർത്തിയാവണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

സംഘപരിവാർ മറ്റേതുകാലത്തെക്കാളും കേരളത്തിൽ ശക്തിപ്രാപിക്കുന്നുണ്ട്. വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്താലാണ് അവർ അത് സാധ്യമാക്കുന്നത്. വെള്ളാപ്പള്ളിയും എൻ.എസ്.എസുടക്കമുള്ള ജാതിസംഘടനകളും അവരുടെ നാവായി മാറിയതും കേരളീയ സമൂഹം കണ്ടതാണ്. കേരളത്തിലെ തനത് ആഘോഷങ്ങളെപ്പോലും തങ്ങളുടേതാക്കി മാറ്റി, അതിൽ ഹിന്ദുത്വ അജണ്ട നിർമിച്ചെടുത്തുളള പ്രവർത്തനങ്ങൾ നടത്തുന്നു. പൊതുവെ നിഷ്പക്ഷരെന്നു കരുതിയിരുന്നവരെയടക്കം ഈയൊരു അജണ്ടയിൽമറുകണ്ടം ചാടിച്ചെടുത്തിട്ടുണ്ട്. അതിനെ തനത് ഇടതുപക്ഷ ആശയങ്ങൾകൊണ്ടാണ് നേരിടേണ്ടത്. പക്ഷേ, ചില നേതാക്കന്മാർ മതശക്തികളോട് ഞങ്ങൾ നിങ്ങൾക്കൊപ്പമാണെന്ന് പ്രകടമായിത്തന്നെ പ്രഖ്യാപിക്കുന്നു. സംഘപരിവാർ ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിലുളള പ്രതീക്ഷയെയാണ് ഇത്തരം സംഭവങ്ങൾ റദ്ദ് ചെയ്യുന്നത്. സർക്കാറിന്റെ ഭാഗമായി നിൽക്കുന്ന ആൾ വ്യക്തിപരമായിപ്പോലും ആൾദെെവങ്ങളെ സന്തോഷിപ്പിച്ച്, അവർക്കുണ്ടെന്നു കരുതുന്ന വോട്ട് പിന്തുണയ്ക്കായി ശ്രമിക്കുന്നത് അപകടകരമാണ്. അധികാരം നിലനിർത്താനായുളള ഇത്തരം കൂട്ടുകച്ചവടങ്ങൾ സെക്യുലർചിന്തകൾക്ക് നേരെയോങ്ങുന്ന വാൾത്തലപ്പാണ്. പ്രത്യേകിച്ച്, ഗാന്ധിയെ കൊന്ന തോക്ക് ഇപ്പോഴും ഹിന്ദുത്വ തീവ്രവാദമായി സജീവമായി നിൽക്കുമ്പോൾ. മതേതരത്വ ആശയങ്ങൾക്കുനേർക്ക് ഇപ്പോഴുമത് ഉന്നം പിടിച്ചിരിപ്പുണ്ടെന്ന് മറക്കരുത്. ഒരുപക്ഷേ വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടിയെടുക്കാനാവും. അതിന് സെക്യുലറിസത്തെ കൊലയ്ക്ക് കൊടുക്കണമോയെന്ന ചോദ്യം അവശേഷിക്കും. അതിലൂപരി എന്നും മതരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സംഘപരിവരിവാരവും അതിനെ ശക്തമായി എതിർക്കുന്ന ഇടതുപക്ഷവും തമ്മിലുള്ള അതിർവരമ്പ് ചെറുതാവുകയാണ് ചെയ്യുക.

സർക്കാറിന്റെ ഭാഗമായി നിൽക്കുന്ന ആൾ വ്യക്തിപരമായിപ്പോലും ആൾദെെവങ്ങളെ സന്തോഷിപ്പിച്ച്, അവർക്കുണ്ടെന്നു കരുതുന്ന വോട്ട് പിന്തുണയ്ക്കായി ശ്രമിക്കുന്നത് അപകടകരമാണ്.
സർക്കാറിന്റെ ഭാഗമായി നിൽക്കുന്ന ആൾ വ്യക്തിപരമായിപ്പോലും ആൾദെെവങ്ങളെ സന്തോഷിപ്പിച്ച്, അവർക്കുണ്ടെന്നു കരുതുന്ന വോട്ട് പിന്തുണയ്ക്കായി ശ്രമിക്കുന്നത് അപകടകരമാണ്.

വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

വർഗ്ഗീയതയേയും വിശ്വാസത്തേയും വേർതിരിക്കുന്ന നിർവചനങ്ങളിൽ കുറേക്കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് തോന്നൽ. സത്യത്തിൽ ഏതൊരു വിശ്വാസത്തേയും വിശ്വാസിയേയും അംഗീകരിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. പക്ഷേ, അതിനായി മതമേലധ്യക്ഷന്മാരെയും ആൾദെെവങ്ങളെയും അതേപടി സ്വീകരിക്കുന്നതിൽ കുഴപ്പമുണ്ടെന്നാണ് ചിന്ത.
മാത്രമല്ല, ഈ വിഷയത്തിൽ മെച്ചപ്പെട്ടൊരു വിശദീകരണം വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് നിസ്സാരമെന്നു തോന്നുന്ന മട്ടിൽ അമിത ദേശീയത പ്രകടിപ്പിക്കുന്ന നാളുകളാണിത്. ഏഷ്യാകപ്പ് ക്രിക്കറ്റ് മാച്ചിലെ സംഭവങ്ങളാണ് പുതിയ ഉദാഹരണം. മതവാദത്തിനൊപ്പം ഇനിയങ്ങോട്ട് ഏറ്റവും അപകടമായിത്തീരാൻ പോവുന്നത് അമിത ദേശീയതയാവും. അതിലൂടെ പൊളിറ്റിക്കൽ ഹിന്ദുവിനെ സൃഷ്ടിച്ചെടുക്കാനുളള പദ്ധതികൾക്ക് വേഗതയാർജ്ജിക്കും. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണി മുഴക്കമായിത്തീരുമെന്നും ചിന്തിക്കേണ്ടതുണ്ട്.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

തീർത്തും ജാഗ്രതയോടെ നിരീക്ഷിക്കേണ്ടുന്ന ഒന്നാണിത്. ജാതി- മത അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ വരെ ഇത്തരം അലയൻസുകൾ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കും. അവർക്ക് ഭാഗികമായെങ്കിലും ഇടതുപക്ഷവും വഴങ്ങേണ്ടിവരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ അപകടം സൃഷ്ടിക്കും. മതകീയാടിസ്ഥാനത്തിലുള്ള ഭിന്നതയുടെ തോത് വർദ്ധിപ്പിക്കാൻ സഹായകരമാവുമെന്നതിലും സംശയമില്ല. എങ്ങനെയെങ്കിലും കേരളത്തിൽ ഭരണം നേടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘപരിവാറിനെയാണത് സഹായിക്കുക. ഹിന്ദുത്വ അജണ്ടകൾക്കെതിരെ അതേ നാണയത്തിലാണ് തിരിച്ചടിക്കാൻ ശ്രമിക്കുന്നതെങ്കിൽ കേരളത്തിന്റെ ഇലക്ട്രൽ പൊളിറ്റ്ക്സിൽ വലിയ ആഘാതം സൃഷ്ടിക്കും. ഇതെല്ലാം പാരമ്പര്യമായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ന്യൂനപക്ഷങ്ങളെ മറ്റൊരു ചേരിയിലേക്ക് എത്തിക്കും.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗമത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

അതീവ ഗൗരവകരമായ വിഷയമാണത്. കേരള നവോത്ഥാനത്തിന്റെ തുടർച്ചയെ കത്തിവെക്കുന്നതിനു തുല്യമാണത്. ഭരണഘടന അനുവദിച്ചു നൽകിയ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യേണ്ടി വന്നവരാണ് നമ്മൾ. ആചാരപരമായ കാര്യങ്ങൾക്കപ്പുറം സനാതന ധർമ്മത്തിനനുസരിച്ച് ഇടതുപക്ഷവും വളയേണ്ടിവരുന്നത് ഒട്ടും ശരിയല്ല. മറിച്ച്, ഭരണഘടനയ്ക്ക് അനുസരിച്ച് അർഹരായവരെ ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കുകയാണ് ചെയ്യേണ്ടത്. കാലാകാലങ്ങളായി അയിത്തത്തിനും സംവരണ നിഷേധത്തിനുമെിതിരെ മുന്നിൽ നിന്നു പോരാടിയ ഇടതുപക്ഷം പൂർണമായും ഒരു യൂ ടേൺ എടുക്കില്ലെന്നാണ് പ്രതീക്ഷ.

