നാടിൻ്റെ വികസനമാണ് ഏതു മുന്നണിയും തെരഞ്ഞെടുപ്പിനുമുമ്പ് വാഗ്ദാനം ചെയ്യുന്നത്. ആരാണ് നാടിൻ്റെ പുരോഗതി ആഗ്രഹിക്കാത്തവർ? എന്നാൽ, തിരിച്ചെടുക്കാൻ വയ്യാത്തവിധം പ്രകൃതിവിഭവങ്ങളെ നശിപ്പിച്ചും പുഴകളിൽ നഞ്ചു കലക്കിയും പശ്ചിമഘട്ടത്തിൻ്റെ ലോല പരിസ്ഥിതിയെ ഇല്ലാതാക്കിയും ദേശീയപാതയെന്ന പേരിൽ വന്മതിൽ പണിത് ഉദയാസ്തമയങ്ങൾ കാണാനാവാത്തവിധം നാടിനെ രണ്ടായി പകുത്തും പണ്ടേ അരികുവത്കരിക്കപ്പെട്ടവരെ വീണ്ടും വീണ്ടും വൻകുഴികളിൽ വീഴ്ത്തിയും വിജിഗിഷുവായി കുതിക്കുന്ന ഒരു വികസനമല്ല നാട് ആഗ്രഹിക്കുന്ന യഥാർത്ഥ പുരോഗതിയെന്ന് ആരെങ്കിലും വിളിച്ചു പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഭരണകൂടത്തോട് നിരന്തരം കലഹിക്കുന്ന ഒരു "സൗവർണ പ്രതിപക്ഷ’’മായി നിൽക്കുക എന്നത് പരിസ്ഥിതി വികസന പ്രശ്നങ്ങളിൽ ഇടപെടുന്നവരുടെ നിയോഗമാണ്. ധർമബോധമാണ്; അവരുടെ രാഷ്ട്രീയവിശ്വാസം എന്താകുമ്പോഴും.
തെക്ക് വടക്കായി പണിയാനുദ്ദേശിക്കുന്ന അതിവേഗപ്പാതകളും വണ്ടിപ്പാളങ്ങളും വികസന പരിപാടികളിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിക്കുമ്പോഴും മലനാട്ടിൽ നിന്നും ഇടനാട്ടിലൂടെ തീരപ്രദേശത്തേക്ക് ചരിഞ്ഞിറങ്ങുന്ന നദികളടക്കമുള്ള തിണപ്പൊരുളുകളെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു വികസന പരിപ്രേക്ഷ്യം ആരും അവതരിപ്പിച്ചുകാണാറില്ല.
കാസർകോഡുനിന്ന് തിരുവനന്തപുരത്തേക്കൊരു യാത്രയെന്നത് തെരഞ്ഞെടുപ്പടുക്കുമ്പോൾ എല്ലാ മുന്നണികളുടെയും അനുഷ്ഠാന കർമ്മമാണ്. മഞ്ചേശ്വരത്തെ ഹൊസങ്കടിയിൽനിന്ന് പുറപ്പെട്ട് പാറശ്ശാലയിലേക്കെത്തുന്നതായിരിക്കും മിക്കവർക്കും യാത്രാവഴി. തലസ്ഥാനത്തെത്തിയാൽ പിന്നെ കാസർകോട് എന്ന നാടുണ്ടെന്നുതന്നെ ഓർക്കാതിരിക്കാനും ഹൊസങ്കടിയിൽനിന്ന് പര്യടനം തുടങ്ങുന്നതാണ് സൗകര്യം.
‘‘ഈവത്തു കേരളദല്ലി ബന്ദുണ്ടു’’ എന്ന് മഞ്ചേശ്വരത്ത് ജനിച്ചുവളർന്ന ഒരു സ്കൂൾ മാഷ് അവിടത്തെ സർക്കാർ സ്കൂളിൽ വെച്ചു തന്നെ ഒരന്യസംസ്ഥാനക്കാരനെപ്പോലെ കേരളത്തിലെ ബന്ദിനെപ്പറ്റി പരാമർശിക്കുന്നത് കേട്ടിട്ടുണ്ട്.
