കഴിഞ്ഞ സംവത്സരങ്ങൾ ഇന്ത്യക്കും ഇടതുപക്ഷത്തിനും കേരളത്തിനും എന്തു സംഭവിച്ചു എന്ന ചിന്തകൾ ചെന്നെത്തുക, ഇടതുപക്ഷ രാഷ്ട്രീയത്തിനേറ്റ ഇടതടവില്ലാത്ത ആഘാതങ്ങളിലാണ്. ഈ ആഘാതങ്ങളും അപചയവും അതു സ്വയം വരുത്തി വെച്ചതാണോ, കാലചക്രത്തിന്റെ ഗതിയിൽ അതിന് സ്വാഭാവികമായി ലഭിച്ച മരണ വാറണ്ടാണോ എന്ന ആലോചനകളും അസ്ഥാനത്തല്ല. "സിദ്ധാന്തമില്ലാത്ത പ്രയോഗവും പ്രയോഗമില്ലാത്ത സിദ്ധാന്തവും വന്ധ്യമായി തീരും" എന്ന ഇടതുപക്ഷത്തിന്റെ സ്വന്തം ആപ്തവാക്യം വെച്ചു ചിന്തിക്കുകയാണെങ്കിൽ, അതിൽ പ്രയോഗ പാളിച്ചകളോടൊപ്പം തന്നെ സിദ്ധാന്ത അന്ധതയും സംഭവിച്ചു എന്ന വാസ്തവത്തിലാണ് നാം എത്തിച്ചേരുക. അതിൽ ഏറ്റവും പ്രധാനം, "സാമ്രാജ്യത്വ വിരുദ്ധത" എന്ന, പരമ്പരാഗതമായി പുലർന്ന, ഇടതുപക്ഷത്തിന്റെ ജീവവായുവായിത്തീർന്ന, നിലപാടിന്റെ നഷ്ടം തന്നെയാണ്.
ഇന്നത്തെ മാർക്സിസം എന്നറിയപ്പെടുന്ന ലെനിനിസം, അറിയപ്പെടുന്നതു തന്നെ സാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തിലെ മാർക്സിസം എന്നാണ്. എല്ലാവർക്കും അറിയുന്നതുപോലെ, ഇതാണ് റഷ്യൻ വിപ്ലവത്തിനും ആഗോള ഇടതുപക്ഷ രാഷ്ട്രീയത്തിനും അടിത്തറ പണിതത്. ഇന്തോനേഷ്യയും ഇറാക്കും ഇറാനും തുർക്കിയും ഇന്ത്യയും അടക്കമുള്ള, മുസ്ലിം ജനതതികൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ, മാർക്സിസവും അതിന്റെ വകഭേദവും വളർന്നു വികസിച്ചത്, "മുസ്ലിം രാഷ്ട്രീയം" കൂടി പങ്കുവെച്ച സാമ്രാജ്യത്വ വിരുദ്ധത എന്ന നട്ടെല്ലിൽ നിന്നാണ്. മുസ്ലിം വിളിപ്പേരുള്ള ഭരണകൂടങ്ങളിൽ നിന്നാണ് കൊളോണിയൽ ശക്തികൾ ആഗോള അധികാരവും നിയന്ത്രണവും കൈയ്യാളിയത് എന്നതുകൊണ്ടാകും മുസ്ലിം ലോകം ഇതിൽ കക്ഷി ചേർന്നത്. സാമ്രാജ്യത്വ രൂപീകരണ ചരിത്രത്തിന്റെ ഘട്ടത്തിൽ അതിനോട് പ്രതിരോധം തീർത്തുകൊണ്ടാണ്, ഇടതുപക്ഷ രാഷ്ട്രീയവും ലെനിനിസ്റ്റ് സംഘടനകളും പിച്ചവെച്ചതും, ജനങ്ങളുടെ ഇച്ഛയുടെ സമ്മതിദാനം നേടിയെടുത്തതും. പേർഷ്യയും തുർക്കിയും മധ്യധരണ്യാഴി രാജ്യങ്ങളും പങ്കുവെച്ച പ്രതിരോധത്തിന്റെ സെക്കുലർ മുഖമായി വേണമെങ്കിൽ ലെനിന്റെ "സാമ്രാജ്യത്വ വിരുദ്ധ തിസീസിന്റെ" അന്ത:സത്തയെ മനസ്സിലാക്കാം. ഇറാൻ വിപ്ലവത്തിന്റെ കാര്യമെടുത്താലും, കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും പപ്പാതി നിലകൊണ്ട് പങ്കെടുത്ത് വിജയിച്ച വിപ്ലവം, പിന്നീട് ഖൊമേനിയും കൂട്ടരും കയ്യടക്കി അതിന് കറുത്ത പർദ്ദ അണിയിക്കുകയായിരുന്നു. മഖ്മൽ ബഫിനെ പോലുള്ളവരുടെ പിൽക്കാല ചലച്ചിത്ര ജീവിതത്തെ രൂപപ്പെടുത്തിയത്, ഇറാൻ വിപ്ലവത്തിലെ തന്റെ കമ്യൂണിസ്റ്റ് പക്ഷ പങ്കാളിത്തത്തിൽ നിന്നായിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സാമ്രാജ്യത്വ വിരുദ്ധതയുടെ സിദ്ധാന്തവും പ്രായോഗികതയും എപ്പോഴെല്ലാം കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കൈമോശം വന്നിട്ടുണ്ടോ, അപ്പോഴൊക്കെ അതിന് അതിന്റെ ജീവൽശാസ്ത്രം നഷ്ടപ്പെടുകയും, ഉർദ്ധശ്വാസം വലിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.
നായർപ്പടയും മുസ്ലിം നാവികരും ചേർന്നുനിന്ന് പോർച്ചുഗീസ് കോട്ട പൊളിച്ച ആദ്യകാല കൊളോണിയൽ വിരുദ്ധ മുന്നേറ്റങ്ങളിലും, പിൽക്കാലത്ത് വഴിമാറിപ്പോയ മലബാർ കലാപങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ ചാവേർപ്പടകളിലും, മുസ്ലിംകൾക്കും ഇതരർക്കും സാധ്യമായിരുന്ന, കൊളോണിയൽ വിരുദ്ധ ഐക്യത്തിന്റെ ആദ്യകാല രൂപങ്ങൾ കാണാമായിരുന്നു. അതുകൊണ്ടാണല്ലോ മലബാർ കലാപത്തെ പാരീസ് കമ്യൂൺ എന്ന് കമ്യൂണിസ്റ്റുകാർ വിളിച്ചത്. കമ്യൂണിസ്റ്റ് കർഷക ഫർക്കകളുടെ മുൻകൈയിൽ പിൽക്കാലത്തു നടന്ന കയ്യൂരിനും കരിവള്ളൂരിനും മുൻപാട്ട് പാടിയ കാർഷിക മുന്നേറ്റങ്ങൾ എന്ന നിലയിലാണ് അവർ മലബാർ പ്രക്ഷോഭങ്ങളെ നോക്കി കണ്ടത്. ഇങ്ങനെ ആഗോളതലത്തിലും അഖിലേന്ത്യാ തലത്തിലും കേരളീയ പശ്ചാത്തലത്തിലും, കമ്യൂണിസത്തിന്റെ പേറ്റുനോവുകൾക്ക് വയറ്റാട്ടിയായത്, "സ്ഥാനഭ്രഷ്ടമാക്കപ്പെട്ട തുർക്കി രക്തം" ഉള്ളിലുള്ള, മുസ്ലിം ചാർച്ചകളുള്ള, കാർഷിക പ്രക്ഷോഭങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധത നിലപാടായിരുന്നു എന്നു കാണാം.
സാമ്രാജ്യത്വ വിരുദ്ധതയുടെ ഈ സിദ്ധാന്തവും പ്രായോഗികതയും എപ്പോഴെല്ലാം കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കൈമോശം വന്നിട്ടുണ്ടോ, അപ്പോഴൊക്കെ അതിന് അതിന്റെ ജീവൽശാസ്ത്രം നഷ്ടപ്പെടുകയും, ഉർദ്ധശ്വാസം വലിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. ചിലപ്പോഴെല്ലാം അത് സ്വയം ഈ നിലപാടിനെ കയ്യൊഴിഞ്ഞപ്പോൾ, മറ്റു ചിലപ്പോൾ സഖ്യകക്ഷിയായ "ഇസ്ലാം" അതിനെ കയ്യൊഴിഞ്ഞപ്പോഴും. ഇറാനിൽ കമ്യൂണിസം ഈ വഞ്ചന നേരിട്ടു. സ്റ്റാലിൻ ക്രൂരതകളിൽ മുസ്ലിം ജനസാമാന്യത്തെ വിപ്ലവം കയ്യൊഴിഞ്ഞപ്പോഴാണ് റഷ്യയിൽ ശിഥിലീകരണം ആരംഭിച്ചത്. ബംഗാളിൽ ആദ്യകാല കമ്യൂണിസ്റ്റ് മുസാഫർ അഹമ്മദിന്റെ പരമ്പരയിലുള്ള, നന്ദിഗ്രാമിലെയും സിങ്കൂരിലെയും മുസ്ലിം ഉരുളക്കിഴങ്ങ് കർഷകരുടെ ഭൂമി, നാനോ കാർ ഫാക്ടറിക്ക് വേണ്ടി കൈവച്ചപ്പോഴാണ് അതു സംഭവിച്ചത്. ജമാഅത്തുകാരുടെ സ്വാധീനത്തിൽ കേരളീയ മുസ്ലിങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടു എന്ന സ്വയം വിലയിരുത്തലിലും ഈ പ്രതിഭാസം തന്നെ പ്രതിഫലിക്കുന്നു.

