ജെ. ദേവിക

​കെട്ടകാല​ത്തെ
LDF / UDF
വ്യാമോഹങ്ങൾ

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് ജെ. ദേവിക നൽകിയ മറുപടി.

തീവഗുരുതരമായ ദേശീയ- അന്തർദേശീയ സാഹചര്യങ്ങളും, തദ്ദേശതലത്തിൽ കനത്ത പാരിസ്ഥിതിക വെല്ലുവിളികളും കാലാവസ്ഥാ വ്യതിയാന ആഘാതങ്ങളും നേരിടുന്ന ഈ ചരിത്രമുഹൂർത്തത്തിൽ, ആരെ നാം ഭരണാധികാരികളായി തെരെഞ്ഞെടുക്കുന്നു എന്നത് പ്രധാനമാണ്. അത് നമ്മുടെ പൊതുഭാവിയ്ക്കു തന്നെ നിർണായകമാണ്.

പ്രധാനമായും മൂന്നു മുന്നണികളാണ് പൗരജനങ്ങളുടെ മുന്നിൽ. അവയിൽ NDA മേൽപ്പറഞ്ഞ അപായസന്ധിയുടെ ഭാഗമാണ്; നാം നേരിടുന്ന പല അപകടങ്ങളിലൊന്നാണത്. അക്കാരണത്താൽ ഞാനതിനെ തള്ളിക്കളയുന്നു എന്നു മാത്രമല്ല, തെരഞ്ഞെടുപ്പിൽ ഇടപെടാൻ ആഗ്രഹിക്കുന്ന പൗരജനങ്ങളുടെ പ്രഥമവും പ്രധാനവുമായ കടമ, NDA-യെ തറപറ്റിലാണെന്നും വിശ്വസിക്കുന്നു.

കേരളമെന്ന പ്രദേശത്തിൻെറ ആധുനിക ചരിത്രത്തോടും ഇവിടുത്തെ ധാർമ്മികപൈതൃകത്തോടും NDA-യുടെ തല പുലർത്തുന്ന പുച്ഛം അവർ മറച്ചുപിടിക്കാൻ തീരെ മെനക്കെടുന്നില്ല എന്നത് ഒരുപക്ഷേ പ്രതീക്ഷിതം മാത്രമാണ്; തീർച്ചയായും സവർക്കറിയൻ ഹിന്ദുത്വത്തിന് തീരെ പഥ്യമല്ലാത്ത വ്യവഹാരങ്ങളാണവ. എന്നാൽ NDA-യുടെ വാൽ കേരളത്തിൻെറ ധാർമ്മികപൈതൃകത്തെ അകത്തുനിന്ന് കരണ്ട് ദുർബലപ്പെടുത്തുന്ന ദുഷ്ടശക്തിയാണ്. NDA-യെ അകറ്റിനിർത്താൻ ഇപ്പറഞ്ഞവ മതിയായ കാരണങ്ങളാണ്. എന്നാൽ അതിലുമധികമുണ്ട് കാരണങ്ങൾ.

ഇന്ന് ഇന്ത്യയിൽ BJP നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമൂഹ്യവലതുപക്ഷവത്ക്കരണ അജണ്ട NDA വിജയിച്ചാൽ കേരളത്തിൽ കൂടുതൽ രൂക്ഷമായി, പ്രതികാരബുദ്ധിയോടെ, നടപ്പാക്കപ്പെടും, തീർച്ചയാണ്. യു സി സി എന്ന പേരിൽ നടക്കുന്ന ന്യൂനപക്ഷപീഡനം മുതൽ ട്രാൻസ്ജൻറർ ഭേദഗതി ബില്ലെന്ന ദ്രോഹനടപടി വരെ തുടരെത്തുടരെ ഭൂരിപക്ഷത്തിൻെറ ഹിംസയുടെ മൂർത്തീകരണം തന്നെയാണ് NDA. കേരളത്തിലാകുമ്പോൾ ആ ഹിംസയിലെ പ്രതികാരാംശം പതിന്മടങ്ങാകും.

യു സി സി എന്ന പേരിൽ നടക്കുന്ന ന്യൂനപക്ഷപീഡനം മുതൽ ട്രാൻസ്ജൻറർ ഭേദഗതി ബില്ലെന്ന ദ്രോഹനടപടി വരെ തുടരെത്തുടരെ ഭൂരിപക്ഷത്തിൻെറ ഹിംസയുടെ മൂർത്തീകരണം തന്നെയാണ് NDA.
യു സി സി എന്ന പേരിൽ നടക്കുന്ന ന്യൂനപക്ഷപീഡനം മുതൽ ട്രാൻസ്ജൻറർ ഭേദഗതി ബില്ലെന്ന ദ്രോഹനടപടി വരെ തുടരെത്തുടരെ ഭൂരിപക്ഷത്തിൻെറ ഹിംസയുടെ മൂർത്തീകരണം തന്നെയാണ് NDA.