പക്ഷേ, നേരത്തെ സൂചിപ്പിച്ചതു പോലെ മതകീയ- ജാതി സംഘടനകളുടെ സമ്മർദ്ദം ഏറും. അതിനായി അവർ സർക്കാർ സംവിധാനങ്ങളതന്നെ അട്ടിമറിക്കാനും മടിക്കില്ല. തങ്ങളുടെ കൂടി വോട്ടിന്റെ ബലത്തിലാണ് സർക്കാർ രൂപീകരണമെന്ന അഹന്ത തലയ്ക്ക് പിടിക്കുമ്പോൾ അവരുടെ ഡിമാന്റുകൾക്ക് ശക്തിയേറും. സ്വാഭാവികമായും അത് സാമൂഹിക നീതിയെയാണ് ബാധിക്കുക. വിശ്വാസസംരക്ഷണത്തിനപ്പുറം വിശ്വാസികളായി അഭിനയിച്ച്, അധികാര സ്ഥാനങ്ങളിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്നവർക്ക് മാത്രമാണ് ഇതെല്ലാംകൊണ്ട് ഗുണമുണ്ടാവുന്നത്. മാത്രമല്ല, അത്തരക്കാർ അധികാര കേന്ദ്രങ്ങളിലെത്തുമ്പോൾ സമൂഹിക നീതിയെന്നത് വെറും സങ്കൽപ്പമായിത്തീരുകയും ചെയ്യും.

 ഹിന്ദുത്വ അജണ്ടകൾക്കെതിരെ അതേ നാണയത്തിലാണ് തിരിച്ചടിക്കാൻ ശ്രമിക്കുന്നതെങ്കിൽ കേരളത്തിന്റെ ഇലക്ട്രൽ പൊളിറ്റ്ക്സിൽ വലിയ ആഘാതം സൃഷ്ടിക്കും.
ഹിന്ദുത്വ അജണ്ടകൾക്കെതിരെ അതേ നാണയത്തിലാണ് തിരിച്ചടിക്കാൻ ശ്രമിക്കുന്നതെങ്കിൽ കേരളത്തിന്റെ ഇലക്ട്രൽ പൊളിറ്റ്ക്സിൽ വലിയ ആഘാതം സൃഷ്ടിക്കും.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

സംസ്കാരിക പ്രതിപക്ഷം തീരെ ഇല്ലാതായെന്നൊന്നും തോന്നുന്നില്ല. പക്ഷേ, പഴയതുപോലയത് ശക്തമായി പ്രതികരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമില്ലാതില്ല. സാംസ്കാരിക മേഖലയിലെ വലതുപക്ഷ വത്കരണവും അരാഷ്ട്രീയതയും അത്തരം പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയാണ്. അധികാര- പണം- പ്രശസ്തി; ഇത് മൂന്നും സംസ്കാരിക ഇടങ്ങളെയും പഴയകാലത്തെക്കാളുമേറെ ബാധിച്ചിട്ടുണ്ട്. സെലക്ടീവ് പ്രതികരണക്കാരുടെ എണ്ണം കൂടിയതും വിസ്മരിക്കരുത്. സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇടുന്നതോടുകൂടി തങ്ങളുടെ സാംസ്കാരിക ഉത്തരവാദിത്വം കഴിഞ്ഞെന്നു കരുതുന്നവരുമുണ്ട്. അതിലുപരി, ഇത്തരം ആശയസംഘർഷങ്ങളെ സൈദ്ധാന്തികമായും സാംസ്കാരികമായും വിമർശിക്കാനുള്ള മനോഭാവം പലരും കാണിക്കുന്നില്ല. ഇനിയാരെങ്കിലുമതിന് ഇറങ്ങിപ്പുറപ്പെട്ടാൽ സംഘടിതമായുള്ള അക്രണമവും നേരിടേണ്ടതായി വരുന്നു. അതിൽതന്നെ പലതും വെറും ഫാനിസം പോലെയായി മാറുന്നതായിട്ടാണ് തോന്നുന്നത്. പക്ഷേ, ഇതിനെല്ലാമപ്പുറം ഇടതുപക്ഷത്തിന്റെ താഴെത്തട്ടുകളിൽ സാധാരണക്കാരായ പ്രവർത്തകർ ഇതെല്ലാം ചോദ്യം ചെയ്യുന്നുണ്ട്. അവരിലാണ് പ്രതീക്ഷയും.


Summary: The extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, Rihan Rashid writes.


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. വരാൽ മുറിവുകൾ, സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾ, കാകപുരം എന്നിവ പ്രധാന കൃതികൾ.

Comments