Kerala Local Body Elections 2025:
മുനിസിപ്പാലിറ്റികളി​ലെ
മുന്നണി സാധ്യതകളും
രാഷ്ട്രീയ അടിയൊഴുക്കുകളും

നഗരസഭകളിലെ മത്സരചിത്രം തെളിയുമ്പോൾ അതിശക്തമായ മത്സരമാണ് യു.ഡി.എഫും എൽ.ഡി.എഫും കാഴ്ച വെക്കുന്നത്. കഴിഞ്ഞ തവണ സംസ്ഥാനത്തെ നഗരസഭകളിൽ നേടിയ നേരിയ മുൻതൂക്കം നിലനിർത്താനാകുമോ എന്നതാണ് യു.ഡി.എഫിനു മുന്നിലെ വലിയ ചോദ്യം. കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയ്ക്ക് വോട്ട്​ ഷെയർ വർധിപ്പിക്കാനാകുന്നുണ്ട് എന്നത് ഇത്തവണ മറ്റൊരു നിർണായക ഘടകമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളെ ‘സെമി ഫൈനൽ’ എന്നാണ് വിശേഷിപ്പിക്കാറ്. കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ഫലം, തൊട്ടടുത്ത വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ സെമിഫൈനൽ തന്നെയായി മാറി. സെമി ഫൈനലുകളിൽ ജയിച്ച എൽ.ഡി.എഫ് തന്നെ ‘ഫൈനലു’കളിലും ജയിച്ചു. അതുകൊണ്ടുതന്നെ മൂന്നാമൂഴം പ്രതീക്ഷിക്കുന്ന എൽ.ഡി.എഫിന്, അടുത്ത വർഷത്തെ ഫൈനലിനു മുമ്പുള്ള സെമിഫൈനൽ തുടർച്ച ഈ തദ്ദേശ തെരഞ്ഞെടുപ്പ് നൽകുമോ എന്നത് രാഷ്ട്രീയപ്രാധാന്യമുള്ള ഒരു സംഗതി കൂടിയാണ്.

മുനിസിപ്പാലിറ്റികളിലെ ഇലക്ഷൻ ഫലത്തിന് മറ്റൊരു പാറ്റേൺ കാണാം. നിയമസഭാ തെരഞ്ഞെടുപ്പിൽ ചുവന്നു തുടുക്കുന്ന പല ജില്ലകളിലെയും നഗരസഭകളിൽ യു.ഡി.എഫിന് നേരിയ മുൻതൂക്കം കിട്ടാറുണ്ട്. എറണാകുളം, മലപ്പുറം, വയനാട് പോലുള്ള ജില്ലകൾ മാത്രമാണ് ഇതിന് അപവാദം.

1994 ഏപ്രിൽ 23ന് നിലവിൽവന്ന കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം, ആദ്യ ത്രിതല തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടന്നത് 1995-ലാണ്. അന്നു മുതലുള്ള തദ്ദേശ തെരഞ്ഞെടുപ്പുകളിൽ, മുനിസിപ്പാലിറ്റികളിൽ മുൻതൂക്കം യു.ഡി.എഫിനാണ്. പഞ്ചായത്തുകളിലും കോർപറേഷനുകളിലും എൽ.ഡി.എഫ് വൻ വിജയം നേടിയ പല ഇലക്ഷനുകളിലും മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിച്ചതായി കാണാം.

2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമ- നഗര വ്യത്യാസമില്ലാതെ എൽ.ഡി.എഫിനായിരുന്നു മുന്നേറ്റം. 87 മുനിസിപ്പാലിറ്റികളിൽ 44 ഇടത്ത് എൽ.ഡി.എഫ് ജയിച്ചെങ്കിലും ഡിവിഷനുകളുടെ എണ്ണത്തിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം.