പിന്നെയുള്ളത് എൽ ഡി എഫും യു ഡി എഫുമാണ്. അവയെ വേണമെങ്കിൽ പിണറായി വിജയനെന്നും കോൺഗ്രസിലെ അധികാരകാംക്ഷികളെന്നും ചുരുക്കിവിളിക്കാം. എൽ ഡി എഫ് – പിണറായി വിജയൻ, അതായത്, മാർക്സിസത്തെ പോയിട്ട് കേരള കമ്മ്യൂണിസ്റ്റുകൾ ഒരുകാലത്ത് കുറേയേറെ പിൻതാങ്ങിയിരുന്ന സോഷ്യൽ ജനാധിപത്യത്തെപ്പോലും മാനിക്കുന്നില്ല. ധാർമ്മികതലത്തിൽ മുതലാളിത്തത്തിൽ തഴയ്ക്കുന്ന ആർത്തി, മത്സരം, സ്വാർത്ഥം മുതലായ ദുർഗുണങ്ങൾക്കെതിരെ ഐക്യപ്പെടുന്ന സോഷ്യലിസ്റ്റ് ജനം എന്ന സങ്കല്പം എന്തെന്നുപോലും പിണറായി വിജയനെന്ന എൽ ഡി എഫിന് പിടിയില്ല – ഇക്കഴിഞ്ഞ ഭരണക്കാലത്ത് നാം കണ്ടു. ആശ തൊഴിലാളികളുടെ സമരകാലത്ത്, വിശേഷിച്ചും. സോഷ്യലിസ്റ്റ് ജനം അവർക്ക് അസൗകര്യമായിയെന്നു വ്യക്തം. ആ പൊതുസംവർഗത്തെ പിൻതാങ്ങുന്നതിനുപകരം കേരളത്തിലെ മതഭൂരിപക്ഷത്തെ കൂടെനിർത്താനുള്ള ലൊടുക്കുവിദ്യകൾ പുറത്തെടുക്കാൻ തീരെ ലജ്ജയില്ലാതായിരുക്കുന്നു, ആ മുന്നണിക്ക്. അവർക്ക് ഇതുണ്ടാക്കാനിടയുള്ള അപകടത്തെപ്പറ്റി അല്പം പോലും തിരിച്ചറിവില്ല എന്നും സുവ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

കോൺഗ്രസ് മുക്തഭാരതമെന്ന സാധ്യത അപകടകരമാണ്. കേരളത്തിൽ ഹിന്ദു സമുദായത്തിൽ ഊന്നിനിൽക്കുന്ന രണ്ടു മുന്നണികൾ മാത്രമായാൽ പിന്നെ അവയിൽ മതേതരത്വം, സർവ്വമതസൗഹാർദ്ദം എന്നിവയെ (വാ കൊണ്ടു മാത്രമെങ്കിലും) പാടിപ്പുകഴ്ത്തുന്ന കക്ഷിക്ക് സ്ഥിരമായി വോട്ടുചെയ്യാൻ ന്യൂനപക്ഷ സമുദായങ്ങൾ നിർബന്ധിതരാകും. അതായത്, ബംഗാളിലെപ്പോലെ മുപ്പതോ അതിലധികമോ വർഷം എൽ ഡി എഫിന് ഭരണത്തിലിരിക്കാം.