"കേരള" മെന്നത് തൻ്റെ ജൈവശരീരത്തിൻ്റെ ഭാഗമല്ലെന്ന് കാസർകോടിനും വടക്കുള്ളവർ കരുതിപ്പോകുന്നത് ഭാഷ മൂലമുള്ള അന്യത കൊണ്ടുമാത്രമല്ല, സംസ്ഥാനത്തിൻ്റെ ദക്ഷിണദിക്കിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണ സ്ഥാപനങ്ങളിൽ നിന്നും നിരന്തരമേല്ക്കുന്ന അവഗണനയുണ്ടാക്കിയ മടുപ്പു കൊണ്ടുകൂടിയാണ്.

കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപടത്തിലൂടെയാണ് ഇത്തരത്തിൽ അധികാരത്തിനായുള്ള വടക്കു തെക്ക് അശ്വമേധയാത്ര നടക്കാറ്. ഈയൊരു ലംബമാന യാത്രയിലും തദനന്തരം പ്രകാശിപ്പിക്കപ്പെടുന്ന പ്രകടനപത്രികകളിലും പ്രകൃതിയെക്കുറിച്ചും വിഭവങ്ങളുടെ യുക്തിപൂർവമായ ഉപയോഗത്തെക്കുറിച്ചും ആരും കാര്യമായി പരാമർശിക്കാറില്ല. തെക്ക് വടക്കായി പണിയാനുദ്ദേശിക്കുന്ന അതിവേഗപ്പാതകളും വണ്ടിപ്പാളങ്ങളും വികസന പരിപാടികളിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിക്കുമ്പോഴും മലനാട്ടിൽ നിന്നും ഇടനാട്ടിലൂടെ തീരപ്രദേശത്തേക്ക് ചരിഞ്ഞിറങ്ങുന്ന നദികളടക്കമുള്ള തിണപ്പൊരുളുകളെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു വികസന പരിപ്രേക്ഷ്യം ആരും അവതരിപ്പിച്ചുകാണാറില്ല. അത്തരമൊന്നവതരിപ്പിച്ച മാധവ് ഗാഡ്ഗിൽ കേരളത്തിന് ഒന്നാം നമ്പർ ശത്രുവായും മാറി. ഗാഡ്ഗിൽ നിർദ്ദേശങ്ങളെ അടിസ്ഥാനരേഖയാക്കിക്കൊണ്ടുള്ള ദീർഘകാല ആസൂത്രണത്തിനേ സമസ്തകേരളത്തെ കുറച്ചു കാലത്തേക്കു കൂടി ഒരു ഇക്കോ കൾച്ചറൽ ലാൻ്റ് സ്കേപ്പായി നിലനിർത്തിക്കൊണ്ടുപോകാനാവൂ എന്നത് അപ്രിയകരമെങ്കിലും ഒരു നഗ്നസത്യമാണ്.
കേരളത്തിൻ്റെ ഭൂപ്രകൃതിയെ കണക്കിലെടുത്തു കൊണ്ടുള്ള തിരശ്ചീനമായ ഒരു ആസൂത്രണയാത്രയാണ് യഥാർത്ഥത്തിൽ ആവശ്യം. തെക്കു-വടക്കൻ രാഷ്ട്രീയഭൂപടം വിട്ട് കിഴക്കു-പടിഞ്ഞാറൻ ഭൗതിക ഭൂപടത്തിലൂടെയുള്ള പഠന പര്യടനം.
കേരളത്തിൻ്റെ ഭൂപ്രകൃതിയെ കണക്കിലെടുത്തു കൊണ്ടുള്ള തിരശ്ചീനമായ ഒരു ആസൂത്രണയാത്രയാണ് യഥാർത്ഥത്തിൽ ആവശ്യം. തെക്കു-വടക്കൻ രാഷ്ട്രീയഭൂപടം വിട്ട് കിഴക്കു-പടിഞ്ഞാറൻ ഭൗതിക ഭൂപടത്തിലൂടെയുള്ള പഠന പര്യടനം. 41 നദികളെ മുറിച്ചു കടക്കുകയല്ല, അവ ഒഴുകി കാട്ടുന്ന വഴിയിലൂടെ, അവയുടെ ഉറവ തൊട്ട് പതനമുഖം വരെയുള്ള ജീവിതവൈവിധ്യത്തെ തൊട്ടറിഞ്ഞുകൊണ്ടുള്ള യാത്ര. ഇതിലൂടെ കാട് മുതൽ കടൽ വരെ ഒന്നായി കാണുന്ന ജൈവസമഗ്രതയിൽ നിന്നുള്ള വികസന കാഴ്ചപ്പാടുകൾ ഉരുവമെടുക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ "ഹൊറിസോണ്ടൽ, ആയ നോക്കുപാടുകളാൽ ചിട്ടപ്പെടുത്തപ്പെട്ട "നിലനില്പിൻ്റെ മാനിഫെസ്റ്റോ’’കൾ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിൽ നിന്നും പരിസ്ഥിതി കൂട്ടായ്മകളുടെ മുൻകയ്യിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലത്തിൻ്റെ പ്രതീക്ഷാനിർഭരമായ ഒരു പ്രത്യേകത.