2020-ലും, നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻ വർഷമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. ഫലം പുറത്തുവന്നപ്പോൾ 45 നഗരസഭകൾ യു.ഡി.എഫും 35 എണ്ണം എൽ.ഡി.എഫിനും നേടി. പാലക്കാട്, പന്തളം നഗരസഭകളിൽ ബി.ജെ.പിക്കായിരുന്നു ജയം. പന്തളം എൽ.ഡി.എഫിൽനിന്നാണ് ബി.ജെ.പി പിടിച്ചെടുത്തത്. 2015-ൽ ഏഴു സീറ്റു മാത്രമുണ്ടായിരുന്ന എൻ.ഡി.എ 18 സീറ്റിൽ ജയിച്ചാണ് ഭരണം പിടിച്ചത്.

എന്നാൽ, കഴിഞ്ഞ തവണ ഭരണസമിതികൾ അധികാരത്തിൽ വന്നപ്പോൾ കൂടുതൽ മുനിസിപ്പാലിറ്റികളുടെ ഭരണവും എൽഡിഎഫിനായിരുന്നു. 86 നഗരസഭകളിൽ 40-ലും എൽഡിഎഫിനാണ് ഭരണം കിട്ടിയത്. യുഡിഎഫ് 35 മുനിസിപ്പാലിറ്റികളും നേടി.

എൽ.ഡി.എഫും യു.ഡി.എഫും ജയിച്ച നഗരസഭാ വാർഡുകളുടെ എണ്ണത്തിലും 2020-ൽ ചില ശ്രദ്ധേയ സൂചനകളുണ്ടായിരുന്നു. ആകെയുള്ള 3078 മുനിസിപ്പൽ വാർഡുകളിൽ എൽ.ഡി.എഫ് 1167 എണ്ണമാണ് നേടിയത്. 2015-ലേതിനേക്കാൾ 96 സീറ്റുകളുടെ നഷ്ടം. ജയിച്ച വാർഡുകളുടെ എണ്ണത്തിൽ യു.ഡി.എഫിനും തിരിച്ചടിയുണ്ടായി. 2015-ൽ യു.ഡി.എഫ് 1318 മുനിസിപ്പൽ വാർഡുകളിൽ ജയിച്ചെങ്കിൽ 2020-ൽ 1172 ആയി കുറഞ്ഞു. 146 സീറ്റുകളുടെ നഷ്ടം.

മുനിസിപ്പൽ വാർഡുകളുടെ കാര്യത്തിൽ നേട്ടം എൻ.ഡി.എക്കായിരുന്നു. 2015-ലേതിനേക്കാൾ 84 വാർഡുകൾ കൂടുതൽ പിടിച്ചെടുത്ത് എൻ.ഡി.എ കരുത്ത് തെളിയിച്ചു. 2020-ൽ 320 മുനിസിപ്പൽ സീറ്റുകളിലാണ് എൻ.ഡി.എ ജയിച്ചത്.

ഈ ഡാറ്റ ഒരു കാര്യം വ്യക്തമാക്കുന്നു.

ഇലക്ഷൻ റിസൽട്ടിൽനിന്ന് ഭിന്നമായ കക്ഷിനിലയാണ് പല നഗരസഭകളിലും ഭരണസമിതി തെരഞ്ഞെടുപ്പിൽ രൂപപ്പെടുക. സ്വതന്ത്രരും ചെറിയ കക്ഷികളുമെല്ലാമാണ് അവിടങ്ങളിൽ ആര് ഭരിക്കണം എന്ന് തീരുമാനിക്കുക. ഭരണസമിതി തെരഞ്ഞെടുപ്പുകളിൽനിന്ന് വിട്ടുനിന്നും എതിർപക്ഷത്തേക്ക് കൂറുമാറി വോട്ടു ചെയ്തുമെല്ലാം ഈ ‘കിംഗ് മേക്കർ’മാർ യഥാർഥ റിസൽട്ടിനെ അട്ടിമറിക്കും. ശത്രുഭേദമേതുമില്ലാത്ത ഒരു മാതൃകാസ്ഥാനമായി ഭരണസമിതി തെരഞ്ഞെടുപ്പുകൾ തദ്ദേശ സ്ഥാപനങ്ങളെ മാറ്റിത്തീർക്കാറുണ്ട്.