ഒരർത്ഥത്തിൽ ഇസ്ലാമിന്റെയും കമ്യൂണിസത്തിന്റെയും ഈ സഖ്യബലം തകർക്കുക എന്നത്, എക്കാലത്തെയും സാമ്രാജ്യത്വത്തിന്റെയും കൊളോണിയൽ സാമ്പത്തിക ശക്തികളുടെയും പ്രൊജക്ടും പ്രോഗ്രാമും ആയിരുന്നു. നൂറ്റാണ്ടുകളുടെ ഓറിയന്റൽ വ്യാഖ്യാനങ്ങളുടെയും രീതിശാസ്ത്ര നിർമ്മിതിയുടെയും ചരിത്ര നിർമ്മാണത്തിന്റെയും അക്കാദമിക വ്യവഹാര രൂപീകരണത്തിന്റെയും സാഹിത്യ നിർമ്മാണത്തിന്റെയും ഫലങ്ങൾ, കൊളോണിയൽ ശക്തികൾ കഴിഞ്ഞ സംവത്സരങ്ങളിൽ
അനുഭവിച്ചു തൃപ്തിയടയുന്ന കാഴ്ചകൾ നമ്മുടെ മുന്നിലുണ്ട്. കമ്യൂണിസത്തെയും കിഴക്കിനെയും ഇസ്ലാമിനെയും പൈശാചികവൽക്കരിക്കുകയും അപരവൽക്കരിക്കുകയും ചെയ്ത ഓറിയന്റൽ പ്രൊജക്റ്റ്, ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ കൂടി ഏറ്റെടുത്തതോടെ ആ പതനം പൂർത്തിയായി എന്നു പറയാം.
ഈ പശ്ചാത്തിൽ നോക്കുമ്പോൾ, സി. ദാവൂദിന്റെ "ഇംഗ്ലീഷ് ഇസ്ലാമിന്" ബാധിച്ചിരിക്കുന്ന ചരിത്ര ബോധമില്ലായ്മയും ഇവിടെ ശ്രദ്ധയിൽ വെക്കേണ്ടതുണ്ട്. തന്റെ തന്നെ ഊർജ്ജ സ്രോതസായ ഇറാൻ വിപ്ലവത്തെയും കൊളോണിയലിസത്തിന്റെ ഓറിയന്റൽ പ്രോജക്ടിനെയും ശരിയായി മനസ്സിലാക്കാത്തതു കൊണ്ടുകൂടി സംഭവിക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ അപസ്മാരമാണ് അദ്ദേഹം പ്രഭാത ഭക്ഷണമായി കേരളീയർക്ക് ദിവസവും വിളമ്പുന്നത്. ദാവൂദിന്റെ ബുദ്ധിജീവിതവും, "മീഡിയ വണ്ണി"ന്റെയും" മാധ്യമ"ത്തിന്റെയും "പ്രബോധന"ത്തിന്റെയും ഇടതുപക്ഷ വിരുദ്ധതയും, കാഴ്ച്ച വെയ്ക്കുന്ന കമ്മ്യൂണിസ്റ്റു വിദ്വേഷത്തിന്റെ പരിപ്രേക്ഷ്യങ്ങളും പ്രയോഗങ്ങളും, സ്വന്തം ഇസ്ലാമിനു നേരെത്തെന്നെ ഉതിർക്കുന്ന വെടിമരുന്ന് പ്രയോഗമാണെന്നുള്ള തിരിച്ചറിവിൽ താമസിയാതെ അവർക്ക് എത്തിച്ചേരാതിരിക്കാൻ കഴിയില്ല. വരമ്പത്തിരുന്നു നടത്തുന്ന ഈ "മീഡിയവൺ കളികൾ", ഇരിക്കുന്ന കൊമ്പ് വെട്ടി മുറിക്കുന്ന ഒരു കാളിദാസ പ്രയോഗമായി അധ:പതിക്കുന്ന അശ്ലീലമാണ് നമുക്കു മുമ്പിലുള്ളത്.
അങ്ങനെ സ്വന്തം പാരമ്പര്യങ്ങളെയും രാഷ്ട്രീയ അടിത്തറയെയും കയ്യൊഴിഞ്ഞുകൊണ്ടും
കടയ്ക്കൽ കത്തിവെച്ചുമുള്ള പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷവും, ജമാഅത്ത് എന്ന "മാധ്യമ സംഘടനയും", അവരെയെല്ലാം പിൻപറ്റുന്ന കേരള ജനസാമാന്യവും, ഒരു ഇരുണ്ട ഭാവിയെ പണിയുന്ന ചിത്രത്തിന്റെ സാക്ഷീഭാവത്തിൽ നാം അന്തിച്ചു നിൽക്കുകയാണ്. ഇത്രയും ആമുഖമായി പറയാതെ ഇന്ന് ഇടതുപക്ഷത്തിനും പിണറായി രാഷ്ട്രീയത്തിനും സംഭവിക്കുന്ന വൈപരീത്യങ്ങളെയും വികല്പങ്ങളെയും വിക്ഷേപങ്ങളെയും കണക്കിലെടുക്കാനാവില്ല.
പുതുതായി വികസിച്ചുവന്ന അർത്ഥശാസ്ത്ര പരിപ്രേക്ഷ്യത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായി സന്ധി ചെയ്യിക്കുകയും, അതിന്റെ പ്രയോഗ മാതൃകകൾ സൃഷ്ടിച്ചെടുക്കുകയും ചെയ്തതിൽ നിന്നും ജനിച്ച, വിചിത്ര ശിശുവായിരുന്നു, കഴിഞ്ഞ സംവത്സരങ്ങളിൽ വികസിച്ചുവന്ന ഇടതുപക്ഷം.
രണ്ട്
പൂർവ്വകാലത്ത് സാമ്രാജ്യത്വം അതിന്റെ ക്ലാസിക്കൽ സ്വരൂപത്തിലായിരുന്നു. ദേശ-രാഷ്ട്രങ്ങൾ രൂപം കൊള്ളുന്ന കാലം. വ്യാവസായിക വിപ്ലവം നടന്ന രാജ്യങ്ങളിൽ ഒരു "രാഷ്ട്രീയ അർത്ഥശാസ്ത്രം" രൂപപ്പെടുകയും, ഭൂവുടമാ വർഗ്ഗങ്ങൾ മുതലാളിത്ത സ്വത്തുൽപാദനത്തിലേക്ക് പരിവർത്തനം ചെയ്യുകയും, അതിൽ സാങ്കേതികവും സൈനികവുമായി മുൻപന്തിയിലുള്ള രാജ്യങ്ങൾ സാമ്രാജ്യത്വമായി വികസിക്കുകയും ചെയ്യുന്ന ഈ കാലത്താണ്, രാഷ്ട്രീയ അർത്ഥശാസ്ത്രത്തിന് (political economy) വിമർശവുമായി മാർക്സ് കടന്നുവരുന്നത്. കാൾ മാർക്സിന്റെ "സാമ്പത്തികവും തത്വചിന്താപരവുമായ കയ്യെഴുത്ത് പ്രതികൾ" എന്ന പിൽക്കാലത്ത് കണ്ടെടുത്ത ആദ്യകാല രചന മുതൽ, പൂർത്തിയാക്കാനാകാതെ വിടപറഞ്ഞ "മൂലധന" വാള്യങ്ങൾ വരെ ഉള്ളടങ്ങിയത്, മനുഷ്യരാശിയെ "രാഷ്ട്രീയ അർത്ഥശാസ്ത്രം" ഗ്രസിക്കുന്നതിന്റെ ദു:സ്സൂചനകളും ദുരന്തങ്ങളും വേപഥുകളും നിറഞ്ഞ വിശകലനങ്ങളായിരുന്നു. "പണം മുഖത്ത് ഒരു ചോരപ്പാടുമായി ചരിത്രത്തിലേക്ക് വന്നു, മൂലധനം ഓരോ രോമകൂപങ്ങളിൽ നിന്നും ചോരയും ചലവും ഒലിപ്പിച്ചുകൊണ്ട് രംഗപ്രവേശനം ചെയ്തു" എന്ന്, വിശകലനങ്ങൾക്കൊടുവിൽ കുറിച്ചുകൊണ്ട്, ഗൊയ്ഥെയും ഷേക്സ്പിയറും നിറഞ്ഞ തന്റെ കാവ്യ ലോകത്തിന്റെ ഭാഷയിൽ, മാർക്സ് യൂറോപ്യൻ റൊമാന്റിസസത്തിന്റെ രാഷ്ട്രീയ നീതിശാസ്ത്രം സൃഷ്ടിച്ചു.
