ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?
എം.എ. ബേബി: 1957-ൽ സഖാവ് ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിൽ നിർണായകമായിരുന്നു. ആ മന്ത്രിസഭയുണ്ടാക്കിയ രാഷ്ട്രീയ ഊർജം ഇല്ലായിരുന്നുവെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാവുമായിരുന്നില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം ഒരു പുരോഗമനപ്രദേശമായി നിലകൊള്ളുന്നത് 1957-ന്റെ ഊർജത്തിലാണ്.
ആ മന്ത്രിസഭ മത- രാഷ്ട്രീയ ശക്തികളുടെ എതിർപ്പിനെയാണ് നേരിട്ടതെന്നു പറയുന്നത് പ്രശ്നത്തെ ചുരുക്കിക്കാണലാണ്. ഇ.എം.എസ് പതിവായി പറയുമായിരുന്ന പോലെ, കേരളത്തിലെ “ജന്മി-ജാതി-നാടുവാഴി” ശക്തികളുടെ അധികാരക്കുത്തകയെ 1957 വെല്ലുവിളിച്ചു. ആഗോളമായിത്തന്നെ കമ്യൂണിസ്റ്റ് വിരുദ്ധരെ ഈ മന്ത്രിസഭ വിറളി പിടിപ്പിച്ചു. ഈ മന്ത്രിസഭയ്ക്കെതിരെ ഉണ്ടായ ജനാധിപത്യവിരുദ്ധ നീക്കങ്ങളിൽ അമേരിക്കൻ- ബ്രിട്ടീഷ് ഇടപെടലുകൾ ഇന്ന് തെളിയിക്കപ്പെട്ടതാണ്. അഖിലേന്ത്യാ കോൺഗ്രസിലെ വലതുപക്ഷത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഇന്ദിരാ ഗാന്ധിയും ജവഹർലാൽ നെഹ്രുവും ചേർന്നാണ് ഈ മന്ത്രിസഭയെ പിരിച്ചുവിട്ടത്.
കേരളത്തിലെ കത്തോലിക്കാ സഭയിലെ ഒരു വിഭാഗം നേതൃത്വം വിദ്യാഭ്യാസബില്ല് കാരണമാക്കി സർക്കാരിനെതിരെ തിരിഞ്ഞുവെന്നത് ശരിയാണ്. പക്ഷേ, കേരളത്തിലെ പ്രമുഖ ന്യൂനപക്ഷമായ മുസ്ലിങ്ങൾ സർക്കാരിനെതിരായിരുന്നില്ല. എൻ.എസ്.എസും എസ്.എൻ.ഡി.പിയും വിമോചനസമരത്തിൽ പങ്കെടുത്തു എങ്കിലും ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും സമരത്തിനെതിരായിരുന്നു. അതിനാൽ “സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയ ശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചനസമരത്തിലൂടെ പുറത്താക്കിയത് ചരിത്രം’’ എന്നു പറയുന്നത് തെറ്റായ വായനയാണ്.
1957-ൽ കമ്യൂണിസ്റ്റുകാരും കേരളത്തിലെ മതവിഭാഗങ്ങളുമായി ഒരു യുദ്ധം ആരംഭിച്ചു എന്നു വ്യഖ്യാനിക്കുന്നത് ജാതി- ജന്മി- നാടുവാഴി താല്പര്യത്തിനെതിരെ കമ്യൂണിസ്റ്റുകാർ നടത്തിയ വിപ്ലവത്തെ വിലകുറച്ച്, ഇത് മതങ്ങൾക്കെതിരായി നടത്തിയ സമരം എന്നു കാണേണ്ട ആവശ്യമുള്ള വരേണ്യരുടെ താല്പര്യമാണ്. ഭരണകൂടം സെക്യുലർ ആയിരിക്കണമെന്നതു മാത്രമല്ല കമ്യൂണിസ്റ്റുകാരുടെ ആവശ്യം. അത് പുരോഗമനപരവുമാവണം. മതത്തിന്റെ ചുമരിൽ ചെന്നിടിച്ചു തകരാനുള്ളതല്ല കേരളത്തിന്റെ പുരോഗമനവാദം. അത് പരിമിതമായ ഒരു രാഷ്ട്രീയമാണ്.
