എം. ശ്രീനാഥൻ

എൽ.ഡി.എഫ് തുടരും,
ബി.ജെ.പി താൽപര്യപ്രകാരം…

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് എം. ശ്രീനാഥൻ നൽകിയ മറുപടി.

  • ടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതുപോലെയുള്ള ദുരവസ്ഥ വരാതിരിക്കാനും ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കാൻ എൽ ഡി എഫിന് കഴിയുമെന്നതുകൊണ്ടും കേരളത്തിൽ വർഗീയദേശീയതയുടെ തീവ്രവളർച്ച താൽക്കാലികമായെങ്കിലും മരവിപ്പിക്കാനും ദീർഘിപ്പിക്കാനും യു ഡി എഫ് വരണമെന്നാണ് ആഗ്രഹിക്കുന്നത്.

    ജനാധിപത്യവ്യവസ്ഥയിൽ ഭരണപക്ഷത്തെക്കാൾ ഊർജ്വസ്വലതയോടെ വിവേകപൂർവം പ്രവർത്തിക്കേണ്ടത് പ്രതിപക്ഷമാണെന്ന വിശ്വാസമാണുള്ളത്. യഥാർത്ഥത്തിൽ ഭരണപക്ഷത്തെ നേർവഴിനടത്തുന്നത് ശക്തമായ, സമരോൽസുകമായ പ്രതിരോധങ്ങൾ തീർക്കാനും സംവാദാത്മക സജീവത നിലനിറുത്താനും കഴിവുള്ള പ്രതിപക്ഷ ഇടപെടലുകൾക്കാണ്. പ്രതിപക്ഷം ദരിദ്രമാകുന്നതോടെ ജനാധിപത്യത്തിന്റെ അപചയം ഉറപ്പുവരുന്നു. മൃഗീയഭൂരിപക്ഷത്തോടെയുള്ള ഒരു ഭരണപക്ഷം ജനാധിപത്യത്തിന്റെ ആശയാടിത്തറയെ തന്നെ വെല്ലുവിളിച്ച് താൻപോരിമാഇടങ്ങളായി പരിവർത്തനപ്പെടുന്നതോടെ ജനാധിപത്യത്തിന്റെ പൊരുളറ്റുപോകും.

    വ്യക്തിയുടെയോ ഭുരിപക്ഷപാർട്ടികളുടെയോ ഏകപക്ഷീയമായ നയനടത്തിപ്പല്ല ജനാധിപത്യം ഉന്നം വെയ്ക്കുന്നത്. പലപ്പോഴും ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം കാരണം നയാസൂത്രണവും നടത്തിപ്പും ഏകപക്ഷീയമായി മാറുകയാണ് പതിവ്. ഇതിനെ സാധാരണ ‘വഴങ്ങാത്ത’, ‘അടിയുറച്ച’ അല്ലെങ്കിൽ ‘അചഞ്ചല’മായ നിലപാടുള്ള എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. അതുപോലും അധികാര പ്രയോഗമാണ്. ചെയ്യുന്നതെല്ലാം ശരിയാണ് അല്ലെങ്കിൽ ഞങ്ങൾ ശരിയേ ചെയ്യൂ എന്ന മൂഢവിശ്വാസമാണ് ഇത്തരം ജനാധിപത്യവിരുദ്ധ പ്രബുദ്ധതയ്ക്കു പിന്നിലുള്ളത്. മൂർത്തമായി ‘ഞങ്ങളല്ലാതെ ആരുണ്ട്’ എന്ന മൂഢ വിശ്വാസത്തിന്റെ ടാഗ് ലൈനിൽ എത്തിക്കുന്നതും ഇതുതന്നെ. ഇടതുപക്ഷവും ഫ്യൂഡൽ ഫാഷിസത്തിന്റെ സ്വഭാവം സ്വീകരിക്കുന്നതായി കാണാം. ഇതല്ല, പുരോഗമന ഇടതുപക്ഷ ഭാഷ. വർഗീയതയെയും ഫാഷിസത്തെയും എതിർക്കുന്നുവെന്ന് ആണയിടുന്ന ഒരു പക്ഷത്തിന് ഫാഷിസത്തിന്റെ ഭാഷാശൈലി ചേരില്ലല്ലോ. അധികാരത്തിന്റെ ഭൂമികയിൽ ഇന്നേറെ ശക്തമാക്കുന്ന വികാരവും വിചാരവും, ഇന്ത്യ, ദേശീയത തുടങ്ങി എന്തായാലും സംരക്ഷിക്കാനും നയിക്കാനും ഞങ്ങളല്ലാതെ ആരുണ്ടിവിടെ എന്ന അതേ ഭാഷാശൈലിയിൽ ഇടതുപക്ഷം എത്തിച്ചേരുന്നത് ജനകീയതയിൽ നിന്ന് അധികാര വരേണ്യതയിലേക്കുള്ള ഗതിമാറ്റത്തെയാണ് സ്പഷ്ടീകരിക്കുന്നത്.