യൂറോപ്പിൽ നിന്ന് ദേശരാഷ്ട്രങ്ങളുടെ രൂപീകരണരഥം മൂന്നാം ലോകരാജ്യങ്ങളിലേക്ക് ഉരുണ്ടുനീങ്ങിയത് ലെനിന്റെ കാലത്താണ്. ലെനിന്റെ ദേശീയ സോഷ്യലിസത്തിന്റെ സങ്കൽപ്പനങ്ങളും "സാമ്രാജ്യത്വത്തിന്റെ ദുർബല കണ്ണികളിലെ വിപ്ലവ സാധ്യതാ സിദ്ധാന്തവും," റഷ്യ തൊട്ട് ഇന്ത്യ വരെയും ഇറാക്ക് തൊട്ട് ഇന്തോനേഷ്യ വരെയും ഏഷ്യയിലും ഇതര ഭൂഖണ്ഡങ്ങളിലാകെയും ദേശീയ വിമോചന പ്രക്ഷോഭങ്ങളായി വികസിക്കുകയും, പലസ്തീൻ രാഷ്ട്രാവകാശ പ്രസ്ഥാനം വരെ നീണ്ട് നിലച്ചു പോവുകയും ചെയ്തു. ചൈനയിൽ മാവോയും ഇന്ത്യയിൽ ഗാന്ധിയും വിയറ്റ്നാമിൽ ഹോചിമിനും ലാറ്റിനമേരിക്കയിൽ കാസ്ട്രോയും മധ്യേഷ്യയിൽ യാസർ അറഫാത്തും ഇറ്റലിയിൽ ഗ്രാംഷിയും ജർമ്മനിയിൽ റോസാ ലക്സംബർഗും എല്ലാം ഈ നിലയിൽ അതാത് പ്രദേശങ്ങളിലെ ദേശീയ സോഷ്യലിസത്തിന്റെയും ദേശീയ വിമോചന പ്രസ്ഥാനത്തിന്റെയും വക്താക്കളും പ്രയാക്താക്കളും പ്രക്ഷോഭകാരികളുമായി ഉയർന്നു വന്നു. സോഷ്യലിസത്തിന്റെ ഈ "ലെനിനിസ്റ്റ് ദേശീയത"യുടെയും "സംഘടനയുടെയും" അനുരണനങ്ങളിലൂടെയാണ്, ഇന്റർനാഷണൽ പിരിച്ചുവിട്ടുകൊണ്ട്, അതാത് ദേശത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ രൂപം കൊണ്ടത്. ഇന്ത്യയും അതിന്റെ ബാക്കിപത്രമായിരുന്നു. അപ്പോഴൊക്കെ, സാമ്രാജ്യത്വവും കൊളോണിയലിസവും എന്ന നിലയിൽ വികസിച്ച രാഷ്ട്രീയ അർത്ഥശാസ്ത്രത്തെ എതിരിട്ടുകൊണ്ട്, അവരവരുടേതായ നിലയിലുള്ള തത്വങ്ങളും സിദ്ധാന്തങ്ങളും പരിപാടികളും അതാതു
ദേശത്തെ പാർട്ടികൾ വികസിപ്പിച്ചെടുത്തു. നഗരങ്ങളിൽ ഫാക്ടറി തൊഴിലാളികളെയും ഗ്രാമങ്ങളിൽ പട്ടിണിപ്പാവങ്ങളെയും സംഘടിപ്പിച്ചുകൊണ്ട്, ഈ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളാകാം എന്ന പ്രതീക്ഷയിലാണ് കമ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിച്ചത്.

സാമ്രാജ്യത്വത്തിനും അതിന് ഓശാന പാടിയ സവർണ്ണ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയുള്ള ജന്മിത്വമേധാവിത്വത്തിനും എതിരായ മുന്നേറ്റങ്ങൾ തന്നെയാണ്, കേരളത്തിലും കമ്യൂണിസത്തെ സാധ്യമാക്കിയത്. യഥാർത്ഥത്തിൽ ഇത് "വിപ്ലവകരം" എന്നതിലുപരി "നവോത്ഥാനപരമായ സംരംഭങ്ങൾ" ആയിരുന്നു എന്ന് പിൽക്കാല ചരിത്ര വായനകൾ തെളിയിച്ചു. പ്രാദേശികാടിസ്ഥാനത്തിലുള്ള ഒരു മുതലാളിത്തം ഈ പ്രസ്ഥാനങ്ങളെയെല്ലാം പതുക്കെ സ്വാംശീകരിക്കുകയാണ് പിന്നീടുണ്ടായത്. അങ്ങനെയാണ് കേരള രൂപീകരണത്തോടൊപ്പം ഒരു ഇടതുപക്ഷ സർക്കാരും, കമ്യൂണിസ്റ്റ് കാർമികത്വത്തിൽ നിലവിൽ വന്നത്. ഒരു നിലയിൽ ചരിത്ര സാധുത ഉണ്ടായിരുന്ന ഈ മുന്നേറ്റത്തെയാണ്, പിണറായിയുടെ പുത്തൻ പോളിസികൾ പുതിയ ദിശകളിലേക്ക് നയിച്ചത്. ഇത് പിണറായി വിജയൻ എന്ന വ്യക്തിയുടെ സ്വഭാവദൂഷ്യമോ, അദ്ദേഹം കേരളത്തിനു നൽകിയ രാഷ്ട്രീയ സംഭാവനയുടെ ആഴക്കുറവോ ആയി കാണരുത്. ഒരു മനുഷ്യൻ എന്ന നിലയിലും ലെനിസ്റ്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ സ്നേഹവും കരുതലും ഉത്തരവാദിത്വബോധവും നേതൃശേഷിയും കേരളത്തിന്റെ സമകാലീന നിലനിൽപ്പിൽ വളരെ പോസിറ്റീവായ പല കാര്യങ്ങളും നിർവ്വഹിച്ചിട്ടുണ്ട്.
എന്നാൽ മാർക്സിസത്തിന്റെ "രാഷ്ട്രീയ അർത്ഥശാസ്ത്ര വിമർശനത്തിന്റെ കാതൽ" ഉൾക്കൊള്ളാൻ പിണറായിക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് ദളങ്ങൾക്കും സംഘടനാ നേതൃത്വങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഈ വിമർശമാണ് നാം മുന്നോട്ട് വെയ്ക്കുന്നത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും അകത്തളങ്ങളിൽ അലയുന്ന ഒരു ഇൻസൈഡർ എന്ന നിലയിലുള്ള വിമർശനമാണ് ഇതെന്നും ഓർക്കണം. പിണറായി വിജയൻ കേരള കമ്യൂണിസത്തിൽ ഉദ്ഘാടനം ചെയ്ത, രാഷ്ട്രീയത്തെ അർത്ഥശാസ്ത്രത്തോട് കൂട്ടിക്കെട്ടുന്ന നിലപാടുകളോടുള്ള വിമർശനം, പോരാടിത്തോറ്റ ഏതെങ്കിലും സഹയാത്രികരുടെ നിലപാടിൽ നിന്നുമല്ല അവതരിപ്പിക്കുന്നത്. സിദ്ധാന്തവും പ്രയോഗവും അനുഭവങ്ങളും സമന്വയിക്കുന്ന ഒരു നിരീക്ഷണ ബുദ്ധിയുടെ വിശകലനങ്ങൾ എന്ന നിലയിലാണ് ഇത് നിർദ്ദാക്ഷിണ്യമാകുന്നത്. മാർക്സ് പറയുന്നതുപോലെ, "വിമർശനം നിർദാക്ഷിണ്യമാണ്" എന്ന കാര്യത്തിൽ സംശയമില്ല. 'അതിന്റെ ഭവിഷ്യത്തുകളെ ഭയപ്പെടുന്നില്ല" എന്ന അർത്ഥത്തിലും ഈ വിമർശനം തികച്ചും സിദ്ധാന്തപരവും മാർക്സിസത്തിന്റെ യഥാർത്ഥ വിമർശ പാരമ്പര്യത്തിൽ നിലകൊള്ളുന്നതുമത്രെ.
മൂന്ന്
ഇ.എം.എസ് മുതലുള്ള കേരള കമ്യൂണിസ്റ്റുകൾ മുതലാളിത്തത്തെ താങ്ങിയും തലോടിയുമാണ്, "നമ്പൂതിരി ഉൾക്കൊള്ളുന്ന ജാതി ഹിന്ദുക്കളെ മനുഷ്യരാക്കുന്ന" നവോത്ഥാന സംരംഭങ്ങളും രാഷ്ട്രീയ ധർമ്മശാസ്ത്രവും തങ്ങളുടെ നിലയിലും നിലവാരത്തിലും വികസിപ്പിച്ചു മുന്നോട്ടു കൊണ്ടുപോയത്. ഈ നൈരന്തര്യത്തിൽ പിണറായി വിജയൻ മുന്നോട്ടുവെച്ച രാഷ്ട്രീയപ്രയോഗം തികഞ്ഞ നിലയിൽ ഒരു വിഛേദനത്തെ അടയാളപ്പെടുത്തുന്നുണ്ട്. ആ നിലയിലാണ് കേരള രാഷ്ട്രീയത്തിലും കേരളീയ നവോത്ഥാന സംരംഭങ്ങളുടെ തുടർച്ചയിലും പിണറായി വിജയൻ പ്രശംസിക്കപ്പെടേണ്ടതും വിമർശിക്കപ്പെടേണ്ടതും. ഇ.എം.എസിൽ നിന്ന് പിണറായിയിലേക്ക് എത്തുമ്പോൾ ഉള്ള ദൂരമാണത്.
