അടുത്ത തെരഞ്ഞെടുപ്പിൽ ഏതു മുന്നണി ജയിച്ചാലും പതിവുപോലെ ഒരു ആണാധിപത്യ നിയമസഭയായിരിക്കും നിലവിൽ വരിക എന്ന് ഉറപ്പായിക്കഴിഞ്ഞു. 52%, അതായത് കേരളത്തിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകളെ നിയമസഭക്ക് പുറത്തുനിർത്താൻ തന്നെയാണ് എല്ലാ മുന്നണികളുടെയും തീരുമാനം എന്ന് അവ മത്സരിപ്പിക്കുന്ന സ്ത്രീസ്ഥാനാർത്ഥികളുടെ എണ്ണം നോക്കിയാൽ മനസ്സിലാകും.
140 മണ്ഡലങ്ങളിലേക്ക് LDF 18-ഉം UDF 12-ഉം സ്ത്രീസ്ഥാനാർഥികളെ മാത്രമാണ് മത്സരിപ്പിക്കുന്നത്. സ്ത്രീകൾക്ക് നിയമനിർമാണസഭകളിൽ 33% സംവരണം നൽകുന്ന നിയമം പാസാക്കി എന്നവകാശപ്പെടുന്ന ബി ജെ പി അടങ്ങുന്ന NDA-യും അതെല്ലാം മറന്ന് 18 സ്ത്രീകളെ മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ നിർത്തിയിട്ടുള്ളത്.
വിവിധ മുന്നണികളിലെ പാർട്ടികൾ മത്സരിപ്പിക്കുന്ന സ്ത്രീസ്ഥാനാർത്ഥികളുടെ കണക്ക് നോക്കുക:

സ്ത്രീ, ട്രാൻസ്ജെൻഡർ
സ്ഥാനാർത്ഥികൾ
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ തെരഞ്ഞെടുപ്പിൽ സി പി എം, കോൺഗ്രസ് എന്നീ വലിയ പാർട്ടികൾ പഴയപടി പന്ത്രണ്ടും ഒൻപതും സ്ത്രീസ്ഥാനാർഥികളിൽ പട്ടിക ഒതുക്കിയപ്പോൾ ചെറിയ പാർട്ടികൾ കൂടുതൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നു എന്നത് പ്രധാനപ്പെട്ട മാറ്റമായി കാണേണ്ടതുണ്ട്.
സി പി ഐ കഴിഞ്ഞ തവണ 2 (8%) സ്ത്രീകളെ മത്സരിപ്പിച്ചത് ഇത്തവണ 5 (20%) ആയി വർധിപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗിൽ നിന്ന് ചരിത്രത്തിലാദ്യമായി രണ്ടു സ്ത്രീകളെ മത്സരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതിൽ പേരാമ്പ്ര മണ്ഡലത്തിൽ മത്സരിക്കുന്ന ഫാത്തിമ തെഹ്‌ലിയ ഊർജ്വസ്വലയായ യുവതിയും കൂത്തുപറമ്പിലെ ജയന്തി രാജൻ ആ പാർട്ടിയുടെ ദേശീയതലത്തിലുള്ള നേതാവും പട്ടികജാതിക്കാരിയുമാണ്. സംവരണം ഇല്ലാത്ത മണ്ഡലങ്ങളിൽ സംവരണത്തിനർഹരായവരെ മത്സരിപ്പിക്കുന്ന പതിവ് നമ്മുടെ രാഷ്ട്രീയപാർട്ടികൾക്കില്ല എന്നതുകൊണ്ടുതന്നെ അവരുടെ സ്ഥാനാർത്ഥിത്വം ഏറെ പ്രസക്തിയുള്ളതാണ്. അത്തരത്തിൽ മുസ്ലീം ലീഗിലെ രണ്ടു സ്ത്രീസ്ഥാനാർത്ഥികളും അവരുടെ സ്ഥാനാർത്ഥിത്വത്തിലൂടെ തന്നെ ചരിത്രം കുറിച്ചിരിക്കുകയായാണ്.