യു ഡി എഫോ?
തത്ക്കാലം എൽ ഡി എഫിൽ നിന്ന് തങ്ങൾ വ്യത്യസ്തരാണെന്നു സ്ഥാപിക്കാൻ അവർ കാര്യമായി ശ്രമിച്ചെങ്കിലും നിർണായകഘട്ടങ്ങളിൽ ആ അഭിനയം ഫലിക്കാതെ പോയിട്ടുണ്ട്. ഗേം തിയറിയലെ പെനൾട്ടിമെറ്റ് റൗണ്ട് അഥവാ കളിയുടെ ഉപാന്ത്യവട്ടത്തെപ്പറ്റി പറയുന്നതുപോലെയാണിത്. കളിക്കാർക്കറിയാം, അവസാനവട്ടക്കളിയിൽ കിട്ടാവുന്ന ലാഭം പരമാവധി വർദ്ധിപ്പിക്കാനായി അതുവരെ പാലിച്ച സഹകരണവും പ്രതിബദ്ധതയുമെല്ലാം തങ്ങൾ ഉപേക്ഷിക്കുമെന്ന്. ലൈംഗികഹിംസയ്ക്കെതിരെ പോരാടിയ സ്ത്രീകളുമായി ഈ കളിയുടെ ഉപാന്ത്യ റൗണ്ടുവരെ സഹകരണത്തിലായിരുന്നു കോൺഗ്രസ്. അവസാനവട്ടത്തിൽ (നമ്മുടെ സാഹചര്യങ്ങളിൽ,തെരെഞ്ഞെടുപ്പിനുശേഷം) എന്തായാലും തങ്ങൾ ഈ പരസ്പരസഹകരണം ഉപേക്ഷിക്കുമെന്ന് കോൺഗ്രസിനറിയാം, അതുകൊണ്ട് ഉപാന്ത്യവട്ടത്തിൽത്തന്നെ അതങ്ങ് ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ധാർമ്മികകൊടുമുടി കയറിയശേഷവും കെ. പി. ശശിയെപ്പോലുള്ള ഒരു സ്ഥാനാർത്ഥിയെ അവർ പിൻതാങ്ങിയതിനെ ഗെയിം തിയറിയുടെ യുക്തികളിലൂടെ മാത്രമേ വിശദീകരിക്കാൻ കഴിയുന്നുള്ളൂ. പക്ഷേ യു ഡി എഫ് ഇപ്പോഴും പല ശബ്ദങ്ങളുടെ കൂട്ടമായി നിലനിൽക്കുന്നത് ആശ്വാസകരമാണ് – എൽ ഡി എഫിനെപ്പോലെ ഒറ്റയാളിലേക്ക് അതിന്നും ചുരുങ്ങിയിട്ടില്ലല്ലോ.

മുഖ്യമന്ത്രി പിണറായി വിജയൻ. സംരക്ഷക- അന്നദാതാ ഭരണകൂടമായി സ്വയം പ്രത്യക്ഷപ്പെട്ടാണ് ഇടതുപക്ഷം രണ്ടാം തവണ ജയിച്ചത്. ശരിക്കും കുടുംബ പിതൃമേധാവിത്വത്തെ പുനർജീവിപ്പിച്ചുകൊണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ. സംരക്ഷക- അന്നദാതാ ഭരണകൂടമായി സ്വയം പ്രത്യക്ഷപ്പെട്ടാണ് ഇടതുപക്ഷം രണ്ടാം തവണ ജയിച്ചത്. ശരിക്കും കുടുംബ പിതൃമേധാവിത്വത്തെ പുനർജീവിപ്പിച്ചുകൊണ്ട്.

സ്ത്രീകളുടെ പക്ഷത്തുനിന്നു നോക്കുമ്പോൾ രണ്ടു മുന്നണികളും മെച്ചമല്ല. ശബരിമല വിഷയത്തിൽ അവ തമ്മിൽ യോജിച്ചുകഴിഞ്ഞു. ചണ്ടി പോലെ ചവച്ചുതുപ്പിയ സ്ത്രീകളുടെ ത്യാഗം മിച്ചം. സ്ത്രീകളുടെ രക്ഷാകർത്താക്കളാവുക എന്നതല്ലാതെ സ്ത്രീകളുടെ കർതൃപദവിയെ വികസിപ്പിക്കുക എന്ന ഉദ്ദേശ്യം ഇരുകൂട്ടർക്കുമില്ല (സ്ഥാനാർത്ഥിപ്പട്ടിക തന്നെ ഉഗ്രൻ തെളിവാണതിന്). ബൃന്ദ കാരാട്ട് മലയാളിസ്ത്രീകൾക്ക് കഴിഞ്ഞ പത്ത് വർഷമായി ഒരു രക്ഷാധികാരി ഉണ്ടായിരുന്നു എന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ കാണുന്നു. അവരുടെ പല നിലപാടുകളും മുൻപത്തെപ്പോലെ സ്ത്രീപക്ഷ ധാർമികതയ്ക്ക് നിരക്കുന്നവ അല്ലെങ്കിലും, ഇത് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. എങ്കിലും ഒരു കാര്യമുണ്ട്. പറഞ്ഞത് സ്തുതിയാണെങ്കിലും കേരളത്തിലെ ഇടതുകക്ഷികളും ക്ഷേമ ഭരണകൂടവും ഇവിടുത്തെ താണ ഇടത്തരക്കാരും ദരിദ്രരുമായ സ്ത്രീകളുമായി 1990- കളിലുണ്ടാക്കിയ നിശ്ശബ്ദ സാമൂഹ്യ ഉടമ്പടി കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പാടെ തിരുത്തിയെഴുത്തപ്പെട്ടു എന്ന് ഞാനും അനാമികയും ചേർന്നെഴുതിയ പുസ്തകത്തിലുടനീളം വാദിച്ചത് ശരിയാണെന്നാണ് ഈ പ്രസ്താവന തന്ന സൂചന.