മുതലാളിത്തത്തെ തൊട്ടും തലോടിയും പരീക്ഷിച്ചും പരാജയപ്പെട്ടും, ഗോളിയോർ റയോൺസും സൈലന്റ് വാലി പ്രക്ഷോഭവും അടങ്ങുന്ന, "ഇഎംഎസ് രാഷ്ട്രീയ യുക്തി" നയിച്ച ഇടതുപക്ഷ കേരളം, ക്ലാസിക്കൽ മുതലാളിത്ത ക്രമത്തിൽ പിച്ചവെച്ച ഒന്നായിരുന്നു. നവോത്ഥാന സംരംഭങ്ങൾക്കു ശേഷം കേരളത്തിന് ഒരു സാമ്പത്തിക രാഷ്ട്രീയ അടിത്തറ നൽകുന്ന ചരിത്രധർമ്മമാണ് അതിനുണ്ടായിരുന്നത്. അതപ്പോഴൊന്നും രാഷ്ട്രീയത്തെ അർത്ഥശാസ്ത്രവുമായി ബന്ധിപ്പിക്കുകയുണ്ടായിട്ടില്ല. രാഷ്ട്രീയ അർത്ഥശാസ്ത്രം കൈകാര്യം ചെയ്യാൻ നിർബന്ധിക്കപ്പെട്ട ബൂർഷ്വാ ശക്തികളോട്, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ധർമ്മശാസ്ത്രം കൊണ്ട് പ്രതിരോധ പരീക്ഷണം നടത്തുന്ന ഒരു റൊമാന്റിസിസം അപ്പോഴും അതു കാഴ്ചവച്ചു. മുതലാളിത്ത ശക്തികളും, അതിനെ ഭാഗികമായി പ്രതിനിധാനം ചെയ്ത വലതുപക്ഷ രാഷ്ട്രീയവും കൈകാര്യം ചെയ്ത, ജാതി, സാമുദായിക, മത രാഷ്ട്രീയത്തിനോട് എതിരിട്ട്, അതിന് ഒരു ബദൽ കണ്ടെത്താൻ ശ്രമിച്ചുകൊണ്ട്, സെക്കുലറും മാർക്സിയൻ വിശകലനോപാധികൾ പരീക്ഷിക്കാൻ ശ്രമിച്ചതുമായ, ഒരു "അവിയൽ രാഷ്ട്രീയമാണ്" ഇ.എം.എസ് കൈകാര്യം ചെയ്തത്.
അതുവരെ മാർക്സിസം കൈകാര്യം ചെയ്ത വിമർശ ശാസ്ത്രത്തിൽ നിന്നും വിശകലന ഉപാധികളിൽ നിന്നും ഇടതുപക്ഷം എന്നന്നേക്കുമായി ചുവടുമാറുന്ന വളരെ വിചിത്രമായ കാഴ്ചകളാണ് കഴിഞ്ഞ പതിറ്റാണ്ടിൽ കേരളം കണ്ടത്.
അതിനാകട്ടെ, ഒരു ഗാന്ധിയൻ നീതിബോധവും ഉണ്ടായിരുന്നു. ഈ ധർമ്മ ശാസ്ത്രത്തെയും വിശകലനോപാധികളെയും കയ്യൊഴിയുകയും, വർധമാനമായി വളർന്നു വികസിച്ച "രാഷ്ട്രീയ അർത്ഥശാസ്ത്രത്തെ" പുണരുകയും ചെയ്ത ഒരു നയവ്യതിയാനമാണ്, പിണറായി നേതൃത്വം നൽകിയ, കഴിഞ്ഞ സംവത്സരങ്ങളിലെ കേരളീയ ഇടതുപക്ഷം അടയാളപ്പെടുത്തുന്നത്. ക്ലാസിക്കൽ സാമ്രാജ്യത്വം നിയോ ലിബറലിസമായി വികസിക്കുകയും അനലോഗ് ആയ സാങ്കേതിക വിദ്യകൾ ഡിജിറ്റലായി പരിണമിക്കുകയും ചെയ്ത കാലസന്ധിയിലാണ്, രാഷ്ട്രീയത്തെയും സമ്പദ്ശാസ്ത്രത്തെയും സാംസ്കാരിക ജീവിതത്തെയും സംബന്ധിച്ച ശരിയായ ഉൾക്കാഴ്ചകൾ വികസിപ്പിക്കാൻ കഴിയാത്ത സ്ഥിതിയിൽ, പ്രത്യയശാസ്ത്രപരമായ ഒരബോധ ഭൂമികയിൽ നിന്നുള്ള പ്രയോഗം എന്ന നിലയിൽ, പിണറായിയുടെ ഈ പുതിയ അർഥശാസ്ത്രപ്രയോഗവും വികസനപരീക്ഷണവും രംഗം കയ്യാളിയത്. ഇത് പിണറായി മാത്രമായി കൊണ്ടുവന്ന ഒന്നല്ല.
ലോക ബാങ്കും വേൾഡ് ട്രേഡ് ഓർഗനൈസേഷനും എ ഡി ബി ഉൾക്കൊള്ളുന്ന ബാങ്കിംഗ് മൂലധന ശക്തികളും ഫിനാൻസ് മൂലധനവും വികസിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്ത ചില മാതൃകകളെ പിൻപറ്റിയ, ഇടതുപക്ഷ സൈദ്ധാന്തികരുടെയും സാമ്പത്തിക വിശാരദരുടെയും മുൻകയ്യുകളെ, പിണറായി സ്വാംശീകരിച്ചു സ്വന്തമാക്കിയതിലൂടെ സംഭവിച്ചതാണ്. അക്കാദമിക സമ്പദ് ശാസ്ത്രത്തിന്റെ കാര്യത്തിൽ തോമസ് ഐസക്കും പ്രോപർട്ടി സോഫ്റ്റ്‌വെയർ കമ്പനികളുമായുള്ള ചങ്ങാത്തത്തിലൂടെ പി. രാജീവും തന്റെ സഹകരണ ബാങ്കിംഗ് മേഖലയിലെ അനുഭവങ്ങളിലൂടെ ആർജിച്ച അറിവിലൂടെ പിണറായി വിജയനും അടങ്ങുന്ന, പുത്തൻ കമ്യൂണിസ്റ്റുവാദത്തിന്റെ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ആകെത്തുകയാണത്. യുക്തികൾ മാത്രമല്ല വ്യക്തികളും ഇതിൽ പങ്കാളിത്തം പുലർത്തിയിട്ടുണ്ട് എന്ന അർത്ഥത്തിലാണ് ഇവിടെ ഈ പേരുകളെല്ലാം പരാമർശിക്കുന്നത്. അവരോടൊന്നും നമ്മുടെ മാധ്യമലോകം പുലർത്തുന്ന ബാലിശമായ വിദ്വേഷ ശൈലീവല്ലഭത്വത്തിലല്ല ഇവിടെ അവരെ വിമർശന വിധേയരാക്കുന്നത്. ചില പ്രവണതകളുടെയും പ്രയോഗത്തിന്റെയും സിദ്ധാന്തീകരണത്തിന്റെയും കാലത്തിന്റെ പ്രതിനിധികൾ എന്ന നിലയിലാണ്.
ഇങ്ങനെ, പുതുതായി വികസിച്ചുവന്ന അർത്ഥശാസ്ത്ര പരിപ്രേക്ഷ്യത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായി സന്ധി ചെയ്യിക്കുകയും, അതിന്റെ പ്രയോഗ മാതൃകകൾ സൃഷ്ടിച്ചെടുക്കുകയും ചെയ്തതിൽ നിന്നും ജനിച്ച, വിചിത്ര ശിശുവായിരുന്നു, കഴിഞ്ഞ സംവത്സരങ്ങളിൽ വികസിച്ചു വന്ന ഇടതുപക്ഷം. അത് ഫലത്തിൽ, നിയോ ലിബറൽ ബൂർഷ്വാ സാമ്പത്തിക വികസന വിനിമയ മാതൃകകളെയും രൂപങ്ങളെയും സ്വാംശീകരിച്ചു സ്വന്തമാക്കി. രാഷ്ട്രീയ അർത്ഥശാസ്ത്രത്തിന്റെ പുത്തൻ സാമ്പത്തിക മാതൃകകളുമായി ഇടതുപക്ഷത്തെയും ഭരണ നീതിയെയും കണ്ണി ചേർത്തതിലൂടെയാണ്, ഈ പരീക്ഷണ പരാജയങ്ങളെല്ലാം സംഭവിച്ചത്. കഴിഞ്ഞ സംവത്സരങ്ങളിലെ കേരളീയ രാഷ്ട്രീയത്തെ നാം വിശകലനം ചെയ്യുമ്പോൾ, നിയോലിബറൽ കാലത്തെ മൂലധന വാഴ്ചയുടെ പുത്തൻ രാഷ്ട്രീയ അർത്ഥശാസ്ത്രത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി കേരളത്തിലെ ഇടതുപക്ഷ നേതൃത്വം മാറിപ്പോയ കാഴ്ചയാണ് നാം കണ്ടത്.