മാത്രമല്ല, അഞ്ചു വർഷത്തിൽ പല തവണ ഭരണം അട്ടിമറിക്കപ്പെടുന്ന അവസ്ഥയും പല മുനിസിപ്പാലിറ്റികളിലുമുണ്ടായിട്ടുണ്ട്. ഭരണം കിട്ടാൻ തദ്ദേശ സ്ഥാപനങ്ങളിൽ കേവല ഭൂരിപക്ഷം എന്ന സംഗതിയില്ലാത്തിനാൽ ഏറ്റവും കൂടുതൽ വാർഡുകൾ നേടുക എന്നതാണ് മുന്നണികളുടെ വെല്ലുവിളി. അതുകൊണ്ട്, പ്രതിപക്ഷത്തുള്ള ആകെ സീറ്റുകളുടെ എണ്ണത്തെ മറികടക്കുന്ന ഭൂരിപക്ഷമുണ്ടെങ്കിലേ അട്ടിമറിഭീതിയില്ലാതെ ഭരിക്കാനാകൂ എന്ന സ്ഥിതിയാണുള്ളത്.

പാലാ നഗരസഭ ഒരു ഉദാഹരണമായിരുന്നു. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത അട്ടിമറികളാണ് കഴിഞ്ഞ തവണ പാലായിൽ അരങ്ങേറിയത്. കേരള കോൺഗ്രസ് എമ്മിലെ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നു. എന്നാൽ, അതേ അവിശ്വാസത്തിന്റെ വോട്ടെടുപ്പിൽനിന്ന് യു.ഡി.എഫ് വിട്ടുനിന്നു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ടു ചെയ്ത് എൽ.ഡി.എഫ് സ്വന്തം ചെയർമാനെ പുറത്താക്കി.

ഇത്തരം അസംബന്ധ രാഷ്ട്രീയ നാടകവേദികളാണ് പല മുനിസിപ്പാലിറ്റി ഭരണസമിതികളും.

വാർഡുവിഭജനം എന്ന ‘സമസ്യ’

ഇത്തവണ മുനിസിപ്പാലിറ്റികളിൽ നടന്ന വാർഡു വിഭജനം ഇത്തരം അസംബന്ധ രാഷ്ട്രീയനാടകങ്ങൾക്ക് കരുത്തുപകരും. 86 നഗരസഭകളിൽ 128 വാർഡുകളാണ് കൂടിയത്. ആകെ വാർഡുകളുടെ എണ്ണം 3113-ൽ നിന്ന് 3241 ആയി.

മലപ്പുറത്തെ 12 നഗരസഭകളിൽ 26 വാർഡുകൾ അധികമായി വന്നു. 13 നഗരസഭകളുള്ള എറണാകുളത്തും 26 വാർഡുകൾ പുതുതായി വന്നു. തൃശൂരിൽ 12 വാർഡുകളും പാലക്കാട് ഒമ്പതും കോഴിക്കോട് എട്ടും കാസർകോട് ഏഴും തിരുവനന്തപുരത്ത് ഏഴും പുതിയ മുനിസിപ്പൽ വാർഡുകളുണ്ട്.

വാർഡ് പുനർനിർണയത്തിനെതിരെ പലയിടത്തും യു.ഡി.എഫ് പരാതികളുമായി രംഗത്തുണ്ടായിരുന്നു. എൽ.ഡി.എഫിന് നേട്ടമുണ്ടാകുംവിധം വാർഡുവിഭജനം നടത്തിയെന്നാണ് കോൺഗ്രസിന്റെ പരാതി. ഏതായാലും, സ്വതന്ത്രവേഷം​ കെട്ടിയ വിമതരും ഒറ്റയക്കം തികയ്ക്കാത്ത പാർട്ടികളുമെല്ലാം ഇനിയും കിംഗ് മേക്കർമാരായി വിലസുമെന്നർഥം.

