കെ.ഇ.എൻ

ഇടതുപക്ഷവിജയം;
കേരളം തോൽക്കാതിരിക്കാനുള്ള
ജാഗ്രതയുടെ ആവിഷ്കാരം

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് കെ.ഇ.എൻ നൽകിയ മറുപടി.

കെ.ഇ.എൻ

ലത്തോട്ട് വെച്ചടിച്ചുനടക്കുന്നവർ പോലും ഇടയ്ക്കിടക്ക് ഇടത്തോട്ട് തിരിഞ്ഞുനോക്കിപ്പോകുന്ന ഒരു പ്രദേശമാണ് കേരളം. ഉത്തർപ്രദേശിലെ സ്വന്തം നേതാക്കൾ നിരന്തരം പറയുന്നതൊന്നും ആ വിധം നമ്മുടെ ഇടതുപക്ഷകേരളത്തിൽനിന്ന് ആവർത്തിക്കാൻ അവർക്കത്രയൊന്നും ആവുന്നില്ല. മോഹമില്ലാഞ്ഞിട്ടല്ല, പലപ്പോഴും ശ്രമിച്ചുനോക്കുന്നുണ്ട്, പക്ഷെ, അവരെപ്പോലും പിടിച്ചുനിർത്തുന്നൊരു ഇടതുപക്ഷക്കരുത്ത് കേരളത്തിനുണ്ട്. ''പരിസരശക്തിഗുണത്താൽ പരിശുദ്ധരാവും പാപിഷ്ഠർ പോലും'' എന്നുള്ളതൊക്കെ ഫാഷിസ്റ്റുകൾക്ക് ബാധകമല്ലെന്ന് അറിഞ്ഞുതന്നെയാണ്, ഇങ്ങനെ പറയുന്നത്.

ഫാഷിസം ജയിച്ചാൽ, ഫാഷിസത്തെ നിവർന്നുനിന്ന് എതിർക്കുന്ന ഇടതുപക്ഷം തോറ്റാൽ, കേരളം തോൽക്കും.
''ജാതി ചൊല്ലി
മതം ചൊല്ലി
ദേശം ചൊല്ലി
നിറം ചൊല്ലി
മനുഷ്യനെത്തുണ്ടുത്തുണ്ടായി
മുറിച്ചിടായ്‌വിൻ''
എന്ന് മുമ്പ് സഹോദരൻ അയ്യപ്പൻ എഴുതി. പരസ്പരം അത്രമേൽ ഇഷ്ടമായവരെ ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കാത്ത കുടിലതകളുടെ സ്ഥാനം കേരളത്തിനു പുറത്ത്. അതുകൊണ്ടാണ് മോണോലിസ ഭോസ്‌ലേയും മുഹമ്മദ് ഫർമാനും വിവാഹിതരാകാൻ കേരളം തെരഞ്ഞെടുത്തത്. എന്തിനിവിടെ വന്നു എന്ന ചോദ്യത്തിന്, 'ഇതാണ് സുരക്ഷിത സ്ഥലം' എന്നതുകൊണ്ടാണ് എന്ന് അവർ പറഞ്ഞ മറുപടിയിലുണ്ട്, മതനിരപേക്ഷകേരളത്തിന്റെ മഹത്വം.

കേരളത്തെ കലാപഭൂമിയാക്കുന്നതിൽ ആർ.എസ്.എസിനെ പ്രാണൻ നൽകിയും എതിരിടുന്നത് സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയല്ലാതെ മറ്റാരുമല്ല.

നോം ചോംസ്‌കിയും അമർത്യാസെന്നും കേരളത്തെ പ്രശംസിച്ചത്, ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ഭാഗമായിട്ടല്ല. എന്നാൽ, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ്, 2015-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വിദദ് ബോച്ചാമയി (Wided Bouchamaoui), കേരളം സന്ദർശനാനന്തരം മനോരമ പത്രത്തിനു നൽകിയ അഭിമുഖം. അതിലവർ പറഞ്ഞത്, ‘എത്ര മനോഹരമാണ് കേരളം, ഇവിടെനിന്ന് പോവാനേ തോന്നുന്നില്ലല്ലോ’ എന്നാണ്. പൊതുവിദ്യാലയങ്ങളുടെ വളർച്ച കണ്ടാണ് അവർ പുളകിതയായത്.

