2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പൊതുവിൽ മുൻതൂക്കം ഇടതുമുന്നണിക്കായിരുന്നു. ഭൂരിപക്ഷം കോർപ്പറേഷനുകളും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും അവർ വലിയ ആധിപത്യത്തോടെ ഭരണം പിടിച്ചു. നഗരസഭകളിൽ മാത്രമാണ് യു.ഡി.എഫിന് നേട്ടമുണ്ടാക്കാൻ സാധിച്ചത്. പത്ത് വർഷമായി സംസ്ഥാനത്ത് ഇടത് ഭരണം നിലനിൽക്കുമ്പോൾ വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് വരികയാണ്. പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ പ്രതീക്ഷകളെന്താണ്? എൻ.ഡി.എയുടെ പ്രകടനം ഇത്തവണ നിർണായകമാവുമോ? ഓരോ ജില്ലകളിലെയും സാഹചര്യങ്ങൾ പരിശോധിക്കാം…
കാസർഗോഡ്
കാസർഗോഡ് ജില്ലാപഞ്ചായത്ത് നേരിയ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. ആകെയുള്ള 17 ഡിവിഷനുകളിൽ 8 എണ്ണം എൽ.ഡി.എഫും ഏഴെണ്ണം യു.ഡി.എഫുമാണ് നേടിയത്. ബി.ജെ.പിക്ക് ഇവിടെ രണ്ട് ജില്ലാപഞ്ചായത്ത് അംഗങ്ങളുണ്ട്. ആകെയുള്ള ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലെണ്ണം എൽ.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും ഭരിക്കുന്നു. കാസർഗോഡ് ബ്ലോക്കിൽ യു.ഡി.എഫ് ഭരിക്കുമ്പോൾ ബി.ജെ.പിയാണ് പ്രതിപക്ഷത്തുള്ളത്. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം. ജില്ലയിലെ 38 പഞ്ചായത്തുകളിൽ 19 എണ്ണം എൽ.ഡി.എഫും 16 എണ്ണം യു.ഡി.എഫും 03 എണ്ണം ബി.ജെ.പിയും ഭരിക്കുന്നു. ബെള്ളൂർ, കാറഡുക്ക, മധൂർ പഞ്ചായത്തുകളാണ് ബി.ജെ.പി ഭരിക്കുന്നത്. മഞ്ചേശ്വരത്ത് ബി.ജെ.പി പിന്തുണയിൽ സ്വതന്ത്രനാണ് പ്രസിഡൻറ്. കാസർഗോഡ് 2020-ലെ തെരഞ്ഞെടുപ്പിൽ നേരിയ മേൽക്കൈ നേടിയത് ഇടതുപക്ഷമാണ്. എന്നാൽ, ലീഗിനും കോൺഗ്രസിനും കരുത്തുള്ള ജില്ലയിൽ യു.ഡി.എഫ് ഒട്ടും പിന്നിലല്ല. കേരളത്തിൽ കാലങ്ങൾക്ക് മുന്നേതന്നെ ബി.ജെ.പി ശക്തി തെളിയിച്ച ജില്ല കൂടിയാണ് കാസർഗോഡ്. അതുകൊണ്ട് തന്നെ സപ്തഭാഷാ സംഗമഭൂമിയിൽ പഞ്ചായത്തുകളിൽ ഇക്കുറി നടക്കുന്നത് വാശിയേറിയ പോരാട്ടങ്ങളാണ്. ഇവിടെ മൂന്ന് മുന്നണികൾക്കും പ്രതീക്ഷകളുണ്ട്.