മുന്നണികളുടെ ഔദാര്യ പ്രസ്താവനകളല്ല, ജനകീയതലത്തിൽ രൂപപ്പെടുന്ന ഇത്തരം ആവശ്യകതകളാണ് തെരഞ്ഞെടുപ്പ് പത്രികകളിൽ യഥാർത്ഥത്തിൽ സ്ഥാനം പിടിക്കേണ്ടത്.
കുത്തനെയുള്ള കയറ്റമാണ് വികസനത്തിൻ്റെ വഴി എന്ന മുൻധാരണയിൽ ഉറച്ചുപോയവർക്ക് കയറ്റത്തെ ആയാസരഹിതമാക്കാനുള്ള നിരപ്പു വഴികളെക്കുറിച്ചുള്ള ചിന്ത തന്നെ അരോചകമായിരിക്കും. 21-ാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നാം പ്രത്യക്ഷത്തിൽ അതിജീവിച്ചു കഴിഞ്ഞെങ്കിലും കാലത്തിനും പ്രകൃതിയ്ക്കും മാത്രം ഉണക്കാനാവുന്ന അതിൻ്റെ ആന്തരികമുറിവുകൾ ഇപ്പോഴും വിങ്ങിനിൽക്കുകയാണ്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അപ്രതിരോധ്യങ്ങളായ പ്രകൃതിദുരന്തങ്ങളും ആഘാതങ്ങളും ഇനിയുമിനിയും ഉണ്ടാക്കുമെന്ന കാര്യത്തിലും സംശയമില്ല. ഓരോ അയ്യാണ്ടു ഭരണകൂടത്തിനും ദുരിതാശ്വാസം നൽകൽ തങ്ങളുടെ ധാർമിക കടമയാണെന്ന് കരുതി സർക്കാരിനെ കയ്യയഞ്ഞു സഹായിക്കുന്ന പൊതുസമൂഹത്തിൻ്റെ നന്മയ്ക്കും ഇനി വരുന്ന കാലത്ത് ഒരുപാട് ദിനങ്ങളും പണവും ഇത്തരത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ചെലവിടേണ്ടിവരും. സമുദ്രനിരപ്പ് ഉയരൽ എന്നത് ഒരു യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കെ മൺറോതുരുത്തു പോലെ ചില സ്ഥലരാശികൾ നമ്മുടെ കൺമുമ്പിൽ ജലസമാധി പൂകിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് വട്ടത്തോണികളിലൂടെ മാറിയ ജലപ്രകൃതിയുടെ ടൂറിസം സാധ്യതകൾ ഉപയോഗിച്ച് അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അവിടത്തെ അനൂപദേശ ജീവിതങ്ങൾ ഇപ്പോൾ. കേരളം മരുഭൂമിയാകുമ്പോൾ നമുക്കിവിടന്ന് എണ്ണ കുഴിച്ചെടുക്കാം എന്ന് വൃക്ഷഹത്യകൾ പെരുകിയിരുന്ന ഒരു കാലത്ത് വൈക്കം മുഹമ്മദ് ബഷീർ സർക്കാസിച്ചിരുന്നു. അനതിവിദൂരഭാവിയിൽ അലിഞ്ഞില്ലാതെയാവുന്ന കേരളതീരമാകെ ജലവിനോദസഞ്ചാരകേന്ദ്രമായി ആളുകൾ ആനന്ദോത്സവത്തിലാറാടുമെന്നു സ്വപ്നം കാണാനെളുപ്പമാണ്. പക്ഷെ കാസർകോട്ടെ വലിയപറമ്പ് പഞ്ചായത്തു പോലുള്ള പല കടലോരതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജലസമാധികൊണ്ട് ദേശമില്ലാത്ത ഭരണകൂടമായി മാറും, വരും ദശകങ്ങളിൽ എന്നത് ഭാവനയല്ല.
