സംസ്ഥാനത്ത്, യു.ഡി.എഫ് അധികാരത്തിൽവന്നശേഷം ആദ്യമായി നടന്ന, 12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടം. 19 സീറ്റ് യു.ഡി.എഫും 18 സീറ്റ് എൽ.ഡി.എഫും ഒരു സീറ്റ് ട്വന്റി 20-യും നേടി.
യു ഡി എഫിന് മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായി. എൽ.ഡി.എഫിന് മൂന്നു സീറ്റ് അധികമായി ലഭിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിൽ 22 എണ്ണം യു.ഡി.എഫിന്റെയും 15 എണ്ണം എൽ.ഡി.എഫിന്റെയും സിറ്റിംഗ് സീറ്റുകളായിരുന്നു. യു.ഡി.എഫിന്റെ വോട്ട് വിഹിതത്തിലും ഇടിവുണ്ടായി.
തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിൽ ഏഴു സീറ്റ് എൽ.ഡി.എഫ് യു ഡി എഫിൽ നിന്ന് പിടിച്ചെടുത്തു. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി നാലു സീറ്റ് എൽ.ഡി.എഫിൽനിന്ന് യു ഡി എഫ് പിടിച്ചെടുത്തു.
ഉപതെരഞ്ഞെടുപ്പുഫലം വി.ഡി. സതീശൻ സർക്കാറിനോടുള്ള ജനങ്ങളുടെ ആദ്യത്തെ രാഷ്ട്രീയപ്രതികരണമാകുമെന്നാണ് എൽ.ഡി.എഫ് പ്രഖ്യാപിച്ചിരുന്നത്.
എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി 20 നിലനിർത്തി. ബി.ജെ.പിക്ക് സീറ്റൊന്നുമില്ല.
യു ഡി എഫ് എം എൽ എമാര്‍ പ്രതിനിധാനം ചെയ്തിരുന്ന വാര്‍ഡുകളിൽ ഉള്‍പ്പെടെ മുന്നണി തോറ്റു.
പാലക്കാട് ചിറ്റൂരില്‍ സുമേഷ് അച്യുതൻ പ്രതിനിധാനം ചെയ്തിരുന്ന പരുത്തിക്കാവ് നറുക്കെടുപ്പിലൂടെയെങ്കിലും യു.ഡി.എഫിന് നഷ്ടമായി. യു ഡി എഫും എൽ ഡി എഫും 433 വോട്ടുകളുമായി ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
തൃക്കൊടിത്താനത്ത് വിനുജോബ് രാജിവെച്ച ജില്ലാ പഞ്ചായത്ത് സീറ്റിലും യു.ഡി.എഫ് തോറ്റു.
രമ്യാ ഹരിദാസ് എം.എൽ.എയും ജില്ലാ പഞ്ചായത്തംഗവും തമ്മിൽ കയ്യാങ്കളി നടന്ന് പാർട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയ ചിറയിൻകീഴിൽ രണ്ടിടത്തും കോണ്‍ഗ്രസ് തോറ്റു. അഞ്ചു തെങ്ങ് ബ്ലോക്ക് ഡിവിഷനിലും മംഗലപുരം പഞ്ചായത്തിലുമാണ് ദയനീയ തോൽവി.
ഫാത്തിമ തഹ്‌ലിയയുടെ കുറ്റിച്ചിറയിലും സി വി ശാന്തകുമാറിന്റെ അടൂരിലും മാനന്തവാടി എം എൽ എ ഉഷാ വിജയന്റെ വാര്‍ഡിലും യു ഡി എഫ് ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു.
കോണ്‍ഗ്രസ് വിമതന്റെ ഭൂരിപക്ഷത്തില്‍ ഭരിച്ചിരുന്ന തിരുവനന്തപുരത്തെ മംഗലാപുരം പഞ്ചായത്തില്‍ എൽ.ഡി.എഫ് ജയത്തോടെ, ഒറ്റയ്ക്ക് ഭരിക്കാമെന്നായി. പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡിൽ 139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി രമ്യ വി തുളസി ജയിച്ചത്.
എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാലു സീറ്റുകളിലും അതതു പാര്‍ട്ടികള്‍ തന്നെ വിജയിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ അയ്യപ്പന്‍ കാവ് മണ്ഡലത്തില്‍, ദീപക് ജോയി എം എല്‍എയായതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂര്‍ മണ്ഡലത്തിലെ വടക്കേക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ജോസ് കുനിയന്തോടത്ത് 140 വോട്ടിനാണ് വിജയിച്ചത്.

എറണാകുളം ജില്ലയിലെ പൂതൃക്കയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി ദീനാമ്മ ജേക്കബ് 399 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇതോടെ കോണ്‍ഗ്രസിനും ട്വന്റി ട്വന്റിക്കും പഞ്ചായത്തില്‍ ഏഴു സീറ്റുകള്‍ വീതമായി.
ചേലക്കരയില്‍ 16-ാം വാർഡിൽ യു ഡി എഫ് അട്ടിമറി വിജയം നേടി. പഞ്ചായത്തില്‍ സമാസമം ആയിരുന്നു കക്ഷിനില. വിജയത്തോടെ യു ഡി എഫ് ഭരണത്തിലേറാന്‍ സാധ്യതയേറി.
പാമ്പാടിയിലെ കുമ്പന്താനം വാർഡ് യു ഡി എഫിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു.
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് യു ഡി എഫ് നിലനിർത്തി. എന്നാൽ, ലീഗ് നേതാവ് ഫർസീന അരക്കലിന്റെ ഭൂരിപക്ഷം 436 വോട്ടായി കുറഞ്ഞു.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ രണ്ടു സീറ്റില്‍ എൽ.ഡി.എഫ് ജയിച്ചു. പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് യു ഡി എഫിൽനിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു. 65 വോട്ടിനാണ് കെ.വി.രതീഷ് ജയിച്ചത്. കഴിഞ്ഞ തവണ 13 വോട്ടിന് യു ഡി എഫ് ജയിച്ച സീറ്റാണിത്. മട്ടന്നൂർ നഗരസഭ ഉരുവച്ചാലിൽ സി.പി.എമ്മിലെ എ.കെ.സുരേഷ് കുമാർ 276 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ 269 വോട്ടിനായിരുന്നു സി പി എം ജയിച്ചിരുന്നത്.
കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍- തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 58.81% പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലെയും ത്രിതല പഞ്ചായത്ത് വാര്‍ഡുകളിൽ നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഈ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയപ്രാധാന്യമുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പുഫലം വി.ഡി. സതീശൻ സർക്കാറിനോടുള്ള ജനങ്ങളുടെ ആദ്യത്തെ രാഷ്ട്രീയപ്രതികരണമാകുമെന്നാണ് എൽ.ഡി.എഫ് പ്രഖ്യാപിച്ചിരുന്നത്. ഇതിനു മറുപടിയായി, യു.ഡി.എഫ് സർക്കാറിന്റെ തുടക്കത്തിലെ ഭരണനേട്ടങ്ങളെന്നവകാശപ്പെടുന്നവ നിരത്തിയാണ് യു.ഡി.എഫ് ഇലക്ഷനെ നേരിട്ടത്.