കണ്ണൂർ
നിലവിൽ കേരളത്തിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപ്പറേഷൻ കണ്ണൂരാണ്. ജില്ലാ പഞ്ചായത്തിലേക്ക് വരുമ്പോൾ ഭരിക്കുന്നത് എൽ.ഡി.എഫാണ്. നമുക്കറിയാം വലിയ വിവാദങ്ങൾക്ക് വേദിയായതാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണം. എ.ഡി.എം നവീൻ ബാബുവിൻെറ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യക്ക് സ്ഥാനം രാജിവെച്ച് ഒഴിയേണ്ടി വന്നിരുന്നു. കെ.കെ. രത്നകുമാരിയാണ് പിന്നീട് ജില്ലാപഞ്ചായത്ത് പ്രസിഡൻറായത്. ആകെയുള്ള 24 ഡിവിഷനുകളിൽ എൽ.ഡി.എഫിന് 17-ഉും യു.ഡി.എഫിന് 7-ഉും സീറ്റുകളാണ് ഇവിടെയുള്ളത്. കണ്ണൂരിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് വൻ ആധിപത്യമാണ്. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 ഇടത്ത് എൽഡിഎഫും ഒരിടത്ത് മാത്രം യു.ഡി.എഫും. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രതിപക്ഷം പോലുമില്ലാതെയാണ് എൽ.ഡി.എഫ് ഭരിക്കുന്നതെന്ന് കൂടി ഓർക്കണം. ഗ്രാമ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്ഥമല്ല. 71-ൽ 56 ഇടത്ത് ഇടതുമുന്നണിയും 16 ഇടത്ത് മാത്രം യു.ഡി.എഫും. കണ്ണൂരിലെ പത്ത് പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ലാതെയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. നിരവധി പാർട്ടിഗ്രാമങ്ങളുള്ള ജില്ലയാണ് കണ്ണൂർ. എക്കാലത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടെ ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കാറുണ്ട്. ഇത്തവണയും അതിൽ വലിയ മാറ്റമുണ്ടാവുമെന്ന് കരുതേണ്ടതില്ലെന്നാണ് കണ്ണൂരിൽ നിന്ന് ഇതിനോടകം തന്നെ വന്ന ഏകപക്ഷീയ വിജയങ്ങളുടെ വാർത്തകൾ വ്യക്തമാക്കുന്നത്. യു.ഡി.എഫിന് ജില്ലയിൽ നില മെച്ചപ്പെടുത്തേണ്ടതുണ്ട്. ബി.ജെ.പിക്ക് കണ്ണൂരിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ റോളില്ലെന്നാണ് കണക്കുകൾ പറയുന്നത്. കളത്തിൽ എന്തുനടക്കുമെന്ന് ഇനി കണ്ടറിയണം.

വയനാട്
ഏത് തെരഞ്ഞെടുപ്പായാലും യു.ഡി.എഫിനൊപ്പം നിൽക്കുന്നതാണ് വയനാടിൻെറ മണ്ണ്. 2020-ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും തമ്മിൽ മത്സരം ബലാബലമായിരുന്നു. ആകെയുള്ള 16 ഡിവിഷനുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ലഭിച്ചത് എട്ട് വീതം സീറ്റുകൾ. ഒടുവിൽ ടോസിട്ടപ്പോൾ യു.ഡി.എഫിന് ഭരണം കിട്ടി. വാർഡ് വിഭജനത്തിന് ശേഷം ഒരു സീറ്റ് കൂടി വർധിച്ച് 17 സീറ്റിലേക്കാണ് ഇത്തവണ മത്സരം. പ്രാദേശിക രാഷ്ട്രീയ വിവാദങ്ങളും ഗ്രൂപ്പ് പോരുമൊക്കെ ദുർബലമാക്കുന്നുണ്ടെങ്കിലും കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടെ ആത്മവിശ്വാസമുണ്ട്. ലീഗിനും വലിയ വോട്ട് ബാങ്കുള്ള ഇടമാണ് വയനാട്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പൊതുവിൽ ഉണ്ടാവാറുള്ള മേൽക്കൈ ഇക്കുറി വയനാട്ടിലും തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. വയനാട്ടിൽ ആകെയുള്ള 23 ഗ്രാമപഞ്ചായത്തുകളിൽ 12 എണ്ണം ഭരിക്കുന്ന ഇടതുമുന്നണിക്കാണ് നേരിയ മേൽക്കൈ ഉള്ളത്. യു.ഡി.എഫ് 11 പഞ്ചായത്തുകളിൽ ഭരിക്കുന്നു. വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും ബലാബലമാണ്. കൽപ്പറ്റയും പനമരവും വ്യക്തമായ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഭരിക്കുമ്പോൾ മാനന്തവാടിയും സുൽത്താൻ ബത്തേരിയും ഒരു സീറ്റിൻെറ ബലത്തിൽ ഇടതുമുന്നണി ഭരിക്കുന്നു. പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന വയനാട്ടിൽ ഇക്കുറി അവരെ സംബന്ധിച്ചിടത്തോളം സംഘടനാപരമായി കാര്യങ്ങൾ അത്ര സുഖകരമല്ല. നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ബി.ജെ.പി ഒരുപരിധി വരെ അപ്രസക്തമാണ് വയനാട്ടിൽ.
കോഴിക്കോട്
കോഴിക്കോട് കോർപ്പറേഷൻ അഞ്ച് പതിറ്റാണ്ടോളമായി ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ജില്ലാപഞ്ചായത്തും കാലങ്ങളായി ഇടത്തോട്ട് തന്നെയാണ്. ആകെയുള്ള 27 ഡിവിഷനുകളിൽ 18 ഇടത്ത് എൽ.ഡി.എഫും 9 ഇടത്ത് യു.ഡി.എഫുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അന്തരിച്ച കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയായിരുന്നു 2020-ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്. പിന്നീട് അവർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ ഷീജ ശശി പ്രസിഡൻറായി. ആകെ 70 ഗ്രാമപഞ്ചായത്തുകളുള്ള കോഴിക്കോട് 42 പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 26 ഇടത്ത് യു.ഡി.എഫ് ഭരണം. രണ്ടിടത്ത് ആർ.എം.പിയും ഭരിക്കുന്നു. ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലാണ് ആർ.എം.പി ഭരിക്കുന്നത്. ഈ പഞ്ചായത്തുകളിൽ ഇക്കുറിയും വാശിയേറിയ പോരാട്ടമാണ് നടക്കുക. ഒഞ്ചിയത്ത് 8 സീറ്റുകളുള്ള ഇടതുമുന്നണിയാണ് വലിയ ഒറ്റകക്ഷി. അഞ്ച് സീറ്റുകളുള്ള യു.ഡി.എഫും 4 സീറ്റുള്ള ആർ.എം.പിയും ചേർന്നാണ് ഭരണം പിടിച്ചത്. യു.ഡി.എഫ് 7-ഉും ആർ.എം.പി 5 സീറ്റുകളുമായി ആകെ 12 സീറ്റുകളുമായാണ് ഏറാമലയിലെ ഭരണം. എൽ.ഡി.എഫിനുള്ളത് ഏഴ് സീറ്റുകൾ. കോഴിക്കോട്ടെ ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് പത്തിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് ഭരിക്കുന്നത്. ജില്ലാപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫ് തുടരുന്ന അപ്രമാദിത്വം ഇക്കുറിയും തുടരാനാണ് സാധ്യത. സംഘടനാപരമായി കെട്ടുറപ്പുള്ള പ്രവർത്തനങ്ങളിലൂടെ തിരിച്ചുവരവ് നടത്തുമെന്നാണ് കോൺഗ്രസിൻെറയും യു.ഡി.എഫിൻെറയും അവകാശവാദം. ജില്ലയിലെ പഞ്ചായത്തുകളിൽ ബി.ജെ.പി കാര്യമായ ശക്തിയല്ലെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

പാലക്കാട്
ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ മൂന്നാം സ്ഥാനത്താണ് ഇടതുമുന്നണി. എന്നാൽ ജില്ലാ പഞ്ചായത്ത് വലിയ ഭൂരിപക്ഷത്തോടെയാണ് അവർ ഭരിക്കുന്നത്. ആകെയുള്ള 30 ഡിവിഷനുകളിൽ 27 എണ്ണവും അതിൽ 20 എണ്ണത്തിൽ സിപിഎം ഒറ്റയ്ക്കും വിജയം നേടിയിരുന്നു 2020-ൽ. യു.ഡി.എഫിന് ജില്ലാപഞ്ചായത്തിലെ പ്രാതിനിധ്യം വെറും മൂന്ന് സീറ്റുകൾ മാത്രമാണ്. അത് തന്നെ ലീഗിന് രണ്ട് സീറ്റും കോൺഗ്രസിന് ഒരു സീറ്റും. ജില്ലയിൽ ആകെയുള്ള 88 ഗ്രാമ പഞ്ചായത്തുകളിൽ 62 എണ്ണവും ഭരിക്കുന്നത് എൽ.ഡി.എഫാണ്. 16 പഞ്ചായത്തുകൾ യു.ഡി.എഫും ഭരിക്കുന്നു. 2015-ൽ 63 പഞ്ചായത്തുകൾ എൽ.ഡി.എഫാണ് ഭരിച്ചിരുന്നത്. ഇടതുമുന്നണി ഭരിക്കുന്ന അകത്തേത്തറ പഞ്ചായത്തിൽ യു.ഡി.എഫിന് പ്രാതിനിധ്യമേയില്ല. ബി.ജെ.പി പ്രതിപക്ഷത്തുള്ള പഞ്ചായത്തിൽ ഇക്കുറി വാശിയേറിയ മത്സരത്തിന് സാധ്യതയുണ്ട്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫിന് വലിയ മേൽക്കൈ ഉണ്ട്. ആകെയുള്ള 13-ൽ 11-ഉും ഇടതുപക്ഷത്തിനൊപ്പമാണ്. രണ്ടെണ്ണം മാത്രം യു.ഡി.എഫിന് ലഭിച്ചു. പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദം ജില്ലയിൽ കോൺഗ്രസിന് കൂടുതൽ തിരിച്ചടിയായേക്കും. ബി.ജെ.പിയും ഇടതുമുന്നണിയും വിഷയം കാര്യമായി പ്രചാരണ ആയുധമാക്കുന്നുണ്ട്. കർഷകരുടെ പ്രശ്നങ്ങൾ, വനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുടിവെള്ള പ്രശ്നം എന്നിവയെല്ലാം പാലക്കാട്ടെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാവും. കോട്ട കാക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. പ്രതിസന്ധിയിലും നേട്ടം പ്രതീക്ഷിക്കുന്നു യു.ഡി.എഫ്. നഗരസഭയിലെ നേട്ടം മറ്റിടങ്ങളിലേക്കും വ്യാപിപിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