താഴ് വാരത്തിലെ സസ്യങ്ങൾ ചൂടുകുറഞ്ഞ മേൽക്കാടുകൾ തേടി സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. നടന്നുനീങ്ങുന്ന മരങ്ങൾ എന്നത് ഒരു വിഭ്രമയാഥാർത്ഥ്യമായിരിക്കുന്നു.
കാലാവസ്ഥാവ്യതിയാനമേല്പിച്ച കാർഷിക നഷ്ടവും വന്യമൃഗ സംഘർഷങ്ങളും മലയിറക്കിയവരെയും സമുദ്രവ്യാപനം മൂലം തീരദേശങ്ങളിൽ നിന്ന് ഉറപ്പുള്ള കര തേടി കയറിവരുന്നവരെയും വരുംകാലത്ത് ഉൾക്കൊള്ളേണ്ടത് ഇടനാടൻ പീഠഭൂമിയാണ്. കേരളത്തിൻ്റെ ജലസമൃദ്ധിയുടെ പത്തായമാണത്. ഇടനാടൻ കുന്നുകൾ നിയന്ത്രണമില്ലാതെ ചെങ്കൽ -കരിങ്കൽ ഖനനം മൂലവും മണ്ണിടിച്ചും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇക്കാലത്ത് ഏറ്റവുമേറെ രൂപമാറ്റം ചെയ്യപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും ഇടനാടൻ ലാൻ്റ് സ്കേപ്പാണ്. മരുതം, മുല്ലൈത്തിണകളിലേക്ക് കുടിയിറങ്ങുകയും കരകയറുകയും ചെയ്യുന്ന കുറിഞ്ഞി -നൈതൽ വാസികളുടെ സമ്മർദ്ദം ആസന്നഭാവിയിൽ വലിയ സാമൂഹ്യ പ്രശ്നമായി മാറിയേക്കും. ഈ ദേശാടനം മനുഷ്യനുമാത്രമല്ല ബാധകമാവുക. മിതശീതോഷ്ണ നിലയിൽ നിലനിന്നിരുന്ന നാണ്യവിളക്കൃഷിയെ ഉയരുന്ന താപനില അസാധ്യമാക്കി മാറ്റുന്നു.
ആഹാരവും വെള്ളവും തണുപ്പും തേടി മലങ്കാടുകളിലെ രാജവെമ്പാലകളും ആനയും പുലിയും ജനവാസങ്ങളിലെത്തുന്ന വാർത്തകളേ നമ്മുടെ ശ്രദ്ധയിൽ വരാറുള്ളൂ. എന്നാലിപ്പോൾ താഴ് വാരത്തിലെ സസ്യങ്ങൾ ചൂടുകുറഞ്ഞ മേൽക്കാടുകൾ തേടി സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. നടന്നുനീങ്ങുന്ന മരങ്ങൾ എന്നത് ഒരു വിഭ്രമയാഥാർത്ഥ്യമായിരിക്കുന്നു. അധിനിവേശസസ്യങ്ങളുടെ ധൃതരാഷ്ട്രാലിംഗനവും ജഗദ്ഭക്ഷകനായ ആഫ്രിക്കൻ ഒച്ചും 15 ലക്ഷത്തോളം ആൾക്കാരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച 2018 ലെ പ്രളയദുരന്തത്തിൻ്റെ ഫലശ്രുതിയായി ജലവ്യൂഹത്തെ കീഴടക്കിയ വിദേശമത്സ്യങ്ങളും ദേശീയപാത 66- നായി തകർത്ത ഇടനാടൻ കുന്നുകളിൽനിന്ന് ദിക്കറ്റ് ഓടിപ്പോയ പാമ്പും പന്നിയും മയിലും ഉൾപ്പെടുന്ന തിര്യഗ് ലോകവും ഒക്കെ കൂടി ഉണ്ടാക്കിത്തീർത്ത പുതിയ ജൈവലോകക്രമത്തെയൊന്നും കണക്കിലെടുക്കാതെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം അതിൻ്റെ വികസന രേഖകൾ ഉണ്ടാക്കുന്നത്.