മൂന്ന് മുന്നണികൾക്കും നിർണായകം

സംസ്ഥാന ഭരണത്തിന്റെ മൂന്നാമൂഴത്തിനായുള്ള റിഹേഴ്സലായാണ് എൽ.ഡി.എഫ് തദ്ദേശതെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. 2020-ൽ കോർപറേഷനുകളിലും പഞ്ചായത്തുകളിലും നടത്തിയ മുന്നേറ്റം നിലനിർത്തിയാൽ മാത്രം പോരാ, ഇടതുമുന്നണിയ്ക്ക് ഇത്തവണ, യു.ഡി.എഫിന്റെ മേൽ നഗരസഭകളിലടക്കം വ്യക്തമായ ​മേധാവിത്തം ആവശ്യമാണ്.

വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ, എത്ര നിയമസഭാ മണ്ഡലങ്ങളിൽ മുന്നേറ്റമുണ്ടാക്കാനാകും എന്നത് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും എൻ.ഡി.എയെയും സംബന്ധിച്ച് ഏറെ നിർണായകമാണ്.

കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയ്ക്ക് വോട്ട്​ ഷെയർ വർധിപ്പിക്കാനാകുന്നുണ്ട്. ഇത്തവണ, 25 ശതമാനം വോട്ടും തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകളും 21,000-ത്തിലധികം വാർഡുകളിലെ ജയവുമാണ് ബി.ജെ.പി ലക്ഷ്യമായി മുന്നോട്ടുവെക്കുന്നത്. ഇപ്പോൾ ഭരണത്തിലുള്ള രണ്ട് നഗരസഭകൾ അടക്കം 15 നഗരസഭകളും ലക്ഷ്യമിടുന്നു. 2020-ൽ മുന്നേറ്റമുണ്ടാക്കാനായ പാലക്കാട്, പന്തളം, ഗുരുവായൂർ, കൊടുങ്ങല്ലൂർ നഗരസഭകളിൽ രണ്ടും കൽപ്പിച്ചുള്ള മത്സരമാണ് ബി.ജെ.പി നടത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ചുകൊടുക്കുന്നത് നിർത്തി, വോട്ടുകൾ സ്വന്തം നിലയ്ക്കുതന്നെ വരവുവെക്കാൻ തുടങ്ങിയതോടെയാണ് ബി.ജെ.പിയുടെ വോട്ട് ഷെയറിൽ വർധനവുണ്ടായത്. സ്വാധീനമേഖലകൾ തെരഞ്ഞെടുത്തുകൊണ്ടുള്ള കാമ്പയിനിലാണ് ഇത്തവണ ബി.ജെ.പിയുടെ ശ്രദ്ധ. പരമാവധി വാർഡുകളിൽ വിജയിക്കാനുള്ള മികച്ച തന്ത്രം കൂടിയാണിത്. എന്നാൽ, അവകാശവാദങ്ങൾ സാധൂകരിക്കുംവിധം, സംസ്ഥാന വ്യാപകമായി ത്രികോണമത്സരപ്രതീതിയുണ്ടാക്കാൻ ബി.ജെ.പിയ്ക്ക് കാര്യമായി കഴിഞ്ഞിട്ടില്ല.

മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റികൾ

സംസ്ഥാനത്തെ 87 നഗരസഭകളിൽ മട്ടന്നൂർ ഒഴികെയുള്ള 86 നഗരസഭകളിലെ 3078 വാർഡുകളിലേക്കാണ് ഇലക്ഷൻ നടക്കുന്നത്. 2027 സപ്തംബറിലേ മട്ടന്നൂർ നഗരസഭയുടെ കാലാവധി പൂർത്തിയാകുകയുള്ളൂ.