മലപ്പുറം
സംശയലേശമന്യേ മുസ്ലീം ലീഗിൻെറയും ഒപ്പം യു.ഡി.എഫിൻെറയും ഉരുക്കുകോട്ടയാണ് മലപ്പുറം. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല എല്ലായ്പ്പോഴും യു.ഡി.എഫിന് മേൽക്കൈ സമ്മാനിക്കാറുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ളത് മലപ്പുറത്താണ്. ജില്ലാപഞ്ചായത്തിൽ ആകെയുള്ള 32 ഡിവിഷനിൽ 27 എണ്ണവും യു.ഡി.എഫിനൊപ്പമാണ്. ഇതിൽ 22 സീറ്റുകളും ലീഗിനാണ്. 5 ഡിവിഷനുകളിൽ മാത്രമാണ് 2020-ൽ എൽ.ഡി.എഫ് ജയിച്ചത്. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിന് തന്നെയാണ് ഇവിടെ വലിയ മേൽക്കൈ ഉള്ളത്. ആകെയുള്ള 94 പഞ്ചായത്തുകളിൽ 70 എണ്ണവും യു.ഡി.എഫ് ഭരിക്കുന്നു. 24 ഇടത്ത് ഇടതുഭരണം. ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിൽ ഭരണം മാറിമറിഞ്ഞിരുന്നു. അഞ്ച് വർഷത്തിനിടെ ഇവിടെ വന്നത് ഇടത് - വലത് മുന്നണികളുടെ നാല് പ്രസിഡൻറുമാരാണ്. പി.വി. അൻവർ എൽ.ഡി.എഫ് വിട്ട് പിന്തുണ നൽകിയതോടെ പഞ്ചായത്ത് ഇപ്പോൾ യു.ഡി.എഫിനൊപ്പമാണ്. നിലമ്പൂർ മേഖലയിലെ പഞ്ചായത്തുകളിൽ അൻവർ ഇഫക്ട് നിർണായകമായേക്കും. ജില്ലയിലെ ആകെയുള്ള 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 ഇടത്തും യു.ഡി.എഫ് ഭരിക്കുന്നു. അതിൽ 11 ഇടത്ത് ലീഗ് ഭരണമാണ്. മൂന്ന് ബ്ലോക്കുകൾ ഇടത് മുന്നണിയുടെ കയ്യിലാണ്. പൊന്നാനി, പെരുമ്പടപ്പ്, തിരൂർ ബ്ലോക്ക് പഞ്ചായത്തുകളാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. ലീഗിൻെറ ശക്തികേന്ദ്രത്തിൽ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മേൽക്കൈ തുടരാൻ തന്നെയാണ് സാധ്യത. പരമാവധി നില മെച്ചപ്പെടുത്താനായിരിക്കും എൽ.ഡി.എഫിൻെറ ശ്രമം.

തൃശ്ശൂർ
29 ഡിവിഷനുകളുള്ള തൃശ്ശൂർ ജില്ലാപഞ്ചായത്തിൽ 24 സീറ്റുകളുമായി വലിയ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. 5 സീറ്റുകളാണ് യു.ഡി.എഫിന് ലഭിച്ചത്. വരുന്ന തെരഞ്ഞെടുപ്പിൽ ഒരു ഡിവിഷൻ കൂടി 30 സീറ്റുകളിലേക്കാണ് മത്സരം നടക്കാൻ പോവുന്നത്. 16 ബ്ലോക്ക് പഞ്ചായത്തുകളും 86 പഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്. ഇതിൽ 64 ഇടത്ത് ഇടതുപക്ഷവും 21 ഇടത്ത് യു.ഡി.എഫും ഭരിക്കുന്നു. ഒരെണ്ണം ബി.ജെ.പിയുടെ കയ്യിലാണ്. അവിണിശ്ശേരി പഞ്ചായത്താണ് ബി.ജെ.പി ഭരിക്കുന്നത്. ആകെയുള്ള 16 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 എണ്ണത്തിലും ഇടതുപക്ഷവും രണ്ട് എണ്ണത്തിൽ യു.ഡി.എഫും ഭരിക്കുന്നു. ചാലക്കുടിയും ചാവക്കാടും മാത്രമാണ് യു.ഡി.എഫിൻെറ കയ്യിലുള്ളത്. പ്രാദേശികതലത്തിലും സംസ്ഥാന വ്യാപകമായും വലിയ ചർച്ചകൾ ഉയർന്ന നിരവധി രാഷ്ട്രീയ വിഷയങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ തൃശ്ശൂരിൽ ഉണ്ടായിട്ടുണ്ട്. തൃശ്ശൂർ പൂര വിവാദവും കരുവന്നൂർ ബാങ്ക് തട്ടിപ്പുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തൃശ്ശൂർ മണ്ഡലം പിടിച്ചുകൊണ്ട് വലിയ സൂചനകൾ നൽകിയിട്ടുണ്ട്. തൃശ്ശൂരിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇക്കുറി നില മെച്ചപ്പെടുത്തുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. കോർപ്പറേഷൻ മുതൽ പഞ്ചായത്തുകൾ വരെ സകല മേഖലകളിലും ഇടത് ആധിപത്യമാണ്. അത് അങ്ങനെ തന്നെ നിലനിൽക്കുമോയെന്ന് കാത്തിരുന്ന് കാണണം. ഒരുകാലത്ത് മേൽക്കൈ ഉണ്ടായിരുന്ന ജില്ലയിൽ തിരിച്ചുവരവിന് ശ്രമിക്കുകയാണ് യു.ഡി.എഫ്. ലോക്സഭയിൽ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തായതും പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുമൊക്കെ കോൺഗ്രസിനെ ജില്ലയിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എറണാകുളം