നാല്
ഈ പുതിയ അർത്ഥശാസ്ത്രത്തിന്റെ പ്രയോഗം എന്ന നിലയിലാണ് "വികസനം" എന്ന മുദ്രാവാക്യത്തെ മുമ്പില്ലാത്ത വിധം മുന്നോട്ടുവെക്കുന്നതിൽ കേരളത്തിലെയും ബംഗാളിലെയും ഇടതുപക്ഷ രാഷ്ട്രീയം "വിജയിച്ചു പരാജയപ്പെട്ടത്". വികസനത്തിന്റെ ഈ വായ്ത്താരികളാണ് രാഷ്ട്രീയ ധർമ്മശാസ്ത്രത്തെ മറന്നുള്ള ഒരു ബൂർഷ്വാ വികസനമായി രൂപം കൊണ്ടത്. അതുവരെ മാർക്സിസം കൈകാര്യം ചെയ്ത വിമർശ ശാസ്ത്രത്തിൽ നിന്നും വിശകലന ഉപാധികളിൽ നിന്നും ഇടതുപക്ഷം എന്നന്നേക്കുമായി ചുവടുമാറുന്ന വളരെ വിചിത്രമായ കാഴ്ചകളാണ് കഴിഞ്ഞ പതിറ്റാണ്ടിൽ കേരളം കണ്ടത്. അതുവരെ, മണ്ണിൽ പണിയെടുക്കുന്ന വിഭാഗങ്ങളെയും ദരിദ്ര കർഷകരെയും തെങ്ങുകയറ്റ തൊഴിലാളികളെയും നിർമ്മാണ തൊഴിലാളികളെയും കശുവണ്ടി-കൈത്തറി-ബീഡി- ഓട് വ്യവസായ തൊഴിലാളികളെയും അവരുടെ ക്ഷേമത്തെയും കൂലി വർദ്ധനവിനെയും അവകാശ പോരാട്ടങ്ങളെയും പ്രതിനിധീകരിച്ച്, അവർക്ക് ആശയവും അഭിലാഷവും പ്രത്യാശയും അസ്തിത്വവും ജീവിതാനന്ദവും നൽകിയിരുന്ന കമ്യൂണിസ്റ്റ് നേതൃത്വവും ഇടതുപക്ഷ പ്രസ്ഥാനവും, അടിസ്ഥാനപരമായ തങ്ങളുടെ ഈ കടമയിൽ നിന്ന് പിൻവാങ്ങുകയും, മധ്യവർഗ്ഗത്തെയും വ്യാപാരി വർഗ്ഗങ്ങളെയും റിയൽ എസ്റ്റേറ്റ് ലോബികളെയും ഉന്നതവർഗ്ഗ ജാതികളെയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും, അവരുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയത്തെയും വികസനത്തെയും വിവരവിനിമയത്തെയും വിദ്യാഭ്യാസത്തെയും സാംസ്കാരിക ജീവിതത്തെയും സാമ്പത്തിക അഭിവൃദ്ധി മോഡലുകളെയും നോക്കിക്കാണുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. മുമ്പൊരിക്കലും ഇടതുപക്ഷം ഏറ്റെടുത്തിട്ടില്ലാത്ത ദൗത്യമായിരുന്നു ഇത്.
ഇങ്ങനെ തങ്ങൾ പരമ്പരാഗതമായി നിലകൊണ്ട അടിസ്ഥാന വർഗ്ഗങ്ങളുടെ ക്ഷേമത്തിൽ നിന്നും ഐശ്വര്യത്തിൽ നിന്നും കണ്ണുപാളുകയും, പുത്തൻ മുതലാളിത്തത്തിനും ഖനന മാഫിയയ്ക്കും സാമ്രാജ്യത്വ മോഡലിനും അനുഗുണമായ ഗ്രാമീണ വികസനവും, ചരക്കു നീക്കങ്ങളുടെ അന്തർദേശീയ പാതകളുടെ ഭാഗമായുള്ള ഹൈവേകളുടെ നിർമ്മാണത്തിലും മുഴുവൻ സമയവും സമ്പത്തും സംഘടനാ ശേഷിയും ഊർജ്ജവും വിനിയോഗിക്കുകയും വ്യാപാര മുതലാളികളുടെയും എൻ.ആർ.ഐ വർഗങ്ങളുടെയും താൽപര്യങ്ങൾക്കും, അവരുടെ സാമ്പത്തിക വിനിമയത്തിലൂടെയും വിദ്യാഭ്യാസത്തിലെയും രൂപപ്പെട്ട മധ്യവർത്തി സമൂഹങ്ങളുടെ തൃപ്തിയെ ലക്ഷ്യം വെച്ച് രാഷ്ട്രീയ മുദ്രവാക്യങ്ങൾക്കു രൂപം കൊടുക്കുകയും ചെയ്യുന്ന, വ്യാപകമായ നയമാറ്റങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന കാഴ്ചകൾ.
വിലവർദ്ധനവ് പിടിച്ചു കെട്ടാൻ പരമ്പരാഗതമായി ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടികളും ചെയ്തു പോരുന്ന സമരപ്രക്ഷോഭങ്ങൾ അവസാനിപ്പിക്കുകയും, സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ വില നിലവാരത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്താനുള്ള നടപടികളോ സംവിധാനങ്ങളോ ഉണ്ടാക്കുന്നതിൽ വിമുഖരാവുകയും ചെയ്യുന്ന സ്ഥിവിശേഷം. ബൂർഷ്വാ വികസനത്തിന്റെയും ഫൈവ് സ്റ്റാർ ജീവിതത്തിന്റെയും സൂചികകളെ വളർച്ചാ രേഖയായി അവതരിപ്പിച്ച്, ബൂർഷ്വാ വികസനത്തിന്റെ നായകരായി, ഭാഷയിലും ശരീരത്തിലും അതിന്റെ വടുക്കുകൾ പേറുന്ന സ്ഥിതിയുടെ പ്രതിനിധികളായി ഇടതുപക്ഷ നേതൃത്വവും കമ്യൂണിസ്റ്റ് നേതാക്കളും കരടിവേഷങ്ങൾ കൈകൊണ്ട വിചിത്രമായ നാടകം. ഹോട്ടലുകളുടെയും മോട്ടലുകളുടെയും റിസോർട്ടുകളുടെയും ഭക്ഷണശാലകളുടെയും മസാജ് സെന്ററുകളുടെയും അശാസ്ത്രീയവും അനാരോഗ്യകരവും ആശങ്കാജനവുമായ ശൃംഖലകൾ യാതൊരു ധർമ്മമൂല്യങ്ങളും ഇല്ലാതെ തുറന്നിടുന്നതിന് സർക്കാർ നൽകുന്ന ഒത്താശയും ലൈസൻസും. ഭക്ഷണ വസ്തുക്കൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ വിലയീടാക്കുന്നതിന്റെയും, വിഷാംശമായി മാറുന്ന റെസിപ്പുകളുടെ പരീക്ഷണശാലയായി കേരളം മാറുകയും ചെയ്യുന്ന അവസ്ഥകൾ.
ഇതിന്റെ പ്രതിഫലനമെന്നോണം കേരളം ജീവിതശൈലീ രോഗങ്ങളുടെ സാനിറ്റോറിയമായി മാറി. ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ പരീക്ഷണശാലയായി മാറി. ആശുപത്രികൾ വ്യവസായിക അടിസ്ഥാനത്തിൽ ഇൻവെസ്റ്റർമാരെ ആകർഷിച്ചു. ഒരു ലക്കും ലഗാനുമില്ലാതെ ആശുപത്രികളും ആതുരാലയങ്ങളും സ്വകാര്യ മേഖലകളിൽ തളച്ചു വളരുകയും ആരോഗ്യരംഗം കഴുത്തറുപ്പൻ മത്സരത്തിന്റെയും കച്ചവട താൽപര്യങ്ങളുടെയും വിളനിലമായിത്തീരുകയും ചെയ്തു. ആരോഗ്യരംഗത്തെ ധാർമ്മികത മുഴുവൻ അസ്തമിക്കുകയും രോഗികളെ നിർമ്മിക്കുകയും അവരെ കൊമേഴ്സ്യൽ അടിസ്ഥാനത്തിൽ ചികിത്സിക്കുകയും ചെയ്യുന്ന ഒരു ഫാക്ടറിയായി കേരളം മാറിപ്പോകുകയും ചെയ്തു.
വിദ്യാഭ്യാസരംഗം പൂർണമായി കൊമേഴ്സ്യൽ താൽപര്യങ്ങൾക്ക് വിധേയപ്പെടുകയും, ഭാഷയും ശാസ്ത്രവും കേവല വില്പനസാമഗ്രികളായി അധ:പതിക്കുകയും ചെയ്ത നിലവാര തകർച്ചകൾ. കേരളം സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും നേടിയെടുത്ത എല്ലാ വിദ്യാഭ്യാസ അവകാശങ്ങളും അടിതെറ്റി വീണു. സ്വാശ്രയ കോളേജുകളുടെയും കമേർഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിളഭൂമിയായി നമ്മുടെ ദേശം മാറി. കേരളീയരുടെ തലച്ചോറിനെ വിദേശ സർവകലാശാലകൾക്ക് പണയം വെക്കുന്നതിൽ ഒരു നാട്യവും ഇല്ലാതായി.