  • എൽ ഡി എഫ് അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്. അവരുടെ പാർട്ടിഘടനയനുസരിച്ച് അവർക്ക് കിട്ടുന്ന വോട്ട് ഷെയറിൽ അധികം വോട്ട് നഷ്ടമാവില്ല. കൂടാതെ, എൻ ഡി എയുടെ സഹായവും ലഭിക്കും. എൻ ഡി എയ്ക്ക് ഉടൻ കേരളത്തിൽ അധികാരത്തിൽ വരണമെന്ന താല്പര്യമോ സാധ്യതയോ ഇല്ല. പകരം ക്രമാനുഗതമായ വോട്ടുനില വർധിപ്പിച്ച് സാന്നിധ്യം ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം, കോൺഗ്രസ് സാന്നിധ്യം മായ്ചുകളയലുമാണ്. യു ഡി എഫ് അധികാരത്തിൽ വരാതിരുന്നാൽ ന്യൂനപക്ഷ ധ്രുവീകരണം ഉറപ്പുവരുത്താനാവും.

    എൽ ഡി എഫ് അധികാരത്തിൽ തുടർന്നാൽ നാല് ലക്ഷ്യങ്ങൾ തങ്ങൾക്കനുകൂലമായി നിറവേറ്റാനാകും:
    - കോൺഗ്രസിന്റെ അസ്തമനം.
    - ന്യൂനപക്ഷ ധ്രുവീകരണം.
    - കേരളത്തിലെ ഇടതുപക്ഷബോധ ശിഥിലീകരണം.
    - എൻ ഡി എയ്ക്കനുകൂലമായ നിലമൊരുക്കൽ.

    ഇടതുപക്ഷ ബോധത്തിന്റെ അപചയം സാധ്യമാക്കണമെങ്കിലും വർഗീയനിലം കൊഴുക്കണമെങ്കിലും ഇടതുപക്ഷത്തെ അധികാരത്തിൽ നിലനിർത്തേണ്ടതാണ്. അതുകൊണ്ട് ദേശീയതലത്തിൽ എൻ ഡി എ ദുർബലപ്പെടുന്നില്ല എന്നുമാത്രമല്ല സൂക്ഷ്മതലത്തിൽ എൻ ഡി എയ്ക്ക് കൂടുതൽ ആഴത്തിലുള്ള വേരോട്ടം സാധ്യമാക്കാനും ഇതുപകരിക്കും.

    ഭാവിയിൽ എൻ ഡി എയെ തെരഞ്ഞെടുക്കാൻ കേരളത്തിന് മടിയുണ്ടാവില്ല. അഞ്ചുവർഷങ്ങൾക്കുശേഷം മറ്റൊരു സാധ്യതയെ കുറിച്ചുപോലും ആലോചിക്കണമെങ്കിൽ എൽ ഡി എഫും യു ഡി എഫും മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ഒരുമിക്കേണ്ടിവരും. അത് സാധ്യമായാൽ​പോലും ഭൂരിപക്ഷ വർഗീയത ശക്തമാകാതിരിക്കില്ല. എൻ ഡി എയുടെ ക്രമാനുഗതമായ വളർച്ച ഇതല്ലേ സൂചിപ്പിക്കുന്നത്?.

    ഭൂരിപക്ഷ വർഗീയത നവോത്ഥാനശിഷ്ട പ്രബുദ്ധകേരളത്തിൽ വളരില്ല എന്ന് ഇനി അവകാശപ്പെടാനാവില്ല. ജാതി- മത വർഗീയതയുടെ പുനരേകീകരണം ശാക്തീകരിക്കുന്നതുകൊണ്ട് ഇടതുപക്ഷ അപചയം സാധൂകരിക്കപ്പെടുകയാണെന്നതും മറനീക്കി പുറത്തുവരുന്നുണ്ട്. ഭാവികേരളം വർഗീയദേശീയത അംഗീകരിക്കുന്ന ഇടമായി മാറാൻ ഇനി എത്രകാലം?.

    മറിച്ച് യു ഡി എഫാണ് അധികാരത്തിൽ വരുന്നതെങ്കിൽ അടുത്ത ഊഴം എൽ ഡി എഫിനു ലഭിക്കുകയും എൻ ഡി എ പിന്നേയും കാത്തിരിക്കേണ്ടിയും വരും. എൻ ഡി എ അത്തരമൊരു കാത്തിരിപ്പിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. തന്നെയുമല്ല, യു ഡി എഫ് സാന്നിധ്യം ദേശീയതലത്തിൽ കോൺഗ്രസിന്റെ ശക്തി വർധിപ്പിക്കും. കോൺഗ്രസിന്റെ അതിജീവനസാധ്യതകളൊന്നും എൻ ഡി എ ആഗ്രഹിക്കുന്നുമില്ല.

    ഇതൊക്കെ പരിഗണിക്കുമ്പോൾ വിദഗ്ദ്ധമായ ഭാവിആസൂത്രണമുള്ള എൻ ഡി എ തീരുമാനിക്കുന്നത് എന്തായിരിക്കുമെന്ന് ആലോചിച്ചാൽ എന്റെ നിലപാടിന്റെ യുക്തി മനസിലാകും.

Comments