ഏറ്റവും കൂടുതൽ നഗരസഭകളുള്ളത് എറണാകുളം ജില്ലയിലാണ്, 13. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്, 12. ഒമ്പത് നഗരസഭകളുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 2020-ൽ നഗരസഭകളിൽ 78.51 ശതമാനമായിരുന്നു പോളിങ്.

തിരുവനന്തപുരത്ത് ബി.ജെ.പിപ്പോര്

തിരുവനന്തപുരം ജില്ലയിലെ നാലു നഗരസഭകളിലും ബി.ജെ.പി ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്. 2020-ൽ വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ നഗരസഭകളുടെ ഭരണനേതൃത്വം എൽ.ഡി.എഫിനായിരുന്നു. ആറ്റിങ്ങലിലും നെടുമങ്ങാട്ടും ഇത്തവണയും എൽ.ഡി.എഫിന് കാര്യമായ വെല്ലുവിളിയില്ല.

കേവല ഭൂരിപക്ഷമില്ലാതെ എൽ.ഡി.എഫ് ഭരിക്കുന്ന വർക്കലയും നെയ്യാറ്റിൻകരയും മൂന്ന് മുന്നണികളെ സംബന്ധിച്ചും പ്രധാന പോരാട്ടവേദിയാണ്.

വർക്കലയിൽ കഴിഞ്ഞതവണ 33 വാർഡുകളിൽ 11 എണ്ണവും നേടി ബി.ജെ.പി രണ്ടാം സ്ഥാനത്തുവന്നു. എൽ.ഡി.എഫിന് ഒരു സീറ്റുമാത്രമാണ് കൂടുതൽ ലഭിച്ചത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരിച്ചത്. ഇത്തവണയും ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി എൽ.ഡി.എഫിനുനേരെയുണ്ട്. മുസ്‌ലിംലീഗുമായുള്ള സീറ്റുധാരണത്തർക്കം യു.ഡി.എഫിനെ വലയ്ക്കുന്നുണ്ട്.

കൊല്ലം, പത്തനംതിട്ട കോട്ടകൾ

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവ എൽ.ഡി.എഫ് കോട്ടകളാണ്. പരവൂരിൽ നറുക്കെടുപ്പിലൂടെ ചെയർപേഴ്ണൻ സ്ഥാനം യു.ഡി.എഫിനും വൈസ് ചെയർപേഴ്സൺ സ്ഥാനം എൽ.ഡി.എഫിനുമാണ് ലഭിച്ചത്. ജില്ലയി​ലെ മൂന്ന് നഗരസഭകളിലും എൽ.ഡി.എഫിന് ഇത്തവണയും വലിയ വെല്ലുവിളികളില്ല.

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ തവണ നേടിയ ഉജ്ജ്വല ജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പത്തനംതിട്ട, അടൂർ നഗരസഭകളിൽ ഭരണം എൽ.ഡി.എഫിനും തിരുവല്ലയിൽ യു.ഡി.എഫിനുമായിരുന്നു. പന്തളത്ത് എൻ.ഡി.എയ്ക്കായിരുന്നു ജയം.

ഇത്തവണ പത്തനംതിട്ട, അടൂർ, തിരുവല്ല നഗരസഭകളിൽ ഇരു മുന്നണികൾക്കും വിമതന്മാരുണ്ട്. കൂടാതെ, വെല്ലുവിളിയുമായി ബി.ജെ.പിയും എസ്.ഡി.പി.ഐയും.

പത്തുവർഷത്തിനുശേഷമാണ് 2020-ൽ പത്തനംതിട്ട നഗരസഭാഭരണം എൽ.ഡി.എഫിന്റെ കൈയിലെത്തിയത്, അതും കോൺഗ്രസ് വിമതരുടെ സഹായത്തോടെ. ഇത്തവണ 24 വാർഡുകളിൽ ബി.ജെ.പി രംഗത്തുണ്ട്. യു.ഡി.എഫിനെ വിമതർ കാര്യമായി വലയ്ക്കുന്നുണ്ട്.