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ നൽകിയ ഇടമാണ് എറണാകുളം. 27-ൽ 16 ഡിവിഷനുകൾ പിടിച്ച് ജില്ലാപഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. എൽ.ഡി.എഫിന് 9 ഡിവിഷനുകളും ട്വൻറി20ക്ക് 2 ഡിവിഷനുകളുമുണ്ട്. ആകെയുള്ള 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 09 ഇടത്ത് യു.ഡി.എഫ് ഭരണവും 5 ഇടത്ത് എൽ.ഡി.എഫ് ഭരണവുമാണ്. ട്വൻറി20ക്കും ബ്ലോക്കുകളിൽ പ്രാതിനിധ്യമുണ്ട്. ഗ്രാമപഞ്ചായത്ത് ഭരണത്തിൻെറ കണക്കുകൾ നോക്കിയാൽ അൽപം കൂടി വ്യക്തമായി യു.ഡി.എഫ് ആധിപത്യം മനസ്സിലാക്കാൻ സാധിക്കും. ജില്ലയിൽ ആകെയുള്ളത് 82 ഗ്രാമപഞ്ചായത്തുകളാണ്. 51 പഞ്ചായത്തുകളാണ് യു.ഡി.എഫ് ഭരിക്കുന്നത്. 20 പഞ്ചായത്തുകളാണ് എൽ.ഡി.എഫിൻെറ കയ്യിലുള്ളത്. ട്വൻറി20 4 പഞ്ചായത്തുകളും മറ്റുള്ളവർ 7 പഞ്ചായത്തുകളും ഭരിക്കുന്നു. കിഴക്കമ്പലത്തിന് പുറമെ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് ട്വൻറി20 ഭരണം. വെങ്ങോല പഞ്ചായത്തിൽ 10 സീറ്റ് പിടിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയുമാണ്. പ്രതിപക്ഷമില്ലാതെയാണ് ഐക്കരനാട്ടിലെ ഭരണം. കിഴക്കമ്പലത്ത് ഒരു സീറ്റ് മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 2020-നേക്കാൾ വലിയ നേട്ടമുണ്ടാക്കുമെന്നാണ് ഇത്തവണ ട്വൻറി20യുടെ അവകാശവാദം. എറണാകുളത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കാര്യമായ റോളൊന്നുമില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇടത് - വലത് മുന്നണികൾക്ക് കാര്യമായ വെല്ലുവിളി ഉയരുന്നത് ട്വൻറി20യുടെ ഭാഗത്ത് നിന്നാണ്.

ആലപ്പുഴ
തെക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് മേൽക്കൈ ഉള്ള ജില്ലകളിലൊന്നാണ് ആലപ്പുഴ. ജില്ലാപഞ്ചായത്ത് വലിയ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. 23 ഡിവിഷനുകളിൽ 20 എണ്ണവും എൽ.ഡി.എഫിനൊപ്പമാണ്. രണ്ടിടത്ത് യു.ഡി.എഫും ഒരിടത്ത് എൻ.ഡി.എയും. വലിയ അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ ജില്ലാപഞ്ചായത്ത് ഇടതുമുന്നണി തന്നെ നിലനിർത്തും. ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിൽ 52 ഇടത്തും ഇടത് ഭരണമാണ്. 22 ഇടത്ത് യു.ഡി.എഫ് ഭരിക്കുന്നു. 2020-ലെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പാണ്ടനാട് പഞ്ചായത്തിൽ ബി.ജെ.പിയാണ് വിജയിച്ചിരുന്നത്. പിന്നീട് ഇവിടുത്തെ പ്രസിഡൻറ് പാർട്ടി അംഗത്വം രാജിവെച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്നു. ഉപതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പിന്തുണയോടെ എൽ.ഡി.എഫും, പിന്നീട് ഇടത് പഞ്ചായത്ത് പ്രസിഡൻറ് രാജിവെച്ചതോടെ ഇടത് പിന്തുണയിൽ യു.ഡി.എഫും പഞ്ചായത്ത് ഭരിക്കുന്ന സാഹചര്യം ഉണ്ടായി. സമാനമായി ചെന്നിത്തല പഞ്ചായത്തിലും ബി.ജെ.പിയെ മാറ്റിനിർത്താൻ യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ച് കൈകോർത്തിരിക്കുന്നു. ഇത്തരത്തിൽ കൗതുകകരമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇടങ്ങൾ ആലപ്പുഴയിലുണ്ട്. ബി.ജെ.പി കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് ജില്ലയിലെ ചില പഞ്ചായത്തുകളിൽ. ബ്ലോക്ക് പഞ്ചായത്തുകളിലും ഇടത് ആധിപത്യമാണ്. ആകെയുള്ള 12-ൽ 11-ഉും എൽ.ഡി.എഫിനൊപ്പം. നെൽകർഷകരുടെ പ്രശ്നങ്ങളും തൊഴിലാളി പ്രശ്നങ്ങളും മഴക്കാലത്തെ വെള്ളം കയറലുമടക്കം നിരവധി പ്രാദേശിക വിഷയങ്ങൾ ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാവും. ഇടത് ആധിപത്യം തുടരുമെന്ന് പ്രതീക്ഷിക്കുന്ന ജില്ലയിൽ യു.ഡി.എഫിനും വെല്ലുവിളിയായി ശക്തമായ പ്രചാരണം നടത്തുന്നുണ്ട് ബി.ജെ.പി.
