യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ഏറ്റവും ശക്തമായ പോരാട്ടം നടന്ന കൊച്ചി കോർപറേഷൻ യു.ഡി.എഫിന്. ആകെയുള്ള 76-ൽ യു.ഡി.എഫിന് 47 ഡിവിഷനുകളുണ്ട്. എൽ.ഡി.എഫിന് 21 ഡിവിഷനുകളും എൻ.ഡി.എയ്ക്ക് ആറ് ഡിവിഷനുകളും ലഭിക്കും. കൊച്ചി തിരിച്ചുപിടിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടാണ് യു.ഡി.എഫ് കാമ്പയിന് നേതൃത്വം നൽകിയത്.
രൂക്ഷമായ വിമതശല്യം കോൺഗ്രസിനെ വലച്ചിരുന്നുവെങ്കിലും അതിനെ മറികടന്നാണ് ഗംഭീര വിജയം. യു.ഡി.എഫ് മേയർ സ്ഥാനാർഥികളായി ഉയർത്തിക്കാട്ടിയവർ ജയിച്ചപ്പോൾ പ്രമുഖ എൽ.ഡി.എഫ് സ്ഥാനാർഥികൾ തോറ്റു. കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രമുഖ നേതാക്കളിലൊരാൾ.
2010 മുതൽ 2020 വരെ യു.ഡി.എഫ് ഭരിച്ച കോർപറേഷൻ നേരിയ ഭൂരിപക്ഷത്തിലും യു.ഡി.എഫ് വിമതരെ കൂട്ടുപിടിച്ചുമാണ് 2020-ൽ എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്.
നിയമസഭയിലും ലോക്സഭയിലും കോൺഗ്രസിനെയും യു.ഡി.എഫിനെയും പിന്തുണയ്ക്കുന്ന എറണാകുളത്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യത്യസ്ത ചിത്രമാണുണ്ടാകാറ്. ഇടതും വലതും മാറിമാറി ഭരിക്കുന്നതാണ് കൊച്ചി കോർപ്പറേഷൻ. 2010-ന് മുൻപ് രണ്ടര പതിറ്റാണ്ട് കാലം ഇടതുമുന്നണി കൊച്ചി കോർപ്പറേഷൻ ഭരിച്ചിട്ടുണ്ട്. മേയർ അഡ്വ. എം. അനിൽകുമാറിൻെറ നേതൃത്വത്തിൽ അഞ്ച് വർഷം ഭരണം പൂർത്തിയാക്കിയ എൽ.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ രംഗത്തിറങ്ങിയത്. അനിൽകുമാർ ഇത്തവണ മത്സരിച്ചിരുന്നില്ല. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലായിരുന്നു എൽ.ഡി.എഫ് കാമ്പയിൻ.

2020-ൽ 74 സീറ്റിൽ മൂന്ന് സ്വതന്ത്രരുടെയടക്കം പിന്തുണയോടെ 37 സീറ്റുകളാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. യു.ഡി.എഫിന് 31 സീറ്റും ബി.ജെ.പിക്ക് 5 സീറ്റുമുണ്ടായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാൻറ് പ്രശ്നം പരിഹരിച്ചത്, പുതിയ കോർപ്പറേഷൻ ആസ്ഥാനമന്ദിരം, തുരുത്തി ഫ്ലാറ്റ് സമുച്ചയം, പുതിയ മാർക്കറ്റ് കോംപ്ലക്സ്, സമൃദ്ധി കൊച്ചി തുടങ്ങിയ നേട്ടങ്ങൾ എൽ.ഡി.എഫ് ഉയർത്തിപ്പിടിച്ചെങ്കിലും കൊച്ചിയിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നായിരുന്നു യു.ഡി.എഫ് ആരോപണം. കഴിഞ്ഞതവണ വി ഫോർ കൊച്ചിയുടെ സാന്നിധ്യമാണ് യു.ഡി.എഫിന് തിരിച്ചടിയായത്.
