ജനാധിപത്യത്തിൽ എപ്പോഴും ഫാഷിസത്തിന് ഒരിടമുണ്ടെന്ന് രാഷ്ട്രീയ / ചരിത്ര നിരീക്ഷകർ പറയാറുണ്ട്. ഇന്ത്യൻ ജനാധിപത്യം ആ മുഖം പുറത്തെടുക്കുന്നത് അടിയന്തരാവസ്ഥ ആയിട്ടായിരുന്നു. അക്കാലത്താണ് ഒരു ഭരണാധികാരിയുടെ മുഖം ഏകപക്ഷീയമായി പ്രൊജക്റ്റു ചെയ്യപ്പെട്ടത്. സർക്കാർപദ്ധതികൾ വാഹനങ്ങളിലും പൊതുസ്ഥാപനങ്ങളിലും പരസ്യങ്ങളായി മാറി, ‘നാവടക്കൂ പണിയെടുക്കൂ' തുടങ്ങിയവ. വിമർശകർ, പത്രപ്രവർത്തകരുൾപ്പടെ സ്റ്റേറ്റിനാൽ വേട്ടയാടപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പുകളെ നേരിടാൻ സായുധ പരാക്രമങ്ങളും ഏകാധിപത്യരീതികളും ഉപയോഗിക്കുന്നതിൽ കേരളത്തിലെ ഇടതുപക്ഷം ഏറെ മുന്നോട്ടുപോയിരിക്കുന്നു.
ഏതാണ്ട് അരനൂറ്റാണ്ടിനിപ്പുറം കേരള രാഷ്ട്രീയത്തിലും തത്തുല്യമായൊരു പ്രവണത മറനീക്കി പുറത്തുവരുന്നതു കാണാം. ‘എൻ്റെ മുഖം എൻ്റെ ഫിഗർ’ മട്ടിൽ നാടുനീളെ ഭരണാധികാരിയുടെ പരസ്യപ്പലകകളാണ്. ഒരു മഹാദൈവം രക്ഷകസ്വരൂപത്തിൽ വാഴ്ത്തപ്പെടുന്നു. പൊതുവാഹനങ്ങളിലും പൊതുവഴികളിലും ഇത്രയേറെ ഭരണാനുകൂല പരസ്യങ്ങൾ കേരള രൂപീകരണത്തിനു ശേഷം ഇതാദ്യമായാണ്. മറ്റാരുമില്ല, ഞാൻ ഞാൻ മാത്രം!
കമ്മ്യൂണിസ്റ്റുകാർ "ആയുധ "സഹായമില്ലാതെ ബാലറ്റുപെട്ടിയിലൂടെ അധികാരത്തിലെത്തിയ ഇടമെന്ന നിലയ്ക്ക് കേരളം ലോക രാഷ്ട്രീയത്തിൻ്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. സർവാധിപത്യത്തിൽ ഊന്നിയതാണല്ലോ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം. എന്നാൽ, കേരളം ആധിപത്യ സങ്കല്പനത്തെ ജനാധിപത്യത്തിലേക്കു മാറ്റം ചെയ്യുമെന്നു പ്രതീക്ഷിച്ചവർ വിഡ്ഢികളായി. തെരഞ്ഞെടുപ്പുകളെ നേരിടാൻ സായുധ പരാക്രമങ്ങളും ഏകാധിപത്യരീതികളും ഉപയോഗിക്കുന്നതിൽ കേരളത്തിലെ ഇടതുപക്ഷം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ജനാധിപത്യപരമായി വിയോജിക്കാനുള്ള അവകാശത്തിൻ്റെ മുഖത്തേറ്റ വെട്ടുകളുടെ സമീപകാല പേരാണ് ടി. പി. ചന്ദ്രശേഖരൻ.

അതിലുമേറേ, മുമ്പുതന്നെ മുതലാളിത്ത പദ്ധതികൾക്കു ചൂട്ടുപിടിച്ച് തൊഴിലാളിപ്രശ്നങ്ങളിൽനിന്ന് കേരളത്തിലെ ഇടതുപക്ഷം അകന്നു പോയിരുന്നു. ഇതു ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചവർ പാർട്ടിവിരുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു. മതമൗലികവാദികളോടു തോളുരുമ്മി വോട്ടുകച്ചവടം ചെയ്തും ഭരണാധികാരികളുടെയും കുടുംബത്തിൻ്റെയും അഴിമതികൾ റദ്ദുചെയ്തു കിട്ടാൻ വർഗീയ ഫാഷിസ്റ്റു ഭരണകൂടവുമായി സന്ധി ചെയ്തും സാമൂഹികാന്തരീക്ഷത്തിലെ വരേണ്യമൂല്യങ്ങളെ ഈ പ്രസ്ഥാനം പിന്തുണച്ചു. തിരുവായ്ക്കെതിർ വായില്ലാത്ത രാജഭക്തിയും തിരുവാതിരക്കളിയും രാജസ്തുതികളും പണ്ടില്ലാത്തവിധം കേരളത്തിൽ പ്രബലപ്പെട്ടു. എല്ലായ്പോഴും സംഘപരിവാർ വിരുദ്ധ മന്ത്രം ഉച്ചരിച്ചു കൊണ്ട് അവരുടെ മിക്ക പദ്ധതികളുടെയും ഏറ്റവും നല്ല നടത്തിപ്പുകാരായി.
തിരുവായ്ക്കെതിർ വായില്ലാത്ത രാജഭക്തിയും തിരുവാതിരക്കളിയും രാജസ്തുതികളും പണ്ടില്ലാത്തവിധം കേരളത്തിൽ പ്രബലപ്പെട്ടു. എല്ലായ്പോഴും സംഘപരിവാർ വിരുദ്ധ മന്ത്രം ഉച്ചരിച്ചു കൊണ്ട് അവരുടെ മിക്ക പദ്ധതികളുടെയും ഏറ്റവും നല്ല നടത്തിപ്പുകാരായി.
സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് നാട്ടിൽ ജീവിതം പൊറുതിമുട്ടി. വ്യവസായിയായ ആന്തൂർ സാജനും വളരെ നല്ല ഉദ്യോഗസ്ഥനായിരുന്ന നവീൻ ബാബുവും തന്ത്രപരമായി ഇല്ലായ്മ ചെയ്യപ്പെട്ടത് ഇത്തരം ആർത്തി പിടിച്ച താല്പര്യങ്ങളുടെ നടത്തിപ്പിന് തടസ്സമായതുകൊണ്ടായിരുന്നു. വൈതാളികർ മാത്രം മതിയെന്നായി.
സഹവർത്തിത്വത്തിൻ്റെ പാതകൾ മറന്ന് ചെറുപ്പക്കാർ ഉപജീവനത്തിനായി കടലുകടന്നു. ബാക്കിയായവർക്കുവേണ്ടി ഏറ്റവും നല്ല ലഹരിഹബ്ബാക്കി നാടിനെ നിർലജ്ജം മാറ്റി. ഫലമോ യുവാക്കളില്ലാത്ത കേരളം ഒരു വൃദ്ധസദനമായി മാറിക്കൊണ്ടിരിക്കുന്നു.
സഹാനുഭാവമെന്നത് സ്വന്തക്കാരോടല്ലാതെ, മറ്റാരോടും ഇല്ലാത്ത ഭരണാധികാരികളുടെ കാലത്തിലൂടെയാണ് കഴിഞ്ഞുപോകുന്നത്. ബന്ധപ്പെട്ടവരിൽ നിന്ന് മനുഷ്യരോടും മൃഗങ്ങളോടും ഒരുപോലെ ക്രൂരമായ പെരുമാറ്റം പ്രകടമാകുന്നു. ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും ഒരുപോലെ വൻ ദുരന്തങ്ങളാണ്. കെട്ടിടനിർമ്മാണം മാത്രമല്ല വികസനം. സഹജീവികളായ ഇതര ജന്തുക്കളെ ‘ഇല്ലായ്മ’ ചെയ്യാനുള്ള തദ്ദേശവകുപ്പിൻ്റെ തീരുമാനവും അതിനു ചൂട്ടു പിടിക്കുന്ന മൃഗസംരക്ഷണവകുപ്പിൻ്റെ നിലപാടും വളരെയധികം നിരാശാജനകമാണ്. നിസ്നേഹതയും അധികാരഗർവവും ഭരണാധികാരികളെ ജനങ്ങളിൽ നിന്നകറ്റുന്നു. സ്ത്രീകളായ മന്ത്രിമാർ കൂടി ഇത്തരം പുരുഷാധികാര മനോഭാവത്തിൻ്റെ കാവൽക്കാരാണ്.

തുല്യനീതിയെന്നത് വെറും വാക്കായി. ആണിനും പെണ്ണിനും രണ്ടു നീതി: ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ടു നീതി: വിധേയർക്കും വിമർശിക്കുന്നവർക്കും രണ്ടു നീതി - അങ്ങനെ പോകുന്നു ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനം. സ്ത്രീപീഡന പരാതികളെയത്രയും വോട്ടു നേടി ജയിക്കാനുള്ള എളുപ്പവഴികളാക്കി മാറ്റി. ശബരിമല സ്ത്രീപ്രവേശവും വനിതാമതിൽ നിർമ്മാണവും തമാശക്കഥകളായി മാറി. സ്ത്രീശരീരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപാധികൾ മാത്രമാക്കുന്ന ചാണക്യവഴികളെ ഇടതു ഭരണതലങ്ങൾ പിന്തുടർന്നു. ഇപ്പോൾ നിലവിലുള്ളത് ജനാധിപത്യമേയല്ല, ആൺ മാത്ര ആധിപത്യവും വരേണ്യമായ രാജവാഴ്ചയുമാണ്. ‘തുടർ’ഭരണങ്ങൾ ഭരണാധികാരികളെ ഏകാധിപതികളാക്കി മാറ്റുന്നതിന് പാർലമെൻ്ററിജനാധിപത്യത്തിലെ ഒരു മാതൃകയാണ് ഇന്നു തുടരുന്ന കേരളഭരണം. ഇതിനെ പിന്തുണക്കേണ്ട ബാധ്യത ജനാധിപത്യ പൗരസമൂഹത്തിനില്ല.
സ്ത്രീകൾ ഇത്രത്തോളം അവമതിക്കപ്പെട്ട ഒരു ഭരണസമയം എനിക്കോർമ്മയില്ല. വാളയാറിലും ചാലിയാറിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ കൊല്ലപ്പെട്ടതിനെ ഇത്ര ലാഘവത്തോടെയാണോ ഒരു സർക്കാർ കാണേണ്ടത്?
പരമ്പരാഗതമായി 'പേറ്റു’ യന്ത്രങ്ങളും ‘വീട്ടു’ യന്ത്രങ്ങളും മാത്രമായി ചുരുക്കപ്പെട്ട സ്ത്രീകളുടെ രണ്ടാംകിട പൗരപദവിക്ക് ഇക്കാലത്തും ഒരു മാറ്റവും വന്നിട്ടില്ല. ചില വാക്കുകളിൽ ബോധപൂർവമുണ്ടാക്കിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി സ്ത്രീവിരുദ്ധമായിരുന്നു. ഉദാഹരണത്തിന് കുടുംബശ്രീ, സ്ത്രീസുരക്ഷ മുതലായവ. ഇത്തരം ലേബലിൻ്റെ മറവിൽ സ്ത്രീകളെ ‘വോട്ടു’യന്ത്രങ്ങൾ മാത്രമാക്കി ചുരുക്കുന്ന ഈ ആണാധിപത്യം സ്ത്രീകൾക്കെന്തിനാണ്? സ്ത്രീകളെ, അവർ മന്ത്രിമാരോ എം എൽ എമാരോ ആണെങ്കിൽപ്പോലും, എതിരാളികളെ നേരിടാൻ സമൂഹമധ്യത്തിൽ കോമാളികളാക്കി മാറ്റുന്നതിൽ എന്തു സ്ത്രീനീതി?
അടിസ്ഥാനവർഗസ്ത്രീകളായ ആശമാർ നടത്തിയ സമരത്തോട് ഈ ഭരണക്കാർ സ്വീകരിച്ച സമീപനം ഒരേസമയം സ്ത്രീകളോടും അടിസ്ഥാന വർഗത്തോടുമുള്ള അവരുടെ നിലപാടിൻ്റെ പരസ്യ പ്രഖ്യാപനമായിരുന്നു. സ്ത്രീകൾ ഇത്രത്തോളം അവമതിക്കപ്പെട്ട ഒരു ഭരണസമയം എനിക്കോർമ്മയില്ല. വാളയാറിലും ചാലിയാറിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ കൊല്ലപ്പെട്ടതിനെ ഇത്ര ലാഘവത്തോടെയാണോ ഒരു സർക്കാർ കാണേണ്ടത്? ഓ, മറന്നു പോയി സർക്കാർ അല്ലല്ലോ ‘കാരണഭൂതരും’ ‘രക്ഷകരു’മല്ലേ (Protector) വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ! ഒരു ജനാധിപത്യ സർക്കാരിന് എങ്ങനെ ഏകാധിപത്യ ഭരണകൂടമാകാമെന്ന് ഈ കേരള ഭരണം ലോകത്തോട് വിളംബരം ചെയ്യുന്നു.

എന്തുകൊണ്ട് ഇടതുപക്ഷത്തെ മാത്രം ഇത്തരം കാര്യങ്ങളിൽ കുറ്റക്കാരായി കാണുന്നുവെന്നോ? ചേർന്നുനടന്ന പ്രസ്ഥാനമെന്ന നിലയിൽ ഇടതുപക്ഷവുമായാണ് എൻ്റെ ഇതുവരെയുള്ള സംവാദവിസംവാദങ്ങളത്രയും. അതിൽ ഞാൻ പരാജയപ്പെട്ടുപോയിരിക്കുന്നുവെന്ന തിരിച്ചറിവുകൂടിയാണ് ഇക്കാലങ്ങൾ എന്നെ അറിയിക്കുന്നത്.
പൗരരെ പ്രജകളാക്കി പിന്മടക്കുന്ന ഇത്തരമൊരു ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരിടവേളയും മാറ്റവും വേണമെന്നും ജനാധിപത്യപരമായി പ്രതികരിക്കുന്ന യുവാക്കളുടെ തല തല്ലിപ്പൊളിക്കുകയും വിദ്യാർഥികളെ ആഴ്ചകളോളം ജയിലിലടക്കുകയും ചെയ്യുന്ന മനുഷ്യത്വരാഹിത്യത്തെ ‘ജീവൻ രക്ഷാപ്രവർത്തന’ങ്ങളെന്നു ന്യായീകരിക്കുന്ന രാജനീതിയിൽനിന്ന് സ്വതന്ത്രയാകണമെന്നും ഇടതുപക്ഷത്തെ സ്നേഹിക്കുന്ന സ്ത്രീയെന്ന നിലക്ക് ഞാനിപ്പോൾ സത്യമായും ആഗ്രഹിക്കുന്നു.
