സംസ്ഥാനത്ത് യു.ഡി.എഫ് ഭരിച്ചിരുന്ന ഏക കോർപ്പറേഷനായ കണ്ണൂരിൽ ഭരണത്തുടർച്ച. എൽ.ഡി.എഫ് കോട്ടയായ കണ്ണൂരിൽ, കോർപറേഷൻ ഭരണം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് നിലനിർത്തിയത്. ആകെയുള്ള 56 ഡിവിഷനുകളിൽ 36 എണ്ണം യു.ഡി.എഫിനാണ്. എൽ.ഡി.എഫ് 15-ഉം എൻ.ഡി.എ നാലും ഡിവിഷനുകൾ നേടി. ഒരിടത്ത് സ്വതന്ത്രനും.
പയ്യാമ്പലം ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി ഇന്ദിരയാണ് ജയിച്ചത്. എല്‍.ഡി.എഫിന്റെ സിറ്റിങ് ഡിവിഷനായ ആദി കടലായിയില്‍ കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ജയിച്ചു. സി.പി.എമ്മും ബി.ജെ.പിയും ശക്തമായ വെല്ലുവിളിയാണ് റിജിലിനെതിരെ ഉയര്‍ത്തിയിരുന്നത്.
തുളിച്ചേരി ഡിവിഷന്‍ യു.ഡി.എഫില്‍നിന്ന് ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. കൊക്കേൻ പാറ, പള്ളിക്കുന്ന് ഡിവിഷനുകളും ബി.ജെ.പി നേടി. സിപിഎമ്മിന്റെ സിറ്റിങ് വാർഡായിരുന്ന കൊക്കേൻ പാറ ബി ജെ പി പിടിച്ചെടുക്കുകയായിരുന്നു. കൊക്കേൻ പാറയിൽ പി. മഹേഷ് ആണ് വിജയിച്ചത്. 907 വോട്ടുകളാണ് മഹേഷ് നേടിയത്. തൊട്ടടുത്ത യു ഡി എഫ് സ്ഥാനാർത്ഥി 582 വോട്ടുകൾ നേടിയപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥി ഷാജി കുന്നാവിന് 562 വോട്ടുകൾ ലഭിച്ചു.

പത്ത് വർഷമേ ആയിട്ടുള്ളൂ കണ്ണൂർ കോർപ്പറേഷൻ നിലവിൽ വന്നിട്ട്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ, ആദ്യഘട്ടത്തിൽ കോൺഗ്രസ് വിമതരിൽ നിന്നുണ്ടായ തിരിച്ചടികൾക്ക് ശേഷം കോർപ്പറേഷനിൽ മേൽക്കൈ നേടാൻ യു.ഡി.എഫിന് സാധിച്ചതിന്റെ ഫലം കൂടിയാണ് ഇത്തവണയുണ്ടായത്.
2015-ൽ എൽ.ഡി.എഫും യു.ഡി.എഫും 27 വീതം സീറ്റുകളാണ് നേടിയിരുന്നത്. എന്നാൽ, കോൺഗ്രസ് വിമതൻ പി.കെ. രാഗേഷിൻെറ പിന്തുണയിൽ ഇടതുമുന്നണിയാണ് ഭരണം പിടിച്ചത്. സിപിഎമ്മിലെ ഇ.പി. ലത കണ്ണൂരിലെ ആദ്യ മേയറായി. രാഗേഷ് പിന്തുണ പിൻവലിച്ചതോടെ കാലാവധി പൂർത്തായാക്കാനാവാതെ കോർപ്പറേഷൻ ഭരണം പ്രതിസന്ധിയിലുമായിരുന്നു.
2020-ൽ ആകെയുള്ള 55-ൽ 34 സീറ്റുകൾ പിടിച്ചാണ് യു.ഡി.എഫ് കോർപ്പറേഷൻ ഭരിച്ചത്. 19 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു. എൻ.ഡി.എയ്ക്ക് ഒരു സീറ്റും സ്വതന്ത്ര സ്ഥാനാർത്ഥി ഒരു സീറ്റിലും ജയിച്ചു.