സ്ത്രീകളെ ജനാധിപത്യശാക്തീകരണത്തിലേക്ക് നയിക്കുന്ന ഭരണകൂടവും ഇടതുപക്ഷവും അല്ല, സ്ത്രീകളെ പിതൃമേധാവിത്വ സംരക്ഷണത്തിനുള്ളിൽ നിർത്തി പിതൃമേധാവിത്വകുടുംബത്തിലെന്ന പോലെ അവരുടെ അധ്വാനത്തെ പിഴിഞ്ഞെടുക്കുന്ന ഭരണകൂടമാണ് ഇപ്പോൾ.

സംരക്ഷക- അന്നദാതാ ഭരണകൂടമായി സ്വയം പ്രത്യക്ഷപ്പെട്ടാണ് ഇടതുപക്ഷം രണ്ടാം തവണ ജയിച്ചത്. ശരിക്കും കുടുംബ പിതൃമേധാവിത്വത്തെ പുനർജീവിപ്പിച്ചുകൊണ്ട്. അതിൽ പിതൃഭാവം പിണറായിയും മാതൃഭാവം കെ. കെ. ശൈലജയും വഹിച്ചുകൊണ്ടുള്ള അവതരണമായിരുന്നു മഹാമാരിക്കാലത്ത്. അന്നുതന്നെ മാതൃഭാവത്തെ മയം തീരെയില്ലാത്ത രീതിയിൽ തള്ളിത്താഴെയിടാൻ പിണറായി വിജയൻ ശ്രദ്ധിച്ചു. സ്ത്രീകളെ ജനാധിപത്യശാക്തീകരണത്തിലേക്ക് നയിക്കുന്ന ഭരണകൂടവും ഇടതുപക്ഷവും അല്ല, സ്ത്രീകളെ പിതൃമേധാവിത്വസംരക്ഷണത്തിനുള്ളിൽ നിർത്തി പിതൃമേധാവിത്വകുടുംബത്തിലെന്ന പോലെ അവരുടെ അധ്വാനത്തെ പിഴിഞ്ഞെടുക്കുന്ന ഭരണകൂടമാണ് ഇപ്പോൾ. ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു ഭാവന യു ഡി എഫിനുണ്ടായതായി അറിവില്ല.

എങ്കിലും യു ഡി എഫ് ജയിക്കുന്നതാണ് കേരളത്തിന് ദീർഘകാലത്തിൽ ആശ്വാസകരം എന്നുതന്നെയാണ് തോന്നുന്നത്. പല കാരണങ്ങളുണ്ട് ഇങ്ങനെ പറയാൻ. ഇരുമുന്നണികളുടേതായ ജനാധിപത്യവ്യവസ്ഥയിൽ അവ മാറിമാറി ഭരണത്തിലേറുന്നതാണ് ജനാധിപത്യ-ജനക്ഷേമസംസ്കാരത്തിനുതകുന്ന രീതിയെന്നത് ജനാധിപത്യത്തെക്കുറിച്ചുള്ള സൈദ്ധാന്തികചർച്ചകളിൽ സുസമ്മതമായ വാദമാണ്. എങ്കിലും നമ്മുടെ മൂർത്തസാഹചര്യങ്ങളോട് ചേർന്നുകിടക്കുന്ന മൂന്നു വാദങ്ങളെങ്കിലുമുണ്ട്, യു ഡി എഫ് വിജയം ആഗ്രഹിക്കാൻ.

സംരക്ഷക- അന്നദാതാ ഭരണകൂടമായി സ്വയം പ്രത്യക്ഷപ്പെട്ടാണ് ഇടതുപക്ഷം രണ്ടാം തവണ ജയിച്ചത്. ശരിക്കും കുടുംബ പിതൃമേധാവിത്വത്തെ പുനർജീവിപ്പിച്ചുകൊണ്ട്. അതിൽ പിതൃഭാവം പിണറായിയും മാതൃഭാവം കെ. കെ. ശൈലജയും വഹിച്ചുകൊണ്ടുള്ള അവതരണമായിരുന്നു മഹാമാരിക്കാലത്ത്.
സംരക്ഷക- അന്നദാതാ ഭരണകൂടമായി സ്വയം പ്രത്യക്ഷപ്പെട്ടാണ് ഇടതുപക്ഷം രണ്ടാം തവണ ജയിച്ചത്. ശരിക്കും കുടുംബ പിതൃമേധാവിത്വത്തെ പുനർജീവിപ്പിച്ചുകൊണ്ട്. അതിൽ പിതൃഭാവം പിണറായിയും മാതൃഭാവം കെ. കെ. ശൈലജയും വഹിച്ചുകൊണ്ടുള്ള അവതരണമായിരുന്നു മഹാമാരിക്കാലത്ത്.