പുരോഗമന സാഹിത്യവും ജീവൽ സാഹിത്യ പ്രസ്ഥാനവും എല്ലാം തിരശ്ശീല വീണ നാടകശാലകളായി തീർന്നിരിക്കുന്നു. ഭരണവും സമരവും സമാന്തര ജീവിതങ്ങൾ തീർത്ത ഇടതുപക്ഷ രാഷ്ട്രീയത്തെ അർത്ഥശാസ്ത്രത്തിന് അടിയറ വെച്ചതിന്റെ ദുരന്തത്തിന്റെ പേരാണ് ഇന്ന് കേരളീയ ഇടതുപക്ഷം.
കൊച്ചു കൊച്ചു സേവനങ്ങൾക്കു പോലും നികുതി ഈടാക്കുകയും എല്ലാതരം കരങ്ങളും വർദ്ധിപ്പിക്കുകയും, പുതുതായി സെസ്സുകൾ ഏർപ്പെടുത്തുകയും ചെയ്തുകൊണ്ട്, ടാക്സേഷൻ രംഗത്ത് ഉണ്ടായ സർക്കാർ നീക്കങ്ങൾ ഒരു ചാണക്യ നീതിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു. ഭരണകൂടം ഒരു കവർച്ചാസംഘമായ മാറുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ജനജീവിതവും സാധാരണ പൗരന്റെ വ്യവഹാരങ്ങളും ദുസ്സഹമായ നിലയിലേക്ക് പരിവർത്തനം കൊണ്ടു. ഇതിനെല്ലാം ഇടതുപക്ഷ സർക്കാറുകൾ പിതൃത്വം നൽകുന്ന സ്ഥിതി ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. വികസന പരിപ്രേക്ഷ്യത്തിലെ ജനകീയ കാഴ്ചയെ കയ്യൊഴിഞ്ഞതിന്റെ പരിണിതഫലമായിരുന്നു ഇതെല്ലാം. ഈ നിലയിലാണ് പിണറായി സർക്കാറുകൾ നിയോ ലിബറലിസത്തിന്റെ പിൻ പാട്ടുകാരായത്. ബൂർഷ്വാ അർത്ഥശാസ്ത്രത്തിന്റെ വക്താക്കളും രാഷ്ട്രീയനൈതികതയെ സമ്പത്തിന് പണയം വെയ്ക്കുന്ന ഭരണനേതൃവുമായി അത് നിലവാര തകർച്ചകൾ നേരിട്ടു.
കേരളീയ ജീവിതത്തിൽ ഈ പരിതോവസ്ഥകൾ തീർത്ത പ്രതിസന്ധികൾ, ഒരു ഫിലാത്രോഫി മുതലാളിത്ത കാഴ്ചപ്പാടോടെ പരിഹാരം കണ്ടുകളയാം എന്നു വ്യാമോഹിച്ചു. പെൻഷൻ വർദ്ധനവും കിറ്റ് വിതരണവും യഥാർത്ഥ ജനക്ഷേമ സർക്കാരുകളുടെ ശരിയായ ഇടപെടൽ എന്ന നിലയിലല്ല, തങ്ങൾ മുഖ്യശ്രദ്ധ നൽകിയ നിയോ ലിബറൽ വികസന വാഴ്ചയ്ക്ക് വന്നുചേരാവുന്ന എതിർ ശബ്ദങ്ങളെ വായടപ്പിക്കുന്ന തന്ത്ര പരിപാടികളായി കണ്ടാണ് നടപ്പിലാക്കിയത്. ചുരുക്കത്തിൽ, നിയോ ലിബറൽ വികസനത്തിന്റെ വക്താക്കളായി, സാമ്രാജ്യത്വ വികസന കേന്ദ്രങ്ങളുടെയും ബാങ്കിംഗ് മൂലധനവാഴ്ചയുടെയും കയ്യടി നേടുക എന്ന ലക്ഷ്യത്തോടെ, പരസ്യ പ്രചാരണ മാർഗ്ഗങ്ങളും പി.ആർ.ഒ രീതികളും ഉപയോഗിച്ചുകൊണ്ട്, ഒരു കൺസൾട്ടൻസി വിലാസമായി കേരളത്തെ മാറ്റിയതിന്, പിണറായി യുഗത്തിന്റെ പങ്കിനെ വിമർശനരഹിതമായി തള്ളിക്കളയാനാവില്ല.
ജനക്ഷേമ സർക്കാർ എന്ന "കെയ്നീഷ്യൻ സമ്പദ്ശാസ്ത്ര കാഴ്ചപ്പാടിന്റെ" ബൂർഷ്വാ രീതികൾ പോലും കയ്യൊഴിഞ്ഞു. ഇടതുപക്ഷ സർക്കാരുകളുടെ മുൻകാല ജനക്ഷേമ ഇടപെടൽ മാതൃകകളിൽ നിന്ന് വഴിമാറി സഞ്ചരിച്ചു. തട്ടിപ്പുകളിലൂടെയും കെട്ടുകാഴ്ച്ചകളിലൂടെയും ട്രിക്കുകളിലൂടെയും ജനകീയേച്ഛയെ കൈകാര്യം ചെയ്ത്, താൽക്കാലിക വിജയമാഘോഷിക്കുകയും, അത്തരം ഹ്രസ്വകാലവിജയങ്ങൾ വ്യക്തി വിജയങ്ങളായിക്കണ്ട് വീരാരാധനയിൽ മുഴുകുകയും ചെയ്യുന്ന ഒരു നേതൃത്വമായി ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ ചരിത്രത്തിൽ ഒരു ഹംസഗാനം പാടുകയാണിപ്പോൾ. വികസനത്തിന്റെ ഈ നിയോലിബറൽ കെണികളുടെ വക്താക്കളായതിന്റെ പിതൃത്വത്തിൽ നിന്ന് പെട്ടെന്നൊന്നും പിൻവാങ്ങാനോ ഉത്തരവാദിത്വമൊഴിയാനോ കഴിയാനാവാത്ത വിധം, പലവിധ സാമ്പത്തിക അഴിമതികളുടെയും നിയമ കുരുക്കുകളുടെയും വലയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതൃത്വം ചെന്നു വീണതിന്റെ വാർത്തകൾ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
സൈദ്ധാന്തികവും നയപരിപാടികളുടെ ആസൂത്രണത്തിലുള്ള അറിവില്ലായ്മയും അന്ധതയും ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കും എന്നും, അതിന്റെ വേലിയിറക്കം അനിവാര്യമാക്കുന്ന ചെയ്തികളിലൂടെയാണ് അത് കടന്നുപോകുന്നതെന്നും, പ്രഭാത് പട്നായിക്കിനെ പോലുള്ള, മാർക്സിയൻ വിശകലന രീതികൾ പ്രയോഗിക്കുകയും, ഇന്ത്യൻ ഇടതുപക്ഷത്തെ കലവറയില്ലാതെ പിന്തുണക്കുകയും ചെയ്തുപോരുന്ന, സാമ്പത്തിക വിദഗ്ധരും ബുദ്ധിജീവികളും അതാത് സമയത്ത് ചൂണ്ടിക്കാണിച്ചത് ചെവികൊള്ളാത്ത ദുരന്തം കൂടിയായി, കേരളത്തിലെയും ബംഗാളിലെയും ഇടതുപക്ഷ സർക്കാറുകൾ മാറിപ്പോയത് കൊണ്ട് കൂടിയാണ്, ഇപ്പോൾ ഇടതുപക്ഷം നേരിടുന്ന ഈ ജനരോഷം. ദേശീയ സമ്പദ്ഘടനയെ സാമ്രാജ്യത്വത്തിന് അടിയറ വെച്ച അർജന്റീന ചെന്നകപ്പെട്ടത് പോലുള്ള അരാജകത്വവും സാമ്പത്തിക പ്രതിസന്ധിയും കേരളം നേരിടുന്ന സ്ഥിതിയുടെ ഓട്ടപ്രദക്ഷിണമാണ് നാം നടത്തുന്നത്.

ഒരു ഭാഗത്ത് കരാറുകാരുടെയും മറ്റു സാമ്പത്തിക ലോബികളുടെയും താല്പര്യത്തിന് കീഴടങ്ങി നിർമ്മിച്ച ഹൈവേ വികസനം നേരിടുന്ന പ്രതിസന്ധി. കേരളത്തിന്റെ പരിസ്ഥിതിക്കോ ജനസാന്ദ്രതയ്ക്കോ ജീവിത വ്യാപാരത്തിനോ ഒട്ടും ചേരാത്ത നിലയിലുള്ള ഒരു മാതൃകയിലാണ് ഈ ഹൈവേകൾ കേരളമങ്ങോളമിങ്ങോളം കെട്ടിപ്പൊക്കിയിരിക്കുന്നത്. കേരളത്തിലെ കാലവർഷത്തെയോ കാലാവസ്ഥയെയോ കാലാവസ്ഥയിൽ സംഭവിച്ച പുതിയ വ്യതിയാനങ്ങളെയോ വൈവിധ്യമാർന്ന കേരളത്തിന്റെ ഭൂപരിതസ്ഥിതികളേയോ വിവിധ കമ്മീഷനുകൾ ചൂണ്ടിക്കാണിച്ച പാരിസ്ഥിതിക ദുരന്ത സാധ്യതകളെയോ, കണക്കിലെടുക്കുകയോ ഗൗനിക്കുകയോ ചെയ്യാത്ത ഈ ഹൈവേകൾ, ഓരോ വർഷകാലത്തും ഉണ്ടാക്കുന്ന വെള്ളക്കെട്ടുകൾക്കും ജലം കെട്ടി നിന്നുണ്ടാകുന്ന തകർച്ചകൾക്കും ഇതിനകം തന്നെ കേരളം സാക്ഷിയായി കഴിഞ്ഞു. നീരുറവകളെയും നീരൊഴുക്കിനെയും ജലാശയങ്ങളുടെ സാന്നിധ്യത്തെയും കണക്കിലെടുക്കാതെയും, തൊട്ടടുത്ത പാടശേഖരങ്ങളെയും ജനജീവിതത്തെയും കൃഷിയെയും വ്യാപാര സ്ഥാപനങ്ങളെയും പരിഗണിക്കാതെയും നടത്തിയിട്ടുള്ള ഈ ഹൈവേ നിർമ്മാണം, കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെയും പാരിസ്ഥിതിക സന്തുലനാവസ്ഥയെയും അപകടപ്പെടുത്തിയിരിക്കുന്നു. ഇടതുപക്ഷ വികസന കാഴ്ചപ്പാടിന്റെ എന്നെന്നേക്കുമുള്ള ദുരന്ത സ്മാരകമായിത്തീരും ഇവ എന്ന കാര്യത്തിൽ സംശയമില്ല.
ഗുജറാത്ത് മോഡലിലുള്ള ഈ വികസനം, ഇടതുപക്ഷത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെയും അതോടൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ കേഡർ സംവിധാനത്തിന്റെ സംഘടനാ ശക്തിയെയും ഉപയോഗിച്ചുകൊണ്ടാണ് നടപ്പിൽ വരുത്തിയത്. അതിനാൽ തന്നെ സമരമാർഗങ്ങളും പ്രതിഷേധ പ്രക്ഷോഭങ്ങളും വികസിപ്പിക്കാൻ ജനങ്ങൾക്ക് മാർഗ്ഗങ്ങളൊന്നും ഉണ്ടായില്ല. അത്തരം പ്രവണതകളെ സർക്കാരിന്റെയും പാർട്ടിയുടെയും ഉരുക്കുമുഷ്ടികൾ കൊണ്ട് നേരിടുകയും ചെയ്തു. ഈ ഹൈവേ വികസനം വഴി ജനജീവിതത്തിനുണ്ടായ ഡിസ്പ്ലേസ്മെന്റും ദുരിതങ്ങളും പാപ്പരീകരണവും സംബന്ധിച്ച പഠനങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. പലതരത്തിൽ സാമൂഹ്യ ജീവിതത്തെ ബാധിച്ച ഈ വികസന വ്യഗ്രതയ്ക്കെതിരെ ഭാവിയിൽ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നു വരുമെന്നതിൽ സംശയമില്ല.
ഈ നിർമ്മാണങ്ങൾക്ക് ആവശ്യമായ കല്ലും മണ്ണും സമീപത്തെ കുന്നുകളിലുള്ള ഖനിജങ്ങൾ ഖനനം ചെയ്താണ് കണ്ടെത്തിയിട്ടുള്ളത്. പശ്ചിമഘട്ട മലനിരകൾ, ഈ ആവശ്യത്തിന് ഖനനം ചെയ്ത ക്വാറികളുടെ സാന്നിധ്യം മൂലം വികൃതമായ നിലയിൽ, ഇന്ന് ഗൂഗിൾ മാപ്പിൽ തന്നെ വ്യക്തമാണ്. കേരളത്തെ അടിക്കടിയുള്ള പാരിസ്ഥിതിക ദുരന്തങ്ങളുടെ മേഖലയാക്കി ഇതിനകം തന്നെ ഈ സ്ഥിതി മാറ്റിയിട്ടുണ്ട്. "ഏഷ്യൻ വികസന ഇടനാഴി" എന്ന എഡിബി ബാങ്കിന്റെയും സാമ്രാജ്യത്വ മൂലധനത്തിന്റെയും സ്വപ്നം പൂവണിയിക്കാൻ, കോർപ്പറേറ്റ് ഹിന്ദുത്വയും ഇടതുപക്ഷ കോർപ്പറേറ്റിസവും കൈകോർത്ത ദുരന്തത്തിന്റെ പേരായി മാറിയിരിക്കുന്നു കേരളം. ഹിമാലയൻ മലനിരകൾ എന്നപോലെ, ആരവല്ലി കുന്നുകളും, പശ്ചിമഘട്ട മലനിരകളും ആരാമ്പ്രം മലനിരകളും എല്ലാം ഈ വികസനത്തിന്റെ ഇരകളും മാപ്പുസാക്ഷികളുമാണ്.
കമേഴ്സ്യൽ പുസ്തകശാലകളുടെയും അവരുടെ ഫെസ്റ്റിവൽ ഫാന്റസികളുടെയും ഫണ്ട് കണ്ടെത്തുന്ന സ്രോതസ്സുകളായി ഇടതുപക്ഷ സംസ്കാരം പിള്ളതീനി ജീവിതം നയിക്കുന്നു എന്നു പറയാം. വായനയുടെയും എഴുത്തിന്റെയും ഭാവുക പരിസരങ്ങൾ നിർണയിക്കുന്നതു പോലും ഈ കമേഴ്സ്യൽ പുസ്തകശാലകളും സംഘടനകളും പരസ്യസ്ഥാപനങ്ങളുമാണ് എന്നു വന്നിരിക്കുന്നു.
വിദ്യാഭ്യാസ മേഖലയും ഇപ്രകാരം ആന കയറിയ കരിമ്പിൻ തോട്ടമായിക്കഴിഞ്ഞു. ഒരു ഭാഗത്ത് ഇടതുപക്ഷം വിദ്യാഭ്യാസത്തെ കച്ചവട ശക്തികൾക്കും മതവർഗീയതയ്ക്കും തീറെഴുതി എന്നു മാത്രമല്ല, ഭാഷയുടെയും ദേശീയതയുടെയും മൂല്യങ്ങളും ശാസ്ത്രത്തിന്റെ സമ്പ്രദായങ്ങളും ഇതിനകം വിദ്യാഭ്യാസത്തിൽ നിന്ന് കരകടന്നു കഴിയുകയും ചെയ്തു. കേവലം സാങ്കേതിക വിദ്യാഭ്യാസത്തിനും വിദേശത്തേക്കുള്ള കടന്നുകയറ്റത്തിനും ഊന്നൽ നൽകിക്കൊണ്ട്, നമ്മുടെ സാമൂഹ്യജീവിതം വിദ്യാഭ്യാസം കൊണ്ട് വിഭാവനം ചെയ്ത എല്ലാം കളഞ്ഞു കുളിച്ചിരിക്കുന്നു. സർവ്വകലാശാലകൾ തൊട്ട് പ്രാഥമിക വിദ്യാഭ്യാസം വരെയുള്ള വിദ്യാഭ്യാസ വ്യവഹാരത്തിൽ നിന്ന് എല്ലാ നന്മകളും പമ്പകടന്നിരിക്കുന്നു. സംഘപരിവാറിന്റെ ചരിത്ര വായനകളും കോർപ്പറേറ്റ് മൂലധനത്തിന് അനിവാര്യമായ ശാസ്ത്രാവബോധവും നടപ്പിലാക്കാനുള്ള വേദികളും സദസ്സുകളുമായി വിദ്യാഭ്യാസരംഗം മാറിപ്പോയത്, ഇടതുപക്ഷം ഭരിച്ച ഈ പതിറ്റാണ്ടിലാണ് എന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ ബുദ്ധിജീവിതവും വിദ്യാഭ്യാസക്കാഴ്ചകളും വിദ്യാർത്ഥി സംഘടനകളുടെ അവകാശ പോരാട്ടങ്ങളും സമരോർജ്ജങ്ങളും എവിടെപ്പോയി മറഞ്ഞു എന്ന ചോദ്യം ഒരു വനരോദനമായി തീരും എന്ന കാര്യത്തിൽ സംശയമില്ല. ഇടതുപക്ഷത്തിന്റെ നേതാക്കൾ ആകെത്തന്നെ വിദ്യാർത്ഥി സമരങ്ങളുടെ ഉപലബ്ധികളാണ് എന്നോർക്കുമ്പോൾ, സ്വന്തം വഴികളെ മറന്ന് ഒപ്പിയം തീറ്റയ്ക്ക് അടിമപ്പെട്ട മുഗൾ രാജാക്കന്മാരായി മാറിയ ഇടതുപക്ഷത്തെ എങ്ങനെ നാം അഭിമുഖീകരിക്കും?
സാംസ്കാരിക രംഗത്തെ കോർപ്പറേറ്റ് മൂലധനത്തിനും കൊമേഴ്‌സിനും അടിയറവച്ച ഇടതുപക്ഷ സർക്കാറിന്റെയും അതിന്റെ അക്കാദമികളുടെയും നയസമീപനങ്ങൾ ഇതിനോടനുബന്ധിച്ചു മനസ്സിലാക്കേണ്ടതാണ്. ഇടതുപക്ഷ ആശയ പ്രചാരണവും പരിപാടികളും സിനിമാതാരങ്ങളുടെ പൊലിമയിൽ കുളിപ്പിച്ചു നിർത്തി, ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകരെയും ഇടതുപക്ഷ ധൈഷണിക ജീവിതത്തെയും കൊഞ്ഞനം കുത്തുന്ന, പിണറായിയുടെയും അനുയായി വൃന്ദത്തിന്റെയും നയസമീപനങ്ങളുടെ ദുരന്തവും പരാജയവും ആണ് തെരഞ്ഞെടുപ്പിലെ തുടർച്ചയായ തോൽവികൾ എന്നു തിരിച്ചറിയാൻ പോലും അതിനാകുന്നില്ല. സാംസ്കാരിക പാഠശാലകളും നവോത്ഥാന സദസ്സുകളും ഫാസിസ്റ്റ് വിരുദ്ധ അന്വേഷണങ്ങളും മുഖരിതമായിരുന്ന കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക ജീവിതം, മീഡിയോക്കർ ബുദ്ധിജീവിതത്തിന്റെ തരംതാണ പ്രയോഗസൂചികകൾ ആണിപ്പോൾ കാണിക്കുന്നത്. കമേഴ്സ്യൽ പുസ്തകശാലകളുടെയും അവരുടെ ഫെസ്റ്റിവൽ ഫാന്റസികളുടെയും ഫണ്ട് കണ്ടെത്തുന്ന സ്രോതസ്സുകളായി ഇടതുപക്ഷ സംസ്കാരം പിള്ളതീനി ജീവിതം നയിക്കുന്നു എന്നു പറയാം. വായനയുടെയും എഴുത്തിന്റെയും ഭാവുക പരിസരങ്ങൾ നിർണയിക്കുന്നതു പോലും ഈ കമേഴ്സ്യൽ പുസ്തകശാലകളും സംഘടനകളും പരസ്യസ്ഥാപനങ്ങളുമാണ് എന്നു വന്നിരിക്കുന്നു. പുരോഗമന സാഹിത്യവും ജീവൽ സാഹിത്യ പ്രസ്ഥാനവും എല്ലാം തിരശ്ശീല വീണ നാടകശാലകളായി തീർന്നിരിക്കുന്നു. ഭരണവും സമരവും സമാന്തര ജീവിതങ്ങൾ തീർത്ത ഇടതുപക്ഷ രാഷ്ട്രീയത്തെ അർത്ഥശാസ്ത്രത്തിന് അടിയറ വെച്ചതിന്റെ ദുരന്തത്തിന്റെ പേരാണ് ഇന്ന് കേരളീയ ഇടതുപക്ഷം.

ഈ പരിതോവസ്ഥകളിലാണ് മതങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും, ജാതിയും വിശ്വാസധാരകളും പുതിയ രൂപമാർജിച്ചു മുന്നോട്ട് വന്നിരിക്കുന്നത്. മൂലധനവും സംസ്കാരവും ദേശീയതയുമായി കൂടിച്ചേർന്ന്, അവയ്ക്ക് വിധ്വംസകമായ മുഖങ്ങൾ ഉണ്ടായി തീർന്നിരിക്കുന്നു. മതങ്ങൾ നിയോലിബറൽ മൂല്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പുതിയ രൂപങ്ങൾ ആർജിച്ചതിന്റെ ഫലമാണിത്. അതേസമയം, നിയോലിബറലിസം മുന്നോട്ടുവച്ച സാമ്പത്തികമാത്ര ജീവിതത്തോടും, കോർപ്പറേറ്റ് അധിഷ്ഠിത സംസ്കാരത്തോടും, ജീവിതശൈലികളോടുമുള്ള സാധാരണ മനുഷ്യരുടെ പ്രതികരണം എന്ന നിലയിലും അത് പുതിയ രൂപം കൈവരിച്ചിട്ടുണ്ട്. ഒരേസമയം ചെകുത്താനും ദൈവവും മതത്തിന്റെ രഥത്തിൽ കയറി സഞ്ചരിക്കുന്നു. അതിന് ദൈവികതയിലേക്ക് ഉണരുവാനുള്ള സാധ്യതകൾ നിലനിൽക്കെ തന്നെ പൈശാചികമായ മറ്റൊരു മുഖവും വന്നു ചേർന്നിരിക്കുന്നു. പോറ്റി ഒരു ഊറ്റുകാരനായി തീർന്നിരിക്കുന്നു. താടിയിലെ ധവളിമ കച്ചവട മനസ്ഥിതിയെ മറച്ചുവെയ്ക്കാനുള്ള കമെഫ്ലാഷ് തീർക്കുന്നു. മതം "നിസ്വന്റെ ശ്വാസമായും ദരിദ്രന്റെ സ്വപ്നമായും ഹൃദയമില്ലാത്ത നിയോലിബറൽ കാലത്തിന്റെ ഹൃദയമായും മനുഷ്യ സമൂഹത്തിന് താൽക്കാലിക ശാന്തി നൽകുന്ന കറുപ്പായും അതിന്റെ "പോസിറ്റിവിറ്റി" നിലനിർത്തുമ്പോൾ തന്നെ, സാമ്പത്തിക ശക്തികളും രാഷ്ട്രീയ ശക്തികളും തമ്മിലുള്ള അവിശുദ്ധസഖ്യമായ രാഷ്ട്രീയ അർത്ഥശാസ്ത്രത്തിന്റെ നിലപാടുകളുമായി അത് സന്ധി ചെയ്തിരിക്കുന്ന പുതിയ യാഥാർഥ്യവുമുണ്ട്.
മതങ്ങളുടെയും ജാതികളുടെയും സാമുദായിക സംഘടനകളുടെയും വ്യക്തികളുടെയും മൂലധന വേഴ്ചകളുടെ ഹണിമൂണുകൾ ഒരു അശ്ലീല സിനിമ നിർമ്മിക്കുന്നു. അതേസമയം, സംസ്കാരത്തിന്റെ അടിത്തറ തകർത്ത് നിയോലിബറൽ മൂലധനം തീർത്ത അരാജക സമുദ്രത്തിലെ അവസാന അഭയകേന്ദ്രമായും വിശ്വാസവും മത പാരമ്പര്യങ്ങളും പുതിയ വഗ്രത കൈക്കൊള്ളുന്നു. ഈ അവസ്ഥകളോട് പ്രതികരിച്ചുകൊണ്ടുള്ള കേരളീയ ഇടതുപക്ഷത്തിന്റെ ചെയ്തികൾ കൊടിയ തെറ്റുകൾ വരുത്തിവെച്ചിരിക്കുന്നു. അത്തരം സമീപനങ്ങൾക്ക് ഇടക്കാലത്തു ലഭിച്ച കയ്യടികൾ ഇപ്പോൾ പരാജയ കാരണമായി തീർന്നിരിക്കുന്നു.
ഈ പരിതോവസ്ഥകളെ മറികടന്ന് വീണ്ടും ജീവിതസ്രോതസ്സുകൾ കണ്ടെത്താനും തങ്ങളെ സ്വയം പുന:സൃഷ്ടിക്കാനും പുനരുജ്ജീവിക്കാനും ഇടതുപക്ഷത്തിന് കഴിയുമോ? അതിനുള്ള സാംസ്കാരികവും ഭാഷാപരവും ഭാഷണപരവുമായ റെട്ടറിക് ഉണ്ടാക്കിയെടുക്കാൻ ഇനിയും ഇടതുപക്ഷ രാഷ്ട്രീയത്തിന് കഴിയുമോ? കഴിയും എന്നുതന്നെ കരുതാം. അതിനായി ഈ ഭരണവാഴ്ച വിട്ടൊഴിഞ്ഞു സിവിൽ സമൂഹത്തെ ധീരമായി അഭിമുഖീകരിക്കാൻ തയ്യാറാവണം. ഭരണത്തിൽ തിരിച്ചുവരാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇന്ന് യഥാർത്ഥ ഇടതുപക്ഷ പ്രവർത്തകരോടും കമ്യൂണിസ്റ്റുകാരോടും കേരളം ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമേ പറ്റിപ്പോയ തെറ്റുകളിൽ ഫിലിസ്റ്റൈൻ പശ്ചാത്താപം കൊള്ളാതെ, സ്വയം കീറിമുറിക്കാനും അതിജീവനം കണ്ടെത്താനും കഴിയൂ. അതിന് പാർട്ടി സംഘടനകളെ പുനക്രമീകരിക്കുക മാത്രമല്ല, ധൈഷണികമായ ഏകാന്തത കൈവരിച്ചുകൊണ്ട്, ചിന്തായന്ത്രങ്ങൾ കെട്ടഴിച്ചു വിടുകയും വേണം. അതല്ലെങ്കിൽ, ചാവുകടലിലെ ജീർണ്ണിക്കാൻ പോലുമാകാത്ത മൃദദേഹങ്ങളായി ഇന്ത്യയിൽ ഇടതുപക്ഷം മാറും. തങ്ങളുടെ ആശയ അടിത്തറ എത്രമാത്രം ഹിന്ദുത്വ രാഷ്ട്രീയം കവർന്നു കൊണ്ടുപോയി എന്ന വിശകലനത്തിന്റെ അടിത്തറ കൂടിയാണ് ഇവിടെ സൃഷ്ടിക്കപ്പെടേണ്ടത്.