അടൂരിൽ 28 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിലെത്തിയത്. ഭരണസമിതിയ്ക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിലെ പടലപ്പിണക്കങ്ങൾ ഇത്തവണ എൽ.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

പന്തളം പണ്ടേപ്പോലെ ഫലിക്കുമോ?

2020-ൽ ബി.ജെ.പി ഭരണം നേടിയ രണ്ട് നഗരസഭകളിൽ ഒന്നാണ് പന്തളം. 32 വാർഡുകളിൽ 18 എണ്ണം നേടിയാണ് ബി.ജെ.പി ഭരണത്തിലെത്തിയത്. എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് നാലും സീറ്റുണ്ടായിരുന്നു. ബി.ജെ.പി വിമതന്റെ പിന്തുണയോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെതുടർന്ന് ബി.ജെ.പി ചെയർപേഴ്‌സൻ രാജിവെച്ചതും തുടർന്ന് വിമതരെയും സ്വതന്ത്രരെയും കൂട്ടി ബി.ജെ.പി തന്നെ തുടർഭരണം നേടിയതും സംഭവബഹുലമായിരുന്നു. അധികാരമേറ്റതുമുതലുള്ള അധികാരത്തർക്കം ബി.​ജെ.പിയെ വലയ്ക്കുന്നുണ്ട്.

കട്ടപ്പനയും തൊടുപുഴയും

ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരസഭ കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പമായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന ​തൊടുപുഴയിൽ മുസ്‍ലിം ലീഗ് സ്വതന്ത്രയുടെ പിന്തുണയോടെ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.

ഇത്തവണയും യു.ഡി.എഫിനെ വിമതസാന്നിധ്യം അടക്കമുള്ള പ്രശ്നങ്ങൾ വേട്ടയാടുന്നുണ്ട്. യു.ഡി.എഫ് ശക്തികേന്ദ്രമായിരുന്ന തൊടുപുഴ നഗരസഭയിൽ ഇപ്പോൾ മുന്നണിയ്ക്ക് ആധിപത്യമില്ല.

എൽ.ഡി.എഫിന്റെ ആലപ്പുഴ പ്രതീക്ഷകൾ

ആലപ്പുഴ, ചേർത്തല നഗരസഭകൾ യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്ത് ആലപ്പുഴ ജില്ലയിൽ ഉജ്ജ്വല മുന്നേറ്റം നടത്തിയ എൽ.ഡി.എഫ് ഇത്തവണയും അത് നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്. ആറ് നഗരസഭകളിൽ കായംകുളം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ എൽ.ഡി.എഫിനും മാവേലിക്കരയിലും ചെങ്ങന്നൂരിലും ഹരിപ്പാട്ടും യു.ഡി.എഫിനുമായിരുന്നു ഭൂരിപക്ഷം.

കോട്ടയത്തെ യു.ഡി.എഫ് ആശങ്കകൾ

കോട്ടയത്തെ ആറ് നഗരസഭകളിൽ അഞ്ചിടത്തും യു.ഡി.എഫിനാണ് ഭരണം. ഒരിടത്ത് എൽ.ഡി.എഫ്. കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, വൈക്കം നഗരസഭകളിലാണ് യു.ഡി.എഫ് ജയിച്ചത്. പാലായിൽ എൽ.ഡി.എഫും. എന്നാൽ, രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതിനെതുടർന്ന് ചങ്ങനാശ്ശേരി നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി.

കേരള കോൺഗ്രസിന്റെ മുന്നണിമാറ്റം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കമെന്ന ആശങ്ക യു.ഡി.എഫിനുണ്ട്. ഒപ്പം, കടുത്ത വിമതസാന്നിധ്യവും മുന്നണിയെ വേട്ടയാടുന്നു.