ഇന്ത്യനവസ്ഥയെക്കുറിച്ച് ‘ജെനോസൈഡ് വാച്ചി’ന്റെ ചെയർമാൻ പറഞ്ഞത്, ഇന്ത്യ ഒരു വംശഹത്യാമുനമ്പിൽ കിതിച്ചുനിൽക്കുകയാണ് എന്നാണ്. ഇതുതന്നെയാണ് മറ്റൊരു വിധത്തിൽ സി. മനോഹർ റെഡ്ഢിയും പറഞ്ഞത്. ഇതേ ഇന്ത്യനവസ്ഥയെ പഠിച്ചിട്ടാണ് നോം ചോംസ്കി 'ഭയാനകം' എന്നു പറഞ്ഞത്. എന്നാൽ അപ്പോഴും ഇടതുപക്ഷകേരളം പത്തുവർഷമായി പ്രതീക്ഷയുടെ പച്ചത്തുരുത്താണ്. ഫാഷിസ്റ്റുകൾ ഏറ്റവും കൂടുതൽ അതുകൊണ്ടുതന്നെ കേരളത്തെയാണ് പേടിക്കുന്നത്. മുമ്പേതന്നെ അവരുടെ സൈദ്ധാന്തിക ഗ്രന്ഥമായ 'വിചാരധാര'യിൽ കേരളത്തെ അവർ അടയാളപ്പെടുത്തിയത് ഒരു 'പ്രശ്നസംസ്ഥാന'മായാണ്. ഇപ്പോഴാകട്ടെ പഴയ ഉന്മൂലനപട്ടികയിലേക്ക് പുതുതായി 'മല്ലു' എന്നവർ വിളിക്കുന്ന മലയാളിസ്വത്വത്തെയും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദിത്യനാഥ് യോഗിയും അമിത് ഷായും 'കേരളം' പിടിക്കുന്നതിനെക്കുറിച്ചാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഐക്യകേരളത്തിന്റെ 'സ്വപ്‌നമാണ്' ഇടതുപക്ഷ സർക്കാർ നടപ്പാക്കാൻ പോകുന്ന നേറ്റിവിറ്റി കാർഡും അതിദാരിദ്ര്യനിർമ്മാർജ്ജനവും അടക്കമുള്ള പ്രവർത്തനങ്ങൾ.
ഐക്യകേരളത്തിന്റെ 'സ്വപ്‌നമാണ്' ഇടതുപക്ഷ സർക്കാർ നടപ്പാക്കാൻ പോകുന്ന നേറ്റിവിറ്റി കാർഡും അതിദാരിദ്ര്യനിർമ്മാർജ്ജനവും അടക്കമുള്ള പ്രവർത്തനങ്ങൾ.

ഫാഷിസ്റ്റുകൾ ഇന്ത്യയിൽ ഏതെങ്കിലും മുഖ്യമന്ത്രിയുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിട്ടുണ്ടെങ്കിൽ, അത് ഇടതുപക്ഷകേരളത്തിന്റെ അഭിമാനമായ സഖാവ് പിണറായി വിജയന്റെ തലയ്ക്കാണ്. കുന്ദൻ ചന്ദ്രാവത് എന്ന ഫാഷിസ്റ്റ് ബോറനാണ് 2017-ൽ ഉജ്ജയിനിയിൽ വെച്ച് ആ കൊലവിളി നടത്തിയത്. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുയർന്നപ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയാണുണ്ടായത്.