കോട്ടയം
കേരള കോൺഗ്രസിൻെറ സ്വന്തം തട്ടകമാണ് കോട്ടയം. കേരള കോൺഗ്രസ് മാണി വിഭാഗത്തെ കൂട്ടുപിടിച്ച് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഇവിടെയും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജില്ലാപഞ്ചായത്തിൽ 22-ൽ 14-ഉും പിടിച്ച് എൽ.ഡി.എഫാണ് ഭരിക്കുന്നത്. ഈ 22-ൽ 6 സിപിഎം, 5 കേരള കോൺഗ്രസ് എം, 3 സിപിഐ എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിനുള്ള ഏഴിൽ ഏഴും കോൺഗ്രസ് പിടിച്ചതാണ്. ഒരു സീറ്റ് ബി.ജെപിക്കുമുണ്ട്. പി.സി. ജോർജ്ജിൻെറ മകൻ ഷോൺ ജോർജ്ജാണ് കോട്ടയം ജില്ലാപഞ്ചായത്തിലെ ഏക ബി.ജെ.പി അംഗം. ഗ്രാമപഞ്ചായത്തുകളുടെ കാര്യമെടുത്താലും എൽ.ഡി.എഫിന് തന്നെയാണ് മേൽക്കൈ എന്ന് കാണാം. ആകെയുള്ള 71 പഞ്ചായത്തുകളിൽ 52 എണ്ണവും ഇടതുമുന്നണി ഭരിക്കുന്നു. 17 പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണം നിലനിൽക്കുമ്പോൾ രണ്ടിടത്ത് ബി.ജെ.പിയും ഭരിക്കുന്നുണ്ട്. പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളാണ് കോട്ടയത്ത് ബി.ജെ.പി ഭരിക്കുന്നത്. കർഷകരുടെ പ്രശ്നങ്ങളും വനം - വന്യജീവി പ്രശ്നങ്ങളുമൊക്കെ ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാവും. കേരള കോൺഗ്രസ് മുന്നണി മാറിയതോടെ കോട്ടയം ഇടതുമുന്നണിക്ക് വലിയ കരുത്തുള്ള ഇടമായി മാറിയിരിക്കുന്നു. സിപിഎം, സിപിഐ, കേരള കോൺഗ്രസ് എം പാർട്ടികൾ ഒന്നിച്ച് നിന്നതോടെ നേരത്തെയുള്ളതിനേക്കാൾ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ മുന്നണിക്ക് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇവിടുത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യമെടുത്താൽ ഇടതിൻെറ സമ്പൂർണ ആധിപത്യമാണ്. ആകെയുള്ള 11-ൽ 10-ഉും ഭരിക്കുന്നത് എൽ.ഡി.എഫാണ്. ഈരാറ്റുപേട്ട മാത്രമാണ് യു.ഡി.എഫിൻെറ കയ്യിലുള്ളത്. സംസ്ഥാനത്തെ മൂന്ന് പ്രധാന പാർട്ടികൾ ഒന്നിച്ച് നിൽക്കുന്നതിൻെറ കരുത്ത് കോട്ടയത്ത് എൽ.ഡി.എഫിനുണ്ട്. മുന്നണിയെന്ന നിലയിൽ ദുർബലമാണ് ജില്ലയിൽ യു.ഡി.എഫ്. ക്രൈസ്തവ വോട്ടുകൾ കൂടുതൽ അനുകൂലമാക്കി നില മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്നുണ്ട് ബി.ജെ.പി.

