കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 9 (ചൊവ്വ), 11 (വ്യാഴം) തീയ്യതികളിലാണ് വോട്ടെടുപ്പ് നടക്കാൻ പോവുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഡിസംബർ 13-ന് നടക്കും. തെക്കൻ കേരളത്തിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. കാലാവധി പൂർത്തിയായിട്ടില്ലാത്തതിനാലാണ് മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് വൈകുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് തെരഞ്ഞെടുപ്പ് തീയ്യതിയും മറ്റ് വിശദാംശങ്ങളും പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് 2020-ൽ നടന്ന തെരഞ്ഞെടുപ്പ് പ്രകാരം ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചെണ്ണവും നിലവിൽ ഭരിക്കുന്നത് എൽ.ഡി.എഫാണ്. ഒരെണ്ണം മാത്രമാണ് യു.ഡി.എഫ് ഭരിക്കുന്നത്. കണ്ണൂരാണ് യു.ഡി.എഫ് ഭരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ കോർപ്പറേഷനുകളിൽ എൽ.ഡി.എഫിൻെറ ഭരണമാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം കോർപ്പറേഷനുകളിൽ ഇടതുപക്ഷത്തിന് എക്കാലത്തും മേൽക്കൈ ഉണ്ട്. എന്നാൽ തൃശ്ശൂരും കൊച്ചിയും യു.ഡി.എഫ് ശക്തികേന്ദ്രങ്ങളാണ്. ഈ രണ്ട് കോർപ്പറേഷനുകളും ഉറപ്പായും തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലായിരിക്കും യു.ഡി.എഫ്. എന്നാൽ ഭരണനേട്ടങ്ങൾ ഉയർത്തിപ്പറഞ്ഞ് കോർപ്പറേഷനുകൾ നിലനിർത്താനായിരിക്കും എൽ.ഡി.എഫ് ശ്രമിക്കുക.

14 ജില്ലാ പഞ്ചായത്തുകളിൽ 11 എണ്ണം എൽ.ഡി.എഫും മൂന്നെണ്ണം യു.ഡി.എഫും ഭരിക്കുന്നു. ഇത്തവണ കൂടുതൽ ജില്ലാപഞ്ചായത്തുകൾ പിടിച്ചെടുക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. നിലനിർത്താൻ എൽ.ഡി.എഫും. സംസ്ഥാനത്തെ ആകെയുള്ള 87 നഗരസഭകളിൽ നേരിയ മേൽക്കൈ നിലവിൽ യു.ഡി.എഫിനുണ്ട്. 44 നഗരസഭകൾ യു.ഡിഎഫും 41 എണ്ണം എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. പാലക്കാട്, പന്തളം നഗരസഭകളിൽ ബി.ജെ.പിയാണ് ഭരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 557 ഇടത്ത് എൽ.ഡി.എഫും, 363-ൽ യു.ഡി.എഫും, 14-ൽ എൻ.ഡി.എയും 7 എണ്ണത്തിൽ മറ്റുള്ളവരും ഭരിക്കുന്നു. മറ്റുള്ളവരിലാണ് ട്വൻറി20 ഉൾപ്പെടുന്നത്. ആകെയുള്ള 154 ബ്ലോക്ക് പഞ്ചായത്തുകളിൽ 111 ഇടത്ത് എൽ.ഡി.എഫും 43 ഇടത്ത് യു.ഡി.എഫും ഭരിക്കുന്നു.
2020-ൽ നിയമസഭാ തെരഞ്ഞെടുപ്പിൻെറ മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. ഭരണവിരുദ്ധവികാരം വോട്ടായി മാറുമെന്നായിരുന്നു പ്രതീക്ഷ. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതും അവർക്ക് പ്രതീക്ഷയായിരുന്നു. ലോകത്താകെ കോവിഡ് മഹാമാരി പടർന്ന് പിടിച്ച കാലഘട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിൻെറ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയാണ് അത്തവണ എൽ.ഡി.എഫ് വലിയ മേൽക്കൈ നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാണ് എൽ.ഡി.എഫ് തുടർച്ചയായി രണ്ടാം തവണയും സംസ്ഥാനഭരണം പിടിച്ചത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന നിലയിൽ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. പത്ത് വർഷത്തോളമായി എൽ.ഡി.എഫ് ഭരിക്കുന്നതിൻെറ നേട്ടങ്ങളും കോട്ടങ്ങളും തെരഞ്ഞെടുപ്പിൽ ഒരുപോലെ വിലയിരുത്തപ്പെടും. പ്രതിപക്ഷമെന്ന നിലയിൽ യു.ഡി.എഫ് നടത്തുന്ന പ്രവർത്തനങ്ങളും മാറ്റുരയ്ക്കപ്പെടും. ബി.ജെ.പിക്ക് തങ്ങളുടെ നില മെച്ചപ്പെടുത്തേണ്ടതുണ്ട്. പ്രാദേശിക പാർട്ടികൾക്ക് അവരുടെ ശക്തി തെളിയിക്കേണ്ടതുണ്ട്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കിയതിൻെറ ആത്മവിശ്വാസം ഇക്കുറി യു.ഡി.എഫിനുണ്ട്. തൃശ്ശൂർ സീറ്റിലെ സുരേഷ് ഗോപിയുടെ വിജയവും തിരുവനന്തപുരം, ആറ്റിങ്ങൽ, പാലക്കാട് സീറ്റുകളിൽ മികച്ച മുന്നേറ്റം നടത്താൻ സാധിച്ചതും ബി.ജെ.പിയുടെയും ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിൻെറയും നിലവിലെ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് ഇതിനെയെല്ലാം മറികടക്കാൻ സാധിക്കുമെന്ന് എൽ.ഡി.എഫ് കരുതുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മുന്നണികൾ പലയിടങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും തങ്ങൾ ലക്ഷ്യമിടുന്ന പ്രധാന കോർപ്പറേഷനുകളിലടക്കം ഇതിനോടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയം ആവുന്നേയുള്ളൂ. ചിത്രം തെളിഞ്ഞതോടെ ഇനി ഓരോ വാർഡുകളിലും എത്രയും പെട്ടെന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പാർട്ടികൾ രംഗത്തിറങ്ങും.