ഒന്നാമതായി, കോൺഗ്രസ് മുക്തഭാരതമെന്ന സാധ്യതയാണ് ഇന്ന് കേരളത്തിലും പുറത്തും ഏറെ അപകടകരമായി എനിക്കു തോന്നുന്നത്. കേരളത്തിൽ ഭൂരിപക്ഷമായ ഹിന്ദു സമുദായത്തിൽ ഊന്നിനിൽക്കുന്ന രണ്ടു മുന്നണികൾ മാത്രമായാൽ പിന്നെ അവയിൽ മതേതരത്വം, സർവ്വമതസൗഹാർദ്ദം എന്നിവയെ (വാ കൊണ്ടു മാത്രമെങ്കിലും) പാടിപ്പുകഴ്ത്തുന്ന കക്ഷിക്ക് സ്ഥിരമായി വോട്ടുചെയ്യാൻ ഇവിടുത്തെ ന്യൂനപക്ഷ സമുദായങ്ങൾ നിർബന്ധിതരാകും. അതായത്, ബംഗാളിലെപ്പോലെ മുപ്പതോ അതിലധികമോ (ജനസംഖ്യാപരമായ വൻമാറ്റങ്ങൾ ഉണ്ടാകുംവരെ) എൽ ഡി എഫിന് ഭരണത്തിലിരിക്കാം. ഇപ്പറഞ്ഞ മൂല്യങ്ങളോട് എൽ ഡി എഫിലെ മുഖ്യകക്ഷിക്കു വളരെ പരിമിതവും സ്വാർത്ഥത്തിലൂന്നിയതുമായ താത്പര്യമാണുള്ളതെന്ന സൂചനകൾ സമീപകാലത്ത് വളരെ ശക്തമായിരിക്കുന്നതുകൊണ്ട്, പ്രത്യേകിച്ചും, കോൺഗ്രസ്- മുക്തഭാരതയത്നത്തെ എതിർത്തുതോൽപ്പിക്കുകതന്നെവേണം. അല്ലെങ്കിൽ കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ ശബ്ദങ്ങൾക്ക് തീരെ വിലയില്ലാതെയാകുന്ന സ്ഥിതി വരും. യു ഡി എഫ് എത്ര മോശമാണെങ്കിലും കേവലം മതഭൂരിപക്ഷാശ്രിതമുന്നണിയല്ല; അതുകൊണ്ട് ന്യൂനപക്ഷങ്ങൾ തീരെ ശബ്ദമില്ലാതെയാകാനിടയില്ല.

കോൺഗ്രസ്- മുക്തഭാരതയത്നത്തെ എതിർത്തുതോൽപ്പിക്കുകതന്നെവേണം. അല്ലെങ്കിൽ കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ ശബ്ദങ്ങൾക്ക് തീരെ വിലയില്ലാതെയാകുന്ന സ്ഥിതി വരും.

രണ്ടാമത്, പ്രതിപക്ഷത്തിരിക്കുന്ന എൽ ഡി എഫ് തങ്ങളുടെ സോഷ്യലിസ്റ്റ് വീര്യത്തെ അല്പമെങ്കിലും വീണ്ടെടുക്കണേ എന്ന വ്യാമോഹം, അല്ല, പ്രാർത്ഥന, എനിക്കുണ്ട്. അതായിരിക്കും അവർക്കുള്ള അതിജീവനമാർഗം. അത് തിരിച്ചറിയാനുള്ള വിവേകം അവർക്കുണ്ടാകണേ എന്നാണ് എൻെറ പ്രാർത്ഥന. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ അധികാരമില്ലാത്ത സി പി എമ്മിൻെറ പ്രവർത്തകരിൽ സമരോത്സുകതയുടെയും സാമൂഹ്യനീതിബോധത്തിൻെറയും സോഷ്യലിസ്റ്റ് ധാർമ്മികതയുടെയും മിന്നലാട്ടങ്ങൾ കാണുമ്പോൾ ചരിത്രപരമായ ഡെജാ വൂ എന്ന മിഥ്യാനുഭവം തോന്നുന്നത് എനിക്കു മാത്രമല്ല.