കലങ്ങിമറിഞ്ഞ് എറണാകുളം

യു.ഡി.എഫിന് സ്വാധീനമുള്ള എറണാകുളം ജില്ലയിലെ 13 നഗരസഭകളിൽ എട്ടിടത്ത് യു.ഡി.എഫിനും അഞ്ചിടത്ത് എൽ.ഡി.എഫിനുമാണ് കഴിഞ്ഞ തവണ ഭരണം ലഭിച്ചത്.

ആലുവ, അങ്കമാലി, മരട്, പറവൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, കളമശ്ശേരി നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. തൃപ്പുണിത്തുറ, കോതമംഗലം, പിറവം, കൂത്താട്ടുകുളം, ഏലൂർ നഗരസഭകളിൽ എൽ.ഡി.എഫും. പല നഗരസഭകളിലും യു.ഡി.എഫിൽ ഇത്തവണ വിമതശല്യം രൂക്ഷമാണ്.

തൃശ്ശൂർ എന്ന ഇടതുകോട്ട

ഏഴിൽ അഞ്ച് മുനിസിപ്പാലിറ്റികളും സ്വന്തമായുള്ള എൽ.ഡി.എഫ് കോട്ടയായ തൃശ്ശൂർ ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ ബി.ജെ.പിയും ശക്തമായ പോരാട്ടത്തിലാണ്. നഗരസഭകളിൽ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവ കേന്ദ്രീകരിച്ചാണ് എൻ.ഡി.എ കാമ്പയിൻ.

കണ്ണുംപൂട്ടി മലപ്പുറം

12 നഗരസഭകളിൽ ഒമ്പതും കൈവശമുള്ള മലപ്പുറത്ത് ഇത്തവണയും യു.ഡി.എഫിന് വെല്ലുവിളികളില്ല. വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് ധാരണയും ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുള്ള തർക്കവുമെല്ലാം സി.പി.എം പൊളിറ്റിക്കൽ കാമ്പയിനാക്കി വികസിപ്പിച്ചിട്ടുണ്ടെങ്കിലും അടിത്തട്ടിലെ വോട്ട് സമവാക്യങ്ങളെ സ്വാധീനിക്കാൻ അതിനായിട്ടില്ല.

പാലക്കാടൻ വെല്ലുവിളികൾ

പാലക്കാട് ജില്ലയിലെ ഏഴ് നഗരസഭകളിൽ അഞ്ചെണ്ണം ഭരിക്കുന്ന എൽ.ഡി.എഫിന് വിമതർ പലയിടത്തും ഭീഷണി ഉയർത്തുന്നുണ്ട്. മണ്ണാർക്കാട് നഗരസഭയിൽ വിമത സാന്നിധ്യം അതിശക്തമാണ്. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതെത്തിയ ബി.ജെ.പി നഗരസഭാ ഭരണം നിലനിർത്താനുള്ള മരണപ്പോരാട്ടത്തിലാണെങ്കിലും പാർട്ടിയിലെ വിഭാഗീയത വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോൺഗ്രസിനെ തന്നെ ഏറെ പ്രതിരോധത്തിലാക്കുന്നു. ​പ്രമുഖ നേതാക്കളെ സ്ഥാനാർഥികളാക്കി എൽ.ഡി.എഫ് ഇത്തവണ തന്ത്രപരമായ നീക്കം നടത്തിയിട്ടുണ്ടെങ്കിലും പാലക്കാട് നഗരസഭ ഇത്തവണയും മുന്നണിയ്ക്ക് കാര്യമായ പ്രതീക്ഷ നൽകുന്നില്ല.

ഇളകാത്ത കോഴിക്കോട്

കോഴിക്കോട് ജില്ലയി​ലെ ഏഴ് മുനിസിപ്പാലിറ്റികളിൽ നാലെണ്ണം യു.ഡി.എഫിനും മൂന്നെണ്ണം എൽ.ഡി.എഫിനുമാണ്. കോൺഗ്രസിൽ പലയിടത്തും വിമതശല്യം രൂക്ഷമാണ്. വിജ്ഞാപനം വരുന്നതിനുമുമ്പേ യു.ഡി.എഫിന് കാമ്പയിൻ തുടങ്ങാൻ കഴിഞ്ഞുവെങ്കിലും ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്താനുള്ള സാഹചര്യം ഇത്തവണയും പരിമിതമാണ്.