ഇടുക്കി
ഇടുക്കിയിലേക്ക് വരുമ്പോൾ ജില്ലാപഞ്ചായത്ത് ഭരിക്കുന്നത് എൽ.ഡി.എഫാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 16-ൽ 10-ഉും നേടിയാണ് അവർ ഭരണം പിടിച്ചത്. സിപിഎം 5, സിപിഐ - 4 കേരള കോൺഗ്രസ് എം - 1 എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് പാർട്ടികളും അധ്യക്ഷസ്ഥാനം പങ്കിടുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളിലും ഇടതിന് തന്നെയാണ് മേൽക്കൈ. 52-ൽ 30 പഞ്ചായത്തുകളിൽ ഇടത് ഭരണമാണ്. 21 പഞ്ചായത്തുകൾ യു.ഡി.എഫും ഒരു പഞ്ചായത്തിൽ ബി.ജെ.പി പ്രസിഡൻറുണ്ട്. കാഞ്ചിയാർ പഞ്ചായത്തിലാണ് ഭൂരിപക്ഷം യു.ഡി.എഫിന് ലഭിച്ചിട്ടും സംവരണത്തിലൂടെ ബി.ജെ.പി അംഗം ഭരിക്കുന്നത്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ബലാബലമാണ്. എൽ.ഡി.എഫും യു.ഡി.എഫും 4 ബ്ലോക്ക് വീതം ഭരിക്കുന്നുണ്ട്. പൊതുവിൽ അങ്ങനെ തന്നെയാണ് ഇടുക്കിയിലെ തദ്ദേശ രാഷ്ട്രീയം. എൽഡി.എഫിനും യു.ഡി.എഫിനും ഇവിടെ ഒരുപോലെ സാധ്യതകളുണ്ട്. പാർലമെൻറിലും നിയമസഭയിലും വ്യത്യസ്ത ട്രെൻറുള്ള ഇടുക്കിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലും ഒന്നും ഉറപ്പിച്ച് പറയാൻ സാധിക്കില്ല. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ നേർക്കുനേരാണ് പോര് നടക്കുന്നത്. മുന്നണിയിലെ മൂന്ന് പ്രധാന പാർട്ടികൾക്കും സ്വാധീനമുണ്ടെന്നതാണ് ഇവിടെയും ഇടതിൻെറ കരുത്ത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുള്ള സ്വാധീനം യു.ഡി.എഫിനും കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലാപഞ്ചായത്തും എൽ.ഡി.എഫാണ് ഭരിക്കുന്നത്. 16-ൽ 12 ഡിവിഷനുകളും എൽ.ഡി.എഫിനൊപ്പം. സി.പി.എം - 7, സി.പി.ഐ -2, കേരള കോൺഗ്രസ് എം - 2, ജെ.ഡി.എസ് - 1 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിന് 4 ഡിവിഷനുകളാണ് 2020-ൽ പിടിച്ചത്. നാലും കോൺഗ്രസ് അംഗങ്ങളാണ്. ജില്ലയിൽ ആകെയുള്ള 53 ഗ്രാമപഞ്ചായത്തുകളിൽ 31 ഇടത്തും എൽ.ഡി.എഫ് ഭരണമാണ്. 19 പഞ്ചായത്തുകൾ യു.ഡി.എഫും മൂന്ന് പഞ്ചായത്തുകൾ ബി.ജെ.പിയും ഭരിക്കുന്നു. കവിയൂർ, ചെറുകോൽ, കുളനട പഞ്ചായത്തുകളാണ് ബി.ജെ.പി ഭരിക്കുന്നത്. അയിരൂർ, കൊറ്റനാട് പഞ്ചായത്തുകളിലും ബി.ജെ.പിക്ക് വലിയ സ്വാധീനമുണ്ട്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ 6 ഇടത്ത് ഇടത് ഭരണവും രണ്ടിടത്ത് യു.ഡി.എഫ് ഭരണവുമാണ്. സിപിഎമ്മിനൊപ്പം ഘടകകക്ഷികൾക്ക് കൂടി സ്വാധീനമുള്ള ജില്ലയിൽ ഇടതുമുന്നണിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. യു.ഡി.എഫിന് തിരിച്ചുവരവ് സാധ്യതയുള്ള ഇടമാണ് പത്തനംതിട്ട. നിലവിലുള്ളതിനേക്കാൾ കൂടുതൽ പഞ്ചായത്തുകൾ പിടിക്കാനും സ്വാധീനം വർധിപ്പിക്കാനുമാണ് ബി.ജെ.പി ലക്ഷ്യം.