മാത്രമല്ല, കേരളത്തിൽ തന്നെ ചില കൌണ്ടർഫാക്ച്വൽ ഉദാഹരണങ്ങൾ എടുത്തു പരിശോധിച്ചു നോക്കൂ – ഞാനിപ്പറയുന്നത് വെറുതേയല്ലെന്ന് മനസ്സിലാകും. ഉദാഹരണത്തിന്: സരിത നായരുടെ വ്യാജപരാതി പൊട്ടിത്തെറിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഉമ്മൻ ചാണ്ടി വീണ്ടും കേരള മുഖ്യമന്ത്രിയായേനെ. അങ്ങനെയെങ്കിൽ പ്രതിപക്ഷത്തിരിക്കുമായിരുന്ന എൽ ഡി എഫ് വിഴിഞ്ഞം പദ്ധതിക്കും അദാനിക്കുമെതിരെ കാര്യമായി സമരം ചെയ്തേനെ. അതോടെ ആ പദ്ധതി ചുരുക്കപ്പെടുകയോ ഒരുപക്ഷേ വയബിൾ അല്ലാതെയായി അവസാനിക്കുകയോ ചെയ്തേനെ. കേരളം ആ പാരിസ്ഥിതികഭയാനകതയിൽ നിന്ന് രക്ഷപ്പെട്ടേനെ.

ഉമ്മൻചാണ്ടി, സരിത എസ്. നായർ. സരിത നായരുടെ വ്യാജപരാതി പൊട്ടിത്തെറിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഉമ്മൻ ചാണ്ടി വീണ്ടും കേരള മുഖ്യമന്ത്രിയായേനെ. അങ്ങനെയെങ്കിൽ പ്രതിപക്ഷത്തിരിക്കുമായിരുന്ന എൽ ഡി എഫ് വിഴിഞ്ഞം പദ്ധതിക്കും അദാനിക്കുമെതിരെ കാര്യമായി സമരം ചെയ്തേനെ.
ഉമ്മൻചാണ്ടി, സരിത എസ്. നായർ. സരിത നായരുടെ വ്യാജപരാതി പൊട്ടിത്തെറിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഉമ്മൻ ചാണ്ടി വീണ്ടും കേരള മുഖ്യമന്ത്രിയായേനെ. അങ്ങനെയെങ്കിൽ പ്രതിപക്ഷത്തിരിക്കുമായിരുന്ന എൽ ഡി എഫ് വിഴിഞ്ഞം പദ്ധതിക്കും അദാനിക്കുമെതിരെ കാര്യമായി സമരം ചെയ്തേനെ.

പക്ഷേ ഇവിടെ ഞാൻ എൻെറ ആഗ്രഹം മാത്രമാണ് പറയുന്നത്. ഇരപിടിയൻ മുതലാളിത്തത്തോട് കേരളത്തിലെ മുഖ്യധാരാ ഇടതുകക്ഷികളുടെ ബന്ധം അധികാരനഷ്ടം കൊണ്ടുമാത്രം അയയാൻ ഇടയില്ല. കൂടിപ്പോയാൽ നമ്മുടെ സി പി എം ഫെമിനിസ്റ്റുകൾ അധികാരസ്ഥാനങ്ങൾ നഷ്ടപ്പെട്ടതുകൊണ്ട് ഫെമിനിസ്റ്റ് എൻ ജി ഒ ലാവണങ്ങളിലേക്കു മടങ്ങുമായിരിക്കും. അതാകട്ടെ, പഴയ റഷ്യയിലെ സാർ ചക്രവർത്തിമാരുടെ സമ്മർപാലസ്- വിൻറർ പാലസ് പ്രവാസം പോലെ കരുതാനേ പറ്റൂ.