സി പി എം, കോൺഗ്രസ് എന്നീ വലിയ പാർട്ടികൾ പഴയപടി പന്ത്രണ്ടും ഒൻപതും സ്ത്രീസ്ഥാനാർഥികളിൽ പട്ടിക ഒതുക്കിയപ്പോൾ ചെറിയ പാർട്ടികൾ കൂടുതൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നു.
കോൺഗ്രസ്സിൽ നിന്ന് ഒരു മുസ്ലീം സ്ത്രീസ്ഥാനാർത്ഥിയുണ്ട്. പക്ഷെ LDF- ൽ നിന്ന് ഒരാൾ പോലുമില്ല. സംസ്ഥാന ജനസംഖ്യയിൽ 13.5 ശതമാനത്തോളം മുസ്ലിം സ്ത്രീകളാണ്. എന്നാൽ കഴിഞ്ഞ 15 നിയമസഭകളിലായി 8 മുസ്ലിം സ്ത്രീഎം.എൽ.എമാർ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ ഈ മൂന്നു പേരും വിജയിക്കേണ്ടതുണ്ട്.
തങ്ങൾക്കുള്ള ഒരേയൊരു സീറ്റ് രണ്ടാം തവണയും ഒരു സ്ത്രീസ്ഥാനാർത്ഥിക്ക് നൽകാൻ തീരുമാനിച്ച RMP യുടെ തീരുമാനവും പ്രധാനപ്പെട്ടതാണ്. ഒറ്റക്ക് മത്സരിക്കുന്ന ആം ആദ് മി പാർട്ടി പട്ടികവർഗ സംവരണമണ്ഡലമായ സുൽത്താൻ ബത്തേരിയിൽ ഒരു ട്രാൻസ് ജെൻഡർ വ്യക്തിയെ മത്സരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. LDF, UDF മുന്നണികളിൽനിന്ന് ഒരു ട്രാൻസ് ജെൻഡർ വ്യക്തിയെ പോലും നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിട്ടില്ല എന്നിരിക്കെ, ആം ആദ് മി പാർട്ടിയുടെ ഈ മുൻകൈ അഭിനന്ദനം അർഹിക്കുന്നു.

പിന്നാക്കവിഭാഗങ്ങളിലെ
സ്ത്രീപ്രാതിനിധ്യം
പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് നിയമനിർമാണസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി സംവരണം ഉണ്ടെങ്കിലും അതിന്റെ പ്രയോജനം ആ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ലഭിക്കാറില്ല. ജനസംഖ്യയിൽ 9.1% വരുന്ന പട്ടികജാതിവിഭാഗങ്ങൾക്ക് 14 സീറ്റും (10%) 1.5 ശതമാനമുള്ള പട്ടികവർഗക്കാർക്ക് 2 സീറ്റും (1.4%) സംവരണത്തിലൂടെ ഉറപ്പുവരുത്തിട്ടുണ്ട്. എന്നാൽ സാമുദായിക സംവരണം പൊതുവെ ആ സമുദായത്തിലെ പുരുഷന്മാർക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളു എന്നതാണ് നമ്മുടെ ഇതേവരെയുള്ള അനുഭവം. ഇത്തവണ പട്ടികജാതിക്കാരായ 4 സ്ത്രീകൾ LDF ൽ നിന്നും 3 സ്ത്രീകൾ UDF ൽ നിന്നും മത്സരിക്കുന്നുണ്ട്. UDF മാത്രമാണ് ഒരു പട്ടികവർഗസ്ത്രീയെ മത്സരിപ്പിക്കുന്നത്.
എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകാത്ത സംവിധാനത്തെ ജനാധിപത്യം എന്നു വിളിക്കാൻ കഴിയില്ല. സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജെൻഡർ നീതി ഉറപ്പുവരുത്തിക്കൊണ്ട് സ്ഥാനാർത്ഥിത്വം നല്കുന്നതുമാണ് ശരിയായ രാഷ്ട്രീയസമീപനം.
LDF, UDF മുന്നണികളിൽ നിന്ന് ആകെ 30 സ്ത്രീ സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അതിൽ മൂന്നു മണ്ഡലങ്ങളിൽ സ്ത്രീസ്ഥാനാർത്ഥികൾ തമ്മിലാണ് മത്സരം. അതായത്, ഇരുമുന്നണികളിൽ നിന്നുമായി 27 സ്ത്രീകളെ വിജയിപ്പിക്കാൻ നമുക്ക് കഴിയും.
LDF, UDF മുന്നണികളിൽ നിന്ന് ആകെ 30 സ്ത്രീ സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അതിൽ മൂന്നു മണ്ഡലങ്ങളിൽ സ്ത്രീസ്ഥാനാർത്ഥികൾ തമ്മിലാണ് മത്സരം. അതായത്, ഇരുമുന്നണികളിൽ നിന്നുമായി 27 സ്ത്രീകളെ വിജയിപ്പിക്കാൻ നമുക്ക് കഴിയും. പതിനഞ്ചാം നിയമസഭയിൽ 8% മാത്രമാണ് സ്ത്രീപ്രാതിനിധ്യം. നാളിതുവരെ 10% സ്ത്രീഎം.എൽ.എമാർ പോലും കേരള നിയമസഭയിൽ ഉണ്ടായിട്ടില്ല. ദേശീയ ശരാശരിയേക്കാൾ താഴെയാണ് ഇപ്പോഴും നമ്മുടെ നിയമസഭയിലെ സ്ത്രീപ്രാതിനിധ്യം. ഇത് ജനാധിപത്യമല്ല; ആണാധിപത്യമാണ്. ഈ അവസ്ഥ തുടരാൻ അനുവദിച്ചുകൂടാ. അതിനാൽ അടുത്ത നിയമസഭയിൽ 27 സ്ത്രീകൾ എം എൽ എമാരായി ഉണ്ടാവുമെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ സ്ത്രീകൾക്കും ജനാധിപത്യ വിശ്വാസികളായ വോട്ടർമാർക്കും ഉണ്ട്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏക ട്രാൻസ് ജെൻഡർ വ്യക്തി, വയനാട്ടിലെ പട്ടികവർഗ സംവരണ മണ്ഡലമായ ബത്തേരിയിൽ മത്സരിക്കുന്ന പ്രകൃതിയുടെ വിജയം നിയമസഭയിൽ പുതിയൊരു ചരിത്രം കുറിക്കും.

ഇവരെ പരാജയപ്പെടുത്തുക
സ്ത്രീപീഡകരെ മത്സരിപ്പിക്കരുത് എന്ന് തുല്യപ്രതിനിധ്യപ്രസ്ഥാനവും ഫെമിനിസ്റ്റ് സംഘടനകളും ആവർത്തിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും ഗുരുതര സ്ത്രീപീഡനക്കുറ്റങ്ങൾ ആരോപിച്ച് കേസിൽ പ്രതിയായവരടക്കം സ്ത്രീപീഡന ആരോപണങ്ങൾ നേരിടുന്ന നിരവധി പുരുഷസ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ഗുരുതര കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടവരും സ്ഥാനാർത്ഥികളായുണ്ട്. അവർ വിജയിക്കുന്നത് സ്ത്രീസുരക്ഷക്കും നിയമവാഴ്ചക്കും ഗുണകരമാകില്ല.
മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയായ ബി ജെ പി അടങ്ങുന്ന NDA-യിൽനിന്ന്, അത് സ്ത്രീയായാലും പുരുഷനായാലും, ആരും നിയമസഭയിൽ എത്തില്ല എന്നുറപ്പിക്കാനുള്ള ഉത്തരവാദിത്തം മുഴുവൻ വോട്ടർമാർക്കുമുണ്ട്.
ചുരുക്കത്തിൽ, ജെൻഡർനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതും മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാകണം അടുത്ത നിയമസഭ. 16-ാം നിയമസഭ LDF ൽ നിന്നും UDF ൽ നിന്നുമുള്ള 27 സ്ത്രീകളുടെയും ഏക ട്രാൻസ് ജെൻഡർ വ്യക്തിയുടെയും സാന്നിധ്യം കൊണ്ടും സ്ത്രീപീഡകരുടെയും വെറുപ്പിന്റെ ശക്തികളുടെയും അഭാവം കൊണ്ടും സമ്പന്നമാകട്ടെ.