കൊല്ലം
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയാണ് കൊല്ലം. വലിയ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് ജില്ലാപഞ്ചായത്ത് ഭരിക്കുന്നത്. ആകെയുള്ള 26 ഡിവിഷനുകളിൽ എൽ.ഡി.എഫ് 23 സീറ്റുകളുമായി ഭരിക്കുന്നു. സിപിഎമ്മിന് 14 സീറ്റുകളും സിപിഐക്ക് 9 സീറ്റുകളുമുണ്ട്. ജില്ലയിലെ സിപിഎമ്മിൻെറ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ഡോ. പി.കെ. ഗോപനാണ് നിലവിലെ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിലും ഇടത് ഭരണമാണ്. ആർ.എസ്.പി കരുത്ത് കാട്ടിയതിനാൽ ചവറയിൽ മാത്രം യു.ഡി.എഫ് ഭരിക്കുന്നു. 68 ഗ്രാമപഞ്ചായത്തുകളിൽ 46 ഇടത്ത് എൽ.ഡി.എഫും 22 ഇടത്ത് യു.ഡി.എഫുമാണ് ഭരിക്കുന്നത്. ജില്ലയിലെ പോരുവഴി പഞ്ചായത്ത് രാഷ്ട്രീയമായി അൽപം കൗതുകമുള്ള ഇടമാണ്. 6 സീറ്റുകളുമായി യു.ഡി.എഫ് ഭരിക്കുന്ന ഇവിടെ എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് വീതം അംഗങ്ങളുണ്ട്. രണ്ട് അംഗങ്ങൾ എസ്.ഡി.പി.ഐക്കുമുണ്ട്. ബി.ജെ.പിയും എസ്.ഡി.പി.ഐയും ഇവിടുത്തെ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻറിനെ പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കല്ലുവാതുക്കൽ പഞ്ചായത്തിൽ 9 വാർഡുകളുമായി ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി. യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് ആറും അംഗങ്ങൾ. ഇവിടെ ഒരുവിഭാഗം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. ആദ്യം ബി.ജെ.പി ഭരിക്കുകയും പിന്നീട് അവിശ്വാസത്തിലൂടെ എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്ത പഞ്ചായത്താണ് കല്ലുവാതുക്കൽ. കൊല്ലത്ത് ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ ഇടതുപക്ഷത്തിൻെറ സമഗ്ര ആധിപത്യമാണ്. അത് തുടരാതിരിക്കാനുള്ള സാധ്യതകൾ കുറവാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി തിരിച്ചുവരാൻ ആർ.എസ്.പി ശ്രമിക്കുന്നുണ്ട്. കോൺഗ്രസിന് സംഘടനാപരമായി ശക്തി കുറവാണ്. ഗ്രാമപഞ്ചായത്തുകളായിരിക്കും ബി.ജെ.പി ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലാപഞ്ചായത്തിലെ 26 ഡിവിഷനുകളിൽ 20-ഉും നേടി വലിയ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. സിപിഎം -15, സിപിഐ -4, എൽ.ജെ.ഡി -1 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിൽ കോൺഗ്രസിന് ആറ് സീറ്റുകളുമുണ്ട്. സിപിഎമ്മിലെ ഡി. സുരേഷ് കുമാറാണ് ജില്ലാപഞ്ചായത്ത് പ്രസിഡൻറ്. 2015-ൽ ഇവിടെ വെങ്ങാനൂർ ഡിവിഷനിൽ ബി.ജെ.പി വിജയിച്ചിരുന്നു. എന്നാൽ 2020-ൽ അത് നഷ്ടമായി. രണ്ട് വർഷം മുമ്പ് മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടി അഭിമാനകരമായ നേട്ടങ്ങളിലൂടെയാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് മുന്നോട്ട് പോവുന്നത്. ജില്ലയിലെ ആകെയുള്ള 11-ൽ 10 ബ്ലോക്ക് പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുമുന്നണി തന്നെയാണ്. ഒരിടത്ത് മാത്രം യു.ഡി.എഫ് ഭരണം. വെള്ളനാട് ഇരുമുന്നണികൾക്കും ഒരേ സീറ്റ്നില വന്നതോടെ ടോസിട്ടാണ് ഭരണം യു.ഡി.എഫിന് ലഭിച്ചത്. ജില്ലയിൽ ആകെയുള്ള 73 ഗ്രാമപഞ്ചായത്തുകളിൽ 54 എണ്ണം എൽ.ഡി.എഫ് ഭരിക്കുമ്പോൾ 14 ഇടത്ത് യു.ഡി.എഫും ഭരിക്കുന്നു. അഞ്ച് പഞ്ചായത്തുകളിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കള്ളിക്കാട് പഞ്ചായത്തിൽ ഭരണം തുടരുന്നു. മൂന്ന് മുന്നണികളും തമ്മിൽ പലയിടങ്ങളിലും നേർക്കുനേർ പോരാട്ടം നടക്കുന്നുണ്ട് തിരുവനന്തപുരത്ത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ആധിപത്യം തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ഇവിടെയും എൽ.ഡി.എഫ്. തിരിച്ചുവരവിന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് യു.ഡി.എഫ്. തങ്ങൾ കരുത്ത് കാട്ടുമെന്ന് ഉറപ്പിച്ച് പ്രഖ്യാപിച്ചാണ് ബി.ജെ.പി മുന്നോട്ട് പോവുന്നത്.