കേരളത്തെ കലാപഭൂമിയാക്കുന്നതിൽ ആർ.എസ്.എസിനെ പ്രാണൻ നൽകിയും എതിരിടുന്നത് സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയല്ലാതെ മറ്റാരുമല്ല. തലശ്ശേരി കലാപത്തിൽ പള്ളി പൊളിക്കുന്നതിനെതിരെ പൊരുതിയ സഖാവ്. യു.കെ. കുഞ്ഞിരാമന്റെ ധീരരക്തസാക്ഷിത്വത്തെപ്പോലും അവഹേളിക്കാനാണ് വലതുപക്ഷം ശ്രമിച്ചത്. തലശ്ശേരി കലാപത്തിന്റെ '50-ാം വാർഷികം' പ്രകോപനമുദ്രാവാക്യങ്ങളോടെ ആഘോഷിക്കാൻ ഫാഷിസ്റ്റുകൾ ശ്രമിച്ചപ്പോൾ അതിനെ എതിർക്കാൻ മുന്നിൽ നിന്നത് പുരോഗനമകലാസാഹിത്യസംഘം അടക്കമുള്ള ഇടതുപക്ഷ കേരളമാണ്.

നാം ഇന്ത്യക്കാരും ലോകമനുഷ്യരുമൊക്കെയാവുന്നതെന്ന, 'പൗര- മാനവികതയുടെ മാനിഫെസ്‌റ്റോ'യാണ് നേറ്റിവിറ്റി കാർഡ്. ഇടതുപക്ഷകേരളം ഒരുപക്ഷെ, ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മറ്റു പല പുരോഗമനനടപടികൾക്കുമൊപ്പം, നൽകുന്ന മ ഹത്തായ ഒരു സന്ദേശം കൂടിയാണിത്.

ഐക്യകേരളത്തിന്റെ 'സ്വപ്‌നമാണ്' ഇടതുപക്ഷ സർക്കാർ നടപ്പാക്കാൻ പോകുന്ന നേറ്റിവിറ്റി കാർഡും അതിദാരിദ്ര്യനിർമ്മാർജ്ജനവും അടക്കമുള്ള പ്രവർത്തനങ്ങൾ. മേൽക്കോയ്മാ ദേശീയതയ്ക്കുമുമ്പിൽ തലകുനിക്കുകയില്ലെന്ന പ്രഖ്യാപനമാണ് നേറ്റിവിറ്റി കാർഡ്. 'കേരള മക്കൾ സുരക്ഷിതർ' എന്ന സഖാവ് പിണറായി വിജയന്റെ ഒരൊറ്റ പ്രസ്താവനയിൽ അതിന്റെ പൊരുൾ വ്യക്തം. പതിവുപോലെ ഇത് 'വിഘടനവാദ'മാണെന്ന് പറഞ്ഞുകൊണ്ടാണ് ഫാഷിസ്റ്റ് പ്രചാരണം. കൽപ്പിക്കുന്ന കേന്ദ്രവും അനുസരിക്കുന്ന സംസ്ഥാനവും എന്ന ഫാഷിസ്റ്റ് കാര്യപരിപാടിയെ എതിർത്തും, നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ യൂണിയനെ പിന്തുണച്ചുകൊണ്ടുമുള്ള ഒരു വൻ ദേശീയചുവടുവെപ്പാണ് 'നേറ്റിവിറ്റി കാർഡ്'. വ്യത്യസ്ത മതക്കാരായിരിക്കേ നമ്മൾ മലയാളികളാണെന്ന, അങ്ങനെയാണ് നാം ഇന്ത്യക്കാരും ലോകമനുഷ്യരുമൊക്കെയാവുന്നതെന്ന, 'പൗര- മാനവികതയുടെ മാനിഫെസ്‌റ്റോ'യാണ് നേറ്റിവിറ്റി കാർഡ്. ഇടതുപക്ഷകേരളം ഒരുപക്ഷെ, ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മറ്റു പല പുരോഗമനനടപടികൾക്കുമൊപ്പം, നൽകുന്ന മ ഹത്തായ ഒരു സന്ദേശം കൂടിയാണിത്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം, കേരളം തോൽക്കാതിരിക്കാനുള്ള ജാഗ്രതയുടെ കൂടി ആവിഷ്‌കാരമായി ഇടതുപക്ഷവിജയം ആഘോഷിക്കപ്പെടും.


Summary: Elections are underway for the 16th Kerala Legislative Assembly. Which front do you want to come to power this time? KEN reacts.


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments