കേരളത്തിൻ്റെ ജനാധിപത്യത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്ന ഏതൊരാളും ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്നാണ് എൻ്റെ വിശ്വാസം. ഇത് ഐക്യജനാധിപത്യ മുന്നണി ഭരിച്ചിരുന്നപ്പോൾ ഒരു സുവർണകാലമായിരുന്നു എന്നതു കൊണ്ടല്ല. മറിച്ച്, കഴിഞ്ഞ രണ്ട് ടേമുകളിലായി ഇടതുപക്ഷം കാഴ്ചവച്ച ഭരണപരാജയം കൊണ്ടെന്നതാണ് കൂടുതൽ ശരി.
ഇടവിട്ട് അഞ്ചു വർഷം ഭരിച്ചിരുന്നതിൽനിന്ന് ഭിന്നമായി തുടർഭരണം ലഭിച്ചത് ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസം നൽകിയെങ്കിലും ജനങ്ങൾക്ക് അതൊരു ഭാരമായി തീരുകയായിരുന്നു. ഭരണതലത്തിലുള്ള പരാജയം മാത്രമല്ല ഒന്നാം ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച നവകേരള നയരൂപീകരണത്തിൽ പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് ദലിത്- ആദിവാസി- അതിപിന്നാക്ക വിഭാഗങ്ങളെ ഐക്യ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുന്ന നിലയിലെത്തിച്ചത്. 2017-ൽ 96% മുന്നാക്ക പ്രാതിനിധ്യമുണ്ടായിരുന്ന ദേവസ്വം ബോർഡിൽ 10% പാവപ്പെട്ട മുന്നാക്കക്കാർക്ക് കൂടി സംവരണം നടപ്പാക്കിയപ്പോൾ ദലിതർക്കും ആദിവാസികൾക്കും ഭരണഘടനാപരമായി പോലും പ്രാതിനിധ്യം ലഭിക്കാത്ത എയ്ഡഡ് മേഖലയിലെ സംവരണത്തെക്കുറിച്ച് സർക്കാർ മൗനം പാലിച്ചു.
എയ്ഡഡ് മേഖലയിലെ പട്ടികജാതി- പട്ടികവർഗ്ഗ പ്രാതിനിധ്യത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ തന്നെ നിയമിച്ച കമ്മീഷൻ 2017-ൽ റിപ്പോർട്ട് നിയമസഭയിൽ വെച്ചെങ്കിലും (യുവജനകാര്യ യുവജനക്ഷേമ സമിതി റിപ്പോർട്ട് - 2017) അത് ചർച്ച ചെയ്യാനോ അംഗീകരിക്കാനോ തയ്യാറായില്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കോവിഡാനനന്തര ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കിയപ്പോൾ online accesses ലഭിക്കാത്തതിൽ മനംനൊന്ത് ദേവിക, അജ്ഞലി എന്നീ രണ്ട് ദലിത് വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് കേരളം സാക്ഷ്യം വഹിച്ചതാണ്.

2021- 2024 വരെയുള്ള കാലയളവിൽ 75,000 -നും ഒരു ലക്ഷത്തിനുമിടയിൽ ദലിത്- ആദിവാസി വിദ്യാർത്ഥികൾക്ക് ഇ ഗ്രാൻ്റ് ലഭിച്ചില്ലെന്ന് CAG റിപ്പോർട്ടിലുണ്ട്. 2024 ജനുവരി ഒന്നു വരെ 132 കോടി രൂപ ഇ ഗ്രാൻ്റ് കുടിശ്ശികയുണ്ടെന്ന് മന്ത്രി രാധാകൃഷണൻ തന്നെ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ഇ ഗ്രാൻ്റ് ലഭിക്കാത്തതുമൂലം നൂറു കണക്കിന് വിദ്യാർത്ഥികൾക്ക് പഠനം ഉപേക്ഷിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 5 വർഷമായി ദലിത്- ആദിവാസി വിദ്യാർത്ഥികൾ ഇ ഗ്രാൻ്റിന് സമരം ചെയ്യുന്നു.
ജനാധിപത്യപരമായി അവകാശങ്ങൾ ഉന്നയിക്കാനും സമരം ചെയ്യാനും കഴിയുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയെങ്കിലും സംജാതമാകുമെന്ന പ്രതീക്ഷ തന്നെ, ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാനപ്പെട്ടതാണ്.
മന്ത്രി കെ. കേളുവിനെക്കൊണ്ട് ഇ ഗ്രാൻ്റ് കുടിശ്ശികയില്ല എന്ന പത്രപ്രസ്താവന കൊടുപ്പിക്കാനല്ലാതെ പ്രശ്നം പരിഹരിക്കാൻ സർക്കാറിന് ഇന്നും കഴിഞ്ഞിട്ടില്ല. വികസന മുന്നേറ്റം മുഖ്യ അജണ്ടയാവുന്ന ഈ തിരഞ്ഞെടുപ്പിൽ, കേരളത്തിലെ ദലിത് ആദിവാസി ദലിത് ക്രിസ്ത്യൻ അതി പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസം തൊഴിൽ ഭൂമി പാർപ്പിടം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ പോലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഈപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയപരമായ / ശാസ്‌ത്രീയ സമീപനം നവകേരളഭാവനയിലുമില്ല എന്നിടത്താണ് ഈ വിഭാഗങ്ങൾ രാഷ്ട്രീയമായി ഇടതുപക്ഷം ഉപേക്ഷിക്കാൻ നിർബന്ധിതരാവുന്നത്.
പാർട്ടിയുടെ ഈ സൈദ്ധാന്തിക ശാഠ്യം തന്നെ ഇടതുമുന്നണിയുടെയും നയപരിപാടിയായി തുടർന്നു പോരുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ നാല് വർഷമായി നടക്കുന്ന ഇ ഗ്രാൻ്റ് സമരത്തെ സർക്കാർ അവഗണിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന് വേണ്ടി നടന്ന ആശാസമരത്തെ അംഗീകരിക്കാൻ കഴിയാതിരിക്കുന്നത്.

ഐക്യ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ഇത്തരം സൈദ്ധാന്തിക ശാഠ്യങ്ങളില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്ര ഇന്ത്യയിലെ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികളേയും സാമൂഹിക വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന സമീപനം സ്വീകരിച്ചു. ബി.ജെ.പി- സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ ബഹുസ്വരത ഉൾക്കൊള്ളാനുള്ള സന്നദ്ധത തീർച്ചയായും പ്രത്യാശ നൽകുന്ന രാഷ്ട്രീയ സമീപനമാണ്. എല്ലാ സംസ്ഥാനങ്ങളിലും ജാതിസെൻസസ് നടത്തണമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനവും പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ച് വലിയൊരു പ്രതീക്ഷയാണ്.
ഐക്യ ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കും എന്ന വ്യാമോഹമില്ല. ജനാധിപത്യപരമായി അവകാശങ്ങൾ ഉന്നയിക്കാനും സമരം ചെയ്യാനും കഴിയുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയെങ്കിലും സംജാതമാകുമെന്ന പ്രതീക്ഷ തന്നെ പ്രധാനപ്പെട്ടതാണ്.