യു.ഡി.എഫിന് വയനാടൻ ടെസ്റ്റ്

വയനാട്ടിലെ മൂന്ന് നഗരസഭകളിൽ രണ്ടെണ്ണം യു.ഡി.എഫും ഒരെണ്ണം എൽ.ഡി.എഫും ഭരിക്കുന്നു. കൽപ്പറ്റയും മാനന്തവാടിയും യു.ഡി.എഫും സുൽത്താൻ ബത്തേരി എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. ഇത്തവണ സഹകരണബാങ്കുകളിലെ നിയമനക്കോഴ യു.ഡി.എഫിനെയും കോൺഗ്രസിനെയും വൻ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഭദ്രം, കണ്ണൂർകോട്ട

കണ്ണൂരിലെ മുനിസിപ്പാലിറ്റികൾ ഇത്തവണയും ഇടതുകോട്ടയായി നിലനിൽക്കും. ഒമ്പത് നഗരസഭകളിൽ ആറിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫുമാണ്.

അതേ കാസർകോട്

കാസര്‍കോട് ജില്ലയിലെ മൂന്ന് നഗരസഭകളില്‍ രണ്ടെണ്ണത്തില്‍ എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫുമാണ് ഭരണം. കാസര്‍കോട് നഗരസഭയില്‍ ഇത്തവണയും മുസ്‌ലിം ലീഗിന് വെല്ലുവിളിയില്ല. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളില്‍ എല്‍.ഡി.എഫിനും വെല്ലുവിളിയില്ല.

മുന്നണികൾക്കുമുന്നിൽ
വെല്ലുവിളികൾ മാത്രം

നഗരസഭകളിലെ മത്സരചിത്രം തെളിയുമ്പോൾ അതിശക്തമായ മത്സരമാണ് യു.ഡി.എഫും എൽ.ഡി.എഫും കാഴ്ച വെക്കുന്നത്. കഴിഞ്ഞ തവണ സംസ്ഥാനത്തെ നഗരസഭകളിൽ നേടിയ നേരിയ മുൻതൂക്കം നിലനിർത്താനാകുമോ എന്നതാണ് യു.ഡി.എഫിനു മുന്നിലെ വലിയ ചോദ്യം.

സംസ്ഥാന സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾ പ്രധാന കാമ്പയിനാക്കുന്ന എൽ.ഡി.എഫിന്, യു.ഡി.എഫിനെ ​അപേക്ഷിച്ച് മുനിസിപ്പാലിറ്റികളിൽ മുന്നേറാനാകുമെന്ന ആത്മവിശ്വാസമുണ്ട്.

എന്നാൽ, മുനിസിപ്പാലിറ്റികളിൽ എൻ.ഡി.എയുടെ പ്രകടനം നിർണായകമായിരിക്കും. കഴിഞ്ഞ തവണ ജയിച്ച രണ്ട് നഗരസഭകൾ നിലനിർത്തുക എന്നത് എൻ.ഡി.എയ്ക്ക് ഇത്തവണ വെല്ലുവിളിയാണ്. അതേസമയം, മുന്നണി ലക്ഷ്യം വെച്ചിരിക്കുന്ന മറ്റു നഗരസഭകളിലും തൂക്കുസഭയുണ്ടാകാൻ സാധ്യതയുള്ള നഗരസഭകളിലും എൻ.ഡി.എയ്ക്ക് എത്രത്തോളം മുന്നേറാൻ കഴിയുന്നു എന്നത്, നഗരസഭകളിലുള്ള എൻ.ഡി.എ സ്വാധീനത്തിന്റെ ലിറ്റ്മസ്സ് ടെസ്റ്റായി മാറുകയും ചെയ്യും.

Comments