മൂന്നാമതായി, എൽ ഡി എഫിനെ ബാധിച്ചിരിക്കുന്ന സാംസ്കാരിക നായക- നായികാബാധയ്ക്കും ഒരുപക്ഷേ തെരഞ്ഞെടുപ്പുപരാജയം അല്പം ആശ്വാസം ഉണ്ടാക്കിയേക്കാം. എൽ ഡി എഫ് തലക്കനക്കാരുടെ കൈലാസമായി മാറിയത് വെറുതേയല്ല – കാരണം ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്തതുപോലെ സേവപിടുത്തവർഗം അവിടെ കയറിപ്പറ്റിയിരിക്കുന്നുവെന്ന് സംശയാതീതമായിപ്പറയാം. യാതൊരു കറക്ടീവ് ശക്തികൾക്കും ചെവികൊടുക്കാൻ തങ്ങൾക്കു ബാധ്യതയില്ലെന്ന് എൽ ഡി എഫ് നേതാക്കന്മാർക്ക് ഇത്ര ഉറപ്പുണ്ടായത്, ഈ സാംസ്കാരിക ശിങ്കിടിവർഗം ഓവർടൈം പ്രവർത്തിക്കുന്നതിൻെറ ഫലമായാണ്. ഇടതുപക്ഷത്തിൻെറ, അതിനുള്ളിലെ ജനാധിപത്യചോദനകളുടെ, നാശത്തിന് മുഖ്യമായ കാരണം ഈ സ്തുതിപാഠകവൃന്ദമാണ്. യു ഡി എഫിൻെറ വിജയം ഈ വർഗത്തിൻെറ ജീവവായുവിനെ കുറച്ചെങ്കിലും ഇല്ലായ്മപ്പെടുത്തുമെന്നാണ് എൻെറ പ്രത്യാശ.

പക്ഷേ ‘അല്പം ആശ്വാസം’ എന്ന് മനഃപൂർവം തന്നെ പറഞ്ഞതാണ്. ഒന്നാമതായി, ഇക്കൂട്ടരിൽ പലരും ഇരുവശത്തും നിൽക്കാൻ ബഹുമിടുക്കരാണ്. സ്തുതിപാഠക ഉപകരണങ്ങളുമേന്തി അവരിൽ പലരും യു ഡി എഫ് പക്ഷത്തേയ്ക്കു മെല്ലെ പമ്മിപ്പമ്മി ചെന്നുതുടങ്ങി (ഇന്നലെപ്പോലും) എന്നതാണ് സത്യം.

എൽ ഡി എഫ് തലക്കനക്കാരുടെ കൈലാസമായി മാറിയത് വെറുതേയല്ല – കാരണം, ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ സേവപിടുത്തവർഗം അവിടെ കയറിപ്പറ്റിയിരിക്കുന്നുവെന്ന് സംശയാതീതമായിപ്പറയാം.

രണ്ടാമതായി, ഇന്നത്തെ പുരോഗമന എഴുത്തുകാർ ഇരുപതാം നൂറ്റാണ്ടിലെ മലയാളസാഹിത്യപൊതുമണ്ഡലത്തെ അധികാരവിരുദ്ധ- റാഡിക്കൽ ഇടമായി നിലനിർത്താൻ പണിപ്പെട്ട (കേസരി ബാലകൃഷ്ണപിള്ള വിശേഷിപ്പിച്ചതുപോലെ) സാംസ്കാരിക വിഷംതീനികളൊന്നുമല്ല, നേരെമറിച്ച്, സാംസ്കാരിക വിപണിയിൽ ചുടുചുടുക്കൻ ഉത്പന്നങ്ങൾ വിറ്റ് കാശും സാംസ്കാരികപ്രമാണിത്തവും വിലപേശി വാങ്ങുന്ന സാഹിത്യ- വ്യവസായികളാണ്. ഉത്കൃഷ്ടസാഹിത്യമെഴുതി സാഹിത്യപ്രമാണിത്തം നേടിയെങ്കിലും പുസ്തകങ്ങൾ വിറ്റഴിക്കുന്ന കാര്യത്തിൽ പൈങ്കിളിസാഹിത്യത്തെ വെട്ടിക്കാൻ സമീപകാലം വരെ ഇവർക്കു കഴിഞ്ഞിരുന്നില്ല. ഇങ്ങനെയുള്ളവരെ സംബന്ധിച്ച് സി പി എം സേവ, പ്രത്യേകിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള പ്രശംസ, ആ ഇടങ്ങളിൽ അതിശക്തമായ സാന്നിദ്ധ്യം തന്നെയായ സി പി എം സൈബർസമൂഹങ്ങളെന്ന വിപണിയിലേക്കുള്ള ഈസി ആക്സസ് ഉറപ്പാക്കുന്ന കണ്ടീഷനാണ്. ചിലപ്പോഴെങ്കിലും സി പി എം സേവ ആരംഭിക്കും മുമ്പുതന്നെ ആർജിച്ചുകഴിഞ്ഞ പുരോഗമന എഴുത്തുകാരെന്ന പ്രശസ്തി അങ്ങോട്ടു വച്ചുനീട്ടി, പകരം ഒരു ഹ്യൂജ് പുസ്തകമാർക്കറ്റ് സ്വന്തമാക്കാനുള്ള കരാറിലെ മുഖ്യവ്യവസ്ഥയാണ് തുടർന്നുള്ള പാർട്ടീ-സേവ (മുൻപ് സി പി എം വിമർശനമൊക്കെ നടത്തിയവർക്ക് പ്രത്യേകം ബാധകമാണതെന്ന് തോന്നുന്നു). ഈ വിപണിയുടെ വലുപ്പം ചുരുങ്ങി അത് അപ്രസക്തമായാൽ മാത്രമേ നമ്മുടെ സാഹിത്യഓൻത്രപ്രന്യൂർസ് തങ്ങളുടെ കരാറിൽ നിന്ന് പിൻവാങ്ങൂ എന്നും അനുമാനിക്കാം.