സംസ്ഥാനത്തിൻ്റെ പരിമിതമായ അധികാരങ്ങൾ കൂടി കവർന്നെടുക്കുകയും ജനകീയമായുണ്ടായതെല്ലാം സ്വകാര്യവത്കരിക്കുകയും ചെയ്തുകൊണ്ട് കേന്ദ്ര ഭരണകൂടം അതിൻ്റെ അമിതാധികാരപ്രയോഗം നടത്തിക്കൊണ്ടിരിക്കുകയാണ് മറ്റൊരു വശത്ത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി എൻഡോസൾഫാൻ കീടനാശിനി ദുരന്തവും അതിനെതിരെയുള്ള ജനകീയ പ്രതിരോധവുമാണ് കാസർകോടിനെ ലോകശ്രദ്ധയിൽ നിർത്തിയത്. അന്നും ഇന്നും കാറഡുക്ക പഞ്ചായത്തിലെ കശുമാവിൻ തോട്ടങ്ങൾ പ്രധാന കീടനാശിനിദുരന്തമേഖലയാണ്. കാടകം എന്ന് മലയാളത്തിൽ വിളിക്കപ്പെടുന്ന കാറഡുക്ക ദേശീയ സമരചരിത്രത്തിൽ വനസത്യാഗ്രഹത്താൽ നൂറ്റാണ്ട് മുമ്പെ അടയാളപ്പെടുത്തപ്പെട്ട സ്ഥലമാണ്. ദേശീയസമരത്തിലെ നിയമലംഘന പ്രസ്ഥാനത്തോട് കണ്ണിചേരുന്ന കാടകം വന സത്യഗ്രഹസമരം, പൊതു വിഭവം അന്യമാക്കുന്ന ബ്രിട്ടീഷ് സർക്കാരിനെതിരെയായിരുന്നു. പി.കൃഷ്ണപിള്ളയും എ.വി. കുഞ്ഞമ്പുവുമൊക്കെ 1932- ൽ സമരം ചെയ്ത ആ ഭൂമിയാണ് വേദാന്ത പോലുള്ള ഖനനക്കുത്തകൾക്ക് തീറെഴുതിക്കൊടുക്കാനിരിക്കുന്നത്.
NH 17 എന്ന പഴയ ജനകീയ ദേശീയപാതയെയും അത് നല്കിയിരുന്ന സമ്പൂർണ സൗജന്യ സേവനങ്ങളെയും പൂർണമായും ഇല്ലാതാക്കിക്കൊണ്ടാണ് പുതിയ പെരുംപാത രൂപപ്പെടുത്തിയത്.
കീടനാശിനി ദുരിതബാധിതപ്രദേശമായ കാറഡുക്കയിലെ വനഭൂമിയടക്കം ബോക്സൈറ്റ് ഖനനത്തിനായി വൻകിട കമ്പനികൾക്ക് നല്കാനുള്ള ലേലനടപടികൾ ആരംഭിച്ചുകഴിഞ്ഞു. 2015- ലെ ധാതുലേലം സംബന്ധിച്ച ചട്ടങ്ങൾ ഇതിനായി ഇളവു ചെയ്യുകയാണ്. 2008- ലെ നെൽവയൽ തണ്ണീർത്തടനിയമത്തെ നിഷ്പ്രഭമാക്കും വിധം 2018- ൽ ഭേദഗതി വരുത്തിയത് നാഷനൽ ഹൈവേയുടെ മണ്ണെടുപ്പ് സുഗമമാക്കാൻ വേണ്ടിയാണ്. നാഷനൽ ഹൈവേ നിർമാണം മൂലം പ്രത്യക്ഷത്തിലും പരോക്ഷമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുക എന്നതാകും ഇനി വരുന്ന സർക്കാരിൻ്റെ മുമ്പിലെ വലിയൊരു പ്രശ്നം.
NH 17 എന്ന പഴയ ജനകീയ ദേശീയപാതയെയും അത് നല്കിയിരുന്ന സമ്പൂർണ സൗജന്യ സേവനങ്ങളെയും പൂർണമായും ഇല്ലാതാക്കിക്കൊണ്ടാണ് പുതിയ പെരുംപാത രൂപപ്പെടുത്തിയത്. സർവീസ് റോഡുകൾ കൊണ്ട് മാത്രം പരിഹരിക്കാനാവാത്ത, ട്രാഫിക് തടസ്സങ്ങൾ നിരന്തരമുണ്ടാവുമ്പോൾ സൗജന്യയാത്രകൾ നിഷേധിക്കപ്പെട്ടവർ ടോൾ ബൂത്തുകൾ തകർത്തെറിയുന്ന ജനകീയ സമരങ്ങളാകും ഇനി വരും വർഷങ്ങളിൽ ഉണ്ടാവുക. ഇത്തരം പ്രശ്നങ്ങളെ മുന്നണികൾ അവരുടെ പ്രകടനപത്രികകളിൽ എങ്ങനെ സംബോധന ചെയ്യുന്നു എന്ന് പാതാപെരുംനദിയുടെ പാർശ്വഭിത്തികൾ ഇരുകരകളിലാക്കി ഒറ്റപ്പെടുത്തിയ ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വരാനിരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾക്കും പരിഗണന നല്കാത്ത ഒരു സമ്പദ് വ്യവസ്ഥയ്ക്കും വികസന പദ്ധതിയ്ക്കും കേരളത്തിൽ ഇനി നിലനില്പില്ല. സമ്പന്നരുടെ ഉപഭോഗങ്ങൾക്ക് കൂടുതൽ ആഢംബര നികുതിയേർപ്പെടുത്തുകയും കാർഷികേതര ആവശ്യങ്ങൾക്ക് ഒരുതരി പോലും കൃഷിഭൂമി വിട്ടുകൊടുക്കാതിരിക്കുകയും വേണം. കിടപ്പാടമില്ലാത്തവർക്ക് അഞ്ച് സെൻ്റ് നികത്താമെന്ന നിയമം ദുരുപയോഗപ്പെടുത്തി ലാൻ്റ് മാഫിയകൾ നെൽവയലുകൾ നികത്തുന്നത് തടയാൻ അത്തരം ചെറുവയലുകൾ വീടിനായി നികത്തേണ്ടവരിൽനിന്ന് ഏറ്റെടുത്ത് പൊതുസ്വത്തായി നിർത്തി പകരം കരഭൂമി അവർക്ക് നൽകേണ്ടതുണ്ട്. നെല്ലുല്പാദനം കൂടുതലാകയാൽ സബ്സിഡി നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിൻ്റെ സമീപകാല നിലപാട് കൃഷിയിടത്തെ കേവലം ഉല്പാദനഉപകരണമായി കാണുന്നതു കൊണ്ടാണ്. ഹെക്ടറിന് ഒരു കോടി രൂപയെന്ന തോതിൽ ഒരു നെൽവയൽ നൽകുന്ന പാരിസ്ഥിതിക സേവനത്തെ അവർ കണക്കിലെടുക്കുന്നതേ ഇല്ല.
വയലും കുളവും കാവും കാനവും സംരക്ഷിക്കുന്നവർക്ക് അവയുടെ സാമൂഹിക പാരിസ്ഥിതിക സേവനത്തിന് പോസിറ്റീവ് ഇൻസൻ്റീവുകൾ നല്കുകയെന്നത് സർക്കാരിൻ്റെ ചുമതലയാകണം. ഇത്തരം പ്രദേശങ്ങളെ എല്ലാ ഉടമസ്ഥാവകാശ അഗീകാരത്തോടെയും നികുതി മുക്തമാക്കുക എന്നത് സ്ഥലഉടമകൾക്ക് ഒരു സാമൂഹികാംഗീകാരം കൂടിയാണ്.

മാറുന്ന കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ഭക്ഷണ വൈവിധ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ചെറു ധാന്യങ്ങൾക്കും കിഴങ്ങുവിളകൾക്കും ചക്കയ്ക്കും ഒക്കെ അടുക്കളയിൽ സ്ഥാനം നല്കണം. ഔഷധസസ്യങ്ങൾ സംരക്ഷിക്കുകയും വളർത്തുകയും വേണം. അതിനായി എല്ലാം ഒത്തു വളരുന്ന "വീട്ടുതൊടി’’കളെ ഒരു കേരളീയ കാർഷിക സംസ്കാരമാതൃക എന്ന നിലയിൽ പ്രോത്സാഹിപ്പിക്കണം. കാർബൺ പ്രസരണം കുറഞ്ഞ, നിലനില്ക്കുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്കായി വ്യക്തികളും കൂട്ടായ്മയും പ്രവർത്തിക്കണം. അതിന് പ്രോത്സാഹനം നല്കുന്ന ഒരു ഭരണകൂടത്തെയാണ് കേരളത്തിലെ ഹരിതകുലം പ്രതീക്ഷിക്കുന്നത്.
