തുടർച്ചയായി 48 വർഷമായി വലിയ ആധിപത്യത്തോടെ ഭരിച്ചിരുന്ന കോഴിക്കോട് ഇത്തവണ കനത്ത വെല്ലുവിളിയാണ് എൽ.ഡി.എഫ് നേരിട്ടത്. വോട്ടെണ്ണലിൻെറ തുടക്കം മുതലേ നേരിയ മുൻതൂക്കം നിലനിർത്തിയെന്നത് മാത്രമാണ് ഏക ആശ്വാസം. എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥിയായി കരുതിയിരുന്ന സി.പി. മുസാഫിർ അഹമ്മദ് മീഞ്ചന്ത ഡിവിഷനിൽ തോറ്റു. യു.ഡി.എഫാണ് ഇവിടെ ജയിച്ചത്. മേയർ ബീന ഫിലിപ്പ് ജയിച്ച ഡിവിഷനും ഇത്തവണ എൽ.ഡി.എഫ് കൈവിട്ടു. പൊറ്റമ്മൽ ഡിവിഷനിൽ കാലങ്ങളായി തുടർന്ന ഇടത് മേൽക്കൈ തകർത്ത് ബി.ജെ.പിയാണ് വിജയിച്ചത്. ഒരുഘട്ടത്തിൽ പരാജയത്തിലെത്തുമെന്ന് തോന്നിച്ചിടത്ത് നിന്ന് നേരിയ സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി കോർപ്പറേഷനിൽ വലിയ ഒറ്റകക്ഷിയായത്.
ഒത്തിണക്കത്തോടെ പ്രവർത്തിച്ച യു.ഡി.എഫ് ഇത്തവണ കോഴിക്കോട് കോർപ്പറേഷൻ പിടിച്ചേക്കുമെന്ന് തോന്നിക്കുന്ന നിലയിലാണ് മുന്നേറിയത്. എന്നാൽ അവസാനഘട്ടത്തിൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. അവരുടെ മേയർ സ്ഥാനാർത്ഥി പി.എം. നിയാസ് പരാജയപ്പെട്ടിരുന്നു. 35 സീറ്റുകളിലാണ് എൽ.ഡി.എഫ് ലീഡ് ഉറപ്പിച്ചത്. 28 ഇടത്ത് യു.ഡി.എഫും 13 ഇടത്ത് ബി.ജെ.പിയും.

2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് എൽ.ഡി.എഫ് വലിയ വിജയമാണ് നേടിയിരുന്നത്. 1962-ൽ കോർപ്പറേഷൻ രൂപം കൊണ്ടിട്ട് ഇതുവരെ ഒരൊറ്റ തവണ മാത്രമേ യു.ഡി.എഫിന് ഭരിക്കാൻ അവസരം ലഭിച്ചുള്ളൂ. 2020-ൽ 75-ൽ 51 സീറ്റുകളുമായാണ് എൽ.ഡി.എഫ് അധികാരം പിടിച്ചിരുന്നത്. സിപിഎം ഒറ്റയ്ക്ക് തന്നെ 46 സീറ്റുകൾ നേടിയിരുന്നു. യു.ഡി.എഫിന് 17 സീറ്റുകളും എൻ.ഡി.എയ്ക്ക് 7 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. നിരവധി സീറ്റുകളിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. മേയർ ബീന ഫിലിപ്പിൻെറ നേതൃത്വത്തിൽ പാളയം പുതിയ മാർക്കറ്റ് നവീകരണം, ബീച്ച് മോടിപിടിക്കൽ, മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് എൽ.ഡി.എഫ് വോട്ട് തേടിയത്. യുനെസ്കോ സാഹിത്യനഗരം പദവി, സുരക്ഷിത നഗരം, വയോജനനഗരം പദവി എന്നിവയും ഭരണനേട്ടങ്ങളായി അവർ ഉയർത്തിപ്പിടിച്ചിരുന്നു. എന്നാൽ ജനങ്ങൾ അതുകൊണ്ടൊന്നും എൽ.ഡി.എഫിനെ പൂർണമായി പിന്തുണയ്ക്കാൻ ജനം തയ്യാറായില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. നേരിയ മുൻതൂക്കത്തോടെ കോർപ്പറേഷൻ ഭരണം തുടരാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