ഈ വികലവാദത്തിൻറെ പശ്ചാത്തലത്തിലാണ്, “അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്’’ എന്ന് ചോദ്യത്തിൽ പ്രസ്താവിക്കുന്നത്. കമ്യൂണിസ്റ്റുകാർ മതത്തിനെതിരാണെന്നും മതത്തിനോടേറ്റുമുട്ടി വീരചരമം പ്രാപിക്കേണ്ടവരാണെന്നുമുള്ള വലതുപക്ഷ ധാർമികരാഷ്ട്രീയമാണ് ഈ ചോദ്യത്തിനു പിന്നിൽ.
ഇന്ന് ഇന്ത്യ നേരിടുന്ന ഭീഷണമായ അർദ്ധ ഫാഷിസ്റ്റ് വെല്ലുവിളിക്കു മുന്നിൽ ഏക ബദൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. മറ്റു പ്രതിപക്ഷ സർക്കാരുകളും രാഷ്ട്രീയ പാർടികളും പോലും ഭൂരിപക്ഷ മതമേധാവിത്വവാദികളുടെ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ ചെറുകക്ഷിയാണെങ്കിലും ഉശിര് കുറയാതെ ബദൽ രാഷ്ട്രീയം ഉയർത്തുന്നത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരാണ്. ഈ പോരാട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വയ്ക്കുന്ന നയങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രധാനമാണ്. നമ്മുടെ ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങളോട് ഒരു ബഹുമാനവുമില്ലാത്ത മോദി സർക്കാർ സാമ്പത്തികമായും ഗവർണറെയും മറ്റും ഉപയോഗിച്ചും കേരളത്തെ ഞെരുക്കിവയ്ക്കാൻ ശ്രമിക്കുമ്പോൾ പിണറായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. മോദി സർക്കാരിനു കീഴിൽ തീർച്ചയായും പരിമിതികൾ ഉണ്ട്, പക്ഷേ, ഈ സർക്കാരിന്റെ ഭരണത്തുടർച്ച വളരെ പ്രധാനമാണ്. അത് കേരളത്തിലെ ഏതെങ്കിലും മതവിഭാഗത്തോട് ഏറ്റുമുട്ടി ഇല്ലാതാക്കും എന്ന് ദിവാസ്വപ്നം കാണുന്നവർ നിരാശരാവും.
ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?
കേരളത്തിൻറെ സെക്യുലർ മനസ്സ് പ്രതിസന്ധിയിലാണെന്നതിൽ ഞാൻ യോജിക്കുന്നു. പക്ഷേ, അതു വരുന്നത് ഇടതുപക്ഷം നടത്തുന്ന ചെറുത്തുനില്പിൽ എന്തെങ്കിലും കുറവുള്ളതിനാലല്ല. ഇന്ത്യ മുഴുവനായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഹിന്ദുത്വ അമിതാധികാര ശക്തി ഭരിക്കുന്നു. ഇന്ത്യയിലെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും അവർ വരുതിയിലാക്കിക്കഴിഞ്ഞു. ഭരണകൂടം മുഴുവനായി അവരുടെ ചൊല്പിടിയിലാണ്. കോടതിയും ബ്യൂറോക്രസിയും മാധ്യമങ്ങളും സർവകലാശാലകൾ, സ്കൂളുകൾ, ചലച്ചിത്രം, റിസർവ് ബാങ്ക്, പ്ലാനിങ് കമ്മീഷൻ (നിതി ആയോഗ്), തെരഞ്ഞെടുപ്പ് കമ്മീഷൻ- ഇങ്ങനെയെല്ലാത്തിലും ആർ എസ് എസ് നുഴഞ്ഞുകയറി. ഇത് ഇന്ത്യയിൽ ഇന്നു വലതുപക്ഷ വർഗീയതയുടെ ഒരു കൊടുങ്കാറ്റടിപ്പിക്കുകയാണ്.
ഇക്കാര്യത്തിൽ കേരളം ഒരു തുരുത്താണ്, പക്ഷേ, ഒരു തുരുത്തിനു ചെയ്യാനാവുന്ന പ്രതിരോധത്തിനു പരിമിതികളുണ്ട്. ഇന്ത്യയാകെ വീശിയടിക്കുന്ന ഈ വിഷക്കാറ്റ് കേരളത്തെയും ബാധിക്കുന്നുണ്ട്. അതിനെതിരായ ചെറുത്തുനില്പാണ് കേരളത്തിൽ സി പി ഐ- എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നടത്തുന്നത്. ആർ എസ് എസ് രാഷ്ട്രീയം മതമേധാവിത്വം മാത്രമല്ല, അടിസ്ഥാനപരമായി അത് മേൽജാതി മേധാവിത്വമാണ്. ബാക്കി ഹിന്ദു ഐക്യമൊക്കെ അവരുടെ മുഖംമൂടിയാണ്. ആർ എസ് എസിൻറെ സാമ്പത്തികനയം കർഷകരെയും തൊഴിലാളികളെയും അടിച്ചമർത്തുന്നതാണ്. സാമ്രാജ്യത്വദാസ്യമാണ് അവരുടെ ആഗോള രാഷ്ട്രീയം. ഇവയ്ക്കൊക്കെയും എതിരായി സമരം നടത്താതെ സി പി ഐ- എം കേവലം അമൃതാനന്ദമയിയെയും വെള്ളാപ്പള്ളി നടേശനെയും എതിർത്ത് ധാർമികത തെളിയിക്കണം എന്ന വാദം വലതുവാദമാണ്.
ഇന്ത്യയിലെങ്ങും കീഴ്ജാതിക്കാർ നേരിടുന്ന വിവേചനചത്തിനെതിരായ സമരത്തിന്റെ മുന്നിലെ ഏറ്റവും പ്രധാനപ്പെട്ട കൊടിയുടെ നിറം ചുവപ്പാണ്. ഇന്ത്യയാകെ നടക്കുന്ന കർഷകമുന്നേറ്റത്തിൽ സി പി ഐ- എം മുന്നണിയിലുണ്ട്. ഈ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു നടന്ന അഖിലേന്ത്യാ പണിമുടക്ക് ചരിത്രപരമായ തൊഴിലാളി മുന്നേറ്റമായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വം ഇന്ത്യയ്ക്കെതിരെ ഭീമമായ ചുങ്കവും മറ്റു ഭീഷണികളും ഏർപ്പെടുത്തുമ്പോൾ ഏറ്റവും ശക്തമായ പ്രതിഷേധം ഉയർന്നത് ഇടതുപക്ഷത്തു നിന്നാണ്. പലസ്തീന്റെ കാര്യത്തിൽ പരമ്പരാഗതമായ നമ്മുടെ നയം ഉപേക്ഷിച്ച് സയണിസ്റ്റ് വംശഹത്യക്കാരോടു കൂട്ടുകൂടുന്ന മോദി സർക്കാരിനെതിരെ ഇന്ത്യയിൽ തെരുവിലിറങ്ങിയത് സി.പി.ഐ-എം ആണ്. കോൺഗ്രസ് പോലും ഇക്കാര്യത്തിൽ ചില പത്രലേഖനങ്ങൾക്കപ്പുറം ഒന്നും ചെയ്യുന്നില്ല. ആർ എസ് എസിന്റെ അടിസ്ഥാന രാഷ്ട്രീയത്തെയാണ് സി പി ഐ- എം ചോദ്യം ചെയ്യുന്നത്.
ഈ സാഹചര്യത്തിൽ മാതാ അമൃതാനന്ദമയിയെ ഒരു മന്ത്രി ആലിംഗനം ചെയ്തു, വെള്ളാപ്പള്ളി നടേശൻ ദേവസ്വം ബോർഡിന്റെ ശബരിമലയിലെ വികസനപദ്ധതികളെക്കുറിച്ചുള്ള ഒരു പരിപാടിയിൽ പങ്കെടുത്തു എന്നതുകൊണ്ടോ “ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിൻ്റെയും ന്യൂനപക്ഷ വിരോധത്തിൻ്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി’’ എന്ന് ആക്ഷേപിക്കുന്നത് വസ്തുതാപരമല്ല. ആർ എസ് എസിന്റെ രാഷ്ട്രീയത്തെ വളർത്തണമെന്നുള്ളവരാണ് ഇടതുപക്ഷത്തിനെതിരായി ഈ വാദം പറയുന്നത്.
'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?
മതം രാഷ്ട്രീയത്തിലിടപെടാതിരിക്കുകയും സാമൂഹികജീവിതത്തിലെ ഉച്ചനീചത്വങ്ങൾക്കു നീതീകരണം ഉണ്ടാക്കാതിരിക്കുകയും സാമ്പത്തിക അസമത്വങ്ങൾക്ക് ന്യായീകരണം ചമയ്ക്കാതിരിക്കുകയും ചെയ്താൽ സാധാരണ മനുഷ്യർക്ക് ആശ്വാസം നല്കുന്ന ഒരു വേദനാസംഹാരിയാണത്. ഹിന്ദുത്വവർഗീയതയെ അധികാരത്തിലേറ്റിയത് ശ്രീരാമനല്ല. ശ്രീരാമനെ ഇന്ത്യയിലെ ഭൂരിപക്ഷ മതമേധാവിത്വവാദികൾ അധികാരത്തിലേറാൻ ഉപയോഗിച്ചതാണ്. അമേരിക്കൻ സാമ്രാജ്യത്വം മനുഷ്യരെ ചൂഷണം ചെയ്യാൻ കാരണം യേശുക്രിസ്തു അല്ല. ക്രിസ്തുമതത്തെ അമേരിക്കൻ മുതലാളിമാർ ഉപയോഗിക്കുകയാണ്. അള്ളാഹു അല്ല അഫ്ഗാനിസ്താനിലെ പുരുഷമേധാവിത്വം സൃഷ്ടിച്ചത്. താലിബാൻ അള്ളാഹുവിനെ ഉപയോഗിക്കുയാണ്. ദൈവങ്ങളെയല്ല, ദൈവങ്ങളെ ഉപയോഗിക്കുന്നവരെയാണ് കമ്യൂണിസ്റ്റുകാർ എതിർക്കുന്നത്.
എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?
കേരള രാഷ്ട്രീയം ഇത്രയും ഹീനമായ വർഗീയതയുടെ ആക്രമണത്തിനു ശേഷവും ‘ഹിന്ദു വോട്ട്,’ ‘മുസ്ലിം വോട്ട്,’ ‘ക്രിസ്ത്യൻ വോട്ട്,’ ‘ഈഴവ വോട്ട്,’ ‘നായർ വോട്ട്’ എന്നിങ്ങനെ അധിക്ഷേപിക്കാവുന്ന തരത്തിലായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. കേരള രാഷ്ട്രീയത്തിൽ ചരിത്രപരമായ മത-ജാതി അടിയൊഴുക്കുകളുണ്ട്. പക്ഷേ, അതുമാത്രമാണ് കേരള രാഷ്ട്രീയം എന്നു കരുതുന്നത് അറിവില്ലായ്മ മാത്രമല്ല, പുരോഗമന രാഷ്ട്രീയത്തിനു നേരെ കണ്ണടച്ചുകൊണ്ട് അതിനെ ഇല്ലാതാക്കാമെന്നുള്ള ആഗ്രഹവും അതിനു പിന്നിലുണ്ട്. കേരളത്തിലെ ജനങ്ങൾ മതാടിസ്ഥാനത്തിൽ മാത്രമല്ല വോട്ടു ചെയ്യുന്നത്. മതവും ജാതിയും സ്വാധീനം ചെലുത്തുമ്പോഴും ഏറ്റവും നിർണായകമായത് രാഷ്ട്രീയം തന്നെയാണ്. കേരളത്തിലെ മുസ്ലിങ്ങൾ മുഴുവനും മുസ്ലിം സ്ഥാനാർത്ഥികൾക്കല്ല വോട്ടു ചെയ്യുന്നത്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാര്യവും അതു തന്നെ.

ഉദാഹരണത്തിന് ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കുന്ന മുസ്ലിം ആയ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജയിക്കുന്നത് ബഹുഭൂരിപക്ഷം ഹിന്ദുക്കളും ആ സഖാവിന് വോട്ടു ചെയ്തതുകൊണ്ടാണ്. മുസ്ലിം വോട്ട്, ഹിന്ദു വോട്ട് എന്നാണ് തിരിവെങ്കിൽ എ.എം. ആരിഫ് ആലപ്പുഴയിൽ നിന്ന് പാർലമെൻറിലേക്കു പോവില്ല. ആരിഫിന് കിട്ടിയ വോട്ടിലെ ഭൂരിപക്ഷവും ഹിന്ദുക്കൾ ചെയ്തതാണ്. തിരിച്ച്, ആലപ്പുഴയിലെ മുസ്ലിങ്ങളിലും ക്രിസ്ത്യാനികളിലും ഭൂരിപക്ഷവും ഹിന്ദു സ്ഥാനാർത്ഥികൾക്കാണ് വോട്ട് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയനിലപാട് അനുസരിച്ചാണ് വോട്ട് ചെയ്യുന്നത്, മതം നോക്കിയല്ല.
കേരളത്തിലെ അടുത്തു വരുന്ന പഞ്ചായത്ത്- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഇടതുപക്ഷം രാഷ്ട്രീയ പോരാട്ടമാക്കും. മതങ്ങൾ തമ്മിൽ മത്സരിക്കണമെന്ന ആവശ്യം ആർ.എസ്.എസിന്റേതാണ്.
മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?
ആഗോള അയ്യപ്പസംഗമത്തെ “മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ്” എന്നു കണ്ടതിനെ അനുമോദിക്കുന്നു. ഹിന്ദു വിശ്വാസികൾ മാത്രമല്ല അവിടെ ശബരിമലയുടെ വികസനത്തിനായി ഒത്തുകൂടിയത്. കേരളവുമായി ബന്ധപ്പെട്ട് പൊതുതാല്പര്യമുള്ളവരും ശബരിമലക്ഷേത്രത്തിൽ പ്രത്യേക താല്പര്യമുള്ളവരുമാണ്. അയ്യപ്പസംഗമത്തിന്റെ തുടർച്ചയായി ഈ വികസന നടപടികൾ മുന്നോട്ടു കൊണ്ടുപോവുകയും ശബരിമലയെ വർഗീയവല്ക്കരിക്കാനുള്ള ആർ എസ് എസിന്റെ ശ്രമങ്ങൾക്ക് തടയിടുകയും വേണം.

ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം ലഭിക്കേണ്ട വിഭാഗങ്ങൾക്ക് നിയമനം ലഭിക്കാൻ അതിശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ നമ്മുടെ സമൂഹത്തിൽ ജാതിപ്രിവിലേജ് തലമുറകളായി അനുഭവിച്ചുവരുന്ന ഒരു കൂട്ടം ആളുകൾ ഇതിനെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട്. എല്ലാ മാറ്റങ്ങൾക്കും ഇത്തരം ചെറുത്തുനിൽപ്പുണ്ടായിട്ടുണ്ട്. ക്ഷേത്രപ്രവേശനം തന്നെ സർക്കാർ ഉത്തരവ് ഉണ്ടായ ശേഷവും കായികമായി ചെറുക്കപ്പെട്ടില്ലേ? അത്തരത്തിൽ ഇതും ക്രമേണ മാറുമെന്നും ക്ഷേത്രങ്ങളിൽ എല്ലാ ജാതിഹിന്ദുക്കളും തുല്യരായി ജോലി ചെയ്യുന്നത്, പ്രിവിലേജ് ലഭിച്ചുപോന്ന വിഭാഗം കൂടി അംഗീകരിക്കുന്ന കാലം വരുമെന്നും എനിക്കുറപ്പുണ്ട്.
കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?
സാംസ്കാരിക പ്രതിപക്ഷം എന്ന പ്രയോഗം വ്യക്തതയില്ലാത്തതും വരേണ്യത ചുവയ്ക്കുന്നതുമാണ്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ തന്നെ തൊഴിലാളികളും മറ്റു ബഹുജനവിഭാഗങ്ങളും അവരവരുടെ അവകാശങ്ങൾക്കായി സമരം ചെയ്യണം. ഒരു ഭരണകൂടവും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ഒന്നും സൗജന്യമായി തരില്ല. അതിനുള്ള നിരന്തരസമരം ഉണ്ടാവുക തന്നെ വേണം.

അതോടൊപ്പം, കേരളത്തിലെ ബുദ്ധിജീവികളും പണ്ഡിതരും ഒക്കെ പറയുന്നത് ഇടതുപക്ഷം എന്നും ശ്രദ്ധിച്ചുപോന്നു. അവരിൽ പലരും കർക്കശക്കാരായ ഇടതുപക്ഷ വിമർശകരാണ്. എന്നാലും ആ ശബ്ദങ്ങൾ കേൾക്കുക തന്നെ വേണം. കേരളത്തിലെ സാംസ്കാരികരംഗത്തു നിന്ന് നിരന്തരം വിമർശനം ഈ സർക്കാരും കേൾക്കുന്നുണ്ട്. “എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ” എന്നൊക്കെയുള്ള ചോദ്യത്തിലെ പരാമർശം തന്നെ ഈ സർക്കാർ നേരിടുന്ന കഠിനവും വസ്തുതാവിരുദ്ധം പോലുമായ വിമർശനങ്ങൾക്ക് തെളിവാണ്.
ഒന്ന്; ആഗോള അയ്യപ്പസംഗമം ആചാരസംരക്ഷണ പരിപാടിയല്ല. നല്ല ഒരു മൂത്രപ്പുര കെട്ടിയാൽ അത് ആചാരസംരക്ഷണമാകുമോ? നമ്മുടെ സുഹൃത്തുക്കളും നാട്ടുകാരുമായ അയ്യപ്പഭക്തന്മാർ ശബരിമലയിൽ പോയാൽ വിശ്രമിക്കാൻ നല്ല നിലവാരത്തിലുള്ള സൗകര്യമുണ്ടാക്കാതിരുന്നാൽ ആചാരങ്ങൾ നശിച്ചുപോകുമോ? ഇടതുപക്ഷം വലതുവല്ക്കരിക്കപ്പെടുന്നു, ജാതി-മത പ്രീണനം നടത്തുന്നു എന്നീ വായ്ത്താരികൾക്ക് ഒരു പുതുമയുമില്ല. ഞാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സ്കൂൾ കാലം മുതൽ ഇതു കേട്ടിട്ടുണ്ട്. ഇ എം എസ് മുതൽ പേർ ഇതിനു മറുപടിയും പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാൻ ആവർത്തിക്കുന്നില്ല.