പ്രതിപക്ഷത്തിരിക്കുന്ന എൽ ഡി എഫ് തങ്ങളുടെ സോഷ്യലിസ്റ്റ് വീര്യത്തെ അല്പമെങ്കിലും വീണ്ടെടുക്കണേ എന്ന വ്യാമോഹം, അല്ല, പ്രാർത്ഥന, എനിക്കുണ്ട്. അതായിരിക്കും അവർക്കുള്ള അതിജീവനമാർഗം.
പ്രതിപക്ഷത്തിരിക്കുന്ന എൽ ഡി എഫ് തങ്ങളുടെ സോഷ്യലിസ്റ്റ് വീര്യത്തെ അല്പമെങ്കിലും വീണ്ടെടുക്കണേ എന്ന വ്യാമോഹം, അല്ല, പ്രാർത്ഥന, എനിക്കുണ്ട്. അതായിരിക്കും അവർക്കുള്ള അതിജീവനമാർഗം.

കേവലം ഒരു തെരഞ്ഞെടുപ്പിലെ പരാജയം ആ വിപണിയെ ചുരുക്കാനിടയില്ലല്ലോ. ചർവിതചർവണം ചെയ്തോതോ, വല്ലവിധേനയും തട്ടിക്കൂട്ടിയെടുത്തതോ, വല്ലവൻെറയും മുതൽ പച്ചയ്ക്കു കട്ടെടുത്തതോ ആയ എന്തു കുന്തവും വിറ്റഴിക്കാനും, പുരോഗമനസാഹിത്യ രചയിതാവെന്ന പേര് തുടർന്നും നിലനിർത്താനും, ചന്തയിൽ കച്ചവടക്കാർക്ക് മുളകിനും മീനിനും ലേലംവിളിക്കുന്നതുപോലെ പുസ്തകമെടുത്തിട്ട് ലേലം വിളിക്കുമ്പോൾ തോന്നിയേക്കാവുന്ന എമ്പാറസ്മെൻറ് സഹിക്കാതെതന്നെ ആ പണി ഒപ്പിക്കാനും, എന്തിന്, ഇതിനൊപ്പം തന്നെ അവാർഡുകൾ പലതും പിടുങ്ങാനും സഹായിക്കുന്ന ഈ അത്ഭുതമാന്ത്രികകരാറിനെ ഇക്കൂട്ടർ എളുപ്പം കൈവിടാൻ തയ്യാറാകുമെന്ന് എനിക്കു തോന്നുന്നില്ല.

എങ്കിലും നേരിട്ടുള്ള സ്വജനപക്ഷപാതപരമായ നേട്ടങ്ങൾ അന്വേഷിച്ച് സർക്കാർപടിക്കലും പാർട്ടിനേതൃത്വപടിക്കലും ഒക്കെ കറങ്ങിനിൽക്കുന്ന സ്തുതിപാഠകരിൽ കുറേപ്പേരെങ്കിലും ഒഴിഞ്ഞുപോകും. അത്രയും വെളിവ്, സി പി എമ്മിന് ഒരുപക്ഷേ ഉണ്ടാകും. കുറഞ്ഞപക്ഷം കെ. പി. കണ്ണനും എം. എ. ഉമ്മനും പൊട്ടത്തരമല്ല പറയുന്നതെന്ന് തിരിച്ചറിയാനുള്ള വെളിവെങ്കിലും വന്നാൽമതി, കേരളം അത്യാവശ്യം രക്ഷപ്പെട്ടു എന്നു പറയാം.

ഇതും എൻെറ പ്രത്യാശ മാത്രമാണ്. പ്രത്യാശ മാത്രമാണല്ലോ ഇന്നത്തെ കെട്ടകാലത്തിൽ നമുക്ക് ആകെയുള്ള വഴികാട്ടി?


Summary: Elections are underway for the 16th Kerala Legislative Assembly. Which front do you want to come to power this time? J. Devika reacts.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments